Showing posts with label veg. Show all posts
Showing posts with label veg. Show all posts

Wednesday, December 19, 2007

രാജ്മ മലയാളി

ചേരുവകള്‍

രാജ്മ (കിഡ്നി ബീന്‍സ്) - ഒരു കപ്പ് (4-5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
*2 വലിയ ഉള്ളി ചെറുതായി അരിഞ്ഞത്
*പച്ചമുളക് 4 എണ്ണം
*ഇഞ്ചി നുറുക്കിയത് ഒരു റ്റീസ്പൂണ്‍
*വെളുത്തുള്ളി 10 അല്ലി
*കറിവേപ്പില 2 തണ്ട്
തക്കാളിക്ക 2 എണ്ണം
ഗരം മസാല അര റ്റീസ്പൂണ്‍
ഒരു വലിയ തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
വെളിച്ചെണ്ണ 3 റ്റീസ്പൂണ്‍




രാജ്മ പ്രഷര്‍കുക്കറിലിട്ട് നല്ലോണ്ണം വേവിച്ചെടുക്കുക
* ഇട്ടതെല്ലാം വെളിച്ചെണ്ണയില്‍ മൂപ്പിക്കുക, സ്വര്‍ണ്ണ നിറമാകുമ്പോള്‍ ഗരം മസാലപ്പൊടി ചേര്‍ത്ത് കരിയും മുന്‍പ് വേവിച്ചു വച്ച രാജ്മയും രണ്ടാം പാലും ചേര്‍ക്കാം. കുറുകി വരുമ്പോഴേക്കും തക്കാളിക്ക ചേര്‍ത്ത് വേവിക്കാം. പത്ത് മിനുറ്റ് കഴിഞ്ഞ് തന്‍പാലൊഴിച്ച് എടുക്കാം.
(ഉപ്പിടാന്‍ മറക്കല്ലേ!)

വെള്ളേപ്പത്തിന് നല്ല കൂട്ട്.



Wednesday, August 15, 2007

ഒരു സിമ്പിള്‍ ഓണസ്സദ്യ.

പരിപ്പ്‌, സാമ്പാര്‍, അവിയല്‍, തോരന്‍, പച്ചടി, പായസം..
(നാലു പേര്‍ക്ക്‌ ഏമ്പക്കം വിടുവാന്‍)

പരിപ്പ്‌

ചെറുപയര്‍ പരിപ്പ്‌ ഒരു കപ്പ്‌
തേങ്ങ ചുരണ്ടിയത്‌ ഒരു കപ്പ്‌
വെളുത്തുള്ളി രണ്ട്‌ അല്ലി
കറിവേപ്പില ഒരു തണ്ട്‌
മഞ്ഞള്‍ പൊടി കാല്‍ റ്റീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

പരിപ്പ്‌ ഉടയുന്നതു വരെ വേവിക്കുക,വെള്ളമധികം പാടില്ല.തേങ്ങയും മറ്റ്ചേരുവകളും നേര്‍മ്മയായി അരച്ചെടുക്കണം. വെന്ത പരിപ്പിലേക്ക്‌ അരപ്പും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്തിളക്കിയെടുക്കാം. കടുകു വറുക്കാതെയോ അല്ലാതെയോ ഉപയോഗിക്കാം.

സാമ്പാര്‍

‍തുവരപ്പരിപ്പ്‌ അര കപ്പ്‌
പച്ചക്കറികള്‍ ഒരിഞ്ച്‌
ചതുരങ്ങളാക്കിയത്‌ (വെള്ളരിക്ക, കുമ്പളങ്ങ, ചേന,വെണ്ടയ്ക്ക, മുരിങ്ങയ്ക്ക. എല്ലാം 100 ഗ്രാം വീതം)പച്ചമുളക്‌ രണ്ടെണ്ണം
*മല്ലി നാലു റ്റീസ്പൂണ്‍
*ഉണക്ക മുളക്‌ അഞ്ചെണ്ണം
*ഉലുവ കാല്‍ റ്റീസ്പൂണ്‍
*കടലപ്പരിപ്പ്‌ ഒരു റ്റീസ്പൂണ്‍
*മഞ്ഞള്‍പ്പൊടി അര റ്റീസ്പൂണ്‍
* എല്ലാം നേര്‍മ്മയായി അരച്ചെടുക്കണം
പാല്‍ക്കായം കാല്‍ റ്റീസ്പൂണ്‍ (വെള്ളത്തില്‍ അലിയിക്കുക)
കറിവേപ്പില രണ്ട്‌ തണ്ട്‌
വാളന്‍ പുളി ഒരു വലിയ നെല്ലിക്ക വെലുപ്പ്പ്പത്തില്‍
ഉപ്പ്‌ ആവശ്യത്തിന്‌

തുവരപ്പരിപ്പ്‌ നല്ലോണ്ണം വേവിക്കുക, അരപ്പും ബാക്കി ചേരുവകളെല്ലാം കൂട്ടി ചേര്‍ത്ത്‌ വേവിച്ച്‌ കടുകു വറുത്തെടുക്കാം.

അവിയല്‍

ചേന, കായ, പയര്‍, മുരിങ്ങയ്ക്ക, വെള്ളരിക്ക. എല്ലാം 100 ഗ്രാം വീതം നീളത്തിലരിഞ്ഞത്‌
പച്ചമാങ്ങ ഒരെണ്ണം/പുളിച്ച തൈര്‌ ഒരു കപ്പ്‌.
പച്ചമുളക്‌ രണ്ടെണ്ണം
*തേങ്ങ ചുരണ്ടിയത്‌ രണ്ട്‌ കപ്പ്‌
*ജീരകം കാല്‍ റ്റീസ്പൂണ്‍
*മഞ്ഞള്‍പ്പൊടി അര റ്റീസ്പൂണ്‍
*ഉണക്ക മുളക്‌ രണ്ടെണ്ണം
*ചെറിയ ഉള്ളി നാലെണ്ണം
*കറിവേപ്പില ഒരു തണ്ട്‌
* എല്ലാം ചതച്ചെടുക്കണം
വെളിച്ചെണ്ണ ഒരു റ്റീസ്പൂണ്‍

പച്ചക്കറികള്‍ ഉപ്പിട്ട്‌ വേവിച്ച്‌ വെള്ളം വറ്റിക്കണം. നടുക്ക്‌ ഒരു കുഴിയുണ്ടാക്കി അരപ്പ്‌ ചേര്‍ത്ത്‌ മൂടി തീ കുറയ്ക്കുക. പത്ത്‌ മിനുട്ടിനു ശേഷം ഇളക്കി വെളിച്ചെണ്ണയൊഴിച്ച്‌ എടുക്കാം.

തോരന്‍

പയര്‍ (ബീന്‍സ്‌,അച്ചിങ്ങ)/ കാബേജ്‌ / പടവലങ്ങ / കായ കാല്‍ കിലോ
പച്ചമുളക്‌ രണ്ടെണ്ണം
വെളുത്തുള്ളി നാല്‌ അല്ലി
തേങ്ങ ചുരണ്ടിയത്‌ ഒരു കപ്പ്‌
ജീരകം കാല്‍ റ്റീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ റ്റീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്‌
കടുക്‌ അര റ്റീസ്പൂണ്‍
വെളിച്ചെണ്ണ രണ്ട്‌ റ്റിസ്പൂണ്‍
ഉപ്പ്‌ ആവശ്യത്തിന്‌

കടുക്‌ പൊട്ടിച്ച്‌ ചേരുവകളെല്ലാം ചേര്‍ത്ത്‌ വേവിച്ചെടുക്കാം.

പച്ചടി

വെള്ളരിക്ക ഈര്‍ക്കില്‍ കനത്തില്‍ അരിഞ്ഞത്‌ രണ്ട്‌ കപ്പ്‌
കറിവേപ്പില ഒരു തണ്ട്‌
കട്ടി മോര്‌ 2 കപ്പ്‌
പച്ച മുളക്‌ രണ്ടെണ്ണം
കടുക്‌ അര റ്റിസ്പൂണ്‍
തേങ്ങ ചുരണ്ടിയത്‌ ഒരു കപ്പ്‌

തേങ്ങ ചുരണ്ടിയതും കടുകും നേര്‍മ്മയായി അരച്ചെടുക്കണം. വെള്ളരിക്കയും കറിവേപ്പിലയും അല്‌പം വെള്ളമൊഴിച്ച്‌ വേവിക്കണം. വെള്ളം വറ്റുമ്പോള്‍ അരപ്പ്‌ ചേര്‍ക്കണം. വീണ്ടും വെള്ളം വറ്റുമ്പോഴേക്കും മോരൊഴിച്ച്‌ എടുക്കാം. കടുകു വറുക്കണം.

പായസം(പാലട പ്രധമന്‍)

അട കാല്‍ കിലോ
പഞ്ചസാര അര കിലോ /രുചിക്ക്
പാല്‍ 4 ലിറ്റര്
‍കണ്ടന്‍സ്ഡ്‌ പാല്‍ 100 മിലി
കശുവണ്ടി,കിസ്മിസ്‌, 50 ഗ്രാം
നെയ്യ്‌ ഒരു ടേബിള്‍സ്പൂണ്

‍അട വേവിച്ച്‌ തണുത്ത വെള്ളത്തിലിടുക എന്നിട്ട്‌ വെള്ളം ഊറ്റിക്കളയുക. പാല്‍ തിളപ്പിക്കുക കരിയാതെയും തൂവാതെയും ശ്രദ്ധിക്കണം. ഒന്നൊന്നര മണിക്കൂര്‍ കഴിയമ്പോഴേക്കും പാലിന്‌ ഒരു ഇളം ചുവപ്പു നിറമാകും. അപ്പോള്‍ വേവിച്ചു വച്ച അടയും പഞ്ചസാര ഉരുക്കിയതും ചേര്‍ത്ത്‌ ഒരു മണിക്കൂറോളം ഇളക്കുക. ഇതില്‍ കണ്ടന്‍സ്ഡ്‌ പാല്‍ ചേര്‍ക്കണം. അവസാനമായി കശുവണ്ടിയും കിസ്മിസ്സും നെയ്യില്‍ മൂപ്പിച്ച്‌ ചേര്‍ക്കാം.


ഇതിന്റെ ഒക്കെ കൂടെ അല്‌പം അച്ചാറും ഒരു പപ്പടവും ഇത്തിരി മോരും കൂടെ ആയാല്‍ ഒരു സിമ്പിള്‍ ഓണസ്സദ്യ അടിക്കാം.

Monday, June 25, 2007

വന്‍ പയര്‍ പുഴുക്ക്

ചേരുവകള്‍

വന്‍ പയര്‍ ഒരു കപ്പ് (ഒരു രാത്രി വെള്ളത്തിലിട്ട് കുതിര്‍ത്തത്)
തേങ്ങ ഒരു മുറി
ചെറിയ ഉള്ളി 10 എണ്ണം
വെളുത്തിള്ളി 10 അല്ലി
കറിവേപ്പില 2 തണ്ട്
വറ്റല്‍ മുളക് 4 എണ്ണം
മഞ്ഞള്‍ പൊടി കാല്‍ റ്റീസ്പൂണ്‍
പച്ച മുളക് 2 എണ്ണം
ജീരകം കാല്‍ റ്റീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

പയര്‍ നന്നായി വേവിക്കുക (പകുതി വേവാകുമ്പോള്‍ ഉപ്പ് ചേര്‍ക്കണം)
ബാക്കി ചേരുവകളെല്ലാം തരിയായി അരച്ചെടുക്കണം



വെന്ത് വെള്ളം വറ്റിയ പയറില്‍ ഒരു ചെറിയ കുഴിയുണ്ടാക്കി അതിലേക്ക് അരച്ച് വച്ച തേങ്ങ ചേര്‍ത്ത് മൂടുക. തീ കുറയ്ക്കുക.
രണ്ട് മിനുട്ട് കഴിഞ്ഞ് നല്ലോണ്ണം ഇളക്കുക. വെള്ളം കൂടുതലുണ്ടെങ്കില്‍ വറ്റിക്കണം.

കഞ്ഞി, പുട്ട്, കള്ള് മുതലായവയ്ക്ക് ഉത്തമ കൂട്ട്!


Monday, June 04, 2007

ചോളം കറി (ബുട്ടെ കി സബ്ജി) ഒരു രാജസ്ഥാനി വിഭവം

ചേരുവകള്‍
ചോളം തീരെ വിളയാത്തത്‌ 2 കപ്പ്‌.(ചെറുതായി ചതയ്ക്കണം)
*വലിയ ഉള്ളി 3 എണ്ണം
*തക്കാളിക്ക 3 എണ്ണം
*ഇഞ്ചി ഒരിഞ്ച്‌ നീളത്തില്‍
*വെളുത്തിള്ളി 10 അല്ലി
*പച്ച മുളക്‌ 3 എണ്ണം




**മല്ലിപ്പൊടി 3 റ്റീസ്പൂണ്‍
**മുളകുപൊടി 1 റ്റീസ്പൂണ്‍
**മഞ്ഞള്‍ പൊടി അര റ്റീസ്പൂണ്‍
**കുരുമുളക്‌ തരിയാക്കിയത്‌ അര റ്റീസ്പൂണ്‍
**പെരുംജീരകം അര റ്റീസ്പൂണ്‍
**ഗരം മസാല ഒരു റ്റീസ്പ്പൂണ്‍
**കറിവേപ്പില രണ്ട്‌ തണ്ട്‌
മല്ലിയില പോടിയായി അരിഞ്ഞത്‌ ഒരു റ്റീസ്പൂണ്‍.
വെണ്ണ 4 റ്റീസ്പൂണ്‍


ഉണ്ടാക്കുന്ന വിധം

* ഇട്ട സാധനങ്ങള്‍ എല്ലാം അരച്ച്‌ വയ്ക്കണം
അടികട്ടിയുള്ള ചട്ടിയില്‍ വെണ്ണയിട്ട്‌ ചൂടാകുമ്പോള്‍ അരച്ച്‌ വച്ചതെല്ലാം ഇട്ട്‌ തീകുറച്ച്‌ വച്ച്‌ നല്ലോണ്ണം ഇളക്കണം.


നെയ്യ്‌ തെളിഞ്ഞു വരുമ്പോള്‍, ** ഇട്ട സാധനങ്ങള്‍ ചേര്‍ത്ത്‌ കരിയാതെ നോക്കണം. ഇതിലേക്ക്‌ ചോളവും, ആവശ്യത്തിന്‌ ഉപ്പും, അല്‍പ്പം വെള്ളവും ചേര്‍ത്ത്‌ കുക്കറില്‍ ഒരു പത്തു മിനുട്ട്‌ വേവിക്കുക. കുക്കര്‍ തുറന്ന് വച്ച്‌ അര മണിക്കൂര്‍ ചെറിയ തീയില്‍ വേവിക്കണം അതിനു ശേഷം മല്ലിയില ചേര്‍ത്ത്‌ എടുക്കാം. ചപ്പാത്തിക്ക്‌ നല്ല കൂട്ട്‌.

Friday, April 13, 2007

തക്കാളി പൊട്ടിക്കല്‍സ്

കൈപ്പുണ്ണ്യം പോസ്റ്റും പുലികള്‍ക്കിടയില്‍ പാവം ഞാന്‍ ഈ തക്കാളി ഒന്നു പൊട്ടിച്ചോട്ടേ..
ഇത് ഉള്ളീം മുളകും പൊട്ടിക്കുന്നതു പോലെ സിമ്പിള്‍ ആന്‍ഡ് ഹമ്പിള്‍ ആയ ഒരു തൊട്ടുകൂട്ടാന്‍!
നേരേ പോയി ഫ്രിഡ്ജ് തുറക്കൂ.സാമാന്യം വലിയ ഒരു തക്കാളി എടുത്ത് നന്നായി കഴുകൂ.
ഇനി മെയിന്‍ ആയുധം കയ്യിലെടുക്കൂ.തക്കാളി കുരുകുരാ നുറുക്കൂ.[എന്തോന്നീ കുരുകുരാ എന്നാണോ-അതായത് രണ്ടിഞ്ജു കനം,ഒരിഞ്ജു നീളം-അളവ് ലവലേശം മാറരുത്.അല്ല പിന്നെ!]
ഇനി നമുക്ക് ആക്രമണം ഒരു സവാളയുടെ പുറത്തോട്ടാവാം..തൊലി കളഞ്ഞ് അതും കട്ട്..കുരുകുരാ തന്നെ.ഇനി പോയി രണ്ട് പച്ചമുളകെടുക്കൂ..കഴുകാന്‍ ഇനി പ്രത്യേകം പറയണോ??!
ചെറുതായരിഞ്ഞ പച്ചമുളകും,സവാളയും,തക്കാളിയും ഉപ്പിട്ട് ഇളക്കൂ.
ഇനി ആ സ്പൂണ്‍ അങ്ങ് മാറ്റി വെച്ച് കൈ പുറത്തേക്കെടുക്കാം.നന്നായി ഞെരടി യോജിപ്പിക്കൂ.
ഇനി ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് ഒന്നു കൂടി ഞെരടൂ...
അസ്സല്‍ തക്കാളി പൊട്ടിക്കല്‍സ് റെഡി!! കഞ്ഞിയോടോ,ചോറിനോടോ ഒപ്പം തൊട്ടുകൂട്ടാം.

കടപ്പാട്-കുക്കറില്‍ കഞ്ഞിപോലും വെക്കാന്‍ അറിയാത്ത മാന്യ പിതാശ്രീ ..പാചകതക്കാളിശ്രീ.
{മൈ പിതാ ആകെ ഉണ്ടാക്കുന്ന കറി..എന്നിരുന്നാലും അതിന്റെ സ്വാദ് ഇപ്പോളും നാവിന്‍ തുമ്പില്‍}

Tuesday, March 27, 2007

പപ്പട ഉപ്പേരി

ഇതു പാവം ബാച്ചിലേഴ്സിനു മാത്രം വേണ്ടിയുള്ളതാണ്.പാചകത്തില്‍ പുലികളായ അമ്മമാരും പെങ്ങന്‍മാരും ദയവുചെയ്തു ഇതു വായിച്ചു മൂക്കതു വിരല്‍ വയ്ക്കരുത്.ഇങ്ങനേയും ഒരു കറിയോ എന്നു ചോദിക്കുകയുമരുത്.

സമര്‍പ്പണം : പാചകത്തില്‍ എന്‍റെ ഗുരുവായ(പാചകം പഠിക്കണമെന്ന മോഹവുമയിചെന്ന എന്നോട് ഉള്ളിയരിയാന്‍ പറഞ്ഞ..) സഹമുറിയന്.

ഒരു ഭേദപ്പെട്ട ഊണെന്നുപറയുമ്പോള്‍ അതില്‍ ഒരു ചാറു കറിയും,ഉപ്പേരിയും(തോരന്‍ ) വേണമെന്നതാണലോ നാട്ടുനടപ്പ്.കുറച്ചു മോരില്‍ കുറച്ചു പച്ചമുളകിട്ടാല്‍ ചാറു കറിയാക്കാം.പക്ഷെ ഉപ്പേരിക്കൊരുവഴിയും ഇല്ല.അങ്ങിനെയിരിക്കുമ്പോഴാണു ഇവനെത്തുന്നത്.

ആവശ്യമായവ

പപ്പടം : ഒരാള്‍ക്ക് 4 വീതം
മുളകുപൊടി (ഇടിച്ചു പൊടിച്ചത്.):1 കരണ്ടി
ചീനച്ചട്ടി :1
വെളിച്ചെണ്ണ : അര ഗ്ലാസ്.
കത്തി :1
കൊടില്‍ : 1

തയ്യാറാക്കുന്ന രീതി

1.പപ്പടം ചെറു കഷണങ്ങളായി മുറിക്കുക.(സിനിമയിലെ നായിക പ്രേമലേഖനം വാങ്ങി പിച്ചിച്ചീന്തുന്നതുപോലെ)
2അടുപ്പ് കത്തിച്ച് ചീനച്ചട്ടി അതില്‍ വയ്ക്കുക.
3.കരുതിയിരിക്കുന്ന വെളിച്ചെണ്ണ അതിലേക്കൊഴിക്കുക.(ചീനച്ചട്ടിയില്‍ വെള്ളമുണ്ടെങ്കില്‍ ഒരു ചെറിയ വെടിക്കെട്ട് ഓസിനു കാണം)
4.വെളിച്ചെണ്ണയില്‍ പോളങ്ങള്‍ (ബബിള്‍) വന്നുതുടങ്ങിയാല്‍ പപ്പടകഷണങ്ങള്‍ കുറേശ്ശെയായി അതിലേക്കിടുക..(പാടത്ത് വിത്ത് വിതക്കുന്നതുപോലെ)
5.ബാക്കിയുള്ള കഷണങ്ങള്‍ ഇടാന്‍ സ്ഥലമില്ലെങ്കില്‍ കത്തിയുപയോഗിച്ചു കുറച്ചു സ്ഥലമുണ്ടാക്കി അവിടെയിടുക.
6.മൊത്തമായൊന്നിളക്കി എല്ല കഷണങ്ങളും മൊരിഞ്ഞു എന്നുറപ്പു വരുത്തുക.
7.കൊടില്‍ കൊണ്ട് ചീനച്ചട്ടി എടുത്ത് കുറച്ചു എണ്ണ(2 കരണ്ടി) ഒഴികെ ബാക്കിയെല്ലാം മറ്റൊരു പാത്രത്തില്‍ പകര്‍ന്നു വയ്ക്കുക.(വളയാത്ത സുന്ദരിമാരെ ഈ എണ്ണയിട്ടു വളക്കാം.പെട്ടെന്നു വളയും)
8.മുളകുപൊടിയെടുത്തു ചീനച്ചട്ടിയിലെ എണ്ണയിലേക്കിടുക.
9.മുളക് മൊരിഞ്ഞുകഴിഞ്ഞാല്‍ പപ്പടവുമായി മിക്സ് ചെയ്യുക.

അങ്ങിനെ ഒരു തട്ടിക്കൂട്ട് ഉപ്പേരി തയ്യാര്‍.

അമ്മമാരും പെങ്ങന്‍മാരും മുകളില്‍ പറഞ്ഞ മുന്നറിയിപ്പു ലംഘിച്ചുകൊണ്ട് ഇതു വായിച്ചാല്‍ അവര്‍ക്കുള്ള ശിക്ഷ : ഇതില്‍ നടത്താവുന്ന പരീക്ഷണങ്ങളെല്ലം നടത്തി ഇതൊരു നല്ല കറിയാക്കി ഈ ബ്ലോഗില്‍ തന്നെ പോസ്റ്റ് ചെയ്യണം

Sunday, March 25, 2007

പുട്ടും കടലക്കറിയും.

സാധാരണയായി പുട്ടും കടലയും ഇഷ്ടപ്പെടാത്ത മലയാളികള്‍‍ വളരെ ചുരുക്കമാണെന്നുവേണം കരുതാന്‍‍. ഇന്നു കൊളസ്റ്റ്രോളും ഷുഗറും പ്രഷറുമൊക്കെയായി ‍ മലയാളികള്ക്ക് പുട്ടിനോടുള്ള താത്പര്യം കുറഞ്ഞിരിക്കുന്നു. അരിക്കു പകരം ഗോതമ്പ് കൊണ്ടു പുട്ടുണ്ടാക്കിയാല്‍ ഇതിനൊരു പ്രതിവിധിയാവുമെന്നു കരുതുന്നു. നല്ല തവിടുള്ള ഗോതമ്പ് പുട്ടും കടലക്കറിയും കാലത്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യപ്രദമാണെന്നുതന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. (ഉണ്ടാക്കാന്‍ വളരെ എളുപ്പമാണു.)

ആവശ്യമുള്ള സാധനങ്ങള്‍

1.ഗോതമ്പ് പൊടി - ഒരു കപ്പ് .( തവിടുള്ള(Extra Bran) ഗോതമ്പാണെങ്കില്‍ വളരെ നന്നായിരിക്കും)
2.ഉപ്പ് - ആവശ്യത്തിനു
3.കടല – അരക്കപ്പ് ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക)
4.വെള്ളം - ആവശ്യത്തിന്
5.വലിയ ഉള്ളി - 2 എണ്ണം (കനം കുറച്ച് അരിഞ്ഞത്)
6.വെളുത്തുള്ളി - 8 അല്ലി (ചതച്ചത് )
7.കടുക് - ആവശ്യത്തിന്
8.എണ്ണ – ആവശ്യത്തിനു ( സണ്‍ ഫ്ലവര്‍ ഓയില്‍ ആയാല്‍ നല്ലത് )
9.മുളകുപൊടി - അര റ്റീസ്പൂണ്‍ ( എരിവു കുറഞ്ഞത് )
10.പച്ചമുളക് - 2 എണ്ണം
11.മഞ്ഞള്‍പ്പൊടി - അര റ്റിസ്പൂണ്‍
12.കറിവേപ്പില – 2 കതിര്‍പ്പ്

ഉണ്ടാക്കേണ്ട വിധം

പുട്ട്
വായ് വട്ടമുള്ള ഒരു പാത്രത്തില്‍ ഗോതമ്പുപൊടിയെടുത്ത് വെള്ളവും ആവശ്യത്തിനു ഉപ്പുമിട്ട് (ഉപ്പ് നിര്‍ബന്ധമില്ല) പുട്ടിനുള്ള പാകത്തിനു കുഴയ്ക്കുക. പതിനഞ്ചുമിനിട്ട് വെറുതെ വെക്കുക. അവനവിടെയിരുന്ന് വിശ്രമിക്കട്ടെ. (ഇനി കട്ടകെട്ടുകയാണെങ്കില്‍ അവനെയെടുത്ത് ഗ്രൈന്‍ഡറില്‍ പത്തുസെക്കന്റ് കറക്കിയാല്‍ മതി. സംഗതി കുശാലന്‍). ഇനി പുട്ടുകുടമെടുത്ത് പകുതിയോളം വെള്ളം നിറച്ച് അടുപ്പത്ത് വെയ്ക്കുക. തിളയ്ക്കുമ്പോള്‍ ഒരു കതിര്‍പ്പ് വേപ്പില അതിലിട്ട് നിറച്ചുവെച്ചിരിക്കുന്ന പുട്ടുകുറ്റി മെല്ലെ കുടത്തില്‍ ഘടിപ്പിക്കുക. പുട്ടുകുറ്റിയുടെ മൂടി വെക്കാന്‍ മറക്കരുത്. ആവി കുറ്റിയുടെ മുകളില്‍ നിന്നും വന്നാല്‍ തീകുറച്ച് 10 മുതല്‍ 15 മിനിട്ട് വരെ വേവിക്കുക.

കടലക്കറി
കുക്കറില്‍ ആ‍വശ്യത്തിന് വെള്ളവും കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കടലയും മഞ്ഞള്‍പ്പൊടിയും കനം കുറച്ചരിഞ്ഞുവെച്ചിരിക്കുന്ന വലിയ ഉള്ളിയും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. മൂന്നുമുതല്‍ നാലു വിസില്‍ അടിക്കുന്നതു വരെ വേവിക്കുക. ( പാചകക്കാരന്‍ വിസിലടിക്കേണ്ടതില്ല. കുക്കറ് സ്വയം അടിച്ചോളും. കുക്കര്‍ വിസില്‍ അടിച്ചില്ലെങ്കില്‍ വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചറിയിക്കാന്‍ ‍ മറക്കണ്ട.) . അഞ്ച് - ആറുമിനിട്ടുകൊണ്ട് കടല വേവും.
ഒരു ചീനച്ചട്ടി (അമേരിക്കന്‍ ചട്ടി പറ്റില്ല. വേണമെങ്കില്‍ ഇറാക്ക് ചട്ടിയാവാം) അടുപ്പില്‍ വെച്ച് ആവശ്യത്തിനു എണ്ണ(ആരോഗ്യമുള്ളവര്‍ ഒരു ടീസ്പൂണും ഇല്ലാത്തവര്‍ 2 ടീസ്പൂണും ) ഒഴിക്കുക. എണ്ണ ചൂടായാല്‍ കടുക് പൊട്ടിക്കുക ( മുഖം കാണിച്ചുകൊടുത്താല്‍ അവിടെയും ഒന്ന് പൊട്ടിച്ച് കിട്ടും. ജാഗ്രതൈ..). ചതച്ചുവെച്ചിരിക്കുന്ന വെളുത്തുള്ളിയും പച്ചമുളകും ചേര്‍ക്കുക. നന്നായി ഇളക്കുക. പിന്നെ കറിവേപ്പില ചേര്‍ത്തിളക്കുക. വേപ്പില പൊട്ടിത്തെറിച്ചവസാനിച്ചാല്‍ തീകുറച്ച് മുളക് പൊടി ചേര്‍ക്കുക. മുളക് മൂത്തമണം വരുമ്പോള്‍ (ഒന്നു തുമ്മും) വേവിച്ചുവെച്ചിരിക്കുന്ന കടല ഇതിലേക്ക് പകരുക . ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് മൂടിവെച്ച് അഞ്ചുമിനിട്ട് വേവിക്കുക. കടലക്കറി റെഡി.



Labels : Veg

Thursday, December 28, 2006

വെളുത്തുള്ളി ചമ്മന്തി

ചേരുവകള്‍
വെളുത്തുള്ളി 15 അല്ലി
വറ്റല്‍ മുളക് 5 എണ്ണം / രുചിക്ക്
വാളന്‍ പുളി ഒരു നെല്ലിക്ക വലുപ്പത്തില്‍
തേങ്ങ ചിരവിയത് രണ്ട് റ്റീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്

1. പുളി അര കപ്പ് വെള്ളത്തില്‍ ലയിപ്പിക്കുക.

2. ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ എണ്ണയൊഴിച്ച് തേങ്ങ വറുക്കുക. സ്വര്‍‌ണ്ണ നിറമാകുമ്പോള്‍, വെളുത്തുള്ളി, വറ്റല്‍ മുളക്, കറിവേപ്പില ചേര്‍ക്കുക.
ചിത്രത്തില്‍ കാണുന്ന പരുവത്തില്‍ (മുളക് മണത്തു തുടങ്ങുമ്പോള്‍) എടുക്കുക.











3. പിഴിഞ്ഞു വച്ചിരിക്കുന്ന പുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നേര്‍മ്മയായി അരച്ചെടുക്കുക.
അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്ത് കഴിക്കാം.
ഇഡ്ഡലി, ദോശ, കപ്പ പുഴുങ്ങിയത് - ഇവയ്ക്ക് നല്ല കൂട്ട്.

Thursday, December 14, 2006

പനീര്‍ പാലക്ക് - Chees with Spinach-



ഇതൊരു ഉത്തര്യേന്ത്യന്‍ ഡിഷാണ് ഒരു സ്റ്റാര്‍ ഡിഷ് എന്നും പറയാം


ഇതുണ്ടാക്കാന്‍ ഇത്തിരി സമയം മിനക്കടെത്തണം
നമ്മുക്കാദ്യം പനീര്‍ (ചീസ്) ഉണ്ടാക്കണം
രണ്ട് ലിറ്റര്‍ പാല്‍ നന്നായി തിളപ്പിക്കുക , തിളക്കുന്ന പാലിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വിന്നാഗിരി (സുര്‍ക്ക) ഒഴിക്കുക
പാല്‍ പൊട്ടിയാല്‍ , ഇതൊരു തുണിയിലൂടെ അരിച്ചെടുക്കുക , നല്ലബലത്തില്‍ ശരിക്കും പിഴിയണം ഒരു കിഴിരൂപത്തില്‍ മുറുക്കി കെട്ടിവെയ്ക്കണം, 12 മണിക്കൂറെങ്കിലും അതിലെ അവസാന തുള്ളി വെള്ളവും പിഴിഞ്ഞ് കളയാന്‍ വേണ്ടി മാറ്റി വെയ്ക്കണം
കിഴി അഴിച്ചാല്‍ ഇപ്പോള്‍ നക്കുക്കിത് പാല്‍‍കട്ടിയായി കിട്ടും
ഇതിനെ ചെറിയ കഷണങ്ങളാക്കുക (ക്യൂബ് രൂപത്തില്‍)
കഷണങ്ങളാക്കിയ പാല്‍കട്ടി (പനീര്‍ അഥവാ ചീസിനെ) പൊരിച്ചെടുക്കണം (ചീന ചട്ടിയില്‍ ഡീപ്പ് ഫ്രൈ ആയിട്ട്) നല്ല ഗോല്‍ഡന്‍ ബ്രൌണ്‍ നിറമായാല്‍ മാറ്റി വെയ്ക്കുക
ചീസ് അഥവാ പനീര്‍ തയ്യാര്‍
ഇനി നമ്മുക്ക് പാലക്ക് (Spinach) രണ്ട് കെട്ട് തണ്ട് കളഞ്ഞത് നന്നായി കഴുകണം ( ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് പാലക്ക് അതിലിട്ട് നന്നായി ഇളക്കിയാല്‍ അതില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്കും മണ്ണും പോകും)
പാലക്ക് കുറഞ്ഞ വെള്ളത്തിലിട്ട് വേവിക്കുക
വേവിച്ച പാലക്ക് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക ( ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുകയും ചെയ്യാം പ്രത്യേകം ഈ കുഴമ്പ് രൂപത്തിലുള്ള പാലക്ക് ഫ്രീസറിലാണ് വെയ്കേണ്ടത് തണുത്ത കട്ടിയായി അതവിടെ ഇരിന്നോളും)

ഇനി നമ്മുക്കിതിനെ എങ്ങനെ നമ്മുടെ വായയിലാക്കാനുള്ള വിധമാക്കിയെടുക്കാമെന്ന് നോക്കാം

സവാള രണ്ട്
ഈഞ്ചി വലുതൊന്ന് പേസ്റ്റാക്കിയത്
വെളുത്തുള്ളി വലുത് പകുതി പേസ്റ്റാക്കിയത്
പച്ചമുളക് 10 എണ്ണം
തക്കാളി വലുത് ഒന്ന്
മുളക് പൊട് ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ ½ ടീ സ്പൂണ്‍
ഗരം മസാല പൊടി ഒരു നുള്ള്
ഉപ്പ് പാകത്തിന്
ഉലുവ ½ ടീ സ്പൂണ്‍
എണ്ണ ആവശ്യത്തിന്

ഫ്രൈ പാന്‍ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് (തീ എപ്പോഴും ചെറിയ രീതിയിലായിരിക്കണം) എണ്ണ ചൂടായാല്‍ ഉലുവ ഇടുക ഒന്നിളക്കി അതിലേക്കാദ്യം ഇഞ്ചി പേസ്റ്റ് ഇട്ട് ഒന്നിളക്കിയതിന് ശേഷം വെളുത്തുള്ളി പേസ്റ്റുമിട്ട് ഇവ ഒന്നിളക്കിയതിന് ശേഷം പച്ചമുളകും സവാളയും ഇടുക .. നല്ല ബ്രൌണ്‍ നിറമായാല്‍ ആദ്യം മഞ്ഞള്‍ പൊടി (ഒന്നിളക്കിയതിന് ശേഷം) മുളക് പൊടി(ഒന്നിളക്കിയതിന് ശേഷം) തക്കാളി ചെറുതാക്കി അരിഞ്ഞത് പാനിന്‍റെ ഒരു ഭാഗത്തിട്ട് ചൂടായതിന് ശേഷം സവാള+ മസാലയുമായി മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലായാല്‍ മാറ്റി വെച്ച പനീര്‍ ഇടുക പനീറും മസാലയും ഒന്ന് യോജിക്കും വിധം നന്നായി ഇളക്കുക അതിലേക്ക് അരഗ്ലാസ്സ് വെള്ളമൊഴിക്കുക ഉപ്പും പാകത്തിന് ഇടുക അതിനോടൊപ്പം തന്നെ പാലക്ക് പേസ്റ്റും ഇടുക (പാലക്കില്‍ വെള്ളം കൂടുതല്‍ ഉണ്ടെങ്കില്‍ അര ഗ്ലാസ്സ് വെള്ളം ഒഴിക്കരുത്) ഇവ നന്നായി കുറുകുന്നവരെ ചെറിയ തീയ്യില്‍ വേവിച്ച് ഇറക്കാന്‍ നേരം ഒരു നുള്ള് ഗരം മസാല മുകളില്‍ വിതറുക ( ഇതൊരു കുറുകിയ രൂപത്തിലുള്ള ഡിഷാണ് ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഒരല്‍‍പ്പം വെള്ളം ചേര്‍ത്ത് കുറുകലിന്‍റെ കട്ടി കുറക്കാം)
ഇനി നിങ്ങള്‍ക്കിത് നല്ല ചപ്പാത്തിയുടെ കൂടെ കഴിക്കാം .... പ്രവാസികല്‍ കുബ്ബൂസ്സിന്‍റെ കൂടെയും

Tuesday, December 12, 2006

ദാല്‍ ഫ്രൈ

വേണ്ട സാധനങ്ങള്‍

പരിപ്പ് 1 കപ്പ്
വലിയ ഉള്ളി - 1 എണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
വെളുത്തുള്ളി - അരിഞ്ഞത് ഒരു ടീസ്പൂണ്‍
പച്ച മുളക് - 8 എണ്ണം ( 4 എണ്ണം വട്ടത്തിലും 4 എണ്ണം നെടുകെയും കീറിയത്‌ )
നല്ല ജീരകം - അരയ്ക്കാല്‍ ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
എണ്ണ – ഒരു ടീസ്പൂണ്‍


തയ്യാറാക്കുന്ന വിധം

പരിപ്പ് (സാമ്പാര്‍ പരിപ്പ്) കൈ തൊടാതെ കഴുകി വൃത്തിയാക്കുക. ഒരു പാത്രത്തില്‍ പരിപ്പ് മൂടിക്കിടക്കാവുന്ന അത്രയും വെള്ളവും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് പരിപ്പ് പതഞ്ഞു വരുമ്പോള്‍ മുകളില്‍ വരുന്ന പത നീക്കുക.പിന്നീട് നീളത്തിലരിഞ്ഞ് വെച്ചിരിക്കുന്ന പച്ച മുളക് ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. മുക്കാല്‍ വേവായാല്‍ ഉപ്പ് ചേര്‍ത്ത് തുറന്ന് വെച്ച് വെള്ളം വറ്റിച്ചെടുക്കുക.
ചട്ടി ചൂടായാല്‍ എണ്ണയൊഴിച്ച് നല്ല ജീരകം ചേര്‍ക്കുക. അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളി ഇടുക. വെളുത്തുള്ളിയുടെ പച്ചമണം മാറിയാല്‍ വലിയ ഉള്ളിയും ബാക്കി മുളകും ചേര്‍ക്കുക മൊരിഞ്ഞുവന്നാല്‍ വേവിച്ചുവെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക. നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. മുകളില്‍ മല്ലിയിലയും വിതറാം. ദാല്‍ ഫ്രൈ റെഡി.

കടലപ്പരിപ്പുകൊണ്ടും ഇതുണ്ടാക്കാം. അതിനായി കടലപ്പരിപ്പ് കുക്കറില്‍ വേവിച്ചെടുക്കണമെന്നുമാത്രം. ഇത് ഒരു നോര്‍ത്തിന്ത്യന്‍ വിഭവമാണ്.


കടപ്പാട് : റിയാദിലെ സുലൈമാനിയയിലുള്ള തന്തൂര്‍ റെസ്റ്റോറന്‍ഡിലെ ഷെഫായ രാജ് മല്‍ഹോത്ര.

Thursday, December 07, 2006

തേങ്ങാച്ചോറ്

പുഴുങ്ങലരി-2 ഗ്ളാസ്സ്
ചുവന്നുള്ളി-15 അല്ലി
ഉലുവ-2 സ്പൂണ്‍
ഉപ്പു-പാകത്തിന്
തേങ്ങാ ചിരകിയത്-1/2 തേങ്ങയുടെ
വെള്ളം-8 ഗ്ളാസ്സ്

വെള്ളം ഒഴികെയുള്ള ചേരുവകള്‍ നന്നായി തിരുമ്മി 6 ഗ്ളാസ് വെള്ളം ഒഴിച്ച് വേവിക്കുക.ബാക്കിയുള്ള വെള്ളം ചെറിയതീയില്‍ ചൂടാക്കിയിടുക.വെള്ളം വറ്റിയിട്ടും അരി വെന്തിട്ടില്ലെങ്കില്‍ ചൂടു വെള്ളം ഒഴിച്ച് വേവിക്കുക.

തേങ്ങാച്ചോര്‍ ഇറച്ചിക്കറിയും പപ്പടവും അച്ചാറും കൂട്ടിക്കഴിക്കാം.

ഉണ്ടാക്കുന്നതിന്‌ മുമ്പ് അടുത്തുള്ള ഹോട്ടലിലെ മെനു ചോദിച്ചു വെക്കുക.