നാട്ടിലുള്ളപ്പോള്‍ എനിക്കിഷ്ടപെട്ട ഭക്ഷണങ്ങളില്‍ ഒന്ന് മട്ടണായിരുന്നു. പക്ഷെ, ഗള്‍ഫില്‍ വന്നതിനുശേഷം മട്ടണോട് എനിക്കത്ര താത്പര്യം ഇല്ല. നാടന്‍ മട്ടന്റെ ആ രുചിയും മണവും ഇവിടെ കിട്ടുന്ന മട്ടണ് (ഇന്ത്യന്‍ മട്ടണ്‍ വാങ്ങിയാല്‍ പോലും) കിട്ടുന്നില്ല എന്നതാണ് ഈ മട്ടണ്‍ വിരക്തിക്കുള്ള പ്രധാന കാരണം.
മൂന്നാല് ദിവസമായിട്ട് രാത്രി ഉറക്കത്തില്‍ ഞാന്‍ കാണുന്ന സ്വപ്നം രുചിയേറിയ മട്ടന്‍കറി കൂട്ടി ചോറുണ്ണതാണ്. മാത്രമല്ല ചോറുണ്ടതിനുശേഷം രുചി സഹിക്കാന്‍ വയ്യാതെ വിരല്‍ കടിക്കുകയും ചെയ്യുന്നു. പക്ഷെ ഈ വിരല്‍ കടി സ്വപ്നത്തിലല്ല, മറിച്ച് സ്വപ്നത്തിന്റെ അവസാനം ശരിക്കും കടിക്കുന്നതാണ്. അതോടെ സ്വപ്നത്തില്‍ നിന്നുണരുകയും, എന്തുകൊണ്ടിങ്ങനെ വിചിത്രമായ ഒരു സ്വപ്നം കാണുന്നു എന്നു ചിന്തിച്ച് ചിന്തിച്ച് വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു.
ഈ സ്വപ്നത്തിന്റെ അര്‍ത്ഥമെന്ത് എന്ന് ഞാന്‍ പലരോടും ചോദിച്ചു. ആര്‍ക്കും ഒരു പിടിയുമില്ല.
വിക്കി പീഡിയയില്‍ വിക്കി നോക്കി - നോ രക്ഷ
ഗൂഗിളമ്മച്ചിയില്‍ ചികഞ്ഞ് നോക്കി - കിം ഫലം?
ഡോ. മാത്യൂ പുല്ലൂരിനോട് സംസാരിക്കാം എന്ന പരിപാടിയിലേക്ക് ഫോണ്‍ ചെയ്തു സംഭവം പറഞ്ഞു, ഇതേ സ്വപ്നത്തിന്റെ നീരാളിപിടുത്തത്തില്‍ അദ്ദേഹം പെട്ടിരിക്കുകയാണെന്നും വല്ല പോംവഴിയും കിട്ടിയാല്‍ പുള്ളിക്കാരനേം ആ മട്ടന്‍ സ്വപ്നത്തിന്റെ നീരാളികരങ്ങളില്‍ നിന്നും രക്ഷിക്കണമെന്നും പറഞ്ഞ് അദ്ദേഹം വിങ്ങി പൊട്ടി.
അന്ന് രാത്രിയിലും മട്ടണ്‍ കഴിക്കുന്ന സ്വപ്നത്തിന്റെ ഇടക്ക് ഒരു കമേഴ്സ്യല്‍ ബ്രേക്കിന്റെ സമയത്ത് സ്വപ്നദേവത പ്രത്യക്ഷപെട്ട് എന്നോട് ചോദിച്ചു എന്താണ് കൂവെ തന്റെ പ്രശ്നം?
ഉറക്കത്തില്‍ മട്ടണ്‍കറി സ്വപ്നം കാണുന്നതും, വിരല്‍ കടിക്കുന്നതും മറ്റും വള്ളിപുള്ളി വിടാതെ ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞവസാനിപ്പിച്ചതും സ്വപ്നദേവത പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇതാണാ ഇയാക്കടെ പ്രശ്നം??
ഹും, ഞാന്‍ മൂളി.
ഇത് കാര്യം നിസ്സാരം. യു സില്ലി ബോയ്.
ഒന്നും മനസ്സിലാവാതിരുന്നതിനാല്‍ ഞാന്‍ ചോദിച്ചു, അല്ല എന്താ ആക്ച്വലി പ്രശ്നം?
നിനക്കാര്‍ത്തി മൂത്ത് പ്രാന്തായതാ. നീ കുറച്ച് മട്ടണ്‍ വാങ്ങി കറി വച്ച് കഴിച്ചാല്‍ തീരുന്നതേയുള്ളൂ ഈ പ്രശ്നമൊക്കെ.
മട്ടണ്‍ കറി തന്നെ വേണാ? ബീഫ് പോരെ?
പോര, മട്ടണ്‍ക്കറി കഴിക്കണ സ്വപ്നം കാണുന്നുണ്ടെങ്കില്‍ ചെയ്യുന്നുണ്ടെങ്കില്‍ മട്ടണ്‍ക്കറി തന്നെ കഴിക്കണം (ഉഷ്ണം ഉഷ്ണേന ഡിസ്കോ ശാന്തി)
റാന്‍! അപ്പോ വിരല്‍ കടിക്കാന്‍ തക്കവണ്ണം സ്വാദില്‍ വക്കണമെങ്കില്‍ എന്തേലും പാചകകുറിപ്പ് കിട്ടിയിരുന്നെങ്കില്‍??
ഉം എഴുതിയെടുത്തോ!
ഞാന്‍ ദയനീയഭാവത്തില്‍ നോക്കിയപ്പോള്‍ വീണ്ടും ചോദ്യം? എഴുത്തറിയില്ല അല്ലെ?
ഉം, ഞാന്‍ വീണ്ടും മൂളി.
എങ്കില്‍ ടൈപ്പ് ചെയ്ത് പണ്ടാരമടങ്ങ്.
ലാപ്പ് ടോപ്പെടുത്ത് ഞാന്‍ തയ്യാറായി.
സ്വപ്ന ദേവത പറഞ്ഞ് തുടങ്ങിയപ്പോള്‍ ആ മുഖദാവില്‍ നിന്നും വീഴുന്ന ഓരോ വാക്കുകളും യൂണീകോഡാക്കി വരും തലമുറക്ക് വേണ്ടി ഞാന്‍ പകര്‍ത്തെടുത്തു.
ചേരുവകള്‍
മട്ടണ്‍ - 1.5 കിലോ (നെയ്യ് കമ്പ്ലീറ്റായി നീക്കം ചെയ്ത്, ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കിയത്)
പച്ച മല്ലി - 1 1/4 കൈ പിടി (കയ്യിന്റെ വലുപ്പമനുസരിച്ച് അല്പം കൂടുകയോ, കുറയുകയോ ചെയ്താലും വലിയ കുഴപ്പമില്ല)
കൊല്ല മുളക് അഥവാ ഉണക്കമുളക് - 10 എണ്ണം
കറുവപട്ട (അര ഇഞ്ച് വലുപ്പത്തിലുള്ളത്) - 5 കഷണം
ജീരകം - 3/4 ടേബിള്‍ സ്പൂണ്‍
പെരുഞ്ചീരകം - 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക് - 1 ടേബിള്‍ സ്പൂണ്‍
ഏലക്കായ - 3 എണ്ണം
ജാതി പത്രി - 1 ഇതള്‍
ചെറിയ ഉള്ളി - 25-30 എണ്ണം
മഞ്ഞള്‍ പൊടി - പാകത്തിന്
ഉപ്പ് - പാകത്തിന്
സബോള - 4 എണ്ണം (ഇടത്തരം വലുപ്പമുള്ളത്)
വെളുത്തുള്ളി - 8-10 അല്ലി
ഇഞ്ചി - 1 1/2 ഇഞ്ച് വലുപ്പത്തിലുള്ള കഷ്ണം
തക്കാളി - 2 എണ്ണം വലുത്
പച്ചമുളക് - 4 എണ്ണം നെടുകെ പിളര്‍ന്നത്
കറിവേപ്പില - 2 തണ്ട്
മല്ലിയില - അല്പം
വെളിച്ചെണ്ണ - വഴറ്റുവാന്‍ ആവശ്യത്തിന്
പാചകം ചെയ്യേണ്ട വിധം
ചീനചട്ടി ചൂടാക്കി അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് മല്ലി തവിട്ടുനിറം വിടുന്നത് വരെ (കരിക്കരുത്) വറുത്തെടുത്ത് മാറ്റി വെക്കുക.
അര സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്, മുളക് വറുത്തെടുത്ത് മാറ്റി വക്കുക.
അല്പം എണ്ണയൊഴിച്ച് കറുവപട്ടയും കുരുമുളകും ഒരുമിച്ച് വറുത്തെടുക്കുക
അല്പം എണ്ണയൊഴിച്ച്, ജീരകവും, പെരുഞ്ചീരകവും, ഏലക്കായും, ജാതിപത്രിയും വറുത്തെടുക്കുക
ആവശ്യത്തിന് എണ്ണയൊഴിച്ച് ചെറിയ ഉള്ളി തവിട്ടു നിറമാകുന്നതു വരെ വറുത്തെടുക്കുക.
മുകളിലെ ചേരുവകള്‍ എല്ലാം തന്നെ മിക്സിയിലിട്ട്, അര ഗ്ലാസ്സ് വെള്ളമൊഴിച്ച് (വെള്ളം അധികമാകരുത്, കുഴമ്പുപോലെ അരയാന്‍ പാകത്തിനു മാത്രം ഒഴിച്ചാല്‍ മതി) വെണ്ണപോലെ അരച്ചെടുക്കുക.
കഴുകി വെള്ളം പിഴിഞ്ഞു കളഞ്ഞ് വച്ചിരിക്കുന്ന മട്ടണ്‍ കുക്കറിലേക്കിട്ട്, ആവശ്യത്തിനു മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ക്കുക
ഇതിലേക്ക് അരച്ചെട്ടുത്ത മസാലക്കൂട്ട്T ചേര്‍ത്ത് നല്ലത് പോലെ കൈകൊണ്ട് തിരുമ്മി അരമണിക്കൂറോളം നേരം വച്ചതിനുശേഷം അടുപ്പില്‍ കയറ്റി രണ്ട് വിസില്‍ വരുന്നത് വരെ വേവിക്കുക.
മസാലപുരട്ടിയ മട്ടണ്‍ അടുപ്പില്‍ കയറുന്നതിനുമുന്‍പെടുക്കുന്ന അരമണിക്കൂര്‍ വിശ്രമവേളയില്‍ ചെയ്യേണ്ട കാര്യങ്ങള്‍
സബോളയും, ഇഞ്ചിയും വെളുത്തുള്ളിയും, പച്ചമുളകും, അരിഞ്ഞത്, ചെറിയ ഉരലിലോ മറ്റോ ഇട്ട് ചതച്ചെടുക്കുക.


തക്കാളി കുനു കുനെ അരിഞ്ഞ് മാറ്റി വക്കുക.
ചൂടായ ചീനചട്ടിയില്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് ഇടിച്ച് പരിപ്പെടുത്ത് വച്ചിരിക്കുന്ന സബോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് മിശ്രിതം ഇട്ട് വഴറ്റുക. തവിട്ടുനിറമാകാന്‍ തുടങ്ങുമ്പോള്‍, ഒരു തണ്ട് കറിവേപ്പില ചേര്‍ത്ത് വീണ്ടും വഴറ്റുക. നല്ലത്പോലെ വഴറ്റികഴിഞ്ഞാല്‍ അതിലേക്ക് കുനു കുനുന്നന്റെ അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക.
നല്ലത് പോലെ വഴറ്റി, എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന മട്ടണ്‍ ചീനചട്ടിയിലേക്കോ ഫ്രയിങ്ങ് പാനിലേക്കോ തട്ടി, അരഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് നല്ലത് പോലെ വഴറ്റുക. ഇടക്കിടെ ഇളക്കികൊടുക്കണം.
വെള്ളമെല്ലാം കുറുകി വറ്റുമ്പോള്‍, ഇറച്ചിക്ക് നല്ല കറുപ്പ് നിറം വരുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക.
കഴുകി വച്ചിരിക്കുന്ന ഒരു തണ്ട് കറിവേപ്പിലയും, മല്ലിയിലയും (സ്വന്തം ഇഷ്ടപ്രകാരം) വച്ച് അലങ്കരിക്കുക.
ചോറ്, കുബ്ബൂസ്, ചപ്പാത്തി, ബ്രെഡ്, പത്തിരി, ഗോതമ്പ് ദോശ, അരിദോശ, പൂരി, പുട്ട് തുടങ്ങി നിങ്ങള്‍ക്കിഷ്ടമുള്ള എന്തിന്റെ കൂടെ വേണമെങ്കിലും ഈ കറി ചേരും.
(കയ്യിലുള്ള ചപ്പടാച്ചി മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളായതിനാല്‍ ക്ലാരിറ്റി പോര മണ്‍ചട്ടി പോരെ എന്നൊന്നും ആരും ചോദിക്കല്ലെ).
Showing posts with label spicy. Show all posts
Showing posts with label spicy. Show all posts
Monday, March 03, 2008
മട്ടണ് കുറുക്കറി
Thursday, September 27, 2007
താറാവു കറി
ചേരുവകള്‍
ചെറിയതായി കഷ്ണിച്ച് താറാവ് 1 കിലോ
സാമാന്യം വലിയ തേങ്ങ ചിരണ്ടിയത് 1
തേങ്ങ നുറുക്കിയത് 3 റ്റീസ്പൂണ്‍
മല്ലിപ്പൊടി 3 റ്റീസ്പൂണ്‍
വറ്റല്‍ മുളക് 5 എണ്ണം/രുചിക്ക്
പച്ചമുളക് 5 എണ്ണം/രുചിക്ക്
കുരുമുളക് അര റ്റീസ്പൂണ്‍/രുചിക്ക്
ഇറച്ചി മസാല അര റ്റീസ്പൂണ്‍(മസാലപ്പൊടിക്കു പകരം മസാലക്കൂട്ടുപയോഗിച്ചാല്‍ നല്ലതാവും)
മഞ്ഞള്‍ പോടി അര റ്റീസ്പൂണ്‍
ചെറിയ ഉള്ളി അര കിലോ
വെളുത്തുള്ളി 20 അല്ലി
ഇഞ്ചി ഒരിഞ്ച് നീളത്തില്‍
കറിവേപ്പില 2 തണ്ട്
കടുക് ഒരു റ്റീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം.
കഴുകി വച്ച ഇറച്ചിയില്‍ മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക.ചുരണ്ടിയ തേങ്ങയും വറ്റല്‍ മുളകും കട്ടിയുള്ള ഒരു ചട്ടിയില്‍ ചെറു തീയില്‍ ഒരു റ്റീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് വറുത്തു തുടങ്ങുക. നല്ലോണ്ണം ഇളക്കണം.തേങ്ങ സ്വര്‍ണ്ണ നിറം വിട്ട് ബോണ്‍വിറ്റ പോലാകും മുന്‍പ് വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍കണം. ബോണ്‍വിറ്റ പോലെ ആയാല്‍, തീ കെടുത്തുക, മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഒരു തണ്ട് കറിവേപ്പില എന്നിവ് ചേര്‍ത്ത് ഇളക്കുക. ചട്ടിയുടെ കട്ടിയനുസരിച്ച് കൂടുതല്‍ സമയം ഇളക്കണം. ഒന്നു തണുത്തതിനു ശേഷം അധികം വെള്ളമൊഴിക്കാതെ മയത്തില്‍ അരച്ചെടുക്കുക.

ചട്ടിയില്‍ എണ്ണയൊഴിച്ച് അത്ര ചെറുത്താക്കാത്ത ഉള്ളിയും പച്ചമുളകും വറുത്ത് സ്വര്‍ണ്ണ നിറമാകുമ്പോള്‍ ചട്ടിയുടെ വശത്തേക്കു നീക്കി വച്ച് ഊറി വരുന്ന എണ്ണയില്‍ കടുക് പൊട്ടിക്കുക, ഒരു തണ്ട് കറിവേപ്പിലയും, മഞ്ഞള്‍ പുരട്ടി വച്ചിരിക്കുന്ന ഇറച്ചിയും അരച്ചു വച്ചിരിക്കുന്ന തേങ്ങയും, നുറുക്കി വച്ചിരിക്കുന്ന തേങ്ങയും, ആവശ്യത്തിന് ഉപ്പും, ഒരു ഗ്ലാസ്സ് (ആവശ്യത്തിന്) വെള്ളവും ചേര്‍ത്തിളക്കുക. താറാവിന്റെ പ്രായമനുസരിച്ച് വേവ് കൂടും! ചോറിനോ കപ്പയ്ക്കോ ആണങ്കില്‍ അല്‍പ്പം ചാറ് നിര്‍ത്താം.
Subscribe to:
Posts (Atom)