പച്ചക്കറി കൊണ്ടുള്ള അവിയല്‍ കഴിച്ചു മതിയായവര്‍ക്കും അല്ലാത്തവര്‍ക്കും. ഞാന്‍ ഒരിക്കലേ ഈ സാധനം കഴിച്ചിട്ടുള്ളൂ.വല്ലവരുടേയും വീട്ടില്‍ നിന്നായതു കാരണം നല്ല രുചിയുണ്ടായിരുന്നു. നിങ്ങള്‍ക്കും ട്രൈ ചെയ്യാം.
വേണ്ട സാധനങ്ങള്‍
മീന്‍ - അരക്കിലോ (നല്ല മീനായിക്കോട്ടെ, കുളമായാല്‍ കാശു പോയതു തന്നെ മിച്ചം)
മല്ലി - 2 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് - 6 എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ചെറിയ ഉള്ളി - 5 എണ്ണം
വെളുത്തുള്ളി - മൂന്ന് അല്ലി
പച്ച മാങ്ങ തൊലികളഞ്ഞ് അരിഞ്ഞത് - ഒരു കപ്പ്
കറിവേപ്പില - ആവശ്യത്തിന്
ജീരകം - അര ടിസ്പൂണ്‍ (നിര്‍ബന്ധമില്ല)
സവാള അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - അര ടിസ്പൂണ്‍
പച്ചമുളക് നെടുകെ പിളര്‍ന്നത് - മൂന്ന് എണ്ണം
തേങ്ങ ചിരകിയത് - അര കപ്പ് (മിക്സിയിലിട്ട് ഒന്ന് ഒതുക്കിയാല്‍ നല്ലത്)
വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് - നിങ്ങളുടെ ഇഷ്ടം പോലെ ആയിക്കോ
എങ്ങിനെയുണ്ടാക്കാം?
ആദ്യം ഒരു ചുവടു കട്ടിയുള്ള പാത്രമെടുത്ത് നാന്നായി കഴുകി, വെള്ളമൊക്കെ തുടച്ച് അടുപ്പില്‍ വെക്കുക. ഇനി അല്പം എണ്ണയൊഴിച്ച്, ഒന്നു ചൂടായാല്‍ മല്ലി,ഉണക്കമുളക്,മഞ്ഞള്‍പ്പൊടി,ചെറിയ ഉള്ളി,വെളുത്തുള്ളി എന്നിവ കരിഞ്ഞു പോകതെ ഒന്നു മൂപ്പിച്ചെടുക്കുക. അനന്തരം ഇവറ്റകളെ നന്നായി അരച്ചെടുക്കുക. ഈ അരപ്പില്‍ മീന്‍,പച്ച മാങ്ങ,കറിവേപ്പില,ഉപ്പ് എന്നിവയും ചേര്‍ത്ത് മീനിന് വേദനിക്കാത്ത രീതിയില്‍ നന്നായി മിക്സ് ചെയ്യുക. ശേഷം രണ്ട് കപ്പ് വെള്ളമൊഴിച്ച്, ഇടത്തരം തീയില്‍ വേവിക്കുക. അടുപ്പത്തുള്ള ഐറ്റം തിളച്ചാല്‍ അതിലേക്ക് സവാള, ഇഞ്ചി,പച്ചമുളക്,തേങ്ങ,കാല് കപ്പ് വെള്ളം എന്നിവ ചേര്‍ക്കുക. കറി കട്ടിയാകന്‍ വേണ്ടി തിളക്കാത്ത രീതിയില്‍ കുറച്ചു നേരം കൂടി വേവിക്കുക.
ഞാന്‍ കഴിച്ചതില്‍ മുരിങ്ങക്കായ, കാരറ്റ് എന്നിവയൊക്കെ ഉണ്ടായിരുന്നു. വേണമെങ്കില്‍ അവിയലിനുള്ള പച്ചക്കറികള്‍ കൂടെ ചേര്‍ക്കാം. പച്ചക്കറികളുടെ വേവനുസരിച്ച് പല സ്റ്റെപ്പുകളായി ചേര്‍ക്കുക.
Tuesday, March 25, 2008
മീന്‍ അവിയല്‍
Sunday, March 23, 2008
കൂര്‍ക്കയിട്ട ബീഫ്
തൃശ്ശൂരെ ക്രിസ്ത്യാനികളുടെ വീടുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കൂര്‍ക്കയിട്ട(koorkka, chinese potato) ബീഫ്. ബീഫിനൊപ്പം കൂര്‍ക്ക, കൊള്ളിക്കിഴങ്ങ് (കപ്പ), നേന്ത്രക്കായ, ചെറുകായ, ചേന, ചേമ്പ്, കാവത്ത്, കുമ്പളങ്ങ, എന്നിവയൊക്കെ ചേര്‍ത്ത് വെയ്ക്കുന്ന പതിവ് തൃശ്ശൂര്‍ക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് തോന്നുന്നു.
ആവശ്യമുള്ള സാധനങ്ങള്‍
1. ബീഫ് - ഒരു കിലോ (ചെറിയ കഷണങ്ങളാക്കിയത്)
2. കൂര്‍ക്ക - 500 ഗ്രാം (തൊലികളഞ്ഞ് ഇടത്തരം വലിപ്പത്തില്‍ കഷണങ്ങളാക്കിയത്. ചെറിയ കൂര്‍ക്കയാണ് നല്ലത്)
3. മഞ്ഞള്‍ - അര ടീസ്പോണ്
4, പച്ചമുളക് - 7 എണ്ണം (നീളത്തില്‍ അരിഞ്ഞത് )
5. ചുവന്നുള്ളി - 15 എണ്ണം (തൊലികളഞ്ഞത്)
6. വെളുത്തുള്ളി - 20 അല്ലി ( വലുതാണെങ്കില്‍ 6 അല്ലി)
7. മല്ലി - മുഴുവനായി ( 3 ടീസ്പൂണ്‍)
8. മുളക് പൊടി - 2 1/2 ടീസ്പൂണ്‍
9. തേങ്ങ - ഒന്ന് ( ചിരവിയത്)
10. വെളിച്ചെണ്ണ - 5 ടീസ്പൂണ്‍
11. കറുവപ്പട്ട - 2 കഷണം
12. ഏലക്കായ് - 4 എണ്ണം
13. ഗ്രാമ്പു - 6
14. പെരുഞ്ജീരകം - 1 ടീസ്പൂണ്‍
15. ഉപ്പ്
16. കറിവേപ്പില ( 2 കതിര്‍പ്പ്)
17. കടുക് (ആവശ്യത്തിനു)
പാചകം ചെയ്യേണ്ട വിധം
ബീഫ് മഞ്ഞള്‍ പൊടിയും മുളകുപൊടിയും ചേര്‍ത്ത് മിക്സ് ചെയ്ത് കുക്കറില്‍ അര ഗ്ലാസ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ആറു വിസില്‍ വന്നതിനു ശേഷം ഇറക്കി വെയ്ക്കുക.
ഈ സമയം ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാക്കുക. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ തേങ്ങ ചിരവിയത് ചേര്‍ത്ത് നന്നായി ഇളക്കുക.തീകുറച്ച് നന്നായി ഇളക്കുക. തേങ്ങയുടെ നിറം ചെറുതായി മഞ്ഞ നിറമാവുമ്പോള്‍ ചുവന്നുള്ളിയും(10 അല്ലി) വെളുത്തുള്ളിയും(പകുതി) ചേര്‍ത്തിളക്കുക. കൂടെ മസാല(11,12,13,14 ചേരുവകള്‍)യും മല്ലിയും ചേര്‍ത്തിളക്കുക. കൈ വേദനിച്ചാലും ഇളക്കിക്കൊണ്ടെയിരിക്കുക. കരിയ്ക്കാന്‍ സമ്മതിക്കരുത്. അതിനുമുമ്പ് തീ ഓഫാക്കുക. ഇത് ചൂടാറിയതിനു ശേഷം മിക്സിയില്‍ അരച്ചെടുക്കുക(അമ്മിയില്‍ ആയാല്‍ സ്വാദ് കൂടും. കൈ വേദനയും മാറും !! ) വെള്ളം അധികമില്ലതെ വേണം അരയ്ക്കാന്‍. ഒരു കുഴമ്പു രൂപത്തില്‍ എടുക്കണം.
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കൂര്‍ക്കയില്‍ അല്പം മഞ്ഞള്‍ പൊടിയും കുറച്ച് വെള്ളവും ചേര്‍ത്ത് മണ്കലത്തില് (മണ്കലമില്ലെങ്കില് വെറും കലവുമാവാം .. തനതായ രുചിയ്ക്ക് മണകലം തന്നെയാണ് നല്ലത് ) വേവിക്കുക. പകുതി വേവാവുമ്പോള്‍ തീ കുറച്ച്, വേവിച്ചു വെച്ചിരിക്കുന്ന ബീഫും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്യുക.
ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ നാലു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടാവുമ്പോള്‍ കടുക് പൊട്ടിക്കുക. വേപ്പിലയും ചേര്‍ക്കുക. ബാക്കിയുള്ള വെളുത്തുള്ളിയും ചുവന്നുള്ളിയും ചതച്ചത് ചേര്‍ക്കുക. ഈ മിശ്രിതം മൊരിഞ്ഞ മണം വരുമ്പോള്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കുഴമ്പുരൂപത്തിലുള്ള അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണ തെളിയുന്നതുവരെ ഇളക്കിക്കൊണ്ടേയിരിക്കുക. എണ്ണ തെളിഞ്ഞു നല്ല ഒരു മണം വന്നാല്‍ ഇവനെ എടുത്ത് വെന്തുകൊണ്ടിരിക്കുന്ന ബീഫിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കണം. തിളച്ചു തുടങ്ങിയാല്‍ തീ ഓഫ് ചെയ്യാം. പാത്രം മൂടി വെയ്ക്കണം. മണ്കലത്തിലാണെങ്കില് തീ ഓഫ് ചെയ്താലും കുറെ നേരം തിളച്ചുകൊണ്ടെയിരിക്കും.
കൂര്‍ക്കയിട്ട ബീഫ് റെഡി. ഇത് ചോറ്, അപ്പം, ചപ്പാത്തി തുടങ്ങിയവയ്ക്കൊപ്പം കഴിയ്ക്കാം.
തൃശ്ശൂരിലെ ചില ബാറുകളില്‍ ഈ വിഭവം അപൂര്‍വ്വമായെങ്കിലും കണ്ടിട്ടുണ്ട്.
എല്ലാവര്ക്കും ഈസ്റ്റര്‍ ആശംസകള്‍ !
Saturday, March 15, 2008
തക്കാളി ചമ്മന്തി...(തക്കാളി ചട്ടിണി...തമിഴനാണേ..)
ഇവന് നമ്മുടെ അയല്ക്കാരന് ആണു..
വളരെ എളുപ്പം ദോശയോ ഇഡ്ഡലിയോ തിന്നണൊ ..?
ഒരു തക്കാളി ചെറുതായി അരിയുക, ഒരു സവാളയും, ഇതു രണ്ടും കുറച്ച് ഏണ്ണ ചൂടാക്കി അതില്‍ വഴറ്റി എടുക്കുക, ആദ്യം സവാള ഒരു ബ്രൌണ്‍ നിറം ആയ ശേഷം മാത്രം തക്കാളി ചേര്‍ത്ത് വേണം ചെയ്യാന്‍.. തക്കാളിയുടെ പച്ക മണം മാറുന്നവരെ വഴറ്റുക. നന്നായി ചൂടു പോയ ശേഷം ഒരു സ്പൂണ്‍ മുളകു പൊടിയും, ഉപ്പും ചേറ്ത്ത് നന്നായി അരചെടുക്കുക.
ചമ്മന്തി റെഡി.....:)
Tuesday, March 11, 2008
കൂര്‍ക്ക ഉപ്പേരി
കറങ്ങാന്‍ പോയപ്പോള്‍ വര്‍ക്കിസില്‍ കണ്ടു, പണ്ടുതൊട്ടെ ഉള്ള ഒരു ദൌര്‍ഭല്യവും ഇവിടെ ഇശി കിട്ടാന്‍ ദൌര്‍ലഭ്യവും ഉളൊണ്ട് കണ്ട അപ്പോള്‍ തന്നെ വാങ്ങി.
പിന്നെ ഉളൊണ്ട് ഓണം ആക്കി, എട്ടു വയറ്റുകള്‍അതിനെ അകത്താകി.....
അതില്‍ തന്നെ നാലു വയറുകള്‍ ഫസ്റ്റ് ടൈം ആയ്യിരുന്നു ...
ഇതു കേട്ടാല്‍ ഞങ്ങള്‍ തൃശ്ശൂര്കാര് ഒന്നു ഞെട്ടും, കൂര്‍ക്ക ആദ്യമായി കാണുകയോ, കൂര്‍ക്ക തിന്നാതവരോ?
എന്തായാലും.......
കൂര്‍ക്ക-ഒരു കിലോ
ഉണക്ക മുളക്-എട്ടു എണ്ണം ( ചതച്ച /ക്ര്ഷെഡ് മൂന്നു ടീ സ്പൂണ്‍)
ചെറിയ ഉള്ളി -ഒരു വലിയ പിടി
കറിവേപ്പില- രണ്ടു തണ്ട്....
വെളുത്തുള്ളി-ഗ്യാസ് ന്റെ അസ്കിത ഉള്ളവര്‍ക്ക് -ഏഴ് അല്ലി.
ഉപ്പ്-ആവശ്യത്തിനു...
ഇനി കൊറേ നേരം കൂര്‍ക്കയെ വെള്ളത്തില്‍ ഇട്ടുവെച്ചു നന്നായി കഴുകി എടുക്കുക... പിന്നെ അതിനെ വല്ല തുനിയിലോ, അല്ലേല്‍ സന്ചിയിലോ ഇട്ടു ഒരു ഭാണ്ഡം ആക്കി നന്നായി നന്നായി മര്‍ധിക്കുക ...
പിന്നെ ഏകദേശം അടിച്ച് തൊലി പൊളിച്ചാല്‍ എടുത്തു കഴുകി ബാക്കി കത്തികൊണ്ട് കളയുക....
അപ്പൊ ദേ ഇങ്ങനെ ഒക്കെ ഉണ്ടാകും....
ഇതിനെ ഇത്തിരി മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ഇട്ടു ചുമ്മാ നന്നായി വേവിച്ച് എടുക്കുക
ഒരു ചീന ചട്ടി ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, മുളക് ചതച്ചത് , എന്നിവ നല്ലോണം മൂത്ത് വരുമ്പോള്‍ കറിവേപ്പിലയും വെളുത്തുള്ളി ചതച്ചതും ചേര്‍ത്തു ഒന്നുകൂടെ മൂപ്പിച്ച് വേവിച്ച് വെച്ച കൂര്‍ക്ക ഇട്ടു അത് ഒന്നു മൊരിഞ്ഞു കുട്ടപ്പന് ആവുന്ന വരെ കാത്തു നിക്കേ ഇരിക്കേ എന്താച്ചാല് ആവാം ...


ഇങ്ങനെ ഒക്കെ ഉണ്ടാകും സാധനം
Monday, March 03, 2008
മട്ടണ്‍ കുറുക്കറി
നാട്ടിലുള്ളപ്പോള്‍ എനിക്കിഷ്ടപെട്ട ഭക്ഷണങ്ങളില്‍ ഒന്ന് മട്ടണായിരുന്നു. പക്ഷെ, ഗള്‍ഫില്‍ വന്നതിനുശേഷം മട്ടണോട് എനിക്കത്ര താത്പര്യം ഇല്ല. നാടന്‍ മട്ടന്റെ ആ രുചിയും മണവും ഇവിടെ കിട്ടുന്ന മട്ടണ്‍ (ഇന്ത്യന്‍ മട്ടണ്‍ വാങ്ങിയാല്‍ പോലും) കിട്ടുന്നില്ല എന്നതാണ് ഈ മട്ടണ്‍ വിരക്തിക്കുള്ള പ്രധാന കാരണം.
മൂന്നാല് ദിവസമായിട്ട് രാത്രി ഉറക്കത്തില്‍ ഞാന്‍ കാണുന്ന സ്വപ്നം രുചിയേറിയ മട്ടന്‍കറി കൂട്ടി ചോറുണ്ണതാണ്. മാത്രമല്ല ചോറുണ്ടതിനുശേഷം രുചി സഹിക്കാന്‍ വയ്യാതെ വിരല്‍ കടിക്കുകയും ചെയ്യുന്നു. പക്ഷെ ഈ വിരല്‍ കടി സ്വപ്നത്തിലല്ല, മറിച്ച് സ്വപ്നത്തിന്റെ അവസാനം ശരിക്കും കടിക്കുന്നതാണ്. അതോടെ സ്വപ്നത്തില്‍ നിന്നുണരുകയും, എന്തുകൊണ്ടിങ്ങനെ വിചിത്രമായ ഒരു സ്വപ്നം കാണുന്നു എന്നു ചിന്തിച്ച് ചിന്തിച്ച് വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു.
ഈ സ്വപ്നത്തിന്റെ അര്‍ത്ഥമെന്ത് എന്ന് ഞാന്‍ പലരോടും ചോദിച്ചു. ആര്‍ക്കും ഒരു പിടിയുമില്ല.
വിക്കി പീഡിയയില് വിക്കി നോക്കി - നോ രക്ഷ
ഗൂഗിളമ്മച്ചിയില് ചികഞ്ഞ് നോക്കി - കിം ഫലം?
ഡോ. മാത്യൂ പുല്ലൂരിനോട് സംസാരിക്കാം എന്ന പരിപാടിയിലേക്ക് ഫോണ്‍ ചെയ്തു സംഭവം പറഞ്ഞു, ഇതേ സ്വപ്നത്തിന്റെ നീരാളിപിടുത്തത്തില്‍ അദ്ദേഹം പെട്ടിരിക്കുകയാണെന്നും വല്ല പോംവഴിയും കിട്ടിയാല്‍ പുള്ളിക്കാരനേം ആ മട്ടന്‍ സ്വപ്നത്തിന്റെ നീരാളികരങ്ങളില് നിന്നും രക്ഷിക്കണമെന്നും പറഞ്ഞ് അദ്ദേഹം വിങ്ങി പൊട്ടി.
അന്ന് രാത്രിയിലും മട്ടണ്‍ കഴിക്കുന്ന സ്വപ്നത്തിന്റെ ഇടക്ക് ഒരു കമേഴ്സ്യല്‍ ബ്രേക്കിന്റെ സമയത്ത് സ്വപ്നദേവത പ്രത്യക്ഷപെട്ട് എന്നോട് ചോദിച്ചു എന്താണ് കൂവെ തന്റെ പ്രശ്നം?
ഉറക്കത്തില്‍ മട്ടണ്‍കറി സ്വപ്നം കാണുന്നതും, വിരല്‍ കടിക്കുന്നതും മറ്റും വള്ളിപുള്ളി വിടാതെ ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞവസാനിപ്പിച്ചതും സ്വപ്നദേവത പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇതാണാ ഇയാക്കടെ പ്രശ്നം??
ഹും, ഞാന്‍ മൂളി.
ഇത് കാര്യം നിസ്സാരം. യു സില്ലി ബോയ്.
ഒന്നും മനസ്സിലാവാതിരുന്നതിനാല്‍ ഞാന്‍ ചോദിച്ചു, അല്ല എന്താ ആക്ച്വലി പ്രശ്നം?
നിനക്കാര്ത്തി മൂത്ത് പ്രാന്തായതാ. നീ കുറച്ച് മട്ടണ്‍ വാങ്ങി കറി വച്ച് കഴിച്ചാല്‍ തീരുന്നതേയുള്ളൂ ഈ പ്രശ്നമൊക്കെ.
മട്ടണ്‍ കറി തന്നെ വേണാ? ബീഫ് പോരെ?
പോര, മട്ടണ്‍ക്കറി കഴിക്കണ സ്വപ്നം കാണുന്നുണ്ടെങ്കില്‍ ചെയ്യുന്നുണ്ടെങ്കില്‍ മട്ടണ്‍ക്കറി തന്നെ കഴിക്കണം (ഉഷ്ണം ഉഷ്ണേന ഡിസ്കോ ശാന്തി)
റാന്‍! അപ്പോ വിരല്‍ കടിക്കാന്‍ തക്കവണ്ണം സ്വാദില്‍ വക്കണമെങ്കില്‍ എന്തേലും പാചകകുറിപ്പ് കിട്ടിയിരുന്നെങ്കില്‍??
ഉം എഴുതിയെടുത്തോ!
ഞാന്‍ ദയനീയഭാവത്തില്‍ നോക്കിയപ്പോള്‍ വീണ്ടും ചോദ്യം? എഴുത്തറിയില്ല അല്ലെ?
ഉം, ഞാന്‍ വീണ്ടും മൂളി.
എങ്കില്‍ ടൈപ്പ് ചെയ്ത് പണ്ടാരമടങ്ങ്.
ലാപ്പ് ടോപ്പെടുത്ത് ഞാന്‍ തയ്യാറായി.
സ്വപ്ന ദേവത പറഞ്ഞ് തുടങ്ങിയപ്പോള്‍ ആ മുഖദാവില്‍ നിന്നും വീഴുന്ന ഓരോ വാക്കുകളും യൂണീകോഡാക്കി വരും തലമുറക്ക് വേണ്ടി ഞാന്‍ പകര്‍ത്തെടുത്തു.
ചേരുവകള്‍
മട്ടണ്‍ - 1.5 കിലോ (നെയ്യ് കമ്പ്ലീറ്റായി നീക്കം ചെയ്ത്, ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കിയത്)
പച്ച മല്ലി - 1 1/4 കൈ പിടി (കയ്യിന്റെ വലുപ്പമനുസരിച്ച് അല്പം കൂടുകയോ, കുറയുകയോ ചെയ്താലും വലിയ കുഴപ്പമില്ല)
കൊല്ല മുളക് അഥവാ ഉണക്കമുളക് - 10 എണ്ണം
കറുവപട്ട (അര ഇഞ്ച് വലുപ്പത്തിലുള്ളത്) - 5 കഷണം
ജീരകം - 3/4 ടേബിള്‍ സ്പൂണ്‍
പെരുഞ്ചീരകം - 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക് - 1 ടേബിള്‍ സ്പൂണ്‍
ഏലക്കായ - 3 എണ്ണം
ജാതി പത്രി - 1 ഇതള്‍
ചെറിയ ഉള്ളി - 25-30 എണ്ണം
മഞ്ഞള്‍ പൊടി - പാകത്തിന്
ഉപ്പ് - പാകത്തിന്
സബോള - 4 എണ്ണം (ഇടത്തരം വലുപ്പമുള്ളത്)
വെളുത്തുള്ളി - 8-10 അല്ലി
ഇഞ്ചി - 1 1/2 ഇഞ്ച് വലുപ്പത്തിലുള്ള കഷ്ണം
തക്കാളി - 2 എണ്ണം വലുത്
പച്ചമുളക് - 4 എണ്ണം നെടുകെ പിളര്‍ന്നത്
കറിവേപ്പില - 2 തണ്ട്
മല്ലിയില - അല്പം
വെളിച്ചെണ്ണ - വഴറ്റുവാന്‍ ആവശ്യത്തിന്
പാചകം ചെയ്യേണ്ട വിധം
ചീനചട്ടി ചൂടാക്കി അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് മല്ലി തവിട്ടുനിറം വിടുന്നത് വരെ (കരിക്കരുത്) വറുത്തെടുത്ത് മാറ്റി വെക്കുക.
അര സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്, മുളക് വറുത്തെടുത്ത് മാറ്റി വക്കുക.
അല്പം എണ്ണയൊഴിച്ച് കറുവപട്ടയും കുരുമുളകും ഒരുമിച്ച് വറുത്തെടുക്കുക
അല്പം എണ്ണയൊഴിച്ച്, ജീരകവും, പെരുഞ്ചീരകവും, ഏലക്കായും, ജാതിപത്രിയും വറുത്തെടുക്കുക
ആവശ്യത്തിന് എണ്ണയൊഴിച്ച് ചെറിയ ഉള്ളി തവിട്ടു നിറമാകുന്നതു വരെ വറുത്തെടുക്കുക.
മുകളിലെ ചേരുവകള്‍ എല്ലാം തന്നെ മിക്സിയിലിട്ട്, അര ഗ്ലാസ്സ് വെള്ളമൊഴിച്ച് (വെള്ളം അധികമാകരുത്, കുഴമ്പുപോലെ അരയാന്‍ പാകത്തിനു മാത്രം ഒഴിച്ചാല്‍ മതി) വെണ്ണപോലെ അരച്ചെടുക്കുക.
കഴുകി വെള്ളം പിഴിഞ്ഞു കളഞ്ഞ് വച്ചിരിക്കുന്ന മട്ടണ്‍ കുക്കറിലേക്കിട്ട്, ആവശ്യത്തിനു മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ക്കുക
ഇതിലേക്ക് അരച്ചെട്ടുത്ത മസാലക്കൂട്ട്T ചേര്‍ത്ത് നല്ലത് പോലെ കൈകൊണ്ട് തിരുമ്മി അരമണിക്കൂറോളം നേരം വച്ചതിനുശേഷം അടുപ്പില്‍ കയറ്റി രണ്ട് വിസില്‍ വരുന്നത് വരെ വേവിക്കുക.
മസാലപുരട്ടിയ മട്ടണ്‍ അടുപ്പില്‍ കയറുന്നതിനുമുന്പെടുക്കുന്ന അരമണിക്കൂര്‍ വിശ്രമവേളയില്‍ ചെയ്യേണ്ട കാര്യങ്ങള്‍
സബോളയും, ഇഞ്ചിയും വെളുത്തുള്ളിയും, പച്ചമുളകും, അരിഞ്ഞത്, ചെറിയ ഉരലിലോ മറ്റോ ഇട്ട് ചതച്ചെടുക്കുക.
തക്കാളി കുനു കുനെ അരിഞ്ഞ് മാറ്റി വക്കുക.
ചൂടായ ചീനചട്ടിയില്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് ഇടിച്ച് പരിപ്പെടുത്ത് വച്ചിരിക്കുന്ന സബോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് മിശ്രിതം ഇട്ട് വഴറ്റുക. തവിട്ടുനിറമാകാന്‍ തുടങ്ങുമ്പോള്‍, ഒരു തണ്ട് കറിവേപ്പില ചേര്‍ത്ത് വീണ്ടും വഴറ്റുക. നല്ലത്പോലെ വഴറ്റികഴിഞ്ഞാല്‍ അതിലേക്ക് കുനു കുനുന്നന്റെ അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക.
നല്ലത് പോലെ വഴറ്റി, എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന മട്ടണ്‍ ചീനചട്ടിയിലേക്കോ ഫ്രയിങ്ങ് പാനിലേക്കോ തട്ടി, അരഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് നല്ലത് പോലെ വഴറ്റുക. ഇടക്കിടെ ഇളക്കികൊടുക്കണം.
വെള്ളമെല്ലാം കുറുകി വറ്റുമ്പോള്‍, ഇറച്ചിക്ക് നല്ല കറുപ്പ് നിറം വരുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക.
കഴുകി വച്ചിരിക്കുന്ന ഒരു തണ്ട് കറിവേപ്പിലയും, മല്ലിയിലയും (സ്വന്തം ഇഷ്ടപ്രകാരം) വച്ച് അലങ്കരിക്കുക.
ചോറ്, കുബ്ബൂസ്, ചപ്പാത്തി, ബ്രെഡ്, പത്തിരി, ഗോതമ്പ് ദോശ, അരിദോശ, പൂരി, പുട്ട് തുടങ്ങി നിങ്ങള്‍ക്കിഷ്ടമുള്ള എന്തിന്റെ കൂടെ വേണമെങ്കിലും ഈ കറി ചേരും.
(കയ്യിലുള്ള ചപ്പടാച്ചി മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളായതിനാല്‍ ക്ലാരിറ്റി പോര മണ്‍ചട്ടി പോരെ എന്നൊന്നും ആരും ചോദിക്കല്ലെ).