തലകഷ്ണം.
ചില സൂചനകള്‍.
1. ഈ വിഭവത്തിന്റെ പ്രത്യേകത ഇത് കഴിക്കുന്നവര്‍ക്കും കഴിക്കാത്തവര്‍ക്കും ഉണ്ടാക്കാം എന്നതാണ്.
2 .അവധി ദിവസങ്ങളില്‍ അതിരാവിലെ ഒമ്പതിന് എഴുന്നേറ്റ് കാലിയായ വയറുമായി അടുക്കളയിലെത്തുന്ന (ഇത് അടുക്കള ഉള്ളവര്‍ക്ക് മാത്രം ബാധകം. ഇല്ലാത്തവര്‍ ഇതൊന്നും വിധിച്ചിട്ടില്ലന്ന് കരുതി സമാധാനിക്കുക.)വര്‍ക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത വിഭവമാണ് ഇത്.
3. ബാച്ചികള്, എക്സ് ബാച്ചികള്,ടെമ്പററീ ബാച്ചികള് എന്നിവര്‍ക്ക് പുറമേ ഭാര്യയെ സഹായിക്കാനാഗ്രഹിക്കുന്ന ഭര്ത്താക്കന്മാര്, ഭാര്ത്താക്കന്മാര് കിച്ചണില്‍ എത്തരുതേ എന്ന് ശഠിക്കുന്ന ഭാര്യമാര്‍, സുഹൃത്തിന് പാര പണിയണം എന്ന് ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ അങ്ങനെ മലയാളിയായി പിറന്ന എല്ലാവര്ക്കും (അല്ലാത്തവര്‍ക്കും പറ്റും) വളരേ എളുപ്പം പാകം ചെയ്യാവുന്ന ഒരു വിഭവമാണിത്.
നടുക്കഷ്ണം:
പാചക യുദ്ധത്തിനിറങ്ങും മുമ്പ് തയ്യാറാവുക.
റവ : 2 കപ്പ്.
വലിയ ഉള്ളി : 1
പച്ചമുളക്. 2 എണ്ണം.
ഇഞ്ചി ഒരു ചെറിയ കഷ്ണം.
കറിവേപ്പില. ഒരു ഇല്ലി.
കടക്: ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ/ഡാല്‍ഡ
ഒരുക്കം:
വലിയ ഉള്ളി ചെറുതായി അരിയുക. പച്ചമുളക്, ഇഞ്ചി, കരിവേപ്പില പൊടിയായി അരിയുക.
എന്നാല്‍ തുടങ്ങാം : സാറ്റാര്‍ട്ട് ... ആക്ഷന്‍.
ഒരു ചീന ചട്ടിയില്‍ (മേഡിന് ചൈന ആവണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല) കുറച്ച് എണ്ണ (അല്ലങ്കില്‍ ഡാല്‍ഡ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഓയില്‍) നന്നായി ചൂടായ ശേഷം കടുക് പൊട്ടിക്കുക.
ശേഷം വലിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില (ഇവരെ പൊടിയായി അരിഞ്ഞ് വെച്ചിരുന്നു കുറച്ച് മുമ്പ്) എന്നിവ അതിലിട്ട് വഴറ്റുക.
മൂന്ന് മിനുട്ടിന് ശേഷം ചീനചട്ടിയിലേക്ക് നാല് കപ്പ് വെള്ളം ഒഴിച്ച്, പാകത്തിന് ഉപ്പ് ചേര്‍ത്താല്‍ പിന്നെ കുറച്ച് സമയം മൂളിപ്പാട്ട് പാടാം. വെള്ളം തിളച്ച് വരുമ്പോള്‍ അതില്‍ ചാടാനായി കാത്തിരിക്കുന്ന റവയേ കുറേശ്ശെയായി ഇടുക. കൂടെ പതുക്കേ ഇളക്കുക. രണ്ട് മിനുട്ട് കഴിയുമ്പോഴേക്കും ഉപ്പുമാവ് റെഡി.
ഇനി വീക്കെന്റായതിനാല് ഏതെങ്കിലും ഫ്രന്‍സോ മറ്റോ എത്തീട്ടുണ്ടെങ്കില്‍ കുറച്ച് കൂടി കുട്ടപ്പനാക്കി എടുക്കാം.
അതിനായി ചെറിയ മോഡിഫിക്കേഷന്‍സ് :-
1. റവ വറുത്തെടുക്കുക.
2 കശുവണ്ടി പരിപ്പ്, ഉണക്ക മുന്തിരി, ബദാം പരിപ്പ് എന്നിവ വഴറ്റിയെടുക്കുന്നവയുടെ കൂടെ ചേര്‍ക്കുക.
3. വെള്ളത്തിന്റെ മൂന്ന് ഗ്ലാസ് കുറയ്ക്കുക.
പിന്നേ മുകളില്‍ പറഞ്ഞപോലൊക്കെ ചെയ്താല്‍ ഒരു വിഭവം ഉണ്ടാവും. അതിന് ഉപ്പുമാവ് എന്നൊരു പഴയ പേര് ഉണ്ട്. വേണമെങ്കില്‍ മാറ്റിയെടുക്കാം.
വാല്‍കഷ്ണം:
ഉപ്പുമവ് ഉപ്പു പായസമായാല് ഞാന്‍ ഉത്തരവാദിയല്ല.
Thursday, June 28, 2007
ഉപ്പുമാവ് കഴിക്കൂ ആഘോഷിക്കൂ...
Monday, June 25, 2007
വന്‍ പയര്‍ പുഴുക്ക്
ചേരുവകള്‍
വന്‍ പയര്‍ ഒരു കപ്പ് (ഒരു രാത്രി വെള്ളത്തിലിട്ട് കുതിര്‍ത്തത്)
തേങ്ങ ഒരു മുറി
ചെറിയ ഉള്ളി 10 എണ്ണം
വെളുത്തിള്ളി 10 അല്ലി
കറിവേപ്പില 2 തണ്ട്
വറ്റല്‍ മുളക് 4 എണ്ണം
മഞ്ഞള്‍ പൊടി കാല് റ്റീസ്പൂണ്‍
പച്ച മുളക് 2 എണ്ണം
ജീരകം കാല് റ്റീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം
പയര്‍ നന്നായി വേവിക്കുക (പകുതി വേവാകുമ്പോള്‍ ഉപ്പ് ചേര്‍ക്കണം)
ബാക്കി ചേരുവകളെല്ലാം തരിയായി അരച്ചെടുക്കണം
വെന്ത് വെള്ളം വറ്റിയ പയറില്‍ ഒരു ചെറിയ കുഴിയുണ്ടാക്കി അതിലേക്ക് അരച്ച് വച്ച തേങ്ങ ചേര്‍ത്ത് മൂടുക. തീ കുറയ്ക്കുക.
രണ്ട് മിനുട്ട് കഴിഞ്ഞ് നല്ലോണ്ണം ഇളക്കുക. വെള്ളം കൂടുതലുണ്ടെങ്കില്‍ വറ്റിക്കണം.
കഞ്ഞി, പുട്ട്, കള്ള് മുതലായവയ്ക്ക് ഉത്തമ കൂട്ട്!
Tuesday, June 19, 2007
കേരള ചിക്കന്‍ കറി
ഒരു വലിയ കോഴി , അറുത്തു മുറിച്ചു 32 കഷണമാക്കണം.
രണ്ടു നല്ല നാളികേരം
സവാള കാല് കിലോ(വളരെ നേര്‍ത്തതായി അരിയുക).
തക്കാളി കാല് കിലോ(ചെറുതായി അരിഞ്ഞത്)
പച്ചമുളക് 50ഗ്രാം( ചെറുതായി അരിയുക).
ഇഞ്ചി 50ഗ്രാം (പേസ്റ്റാക്കുക).
വെളുത്ത ഉള്ളി 50 ഗ്രാം(പേസ്റ്റാക്കുക).
കറിവേപ്പില ( ഒരു ബഞ്ച്).
പെരും ജീരകം ഒരു ടീസ്പൂണ്‍.
നല്ല ജീരകം ഒരു ടീസ്പൂണ്‍.
ഉലുവ അര ടീസ്പൂണ്‍.
കടുക് ഒരു ടീ സ്പൂണ്‍.
ഏലക്കാ 15 എണ്ണം (ചതയ്ക്കുക).
കുരുമുളക് 25 എണ്ണം.
കറുകപട്ട 10ഗ്രാം.
കരയാമ്പൂ 10ഗ്രാം.
മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
മല്ലി പൊടി ഒന്നര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ ഒരു ടീ സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന് (അര കിലോ കരുതി വെയ്ക്കുക..)
ഉപ്പ് ആവശ്യത്തിന് .
സാധാരണ കോഴിക്കറിയില്‍ നിന്നുമല്‍പ്പം വ്യത്യസ്ഥമായതാണിത്.
മുറിച്ച കോഴി, കഴുകിയതിന് ശേഷം ഒരു അരിപ്പയില്‍ മാറ്റി വെയ്ക്കണം (അതിലെ വെള്ളം തോര്‍ന്നു പോകാന്‍).
ആദ്യം തേങ്ങ ചിരവി മാറ്റി വെയ്ക്കുക.
ഒന്നാം ഘട്ടം.
സാമാന്യ ഇത്തിരി വലുപ്പമുള്ള ഉരുളിയില്‍ കാല് കിലോയോളം വെളിച്ചെണ്ണ (നല്ല വെളിച്ചെണ്ണയായിരിക്കണം, ഒട്ടും കാറരുത്) ചെറിയ തീയ്യില്‍..ചൂടാക്കി, അതില്‍ ഏലക്ക,കരയാമ്പൂ,പട്ട, കുരുമുളക്, പെരുംജീരകവും , നല്ല ജീരകവും (ഉള്ളതില്‍ പകുതി മാത്രമേ ചേര്‍ക്കാവൂ)കറിവേപ്പില (പകുതി അതായത് നാലഞ്ചു അല്ലികള്‍) എന്നിവ ഒന്നു ചൂടാക്കിയതിനു ശേഷം, മാറ്റിവെച്ച തേങ്ങയും ചേര്‍ത്ത്, നിറുത്താതെ ഇളക്കുക. ശരിക്കും സ്വര്‍ണ്ണ നിറമായതിന് ശേഷം (വെളിച്ചെണ്ണ ഒരു ഭാഗത്ത് ഊറി വരും) മാറ്റുക (പ്രത്യേകം ശ്രദ്ധിക്കേണ്ടത് തീ കൂട്ടരുത്).
തേങ്ങ വറുത്തത് ചൂടാറിയതിന് ശേഷം ഗ്രൈന്ററിലിട്ട് നന്നായി അരയ്ക്കുക (ഒരു ചെറുതരി പോലും ഉണ്ടാവത്ത വിധം).
രണ്ടാം ഘട്ടം
വലിയ പാത്രത്തില്‍, ഇത്തിരി വെളിച്ചെണ്ണ (50 ഗ്രാം) ചൂടാക്കുക. (ചെറിയ തീയ്യില്‍)
അതിലേക്ക് പേസ്റ്റാക്കി വെച്ച ഇഞ്ചി ആദ്യമിടുക, ഒന്നു വാട്ടിയതിന് ശേഷം വെളുത്ത ഉള്ളിയും, പിന്നീടതിലേക്ക് ഉലുവ ചേര്‍ക്കുക.. ഒരല്പം ഇളക്കിയതിനു ശേഷം. അതിലേക്ക് അരിഞ്ഞുവെച്ച സവാള ചേര്‍ക്കുക.. സവാള ശരിക്കും സ്വര്ണ്ണവര്ണ്ണത്തിലായാല് ചരുവയുടെ ഒരു ഭാഗത്തേക്ക് സവാള മാറ്റുക, മറുഭാഗത്ത് അരിഞ്ഞു വെച്ച തക്കാളി ഇട്ടൊന്നു ചൂടായതിന് ശേഷം സവാളയും തക്കാളിയും, മിക്സ് ചെയ്യുക. ഇവ ശരിക്കും ഒരു പേസ്റ്റായാല് അതിലേക്ക് മഞ്ഞള്‍ പൊടിയിട്ടു നന്നായി ഇളക്കുക. എന്നതിന് ശേഷം മുളകു പൊടിയും അതുമൊന്നു ഇളക്കിയതിന് ശേഷം, മല്ലിപൊടിയും ചേര്‍ത്തു നന്നായി പേസ്റ്റാക്കുക ഇത്തിരി വെള്ളം (അര ഗ്ലാസി കൂടരുത്)ചേര്‍ത്ത് ഇളക്കുമ്പോള്‍ , മാറ്റിവെച്ച കോഴി ഈ മസാലയിലേക്കിടുക. വളരെ ചെറിയ തീയ്യില്‍ അഞ്ചു മിനുറ്റ് നേരം വെച്ചാല്‍, കോഴിയിലെ വെള്ളം ഊര്‍ന്നൊരു ചാറു പരുവത്തിലാവും, അതിലേക്ക് ജീരകവും പെരുംജീരകവും ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.(വെള്ളം കുറവുണ്ടെങ്കില്‍ അര ഗ്ലാസ് വെള്ളം കൂടി ചേര്‍ക്കുക). ഒന്നു തിളച്ചു കഴിഞ്ഞാല്‍ , അരച്ചു വെച്ച തേങ്ങ ചേര്‍ത്തതിന് ശേഷം, ഒന്നു കൂടി ചൂടാക്കുക ഒരു തിള യ്ക്ക് മുന്‍പേ ഓഫ് ചെയ്യുക.
മൂന്നാംഘട്ടം
ഫ്രൈപാനില്‍ കുറച്ചു. വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുക് ഇട്ടു പൊട്ടിയ്ക്കുക. എന്നതിന് ശേഷം ബാക്കിവെച്ച കറിവേപ്പിലയും ചേര്‍ത്ത് തൂമിച്ച്,മാറ്റിവെച്ച കറിയിലേക്ക് ഒഴുക്കുക .
ഇതു കുറുമ പരുവത്തിലുള്ള കറിയായിരിക്കും.
ഇടിയപ്പത്തിനോടൊപ്പവും മറ്റും കഴിക്കാം.
Monday, June 04, 2007
ചോളം കറി (ബുട്ടെ കി സബ്ജി) ഒരു രാജസ്ഥാനി വിഭവം
ചേരുവകള്‍
ചോളം തീരെ വിളയാത്തത് 2 കപ്പ്.(ചെറുതായി ചതയ്ക്കണം)
*വലിയ ഉള്ളി 3 എണ്ണം
*തക്കാളിക്ക 3 എണ്ണം
*ഇഞ്ചി ഒരിഞ്ച് നീളത്തില്‍
*വെളുത്തിള്ളി 10 അല്ലി
*പച്ച മുളക് 3 എണ്ണം
**മല്ലിപ്പൊടി 3 റ്റീസ്പൂണ്‍
**മുളകുപൊടി 1 റ്റീസ്പൂണ്‍
**മഞ്ഞള്‍ പൊടി അര റ്റീസ്പൂണ്‍
**കുരുമുളക് തരിയാക്കിയത് അര റ്റീസ്പൂണ്‍
**പെരുംജീരകം അര റ്റീസ്പൂണ്‍
**ഗരം മസാല ഒരു റ്റീസ്പ്പൂണ്‍
**കറിവേപ്പില രണ്ട് തണ്ട്
മല്ലിയില പോടിയായി അരിഞ്ഞത് ഒരു റ്റീസ്പൂണ്‍.
വെണ്ണ 4 റ്റീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
* ഇട്ട സാധനങ്ങള്‍ എല്ലാം അരച്ച് വയ്ക്കണം
അടികട്ടിയുള്ള ചട്ടിയില്‍ വെണ്ണയിട്ട് ചൂടാകുമ്പോള്‍ അരച്ച് വച്ചതെല്ലാം ഇട്ട് തീകുറച്ച് വച്ച് നല്ലോണ്ണം ഇളക്കണം.
നെയ്യ് തെളിഞ്ഞു വരുമ്പോള്‍, ** ഇട്ട സാധനങ്ങള്‍ ചേര്‍ത്ത് കരിയാതെ നോക്കണം. ഇതിലേക്ക് ചോളവും, ആവശ്യത്തിന് ഉപ്പും, അല്‍പ്പം വെള്ളവും ചേര്‍ത്ത് കുക്കറില്‍ ഒരു പത്തു മിനുട്ട് വേവിക്കുക. കുക്കര്‍ തുറന്ന് വച്ച് അര മണിക്കൂര്‍ ചെറിയ തീയില്‍ വേവിക്കണം അതിനു ശേഷം മല്ലിയില ചേര്‍ത്ത് എടുക്കാം. ചപ്പാത്തിക്ക് നല്ല കൂട്ട്.