Sunday, March 23, 2008

കൂര്‍ക്കയിട്ട ബീഫ്

തൃശ്ശൂരെ ക്രിസ്ത്യാനികളുടെ വീടുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കൂര്‍ക്കയിട്ട(koorkka, chinese potato) ബീഫ്. ബീഫിനൊപ്പം കൂര്‍ക്ക, കൊള്ളിക്കിഴങ്ങ് (കപ്പ), നേന്ത്രക്കായ, ചെറുകായ, ചേന, ചേമ്പ്, കാവത്ത്, കുമ്പളങ്ങ, എന്നിവയൊക്കെ ചേര്‍ത്ത് വെയ്ക്കുന്ന പതിവ് തൃശ്ശൂര്‍ക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് തോന്നുന്നു.


ആവശ്യമുള്ള സാധനങ്ങള്‍

1. ബീഫ് - ഒരു കിലോ (ചെറിയ കഷണങ്ങളാക്കിയത്)
2. കൂര്‍ക്ക - 500 ഗ്രാം (തൊലികളഞ്ഞ് ഇടത്തരം വലിപ്പത്തില്‍ കഷണങ്ങളാക്കിയത്. ചെറിയ കൂര്‍ക്കയാണ് നല്ലത്)
3. മഞ്ഞള്‍ - അര ടീസ്പോണ്‍
4, പച്ചമുളക് - 7 എണ്ണം (നീളത്തില്‍ അരിഞ്ഞത് )
5. ചുവന്നുള്ളി - 15 എണ്ണം (തൊലികളഞ്ഞത്)
6. വെളുത്തുള്ളി - 20 അല്ലി ( വലുതാണെങ്കില്‍ 6 അല്ലി)
7. മല്ലി - മുഴുവനായി ( 3 ടീസ്പൂണ്‍)
8. മുളക് പൊടി - 2 1/2 ടീസ്പൂണ്‍
9. തേങ്ങ - ഒന്ന് ( ചിരവിയത്)
10. വെളിച്ചെണ്ണ - 5 ടീസ്പൂണ്
11. കറുവപ്പട്ട - 2 കഷണം
12. ഏലക്കായ് - 4 എണ്ണം
13. ഗ്രാമ്പു - 6
14. പെരുഞ്ജീരകം - 1 ടീസ്പൂണ്‍
15. ഉപ്പ്
16. കറിവേപ്പില ( 2 കതിര്‍പ്പ്)
17. കടുക് (ആവശ്യത്തിനു)

പാചകം ചെയ്യേണ്ട വിധം

ബീഫ് മഞ്ഞള്‍ പൊടിയും മുളകുപൊടിയും ചേര്‍ത്ത് മിക്സ് ചെയ്ത് കുക്കറില്‍ അര ഗ്ലാസ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ആറു വിസില്‍ വന്നതിനു ശേഷം ഇറക്കി വെയ്ക്കുക.
ഈ സമയം ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാക്കുക. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ തേങ്ങ ചിരവിയത് ചേര്‍ത്ത് നന്നായി ഇളക്കുക.തീകുറച്ച് നന്നായി ഇളക്കുക. തേങ്ങയുടെ നിറം ചെറുതായി മഞ്ഞ നിറമാവുമ്പോള്‍ ചുവന്നുള്ളിയും(10 അല്ലി) വെളുത്തുള്ളിയും(പകുതി) ചേര്‍ത്തിളക്കുക. കൂടെ മസാല(11,12,13,14 ചേരുവകള്‍)യും മല്ലിയും ചേര്‍ത്തിളക്കുക. കൈ വേദനിച്ചാലും ഇളക്കിക്കൊണ്ടെയിരിക്കുക. കരിയ്ക്കാന്‍ സമ്മതിക്കരുത്. അതിനുമുമ്പ് തീ ഓഫാക്കുക. ഇത് ചൂടാറിയതിനു ശേഷം മിക്സിയില്‍ അരച്ചെടുക്കുക(അമ്മിയില്‍ ആയാല്‍ സ്വാദ് കൂടും. കൈ വേദനയും മാറും !! ) വെള്ളം അധികമില്ലതെ വേണം അരയ്ക്കാന്‍. ഒരു കുഴമ്പു രൂപത്തില്‍ എടുക്കണം.
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കൂര്‍ക്കയില്‍ അല്പം മഞ്ഞള്‍ പൊടിയും കുറച്ച് വെള്ളവും ചേര്‍ത്ത് മണ്‍കലത്തില്‍ (മണ്‍കലമില്ലെങ്കില്‍ വെറും കലവുമാവാം .. തനതായ രുചിയ്ക്ക് മണകലം തന്നെയാണ് നല്ലത് ) വേവിക്കുക. പകുതി വേവാവുമ്പോള്‍ തീ കുറച്ച്, വേവിച്ചു വെച്ചിരിക്കുന്ന ബീഫും ആ‍വശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്യുക.
ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാ‍വുമ്പോള്‍ നാലു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടാവുമ്പോള്‍ കടുക് പൊട്ടിക്കുക. വേപ്പിലയും ചേര്‍ക്കുക. ബാക്കിയുള്ള വെളുത്തുള്ളിയും ചുവന്നുള്ളിയും ചതച്ചത് ചേര്‍ക്കുക. ഈ മിശ്രിതം മൊരിഞ്ഞ മണം വരുമ്പോള്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കുഴമ്പുരൂപത്തിലുള്ള അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണ തെളിയുന്നതുവരെ ഇളക്കിക്കൊണ്ടേയിരിക്കുക. എണ്ണ തെളിഞ്ഞു നല്ല ഒരു മണം വന്നാല്‍ ഇവനെ എടുത്ത് വെന്തുകൊണ്ടിരിക്കുന്ന ബീഫിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കണം. തിളച്ചു തുടങ്ങിയാല്‍ തീ ഓഫ് ചെയ്യാം. പാത്രം മൂടി വെയ്ക്കണം. മണ്കലത്തിലാണെങ്കില്‍ തീ ഓഫ് ചെയ്താലും കുറെ നേരം തിളച്ചുകൊണ്ടെയിരിക്കും.


കൂര്‍ക്കയിട്ട ബീഫ് റെഡി. ഇത് ചോറ്, അപ്പം, ചപ്പാത്തി തുടങ്ങിയവയ്ക്കൊപ്പം കഴിയ്ക്കാം.


തൃശ്ശൂരിലെ ചില ബാറുകളില്‍ ഈ വിഭവം അപൂര്‍വ്വമായെങ്കിലും കണ്ടിട്ടുണ്ട്.

എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ !



21 comments:

asdfasdf asfdasdf said...

ഈസ്റ്ററായിട്ട് തൃശ്ശൂര്‍ക്കാരുടെ സ്പെഷ്യല്‍ ഒരു കറി.

ശ്രീവല്ലഭന്‍. said...

ബീഫ് ഒത്തിരി കണ്ടിട്ടുണ്ടേലും കൂര്‍ക്കയിട്ട ബീഫ് ആദ്യമായിട്ടാ :-)

നോക്കട്ടെ....
ഈസ്റ്റര്‍ ആശംസകള്‍

വിന്‍സ് said...

കൂര്‍ക്ക ഇട്ടു കഴിച്ചിട്ടില്ല പക്ഷെ കാവത്തും (??) വെള്ളിരിക്കയും (പന്നിയിറച്ചിയില്‍ ഇടാറുണ്ട്) ഒഴികേ ബാക്കി എല്ലാം ഞങ്ങളുടെ ഭാഗത്ത് (മുവാറ്റുപുഴ) കോമണ്‍ ആണു.

Rejinpadmanabhan said...

കുട്ടേട്ടനു ഈസ്റ്റര്‍ ആശംസകള്‍.
താറാവുകറീം പാലപ്പോമാണ് ഈസ്റ്ററിന്റെ
പരമ്പരാഗത വിഭവങ്ങള്‍ , . [ എന്റെ ക്രിസ്ത്യാനികൂട്ടുകാരന്മാരുടെ വീട്ടിലെ ഈസ്റ്റര്‍ ദിനങ്ങള്‍ നല്‍കിയ കൊതിയൂറുന്നൊരോര്‍മ.]

യാരിദ്‌|~|Yarid said...

ഞാനാദ്യം വായിച്ചതു ബുര്‍ക്കയിട്ട ചീഫെന്നാ..:-S

ഇതു കഴിച്ചിട്ടുണ്ടുട്ടാ...നല്ലതാ. പണ്ടൊരിക്കല്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനായി തൃശൂര്‍ പീച്ചി ഡാമിനടുത്തുള്ള ഒരു സെമിനാരിയില്‍ പോയപ്പോഴവിടത്തെ കന്യാസ്ത്രികള് ഇതു വെച്ചു തന്നിടുണ്ടായിരുന്നു..:D

പ്രിയ said...

റെഡ് മീറ്റ് തിന്നാന് പാടില്ല അതോണ്ട് എല്ലാരും "ബീഫ്" എന്നതിനെ "നൂട്രീലാ / സോയ ചങ്സ് " എന്ന് മാറ്റി വായിക്കണേ ;)

ഈ "കാവത്ത് " എന്ന് പറഞ്ഞാല് എന്താ?

ടാങ്ക്സ് മേനോന്ജി :)

asdfasdf asfdasdf said...

കാവുത്ത് / കാവത്ത് / കാച്ചില്‍ എന്നൊക്കെ ഇതിനെ പറയും
വള്ളിക്കാച്ചില്‍ എന്നത് ഇതിന്റെ മുകളിലുണ്ടാകുന്ന ഭാഗമാണ്. പടം താഴെ.
http://bp2.blogger.com/_ktDRMNMy9tk/RzAk_MzgqCI/AAAAAAAAAX8/4Mqoe2GvgAM/s1600-h/kavuth.JPG

ഇതിന്റെ ഭൂമിയ്ക്കടിയിലുള്ള ഭാഗ(storage) ത്തിനു വിശ്ശേഷപ്പെട്ട രുചിതന്നെയാണ്. ഇത് വേവിച്ച് തേങ്ങയും നല്ലജീരകവും വെളുത്തുള്ളിയും കൂടി അരച്ച് ചേര്‍ത്തുണ്ടാക്കുന്ന വിഭവം ഒരു പക്ഷേ കപ്പപ്പുഴുക്കിനേക്കാള്‍ സ്വാദിഷ്ടമായിരിക്കും.

സുല്‍ |Sul said...

ഇതാദ്യായിട്ടാ കേക്കണേ.
നീയേത് തൃശൂരാരനാടാ ന്ന് ചോദിക്കരുത്.

-സുല്‍

പ്രിയ said...

ഓ ഓ ... കാച്ചില് ആര്ന്നോ? അത് എന്റേം ഫേവറിറ്റ് തന്നെ . പ്രത്യേകിച്ച് നീലകാച്ചില്. തിരുവാതിരപുഴുക്കും :) തന്നെ തന്നെ, കപ്പയേക്കാള് കേമം തന്നെ. ഇഞ്ചിയുടെ ബ്ലോഗ്ഗില് ഒരു " ഗെസ് വാട്ട് " പോസ്റ്റ് ഇതാരുന്നു.

പിന്നെയും ഡൌട്ട് . ഈ കുമ്പളങ്ങാക്കെന്നാ ഇവിടെക്കാര്യം ? ബാക്കിയെല്ലാരും നല്ല ബോള്ഡ് ന ബ്യൂട്ടിഫുള്.

കുഞ്ഞന്‍ said...

ഹൊ..ഇതു വായിച്ചിട്ട് വായില്‍ ഒരു കപ്പലോടിക്കാനുള്ള വെള്ളം..!

കുമ്പളങ്ങക്കിവിടെ എന്തുകാര്യം??


ഈസ്റ്ററാശംസകള്‍..!

എതിരന്‍ കതിരവന്‍ said...

കൂര്‍ക്ക രണ്ടായി മുറിച്ചാല്‍ തന്നെ ചെറിയ കഷണമാകും. പിന്നെ ഇടത്തരം വലുപ്പത്തില്‍ കഷണങ്ങളാക്കുന്നുതെങ്ങനെ? ഒരു സംസം.

കൂര്‍ക്ക തൊലി കളയാന്‍ ഒരു ചെറിയ ചാക്കിലാക്കി നിലത്തിനിട്ട് അടിയ്ക്കുകയാണ്‍ നാടന്‍ രീതി. ‘കൂര്‍ക്ക തല്ലുക’ എന്നു പേര്‍ ഈ പ്രവൃത്തിയ്ക്ക്.


കൂര്‍ക്കയുടെ ‘സാംസ്കാരികചരിത്രം‘ അന്വേഷിക്കപ്പെടേണ്ടതാണ്. തമിഴ്നാട്ടുകാര്‍ക്ക് ഇതിനെപ്പറ്റി അറിയാനേ പാടില്ല. ഇംഗ്ലീഷില്‍ ചൈനീസ് പൊടറ്റൊ എന്നു പറയുന്നതുകൊണ്ട് ചൈനയില്‍ നിന്നും നേരെ കേരളത്തിലേക്കു വന്നോ?

പ്രിയ said...

ഇഞ്ചിപെണ്ണിന്റെ ബ്ലോഗില് ഒരു കൂര്ക്ക വാരാഘോഷം തന്നെ ഉണ്ടായിരുന്നല്ലോ എതിരന്‍ കതിരവന്‍. കണ്ടില്ലായിരുന്നോ?

http://myinjimanga.blogspot.com/2008/01/small-is-better-koorkka.html

asdfasdf asfdasdf said...

കൂര്‍ക്ക പലതരമുണ്ട്.
1.ചുവന്ന മണ്ണിലുണ്ടാകുന്നത്. ഇതിനു നല്ല വലിപ്പമുണ്ടായിരിക്കും. ഒരെണ്ണം നാലും അഞ്ചും കഷണങ്ങളാക്കാം. രുചി അല്പം കുറവാണ്.
2.ചരല്‍ മണ്ണില്‍ (അല്ലെങ്കില്‍ വെള്ളമണ്ണില്‍) ഉണ്ടാവുന്നവ. ഇവ തുലോം ചെറുതാ‍യിരിക്കും. ഇതിനു നല്ല രുചിയുണ്ടായിരിക്കും. ഇത് കഷണങ്ങളാക്കേണ്ട ആവശ്യമുണ്ടാവില്ല.

ചെറിയ കൂര്‍ക്കയെ നന്നാക്കിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഇതുപോലെയുള്ള മെഷീനീലിട്ടാല്‍ പെട്ടന്ന് നന്നാക്കിയെടുക്കാം (http://www.diytrade.com/china/4/products/1714009/Potato_Peeling_Machine_FX-118.html) ഇതിനെ കൂര്‍ക്കമെഷീന്‍ എന്നു വിളിക്കും.
:) :)

riyaz ahamed said...

ആകെ കൂര്‍ക്ക മയമാണല്ലോ. കൂര്‍ക്ക നട്ട കുന്ന് ഇപ്പോള്‍ വായിച്ചു.

റീനി said...

ബീഫിന്റെ കൂടെ കൂര്‍ക്ക, കൊള്ളിക്കിഴങ്, കുമ്പളങ, നേന്ത്രക്ക ഇടുന്നത് ആദ്യമായി കേള്‍ക്കുകയാ.
ഞങ്ങളുടെ അങ്ങോട്ട് അത്യാവശ്യമാണെങ്കില്‍ അല്‍പ്പം തേങ്ങ കൊത്തിയിടും.
കാച്ചിലിന്റെ മറ്റൊരു പേരല്ലേ കാര്‍മോസ എന്നത്?

തോന്ന്യാസി said...

റീന്യേയ്...

ഞങ്ങടെ ന്നാട്ടില് കര്‍മൊസാ എന്നു പറയുന്നത് പപ്പായക്കാണ്.

ഓമയ്ക്ക,കറുവത്ത് ഇതൊക്കെ ആ സാധനത്തിന്റ്റ്റെ പര്യായങ്ങളാണ്.

Unknown said...

വിശന്നിരിക്കുമ്പൊ തന്നെ വായിക്കാന്‍ പറ്റിയ പോസ്റ്റ്. ഹോ എന്റെ ഗുരുവായൂരപ്പാ. (ഞാന്‍ മോഹാലസ്യപ്പെട്ടു വീണിരിക്കുന്നു. ഓഫീസിന്റെ ഫ്ലോറിലെ ടൈത്സ് പൊട്ടി)

asdfasdf asfdasdf said...

വെറുതെയല്ല ഇപ്പോള്‍ അജ്മാനിലേക്ക് ജെസിബികള്‍ വരിവരിയായി പോകുന്നത് .

ശ്രീ said...

:)

Rasheed Chalil said...

ബുര്‍ക്കയിട്ട ബീഫ്...

പോസ്റ്റ് വായിച്ച് ദില്‍ബന്‍ ചരിഞ്ഞു. (വീണു... ല്ലേ)

അല്ഫോന്‍സക്കുട്ടി said...

കൊതിയായിട്ട്, വായില്‍ വെള്ളം വന്നു.

കൂര്‍ക്കയിട്ട ബീഫ് തിന്നാത്തവര് ജീവിച്ചിരുന്നിട്ടെന്താ കാര്യം. അതിന്റെ ടേസ്റ്റല്ലേ ടേസ്റ്റ്. വട്ടേപ്പത്തിന്റെ കൂടെയും ബെസ്റ്റാ. മുംബൈയിലിപ്പോ കൂര്‍ക്ക കിട്ടാനില്ല.