സാധാരണയായി പുട്ടും കടലയും ഇഷ്ടപ്പെടാത്ത മലയാളികള്‍ വളരെ ചുരുക്കമാണെന്നുവേണം കരുതാന്‍. ഇന്നു കൊളസ്റ്റ്രോളും ഷുഗറും പ്രഷറുമൊക്കെയായി മലയാളികള്‍ക്ക് പുട്ടിനോടുള്ള താത്പര്യം കുറഞ്ഞിരിക്കുന്നു. അരിക്കു പകരം ഗോതമ്പ് കൊണ്ടു പുട്ടുണ്ടാക്കിയാല്‍ ഇതിനൊരു പ്രതിവിധിയാവുമെന്നു കരുതുന്നു. നല്ല തവിടുള്ള ഗോതമ്പ് പുട്ടും കടലക്കറിയും കാലത്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യപ്രദമാണെന്നുതന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. (ഉണ്ടാക്കാന്‍ വളരെ എളുപ്പമാണു.)
ആവശ്യമുള്ള സാധനങ്ങള്‍
1.ഗോതമ്പ് പൊടി - ഒരു കപ്പ് .( തവിടുള്ള(Extra Bran) ഗോതമ്പാണെങ്കില്‍ വളരെ നന്നായിരിക്കും)
2.ഉപ്പ് - ആവശ്യത്തിനു
3.കടല – അരക്കപ്പ് ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക)
4.വെള്ളം - ആവശ്യത്തിന്
5.വലിയ ഉള്ളി - 2 എണ്ണം (കനം കുറച്ച് അരിഞ്ഞത്)
6.വെളുത്തുള്ളി - 8 അല്ലി (ചതച്ചത് )
7.കടുക് - ആവശ്യത്തിന്
8.എണ്ണ – ആവശ്യത്തിനു ( സണ്‍ ഫ്ലവര്‍ ഓയില്‍ ആയാല്‍ നല്ലത് )
9.മുളകുപൊടി - അര റ്റീസ്പൂണ്‍ ( എരിവു കുറഞ്ഞത് )
10.പച്ചമുളക് - 2 എണ്ണം
11.മഞ്ഞള്‍പ്പൊടി - അര റ്റിസ്പൂണ്‍
12.കറിവേപ്പില – 2 കതിര്‍പ്പ്
ഉണ്ടാക്കേണ്ട വിധം
പുട്ട്
വായ് വട്ടമുള്ള ഒരു പാത്രത്തില്‍ ഗോതമ്പുപൊടിയെടുത്ത് വെള്ളവും ആവശ്യത്തിനു ഉപ്പുമിട്ട് (ഉപ്പ് നിര്‍ബന്ധമില്ല) പുട്ടിനുള്ള പാകത്തിനു കുഴയ്ക്കുക. പതിനഞ്ചുമിനിട്ട് വെറുതെ വെക്കുക. അവനവിടെയിരുന്ന് വിശ്രമിക്കട്ടെ. (ഇനി കട്ടകെട്ടുകയാണെങ്കില്‍ അവനെയെടുത്ത് ഗ്രൈന്ഡറില് പത്തുസെക്കന്റ് കറക്കിയാല്‍ മതി. സംഗതി കുശാലന്‍). ഇനി പുട്ടുകുടമെടുത്ത് പകുതിയോളം വെള്ളം നിറച്ച് അടുപ്പത്ത് വെയ്ക്കുക. തിളയ്ക്കുമ്പോള്‍ ഒരു കതിര്‍പ്പ് വേപ്പില അതിലിട്ട് നിറച്ചുവെച്ചിരിക്കുന്ന പുട്ടുകുറ്റി മെല്ലെ കുടത്തില്‍ ഘടിപ്പിക്കുക. പുട്ടുകുറ്റിയുടെ മൂടി വെക്കാന്‍ മറക്കരുത്. ആവി കുറ്റിയുടെ മുകളില്‍ നിന്നും വന്നാല്‍ തീകുറച്ച് 10 മുതല്‍ 15 മിനിട്ട് വരെ വേവിക്കുക.
കടലക്കറി
കുക്കറില്‍ ആവശ്യത്തിന് വെള്ളവും കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കടലയും മഞ്ഞള്‍പ്പൊടിയും കനം കുറച്ചരിഞ്ഞുവെച്ചിരിക്കുന്ന വലിയ ഉള്ളിയും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. മൂന്നുമുതല്‍ നാലു വിസില്‍ അടിക്കുന്നതു വരെ വേവിക്കുക. ( പാചകക്കാരന് വിസിലടിക്കേണ്ടതില്ല. കുക്കറ് സ്വയം അടിച്ചോളും. കുക്കര്‍ വിസില്‍ അടിച്ചില്ലെങ്കില്‍ വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചറിയിക്കാന്‍ മറക്കണ്ട.) . അഞ്ച് - ആറുമിനിട്ടുകൊണ്ട് കടല വേവും.
ഒരു ചീനച്ചട്ടി (അമേരിക്കന്‍ ചട്ടി പറ്റില്ല. വേണമെങ്കില്‍ ഇറാക്ക് ചട്ടിയാവാം) അടുപ്പില്‍ വെച്ച് ആവശ്യത്തിനു എണ്ണ(ആരോഗ്യമുള്ളവര്‍ ഒരു ടീസ്പൂണും ഇല്ലാത്തവര്‍ 2 ടീസ്പൂണും ) ഒഴിക്കുക. എണ്ണ ചൂടായാല്‍ കടുക് പൊട്ടിക്കുക ( മുഖം കാണിച്ചുകൊടുത്താല്‍ അവിടെയും ഒന്ന് പൊട്ടിച്ച് കിട്ടും. ജാഗ്രതൈ..). ചതച്ചുവെച്ചിരിക്കുന്ന വെളുത്തുള്ളിയും പച്ചമുളകും ചേര്‍ക്കുക. നന്നായി ഇളക്കുക. പിന്നെ കറിവേപ്പില ചേര്‍ത്തിളക്കുക. വേപ്പില പൊട്ടിത്തെറിച്ചവസാനിച്ചാല്‍ തീകുറച്ച് മുളക് പൊടി ചേര്‍ക്കുക. മുളക് മൂത്തമണം വരുമ്പോള്‍ (ഒന്നു തുമ്മും) വേവിച്ചുവെച്ചിരിക്കുന്ന കടല ഇതിലേക്ക് പകരുക . ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് മൂടിവെച്ച് അഞ്ചുമിനിട്ട് വേവിക്കുക. കടലക്കറി റെഡി.
Labels : Veg
Sunday, March 25, 2007
പുട്ടും കടലക്കറിയും.
Subscribe to:
Post Comments (Atom)
9 comments:
മേനോന്ജീ നല്ല പോസ്റ്റ്...
പക്ഷേ ഇത് വായിക്കാനല്ലതെ പുട്ട് ഉണ്ടാക്കാനാവില്ല. പിന്നെ ചിരട്ട പുട്ട് വേണമെങ്കില്‍ ഒരു കൈ നോക്കാം.
അല്ലെങ്കില്‍ അഗ്രജന് ഈ പോസ്റ്റ് ഇന്ന് പ്രിന്റെടുത്ത് കൊണ്ട് പോയി പുട്ടും കടലയും ഉണ്ടാക്കി ക്ഷണിക്കട്ടേ... (ഹോ... നടന്നത് തന്നെ. വെറുതെ ഓരോ മോഹം)
ഓടോ :
പുട്ട് ഫാന്‍സ് അസോസിയേഷന്റെ വക പുട്ട് രത്നം അവാര്‍ഡും സുല്ലിന്റെ പുട്ട് മിണുങ്ങി മാഷുടെ വക പുട്ട് നിര്‍മ്മാതാവിനുള്ള സ്പെഷ്യല്‍ ഗിഫ്റ്റും ഉണ്ടായിരിക്ക്കും.
ഇഷ്ടപ്പെട്ടു ഒരു പക്ഷെ പുട്ടീനോടൂള്ളൊരിഷ്ടമയിരിയ്ക്കാം...........പിന്നെ ക്ഷണിച്ചാള്‍ കഴിയ്ക്കാനും കൂടാം.
നല്ല പുട്ട് നിര്‍മ്മാതാവിന് പുട്ട് മിണുങ്ങിമാഷ് മെമ്മോറിയല്‍ ട്രോഫി, യു. എ. ഇ യിലെ യുവ ബിസിനസ്സ് മാഗ്നറ്റ് “ഇസ്മായില്‍” സ്പോന്സര് ചെയ്യുന്നു.
-സുല്‍
പുട്ടും കടലയും നല്ല കോമ്പിനേഷന്‍.
പണ്ടൊരു ബന്ധുവീട്ടില്‍ സല്ക്കാരത്തിനു പോകുന്ന വഴി ദാഹം തോന്നി ഒരു നാട്ടിമ്പുറമക്കാനിക്കു മുന്നില്‍ വണ്ടി നിര്‍ത്തി ചായക്കു പറഞ്ഞപ്പോള്‍ തൊട്ടു മുന്നിലിരിക്കുന്നവന് പുട്ടും കടലയുമടിക്കുന്നു.
പിന്നെ കൊതി കാരണം അതു ഓര്‍ഡര്‍ ചെയ്ത് കഴിച്ച് സല്‍ക്കാര വീട്ടിലെ കോഴിയും പത്തിരിയും തൊട്ടു നോക്കാതായപ്പോള്‍ ആ വീട്ടുകാരു പാചകത്തിലെന്തോ തകറാരു സംഭവിച്ചിട്ടുണ്ടെന്ന ഭീതിയില്‍ പരസ്പരം നോക്കുന്നത് ഞാന്‍ വിഷമത്തോടെ കണ്ടു.
ഇപ്പഴത്തെ പൂട്ടൊക്കെ എന്ത് ഗോതമ്പ് പൂട്ടാന്റെയിഷ്ടാ,
ആ പണ്ടത്തെ പഞ്ഞപ്പുല്ലിന്റെ പൂട്ടാ ശരിക്കുള്ള പൂട്ട്!
-ഞാന്‍ എങ്ങിനെയുണ്ടാക്കിയാലും പൂട്ട് ശരിയാകാറില്ലാ, കടലക്കറി ഓക്കെ!
പുട്ടിനു തുല്യം പുട്ട് മാത്രം :)
ഞാനിത് കുറ്റിക്കണക്കിലേ പറയാറുള്ളൂ... ഒരു കുറ്റി, ഒന്നര കുറ്റി, രണ്ട് കുറ്റി... (ഇതിലപ്പുറം പോവാറില്ല)
:)
ശരിയാ. പുട്ട് പൊടിഞ്ഞു പോകാതിരികാന്‍ ഏതെങ്കിലും നാച്വറല്‍ ഗം ചേര്‍ത്താലോ കൈതമുള്ളേ. ഫെവികോള്‍ പറ്റില്ല...
ഇത്തിരി, ഇത് ഒരു ഡയറ്റ് ഫുഡാണ്. വലിയ ബുദ്ധിമുട്ടില്ലാതെ ഉണ്ടാക്കാം.
അഗ്രു : രണ്ടു കുറ്റി പുട്ട് ഞാനടിച്ചാ ആദിവസം പിന്നെ ഒന്നും കഴിക്കേണ്ടിവരില്ല. ദുബായിലെ ഹോട്ടലുകാര്‍ ഭാഗ്യവാന്മാര്. :) :)
puttu kutti veruthe nirachaal mathiyo? thenga puttupodi.. thenga puttupodi.. combination aayi niraykende? Parayaan marannathaano.
Post a Comment