ബഹുമാന്യമിത്രങ്ങളേ..
ഒന്നരവര്‍ഷത്തെ എന്റെ ബാച്ചി ലൈഫ് എന്നെയൊരു മിനി കുക്കാക്കി മാറ്റിയിരിക്കുന്നു. റെസീപ്പി എഴുതാന്‍ മാത്രം നമ്മള് വല്യ പുള്ളി ഒന്നും അല്ലായിരിക്കാം. പക്ഷെ, എന്റെ ബഹുമാന്യ ഗുരുക്കന്മാരായ ശ്രീ. രാഗേഷ് കുറുമാന് ഗുരുക്കള്‍, കൈതമുള്ള് ശശി ഗുരുക്കള്‍ എന്നിവരുടെ അനുഗ്രഹാശിര്വാദത്താല് ‘ഒരു കൈ നോക്കാന്‍’ സംഗതി നമ്മുടെ കയ്യിലുമുണ്ട് എന്നൊരു ആത്മവിശ്വാസം എനിക്കുണ്ടിന്ന്.
എന്റെ ടി, ടു ഗുരുക്കാന്മാരെയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഇതാ ലളിതവും രുചികരവുമായ ഒരു ചാളക്കൂട്ടാന്‍ കുറിപ്പ്.
ആവശ്യമായ സാധനങ്ങള്‍:
1. പിടക്കണ ചാള - ചിതമ്പലും തലയും കുടലും നീന്താനുപയോഗിക്കുന്ന എക്ട്രാഫിറ്റിങ്ങ്സും കളഞ്ഞത് പത്തെണ്ണം.
2. ഇഞ്ചി - ഒരിഞ്ച് (തൊലി കമ്പ്ലീറ്റ് പോകരുത്.... ഞാന്‍ കളയാറില്ല. ടേയ്സ്റ്റ് പോകും!
3. പച്ചമുളക് - അഞ്ചെണ്ണം (കിഴക്കന്‍ മുളക് എന്നറിയപ്പെടുന്ന എരുവ് കുറഞ്ഞ നീളത്തിലുള്ളത്. അല്ലാതെ കരണം പൊട്ടി, പ്രാന്തന്, ചങ്കുകഴപ്പന്‍, കാന്താരി എന്നിവ അഞ്ചെണ്ണം ഇട്ടാല്‍ കഴിക്കുമ്പോളും പിറ്റേന്ന് രാവിലെ റ്റോയ്ലറ്റില്‍ വച്ചും നിങ്ങള്‍ക്ക് എന്നെ അപ്പന് വിളിക്കാന്‍ ഒരു ടെന്റന്‍സി തോന്നാം. സോ പ്ലീസ് ഡു കെയര്‍.)
4. കോക്കനട്ട് മി.പൌഡര്‍ - മൂന്ന് ടീസ്പൂണ്‍
5 കുഞ്ഞുള്ളി - തൊലി കളഞ്ഞത് ഇരുപത് എണ്ണം
6. തക്കാളി - രണ്ടെണ്ണം (എന്റെ കൂടെ പഠിച്ച പ്രജിതെയുടെ പേരാ അത്. ഓര്‍ത്ത് പോയി. എവിടെയാണോ എന്തോ? ‘എങ്ങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും എന്നാലുമൊന്നാണ് നമ്മളൊന്ന്‘ എന്നൊക്കെ സിനിമാപ്പാട്ട് കട്ട് ഏന് പേസ്റ്റ് ചെയ്ത് എഴുതി പണ്ട് ഫ്രം വക്കാതെ ഒരു ക്രിസ്മസ് കാര്‍ഡ് അയച്ചിരുന്നു...)
7. മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍.
8. മഞ്ഞപ്പൊടി - അര ടീ സ്പൂണ്‍.
9. മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
10. ഉലുവപ്പൊടി - കാല് ടീ സ്പൂണ്‍
11. വെള്ളം - ഒരു വെട്ട് ഗ്ലാസ് (ജംബോ സൈസ് ഗ്ലാസ്)
പാകം ചെയ്യുന്ന വിധം:
മുകളില്‍ പറഞ്ഞതെല്ലാം ഒരു മിക്സിയുടെ ജാറിലിട്ട് ഒരു അഞ്ച് മിനിറ്റ് അങ്ങട് അടിച്ച് ജ്യൂസ് പരുവമാക്കുക. സോറി, ചാളയിടണ്ട!!
എന്നിട്ട്, ഒരു ചട്ടിയെടുത്ത്, അതില്‍ ഒരു ടീസ്പൂണ്‍ വെളിച്ചണ്ണയൊഴിച്ച് അതില്‍ ഫുള്‍ സൈസ് ചാളകളെ നിരത്തി കിടത്തുക. എന്നിട്ട് അതിലേക്ക് മിക്സിയിലിട്ടടിച്ചുണ്ടാക്കിയ മിശ്രിതം സാവധാനം ഒഴിക്കുക. തുളയോടുകൂടിയ ഉപ്പ് ഭരണയാണെങ്കില്‍ അതുവച്ച് രണ്ട് കറക്കം ഉപ്പിടുക. രണ്ടല്ലിയാമ്പല് വേപ്പിലയിടുക. പിന്നെ ഒരു നാല് പീസ് കുടമ്പുളി കഴുകി കീറി ഇടുക. ഇത് വേണ്ട സാധങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാതിരുന്നത്, നിങ്ങള്‍ ഇതും മിക്സിയിലിട്ടടിക്കുമോ എന്ന് പേടിച്ചാണ്.
അറേബിയന്‍ സമുദ്രത്തില്‍ കാണപ്പെടുന്ന ചാള, സാധാരണയായി പെട്ടെന്ന് വേവുന്നതായി കണ്ടുവരുന്നു. അതുകൊണ്ട് ഒരു പതിനഞ്ച് മിനിറ്റ് വേവിക്കുക. ദാറ്റ്സ് ആള്.
പിന്നെ കുഞ്ഞുള്ളീ ഒരു നാലെണ്ണം അരിഞ്ഞ് വെളിച്ചെണ്ണയില്‍ കാച്ചി കറിയുടെ മോളില് കൂടെ ഒഴിച്ചാല്‍ ഒരു ഗുമ്മ് വരും. വേണമെങ്കില്‍ ആവാം. നിര്‍ബന്ധം ഇല്ല!
അപ്പോള്‍ മാക്സിമം വെറും അരമണിക്കൂര്‍ കൊണ്ട്, നിങ്ങളുടെ മുന്പില് ഒരു രാജ കല ചാളക്കൂട്ടാന്‍ തയ്യാര്‍.
*മുന്നറിയിപ്പ്: ഈ കറി നിങ്ങള്‍ കഴിക്കുമ്പോള്‍ രുചി കൂടി കൂടി കൈവിരല്‍ കൂടെ കടിക്കാന്‍ ചിലപ്പോള്‍ തോന്നിയേക്കാം. പ്ലീസ് ഡൂ കെയര്‍ ട്ടാ.
---
ഇന്നലെ ഒന്നും കൂടി ഈ റെസീപ്പി ഒന്ന് ട്രൈ ചെയ്ത് നോക്കുകയുണ്ടായി. ഒരു ഡബിള്‍ ചെക്കിങ്ങ്. ഒരു കുഴപ്പോമില്ല. ആക്ചലി അറബിക്കടലിലെ ചാള കഴിച്ചാല്‍ ബുദ്ധി കൂടുമെന്നതൊക്കെ നേര്. പക്ഷെ, അധികമായാല്‍ എന്തും വിഷമാണന്നല്ലേ? :) കുറുമാന് ഗുരുക്കള്‍ ഒരിക്കല്‍ പറഞ്ഞപോലെ, ഉള്ള ബുദ്ധികൊണ്ടുതന്നെ മനുഷ്യന് കെടക്കമരിങ്ങില്ല! സോ ചാളക്ക് പകരം ഇന്നലെ ആവോലി ആക്കി .
വിറ്റനസ് പടങ്ങള്‍ ചുവടെ:
Testimonyസ്:
സുമലത, വീട്ടമ്മ, ദുബായ്: ഈ കറി എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇത് കഴിച്ച് എന്റെ അമ്മായിഅമ്മ പോരു നിര്‍ത്തി ഡിസന്റായി. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് എന്നും ചോറുണ്ണാന്‍ വീട്ടില്‍ തന്നെ വരുന്നു. നളപാചകത്തിന് നന്ദി.
റോമി, ചീഫ് കുക്ക്, ബുര്‍ജ് അല്‍ അറബ് ഹോട്ടേല് , ഡ്യുബയ്: ഇത്രയും കാലത്തെ എന്റെ കുക്ക് ലൈഫില്‍ ഞാന്‍ ഇത്രയും രുചികരമായ മീങ്കൂട്ടാന്‍ കഴിച്ചിട്ടില്ല. വെല്‍ഡണ്‍ വിശാലന്!
പാരീസ് ഹില്‍ട്ടണ്‍, പോപ് കം മാദക റാണി, ഹോളിവുഡ്: ‘ഐ ലവ് ദിസ് കൂട്ടാന്‍ റ്റൂ മച്ച്!‘ ശ്ശോ!!
Monday, February 25, 2008
ചില്ലി ചാള കൂട്ടാന്‍
Subscribe to:
Post Comments (Atom)
26 comments:
ഈ കറി കഴിച്ചിട്ട് ഇതുവരെ 6 ആളുകള്‍ വളരെ നല്ല അഭിപ്രായം പറഞ്ഞു.(ഞാനടക്കം!)
ഏഴാമത്തെ ആ ഭാഗ്യവാന് നിങ്ങളാകട്ടേ.. നിങ്ങളാകട്ടേ.. നിങ്ങളാകട്ടേ.. :)
സാറി വിശാലഞ്ചേട്ടാ, ഞാന്‍ പാവം ഒരു സസ്യഭോജി ആണേ, അതോണ്ടു എനിക്കു പിന്നാലെ വരുന്നൊനു അതു വിട്ടുകൊടുത്തിരിക്കണൂ....
കാര്യം ഞാന്‍ ഒരു പ്യൂര്‍ വെജ്ജ് ആണേലും അത്യാവശ്യതിനു ഇതെല്ലാം വെച്ചുണ്ടാക്കാന്‍ അറിയാം എന്നുള്ള ഇത്തിരി അഹങ്കാരം ഒക്കെ അയ്യിട്ടാനു കെട്ടിയ വീടിണ്റ്റെ പടി കടന്നു ചെന്നതു....
ഒരു ദിവസം ചാള വാങ്ങി അതെല്ലാം നല്ല കുട്ടപ്പന് ആക്കി വെച്ചപ്പൊള്‍ അതില്‍ കൂടെ തക്കാളികുട്ടന്മാരും ശയിക്കണു...
എണ്റ്റമ്മൊ, ഞാന്‍ ശരിക്കും ഞട്ടിപ്പോയി, ഫസ്റ്റ് ടയിം ആണ്ണെ മീണ്റ്റെ കൂടെ തക്കാളീ കണുന്നതു,,, പിന്നെ അതൊരു പതിവായി എന്നുള്ളതു വെറോരു സത്യം...
നാളികേര പാലിനു പകരം, നാളികേരം, മല്ലിപ്പൊറി, മുളകു പൊടി എല്ലാം കൂടെ വരുത്തു അരച്ചു കൂട്ടാന്‍ വെച്ചു നൊക്കൂ, വേറെ ഒരു ടയിസ്റ്റു ഉണ്ടാകും.....
മീന്‍ കാച്ചുമ്പൊള് ഉള്ള മണം ഉണ്ടല്ലൊ.... മ്മ്മ്മ്മ്മ്മ്മ്മ്മ്മ്
രാജ ചാളക്കറി കൂട്ടി തന്നെ ആകട്ടേ ഇന്നു രാത്രിയിലെ പള്ളി അത്താഴം.
വിശാലാ ചാള പൊള്ളിക്കാറുണ്ടാ?
:-)
അതെ അതെ..
ഞാന്‍ ഇത് പരീക്ഷിക്കാന്‍ തീരുമാനിച്ചു. ആ ഏഴാമത്തെ (ഹത)ഭാഗ്യന് ഞാനാവട്ടെ എന്നു കരുതിയിട്ടോ, പ്രജിതയെ ഓര്‍ത്തോണ്ട് വിശാല്‍ജി ഉണ്ടാക്കിയ സംഭവമല്ലേ എന്ന് കരുതിയിട്ടൊന്നുമല്ല.. ഉണ്ടാക്കിയാലും ‘ഒന്നും പേടിക്കാനില്ല‘ എന്ന ഒരൊറ്റ ആത്മവിശ്വാസം.
(അല്‍ സാറ ഹോസ്പിറ്റല്‍ തോട്ടടുത്താണ്, എനിക്കാണേല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സും ഉണ്ട്.. അതാണ് ആത്മവിശ്വാസത്തിന് പിറകിലെ ചേതോവികാരം എന്ന് വിശാലന് അറിയണ്ട)
പാചകം വിവരിച്ചിരിക്കുന്ന രീതി പിടക്കുന്ന ചാളയെക്കാള്‍ പിടക്കുന്നതായിരുന്നു വിശാല്‍ജീ.. അടിപൊളി. ശരിക്കും രസിച്ചു.
ഓഫ്: കുറുമാന് പാചകത്തില്‍ PHd ആണോ? ഒന്ന് ശിഷ്യപ്പെടണമല്ലോ...
ഹ ഹ വിശാലാ .. രസിക!
പാചകക്കുറിപ്പു വായിച്ചും ചിരിച്ചു.
ബലേ ഭേഷ്.
ചുമ്മ പരീക്ഷിച്ച നോക്കാം അല്ലെ..;)
hahah..
എഴുത്യ രീതി ഗലഗലക്കന്..
ഇവിടൊക്കെ വൈശാലി* ചാളയേ കിട്ടൂ..അതു പറ്റുവോ ആവോ?
മിക്സീലടിയ്ക്കുമ്പോഴും മീന്‍ വേവുമ്പോഴും ടൈമ്പാസ്സിനു പാടാന്‍ പറ്റിയ പാട്ടുകള്‍ ഏതാണെന്നു പറഞ്ഞില്ല
..........................
ആരെങ്കിലും ഇതുണ്ടാക്കീട്ട് ഒന്നു പറയണേ...
ആ ‘പോര്‍ക്ക്‘ ഉണ്ടാക്ക്യേന്റെ ക്ഷീണം ഇപ്പഴും മാറീട്ടില്യ...
..........................
*വയറു പൊട്ടീത്
ഹഹഹ
കലക്കി
നമ്മ ഒന്നു പരീക്ഷിച്ചു..
മിക്സി റെഡി, ഉള്ളി റെഡി, ഗേള്‍ ഫ്രണ്ട് തക്കു റെഡി..
അരയും, കൊഴയും ബാക്കി ബോഡി പാര്ട്ടെസെല്ലാം റെഡി..
പുരട്ടാനെടുത്തപ്പോ ചാള നഹിം..
മീന്‍ വാലയെ തേടിച്ചെന്നപ്പോ “ചാല ക്യാ ഹോത്താഹെ?”
കറി എന്തോ, വിവരണം രസമായി.
ഞാനൊരു സസ്യാഹാരിയാ. അതോണ്ട് അയ്യേ, നിക്കു വേണ്ട.
എന്നാലും ഒരു ഡൌട്, എല്ലാം കൂടി മിക്സീല് അടിക്കുമ്പോ പ്രജിതേനേമ്ം കൂട്ടത്തില്‍ ചേര്‍ക്കണോ????
വായിച്ചപ്പോഴെ സലൈവറിഗ്ളാന്ഡ്സ് പ്രശ്നമുണ്ടാക്കി..
പ്രശ്നംന്ന്വെച്ചാല് പ്രിയപറഞ്ഞതു തന്നെ-സസ്യഭുക്കായിപ്പോയി
(അതില്നിരാശയൊന്നുമില്ലട്ടൊ)
ചാളക്കറി കൂട്ടി ദേ വയറ്റിളക്കം പിടിച്ച് ഞാനിപ്പോള്‍ ആശുപത്രിയില്‍ പോവുകയാ
കുറെ നാളായി എന്തെങ്കിലും ഒരു ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു ഒരു അവധിയെടുക്കാന്‍, ശബരിമല ശാസ്താവാണെ സത്യം ഏതായാലും ഇന്ന് ഒരു അവധി എടുക്കാന്‍ തീരുമാനിച്ചു.
നന്ദി താങ്കള്‍ക്കും, ചാളക്കറിക്കും
വിശാലേട്ടാ,
ബുധനാഴ്ച വരെ പോങ്ങുമ്മൂട്, ഉള്ളൂറ്, ശ്രീകാര്യം തുടങ്ങിയ നാട്ടുരാജ്യങ്ങളില്‍ വെള്ളവിതരണം മുടങ്ങും എന്ന് പത്രവാര്‍ത്ത ഉണ്ടായിരുന്നു. ആയതിനാല്‍ ആവശ്യത്തിന് വെള്ളം കിട്ടിത്തുടങ്ങിയതിന് ശേഷം മാത്രം ' ചില്ലി ചാള കൂട്ടാന്‍ ' പരീക്ഷിക്കുന്നതായിരിക്കും. 'ഉദരവുമായി മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഉദാരമായ മുന്‍കരുതല്‍ എടുക്കണമെന്നാണല്ലോ? :)
സംഗതി കൊള്ളാം.
അപ്പോള്‍ ചാളക്കറി കൂട്ടി അടിക്കാന്‍ കപ്പക്കറി ആരുണ്ടാക്കിതതരും...?
ചാളയിടാന് ചാളയില്ലാതായ മനുവിനും വെജ് ചാള മാത്രം കഴിക്കുന്ന
പ്രിയ ഭൂമിപുത്രിമാര് ക്കും വേണ്ടി
... ഒരു ആള്റ്റര് നേറ്റ് നിര് ദേശിക്കണെ വിശാലാ.
കുറിപ്പു കലക്കി...
ഇതു വായിച്ചു കഴിഞ്ഞു റ്റീവീലു നോക്കിയപ്പൊ സജീവ് ഭായിയെപ്പോലെ ഒരാള്‍ ( 170 കി)
മീന്‍ കറി ഉണ്ടാക്കി നിക്കുന്നു..ഇനി അതു സജീവ് കാര്‍ ടൂനിസ്റ്റാണൊ?
പ്രോഗ്രാം ഊട്ടുപുര...കൈരളി വീ ചാനല്‍
അനാഗതശ്മശ്രൂ, ഇതേ കറി വെജ്ജ് ആക്കുന്നതിനു ചാളക്കു പകരം നീളത്തില്‍ കനം കുറച്ചു കയ്പ്പക്കായ അരിഞ്ഞതു നന്നായി വെളിച്ചെണ്ണയില്‍ കരുകരുപ്പായി വറുത്തു കോരി ഇതുപോലെ വെച്ചു നോക്കൂ....
ഇഞ്ഞി ഒന്ന് ഞാന്‍ ചോയ്ച്ചട്ടേ ഇങ്ങനെക്കെണ്ടാക്ക്യാ തിനാ പറ്റൊ
കൈതമുള്ളേ ഇതൊരു പോസ്റ്റായി ഇടാന്‍ പാടില്ലായിരുന്നോ?
ചില്ലിച്ചാളക്കൂട്ടാനെങ്ങിനെ-
യുണ്ടാക്കുന്നുവെന്നറിയാനെ-
ത്തിയവര്ക്കെല്ലാമെന്നുടെ നന്ദി.
കണ്ടാ കണ്ടാ എന്റെ ഗുരുവിന്റെ വിവരണം. അത്താണ്!
പിന്നെ ഇന്നലെ ഒന്നുംകൂടി ഈ മീന്‍ കറി വച്ചു. സെയിം റെസീപ്പി വച്ച്. ചാളക്ക് പകരം ആവോലിക്കുട്ടികളെയിട്ടു (ഉജാലമുക്കിയ ഡബിള്‍ മുണ്ടിന്റെ കളറുള്ളത്). ഒരു പ്രശ്നവുമില്ല.
“എന്താ ഒരു ടേയ്സ്റ്റ്! ഹോ!“
:) ഫോട്ടോയുമെടുത്തു!
കറിയേക്കാള്‍ ടെസ്റ്റിമോണിയ കലക്കി.
ചാളaക്കും പാരീസ് ഹില്‍ട്ടനും പൊതുവായിട്ടുള്ളത് എക്സ്ട്രാ ഫിറ്റിംഗ്സാണെന്ന് കലാകൌമുദിയില് മുമ്പ് വായിച്ചിരുന്നു. :)
ഇടുക്കീല് മഴപെയ്താല്‍ മാത്രമേ വൈഗൈ ഡാമില്‍ വെള്ളം നിറയൂ, അങ്ങനെ വെള്ളം നിറഞ്ഞാലേ ഞങ്ങള്‍ക്കു വെള്ളം കിട്ടൂ,
അപ്പോ,പറഞ്ഞോണ്ടു വന്നതെന്താച്ചാ,അവടെ മഴ പെയ്താലേ ഞാനീ കൂട്ടാന്‍ പരീക്ഷിക്കൂ
പാരീസ് ഹില്‍ട്ടണ്‍ വല്ല കഞ്ചാവിന്റേം കിക്കില്‍ പറഞ്ഞതായിരിക്കും
ഓ.ടോ. : ഏതെങ്കിലും അനുഭവസ്ഥര്‍ സര്‍ട്ടിഫൈ ചെയ്താല്‍ ഞാന്‍ ഉടനെ ത്തന്നെ പരീക്ഷിക്കുന്നതായിരിക്കും
ബംഗാള്‍ ഉള്‍ക്കടലിലെ ചാളയ്ക്ക് കൊഴപ്പൊന്നൂല്ലല്ലോ?
ഞാനിട്ട കമെന്റ് അല്പം നീണ്ട് പോയതോണ്ട് അതവിട്ന്ന് മാറ്റണംന്ന് (സത്യായിട്ടും ഇല്ലാട്ടോ) വിശാല്ജിക്കൊരു അഭിപ്രായം.
വരുന്നോര് പോസ്റ്റ് വായിക്കാണ്ട് കമെന്റ് മാത്രം നോക്കി പോകുന്നത്രേ!(നമ്മടെ ചില പെണ്ണുങ്ങള് സുന്ദരിമാരെ കാണുമ്പോ അവരുടെ സാരിയും ആഭരണങ്ങളും മാത്രം ശ്രദ്ധിക്കുന്ന പോലെ. നമ്മളാണുങ്ങള് അങ്ങനെയല്ലല്ലോ!)
അതോണ്ട് ഞാനതങ്ങ് പൊക്കി ഒരു പോസ്റ്റാക്കി ഇട്ടു.
ദാ ഇവിടെ:
http://palacharakku.blogspot.com/2008/02/blog-post.html
വിശാലാ,
പടം കസറി; പക്ഷെ എന്താ കാര്യം? എല്ലാരുടേം നോട്ടം പാരീസ് ഹില്ട്ടണ്ടെ ടെസ്റ്റിമണിയിലല്ലേ?
(എന്നെ തല്ലല്ലേ, ഞാന്‍ നന്നാവൂല!)
ഓ ഹോയ്..!!
ഫോട്ടോയൊക്കെ ഇട്ട് ഗുമ്മാക്കിയല്ലോ! ബട്ട്, എണ്ണ കൂടുതലാന്ന് തോന്നുന്നല്ലോ. എണ്ണക്കപ്പല്‍ മീന്കറിയില് മുങ്ങിയപോലുണ്ട്. ഇളക്കിയാ പോകുമായിരിക്കും അല്ലേ?
പിന്നെ ടെസ്റ്റിമോണി!! ഇല്ലാത്തകാര്യങ്ങള്‍ എഴുതിയാല്‍ വായില്‍ മോണ മാത്രമേ ഉണ്ടാവൂ ടെസ്റ്റിമോണിക്കുട്ടാ. ബുര്‍ജ്ജ് അല്‍ അറബിലെ കുക്കുകളെയൊക്കെ എനിക്ക് അറിയാം. (എന്റെ ഡൈലി ലഞ്ച്, ഡിന്നര്‍ എന്നിവ അവിടുന്നാണല്ലോ, സോറി.. ബ്രേക്ക്ഫാസ്റ്റ് സ്വന്തമായി വീട്ടീന്നാ...!). Mr.ടോബി, Mr.സസ്ച, Mr.റോബി, Mr.ഗ്രാഡിന്റര് എന്നിവരാ അവിടുത്തെ ആള്ക്കാര്. ഇതാ !വേണേല്‍ പരിചയപ്പെട്ടോളൂ .
അല്ലേ പോട്ട്, സുമലതചേച്ചിയുടെയും, പാരീസ് ഹില്‍ട്ടന്റെയും ഫോണ്‍നമ്പര്‍ താ... ഞാന്‍ വിളിച്ചു ചോദിക്കട്ടെ!
(അതിന് ശേഷം അവരോട് വേറേയും കുറേ കാര്യങ്ങള്‍ ഡിസ്ക്കസ്സാനുണ്ട്..) :-)
തരൂല്ല അല്ലേ, അപ്പോ “വിശാലനെ ‘ടെസ്റ്റിമോണി അഴിമതിക്കേസില്‍‘ ബ്ലോഗ് പോലീസ് അറസ്റ്റ് ചെയ്തു“ ഇതായിരിക്കും നാളത്തെ ബൂലോകപത്രത്തിലെ തലക്കെട്ട്!
ഹി ഹി :-)
ഓഫ് ടോപ്പിക്കേ: കൈതമുള്ളേ, വിശാലനോട് ഞാന്‍ താങ്ങളെ ഒന്ന് പരിചയപ്പെടുത്തിത്തരാന്‍ പറഞ്ഞപ്പോള്‍ എന്നോട് ‘സര്‍വ്വീസ് ചാര്‍ജ്ജ്’ വേണം ന്ന് പറഞ്ഞു ആശാന്! ഇത് അഴിമതിയുടെ ഏത് വിഭാഗത്തില്‍ പെടുത്താം?
ആഹാ... കിടിലന്‍ ചാളക്കറി.
:)
നല്ല രസികന്‍ വിവരണവും.
:)
Post a Comment