നാട്ടിലുള്ളപ്പോള്‍ എനിക്കിഷ്ടപെട്ട ഭക്ഷണങ്ങളില്‍ ഒന്ന് മട്ടണായിരുന്നു. പക്ഷെ, ഗള്‍ഫില്‍ വന്നതിനുശേഷം മട്ടണോട് എനിക്കത്ര താത്പര്യം ഇല്ല. നാടന്‍ മട്ടന്റെ ആ രുചിയും മണവും ഇവിടെ കിട്ടുന്ന മട്ടണ്‍ (ഇന്ത്യന്‍ മട്ടണ്‍ വാങ്ങിയാല്‍ പോലും) കിട്ടുന്നില്ല എന്നതാണ് ഈ മട്ടണ്‍ വിരക്തിക്കുള്ള പ്രധാന കാരണം.
മൂന്നാല് ദിവസമായിട്ട് രാത്രി ഉറക്കത്തില്‍ ഞാന്‍ കാണുന്ന സ്വപ്നം രുചിയേറിയ മട്ടന്‍കറി കൂട്ടി ചോറുണ്ണതാണ്. മാത്രമല്ല ചോറുണ്ടതിനുശേഷം രുചി സഹിക്കാന്‍ വയ്യാതെ വിരല്‍ കടിക്കുകയും ചെയ്യുന്നു. പക്ഷെ ഈ വിരല്‍ കടി സ്വപ്നത്തിലല്ല, മറിച്ച് സ്വപ്നത്തിന്റെ അവസാനം ശരിക്കും കടിക്കുന്നതാണ്. അതോടെ സ്വപ്നത്തില്‍ നിന്നുണരുകയും, എന്തുകൊണ്ടിങ്ങനെ വിചിത്രമായ ഒരു സ്വപ്നം കാണുന്നു എന്നു ചിന്തിച്ച് ചിന്തിച്ച് വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു.
ഈ സ്വപ്നത്തിന്റെ അര്‍ത്ഥമെന്ത് എന്ന് ഞാന്‍ പലരോടും ചോദിച്ചു. ആര്‍ക്കും ഒരു പിടിയുമില്ല.
വിക്കി പീഡിയയില് വിക്കി നോക്കി - നോ രക്ഷ
ഗൂഗിളമ്മച്ചിയില് ചികഞ്ഞ് നോക്കി - കിം ഫലം?
ഡോ. മാത്യൂ പുല്ലൂരിനോട് സംസാരിക്കാം എന്ന പരിപാടിയിലേക്ക് ഫോണ്‍ ചെയ്തു സംഭവം പറഞ്ഞു, ഇതേ സ്വപ്നത്തിന്റെ നീരാളിപിടുത്തത്തില്‍ അദ്ദേഹം പെട്ടിരിക്കുകയാണെന്നും വല്ല പോംവഴിയും കിട്ടിയാല്‍ പുള്ളിക്കാരനേം ആ മട്ടന്‍ സ്വപ്നത്തിന്റെ നീരാളികരങ്ങളില് നിന്നും രക്ഷിക്കണമെന്നും പറഞ്ഞ് അദ്ദേഹം വിങ്ങി പൊട്ടി.
അന്ന് രാത്രിയിലും മട്ടണ്‍ കഴിക്കുന്ന സ്വപ്നത്തിന്റെ ഇടക്ക് ഒരു കമേഴ്സ്യല്‍ ബ്രേക്കിന്റെ സമയത്ത് സ്വപ്നദേവത പ്രത്യക്ഷപെട്ട് എന്നോട് ചോദിച്ചു എന്താണ് കൂവെ തന്റെ പ്രശ്നം?
ഉറക്കത്തില്‍ മട്ടണ്‍കറി സ്വപ്നം കാണുന്നതും, വിരല്‍ കടിക്കുന്നതും മറ്റും വള്ളിപുള്ളി വിടാതെ ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞവസാനിപ്പിച്ചതും സ്വപ്നദേവത പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇതാണാ ഇയാക്കടെ പ്രശ്നം??
ഹും, ഞാന്‍ മൂളി.
ഇത് കാര്യം നിസ്സാരം. യു സില്ലി ബോയ്.
ഒന്നും മനസ്സിലാവാതിരുന്നതിനാല്‍ ഞാന്‍ ചോദിച്ചു, അല്ല എന്താ ആക്ച്വലി പ്രശ്നം?
നിനക്കാര്ത്തി മൂത്ത് പ്രാന്തായതാ. നീ കുറച്ച് മട്ടണ്‍ വാങ്ങി കറി വച്ച് കഴിച്ചാല്‍ തീരുന്നതേയുള്ളൂ ഈ പ്രശ്നമൊക്കെ.
മട്ടണ്‍ കറി തന്നെ വേണാ? ബീഫ് പോരെ?
പോര, മട്ടണ്‍ക്കറി കഴിക്കണ സ്വപ്നം കാണുന്നുണ്ടെങ്കില്‍ ചെയ്യുന്നുണ്ടെങ്കില്‍ മട്ടണ്‍ക്കറി തന്നെ കഴിക്കണം (ഉഷ്ണം ഉഷ്ണേന ഡിസ്കോ ശാന്തി)
റാന്‍! അപ്പോ വിരല്‍ കടിക്കാന്‍ തക്കവണ്ണം സ്വാദില്‍ വക്കണമെങ്കില്‍ എന്തേലും പാചകകുറിപ്പ് കിട്ടിയിരുന്നെങ്കില്‍??
ഉം എഴുതിയെടുത്തോ!
ഞാന്‍ ദയനീയഭാവത്തില്‍ നോക്കിയപ്പോള്‍ വീണ്ടും ചോദ്യം? എഴുത്തറിയില്ല അല്ലെ?
ഉം, ഞാന്‍ വീണ്ടും മൂളി.
എങ്കില്‍ ടൈപ്പ് ചെയ്ത് പണ്ടാരമടങ്ങ്.
ലാപ്പ് ടോപ്പെടുത്ത് ഞാന്‍ തയ്യാറായി.
സ്വപ്ന ദേവത പറഞ്ഞ് തുടങ്ങിയപ്പോള്‍ ആ മുഖദാവില്‍ നിന്നും വീഴുന്ന ഓരോ വാക്കുകളും യൂണീകോഡാക്കി വരും തലമുറക്ക് വേണ്ടി ഞാന്‍ പകര്‍ത്തെടുത്തു.
ചേരുവകള്‍
മട്ടണ്‍ - 1.5 കിലോ (നെയ്യ് കമ്പ്ലീറ്റായി നീക്കം ചെയ്ത്, ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കിയത്)
പച്ച മല്ലി - 1 1/4 കൈ പിടി (കയ്യിന്റെ വലുപ്പമനുസരിച്ച് അല്പം കൂടുകയോ, കുറയുകയോ ചെയ്താലും വലിയ കുഴപ്പമില്ല)
കൊല്ല മുളക് അഥവാ ഉണക്കമുളക് - 10 എണ്ണം
കറുവപട്ട (അര ഇഞ്ച് വലുപ്പത്തിലുള്ളത്) - 5 കഷണം
ജീരകം - 3/4 ടേബിള്‍ സ്പൂണ്‍
പെരുഞ്ചീരകം - 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക് - 1 ടേബിള്‍ സ്പൂണ്‍
ഏലക്കായ - 3 എണ്ണം
ജാതി പത്രി - 1 ഇതള്‍
ചെറിയ ഉള്ളി - 25-30 എണ്ണം
മഞ്ഞള്‍ പൊടി - പാകത്തിന്
ഉപ്പ് - പാകത്തിന്
സബോള - 4 എണ്ണം (ഇടത്തരം വലുപ്പമുള്ളത്)
വെളുത്തുള്ളി - 8-10 അല്ലി
ഇഞ്ചി - 1 1/2 ഇഞ്ച് വലുപ്പത്തിലുള്ള കഷ്ണം
തക്കാളി - 2 എണ്ണം വലുത്
പച്ചമുളക് - 4 എണ്ണം നെടുകെ പിളര്‍ന്നത്
കറിവേപ്പില - 2 തണ്ട്
മല്ലിയില - അല്പം
വെളിച്ചെണ്ണ - വഴറ്റുവാന്‍ ആവശ്യത്തിന്
പാചകം ചെയ്യേണ്ട വിധം
ചീനചട്ടി ചൂടാക്കി അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് മല്ലി തവിട്ടുനിറം വിടുന്നത് വരെ (കരിക്കരുത്) വറുത്തെടുത്ത് മാറ്റി വെക്കുക.
അര സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്, മുളക് വറുത്തെടുത്ത് മാറ്റി വക്കുക.
അല്പം എണ്ണയൊഴിച്ച് കറുവപട്ടയും കുരുമുളകും ഒരുമിച്ച് വറുത്തെടുക്കുക
അല്പം എണ്ണയൊഴിച്ച്, ജീരകവും, പെരുഞ്ചീരകവും, ഏലക്കായും, ജാതിപത്രിയും വറുത്തെടുക്കുക
ആവശ്യത്തിന് എണ്ണയൊഴിച്ച് ചെറിയ ഉള്ളി തവിട്ടു നിറമാകുന്നതു വരെ വറുത്തെടുക്കുക.
മുകളിലെ ചേരുവകള്‍ എല്ലാം തന്നെ മിക്സിയിലിട്ട്, അര ഗ്ലാസ്സ് വെള്ളമൊഴിച്ച് (വെള്ളം അധികമാകരുത്, കുഴമ്പുപോലെ അരയാന്‍ പാകത്തിനു മാത്രം ഒഴിച്ചാല്‍ മതി) വെണ്ണപോലെ അരച്ചെടുക്കുക.
കഴുകി വെള്ളം പിഴിഞ്ഞു കളഞ്ഞ് വച്ചിരിക്കുന്ന മട്ടണ്‍ കുക്കറിലേക്കിട്ട്, ആവശ്യത്തിനു മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ക്കുക
ഇതിലേക്ക് അരച്ചെട്ടുത്ത മസാലക്കൂട്ട്T ചേര്‍ത്ത് നല്ലത് പോലെ കൈകൊണ്ട് തിരുമ്മി അരമണിക്കൂറോളം നേരം വച്ചതിനുശേഷം അടുപ്പില്‍ കയറ്റി രണ്ട് വിസില്‍ വരുന്നത് വരെ വേവിക്കുക.
മസാലപുരട്ടിയ മട്ടണ്‍ അടുപ്പില്‍ കയറുന്നതിനുമുന്പെടുക്കുന്ന അരമണിക്കൂര്‍ വിശ്രമവേളയില്‍ ചെയ്യേണ്ട കാര്യങ്ങള്‍
സബോളയും, ഇഞ്ചിയും വെളുത്തുള്ളിയും, പച്ചമുളകും, അരിഞ്ഞത്, ചെറിയ ഉരലിലോ മറ്റോ ഇട്ട് ചതച്ചെടുക്കുക.
തക്കാളി കുനു കുനെ അരിഞ്ഞ് മാറ്റി വക്കുക.
ചൂടായ ചീനചട്ടിയില്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് ഇടിച്ച് പരിപ്പെടുത്ത് വച്ചിരിക്കുന്ന സബോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് മിശ്രിതം ഇട്ട് വഴറ്റുക. തവിട്ടുനിറമാകാന്‍ തുടങ്ങുമ്പോള്‍, ഒരു തണ്ട് കറിവേപ്പില ചേര്‍ത്ത് വീണ്ടും വഴറ്റുക. നല്ലത്പോലെ വഴറ്റികഴിഞ്ഞാല്‍ അതിലേക്ക് കുനു കുനുന്നന്റെ അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക.
നല്ലത് പോലെ വഴറ്റി, എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന മട്ടണ്‍ ചീനചട്ടിയിലേക്കോ ഫ്രയിങ്ങ് പാനിലേക്കോ തട്ടി, അരഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് നല്ലത് പോലെ വഴറ്റുക. ഇടക്കിടെ ഇളക്കികൊടുക്കണം.
വെള്ളമെല്ലാം കുറുകി വറ്റുമ്പോള്‍, ഇറച്ചിക്ക് നല്ല കറുപ്പ് നിറം വരുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക.
കഴുകി വച്ചിരിക്കുന്ന ഒരു തണ്ട് കറിവേപ്പിലയും, മല്ലിയിലയും (സ്വന്തം ഇഷ്ടപ്രകാരം) വച്ച് അലങ്കരിക്കുക.
ചോറ്, കുബ്ബൂസ്, ചപ്പാത്തി, ബ്രെഡ്, പത്തിരി, ഗോതമ്പ് ദോശ, അരിദോശ, പൂരി, പുട്ട് തുടങ്ങി നിങ്ങള്‍ക്കിഷ്ടമുള്ള എന്തിന്റെ കൂടെ വേണമെങ്കിലും ഈ കറി ചേരും.
(കയ്യിലുള്ള ചപ്പടാച്ചി മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളായതിനാല്‍ ക്ലാരിറ്റി പോര മണ്‍ചട്ടി പോരെ എന്നൊന്നും ആരും ചോദിക്കല്ലെ).
Monday, March 03, 2008
മട്ടണ്‍ കുറുക്കറി
Subscribe to:
Post Comments (Atom)
25 comments:
"മട്ടണ്‍ കുറുക്കറി"
ലാപ്പ് ടോപ്പെടുത്ത് ഞാന്‍ തയ്യാറായി.
സ്വപ്ന ദേവത പറഞ്ഞ് തുടങ്ങിയപ്പോള്‍ ആ മുഖദാവില്‍ നിന്നും വീഴുന്ന ഓരോ വാക്കുകളും യൂണീകോഡാക്കി വരും തലമുറക്ക് വേണ്ടി ഞാന്‍ പകര്‍ത്തെടുത്തു.
മട്ടണ്‍ പ്രേമികളെ ഇതിലെ, ഇതിലെ!!
ദൈവമേ ഈ ഉച്ചനേരത്ത് തന്നെ ഇതു പോസ്റ്റണാരുന്നോ?
ദൈവം പൊറുക്കൂല്ലാ!!!
വായില്‍ ടൈറ്റാനിക്ക് ഓടിച്ചു കൊണ്ട് മുഴുവന്‍ നോക്കി. ഇനി ഇന്നു രാത്രി ഞാനും വിരല്‍ കടിക്കേണ്ടി വരുമോ ആവോ.
ഈ പച്ചമല്ലി ഒന്നേകാല്‍ കൈപിടി?
കൈ കൊണ്ടും കാലു കൊണ്ടു അളക്കണോ?
എന്തായാലും കണ്ടിട്ട് സംഗതി ഉഗ്രനാന്നു തോന്നുന്നു. അയല വറുത്തതും നെല്ലിക്കാ ചമ്മന്തിയും തൈരും ഈ മട്ടന്‍ കുറുക്കറിയാണെന്നു സാമാധാനിച്ചു കഴിക്കാം അല്ലാണ്ടിപ്പോ എന്താ ചെയ്കാ.
മല്ലിയില്‍ ആരോ കൈവിഷം തന്നിട്ടുണ്ടെന്ന് തോന്നുന്നു. കുറുമാന്റെ എല്ലാ റിസീപിയിലും മല്ലി മസ്സിലു പിടിച്ചു നില്ക്കുന്നകാണാം. എന്തായാലും ഇതും ഒന്ന് പരീക്ഷിച്ചുകളയാം.
എഴുത്ത് കലക്കി കുറുമാനേ..
ആ സ്വപ്നദേവത വന്നതും എഴുതാനറിയാത്തോണ്ട് ലാപ്ടോപ്പില്‍ കയറ്റിയതും..
പിന്നെ കറി എങനെയുന്ടെന്ന് ഉണ്ടാക്കി കഴിച്ചിട്ട് പറയാം..
നല്ല ഫ്രെഷ് ഇന്ത്യന്‍ മട്ടന്‍ ചില കടകളിലെ കിട്ടു, കുറു. ബലം പിടിച്ച ഇന്ത്യന്‍ ഫ്രോസന്‍ മട്ടന്‍ തലേന്ന് രാത്രി കട പുട്ടും മുന്‍പ് ഫ്രീസറിനു പുറത്തിട്ട്, കാലത് വരുമ്പോള്‍ അല്പം വെള്ളമൊഴിച്ച് കഴുകി, കെട്ടിത്തൂക്കി ഫ്രെഷ് മട്ടനാക്കി വില്ക്കുന്നവരും ഉണ്ട്. അതാ കാരണം.
ഈ ദേവതയെ ഒന്ന് കാണാന്‍ എന്താ വഴി? രാത്രിയില്‍ കൈവിരല്‍ കടിച്ച് രക്തം ഇറ്റിച്ച് പ്രസാദിപ്പിച്ചാ മത്യോ?
കുട്ടന് മേനന് പറഞ്ഞപോലെ മല്ലിയഭിഷേകം തന്നെ, ആകെ മൊത്തം!
എന്നാണൊ ഒന്ന് പരീക്ഷിക്കാന്‍ ഒക്കുക?
മേനോന് ചേട്ടാ ഇതിന്റെയൊന്നും ആവശ്യണ്ടാവുമായിരുന്നില്ല, ഒറങ്ങണേന്റെ മുന്‍പേ ആ വെരലില് ഇത്തിരി ചെന്നിനായകം പുരട്ട്യേര്ന്നെങ്കി..
ഇതൊരു മാതിരി കൊലച്ചതിയായിപ്പോയി.....ഇനി ഇങ്ങനെയുള്ളതൊക്കെ ശനിയാഴ്ചകളില്‍ മാത്രം പോസ്റ്റുക.......
ഇതാണാ ക്രിയേറ്റീവ് റെസിപീ, ക്രിയേറ്റിവ് റെസിപീ എന്ന് പറേണത്?
കുറുമാന്‍ജീ...
ഇതു കൊലച്ചതി ആയിപ്പോയീട്ടോ. ഞങ്ങള്‍ ബാച്ചികളെ ഇങ്ങനെ കൊതിപ്പിച്ചാല്‍ പാപം കിട്ടുംട്ടാ...
;)
വെജ് മട്ടണ്‍ ആക്കിക്കൂടെ???
മട്ടന്‍ കുറുമാണി...?
വെജിറ്റേറിയനാണെന്നു പറയുന്നതില്‍ നിന്നും കിട്ടുന്ന elite(ജാതിയെന്ന്നു വായിക്കുക) ഫീലിംങിനുവേണ്ടി, വെജിറ്റേറിയനാകുന്നത് കണ്ടു മനസ്സില്‍ ചിരീച്ചിട്ടുണ്ട്.
മറ്റൊരു ഫലിതം “വീട്ടില്‍ വെക്കില്ല” :)
വെജിറ്റേറിയനാണോന്ന്നു ചോദിച്ചാല്‍ yes/no ഉത്തരത്തിനു പകരം ഇങ്ങനെ പോകും “ഇന്‍ അവര്‍ കമ്യൂണിറ്റീ....” :)
ഇതിനേക്കാളൊക്കെ കോമടി നോണെന്നു കേള്‍ക്കുമ്പോള്‍ ഓക്കാനിച്ചു കാണിക്കുന്ന ഒരു ഒരു കൊളീഗുണ്ടായിരുന്നു (കൊച്ചു പൈയ്യന് - ജനിക്കാന്‍ പ്രായമായിട്ടില്ലായിരുന്നു) :)
ആ ജനിക്കാന്‍ പ്രായമായിട്ടില്ല പ്രയോഗത്തിനു ‘കട’പറയാന്‍ മറന്നുപോയി. ഈയിടെ ആരോ കല്യാണം കഴിക്കാന്‍ പ്രായമായിട്ടില്ലെന്നു പറഞ്ഞപ്പോള്‍ ചന്ദ്രക്കാറന്റെ വായില്‍ നിന്നും വന്ന പ്രയോഗമായിരുന്നു.
അത് ശരി. ഇതാണ് 'കുറുക്കറി! കൊതിപ്പിച്ചു കളഞ്ഞു! അതും പടോം ഇട്ടിട്ട്. ഇതിനുള്ള ക്ഷമയൊന്നും ഇല്ല.:-)
കുറുമാനെ, റെസിപ്പി കണ്ടിട്ട് മട്ടണ്‍കറി ഉണ്ടാക്കണമെന്ന് ഒരു ഡിസയര്‍ വരുന്നുണ്ടല്ലോ! ഓരോരോ തോന്നലുകളുണ്ടാവാന് വയറുകാളുന്ന നേരത്ത് നളപാചകം നോക്കിയ എന്നെ പറഞാല്‍ മതിയല്ലോ!
മട്ടന്‍ കാണുമ്പോള്‍ ഓക്കാനം വരുന്നര്‍ക്ക്...
മധവിക്കുട്ടി പണ്ടൊരിക്കല്‍ എവിടെയോ വച്ചുകാച്ചി "ജീവികളുടെ മൃതശരീരം വേവിച്ചുതിന്നുന്നവരെ ശവംതീനികളെന്നല്ലാതെ എന്തു വിളിക്കണം? എങ്ങനെ സഹിക്കുന്നു ഇതിന്റെ നാറ്റം?"
ദേവന് മുട്ടിനുമുട്ടിന് തെറിവിളിക്കുന്ന കാഞ്ച ഏലയ്യ "സാമ്പാറിന്റെയും മുരിങ്ങാക്കായയുടെയും നാറ്റത്തിനോളം വരില്ല വേവിച്ച മാംസത്തിന്റെ ഗന്ധം, എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും"
ഞാന്‍ ഏലയ്യയുടെ ഭാഗത്താണ് - ഭക്ഷണത്തിന് ശക്തമായ രാഷ്ട്രീയമുണ്ട്, അതിനുമേല്‍ നടത്തുന്ന വരേണ്യവല്ക്കരണം, അറിഞ്ഞോ അറിയാതെയോ, തികച്ചും പ്രധിരോധാര്ഹമാണ്.
ലോകത്തിലെ മഹാഭൂരിപക്ഷം മനുഷ്യരുടെ ഭക്ഷണശീലങ്ങളുടെ മേല്‍ ഓക്കാനിക്കാന് ആര്‍ക്കാണധികാരം? കൊല്ലിക്കുന്നതിലും ഭേദമല്ലേ കൊന്നുതിന്നുന്നത്?
കരുവാനേക്കാളും മെച്ചപ്പെട്ടതല്ല തട്ടാന്‍, ഇരുമ്പും സ്വര്‍ണ്ണവും എന്നത് വെറും പ്രതീകാത്മകദ്വന്ദങ്ങള് മാത്രമാണ്
(വ്യക്തിബന്ധങ്ങള്‍ മറയില്ലാതെ തെറിവിളിക്കാനുള്ള ലൈസന്‍സ് കൂടിയാണെനിക്ക്, അതുല്യ ക്ഷമിക്കുക)
ഓക്കാനിച്ചു നടന്നിരുന്ന പലരും ഇന്ന് ആക്രാന്തത്തോടെ കഴിക്കുന്നത് കാണുമ്പോഴാണു ശരിയായ ഓക്കാനം വരുന്നത്...
നളനോട് : ജാതി എന്റെ മനസ്സിലില്ല, അത് കൊണ്ട് എന്തെങ്കിലും കാര്യങ്ങള്‍ വരുമ്പോഴ്, ജാതിയെ കൂട്ടിക്കുഴയ്ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല,അതവിടെ ജാതിയുണ്ടെന്ന് ഓര്മ്മിപ്പിയ്ക്കലാണെനിക്ക്.
കൌമാരത്തിലെ സാഹസീകപതിപ്പിലെ ചില ഏടുകളിലെ വാക്കുകള്‍ ചിലരോട് പകര്‍ത്തുമ്പോഴും, കൂടെ കറങ്ങി നടന്ന ചില പുരുഷന്മാരുടെ (ഇപ്പോഴും) പേരുകള്‍ ചില സദസ്സുകളില്‍ അല്ലെങ്കില്‍ മറ്റാരോടെങ്കിലുമോ ഒക്കെ പറയുമ്പോഴുമൊക്കെ കാണിക്കുന്ന സത്യസന്ധത, അതായത് എനിക്ക് പെണ് സുഹ്രത്തുക്കളെക്കാള് ഏറേയിഷ്ടം പുരുഷന്റെ സാമീപ്യമാണെന്ന് പറയുന്നതിലുള്ള എന്റെ ഗ്രേഡിങ്, ഈ ഭക്ഷണ കാര്യത്തിലും ഞാന്‍ പറഞന്നേയുള്ളു. (ചില സ്ത്രീകളുടേ സ്വഭാവം കാണുമ്പോഴ് എനിക്ക് ശര്ദ്ദിയ്ക്കാന് വരാറുണ്ട്, അതും സത്യം). ഇവയിലൊന്നും എനിക്ക് എലൈറ്റ് ഫീലിങ് കിട്ടാറില്ല, ഹോണസ്റ്റായി പറയാന്‍ കഴിഞല്ലോ എന്നേ തോന്നാറുള്ളു. വീട്ടില്‍ വയ്ക്കാണ്ടേ പുറത്ത് പോയി കഴിച്ച് വരുക എന്ന ചുളു വിദ്യയും (അല്ലെങ്കില്‍ മറ) ജീവിതത്തിലും കാട്ടാറില്ല ഞാന്‍. ഇഫ് ഇറ്റ് ഈസ് തെര്, ഇറ്റ് ഈസ് എവരി വെയര്‍ എന്നാക്കുകയാണു പഥ്യം.
ചന്ത്രക്കാരനു: ഭക്ഷണക്കാര്യത്തിലേ രാഷ്ട്രീയത വരേ പോണോ സര്? വേശ്യയയേ കാണുമ്പോഴ്, പരിചയപ്പെട്ട്, അവരോട് മിണ്ടുമ്പോഴ്, നല്ലത് ചീത്ത എന്നൊക്കെ പറയാണ്ടേ, (അവര്‍ തിരഞെടുത്ത രീതിയായത് കൊണ്ട്) കഴിയുമെങ്കില്‍ ലുക്ക് ആഫ്ട്ടര്‍ യുവര്‍ ഹെല്‍ത്ത് എന്ന് പറയാറുണ്ട്,(ഹൊപ്പ് യൂ ഗോട്ട് വാട്ട് എഇ മീന്‍), അത് പോലെയാണു ഞാനീ കമന്റിട്ടതും. ഭക്ഷണത്തിനു മീതെ, ഓക്കാനിച്ച് കാട്ടീത് പെരുമപരാധം, ഡില്ലീറ്റാക്കി ഞാന്‍.
ഓള്‍ഡ് സേയിങ് ഗോസ് - നിന്റെ അന്നം എന്റെ വിഷം. അത്രേയേയുള്ളു. തെറി വിളികളെനിക്ക് നിങ്ങളേയൊക്കെ എന്ന പോലെ ഇഷ്ടമാണു താനും.
കുറൂ.. ഓഫിനു മാപ്പ്.
please send this recipe to my mail sivaoncall@gmail.com.
with love,
siva.
അതുല്യയുടെ മനസ്സില്‍ ജാതിയുണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ല.
“എന്തെങ്കിലും കാര്യങ്ങള്‍“ വരുമ്പോഴ്, ജാതിയെ കൂട്ടിക്കുഴയ്ക്കുന്നതിനോട് എനിക്കും യോജിപ്പില്ല.
ഓക്കാനം ചുറ്റുമുള്ള കുറച്ചു യാഥാര്‍ഥ്യങ്ങളെ ഓര്‍മ്മിപ്പിച്ചു, അത്രേയുള്ളൂ.
കുറുജീ.......ഒന്നും പറയുന്നില്ല..
എനിക്കു സങ്കടം വന്നുപോയി
ഓ.ടോ..ആ മസാലയിടിക്കുന്ന ആനവാല്കെട്ട്യ വളയിട്ട കൈകള്‍?
Excellent posting and good food!
Have a good weekend.
കെട്ട്യോന്റേം മക്കള്ടേം നേരെ ഇതൊന്നു പ്രയോഗിച്ചു നോക്കുന്നുണ്ട്.
റീനി ലിങ്കിനു നന്ദി.
ഇനി നളന്സുകളോടും മറ്റു പാചക കമ്മറ്റിയോടും ഒന്നു ചോദിച്ചോട്ടെ. ഈ പെസഹ അപ്പം ഏതു അലവലാതിക്കും (എന്നെപ്പോലെയുള്ള) ഉണ്ടാക്കാമൊ? അതിനു പുറത്ത് കുരുത്തോല കുരിശാക്കി വെക്കണമെന്നും ദിവ്യത്തമുണ്ടെന്നും ഇല്ലെങ്കില്‍ പാചകക്കാരന്റെ കാര്യം കുരിശാവുന്നൊക്കെ ഇവിടുത്തെ വിശ്വാസി സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തുന്നു.?
കുറുജി വീണ്ടും പണി പറ്റിച്ചു...
ഇന്ന് മട്ടന്‍ കുറുക്കറി ഉണ്ടാക്കി..
കിടിലന്‍ :)
കുറുമാന് നന്ദി.......
Post a Comment