Wednesday, April 11, 2007

വിഷുക്കട്ട.

വീണ്ടും ഒരു വിഷു വരവായി. കൈനീട്ടത്തോടൊപ്പം വിഷുക്കട്ടയും വിഷുവിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്.

ഓര്‍മ്മയില്‍ നിന്നും വിഷുക്കട്ടയുടെ ഒരു പാചകവിധി കുറിക്കുന്നു. സമയവും സൌകര്യവുമുള്ളവര്‍ക്ക് ഉണ്ടാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

1.അരി - 2 കപ്പ് (പച്ചരി )
2.തേങ്ങ – ചിരകിയത് ഒരു കപ്പ്
3.ജീരകം - കാല്‍ ടീസ്പൂണ്‍ (ചൂടാക്കി മാറ്റിവെയ്ക്കുക)
4.അണ്ടിപ്പരിപ്പ് - പത്തെണ്ണം
5.ഉണക്ക മുന്തിരി - പത്തെണ്ണം
6.നെയ്യ് - ആവശ്യത്തിന്
7.ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം
നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിവെക്കുക. അത് അവിടെയിരുന്ന് വിശ്രമിക്കട്ടെ.
തേങ്ങ ചിരകി വെച്ചതില്‍ നിന്നും മുക്കാല്‍ കപ്പെടുത്ത് ഒന്നാം പാലും രണ്ടാം പാലും തരം തിരിച്ച് മാറ്റി വെക്കുക. രണ്ടാം പാല്‍ രണ്ടുകപ്പ് വേണമെന്നത് മറക്കരുത്.
രണ്ടാം പാലും കഴുകി വൃത്തിയാക്കിയ അരിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. തിളച്ചുകഴിഞ്ഞാല്‍ തീ കുറച്ച് വേവുന്നതുവരെ കയ്യും കെട്ടി നില്‍ക്കുക.(എണ്ണിവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പെടുത്താല്‍ അടികിട്ടും) വെന്തുകഴിഞ്ഞാല്‍ ജീരകവും ഒന്നാം പാലും മാറ്റിവെച്ചിരിക്കുന്ന തേങ്ങചിരവിയതും ചേര്‍ത്ത് വറ്റിച്ചെടുക്കുക.
ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി വേവിച്ച കൂട്ട് ഇതില്‍ നിരത്തുക.അതിനുമുകളില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ചൂടുകുറഞ്ഞാല്‍ കട്ടകളാക്കി മുറിച്ച് വേണ്ടപ്പെട്ടവര്‍ക്കൊക്കെ വിതരണം ചെയ്യാം.

8 comments:

asdfasdf asfdasdf said...

ഇങ്ങനെയും വിഷുക്കട്ടയുണ്ടാക്കാം ധൈര്യമുള്ളവര്‍ക്ക്..

കുറുമാന്‍ said...

മാഷെ, വിഷുക്കട്ടയുടേ പാചകക്കുറിപ്പിനു നന്ദി. ഒരു സംശയമുണ്ട്.....ഒരു കപ്പ് തേങ്ങ മതിയാവോന്നു ഒരു സംശയം! കാരണം,മുക്കാല്‍ കപ്പ് പാലില്‍ നിന്നും ഒന്നാം പാലെടുട്ട്തതിനുശേഷം, ,രണ്ടാം പാലു രണ്ട് കപ്പ് കിട്ടുക എന്നു പറഞ്ഞാലൊരു സംശയം മാത്രം.

ശ്രീ said...

ആ വിഷുക്കട്ടയുടെ രുചി ഇപ്പഴേ കിട്ടുന്നുണ്ട് കേട്ടോ മാഷെ....

ബൂലോകര്‍‌ക്കെല്ലാവര്‍‌ക്കും കൂടി ഇത്രയും മതിയാകുമോ എന്തോ....
:)

asdfasdf asfdasdf said...

കുറുജി, രണ്ടാം പാലിന്റെ കട്ടി അത്രയധികം വേണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഏതായാലും കുറുമാന്‍ജി ഒന്ന് ഉണ്ടാക്കി നോക്കി അഭിപ്രായം പറയൂ.

ശാലിനി said...

ഇത് ഇപ്രാവശ്യം “വനിത“ യുടെ പാചകകുറിപ്പുകളില്‍ ഉണ്ടായിരുന്നു.

asdfasdf asfdasdf said...

ശാലിനിചേച്ചി, ഇത് കട്ട വിഷുവല്ല, വിഷുക്കട്ടയാണ്. രണ്ടുമൊന്നു മനസ്സിരുത്തി വായിച്ചു നോക്കൂ. ഇത്തിരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ ‘വിധി‘ എന്റെ മനസ്സിന്റെ അന്തരാളങ്ങളില്‍ നിന്നും വന്നതാണ്. :)

ശാലിനി said...

“ഈ ‘വിധി‘ എന്റെ മനസ്സിന്റെ അന്തരാളങ്ങളില്‍ നിന്നും വന്നതാണ്.“ സോറി.

വിഷുകട്ട ഇപ്രാവശ്യത്തെ വനിതയിലും ഉണ്ട് എന്ന് തിരുത്തിവായിക്കുക.:)

പ്രിയങ്ക മാത്യൂസ് said...

വളരെ രസകരമായിരിക്കുന്നു.
“തിളച്ചുകഴിഞ്ഞാല്‍ തീ കുറച്ച് വേവുന്നതുവരെ കയ്യും കെട്ടി നില്‍ക്കുക.(എണ്ണിവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പെടുത്താല്‍ അടികിട്ടും)” സ്വന്തമായി ഒന്നും പാചകം ചെയ്യാന്‍ പഠിക്കാതിരുന്ന ഞാന്‍ മുതിര്‍ന്നാപ്പോള്‍ പാചകക്കുറിപ്പുകളെത്തന്നെയാണ് ആശ്രയിച്ചിരുന്നത്. പക്ഷേം ഇത്രേം രസകരമായ പാചകക്കുറിപ്പ് ആദ്യമായിട്ടാണ് വായിക്കുന്നത് കേട്ടോ.