പച്ചക്കറി കൊണ്ടുള്ള അവിയല്‍ കഴിച്ചു മതിയായവര്‍ക്കും അല്ലാത്തവര്‍ക്കും. ഞാന്‍ ഒരിക്കലേ ഈ സാധനം കഴിച്ചിട്ടുള്ളൂ.വല്ലവരുടേയും വീട്ടില്‍ നിന്നായതു കാരണം നല്ല രുചിയുണ്ടായിരുന്നു. നിങ്ങള്‍ക്കും ട്രൈ ചെയ്യാം.
വേണ്ട സാധനങ്ങള്‍
മീന്‍ - അരക്കിലോ (നല്ല മീനായിക്കോട്ടെ, കുളമായാല്‍ കാശു പോയതു തന്നെ മിച്ചം)
മല്ലി - 2 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് - 6 എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ചെറിയ ഉള്ളി - 5 എണ്ണം
വെളുത്തുള്ളി - മൂന്ന് അല്ലി
പച്ച മാങ്ങ തൊലികളഞ്ഞ് അരിഞ്ഞത് - ഒരു കപ്പ്
കറിവേപ്പില - ആവശ്യത്തിന്
ജീരകം - അര ടിസ്പൂണ്‍ (നിര്‍ബന്ധമില്ല)
സവാള അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്
ഇഞ്ചി അരിഞ്ഞത് - അര ടിസ്പൂണ്‍
പച്ചമുളക് നെടുകെ പിളര്‍ന്നത് - മൂന്ന് എണ്ണം
തേങ്ങ ചിരകിയത് - അര കപ്പ് (മിക്സിയിലിട്ട് ഒന്ന് ഒതുക്കിയാല്‍ നല്ലത്)
വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് - നിങ്ങളുടെ ഇഷ്ടം പോലെ ആയിക്കോ
എങ്ങിനെയുണ്ടാക്കാം?
ആദ്യം ഒരു ചുവടു കട്ടിയുള്ള പാത്രമെടുത്ത് നാന്നായി കഴുകി, വെള്ളമൊക്കെ തുടച്ച് അടുപ്പില്‍ വെക്കുക. ഇനി അല്പം എണ്ണയൊഴിച്ച്, ഒന്നു ചൂടായാല്‍ മല്ലി,ഉണക്കമുളക്,മഞ്ഞള്‍പ്പൊടി,ചെറിയ ഉള്ളി,വെളുത്തുള്ളി എന്നിവ കരിഞ്ഞു പോകതെ ഒന്നു മൂപ്പിച്ചെടുക്കുക. അനന്തരം ഇവറ്റകളെ നന്നായി അരച്ചെടുക്കുക. ഈ അരപ്പില്‍ മീന്‍,പച്ച മാങ്ങ,കറിവേപ്പില,ഉപ്പ് എന്നിവയും ചേര്‍ത്ത് മീനിന് വേദനിക്കാത്ത രീതിയില്‍ നന്നായി മിക്സ് ചെയ്യുക. ശേഷം രണ്ട് കപ്പ് വെള്ളമൊഴിച്ച്, ഇടത്തരം തീയില്‍ വേവിക്കുക. അടുപ്പത്തുള്ള ഐറ്റം തിളച്ചാല്‍ അതിലേക്ക് സവാള, ഇഞ്ചി,പച്ചമുളക്,തേങ്ങ,കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ക്കുക. കറി കട്ടിയാകന്‍ വേണ്ടി തിളക്കാത്ത രീതിയില്‍ കുറച്ചു നേരം കൂടി വേവിക്കുക.
ഞാന്‍ കഴിച്ചതില്‍ മുരിങ്ങക്കായ, കാരറ്റ് എന്നിവയൊക്കെ ഉണ്ടായിരുന്നു. വേണമെങ്കില്‍ അവിയലിനുള്ള പച്ചക്കറികള്‍ കൂടെ ചേര്‍ക്കാം. പച്ചക്കറികളുടെ വേവനുസരിച്ച് പല സ്റ്റെപ്പുകളായി ചേര്‍ക്കുക.
Tuesday, March 25, 2008
മീന്‍ അവിയല്‍
Sunday, March 23, 2008
കൂര്‍ക്കയിട്ട ബീഫ്
തൃശ്ശൂരെ ക്രിസ്ത്യാനികളുടെ വീടുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കൂര്‍ക്കയിട്ട(koorkka, chinese potato) ബീഫ്. ബീഫിനൊപ്പം കൂര്‍ക്ക, കൊള്ളിക്കിഴങ്ങ് (കപ്പ), നേന്ത്രക്കായ, ചെറുകായ, ചേന, ചേമ്പ്, കാവത്ത്, കുമ്പളങ്ങ, എന്നിവയൊക്കെ ചേര്‍ത്ത് വെയ്ക്കുന്ന പതിവ് തൃശ്ശൂര്‍ക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് തോന്നുന്നു.
ആവശ്യമുള്ള സാധനങ്ങള്‍
1. ബീഫ് - ഒരു കിലോ (ചെറിയ കഷണങ്ങളാക്കിയത്)
2. കൂര്‍ക്ക - 500 ഗ്രാം (തൊലികളഞ്ഞ് ഇടത്തരം വലിപ്പത്തില്‍ കഷണങ്ങളാക്കിയത്. ചെറിയ കൂര്‍ക്കയാണ് നല്ലത്)
3. മഞ്ഞള്‍ - അര ടീസ്പോണ്‍
4, പച്ചമുളക് - 7 എണ്ണം (നീളത്തില്‍ അരിഞ്ഞത് )
5. ചുവന്നുള്ളി - 15 എണ്ണം (തൊലികളഞ്ഞത്)
6. വെളുത്തുള്ളി - 20 അല്ലി ( വലുതാണെങ്കില്‍ 6 അല്ലി)
7. മല്ലി - മുഴുവനായി ( 3 ടീസ്പൂണ്‍)
8. മുളക് പൊടി - 2 1/2 ടീസ്പൂണ്‍
9. തേങ്ങ - ഒന്ന് ( ചിരവിയത്)
10. വെളിച്ചെണ്ണ - 5 ടീസ്പൂണ്
11. കറുവപ്പട്ട - 2 കഷണം
12. ഏലക്കായ് - 4 എണ്ണം
13. ഗ്രാമ്പു - 6
14. പെരുഞ്ജീരകം - 1 ടീസ്പൂണ്‍
15. ഉപ്പ്
16. കറിവേപ്പില ( 2 കതിര്‍പ്പ്)
17. കടുക് (ആവശ്യത്തിനു)
പാചകം ചെയ്യേണ്ട വിധം
ബീഫ് മഞ്ഞള്‍ പൊടിയും മുളകുപൊടിയും ചേര്‍ത്ത് മിക്സ് ചെയ്ത് കുക്കറില്‍ അര ഗ്ലാസ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ആറു വിസില്‍ വന്നതിനു ശേഷം ഇറക്കി വെയ്ക്കുക.
ഈ സമയം ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാക്കുക. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ തേങ്ങ ചിരവിയത് ചേര്‍ത്ത് നന്നായി ഇളക്കുക.തീകുറച്ച് നന്നായി ഇളക്കുക. തേങ്ങയുടെ നിറം ചെറുതായി മഞ്ഞ നിറമാവുമ്പോള്‍ ചുവന്നുള്ളിയും(10 അല്ലി) വെളുത്തുള്ളിയും(പകുതി) ചേര്‍ത്തിളക്കുക. കൂടെ മസാല(11,12,13,14 ചേരുവകള്‍)യും മല്ലിയും ചേര്‍ത്തിളക്കുക. കൈ വേദനിച്ചാലും ഇളക്കിക്കൊണ്ടെയിരിക്കുക. കരിയ്ക്കാന്‍ സമ്മതിക്കരുത്. അതിനുമുമ്പ് തീ ഓഫാക്കുക. ഇത് ചൂടാറിയതിനു ശേഷം മിക്സിയില്‍ അരച്ചെടുക്കുക(അമ്മിയില്‍ ആയാല്‍ സ്വാദ് കൂടും. കൈ വേദനയും മാറും !! ) വെള്ളം അധികമില്ലതെ വേണം അരയ്ക്കാന്‍. ഒരു കുഴമ്പു രൂപത്തില്‍ എടുക്കണം.
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കൂര്‍ക്കയില്‍ അല്പം മഞ്ഞള്‍ പൊടിയും കുറച്ച് വെള്ളവും ചേര്‍ത്ത് മണ്‍കലത്തില്‍ (മണ്‍കലമില്ലെങ്കില്‍ വെറും കലവുമാവാം .. തനതായ രുചിയ്ക്ക് മണകലം തന്നെയാണ് നല്ലത് ) വേവിക്കുക. പകുതി വേവാവുമ്പോള്‍ തീ കുറച്ച്, വേവിച്ചു വെച്ചിരിക്കുന്ന ബീഫും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്യുക.
ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ നാലു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടാവുമ്പോള്‍ കടുക് പൊട്ടിക്കുക. വേപ്പിലയും ചേര്‍ക്കുക. ബാക്കിയുള്ള വെളുത്തുള്ളിയും ചുവന്നുള്ളിയും ചതച്ചത് ചേര്‍ക്കുക. ഈ മിശ്രിതം മൊരിഞ്ഞ മണം വരുമ്പോള്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കുഴമ്പുരൂപത്തിലുള്ള അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണ തെളിയുന്നതുവരെ ഇളക്കിക്കൊണ്ടേയിരിക്കുക. എണ്ണ തെളിഞ്ഞു നല്ല ഒരു മണം വന്നാല്‍ ഇവനെ എടുത്ത് വെന്തുകൊണ്ടിരിക്കുന്ന ബീഫിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കണം. തിളച്ചു തുടങ്ങിയാല്‍ തീ ഓഫ് ചെയ്യാം. പാത്രം മൂടി വെയ്ക്കണം. മണ്കലത്തിലാണെങ്കില്‍ തീ ഓഫ് ചെയ്താലും കുറെ നേരം തിളച്ചുകൊണ്ടെയിരിക്കും.
കൂര്‍ക്കയിട്ട ബീഫ് റെഡി. ഇത് ചോറ്, അപ്പം, ചപ്പാത്തി തുടങ്ങിയവയ്ക്കൊപ്പം കഴിയ്ക്കാം.
തൃശ്ശൂരിലെ ചില ബാറുകളില്‍ ഈ വിഭവം അപൂര്‍വ്വമായെങ്കിലും കണ്ടിട്ടുണ്ട്.
എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ !
Monday, March 03, 2008
മട്ടണ്‍ കുറുക്കറി
നാട്ടിലുള്ളപ്പോള്‍ എനിക്കിഷ്ടപെട്ട ഭക്ഷണങ്ങളില്‍ ഒന്ന് മട്ടണായിരുന്നു. പക്ഷെ, ഗള്‍ഫില്‍ വന്നതിനുശേഷം മട്ടണോട് എനിക്കത്ര താത്പര്യം ഇല്ല. നാടന്‍ മട്ടന്റെ ആ രുചിയും മണവും ഇവിടെ കിട്ടുന്ന മട്ടണ് (ഇന്ത്യന്‍ മട്ടണ്‍ വാങ്ങിയാല്‍ പോലും) കിട്ടുന്നില്ല എന്നതാണ് ഈ മട്ടണ്‍ വിരക്തിക്കുള്ള പ്രധാന കാരണം.
മൂന്നാല് ദിവസമായിട്ട് രാത്രി ഉറക്കത്തില്‍ ഞാന്‍ കാണുന്ന സ്വപ്നം രുചിയേറിയ മട്ടന്‍കറി കൂട്ടി ചോറുണ്ണതാണ്. മാത്രമല്ല ചോറുണ്ടതിനുശേഷം രുചി സഹിക്കാന്‍ വയ്യാതെ വിരല്‍ കടിക്കുകയും ചെയ്യുന്നു. പക്ഷെ ഈ വിരല്‍ കടി സ്വപ്നത്തിലല്ല, മറിച്ച് സ്വപ്നത്തിന്റെ അവസാനം ശരിക്കും കടിക്കുന്നതാണ്. അതോടെ സ്വപ്നത്തില്‍ നിന്നുണരുകയും, എന്തുകൊണ്ടിങ്ങനെ വിചിത്രമായ ഒരു സ്വപ്നം കാണുന്നു എന്നു ചിന്തിച്ച് ചിന്തിച്ച് വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു.
ഈ സ്വപ്നത്തിന്റെ അര്‍ത്ഥമെന്ത് എന്ന് ഞാന്‍ പലരോടും ചോദിച്ചു. ആര്‍ക്കും ഒരു പിടിയുമില്ല.
വിക്കി പീഡിയയില്‍ വിക്കി നോക്കി - നോ രക്ഷ
ഗൂഗിളമ്മച്ചിയില്‍ ചികഞ്ഞ് നോക്കി - കിം ഫലം?
ഡോ. മാത്യൂ പുല്ലൂരിനോട് സംസാരിക്കാം എന്ന പരിപാടിയിലേക്ക് ഫോണ്‍ ചെയ്തു സംഭവം പറഞ്ഞു, ഇതേ സ്വപ്നത്തിന്റെ നീരാളിപിടുത്തത്തില്‍ അദ്ദേഹം പെട്ടിരിക്കുകയാണെന്നും വല്ല പോംവഴിയും കിട്ടിയാല്‍ പുള്ളിക്കാരനേം ആ മട്ടന്‍ സ്വപ്നത്തിന്റെ നീരാളികരങ്ങളില്‍ നിന്നും രക്ഷിക്കണമെന്നും പറഞ്ഞ് അദ്ദേഹം വിങ്ങി പൊട്ടി.
അന്ന് രാത്രിയിലും മട്ടണ്‍ കഴിക്കുന്ന സ്വപ്നത്തിന്റെ ഇടക്ക് ഒരു കമേഴ്സ്യല്‍ ബ്രേക്കിന്റെ സമയത്ത് സ്വപ്നദേവത പ്രത്യക്ഷപെട്ട് എന്നോട് ചോദിച്ചു എന്താണ് കൂവെ തന്റെ പ്രശ്നം?
ഉറക്കത്തില്‍ മട്ടണ്‍കറി സ്വപ്നം കാണുന്നതും, വിരല്‍ കടിക്കുന്നതും മറ്റും വള്ളിപുള്ളി വിടാതെ ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞവസാനിപ്പിച്ചതും സ്വപ്നദേവത പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇതാണാ ഇയാക്കടെ പ്രശ്നം??
ഹും, ഞാന്‍ മൂളി.
ഇത് കാര്യം നിസ്സാരം. യു സില്ലി ബോയ്.
ഒന്നും മനസ്സിലാവാതിരുന്നതിനാല്‍ ഞാന്‍ ചോദിച്ചു, അല്ല എന്താ ആക്ച്വലി പ്രശ്നം?
നിനക്കാര്‍ത്തി മൂത്ത് പ്രാന്തായതാ. നീ കുറച്ച് മട്ടണ്‍ വാങ്ങി കറി വച്ച് കഴിച്ചാല്‍ തീരുന്നതേയുള്ളൂ ഈ പ്രശ്നമൊക്കെ.
മട്ടണ്‍ കറി തന്നെ വേണാ? ബീഫ് പോരെ?
പോര, മട്ടണ്‍ക്കറി കഴിക്കണ സ്വപ്നം കാണുന്നുണ്ടെങ്കില്‍ ചെയ്യുന്നുണ്ടെങ്കില്‍ മട്ടണ്‍ക്കറി തന്നെ കഴിക്കണം (ഉഷ്ണം ഉഷ്ണേന ഡിസ്കോ ശാന്തി)
റാന്‍! അപ്പോ വിരല്‍ കടിക്കാന്‍ തക്കവണ്ണം സ്വാദില്‍ വക്കണമെങ്കില്‍ എന്തേലും പാചകകുറിപ്പ് കിട്ടിയിരുന്നെങ്കില്‍??
ഉം എഴുതിയെടുത്തോ!
ഞാന്‍ ദയനീയഭാവത്തില്‍ നോക്കിയപ്പോള്‍ വീണ്ടും ചോദ്യം? എഴുത്തറിയില്ല അല്ലെ?
ഉം, ഞാന്‍ വീണ്ടും മൂളി.
എങ്കില്‍ ടൈപ്പ് ചെയ്ത് പണ്ടാരമടങ്ങ്.
ലാപ്പ് ടോപ്പെടുത്ത് ഞാന്‍ തയ്യാറായി.
സ്വപ്ന ദേവത പറഞ്ഞ് തുടങ്ങിയപ്പോള്‍ ആ മുഖദാവില്‍ നിന്നും വീഴുന്ന ഓരോ വാക്കുകളും യൂണീകോഡാക്കി വരും തലമുറക്ക് വേണ്ടി ഞാന്‍ പകര്‍ത്തെടുത്തു.
ചേരുവകള്‍
മട്ടണ്‍ - 1.5 കിലോ (നെയ്യ് കമ്പ്ലീറ്റായി നീക്കം ചെയ്ത്, ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കിയത്)
പച്ച മല്ലി - 1 1/4 കൈ പിടി (കയ്യിന്റെ വലുപ്പമനുസരിച്ച് അല്പം കൂടുകയോ, കുറയുകയോ ചെയ്താലും വലിയ കുഴപ്പമില്ല)
കൊല്ല മുളക് അഥവാ ഉണക്കമുളക് - 10 എണ്ണം
കറുവപട്ട (അര ഇഞ്ച് വലുപ്പത്തിലുള്ളത്) - 5 കഷണം
ജീരകം - 3/4 ടേബിള്‍ സ്പൂണ്‍
പെരുഞ്ചീരകം - 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക് - 1 ടേബിള്‍ സ്പൂണ്‍
ഏലക്കായ - 3 എണ്ണം
ജാതി പത്രി - 1 ഇതള്‍
ചെറിയ ഉള്ളി - 25-30 എണ്ണം
മഞ്ഞള്‍ പൊടി - പാകത്തിന്
ഉപ്പ് - പാകത്തിന്
സബോള - 4 എണ്ണം (ഇടത്തരം വലുപ്പമുള്ളത്)
വെളുത്തുള്ളി - 8-10 അല്ലി
ഇഞ്ചി - 1 1/2 ഇഞ്ച് വലുപ്പത്തിലുള്ള കഷ്ണം
തക്കാളി - 2 എണ്ണം വലുത്
പച്ചമുളക് - 4 എണ്ണം നെടുകെ പിളര്‍ന്നത്
കറിവേപ്പില - 2 തണ്ട്
മല്ലിയില - അല്പം
വെളിച്ചെണ്ണ - വഴറ്റുവാന്‍ ആവശ്യത്തിന്
പാചകം ചെയ്യേണ്ട വിധം
ചീനചട്ടി ചൂടാക്കി അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് മല്ലി തവിട്ടുനിറം വിടുന്നത് വരെ (കരിക്കരുത്) വറുത്തെടുത്ത് മാറ്റി വെക്കുക.
അര സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്, മുളക് വറുത്തെടുത്ത് മാറ്റി വക്കുക.
അല്പം എണ്ണയൊഴിച്ച് കറുവപട്ടയും കുരുമുളകും ഒരുമിച്ച് വറുത്തെടുക്കുക
അല്പം എണ്ണയൊഴിച്ച്, ജീരകവും, പെരുഞ്ചീരകവും, ഏലക്കായും, ജാതിപത്രിയും വറുത്തെടുക്കുക
ആവശ്യത്തിന് എണ്ണയൊഴിച്ച് ചെറിയ ഉള്ളി തവിട്ടു നിറമാകുന്നതു വരെ വറുത്തെടുക്കുക.
മുകളിലെ ചേരുവകള്‍ എല്ലാം തന്നെ മിക്സിയിലിട്ട്, അര ഗ്ലാസ്സ് വെള്ളമൊഴിച്ച് (വെള്ളം അധികമാകരുത്, കുഴമ്പുപോലെ അരയാന്‍ പാകത്തിനു മാത്രം ഒഴിച്ചാല്‍ മതി) വെണ്ണപോലെ അരച്ചെടുക്കുക.
കഴുകി വെള്ളം പിഴിഞ്ഞു കളഞ്ഞ് വച്ചിരിക്കുന്ന മട്ടണ്‍ കുക്കറിലേക്കിട്ട്, ആവശ്യത്തിനു മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ക്കുക
ഇതിലേക്ക് അരച്ചെട്ടുത്ത മസാലക്കൂട്ട്T ചേര്‍ത്ത് നല്ലത് പോലെ കൈകൊണ്ട് തിരുമ്മി അരമണിക്കൂറോളം നേരം വച്ചതിനുശേഷം അടുപ്പില്‍ കയറ്റി രണ്ട് വിസില്‍ വരുന്നത് വരെ വേവിക്കുക.
മസാലപുരട്ടിയ മട്ടണ്‍ അടുപ്പില്‍ കയറുന്നതിനുമുന്‍പെടുക്കുന്ന അരമണിക്കൂര്‍ വിശ്രമവേളയില്‍ ചെയ്യേണ്ട കാര്യങ്ങള്‍
സബോളയും, ഇഞ്ചിയും വെളുത്തുള്ളിയും, പച്ചമുളകും, അരിഞ്ഞത്, ചെറിയ ഉരലിലോ മറ്റോ ഇട്ട് ചതച്ചെടുക്കുക.


തക്കാളി കുനു കുനെ അരിഞ്ഞ് മാറ്റി വക്കുക.
ചൂടായ ചീനചട്ടിയില്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് ഇടിച്ച് പരിപ്പെടുത്ത് വച്ചിരിക്കുന്ന സബോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് മിശ്രിതം ഇട്ട് വഴറ്റുക. തവിട്ടുനിറമാകാന്‍ തുടങ്ങുമ്പോള്‍, ഒരു തണ്ട് കറിവേപ്പില ചേര്‍ത്ത് വീണ്ടും വഴറ്റുക. നല്ലത്പോലെ വഴറ്റികഴിഞ്ഞാല്‍ അതിലേക്ക് കുനു കുനുന്നന്റെ അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക.
നല്ലത് പോലെ വഴറ്റി, എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന മട്ടണ്‍ ചീനചട്ടിയിലേക്കോ ഫ്രയിങ്ങ് പാനിലേക്കോ തട്ടി, അരഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് നല്ലത് പോലെ വഴറ്റുക. ഇടക്കിടെ ഇളക്കികൊടുക്കണം.
വെള്ളമെല്ലാം കുറുകി വറ്റുമ്പോള്‍, ഇറച്ചിക്ക് നല്ല കറുപ്പ് നിറം വരുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക.
കഴുകി വച്ചിരിക്കുന്ന ഒരു തണ്ട് കറിവേപ്പിലയും, മല്ലിയിലയും (സ്വന്തം ഇഷ്ടപ്രകാരം) വച്ച് അലങ്കരിക്കുക.
ചോറ്, കുബ്ബൂസ്, ചപ്പാത്തി, ബ്രെഡ്, പത്തിരി, ഗോതമ്പ് ദോശ, അരിദോശ, പൂരി, പുട്ട് തുടങ്ങി നിങ്ങള്‍ക്കിഷ്ടമുള്ള എന്തിന്റെ കൂടെ വേണമെങ്കിലും ഈ കറി ചേരും.
(കയ്യിലുള്ള ചപ്പടാച്ചി മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളായതിനാല്‍ ക്ലാരിറ്റി പോര മണ്‍ചട്ടി പോരെ എന്നൊന്നും ആരും ചോദിക്കല്ലെ).
Monday, October 08, 2007
കിണ്ണത്തപ്പം
അരിപ്പൊടി-2 കപ്പ്
ശര്‍ക്കര-3 എണ്ണം
തേങ്ങ-ഒരു മുറി
ഏലക്കായ പൊടിച്ചത്-ഒരു നുള്ള്
നല്ല ജീരകം പൊടിച്ചത്-ഒരു നുള്ള്
ഉപ്പ്-കുറച്ച്
പാകം ചെയ്യുന്ന വിധം
കുറച്ച് വെള്ളം ചൂടാക്കി തിളച്ചു വരുമ്പോള്‍ ശര്‍ക്കര അതിലിട്ട് ഉരുക്കി അരിച്ചെടുക്കുക.ഒരു മുറി തേങ്ങ ചിരകി അല്പ്പം വെള്ളം ചെര്‍ത്ത് പാലെടുക്കുക.ശര്‍ക്കരപ്പാനിയും തേങ്ങാപ്പാലും മറ്റു ചെരുവകളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ഇഡ്ഡലിമാവിന്റെ പാകത്തില്‍ വെളിച്ചെണ്ണ പുരട്ടിയ കിണ്ണത്തിന്റെ പകുതി വരെ ഒഴിക്കുക.കുക്കറിലോ ഇഡ്ഡലി ചെമ്പിലോ ആവിയില്‍ വേവിച്ചെടുക്കുക.ചൂടാറിയതിനു ശേഷം മുറിച്ച് കഴിക്കാം.
(ലൈലത്തുല്‍ ഖദര്‍ കാത്തിരിക്കുന്ന ഈ പുണ്യ ദിവസങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥനകളും ആരാധനകളും പടച്ചവന്‍ സ്വീകരിക്കുമാറാകട്ടെ)
Thursday, September 27, 2007
താറാവു കറി

Wednesday, August 15, 2007
ഒരു സിമ്പിള്‍ ഓണസ്സദ്യ.
പരിപ്പ്, സാമ്പാര്‍, അവിയല്‍, തോരന്‍, പച്ചടി, പായസം..
(നാലു പേര്‍ക്ക് ഏമ്പക്കം വിടുവാന്‍)
പരിപ്പ്
ചെറുപയര്‍ പരിപ്പ് ഒരു കപ്പ്
തേങ്ങ ചുരണ്ടിയത് ഒരു കപ്പ്
വെളുത്തുള്ളി രണ്ട് അല്ലി
കറിവേപ്പില ഒരു തണ്ട്
മഞ്ഞള്‍ പൊടി കാല്‍ റ്റീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
പരിപ്പ് ഉടയുന്നതു വരെ വേവിക്കുക,വെള്ളമധികം പാടില്ല.തേങ്ങയും മറ്റ്ചേരുവകളും നേര്‍മ്മയായി അരച്ചെടുക്കണം. വെന്ത പരിപ്പിലേക്ക് അരപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കിയെടുക്കാം. കടുകു വറുക്കാതെയോ അല്ലാതെയോ ഉപയോഗിക്കാം.
സാമ്പാര്‍
തുവരപ്പരിപ്പ് അര കപ്പ്
പച്ചക്കറികള്‍ ഒരിഞ്ച്
ചതുരങ്ങളാക്കിയത് (വെള്ളരിക്ക, കുമ്പളങ്ങ, ചേന,വെണ്ടയ്ക്ക, മുരിങ്ങയ്ക്ക. എല്ലാം 100 ഗ്രാം വീതം)പച്ചമുളക് രണ്ടെണ്ണം
*മല്ലി നാലു റ്റീസ്പൂണ്‍
*ഉണക്ക മുളക് അഞ്ചെണ്ണം
*ഉലുവ കാല്‍ റ്റീസ്പൂണ്‍
*കടലപ്പരിപ്പ് ഒരു റ്റീസ്പൂണ്‍
*മഞ്ഞള്‍പ്പൊടി അര റ്റീസ്പൂണ്‍
* എല്ലാം നേര്‍മ്മയായി അരച്ചെടുക്കണം
പാല്‍ക്കായം കാല്‍ റ്റീസ്പൂണ്‍ (വെള്ളത്തില്‍ അലിയിക്കുക)
കറിവേപ്പില രണ്ട് തണ്ട്
വാളന്‍ പുളി ഒരു വലിയ നെല്ലിക്ക വെലുപ്പ്പ്പത്തില്‍
ഉപ്പ് ആവശ്യത്തിന്
തുവരപ്പരിപ്പ് നല്ലോണ്ണം വേവിക്കുക, അരപ്പും ബാക്കി ചേരുവകളെല്ലാം കൂട്ടി ചേര്‍ത്ത് വേവിച്ച് കടുകു വറുത്തെടുക്കാം.
അവിയല്‍
ചേന, കായ, പയര്‍, മുരിങ്ങയ്ക്ക, വെള്ളരിക്ക. എല്ലാം 100 ഗ്രാം വീതം നീളത്തിലരിഞ്ഞത്
പച്ചമാങ്ങ ഒരെണ്ണം/പുളിച്ച തൈര് ഒരു കപ്പ്.
പച്ചമുളക് രണ്ടെണ്ണം
*തേങ്ങ ചുരണ്ടിയത് രണ്ട് കപ്പ്
*ജീരകം കാല്‍ റ്റീസ്പൂണ്‍
*മഞ്ഞള്‍പ്പൊടി അര റ്റീസ്പൂണ്‍
*ഉണക്ക മുളക് രണ്ടെണ്ണം
*ചെറിയ ഉള്ളി നാലെണ്ണം
*കറിവേപ്പില ഒരു തണ്ട്
* എല്ലാം ചതച്ചെടുക്കണം
വെളിച്ചെണ്ണ ഒരു റ്റീസ്പൂണ്‍
പച്ചക്കറികള്‍ ഉപ്പിട്ട് വേവിച്ച് വെള്ളം വറ്റിക്കണം. നടുക്ക് ഒരു കുഴിയുണ്ടാക്കി അരപ്പ് ചേര്‍ത്ത് മൂടി തീ കുറയ്ക്കുക. പത്ത് മിനുട്ടിനു ശേഷം ഇളക്കി വെളിച്ചെണ്ണയൊഴിച്ച് എടുക്കാം.
തോരന്‍
പയര്‍ (ബീന്‍സ്,അച്ചിങ്ങ)/ കാബേജ് / പടവലങ്ങ / കായ കാല്‍ കിലോ
പച്ചമുളക് രണ്ടെണ്ണം
വെളുത്തുള്ളി നാല് അല്ലി
തേങ്ങ ചുരണ്ടിയത് ഒരു കപ്പ്
ജീരകം കാല്‍ റ്റീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ റ്റീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്
കടുക് അര റ്റീസ്പൂണ്‍
വെളിച്ചെണ്ണ രണ്ട് റ്റിസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കടുക് പൊട്ടിച്ച് ചേരുവകളെല്ലാം ചേര്‍ത്ത് വേവിച്ചെടുക്കാം.
പച്ചടി
വെള്ളരിക്ക ഈര്‍ക്കില്‍ കനത്തില്‍ അരിഞ്ഞത് രണ്ട് കപ്പ്
കറിവേപ്പില ഒരു തണ്ട്
കട്ടി മോര് 2 കപ്പ്
പച്ച മുളക് രണ്ടെണ്ണം
കടുക് അര റ്റിസ്പൂണ്‍
തേങ്ങ ചുരണ്ടിയത് ഒരു കപ്പ്
തേങ്ങ ചുരണ്ടിയതും കടുകും നേര്‍മ്മയായി അരച്ചെടുക്കണം. വെള്ളരിക്കയും കറിവേപ്പിലയും അല്‌പം വെള്ളമൊഴിച്ച് വേവിക്കണം. വെള്ളം വറ്റുമ്പോള്‍ അരപ്പ് ചേര്‍ക്കണം. വീണ്ടും വെള്ളം വറ്റുമ്പോഴേക്കും മോരൊഴിച്ച് എടുക്കാം. കടുകു വറുക്കണം.
പായസം(പാലട പ്രധമന്‍)
അട കാല്‍ കിലോ
പഞ്ചസാര അര കിലോ /രുചിക്ക്
പാല്‍ 4 ലിറ്റര്
കണ്ടന്‍സ്ഡ് പാല്‍ 100 മിലി
കശുവണ്ടി,കിസ്മിസ്, 50 ഗ്രാം
നെയ്യ് ഒരു ടേബിള്‍സ്പൂണ്
അട വേവിച്ച് തണുത്ത വെള്ളത്തിലിടുക എന്നിട്ട് വെള്ളം ഊറ്റിക്കളയുക. പാല്‍ തിളപ്പിക്കുക കരിയാതെയും തൂവാതെയും ശ്രദ്ധിക്കണം. ഒന്നൊന്നര മണിക്കൂര്‍ കഴിയമ്പോഴേക്കും പാലിന് ഒരു ഇളം ചുവപ്പു നിറമാകും. അപ്പോള്‍ വേവിച്ചു വച്ച അടയും പഞ്ചസാര ഉരുക്കിയതും ചേര്‍ത്ത് ഒരു മണിക്കൂറോളം ഇളക്കുക. ഇതില്‍ കണ്ടന്‍സ്ഡ് പാല്‍ ചേര്‍ക്കണം. അവസാനമായി കശുവണ്ടിയും കിസ്മിസ്സും നെയ്യില്‍ മൂപ്പിച്ച് ചേര്‍ക്കാം.
ഇതിന്റെ ഒക്കെ കൂടെ അല്‌പം അച്ചാറും ഒരു പപ്പടവും ഇത്തിരി മോരും കൂടെ ആയാല്‍ ഒരു സിമ്പിള്‍ ഓണസ്സദ്യ അടിക്കാം.
Sunday, July 01, 2007
പാറുവമ്മ ഉവാച...
നളപാചകത്തില്‍ ഇട്ട എല്ലാ ഷാപ്പ് വിഭവങ്ങളുടെയും കര്‍ത്താവ് ഞങ്ങളുടെ അയല്‍ക്കാരിയായ ശ്രീമതി. പാറു അമ്മയാണ്. ആയ കാലത്ത് രണ്ട് ഷാപ്പുകളുടെ ഉടമസ്ഥ കം കുക്ക് ആയിരുന്നു. ഇപ്പോഴും രണ്ടെണ്ണം അടിച്ചവരെ കണ്ടാല്‍ അനുമോദിക്കുവാനും, ഓണത്തിനും ക്രിസ്തുമസ്സിനും വാവിനും ഒന്നോ രണ്ടോ അടിക്കുവാനും മടി കാണിക്കാത്ത ഒരു കൂള്‍ വല്ല്യമ്മ!! നാട്ടില്‍ പോകുമ്പോഴൊക്കെ അവരെ പിടിച്ചിരുത്തി എന്തെങ്കിലുമൊരു വിഭവം തരമാക്കും!
പാറു അമ്മയ്ക്ക് വയസ്സ് വെറും 89. വയറു വിശന്നാല്‍ ദേഷ്യം വെരുമെന്നതൊഴിച്ചാല്‍ മറ്റസുഖങ്ങള്‍ ഒന്നുമില്ല...
പാറുവമ്മ ഉവാച...
കറുവായിട്ട ആട് കൂട്ടാന്‍
ചേരുവകള്‍
ആട്ടിറച്ചി അര കിലോ (അത്ര വലുതല്ലാത്ത കഷ്ണങ്ങളാക്കിയത് )
ചെറിയ ഉള്ളി അര കിലോ
പച്ച മുളക് 2 എണ്ണം
പച്ച മഞ്ഞള്‍ 2 ഇഞ്ച് നീളത്തില്‍
ഇഞ്ചി 2 ഇഞ്ച് നീളത്തില്‍
വെളുത്തുള്ളി 10 അല്ലി
കറിവേപ്പില 2 തണ്ട്
കറുവ പട്ട 2 ഇഞ്ച് നീളത്തില്‍ 6 കഷ്ണം
പാണ്ടി മുളക് 3 എണ്ണം
കുരുമുളക് ഒരു റ്റീസ്പൂണ്‍ 
ജീരകം അര റ്റീസ്പൂണ്‍
മാങ്ങ ഉണങ്ങിയത് 6-7 കഷ്ണം 
വെളിച്ചെണ്ണ 4 റ്റീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഇറച്ചി കഴുകി വെള്ളം ഊറാന്‍ വയ്ക്കണം
അരിഞ്ഞു വച്ച ഉള്ളിയും മുളകും കട്ടിയുള്ള ചട്ടിയില്‍ എണ്ണയൊഴിച്ച് അടുപ്പത്ത് വയ്ക്കണം. തീ കുറച്ച് വച്ച് കരിയാതെ നോക്കണം.
കറുവപ്പട്ടയും വറ്റല്‍ മുളകും കുരുമുളകും ചെറു തരിയായി പൊടിച്ചെടുക്കണം.
ഉള്ളി നല്ലോണ്ണം മൊരിഞ്ഞ് ബോണ്‍വിറ്റ നിറമാകൊമ്പോഴേക്കും നീളത്തില്‍ അരിഞ്ഞ മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കണം. ഇവ ഒന്നു ചൂടാകുമ്പോഴേക്കും പൊടിച്ചു വച്ചിരിക്കുന്ന കൂട്ടും ജീരകവും ചേര്‍ക്കണം. ഇത് കരിയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഇറച്ചിയും ഉണക്ക മാങ്ങ കഷ്ണങ്ങളും, ആവശ്യത്തിന് ഉപ്പും, ഒരു കപ്പ് തിളയ്ക്കുന്ന വെള്ളവും ചേര്‍ത്ത് ഇറച്ചി വേകുന്നതു വരെ വേവിക്കണം. വീണ്ടും വെള്ളം ചേര്‍ക്കണമെന്നുണ്ടെങ്കില്‍ തിളയ്ക്കുന്ന വെള്ളം മാത്രം ഉപയോഗിക്കണം.
ചോറിനും കപ്പയ്ക്കും നല്ല കൂട്ട്.
Monday, June 25, 2007
വന്‍ പയര്‍ പുഴുക്ക്
ചേരുവകള്‍
വന്‍ പയര്‍ ഒരു കപ്പ് (ഒരു രാത്രി വെള്ളത്തിലിട്ട് കുതിര്‍ത്തത്)
തേങ്ങ ഒരു മുറി
ചെറിയ ഉള്ളി 10 എണ്ണം
വെളുത്തിള്ളി 10 അല്ലി
കറിവേപ്പില 2 തണ്ട്
വറ്റല്‍ മുളക് 4 എണ്ണം
മഞ്ഞള്‍ പൊടി കാല്‍ റ്റീസ്പൂണ്‍
പച്ച മുളക് 2 എണ്ണം
ജീരകം കാല്‍ റ്റീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
പയര്‍ നന്നായി വേവിക്കുക (പകുതി വേവാകുമ്പോള്‍ ഉപ്പ് ചേര്‍ക്കണം)
ബാക്കി ചേരുവകളെല്ലാം തരിയായി അരച്ചെടുക്കണം
വെന്ത് വെള്ളം വറ്റിയ പയറില്‍ ഒരു ചെറിയ കുഴിയുണ്ടാക്കി അതിലേക്ക് അരച്ച് വച്ച തേങ്ങ ചേര്‍ത്ത് മൂടുക. തീ കുറയ്ക്കുക.
രണ്ട് മിനുട്ട് കഴിഞ്ഞ് നല്ലോണ്ണം ഇളക്കുക. വെള്ളം കൂടുതലുണ്ടെങ്കില്‍ വറ്റിക്കണം.
കഞ്ഞി, പുട്ട്, കള്ള് മുതലായവയ്ക്ക് ഉത്തമ കൂട്ട്!
Monday, April 16, 2007
ഒരു ഡസന്‍ ഐറ്റംസ് കൊണ്ട് ഒരു ചിക്കന്‍ കറി.
1. ചിക്കന്‍ : ഒരു കിലോ.
2. വലിയ ഉള്ളി : (ഇടത്തരം) 4 എണ്ണം.
3. വെളുത്തുള്ളി : അര പണ, (അര കുടം/ നാലോ അഞ്ചോ ഇല്ലികള്‍)
4. ഇഞ്ചി ചെറിയ കഷ്ണം.
5. പച്ചമുളക് : 4 എണ്ണം.
6. തക്കാളി : 2 (ഇടത്തരം).
7. മുളക് പൊടി : ഒന്നര ടീസ്പൂണ്‍ (എരിവ് കുറഞ്ഞതാണെങ്കില്‍. അല്ലെങ്കില്‍ ഒന്നര ടീസ്പൂണ്‍ ചേര്‍ത്താല്‍ വിവരമറിയും. ഞാനല്ല, കഴിക്കുന്നവര്‍.)
8. മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍.
9. കുരുമുളക് പൊടി : അര ടീസ്പൂണ്‍
10. ഉപ്പ് : പാകത്തിന്.
11. പാചകത്തിനുപയോഗിക്കുന്ന ഏതെങ്കിലും ഒരു എണ്ണ.
12. ഗരം മാസാല. കാല്‍ സ്പൂണ്‍.
പാകം ചെയ്യാന്‍ തുടങ്ങും മുമ്പ് ഇത്രയും വീട്ടിലുണ്ടങ്കില്‍ മാത്രം ഇപ്പണിക്ക് നില്‍ക്കുക. ഇല്ലങ്കില്‍ അടുത്ത വീട്ടില്‍ പോയി സംഘടിപ്പിച്ച ശേഷം മാത്രം തുടങ്ങുക.
പാചകത്തിലേക്ക് എടുത്ത് ചാടും മുമ്പ് :-
1. ചിക്കന്‍ പീസ് പീസാക്കുക.
2. വലിയ ഉള്ളി കനം കുറച്ച് വെട്ടിവെക്കുക.
3. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ നന്നായി ചതക്കുക. (ചതക്കാന്‍ സൌകര്യമില്ലങ്കില്‍ അതിന് സംവിധാനം ഉണ്ടാക്കുക. മുകളിലെ ലിസ്റ്റില്‍ പറഞ്ഞില്ലന്ന കാരണത്താല്‍ ശ്രദ്ധിക്കാതിരുന്നാല്‍ നിങ്ങള്‍ വാങ്ങിയ സാധനങ്ങള്‍ നഷ്ടം.)
4. തക്കാളി ചെറുതായി വെട്ടിവെക്കുക.
5. മഞ്ഞപ്പൊടി, മുളക് പൊടി, ഗരം മസാല എന്നിവ കൈയ്യെത്തും ദൂരത്ത് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
രണ്ടും കല്‍പ്പിച്ചുള്ള എടുത്ത് ചാട്ടം :-
വലിയ ഉള്ളി എണ്ണയിലിട്ട് ഫ്രൈ ചെയ്യാന്‍ തുടങ്ങുക. 50% ഫ്രൈ ആയ ശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവന്മാരുടേ സംയുക്ത യൂണിയനെ അതില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.
നന്നായി ഫ്രൈ ആയ ശേഷം മുളക് പൊടി, മഞ്ഞപ്പൊടി, കുരുമുളക് പൊടി ഇവ ചേര്‍ത്ത് നന്നായി ഇളക്കി ഒരു രണ്ട് മിനുട്ടിന് ശേഷം തക്കളിയും കൂടെ ഉപ്പും ഇടുക.
ഇനി കുറഞ്ഞ തീയില്‍ പത്ത് മിനുട്ട് വെച്ചാല്‍ എല്ലാം കൂടെ ഒരു പേസ്റ്റ് പരുവമാകും. പത്ത് മിനുട്ട് വെച്ചിട്ടും ആവുന്നില്ലങ്കില്‍ ആവുന്ന വരെ വെക്കുക. അല്ല പിന്നെ. ടി പേസ്റ്റില്‍ (ഇത് കണുമ്പോള്‍ ടൂത്ത് പേസ്റ്റി ഓര്‍മ്മ വരുന്നെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്.) ഗരം മാസാല ചേര്‍ത്ത് പീസ് പീസാക്കിയ കുക്കടത്തെ മിക്സ് ചെയ്ത് ചെറിയ തീയില്‍ വേവിച്ചെടുക്കുക.
വേവാനാവശ്യമായ സമയം വെറുതെ നില്‍ക്കണ്ട... മൂളിപ്പാട്ട് പാടിക്കോളൂ.
ഇതിനിടയിലെവിടെയെങ്കിലും വെള്ളം വല്ലതും കഴുകാനല്ലാതെ ഉപയോഗിക്കരുത്.
വാല്‍കഷ്ണം:
1. ഇതില്‍ ഖുബ്ബൂസ്/ചപ്പത്തി/പത്തിരി മുതലായ കൂട്ടി ഞം ഞം ന്ന് തിന്നുമ്പോ വല്ലതും കൂടുകയോ കുറയുകയോ ചെയ്തെന്ന് തോന്നിയാല്‍ അതിന്റെ ഉത്തരവാദി നിങ്ങള്‍ തന്നെയായിരിക്കും.
2. ഇത് കഴിച്ച് ആര്‍ക്കെങ്കിലും മെഡിക്കല്‍ ലീവ് കിട്ടിയാല്‍ താങ്ക്സ് പറയാനൊന്നും നിക്കണ്ട. ഞാനത് ഇപ്പോള്‍ തന്നെ വരവ് വെച്ചു.
3. ഇത് കറിയല്ലന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് പൂര്‍ണ്ണ സമ്മതം. പക്ഷേ വേറെ ഒരു പേര് നിര്‍ദ്ദേശിക്കണം.
Friday, April 13, 2007
തക്കാളി പൊട്ടിക്കല്‍സ്
കൈപ്പുണ്ണ്യം പോസ്റ്റും പുലികള്‍ക്കിടയില്‍ പാവം ഞാന്‍ ഈ തക്കാളി ഒന്നു പൊട്ടിച്ചോട്ടേ..
ഇത് ഉള്ളീം മുളകും പൊട്ടിക്കുന്നതു പോലെ സിമ്പിള്‍ ആന്‍ഡ് ഹമ്പിള്‍ ആയ ഒരു തൊട്ടുകൂട്ടാന്‍!
നേരേ പോയി ഫ്രിഡ്ജ് തുറക്കൂ.സാമാന്യം വലിയ ഒരു തക്കാളി എടുത്ത് നന്നായി കഴുകൂ.
ഇനി മെയിന്‍ ആയുധം കയ്യിലെടുക്കൂ.തക്കാളി കുരുകുരാ നുറുക്കൂ.[എന്തോന്നീ കുരുകുരാ എന്നാണോ-അതായത് രണ്ടിഞ്ജു കനം,ഒരിഞ്ജു നീളം-അളവ് ലവലേശം മാറരുത്.അല്ല പിന്നെ!]
ഇനി നമുക്ക് ആക്രമണം ഒരു സവാളയുടെ പുറത്തോട്ടാവാം..തൊലി കളഞ്ഞ് അതും കട്ട്..കുരുകുരാ തന്നെ.ഇനി പോയി രണ്ട് പച്ചമുളകെടുക്കൂ..കഴുകാന്‍ ഇനി പ്രത്യേകം പറയണോ??!
ചെറുതായരിഞ്ഞ പച്ചമുളകും,സവാളയും,തക്കാളിയും ഉപ്പിട്ട് ഇളക്കൂ.
ഇനി ആ സ്പൂണ്‍ അങ്ങ് മാറ്റി വെച്ച് കൈ പുറത്തേക്കെടുക്കാം.നന്നായി ഞെരടി യോജിപ്പിക്കൂ.
ഇനി ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് ഒന്നു കൂടി ഞെരടൂ...
അസ്സല്‍ തക്കാളി പൊട്ടിക്കല്‍സ് റെഡി!! കഞ്ഞിയോടോ,ചോറിനോടോ ഒപ്പം തൊട്ടുകൂട്ടാം.
കടപ്പാട്-കുക്കറില്‍ കഞ്ഞിപോലും വെക്കാന്‍ അറിയാത്ത മാന്യ പിതാശ്രീ ..പാചകതക്കാളിശ്രീ.
{മൈ പിതാ ആകെ ഉണ്ടാക്കുന്ന കറി..എന്നിരുന്നാലും അതിന്റെ സ്വാദ് ഇപ്പോളും നാവിന്‍ തുമ്പില്‍}
Wednesday, April 11, 2007
വിഷുക്കട്ട.
വീണ്ടും ഒരു വിഷു വരവായി. കൈനീട്ടത്തോടൊപ്പം വിഷുക്കട്ടയും വിഷുവിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്.
ഓര്‍മ്മയില്‍ നിന്നും വിഷുക്കട്ടയുടെ ഒരു പാചകവിധി കുറിക്കുന്നു. സമയവും സൌകര്യവുമുള്ളവര്‍ക്ക് ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
1.