ചേരുവകള്‍
രാജ്മ (കിഡ്നി ബീന്‍സ്) - ഒരു കപ്പ് (4-5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
*2 വലിയ ഉള്ളി ചെറുതായി അരിഞ്ഞത്
*പച്ചമുളക് 4 എണ്ണം
*ഇഞ്ചി നുറുക്കിയത് ഒരു റ്റീസ്പൂണ്‍
*വെളുത്തുള്ളി 10 അല്ലി
*കറിവേപ്പില 2 തണ്ട്
തക്കാളിക്ക 2 എണ്ണം
ഗരം മസാല അര റ്റീസ്പൂണ്‍
ഒരു വലിയ തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
വെളിച്ചെണ്ണ 3 റ്റീസ്പൂണ്‍
രാജ്മ പ്രഷര്‍കുക്കറിലിട്ട് നല്ലോണ്ണം വേവിച്ചെടുക്കുക
* ഇട്ടതെല്ലാം വെളിച്ചെണ്ണയില്‍ മൂപ്പിക്കുക, സ്വര്‍ണ്ണ നിറമാകുമ്പോള്‍ ഗരം മസാലപ്പൊടി ചേര്‍ത്ത് കരിയും മുന്‍പ് വേവിച്ചു വച്ച രാജ്മയും രണ്ടാം പാലും ചേര്‍ക്കാം. കുറുകി വരുമ്പോഴേക്കും തക്കാളിക്ക ചേര്‍ത്ത് വേവിക്കാം. പത്ത് മിനുറ്റ് കഴിഞ്ഞ് തന്‍പാലൊഴിച്ച് എടുക്കാം.
(ഉപ്പിടാന്‍ മറക്കല്ലേ!)
വെള്ളേപ്പത്തിന് നല്ല കൂട്ട്.
Wednesday, December 19, 2007
രാജ്മ മലയാളി
Monday, December 10, 2007
ആള്‍ട്ടര്‍നേറ്റീവ് ഭക്ഷണം
ബഹുമാനപ്പെട്ട ഭക്ഷ്യ മന്ത്രിക്ക് സമര്‍പ്പണം.
നമ്മുടെ ഭക്ഷ്യ മന്ത്രി നിര്‍ദ്ദേശിച്ചതു പോലെ ചിലെ ആള്‍ട്ടര്‍നേറ്റീവ് ഭക്ഷണങ്ങളുടെ ഗുണങ്ങള്‍.
(എല്ലാ സൂക്തങ്ങളും അഷ്ടാംഗഹൃദയത്തില്‍ നിന്ന്)
പോക്കാച്ചി തവള
മാംസ്യം ധാരാളം, വൈറ്റ് മീറ്റ്. കൊണ്ടാട്ടം പോലിരിക്കും, ടച്ചിങ്ങിന് ഇഷ്ടന് കഴിഞ്ഞേയുള്ളു ബാക്കിയെല്ലാം.
മുള്ളന്‍ പന്നി
പുളിച്ച കള്ളോ, മധുരക്കള്ളോ നല്ല പാകത്തില്‍ എരുവിട്ടുവച്ച മുള്ളന്‍പന്നി ചേര്‍ത്ത് കഴിച്ചാല്‍ മേല്‍ പറഞ്ഞ അസുഖങ്ങള്‍ ശമിക്കുമെന്ന്.. പിന്നെ വയറും നിറയും.
പാമ്പ്
പാമ്പിനെ നന്നായി കറിവച്ചാല്‍ അത് മീങ്കറി പോലെ തന്നെ കാഴ്ചയില്‍, കണ്ണിന് വളരെ ഗുണം ചെയ്യുന്ന ഒന്നാകയാല്‍ വ്യാജനടിക്കുന്നവര്‍ പാമ്പ് കൂട്ടിയടിച്ചാല്‍ കണ്ണിന് പ്രശ്നമുണ്ടാകില്ല. നാവിന്റെ രുചി വര്‍ദ്ധിക്കുന്നു, വായൂദോഷം തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുറയുന്നു.
എലി
കൂടുതല്‍ വിവരണത്തിന്റെ ആവശ്യമില്ലല്ലോ?
പൂച്ച
കുരങ്ങ്
അപ്പൊ, രണ്ട് കുരങ്ങ് മസാലയും ഒരു പാമ്പ് പൊരിച്ചതും എടുക്കാം അല്ലേ?
Monday, October 08, 2007
കിണ്ണത്തപ്പം
അരിപ്പൊടി-2 കപ്പ്
ശര്‍ക്കര-3 എണ്ണം
തേങ്ങ-ഒരു മുറി
ഏലക്കായ പൊടിച്ചത്-ഒരു നുള്ള്
നല്ല ജീരകം പൊടിച്ചത്-ഒരു നുള്ള്
ഉപ്പ്-കുറച്ച്
പാകം ചെയ്യുന്ന വിധം
കുറച്ച് വെള്ളം ചൂടാക്കി തിളച്ചു വരുമ്പോള്‍ ശര്‍ക്കര അതിലിട്ട് ഉരുക്കി അരിച്ചെടുക്കുക.ഒരു മുറി തേങ്ങ ചിരകി അല്‍പ്പം വെള്ളം ചെര്‍ത്ത് പാലെടുക്കുക.ശര്‍ക്കരപ്പാനിയും തേങ്ങാപ്പാലും മറ്റു ചെരുവകളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ഇഡ്ഡലിമാവിന്റെ പാകത്തില്‍ വെളിച്ചെണ്ണ പുരട്ടിയ കിണ്ണത്തിന്റെ പകുതി വരെ ഒഴിക്കുക.കുക്കറിലോ ഇഡ്ഡലി ചെമ്പിലോ ആവിയില്‍ വേവിച്ചെടുക്കുക.ചൂടാറിയതിനു ശേഷം മുറിച്ച് കഴിക്കാം.
(ലൈലത്തുല്‍ ഖദര്‍ കാത്തിരിക്കുന്ന ഈ പുണ്യ ദിവസങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥനകളും ആരാധനകളും പടച്ചവന് സ്വീകരിക്കുമാറാകട്ടെ)
Thursday, September 27, 2007
താറാവു കറി

Wednesday, August 15, 2007
ഒരു സിമ്പിള്‍ ഓണസ്സദ്യ.
പരിപ്പ്, സാമ്പാര്‍, അവിയല്‍, തോരന്‍, പച്ചടി, പായസം..
(നാലു പേര്‍ക്ക് ഏമ്പക്കം വിടുവാന്‍)
പരിപ്പ്
ചെറുപയര്‍ പരിപ്പ് ഒരു കപ്പ്
തേങ്ങ ചുരണ്ടിയത് ഒരു കപ്പ്
വെളുത്തുള്ളി രണ്ട് അല്ലി
കറിവേപ്പില ഒരു തണ്ട്
മഞ്ഞള്‍ പൊടി കാല് റ്റീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
പരിപ്പ് ഉടയുന്നതു വരെ വേവിക്കുക,വെള്ളമധികം പാടില്ല.തേങ്ങയും മറ്റ്ചേരുവകളും നേര്‍മ്മയായി അരച്ചെടുക്കണം. വെന്ത പരിപ്പിലേക്ക് അരപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കിയെടുക്കാം. കടുകു വറുക്കാതെയോ അല്ലാതെയോ ഉപയോഗിക്കാം.
സാമ്പാര്‍
തുവരപ്പരിപ്പ് അര കപ്പ്
പച്ചക്കറികള്‍ ഒരിഞ്ച്
ചതുരങ്ങളാക്കിയത് (വെള്ളരിക്ക, കുമ്പളങ്ങ, ചേന,വെണ്ടയ്ക്ക, മുരിങ്ങയ്ക്ക. എല്ലാം 100 ഗ്രാം വീതം)പച്ചമുളക് രണ്ടെണ്ണം
*മല്ലി നാലു റ്റീസ്പൂണ്‍
*ഉണക്ക മുളക് അഞ്ചെണ്ണം
*ഉലുവ കാല് റ്റീസ്പൂണ്‍
*കടലപ്പരിപ്പ് ഒരു റ്റീസ്പൂണ്‍
*മഞ്ഞള്‍പ്പൊടി അര റ്റീസ്പൂണ്‍
* എല്ലാം നേര്‍മ്മയായി അരച്ചെടുക്കണം
പാല്ക്കായം കാല് റ്റീസ്പൂണ്‍ (വെള്ളത്തില്‍ അലിയിക്കുക)
കറിവേപ്പില രണ്ട് തണ്ട്
വാളന്‍ പുളി ഒരു വലിയ നെല്ലിക്ക വെലുപ്പ്പ്പത്തില്
ഉപ്പ് ആവശ്യത്തിന്
തുവരപ്പരിപ്പ് നല്ലോണ്ണം വേവിക്കുക, അരപ്പും ബാക്കി ചേരുവകളെല്ലാം കൂട്ടി ചേര്‍ത്ത് വേവിച്ച് കടുകു വറുത്തെടുക്കാം.
അവിയല്‍
ചേന, കായ, പയര്‍, മുരിങ്ങയ്ക്ക, വെള്ളരിക്ക. എല്ലാം 100 ഗ്രാം വീതം നീളത്തിലരിഞ്ഞത്
പച്ചമാങ്ങ ഒരെണ്ണം/പുളിച്ച തൈര് ഒരു കപ്പ്.
പച്ചമുളക് രണ്ടെണ്ണം
*തേങ്ങ ചുരണ്ടിയത് രണ്ട് കപ്പ്
*ജീരകം കാല് റ്റീസ്പൂണ്‍
*മഞ്ഞള്‍പ്പൊടി അര റ്റീസ്പൂണ്‍
*ഉണക്ക മുളക് രണ്ടെണ്ണം
*ചെറിയ ഉള്ളി നാലെണ്ണം
*കറിവേപ്പില ഒരു തണ്ട്
* എല്ലാം ചതച്ചെടുക്കണം
വെളിച്ചെണ്ണ ഒരു റ്റീസ്പൂണ്‍
പച്ചക്കറികള്‍ ഉപ്പിട്ട് വേവിച്ച് വെള്ളം വറ്റിക്കണം. നടുക്ക് ഒരു കുഴിയുണ്ടാക്കി അരപ്പ് ചേര്‍ത്ത് മൂടി തീ കുറയ്ക്കുക. പത്ത് മിനുട്ടിനു ശേഷം ഇളക്കി വെളിച്ചെണ്ണയൊഴിച്ച് എടുക്കാം.
തോരന്‍
പയര്‍ (ബീന്‍സ്,അച്ചിങ്ങ)/ കാബേജ് / പടവലങ്ങ / കായ കാല് കിലോ
പച്ചമുളക് രണ്ടെണ്ണം
വെളുത്തുള്ളി നാല് അല്ലി
തേങ്ങ ചുരണ്ടിയത് ഒരു കപ്പ്
ജീരകം കാല് റ്റീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല് റ്റീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്
കടുക് അര റ്റീസ്പൂണ്‍
വെളിച്ചെണ്ണ രണ്ട് റ്റിസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കടുക് പൊട്ടിച്ച് ചേരുവകളെല്ലാം ചേര്‍ത്ത് വേവിച്ചെടുക്കാം.
പച്ചടി
വെള്ളരിക്ക ഈര്‍ക്കില്‍ കനത്തില്‍ അരിഞ്ഞത് രണ്ട് കപ്പ്
കറിവേപ്പില ഒരു തണ്ട്
കട്ടി മോര് 2 കപ്പ്
പച്ച മുളക് രണ്ടെണ്ണം
കടുക് അര റ്റിസ്പൂണ്‍
തേങ്ങ ചുരണ്ടിയത് ഒരു കപ്പ്
തേങ്ങ ചുരണ്ടിയതും കടുകും നേര്‍മ്മയായി അരച്ചെടുക്കണം. വെള്ളരിക്കയും കറിവേപ്പിലയും അല്പം വെള്ളമൊഴിച്ച് വേവിക്കണം. വെള്ളം വറ്റുമ്പോള്‍ അരപ്പ് ചേര്‍ക്കണം. വീണ്ടും വെള്ളം വറ്റുമ്പോഴേക്കും മോരൊഴിച്ച് എടുക്കാം. കടുകു വറുക്കണം.
പായസം(പാലട പ്രധമന്‍)
അട കാല് കിലോ
പഞ്ചസാര അര കിലോ /രുചിക്ക്
പാല് 4 ലിറ്റര്‍
കണ്ടന്‍സ്ഡ് പാല് 100 മിലി
കശുവണ്ടി,കിസ്മിസ്, 50 ഗ്രാം
നെയ്യ് ഒരു ടേബിള്‍സ്പൂണ്‍
അട വേവിച്ച് തണുത്ത വെള്ളത്തിലിടുക എന്നിട്ട് വെള്ളം ഊറ്റിക്കളയുക. പാല് തിളപ്പിക്കുക കരിയാതെയും തൂവാതെയും ശ്രദ്ധിക്കണം. ഒന്നൊന്നര മണിക്കൂര്‍ കഴിയമ്പോഴേക്കും പാലിന് ഒരു ഇളം ചുവപ്പു നിറമാകും. അപ്പോള്‍ വേവിച്ചു വച്ച അടയും പഞ്ചസാര ഉരുക്കിയതും ചേര്‍ത്ത് ഒരു മണിക്കൂറോളം ഇളക്കുക. ഇതില്‍ കണ്ടന്‍സ്ഡ് പാല് ചേര്‍ക്കണം. അവസാനമായി കശുവണ്ടിയും കിസ്മിസ്സും നെയ്യില്‍ മൂപ്പിച്ച് ചേര്‍ക്കാം.
ഇതിന്റെ ഒക്കെ കൂടെ അല്പം അച്ചാറും ഒരു പപ്പടവും ഇത്തിരി മോരും കൂടെ ആയാല്‍ ഒരു സിമ്പിള്‍ ഓണസ്സദ്യ അടിക്കാം.
Tuesday, July 31, 2007
മീന്‍ കൊടമ്പുളി ഇട്ട് വറ്റിച്ചതു
വളരെ പെട്ടെന്നൊരു മീന്‍ കറി.... ആരും എന്നെ വന്നടിക്കരുത്...
ഈ പറയുന്ന സാദനങ്ങള് ഒക്കെ വേണം...
മീന്‍ -- കക്ഷണങ്ങള്‍ ആക്കിയതു . 1/2 കിലോ
ചെറിയ ഉള്ളി -- 6 എണ്ണം ചെറുതായി കീറിയതു
പച്ചമുളകു - 3 എണ്ണം - രണ്ടായി കീറിയതു.
ഇഞ്ചി -- ചെറുതായി അരിഞ്ഞതു ...ഒരു ചെറിയ കക്ഷണം.
വെളുത്തുള്ളി - ചെറുതായി കീറിയതു ... 4 അല്ലി
തക്കാളി - 1 എണ്ണം - നാലായി കീറിയതു ..
കൊടമ്പുളി - 4 കക്ഷണം.
കറിവേപ്പില .. 1 ഇതള്‍
എണ്ണ ---- പാചകത്തിനു ഉപയോഗിക്കുന്നതു ..
മുളകു പൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍.
ജീരക പോടി - 1/2 ടീസ്പൂണ്‍
ഉലുവാപൊടി - 1/2 ടീസ്പൂണ്‍
ആപ്പോ..... തുടങ്ങാം..
എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു നന്നായി വഴറ്റിയതിനു ശേക്ഷം പച്ചമുളകു ചേറ്ത്ത് കൊടുക്കുക.. അതിലേക്കു അരിഞ്ഞുവച്ച ഉള്ളി ചേറ്ത്ത്, ഒരു നിറം മാറുന്നതു വരെ വഴറ്റുക.. ഇതിലേക്കു , മുളകുപൊടിയും,മല്ലിപൊടിയും,മഞ്ഞള്‍ പൊടിയും,ജീരക,ഉലുവാപൊടികള് ചേറ്ത്ത് നന്നായി വഴറ്റി, അരിഞ്ഞു വച്ച തക്കാളി ചേറ്ക്കുക..
രണ്ട് ഗ്ലാസ് വെള്ളം ചേറ്ത്ത് , അതില്‍ കറിവേപ്പിലയും, കൊടമ്പുളിയും ഉപ്പും ചേറ്ത്ത് ചെറിയ ചൂടില്‍ വേവിക്കുക...നന്നായി തിളച്ചതിലേക്കു, അരിഞ്ഞ മീന്‍ ഇട്ട്, (മീന്‍ നിറഞ്ഞ് വെള്ളം ഇല്ലെങ്കീള് , തിളച്ച വെള്ളം മാത്രം ചേര്‍ക്കുക) നന്നായി വറ്റിചെടുക്കുക..
ഇതിലേക്കു, എണ്ണ കടുകു വറുത്ത്,( ചുവന്ന മുളകും ചേര്‍ത്ത്) ചേര്‍ക്കുക...
ഇതും കപ്പയും ആണു കോമ്പിനേഷന്‍ ... 50 പോസ്റ്റായി നളപാചകം വിശ്രമിക്കരുതല്ലൊ , അതിനൊന്നു തുടങ്ങി വച്ചതാ..
Wednesday, July 25, 2007
നാടന്‍ ഇഞ്ചിക്കോഴി (ജിഞ്ചര്‍ ചിക്കന്‍)
നാടന്‍ ഇഞ്ചിക്കോഴി അഥവാ ജിഞ്ചര്‍ ചിക്കന്‍.
ജിഞ്ചര്‍ ചിക്കന്‍ ഒരു ചൈനീസ് വിഭവമാണ്. ഇതിനെ ഞാനൊന്ന് നാടനാക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് താഴെ കൊടുക്കുന്നത്. സംഗതി കൊള്ളാമെന്ന് തോന്നി.
ആവശ്യമുള്ള സാധനങ്ങള്‍
കോഴി - ഒരു കിലോ . കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കിയത്.
വലിയ ഉള്ളി - മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്. ചെറിയ ഉള്ളിയാണെങ്കില്‍ ഒരു കപ്പ് അരിഞ്ഞത്)
വെളുത്തുള്ളി - ഒന്ന് (മുഴുവന്‍)
ഇഞ്ചി - 100 ഗ്രാം
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
കാഷ്മീരി മുളക് പൊടി - ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ നീര് – ഒരു ടീസ്പൂണ്‍
കുരുമുളക് - ഒന്നര ടീസ്പൂണ്‍ ചതച്ചത്
വിനാഗിരി - 2 ടീസ്പൂണ്‍
വേപ്പില – ഒരു കതിര്‍പ്പ്
ഉപ്പ് - ആവശ്യത്തിനു.
എണ്ണ – ആവശ്യത്തിനു
ഉണ്ടാക്കേണ്ട വിധം
വൃത്തിയാക്കിയ കോഴിയില്‍ അത്യാവശ്യത്തിനു ഉപ്പും കാല് ടീസ്പൂണ്‍ മഞ്ഞളും ചെറുനാരങ്ങ നീരും ചേര്‍ത്ത് ഒന്നര മണിക്കുര്‍ ഫ്രിഡ്ജില്‍ വെക്കുക. (ആവശ്യമെങ്കില്‍ ഒരു നുള്ള് റെഡ് കളര്‍ പൊടിയും ചേര്‍ക്കാം)
കോഴിക്കഷണങ്ങള്‍ എണ്ണയില്‍ വറുത്ത് കോരുക. (അധികം കരുകരുപ്പാവരുത് . മുക്കാല്‍ വെന്താല്‍ മതിയാവും.)
ഇഞ്ചിയും വെളുത്തുള്ളിയും മിക്സിയിലിട്ട് അരച്ച് മാറ്റി വെക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ കാല് കപ്പ് എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി അരപ്പ് ചേര്‍ത്തിളക്കുക. പച്ച മണം പോകുമ്പോള്‍ ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന വലിയ ഉള്ളി ചേര്‍ത്തിളക്കുക. ഉള്ളിയുടെ നിറം ഒരു മാറി വരുമ്പോള്‍ മുളക് പൊടിയും കുരുമുളക് പൊടിയും വിനാഗിരിയും വേപ്പിലയും ചേര്‍ത്തിളക്കുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന കോഴികഷണങ്ങള്‍ ചേര്‍ക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. (ചാറോടു കൂടി വേണമെങ്കില്‍ അര ഗ്ലാസ് തിളച്ച വെള്ളം ഈ സമയത്ത് ചേര്‍ക്കാം.) തീ കുറച്ച് പാത്രം മൂടി വെച്ച് പത്തു മിനിട്ട് വേവിക്കുക.
ചോറ് , ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാം.
ഡ്രൈ ആക്കിയെടുക്കുകയാണെങ്കില്‍ ഇതു ഒരു ടച്ചിങ്സായും ഉപയോഗിക്കാം.
വാല്‍ക്കഷണം
സത്യത്തില്‍ നളപാചകത്തിലെ ഈ അന്‍പതാം പോസ്റ്റ് ഞാന്‍ തന്നെ ഇടണോ എന്ന സംശയവുമായി രണ്ടാഴ്ചയില്‍ കൂടുതലായി. പിന്നീട് പ്രശസ്തനായ ഒരു ബ്ലോഗറോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ഏതെങ്കിലും ഒരു സെലിബ്രിറ്റിയെക്കൊണ്ട് നമുക്ക് എഴുതിപ്പിക്കാമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ സംഘടിപ്പിച്ചുതരാമെന്നും പറഞ്ഞു. ഞാന്‍ കാത്തിരുന്നു. രണ്ടാഴ്ചകഴിഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ‘ഇപ്പ ശരിയാക്കി തരാം’ എന്ന് പറഞ്ഞു.
അടുത്ത രണ്ടു ദിവസങ്ങളിലും ഇതു തന്നെ.
അവസാനം രണ്ടും കല്‍പ്പിച്ച് ഞാന്‍ ചോദിച്ചു
‘നളപാചകത്തില്‍ ഇങ്ങനെ ഒരു പോസ്റ്റിടാന്‍ താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സെലിബ്രിറ്റി ഏതാണ് ?’
ഉടന്‍ വന്നു ഉത്തരം.
’കമലഹാസന്’
‘ഓഹോ.. എന്നിട്ട് പുള്ളിയെ കിട്ടിയോ ?’
‘എവിടെ കിട്ടാന്‍.. കമലഹാസനെ വിളിക്കുമ്പോള്‍ മാമുക്കോയയാണ് ഫോണെടുക്കുന്നത്..’
‘അതെങ്ങനെ ? ‘
‘ആ.. ആര്‍ക്കറിയാം..’
‘എന്നാല്‍ മാമുക്കോയയോടെങ്കിലും പറയൂ ഒരു പാചകക്കുറിപ്പെഴുതാന്‍....’
‘ഇനി വിളിച്ചാല്‍ തന്നെയും തന്റെ ബ്ലോഗും ചവിട്ടിക്കൂട്ടി മീനിച്ചിലാറിലൊഴുക്കുമെന്നാണ് പറഞ്ഞത്..’
ഒരു പാചകകുറിപ്പെഴുതിയതിന്റെ പേരില്‍ ബ്ലോഗര്‍മാര്‍ക്ക് മനസ്സമാധാനത്തോടെ ജീവിക്കാന്‍ പറ്റില്ലെന്നു വെച്ചാല്‍ ഭയങ്കര കഷ്ടം തന്നെ.
Saturday, July 21, 2007
ഒരു കോഴി കറി
എന്റെ സ്വാദ് പരീക്ഷണങ്ങള്‍ ഇവിടെ തുടങ്ങുന്നു ..ഞാന്‍ ഇതുണ്ടാക്കി കൊടുത്തവര്‍ ഒക്കെ ഇന്നും ജീവനോടെ ഇരിക്കുന്നു എന്നതു മാത്രം ആണു എന്നെ ഇതിവിടെ എഴുതാന്‍ പ്രേരിപ്പിച്ചത്..അക്ഷര തെറ്റുകള്‍ സ്വാഭാവികം, സദയം ക്ഷമിക്കുക.. അതു മറ്റൊന്നും കൊണ്ടല്ല, എനിക്കക്ഷരം അറിയാത്തതു കൊണ്ടു മാത്രം ആണു ...ഇതു മറ്റാരെങ്കിലും എഴുതിയതും ആയി സാമ്യം ഉണ്ടെങ്കില്‍ അതവര് നേരത്തെ എഴുതിയതു കൊണ്ടാവാം....
അപ്പൊ ചേരുവകള്‍ പറയാം .....,
ചിക്കന്‍.....(ബോണ്‍ ലെസ്സു ആണേല്‍ കൊള്ളാം..) ചെറിയ കക്ഷണം ആക്കി മുറിച്ചതു..1 കിലോ
ഇഞ്ചി.....ചെറിയ കക്ഷണം ആയി മുറിച്ചതു,....
വെളുത്തുള്ളി ... 5 അല്ലി, ചെറുതായി കീറി എടുത്തതു...
പച്ചമുളകു ...4 , രണ്ടായി പിളര്‍ന്നതു..
ചെറിയ ഉള്ളി --- 500 ഗ്രാം,, രണ്ടായി കീറിയതു..
തക്കാളി ....ഒരെണ്ണം
തേങ്ങാ... ചെറിയ കക്ഷണങ്ങള്‍ ആയി മുറിച്ചതു .......
തേങ്ങാപാല്‍ , അല്ലെങ്കില്‍ , തൈര്.....1/2 ഗ്ലാസ്സ്
കറിവേപ്പില.....2 ഇതള്‍
പിന്നെ മസാല കൂട്ട്, പട്ട ,ഗ്രാമ്പു തുടങ്ങിയവ ഒക്കെ.
ഇനി... രണ്ട് സ്പൂണ്‍ മുളകു പൊടി, രണ്ട് സ്പൂണ്‍ മല്ലി പൊടി, 1/2 സ്പൂണ്‍ മഞ്ഞള്‍ പൊടി, 1 സ്പൂണ്‍ കുരുമുളകു പൊടി ..1 സ്പൂണ്‍ മസാല്‍ പൊടി , എടുത്തു നന്നായി മിക്സ് ചൈയ്തു ഒരു പേസ്റ്റ് ഉണ്ടാക്കുക...
അതവിടെ ഒരു സൈടില് വച്ചേരെ...
അപ്പൊ തുടങ്ങാം...
ആദ്യം, ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ അതില്‍ മുറിച്ചു വച്ച ചിക്കന്‍ ഇട്ടു നന്നായി ഇളക്കുക, ഒരു ചെറിയ ചൂടില്‍ ഒരു 10 മിനിറ്റ് ഇളക്കുക, ചിക്കന്‍ നല്ല വെള്ള നിറം ആകുന്ന വരെ തുടരുക,അപ്പൊ ചിക്കനു ചെറിയ കട്ടി വരും , അപൊ അതിനെ ഇറക്കി ഒരു സൈടില് വച്ചേക്കു.....
ഇനി, വേറൊരു പാത്രത്തില്‍ എണ്ണ ഒഴിച്ച് അതു ചൂടാകുമ്പോല്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇടുക, ഒന്നു നിറം മാറി വരുമ്പോള്‍ , പച്ച മുളകും, തേങ്ങ മുറിച്ചതും, കറിവ്വേപ്പിലയും ഇട്ട് ഇളക്കി തേങ്ങയുടെ നിറം മാറി വരുംപ്പോള്‍ ഉള്ളി അരിഞ്ഞതു ഇടുക....നന്നായി വഴറ്റി, നല്ല ബ്രൌണ്‍ നിറം ആകുമ്പോല്, കുറച്ച് ഉപ്പു ചേര്‍ത്ത് കൊള്ളു....അതിനു ശേക്ഷം , തക്കാളിയും, പട്ടയും, ഗ്രാമ്പുവും ചേര്‍ത്ത് ഇളക്കി അല്പ നേരം അടച്ചു വൈക്കുക... അതില്‍ ചിക്കനും (നമ്മള് നിറം മാറ്റിയ ), മസാല പേസ്റ്റും ചേര്‍ത്തു ഇളക്കി, അടച്ചു വച്ചു വേവിക്കുക, വെള്ളം ചേര്‍ക്കണ്ട...ഉപ്പ് ആവശ്യത്തിനു ചേര്‍ത്തു കൊള്ളു.....
ചിക്കന്‍ നന്നായി വെന്തു കഴിയുമ്പോള്‍ തേങ്ങാപലോ , തൈരോ ചേര്‍ത്തു ഇളക്കുക...
കപ്പ വേവിച്ചതും ഉണ്ടെങ്കില്‍ പിന്നെ വേറേ ഒന്നും വേണ്ട....കുശാലായി കഴിക്കുക തന്നെ...
Sunday, July 01, 2007
പാറുവമ്മ ഉവാച...
നളപാചകത്തില്‍ ഇട്ട എല്ലാ ഷാപ്പ് വിഭവങ്ങളുടെയും കര്‍ത്താവ് ഞങ്ങളുടെ അയല്‍ക്കാരിയായ ശ്രീമതി. പാറു അമ്മയാണ്. ആയ കാലത്ത് രണ്ട് ഷാപ്പുകളുടെ ഉടമസ്ഥ കം കുക്ക് ആയിരുന്നു. ഇപ്പോഴും രണ്ടെണ്ണം അടിച്ചവരെ കണ്ടാല്‍ അനുമോദിക്കുവാനും, ഓണത്തിനും ക്രിസ്തുമസ്സിനും വാവിനും ഒന്നോ രണ്ടോ അടിക്കുവാനും മടി കാണിക്കാത്ത ഒരു കൂള്‍ വല്ല്യമ്മ!! നാട്ടില്‍ പോകുമ്പോഴൊക്കെ അവരെ പിടിച്ചിരുത്തി എന്തെങ്കിലുമൊരു വിഭവം തരമാക്കും!
പാറു അമ്മയ്ക്ക് വയസ്സ് വെറും 89. വയറു വിശന്നാല്‍ ദേഷ്യം വെരുമെന്നതൊഴിച്ചാല്‍ മറ്റസുഖങ്ങള്‍ ഒന്നുമില്ല...
പാറുവമ്മ ഉവാച...
കറുവായിട്ട ആട് കൂട്ടാന്‍
ചേരുവകള്‍
ആട്ടിറച്ചി അര കിലോ (അത്ര വലുതല്ലാത്ത കഷ്ണങ്ങളാക്കിയത് )
ചെറിയ ഉള്ളി അര കിലോ
പച്ച മുളക് 2 എണ്ണം
പച്ച മഞ്ഞള്‍ 2 ഇഞ്ച് നീളത്തില്‍
ഇഞ്ചി 2 ഇഞ്ച് നീളത്തില്‍
വെളുത്തുള്ളി 10 അല്ലി
കറിവേപ്പില 2 തണ്ട്
കറുവ പട്ട 2 ഇഞ്ച് നീളത്തില്‍ 6 കഷ്ണം
പാണ്ടി മുളക് 3 എണ്ണം
കുരുമുളക് ഒരു റ്റീസ്പൂണ്‍
ജീരകം അര റ്റീസ്പൂണ്‍
മാങ്ങ ഉണങ്ങിയത് 6-7 കഷ്ണം
വെളിച്ചെണ്ണ 4 റ്റീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഇറച്ചി കഴുകി വെള്ളം ഊറാന്‍ വയ്ക്കണം
അരിഞ്ഞു വച്ച ഉള്ളിയും മുളകും കട്ടിയുള്ള ചട്ടിയില്‍ എണ്ണയൊഴിച്ച് അടുപ്പത്ത് വയ്ക്കണം. തീ കുറച്ച് വച്ച് കരിയാതെ നോക്കണം.
കറുവപ്പട്ടയും വറ്റല്‍ മുളകും കുരുമുളകും ചെറു തരിയായി പൊടിച്ചെടുക്കണം.
ഉള്ളി നല്ലോണ്ണം മൊരിഞ്ഞ് ബോണ്‍വിറ്റ നിറമാകൊമ്പോഴേക്കും നീളത്തില്‍ അരിഞ്ഞ മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കണം. ഇവ ഒന്നു ചൂടാകുമ്പോഴേക്കും പൊടിച്ചു വച്ചിരിക്കുന്ന കൂട്ടും ജീരകവും ചേര്‍ക്കണം. ഇത് കരിയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഇറച്ചിയും ഉണക്ക മാങ്ങ കഷ്ണങ്ങളും, ആവശ്യത്തിന് ഉപ്പും, ഒരു കപ്പ് തിളയ്ക്കുന്ന വെള്ളവും ചേര്‍ത്ത് ഇറച്ചി വേകുന്നതു വരെ വേവിക്കണം. വീണ്ടും വെള്ളം ചേര്‍ക്കണമെന്നുണ്ടെങ്കില്‍ തിളയ്ക്കുന്ന വെള്ളം മാത്രം ഉപയോഗിക്കണം.
ചോറിനും കപ്പയ്ക്കും നല്ല കൂട്ട്.
Thursday, June 28, 2007
ഉപ്പുമാവ് കഴിക്കൂ ആഘോഷിക്കൂ...
തലകഷ്ണം.
ചില സൂചനകള്‍.
1. ഈ വിഭവത്തിന്റെ പ്രത്യേകത ഇത് കഴിക്കുന്നവര്‍ക്കും കഴിക്കാത്തവര്‍ക്കും ഉണ്ടാക്കാം എന്നതാണ്.
2 .അവധി ദിവസങ്ങളില്‍ അതിരാവിലെ ഒമ്പതിന് എഴുന്നേറ്റ് കാലിയായ വയറുമായി അടുക്കളയിലെത്തുന്ന (ഇത് അടുക്കള ഉള്ളവര്‍ക്ക് മാത്രം ബാധകം. ഇല്ലാത്തവര്‍ ഇതൊന്നും വിധിച്ചിട്ടില്ലന്ന് കരുതി സമാധാനിക്കുക.)വര്‍ക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത വിഭവമാണ് ഇത്.
3. ബാച്ചികള്, എക്സ് ബാച്ചികള്,ടെമ്പററീ ബാച്ചികള് എന്നിവര്‍ക്ക് പുറമേ ഭാര്യയെ സഹായിക്കാനാഗ്രഹിക്കുന്ന ഭര്ത്താക്കന്മാര്, ഭാര്ത്താക്കന്മാര് കിച്ചണില്‍ എത്തരുതേ എന്ന് ശഠിക്കുന്ന ഭാര്യമാര്‍, സുഹൃത്തിന് പാര പണിയണം എന്ന് ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ അങ്ങനെ മലയാളിയായി പിറന്ന എല്ലാവര്ക്കും (അല്ലാത്തവര്‍ക്കും പറ്റും) വളരേ എളുപ്പം പാകം ചെയ്യാവുന്ന ഒരു വിഭവമാണിത്.
നടുക്കഷ്ണം:
പാചക യുദ്ധത്തിനിറങ്ങും മുമ്പ് തയ്യാറാവുക.
റവ : 2 കപ്പ്.
വലിയ ഉള്ളി : 1
പച്ചമുളക്. 2 എണ്ണം.
ഇഞ്ചി ഒരു ചെറിയ കഷ്ണം.
കറിവേപ്പില. ഒരു ഇല്ലി.
കടക്: ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ/ഡാല്‍ഡ
ഒരുക്കം:
വലിയ ഉള്ളി ചെറുതായി അരിയുക. പച്ചമുളക്, ഇഞ്ചി, കരിവേപ്പില പൊടിയായി അരിയുക.
എന്നാല്‍ തുടങ്ങാം : സാറ്റാര്‍ട്ട് ... ആക്ഷന്‍.
ഒരു ചീന ചട്ടിയില്‍ (മേഡിന് ചൈന ആവണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല) കുറച്ച് എണ്ണ (അല്ലങ്കില്‍ ഡാല്‍ഡ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഓയില്‍) നന്നായി ചൂടായ ശേഷം കടുക് പൊട്ടിക്കുക.
ശേഷം വലിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില (ഇവരെ പൊടിയായി അരിഞ്ഞ് വെച്ചിരുന്നു കുറച്ച് മുമ്പ്) എന്നിവ അതിലിട്ട് വഴറ്റുക.
മൂന്ന് മിനുട്ടിന് ശേഷം ചീനചട്ടിയിലേക്ക് നാല് കപ്പ് വെള്ളം ഒഴിച്ച്, പാകത്തിന് ഉപ്പ് ചേര്‍ത്താല്‍ പിന്നെ കുറച്ച് സമയം മൂളിപ്പാട്ട് പാടാം. വെള്ളം തിളച്ച് വരുമ്പോള്‍ അതില്‍ ചാടാനായി കാത്തിരിക്കുന്ന റവയേ കുറേശ്ശെയായി ഇടുക. കൂടെ പതുക്കേ ഇളക്കുക. രണ്ട് മിനുട്ട് കഴിയുമ്പോഴേക്കും ഉപ്പുമാവ് റെഡി.
ഇനി വീക്കെന്റായതിനാല് ഏതെങ്കിലും ഫ്രന്‍സോ മറ്റോ എത്തീട്ടുണ്ടെങ്കില്‍ കുറച്ച് കൂടി കുട്ടപ്പനാക്കി എടുക്കാം.
അതിനായി ചെറിയ മോഡിഫിക്കേഷന്‍സ് :-
1. റവ വറുത്തെടുക്കുക.
2 കശുവണ്ടി പരിപ്പ്, ഉണക്ക മുന്തിരി, ബദാം പരിപ്പ് എന്നിവ വഴറ്റിയെടുക്കുന്നവയുടെ കൂടെ ചേര്‍ക്കുക.
3. വെള്ളത്തിന്റെ മൂന്ന് ഗ്ലാസ് കുറയ്ക്കുക.
പിന്നേ മുകളില്‍ പറഞ്ഞപോലൊക്കെ ചെയ്താല്‍ ഒരു വിഭവം ഉണ്ടാവും. അതിന് ഉപ്പുമാവ് എന്നൊരു പഴയ പേര് ഉണ്ട്. വേണമെങ്കില്‍ മാറ്റിയെടുക്കാം.
വാല്‍കഷ്ണം:
ഉപ്പുമവ് ഉപ്പു പായസമായാല് ഞാന്‍ ഉത്തരവാദിയല്ല.
Monday, June 25, 2007
വന്‍ പയര്‍ പുഴുക്ക്
ചേരുവകള്‍
വന്‍ പയര്‍ ഒരു കപ്പ് (ഒരു രാത്രി വെള്ളത്തിലിട്ട് കുതിര്‍ത്തത്)
തേങ്ങ ഒരു മുറി
ചെറിയ ഉള്ളി 10 എണ്ണം
വെളുത്തിള്ളി 10 അല്ലി
കറിവേപ്പില 2 തണ്ട്
വറ്റല്‍ മുളക് 4 എണ്ണം
മഞ്ഞള്‍ പൊടി കാല് റ്റീസ്പൂണ്‍
പച്ച മുളക് 2 എണ്ണം
ജീരകം കാല് റ്റീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം
പയര്‍ നന്നായി വേവിക്കുക (പകുതി വേവാകുമ്പോള്‍ ഉപ്പ് ചേര്‍ക്കണം)
ബാക്കി ചേരുവകളെല്ലാം തരിയായി അരച്ചെടുക്കണം
വെന്ത് വെള്ളം വറ്റിയ പയറില്‍ ഒരു ചെറിയ കുഴിയുണ്ടാക്കി അതിലേക്ക് അരച്ച് വച്ച തേങ്ങ ചേര്‍ത്ത് മൂടുക. തീ കുറയ്ക്കുക.
രണ്ട് മിനുട്ട് കഴിഞ്ഞ് നല്ലോണ്ണം ഇളക്കുക. വെള്ളം കൂടുതലുണ്ടെങ്കില്‍ വറ്റിക്കണം.
കഞ്ഞി, പുട്ട്, കള്ള് മുതലായവയ്ക്ക് ഉത്തമ കൂട്ട്!
Tuesday, June 19, 2007
കേരള ചിക്കന്‍ കറി
ഒരു വലിയ കോഴി , അറുത്തു മുറിച്ചു 32 കഷണമാക്കണം.
രണ്ടു നല്ല നാളികേരം
സവാള കാല് കിലോ(വളരെ നേര്‍ത്തതായി അരിയുക).
തക്കാളി കാല് കിലോ(ചെറുതായി അരിഞ്ഞത്)
പച്ചമുളക് 50ഗ്രാം( ചെറുതായി അരിയുക).
ഇഞ്ചി 50ഗ്രാം (പേസ്റ്റാക്കുക).
വെളുത്ത ഉള്ളി 50 ഗ്രാം(പേസ്റ്റാക്കുക).
കറിവേപ്പില ( ഒരു ബഞ്ച്).
പെരും ജീരകം ഒരു ടീസ്പൂണ്‍.
നല്ല ജീരകം ഒരു ടീസ്പൂണ്‍.
ഉലുവ അര ടീസ്പൂണ്‍.
കടുക് ഒരു ടീ സ്പൂണ്‍.
ഏലക്കാ 15 എണ്ണം (ചതയ്ക്കുക).
കുരുമുളക് 25 എണ്ണം.
കറുകപട്ട 10ഗ്രാം.
കരയാമ്പൂ 10ഗ്രാം.
മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
മല്ലി പൊടി ഒന്നര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ ഒരു ടീ സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന് (അര കിലോ കരുതി വെയ്ക്കുക..)
ഉപ്പ് ആവശ്യത്തിന് .
സാധാരണ കോഴിക്കറിയില്‍ നിന്നുമല്‍പ്പം വ്യത്യസ്ഥമായതാണിത്.
മുറിച്ച കോഴി, കഴുകിയതിന് ശേഷം ഒരു അരിപ്പയില്‍ മാറ്റി വെയ്ക്കണം (അതിലെ വെള്ളം തോര്‍ന്നു പോകാന്‍).
ആദ്യം തേങ്ങ ചിരവി മാറ്റി വെയ്ക്കുക.
ഒന്നാം ഘട്ടം.
സാമാന്യ ഇത്തിരി വലുപ്പമുള്ള ഉരുളിയില്‍ കാല് കിലോയോളം വെളിച്ചെണ്ണ (നല്ല വെളിച്ചെണ്ണയായിരിക്കണം, ഒട്ടും കാറരുത്) ചെറിയ തീയ്യില്‍..ചൂടാക്കി, അതില്‍ ഏലക്ക,കരയാമ്പൂ,പട്ട, കുരുമുളക്, പെരുംജീരകവും , നല്ല ജീരകവും (ഉള്ളതില്‍ പകുതി മാത്രമേ ചേര്‍ക്കാവൂ)കറിവേപ്പില (പകുതി അതായത് നാലഞ്ചു അല്ലികള്‍) എന്നിവ ഒന്നു ചൂടാക്കിയതിനു ശേഷം, മാറ്റിവെച്ച തേങ്ങയും ചേര്‍ത്ത്, നിറുത്താതെ ഇളക്കുക. ശരിക്കും സ്വര്‍ണ്ണ നിറമായതിന് ശേഷം (വെളിച്ചെണ്ണ ഒരു ഭാഗത്ത് ഊറി വരും) മാറ്റുക (പ്രത്യേകം ശ്രദ്ധിക്കേണ്ടത് തീ കൂട്ടരുത്).
തേങ്ങ വറുത്തത് ചൂടാറിയതിന് ശേഷം ഗ്രൈന്ററിലിട്ട് നന്നായി അരയ്ക്കുക (ഒരു ചെറുതരി പോലും ഉണ്ടാവത്ത വിധം).
രണ്ടാം ഘട്ടം
വലിയ പാത്രത്തില്‍, ഇത്തിരി വെളിച്ചെണ്ണ (50 ഗ്രാം) ചൂടാക്കുക. (ചെറിയ തീയ്യില്‍)
അതിലേക്ക് പേസ്റ്റാക്കി വെച്ച ഇഞ്ചി ആദ്യമിടുക, ഒന്നു വാട്ടിയതിന് ശേഷം വെളുത്ത ഉള്ളിയും, പിന്നീടതിലേക്ക് ഉലുവ ചേര്‍ക്കുക.. ഒരല്പം ഇളക്കിയതിനു ശേഷം. അതിലേക്ക് അരിഞ്ഞുവെച്ച സവാള ചേര്‍ക്കുക.. സവാള ശരിക്കും സ്വര്ണ്ണവര്ണ്ണത്തിലായാല് ചരുവയുടെ ഒരു ഭാഗത്തേക്ക് സവാള മാറ്റുക, മറുഭാഗത്ത് അരിഞ്ഞു വെച്ച തക്കാളി ഇട്ടൊന്നു ചൂടായതിന് ശേഷം സവാളയും തക്കാളിയും, മിക്സ് ചെയ്യുക. ഇവ ശരിക്കും ഒരു പേസ്റ്റായാല് അതിലേക്ക് മഞ്ഞള്‍ പൊടിയിട്ടു നന്നായി ഇളക്കുക. എന്നതിന് ശേഷം മുളകു പൊടിയും അതുമൊന്നു ഇളക്കിയതിന് ശേഷം, മല്ലിപൊടിയും ചേര്‍ത്തു നന്നായി പേസ്റ്റാക്കുക ഇത്തിരി വെള്ളം (അര ഗ്ലാസി കൂടരുത്)ചേര്‍ത്ത് ഇളക്കുമ്പോള്‍ , മാറ്റിവെച്ച കോഴി ഈ മസാലയിലേക്കിടുക. വളരെ ചെറിയ തീയ്യില്‍ അഞ്ചു മിനുറ്റ് നേരം വെച്ചാല്‍, കോഴിയിലെ വെള്ളം ഊര്‍ന്നൊരു ചാറു പരുവത്തിലാവും, അതിലേക്ക് ജീരകവും പെരുംജീരകവും ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.(വെള്ളം കുറവുണ്ടെങ്കില്‍ അര ഗ്ലാസ് വെള്ളം കൂടി ചേര്‍ക്കുക). ഒന്നു തിളച്ചു കഴിഞ്ഞാല്‍ , അരച്ചു വെച്ച തേങ്ങ ചേര്‍ത്തതിന് ശേഷം, ഒന്നു കൂടി ചൂടാക്കുക ഒരു തിള യ്ക്ക് മുന്‍പേ ഓഫ് ചെയ്യുക.
മൂന്നാംഘട്ടം
ഫ്രൈപാനില്‍ കുറച്ചു. വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുക് ഇട്ടു പൊട്ടിയ്ക്കുക. എന്നതിന് ശേഷം ബാക്കിവെച്ച കറിവേപ്പിലയും ചേര്‍ത്ത് തൂമിച്ച്,മാറ്റിവെച്ച കറിയിലേക്ക് ഒഴുക്കുക .
ഇതു കുറുമ പരുവത്തിലുള്ള കറിയായിരിക്കും.
ഇടിയപ്പത്തിനോടൊപ്പവും മറ്റും കഴിക്കാം.
Monday, June 04, 2007
ചോളം കറി (ബുട്ടെ കി സബ്ജി) ഒരു രാജസ്ഥാനി വിഭവം
ചേരുവകള്‍
ചോളം തീരെ വിളയാത്തത് 2 കപ്പ്.(ചെറുതായി ചതയ്ക്കണം)
*വലിയ ഉള്ളി 3 എണ്ണം
*തക്കാളിക്ക 3 എണ്ണം
*ഇഞ്ചി ഒരിഞ്ച് നീളത്തില്‍
*വെളുത്തിള്ളി 10 അല്ലി
*പച്ച മുളക് 3 എണ്ണം
**മല്ലിപ്പൊടി 3 റ്റീസ്പൂണ്‍
**മുളകുപൊടി 1 റ്റീസ്പൂണ്‍
**മഞ്ഞള്‍ പൊടി അര റ്റീസ്പൂണ്‍
**കുരുമുളക് തരിയാക്കിയത് അര റ്റീസ്പൂണ്‍
**പെരുംജീരകം അര റ്റീസ്പൂണ്‍
**ഗരം മസാല ഒരു റ്റീസ്പ്പൂണ്‍
**കറിവേപ്പില രണ്ട് തണ്ട്
മല്ലിയില പോടിയായി അരിഞ്ഞത് ഒരു റ്റീസ്പൂണ്‍.
വെണ്ണ 4 റ്റീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
* ഇട്ട സാധനങ്ങള്‍ എല്ലാം അരച്ച് വയ്ക്കണം
അടികട്ടിയുള്ള ചട്ടിയില്‍ വെണ്ണയിട്ട് ചൂടാകുമ്പോള്‍ അരച്ച് വച്ചതെല്ലാം ഇട്ട് തീകുറച്ച് വച്ച് നല്ലോണ്ണം ഇളക്കണം.
നെയ്യ് തെളിഞ്ഞു വരുമ്പോള്‍, ** ഇട്ട സാധനങ്ങള്‍ ചേര്‍ത്ത് കരിയാതെ നോക്കണം. ഇതിലേക്ക് ചോളവും, ആവശ്യത്തിന് ഉപ്പും, അല്‍പ്പം വെള്ളവും ചേര്‍ത്ത് കുക്കറില്‍ ഒരു പത്തു മിനുട്ട് വേവിക്കുക. കുക്കര്‍ തുറന്ന് വച്ച് അര മണിക്കൂര്‍ ചെറിയ തീയില്‍ വേവിക്കണം അതിനു ശേഷം മല്ലിയില ചേര്‍ത്ത് എടുക്കാം. ചപ്പാത്തിക്ക് നല്ല കൂട്ട്.
Saturday, May 19, 2007
ഷാപ്പിലെ ഇറച്ചിക്കറി
ചേരുവകള്‍
മാട്ടിറച്ചി 1 കിലോ
തേങ്ങ ചിരണ്ടിയത് ഒരു മുറി
തേങ്ങ നുറുക്കിയത് 3 റ്റീസ്പൂണ്‍
മല്ലിപ്പൊടി 3 റ്റീസ്പൂണ്‍
വറ്റല്‍ മുളക് 5 എണ്ണം/രുചിക്ക്
പച്ചമുളക് 5 എണ്ണം/രുചിക്ക്
കുരുമുളക് അര റ്റീസ്പൂണ്‍/രുചിക്ക്
ഇറച്ചി മസാല ഒരു റ്റീസ്പൂണ്‍
(മസാലപ്പൊടിക്കു പകരം മസാലക്കൂട്ടുപയോഗിച്ചാല്‍ നല്ലതാവും)
മഞ്ഞള്‍ പോടി അര റ്റീസ്പൂണ്‍
ചെറിയ ഉള്ളി കാല് കിലോ
വെളുത്തുള്ളി 10 അല്ലി
ഇഞ്ചി ഒരിഞ്ച് നീളത്തില്‍
കറിവേപ്പില 2 തണ്ട്
കടുക് ഒരു റ്റീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം.
സാധനങ്ങളെല്ലാം അടുപ്പിച്ച് വെച്ച് ഒരു കുപ്പിയുടെ പിടലിക്കു പിടിക്കുക.
കഴുകി വച്ച ഇറച്ചിയില്‍ മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക.
ചുരണ്ടിയ തേങ്ങയും വറ്റല്‍ മുളകും കട്ടിയുള്ള ഒരു ചട്ടിയില്‍ ചെറു തീയില്‍ ഒരു റ്റീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് വറുത്തു തുടങ്ങുക. നല്ലോണ്ണം ഇളക്കണം.
തേങ്ങ സ്വര്‍ണ്ണ നിറം വിട്ട് ബോണ്‍വിറ്റ പോലാകും മുന്‍പ് വെളുത്തുള്ളിയും ഇഞ്ചിയും ചേര്കണം. ബോണ്‍വിറ്റ പോലെ ആയാല്‍, തീ കെടുത്തുക, മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഒരു തണ്ട് കറിവേപ്പില എന്നിവ് ചേര്‍ത്ത് ഇളക്കുക. ചട്ടിയുടെ കട്ടിയനുസരിച്ച് കൂടുതല്‍ സമയം ഇളക്കണം. ഒന്നു തണുത്തതിനു ശേഷം അധികം വെള്ളമൊഴിക്കാതെ മയത്തില്‍ അരച്ചെടുക്കുക.
കുപ്പിയുടെ കഴുത്തില്‍ വീണ്ടും പിടിക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് അത്ര ചെറുത്താക്കാത്ത ഉള്ളിയും പച്ചമുളകും വറുത്ത് സ്വര്‍ണ്ണ നിറമാകുമ്പോള്‍ ചട്ടിയുടെ വശത്തേക്കു നീക്കി വച്ച് ഊറി വരുന്ന എണ്ണയില്‍ കടുക് പൊട്ടിക്കുക, ഒരു തണ്ട് കറിവേപ്പിലയും, മഞ്ഞള്‍ പുരട്ടി വച്ചിരിക്കുന്ന ഇറച്ചിയും അരച്ചു വച്ചിരിക്കുന്ന തേങ്ങയും നുറുക്കി വച്ചിരിക്കുന്ന തേങ്ങയും ആവശ്യത്തിന് ഉപ്പും ഒരു ഗ്ലാസ്സ് (ആവശ്യത്തിന്) വെള്ളവും ചേര്‍ത്തിളക്കുക. പ്രഷര്‍ കുക്കറില്‍ കിടക്കുവാന് യോഗമില്ലാത്ത ഇറച്ചിയാണങ്കില്‍ ഒരു അര മുക്കാല്‍ മണിക്കൂറില്‍ വേകും. ചോറിനോ കപ്പയ്ക്കോ ആണങ്കില്‍ അല്‍പ്പം ചാറ് നിര്‍ത്താം. കുപ്പിയുടെ കഴുത്തില്‍ നിന്ന് വിടുവാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ വെള്ളം നല്ലപോലെ വറ്റിച്ചെടുക്കാം.
Monday, April 16, 2007
ഒരു ഡസന്‍ ഐറ്റംസ് കൊണ്ട് ഒരു ചിക്കന്‍ കറി.
1. ചിക്കന്‍ : ഒരു കിലോ.
2. വലിയ ഉള്ളി : (ഇടത്തരം) 4 എണ്ണം.
3. വെളുത്തുള്ളി : അര പണ, (അര കുടം/ നാലോ അഞ്ചോ ഇല്ലികള്‍)
4. ഇഞ്ചി ചെറിയ കഷ്ണം.
5. പച്ചമുളക് : 4 എണ്ണം.
6. തക്കാളി : 2 (ഇടത്തരം).
7. മുളക് പൊടി : ഒന്നര ടീസ്പൂണ്‍ (എരിവ് കുറഞ്ഞതാണെങ്കില്‍. അല്ലെങ്കില്‍ ഒന്നര ടീസ്പൂണ്‍ ചേര്‍ത്താല്‍ വിവരമറിയും. ഞാനല്ല, കഴിക്കുന്നവര്‍.)
8. മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍.
9. കുരുമുളക് പൊടി : അര ടീസ്പൂണ്‍
10. ഉപ്പ് : പാകത്തിന്.
11. പാചകത്തിനുപയോഗിക്കുന്ന ഏതെങ്കിലും ഒരു എണ്ണ.
12. ഗരം മാസാല. കാല് സ്പൂണ്‍.
പാകം ചെയ്യാന്‍ തുടങ്ങും മുമ്പ് ഇത്രയും വീട്ടിലുണ്ടങ്കില്‍ മാത്രം ഇപ്പണിക്ക് നില്ക്കുക. ഇല്ലങ്കില്‍ അടുത്ത വീട്ടില്‍ പോയി സംഘടിപ്പിച്ച ശേഷം മാത്രം തുടങ്ങുക.
പാചകത്തിലേക്ക് എടുത്ത് ചാടും മുമ്പ് :-
1. ചിക്കന്‍ പീസ് പീസാക്കുക.
2. വലിയ ഉള്ളി കനം കുറച്ച് വെട്ടിവെക്കുക.
3. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ നന്നായി ചതക്കുക. (ചതക്കാന്‍ സൌകര്യമില്ലങ്കില്‍ അതിന് സംവിധാനം ഉണ്ടാക്കുക. മുകളിലെ ലിസ്റ്റില്‍ പറഞ്ഞില്ലന്ന കാരണത്താല്‍ ശ്രദ്ധിക്കാതിരുന്നാല്‍ നിങ്ങള്‍ വാങ്ങിയ സാധനങ്ങള്‍ നഷ്ടം.)
4. തക്കാളി ചെറുതായി വെട്ടിവെക്കുക.
5. മഞ്ഞപ്പൊടി, മുളക് പൊടി, ഗരം മസാല എന്നിവ കൈയ്യെത്തും ദൂരത്ത് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
രണ്ടും കല്‍പ്പിച്ചുള്ള എടുത്ത് ചാട്ടം :-
വലിയ ഉള്ളി എണ്ണയിലിട്ട് ഫ്രൈ ചെയ്യാന്‍ തുടങ്ങുക. 50% ഫ്രൈ ആയ ശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവന്മാരുടേ സംയുക്ത യൂണിയനെ അതില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.
നന്നായി ഫ്രൈ ആയ ശേഷം മുളക് പൊടി, മഞ്ഞപ്പൊടി, കുരുമുളക് പൊടി ഇവ ചേര്‍ത്ത് നന്നായി ഇളക്കി ഒരു രണ്ട് മിനുട്ടിന് ശേഷം തക്കളിയും കൂടെ ഉപ്പും ഇടുക.
ഇനി കുറഞ്ഞ തീയില്‍ പത്ത് മിനുട്ട് വെച്ചാല്‍ എല്ലാം കൂടെ ഒരു പേസ്റ്റ് പരുവമാകും. പത്ത് മിനുട്ട് വെച്ചിട്ടും ആവുന്നില്ലങ്കില്‍ ആവുന്ന വരെ വെക്കുക. അല്ല പിന്നെ. ടി പേസ്റ്റില്‍ (ഇത് കണുമ്പോള്‍ ടൂത്ത് പേസ്റ്റി ഓര്‍മ്മ വരുന്നെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്.) ഗരം മാസാല ചേര്‍ത്ത് പീസ് പീസാക്കിയ കുക്കടത്തെ മിക്സ് ചെയ്ത് ചെറിയ തീയില്‍ വേവിച്ചെടുക്കുക.
വേവാനാവശ്യമായ സമയം വെറുതെ നില്‍ക്കണ്ട... മൂളിപ്പാട്ട് പാടിക്കോളൂ.
ഇതിനിടയിലെവിടെയെങ്കിലും വെള്ളം വല്ലതും കഴുകാനല്ലാതെ ഉപയോഗിക്കരുത്.
വാല്‍കഷ്ണം:
1. ഇതില്‍ ഖുബ്ബൂസ്/ചപ്പത്തി/പത്തിരി മുതലായ കൂട്ടി ഞം ഞം ന്ന് തിന്നുമ്പോ വല്ലതും കൂടുകയോ കുറയുകയോ ചെയ്തെന്ന് തോന്നിയാല്‍ അതിന്റെ ഉത്തരവാദി നിങ്ങള്‍ തന്നെയായിരിക്കും.
2. ഇത് കഴിച്ച് ആര്‍ക്കെങ്കിലും മെഡിക്കല്‍ ലീവ് കിട്ടിയാല്‍ താങ്ക്സ് പറയാനൊന്നും നിക്കണ്ട. ഞാനത് ഇപ്പോള്‍ തന്നെ വരവ് വെച്ചു.
3. ഇത് കറിയല്ലന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് പൂര്‍ണ്ണ സമ്മതം. പക്ഷേ വേറെ ഒരു പേര് നിര്‍ദ്ദേശിക്കണം.
Friday, April 13, 2007
തക്കാളി പൊട്ടിക്കല്‍സ്
കൈപ്പുണ്ണ്യം പോസ്റ്റും പുലികള്‍ക്കിടയില്‍ പാവം ഞാന്‍ ഈ തക്കാളി ഒന്നു പൊട്ടിച്ചോട്ടേ..
ഇത് ഉള്ളീം മുളകും പൊട്ടിക്കുന്നതു പോലെ സിമ്പിള്‍ ആന്‍ഡ് ഹമ്പിള്‍ ആയ ഒരു തൊട്ടുകൂട്ടാന്‍!
നേരേ പോയി ഫ്രിഡ്ജ് തുറക്കൂ.സാമാന്യം വലിയ ഒരു തക്കാളി എടുത്ത് നന്നായി കഴുകൂ.
ഇനി മെയിന്‍ ആയുധം കയ്യിലെടുക്കൂ.തക്കാളി കുരുകുരാ നുറുക്കൂ.[എന്തോന്നീ കുരുകുരാ എന്നാണോ-അതായത് രണ്ടിഞ്ജു കനം,ഒരിഞ്ജു നീളം-അളവ് ലവലേശം മാറരുത്.അല്ല പിന്നെ!]
ഇനി നമുക്ക് ആക്രമണം ഒരു സവാളയുടെ പുറത്തോട്ടാവാം..തൊലി കളഞ്ഞ് അതും കട്ട്..കുരുകുരാ തന്നെ.ഇനി പോയി രണ്ട് പച്ചമുളകെടുക്കൂ..കഴുകാന്‍ ഇനി പ്രത്യേകം പറയണോ??!
ചെറുതായരിഞ്ഞ പച്ചമുളകും,സവാളയും,തക്കാളിയും ഉപ്പിട്ട് ഇളക്കൂ.
ഇനി ആ സ്പൂണ്‍ അങ്ങ് മാറ്റി വെച്ച് കൈ പുറത്തേക്കെടുക്കാം.നന്നായി ഞെരടി യോജിപ്പിക്കൂ.
ഇനി ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് ഒന്നു കൂടി ഞെരടൂ...
അസ്സല് തക്കാളി പൊട്ടിക്കല്‍സ് റെഡി!! കഞ്ഞിയോടോ,ചോറിനോടോ ഒപ്പം തൊട്ടുകൂട്ടാം.
കടപ്പാട്-കുക്കറില്‍ കഞ്ഞിപോലും വെക്കാന്‍ അറിയാത്ത മാന്യ പിതാശ്രീ ..പാചകതക്കാളിശ്രീ.
{മൈ പിതാ ആകെ ഉണ്ടാക്കുന്ന കറി..എന്നിരുന്നാലും അതിന്റെ സ്വാദ് ഇപ്പോളും നാവിന് തുമ്പില്‍}
Wednesday, April 11, 2007
വിഷുക്കട്ട.
വീണ്ടും ഒരു വിഷു വരവായി. കൈനീട്ടത്തോടൊപ്പം വിഷുക്കട്ടയും വിഷുവിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്.
ഓര്‍മ്മയില്‍ നിന്നും വിഷുക്കട്ടയുടെ ഒരു പാചകവിധി കുറിക്കുന്നു. സമയവും സൌകര്യവുമുള്ളവര്ക്ക് ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
1.അരി - 2 കപ്പ് (പച്ചരി )
2.തേങ്ങ – ചിരകിയത് ഒരു കപ്പ്
3.ജീരകം - കാല് ടീസ്പൂണ്‍ (ചൂടാക്കി മാറ്റിവെയ്ക്കുക)
4.അണ്ടിപ്പരിപ്പ് - പത്തെണ്ണം
5.ഉണക്ക മുന്തിരി - പത്തെണ്ണം
6.നെയ്യ് - ആവശ്യത്തിന്
7.ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കേണ്ട വിധം
നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിവെക്കുക. അത് അവിടെയിരുന്ന് വിശ്രമിക്കട്ടെ.
തേങ്ങ ചിരകി വെച്ചതില്‍ നിന്നും മുക്കാല്‍ കപ്പെടുത്ത് ഒന്നാം പാലും രണ്ടാം പാലും തരം തിരിച്ച് മാറ്റി വെക്കുക. രണ്ടാം പാല് രണ്ടുകപ്പ് വേണമെന്നത് മറക്കരുത്.
രണ്ടാം പാലും കഴുകി വൃത്തിയാക്കിയ അരിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. തിളച്ചുകഴിഞ്ഞാല്‍ തീ കുറച്ച് വേവുന്നതുവരെ കയ്യും കെട്ടി നില്ക്കുക.(എണ്ണിവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പെടുത്താല്‍ അടികിട്ടും) വെന്തുകഴിഞ്ഞാല്‍ ജീരകവും ഒന്നാം പാലും മാറ്റിവെച്ചിരിക്കുന്ന തേങ്ങചിരവിയതും ചേര്‍ത്ത് വറ്റിച്ചെടുക്കുക.
ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി വേവിച്ച കൂട്ട് ഇതില്‍ നിരത്തുക.അതിനുമുകളില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ചൂടുകുറഞ്ഞാല്‍ കട്ടകളാക്കി മുറിച്ച് വേണ്ടപ്പെട്ടവര്‍ക്കൊക്കെ വിതരണം ചെയ്യാം.
Tuesday, March 27, 2007
പപ്പട ഉപ്പേരി
ഇതു പാവം ബാച്ചിലേഴ്സിനു മാത്രം വേണ്ടിയുള്ളതാണ്.പാചകത്തില്‍ പുലികളായ അമ്മമാരും പെങ്ങന്മാരും ദയവുചെയ്തു ഇതു വായിച്ചു മൂക്കതു വിരല്‍ വയ്ക്കരുത്.ഇങ്ങനേയും ഒരു കറിയോ എന്നു ചോദിക്കുകയുമരുത്.
സമര്‍പ്പണം : പാചകത്തില്‍ എന്റെ ഗുരുവായ(പാചകം പഠിക്കണമെന്ന മോഹവുമയിചെന്ന എന്നോട് ഉള്ളിയരിയാന്‍ പറഞ്ഞ..) സഹമുറിയന്.
ഒരു ഭേദപ്പെട്ട ഊണെന്നുപറയുമ്പോള് അതില്‍ ഒരു ചാറു കറിയും,ഉപ്പേരിയും(തോരന്‍ ) വേണമെന്നതാണലോ നാട്ടുനടപ്പ്.കുറച്ചു മോരില്‍ കുറച്ചു പച്ചമുളകിട്ടാല് ചാറു കറിയാക്കാം.പക്ഷെ ഉപ്പേരിക്കൊരുവഴിയും ഇല്ല.അങ്ങിനെയിരിക്കുമ്പോഴാണു ഇവനെത്തുന്നത്.
ആവശ്യമായവ
പപ്പടം : ഒരാള്‍ക്ക് 4 വീതം
മുളകുപൊടി (ഇടിച്ചു പൊടിച്ചത്.):1 കരണ്ടി
ചീനച്ചട്ടി :1
വെളിച്ചെണ്ണ : അര ഗ്ലാസ്.
കത്തി :1
കൊടില് : 1
തയ്യാറാക്കുന്ന രീതി
1.പപ്പടം ചെറു കഷണങ്ങളായി മുറിക്കുക.(സിനിമയിലെ നായിക പ്രേമലേഖനം വാങ്ങി പിച്ചിച്ചീന്തുന്നതുപോലെ)
2അടുപ്പ് കത്തിച്ച് ചീനച്ചട്ടി അതില്‍ വയ്ക്കുക.
3.കരുതിയിരിക്കുന്ന വെളിച്ചെണ്ണ അതിലേക്കൊഴിക്കുക.(ചീനച്ചട്ടിയില്‍ വെള്ളമുണ്ടെങ്കില്‍ ഒരു ചെറിയ വെടിക്കെട്ട് ഓസിനു കാണം)
4.വെളിച്ചെണ്ണയില്‍ പോളങ്ങള്‍ (ബബിള്‍) വന്നുതുടങ്ങിയാല്‍ പപ്പടകഷണങ്ങള് കുറേശ്ശെയായി അതിലേക്കിടുക..(പാടത്ത് വിത്ത് വിതക്കുന്നതുപോലെ)
5.ബാക്കിയുള്ള കഷണങ്ങള്‍ ഇടാന്‍ സ്ഥലമില്ലെങ്കില്‍ കത്തിയുപയോഗിച്ചു കുറച്ചു സ്ഥലമുണ്ടാക്കി അവിടെയിടുക.
6.മൊത്തമായൊന്നിളക്കി എല്ല കഷണങ്ങളും മൊരിഞ്ഞു എന്നുറപ്പു വരുത്തുക.
7.കൊടില് കൊണ്ട് ചീനച്ചട്ടി എടുത്ത് കുറച്ചു എണ്ണ(2 കരണ്ടി) ഒഴികെ ബാക്കിയെല്ലാം മറ്റൊരു പാത്രത്തില്‍ പകര്‍ന്നു വയ്ക്കുക.(വളയാത്ത സുന്ദരിമാരെ ഈ എണ്ണയിട്ടു വളക്കാം.പെട്ടെന്നു വളയും)
8.മുളകുപൊടിയെടുത്തു ചീനച്ചട്ടിയിലെ എണ്ണയിലേക്കിടുക.
9.മുളക് മൊരിഞ്ഞുകഴിഞ്ഞാല്‍ പപ്പടവുമായി മിക്സ് ചെയ്യുക.
അങ്ങിനെ ഒരു തട്ടിക്കൂട്ട് ഉപ്പേരി തയ്യാര്‍.
അമ്മമാരും പെങ്ങന്മാരും മുകളില്‍ പറഞ്ഞ മുന്നറിയിപ്പു ലംഘിച്ചുകൊണ്ട് ഇതു വായിച്ചാല്‍ അവര്‍ക്കുള്ള ശിക്ഷ : ഇതില്‍ നടത്താവുന്ന പരീക്ഷണങ്ങളെല്ലം നടത്തി ഇതൊരു നല്ല കറിയാക്കി ഈ ബ്ലോഗില്‍ തന്നെ പോസ്റ്റ് ചെയ്യണം
Sunday, March 25, 2007
പുട്ടും കടലക്കറിയും.
സാധാരണയായി പുട്ടും കടലയും ഇഷ്ടപ്പെടാത്ത മലയാളികള്‍ വളരെ ചുരുക്കമാണെന്നുവേണം കരുതാന്‍. ഇന്നു കൊളസ്റ്റ്രോളും ഷുഗറും പ്രഷറുമൊക്കെയായി മലയാളികള്‍ക്ക് പുട്ടിനോടുള്ള താത്പര്യം കുറഞ്ഞിരിക്കുന്നു. അരിക്കു പകരം ഗോതമ്പ് കൊണ്ടു പുട്ടുണ്ടാക്കിയാല്‍ ഇതിനൊരു പ്രതിവിധിയാവുമെന്നു കരുതുന്നു. നല്ല തവിടുള്ള ഗോതമ്പ് പുട്ടും കടലക്കറിയും കാലത്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യപ്രദമാണെന്നുതന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. (ഉണ്ടാക്കാന്‍ വളരെ എളുപ്പമാണു.)
ആവശ്യമുള്ള സാധനങ്ങള്‍
1.ഗോതമ്പ് പൊടി - ഒരു കപ്പ് .( തവിടുള്ള(Extra Bran) ഗോതമ്പാണെങ്കില്‍ വളരെ നന്നായിരിക്കും)
2.ഉപ്പ് - ആവശ്യത്തിനു
3.കടല – അരക്കപ്പ് ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക)
4.വെള്ളം - ആവശ്യത്തിന്
5.വലിയ ഉള്ളി - 2 എണ്ണം (കനം കുറച്ച് അരിഞ്ഞത്)
6.വെളുത്തുള്ളി - 8 അല്ലി (ചതച്ചത് )
7.കടുക് - ആവശ്യത്തിന്
8.എണ്ണ – ആവശ്യത്തിനു ( സണ്‍ ഫ്ലവര്‍ ഓയില്‍ ആയാല്‍ നല്ലത് )
9.മുളകുപൊടി - അര റ്റീസ്പൂണ്‍ ( എരിവു കുറഞ്ഞത് )
10.പച്ചമുളക് - 2 എണ്ണം
11.മഞ്ഞള്‍പ്പൊടി - അര റ്റിസ്പൂണ്‍
12.കറിവേപ്പില – 2 കതിര്‍പ്പ്
ഉണ്ടാക്കേണ്ട വിധം
പുട്ട്
വായ് വട്ടമുള്ള ഒരു പാത്രത്തില്‍ ഗോതമ്പുപൊടിയെടുത്ത് വെള്ളവും ആവശ്യത്തിനു ഉപ്പുമിട്ട് (ഉപ്പ് നിര്‍ബന്ധമില്ല) പുട്ടിനുള്ള പാകത്തിനു കുഴയ്ക്കുക. പതിനഞ്ചുമിനിട്ട് വെറുതെ വെക്കുക. അവനവിടെയിരുന്ന് വിശ്രമിക്കട്ടെ. (ഇനി കട്ടകെട്ടുകയാണെങ്കില്‍ അവനെയെടുത്ത് ഗ്രൈന്ഡറില് പത്തുസെക്കന്റ് കറക്കിയാല്‍ മതി. സംഗതി കുശാലന്‍). ഇനി പുട്ടുകുടമെടുത്ത് പകുതിയോളം വെള്ളം നിറച്ച് അടുപ്പത്ത് വെയ്ക്കുക. തിളയ്ക്കുമ്പോള്‍ ഒരു കതിര്‍പ്പ് വേപ്പില അതിലിട്ട് നിറച്ചുവെച്ചിരിക്കുന്ന പുട്ടുകുറ്റി മെല്ലെ കുടത്തില്‍ ഘടിപ്പിക്കുക. പുട്ടുകുറ്റിയുടെ മൂടി വെക്കാന്‍ മറക്കരുത്. ആവി കുറ്റിയുടെ മുകളില്‍ നിന്നും വന്നാല്‍ തീകുറച്ച് 10 മുതല്‍ 15 മിനിട്ട് വരെ വേവിക്കുക.
കടലക്കറി
കുക്കറില്‍ ആവശ്യത്തിന് വെള്ളവും കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കടലയും മഞ്ഞള്‍പ്പൊടിയും കനം കുറച്ചരിഞ്ഞുവെച്ചിരിക്കുന്ന വലിയ ഉള്ളിയും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. മൂന്നുമുതല്‍ നാലു വിസില്‍ അടിക്കുന്നതു വരെ വേവിക്കുക. ( പാചകക്കാരന് വിസിലടിക്കേണ്ടതില്ല. കുക്കറ് സ്വയം അടിച്ചോളും. കുക്കര്‍ വിസില്‍ അടിച്ചില്ലെങ്കില്‍ വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചറിയിക്കാന്‍ മറക്കണ്ട.) . അഞ്ച് - ആറുമിനിട്ടുകൊണ്ട് കടല വേവും.
ഒരു ചീനച്ചട്ടി (അമേരിക്കന്‍ ചട്ടി പറ്റില്ല. വേണമെങ്കില്‍ ഇറാക്ക് ചട്ടിയാവാം) അടുപ്പില്‍ വെച്ച് ആവശ്യത്തിനു എണ്ണ(ആരോഗ്യമുള്ളവര്‍ ഒരു ടീസ്പൂണും ഇല്ലാത്തവര്‍ 2 ടീസ്പൂണും ) ഒഴിക്കുക. എണ്ണ ചൂടായാല്‍ കടുക് പൊട്ടിക്കുക ( മുഖം കാണിച്ചുകൊടുത്താല്‍ അവിടെയും ഒന്ന് പൊട്ടിച്ച് കിട്ടും. ജാഗ്രതൈ..). ചതച്ചുവെച്ചിരിക്കുന്ന വെളുത്തുള്ളിയും പച്ചമുളകും ചേര്‍ക്കുക. നന്നായി ഇളക്കുക. പിന്നെ കറിവേപ്പില ചേര്‍ത്തിളക്കുക. വേപ്പില പൊട്ടിത്തെറിച്ചവസാനിച്ചാല്‍ തീകുറച്ച് മുളക് പൊടി ചേര്‍ക്കുക. മുളക് മൂത്തമണം വരുമ്പോള്‍ (ഒന്നു തുമ്മും) വേവിച്ചുവെച്ചിരിക്കുന്ന കടല ഇതിലേക്ക് പകരുക . ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് മൂടിവെച്ച് അഞ്ചുമിനിട്ട് വേവിക്കുക. കടലക്കറി റെഡി.
Labels : Veg
Thursday, March 22, 2007
സിമ്പിള്‍ കുമ്പളങ്ങാ കറി വിത്ത് ഉണക്കസ്രാവ് ഫ്രൈ.
ഭാഗം - 1
ആവശ്യമുള്ളവ :
കുമ്പളങ്ങ (ഇളവന്‍) : ഇടത്തരം 1 (ഇടത്തരം കിട്ടിയില്ലങ്കില്‍ വലുത് വാങ്ങി രണ്ടാക്കിയാലും മതി)
പച്ചമുളക് : 5
മഞ്ഞപ്പൊടി : 1 ടീസ്പൂണ്‍.
മുളക് പൊടി : 1 ടിസ്പൂണ്‍.
തേങ്ങ ചിരകിയത് : അരക്കപ്പ്
തൈര് : 100 ഗ്രാം.
കടക് : 1 സ്പൂണ്‍.
ചുവന്നമുളക് : 4 എണ്ണം.
വെളിച്ചണ്ണ.
ഉപ്പ്
മിക്സി : 1 (സിമ്പിളായി പാകം ചെയ്യാനാണ് മിക്സി. ഈ കറി ഉണ്ടാക്കി കഴിച്ച ശേഷവും മിക്സി ഉപയോഗിക്കാം - നിങ്ങള്‍ക്ക് ആയുസ്സും ആരോഗ്യവും ബാക്കിയുണ്ടെങ്കില്‍)
പാകം ചെയ്യുന്ന വിധം :-
1. കുമ്പളങ്ങ കാലിഞ്ച് വീതിയും അതിലും കുറഞ്ഞ കനവുമുള്ള കഷ്ണങ്ങളാക്കി നുറുക്കുക. നുറുക്കിയ കഷ്ണങ്ങള്‍, കുറച്ചുവെള്ളത്തില്‍ കാല് ടീസ്പൂണ്‍ മഞ്ഞപ്പൊടിയിട്ട് വേവിക്കുക്കാന് വെക്കുക.
2. അത് വേവുന്ന സമയം കൊണ്ട് ഞെട്ടികളഞ്ഞ പച്ചമുളക്(ഇത് എരിവില്ലാതെ ഇവിടെ കിട്ടുന്ന പച്ചമുളകാണ്.ഇനി എരിവ് കൂട്ടാനോ കുറക്കാനോ ആഗ്രഹമുള്ളവര്‍ മുളകിന്റെ എണ്ണത്തില്‍ അഡ്ജിസ്റ്റ്മന്റ് നടത്തിയാല്‍ മതി), മഞ്ഞപ്പൊടി, മുളക് പൊടി, ചിരകിയ തേങ്ങ ഇവ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
3. കുമ്പളങ്ങ വെന്തശേഷം അരച്ച തേങ്ങാമിക്സ് അതിലൊഴിക്കുക. പകത്തിന് ഉപ്പ് ചേര്‍ക്കുക. അഞ്ചുമിനുട്ട് കൂടി അടുപ്പത്ത് വെക്കുക.
4. കടുക്/ചുവന്ന മുളക് ഇവ ചൂടായ വെളിച്ചണ്ണയിലിട്ട് കടക് പൊട്ടിയ ശേഷം കറിയിലൊഴിക്കുക. പിന്നീട് തൈര് നന്നായി ഇളക്കിയ ശേഷം കറിയിലൊഴിക്കുക. അടച്ച് വെക്കുക.
ഭാഗം രണ്ട്:
ചെറിയ കഷ്ണങ്ങളാക്കിയ ഉണക്കസ്രാവ്.
നടുവേ കീറിയ പച്ചമുളക്.
വെളിച്ചെണ്ണ.
വെളിച്ചെണ്ണ ചൂടക്കി സ്രാവിന് കഷ്ണങ്ങളും പച്ചമുളകും അതിലിട്ട് നന്നായി വേവുന്ന വരേ കാത്തിരിക്കുക. നന്നായി വെന്തശേഷം തീയണച്ച് എണ്ണവാര്ത്ത് മറ്റൊരു പാത്രത്തില്‍ എടുത്ത് അടച്ച് വെക്കുക. ഇനി കഴിക്കുമ്പോള്‍ തുറക്കാം.
സൌകര്യം പോലെ എടുത്ത് കഴിക്കുക.
വാല്‍കഷ്ണം :
1. കുമ്പളങ്ങ (ഇളവന്‍) (ഈ രണ്ടുപേരും മലപ്പുറത്ത് പറയുന്നതാണ്. ഇതിന് പറയുന്നത് ഇതാണെന്നും ഈ പേര് ഞങ്ങളുടെ നാട്ടിലെ അറിയപ്പെട്ട തെറിയാണെന്നും പറഞ്ഞ് ആരെങ്കിലും വന്നാല്‍ അവര്‍ പറയുന്ന അവരുടെ നാട്ടിലെ പേരുകൂടി ബ്രാക്കറ്റില്‍ ചേര്‍ക്കുന്നതായിരിക്കും.
2. ഇത് കൊണ്ടുണ്ടാകുന്ന ധനനഷ്ടം, മാനനഷ്ടം (ഉദാഹരണത്തിന് ഉണക്കമീന്റെ മണം കൊണ്ട് തെട്ടടുത്തെ ഫ്ലാറ്റിലെ ആരെങ്കിലും കഴുത്തിന് പിടിച്ചാല്‍), ഇനി ഇതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും നഷ്ടം ഇവ സംഭവിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല. പരാതികള്‍ ഈ ബ്ലോഗിന്റെ സ്ഥാപകന്‍ ശ്രീകുട്ടമ്മേനോനെ അറിയിച്ചാല്‍ മതി... പക്ഷേ ഒരു കാര്യം പിന്നെ അക്കാര്യം നിങ്ങള്‍ തമ്മില്‍ തീര്‍ത്തോളണം... ഞാന്‍ ഈ നാട്ടിലുണ്ടാവില്ല.
അപ്പോ ഗുഡ്ബൈ.
മംഗളം മനോരമ ശുഭം.
Tuesday, March 06, 2007
മുട്ട ഉള്ളിയില ചേര്‍ത്ത് ചിക്കിപ്പൊരിച്ചത് (അധവാ, പത്ത് മിനുട്ടില്‍ ഒരു തൊട്ടുകൂട്ടാന്‍)

Monday, February 19, 2007
ചിക്കന്‍ കുറുമാനിയ
ചിക്കന്‍ കുറുമാനിയ
നളപാചകത്തിലെ ഒരു കോണ്ട്രിബ്യൂട്ടറായി കുറിയും കുത്തി ഇരിക്കാന്‍ തുടങ്ങിയിട്ട്, നാളിതുവരേയായി, ആളുകളുടെ വായക്ക് രുചിയും, വയറിന് ഒരു ഹരവും, കഴിച്ച് പിറ്റേ ദിവസം രാവിലെ അതേ വയറിന് തന്നെ ഒരു ആശ്വാസവും തരാന്‍ ഉതകുന്ന ഏതെങ്കിലും ഒരു വിഭവത്തിന്റെ പാചകക്കുറിപ്പ് പ്രിയപെട്ട ബ്ലോഗേഴ്സിന് നല്‍കൂ, നല്‍കൂ, എന്ന് സാക്ഷാല്‍ നളന് (ബ്ലോഗര്‍ നളനല്ല) ഇന്നലെ രാത്രിയിലെ ഗഹനമായ ഉറക്കത്തിന്റെ ഇടയില്‍ സ്വപ്നമായി വന്നു പറഞ്ഞു.
നളപാചകത്തില്‍ ഒരു പോസ്റ്റിടൂ എന്ന് നളന് വന്നു പറഞ്ഞാല്‍, പിന്നെ ഒളിച്ചു കളിക്കാതെ പോസ്റ്റിട്ടില്ലെങ്കില്‍ അതു ചളമാവില്ലെ?
ഉവ്വ് എന്നാണെന്റെ പക്ഷം.
“ചിക്കന്‍ കുറുമാനിയ“ എന്ന പേര് കേട്ടിട്ട്, എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഞാന്‍ ഈ പാചകകുറിപ്പ് പരീക്ഷിച്ചു നോക്കുകയില്ലേ. കര്‍ത്താവാണേ, ഭര്‍ത്താവാണേ, ഒടേ തമ്പുരാനാണേ എന്നൊന്നും തീരുമാനിക്കാന്‍ വരട്ടെ. ആദ്യം ഇതൊന്ന് വായിച്ച് നോക്കുക. പാചകശിരോമണികളായ വനിതകളും, പുരുഷുകളും നമ്മുടെ ബ്ലോഗേഴ്സിന്റെ ഇടയില്‍ ധാരാളം ഉണ്ടല്ലോ. എന്നിട്ട് സമയവും, സന്ദര്‍ഭവും, മനോധൈര്യവും ഉള്ളവര്‍ ഇത് പരീക്ഷിച്ച്, അഭിപ്രായം ഇതേ ബ്ലോഗില്‍ തന്നെ അറിയിച്ചാല്‍, അറച്ചു നില്‍ക്കുന്നവര്‍ക്കും, മടിച്ചു നില്‍ക്കുന്നവര്‍ക്കും ഈ സ്വാദിഷ്ടമായ ചിക്കന്‍ - കറിയെന്നു വിളിക്കാന്‍ പറ്റില്ല, എന്നാ മസാലയെന്നു വിളിക്കാമോ? ഇല്ല അതും പറ്റില്ല? റോസ്റ്റ്? നോ വേ. വരട്ടിയത്? ഇല്ലേയില്ല.
പിന്നെന്തൂട്ടാഷ്ടാ ഈ കുന്തം. ഇതാണ് ചിക്കന്‍ കുറുമാനിയ!
ഇത് ഉണ്ടാക്കുന്നത് വനിതകളാണെങ്കില്‍ താഴെ പറയുന്നതുപോലെ ഉണ്ടാക്കിയാല്‍ മാത്രം മതി. അതല്ലാ പുരുഷന്മാരാണെങ്കില്, പാചക സമയം രസാവഹമാക്കാന്‍, അല്ലെങ്കില്‍ ആസ്വാദകരമാക്കുവാന്‍, അവനവന്റെ കപ്പാസിറ്റിക്കനുസരിച്ച് രണ്ടോ, മൂന്നോ പെഗ്ഗ് അടിക്കാവുന്നതാണ്. അതില്‍ കൂടരത്. കാരണം അതു കഴിഞ്ഞാല്‍ കറിയുടെ സ്വാദ് ആസ്വദിക്കുവാന്‍ പറ്റില്ല!
ചേരുവകള്‍
ചിക്കന്‍ - 1 1/2 കിലോ ( ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കിയത് - ഫ്രെഷ് ചിക്കന്‍ ആണ് കൂടുതല്‍ അഭികാമ്യം)
മല്ലിപൊടി - 4 ടേബിള്‍സ്പൂണ്‍
മുളകുപൊടി - 2 1/2 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞപൊടി - 1/2 ടീസ്പൂണ്‍
ഗരം മസാല - 1 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്‘
ജീരകപൊടി - ഒരു നുള്ള് (നിര്‍ബന്ധമില്ല)
സവാള അഥവാ സബോള - 4 എണ്ണം (വലിയത്) - വളരെ കനം കുറച്ച് അരിയുക
ചെറിയ ഉള്ളി - 10-15 എണ്ണം - ഇതും കനം കുറച്ച് അരിയുക
നാളികേര കൊത്ത് - 1/2 മുറിയുടേത് (കനം കുറച്ച്, ചെറുതായി 1/2 ഇഞ്ച് നീളത്തില്‍ കൊത്തിയത്)
ഇഞ്ചി - 1 1/2 ഇഞ്ച് നീളം - പൊടിയായി അരിഞ്ഞത് (വീതി എത്ര വേണം എന്നൊന്നൊന്നും ആരും ചോദിച്ചേക്കരുത്)
തക്കാളി - 2 എണ്ണം (ഇടത്തരം വലുപ്പമുള്ളത്) - കുരു കുരുന്നനെ അരിഞ്ഞത്
വെളുത്തുള്ളി - 7-8 അല്ലി അഥവാ ചുള - പൊടിയായി അരിഞ്ഞത്
പച്ചമുളക് - 6 എണ്ണം, 3 എണ്ണം നെടുകെ പിളര്‍ന്നത് (ഇനിയിപ്പോ നെടുകെ പിളര്‍ന്നില്ലാന്നു വച്ചിട്ട് ഒരു പുല്ലും സംഭവിക്കാന്‍ പോകുന്നില്ല), 3 എണ്ണം ചെറുതായി ഓമ്ലേറ്റിലേക്കരിയുന്നതുപോലെ അരിയുക.
കറിവേപ്പില - 4 തണ്ട്
പാചകം ചെയ്യുന്ന വിധം : ജപ്പാന് ചട്ടി (അതില്ലെങ്കില്‍, ചീന ചട്ടിയോ, എന്തിനതികം, മണ്‍ചട്ടി മാത്രം മതിയെന്നല്ലാ, പക്ഷെ അതാണെങ്കില്‍ സൂപ്പര്‍) അടുപ്പില്‍ വച്ച്, ചൂടായതിനുശേഷം ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചണ്ണ അതിലേക്കൊഴിച്ച്, മുളകുപൊടിയും, മല്ലിപൊടിയും അതിലേക്കിട്ട്, ചെറിയ തീയില്‍ ബ്രൌണ്‍ നിറം വിടുന്നതു വരെ വറുക്കുക (കരിക്കരുത്). കഴുകി വെള്ളം പിഴിഞ്ഞു മാറ്റിയ കോഴികഷ്ണത്തിലേക്ക്, എല്ലാം സര്‍വ്വേശ്വരാ നീയെ തുണ എന്നു പറഞ്ഞ് (പറഞ്ഞില്ലെങ്കിലും യാതൊന്നും സംഭവിക്കില്ല) വറുത്ത മസാല ചേര്‍ക്കുക. അരിഞ്ഞു വച്ചിരിക്കുന്നതില്‍ നിന്നും, പകുതി ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, ചെറുതായി അരിഞ്ഞ പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, അര സ്പൂണ്‍ കുരുമുളകു പൊടി എന്നിവ ചേര്‍ക്കുക. ആ കൂട്ടിലേക്ക് രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും, മുകളില്‍ പറഞ്ഞിരിക്കുന്ന മഞ്ഞപൊടിയും, ആവശ്യത്തിന്നുപ്പും, കൊത്തി വച്ചിരിക്കുന്ന തേങ്ങാ കൊത്തുകളും ചേര്‍ത്ത് നന്നായി തിരുമ്മി വക്കുക. (എത്ര അധികം നേരം ഈ തിരുമ്മി വച്ചിരിക്കുന്നോ അത്രയും, നല്ലത്, അതു കരുതി നാലു മണിക്കൂറിനു മേലെ വച്ചാല്‍, കോഴി വളിച്ചു പോകുന്നതിന്നുത്തരവാദി ഞാനല്ല).
ചീന ചട്ടി ചൂടായതിനു ശേഷം, അതില്‍, മൂന്നു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടായ ശേഷം (എണ്ണ അവനവന്റെ ആരോഗ്യത്തിന്നനുസരിച്ച്, കൂട്ടുകയും, കുറക്കുകയും ചെയ്യാം, അല്ലാതെ, ഡേഷെ, നിന്റെ റെസീപ്പി പ്രകാരം കറി വച്ചു തിന്നാന്‍ തുടങ്ങിയതിന്നു ശേഷം എന്റെ കൊളസ്ട്രോള്‍ കൂടി എന്നാരും എന്നെ പറയരുത്), അതിലേക്ക്, ആദ്യം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും, വെളുത്തുള്ളിയും ചേര്‍ക്കുക. അതൊന്നല്പം മൂത്താല്‍, സവാളയും, കീറി വച്ചിരിക്കുന്ന പച്ചമുളകും ചേര്‍ത്ത നന്നായി വഴറ്റുക. ആ വഴറ്റുന്ന ചേരുവയുടെ നിറം മാറി കാപ്പി പൊടി നിറം, അഥവാ, സവാള സീ ത്രൂ പരുവത്തിലാകുമ്പോള്‍, തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക. എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍, രണ്ടു തണ്ടു കറിവേപ്പിലയും, മസാല പുരട്ടി വച്ചിരിക്കുന്ന കോഴികഷ്ണങ്ങളും ചേര്‍ക്കുക. നല്ലതുപോലെ ഇളക്കി ചേര്‍ത്ത്, അടപ്പെടുത്ത് ചീനചട്ടി മൂടുക. തീ ചെറുതാക്കാന്‍ മറക്കരുത്.
ചൂടു തട്ടുമ്പോള്‍ കോഴി, സ്വമേദയാ അടിച്ചിട്ടുള്ള വെള്ളങ്ങളെല്ലാം വാളുവെക്കും എന്നതിനാല്‍, ഒരു പത്ത് നിമിഷത്തിനുള്ളില്‍ ചീന ചട്ടിയില്‍ വെള്ളം കോഴികഷ്ണങ്ങളെ മൂടിയിരിക്കുന്ന പാകത്തില്‍ വെട്ടി തിളക്കുന്നുണ്ടായിരിക്കും. അടപ്പ് മാറ്റി, അവശേഷിച്ചിരിക്കുന്ന അര സ്പൂണ്‍ കുരുമുളകു പൊടിയും, ഗരം മസാല പൊടിയും ചേര്‍ത്ത് വീണ്ടും ഇളക്കുക.
പത്ത് മിനിറ്റ് ചെറിയ തീവില്‍ വേവിച്ചതിനു ശേഷം, ചീനചട്ടിയുടെ മൂടി തുറന്ന്, ചീന ചട്ടിയില്‍ ഉള്ള വെള്ളം വറ്റിക്കുക. ഇടക്കിടെ ഇളക്കികൊണ്ടിരിക്കണം. അല്ലെങ്കില്‍ അടിയില്‍ പിടിച്ചതെപ്പോഴെന്നു ചോദിച്ചാല്‍ മതി. (അഥവാ അങ്ങിനെ സംഭവിച്ചാല്‍, അടിയില്‍ പിടിക്കുന്നതിന്നുത്തരവാധി ഞാന്‍ അല്ല എന്നും ഈ അവസരത്തില്‍ ഞാന്‍ പറയാനാഗ്രഹിക്കുന്നു)
ഇളക്കി, ഇളക്കി, കോഴിക്കറി ഒരു കറുത്ത പരുവത്തിലായി തീരും (ചെറുതീയിലാണെന്നോര്‍മ്മ വക്കുക). ആ അവസരത്തില്‍, അല്പം ജീരകപൊടി (ഇഷ്ടമുള്ളവര്‍ മാത്രം) ചേര്‍ത്ത്. തീ കെടുത്തുക.
ഒരു ചെറിയ ചീന ചട്ടിയിലോ, ഫ്രൈയിങ്ങ് പാനിലോ, ഒരു സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞു വച്ചിരിക്കുന്നതില്‍ അവശേഷിച്ച ചെറിയ ഉള്ളി മൂപ്പിക്കുക. ഉള്ളി പകുതി മൂത്തതിനുശേഷം, ശേഷിക്കുന്ന ഒരു തണ്ട് കറിവേപ്പിലയും, ഒരു നുള്ള് മുളകു പൊടിയും ചേര്‍ത്ത് നന്നായിളക്കി, ഈ കൂട്ട് വെന്തൊരുങ്ങിയിരിക്കുന്ന “ചിക്കന്‍ കുറുമാനിയ“ യുടെ മുകളിലേക്കൊഴിക്കുക. വീണ്ടും നന്നായി ഇളക്കി, ഒരഞ്ചു മിനിറ്റു നേരത്തേക്കു കൂടി അടച്ചു വയ്ക്കുക.
“ചിക്കന്‍ കുറുമാനിയ” തയ്യാര്‍.
ചോറിനൊപ്പമോ, കുബൂസിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ, കള്ളിനൊപ്പമോ, എങ്ങിനെ വേണമെങ്കിലും നിങ്ങള്‍ക്കീ ചിക്കന്‍ കറുമാനിയ കഴിക്കാം.
സത്യമായും, നിങ്ങള്‍ ഇത് ഇഷ്ടപെടും എന്നെനിക്കുറപ്പുണ്ട്.
അഭിപ്രായങ്ങള്‍ അറിയിച്ചാല്‍, റിസ്ക് ഫാക്ടര്‍ ഒഴിവായി കിട്ടും :)
(ഈ കറിക്കുള്ള ക്രെഡിറ്റ് മുഴുവന്‍ എന്റെ അമ്മ - ശ്രീമതി അംബിക ഉണ്ണികൃഷ്ണന്)
Sunday, February 18, 2007
മിക്സഡ് ഓം ലെറ്റ്
ആവശ്യമുള്ള സാധനങ്ങള്‍
1.മുട്ട - നാലെണ്ണം
2.വേവിച്ച് മിന്‍സു ചെയ്ത മാട്ടിറച്ചി - കാല്‍കപ്പ്
3.എണ്ണ – ആവശ്യത്തിനു
4.സവാള നീളത്തില്‍ കനം കുറച്ചരിഞ്ഞത് - അരകപ്പ്
5.പച്ചമുളക് ചെറുതായി വട്ടത്തിലരിഞ്ഞത് - ഒരു വലിയ സ്പൂണ്‍
6.ഇഞ്ചി കൊത്തിയരിഞ്ഞത് - ചെറിയ സ്പൂണ്‍
7.കാരറ്റ് ഗ്രേറ്റ് ചെയ്തത് - കാല്‍കപ്പ്
8.ബീന്‍സ് നീളത്തിലരിഞ്ഞ് പകുതി വേവിച്ചത് - കാല് കപ്പ്
9.കാബേജ് ചെറുതായരിഞ്ഞത് - കാല് കപ്പ്
10.സെലറി പൊടിയായി അരിഞ്ഞത് - വലിയ സ്പൂണ്‍.
11.കുരുമുളകു പൊടി - അര സ്പൂണ്‍
12.ചോറ് അരച്ചത് - അരക്കപ്പ്
13.ഉപ്പ് - പാകത്തിന്
14.ഗരം മസാല – അര സ്പൂണ്‍.
15.മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
എണ്ണയും മുട്ടയുമൊഴിച്ചുള്ള ചേരുവകള്‍ ഒരു പാത്രത്തിലാക്കി ഒരുമിച്ചു ചേര്‍ക്കുക. മുട്ട ബീറ്റു ചെയ്ത് ഇതില്‍ ചേര്‍ക്കുക. എല്ലാം മിക്സ് ചെയ്ത് കാഞ്ഞ ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഓം ലെറ്റാക്കി ഉണ്ടാക്കിയെടുക്കുക.
Wednesday, January 24, 2007
തൊട്ട് സേവിക്കുവാന്‍...
(2 പേര്‍ക്കു തൊട്ടു സേവിക്കുവാന്‍)
കോഴി 500 ഗ്രാം ചെറിയ കഷ്ണങ്ങളാക്കിയത്
* മല്ലിപ്പൊടി, മുളക്പൊടി, അയമോദകം കാല് ടീസ്പൂണ്‍ വീതം
* ഇഞ്ചി ഒരിഞ്ച് നീളത്തില്‍
* വെളുത്തുള്ളി അഞ്ച് അല്ലി
* പച്ച കുരുമുളക് കാല് റ്റീസ്പൂന്ണ്
(* എല്ലാം ഒരുമിച്ച് അരച്ചത് )
ഇറച്ചി മസാല കാല് റ്റീസ്പൂണ്‍
കാന്താരി മുളക് പത്തെണ്ണം
കറിവേപ്പില ഒരു തണ്ട്
വെളിച്ചെണ്ണ മൂന്ന് റ്റീസ്പൂണ്‍
ഉപ്പ് പാകത്തിന്ന്
കാന്താരി മുളകും കറിവേപ്പിലയും ഒഴികെ ബാക്കിയെല്ലാം ഒരു പേസ്റ്റ് രൂപത്തില്‍ ആക്കുക..മുറിച്ച് വെള്ളമൂറിയ കോഴിയിലേക്ക് നല്ലോണ്ണം പുരട്ടുക..അര മണിക്കൂര്‍ അടച്ചുവയ്ക്കുക..ഇരുമ്പ് ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുമ്പൊള്‍ തീ വളരേ ചെറുതാക്കി മസാല പുരട്ടിയ കോഴി ഇടുക..അല്‍പ്പം കഴിഞ്ഞ് കറിവേപ്പില, കാന്താരി മുളക് ചേര്‍ക്കാം..ഇടയ്ക്കിടെ ഇളക്കുക..15-20 മിനുട്ടില്‍ ടച്ചിങ്ങ്സ് റഡി..
Thursday, January 04, 2007
ഇറച്ചിക്കറി മണ്‍ചട്ടിയില്‍...!
വേണ്ടുന്ന ചേരുവകള്‍
ആട്ടിറച്ചി/ മാട്ടിറച്ചി - 1 കിലോ (ചെറിയ കക്ഷണങ്ങളാക്കിയത്)
എള്ളെണ്ണ - അര കപ്പ്
വെളുത്തുള്ളി - 6 എണ്ണം
ഇഞ്ചി - ഒരു കക്ഷണം
സബോള - 4 എണ്ണം
പച്ചമുളക് - 5 എണ്ണം
വേപ്പെല - രണ്ട് തണ്ട്
ഗ്രാമ്പൂ - 4 എണ്ണം
പട്ട - ഒരു കക്ഷണം
ഏലക്കായ് - 4 എണ്ണം
പെരുംഞ്ചീരകം - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല് ടീസ്പൂണ്‍
കാഷ്മീരി മുളക് പൊടി - മുക്കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി - 4 ടീസ്പൂണ്‍
കുരുമുളക് പൊടി - മുക്കാല്‍ ടീസ്പൂണ്‍
തക്കാളി - 2 എണ്ണം
ഉപ്പ്
വെള്ളം - 2 കപ്പ്
മല്ലിച്ചെപ്പ്
പാകം ചെയ്യുന്ന വിധം
മണ്‍ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടായതിന് ശേഷം നന്നേ ചെറുതായി കൊത്തിയരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ബ്രൌണ്‍ നിറമാകുന്നത് വരെ വഴറ്റുക. അതിലേക്ക് സബോള അരിഞ്ഞതും പച്ചമുളക് നെടുകേ കീറിയതും വേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റിയതിന് ശേഷം ഇതിലേക്ക് ഗ്രാമ്പൂ, പട്ട, ഏലക്കയ്, പെരുംഞ്ചീരകം എന്നിവ ചേര്‍ക്കുക. അതിന് ശേഷം ഇറച്ചി ചേര്‍ത്ത് പത്ത് മിനിറ്റോളം വഴറ്റുക. പിന്നീട് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് 5 മിനിറ്റോളം വഴറ്റുക. പിന്നീട് തക്കാളി അരിഞ്ഞുവെച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റിയതിന് ശേഷം രണ്ട് കപ്പ് വെള്ളം ഒഴിച്ച് മൂടിവെച്ച് ഇടത്തരം തീയ്യില്‍ വേവിക്കുക. കറി, താത്പര്യത്തിനനുസരിച്ച് ചാറോടേയോ കുറുക്കിയെടുക്കുകയോ ചെയ്യാം. മല്ലിയില തൂവി ഉപയോഗിക്കാം. കുക്കറില്‍ പാകം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് മണ്‍ചട്ടിക്ക് പകരം കുക്കര്‍ ഉപയോഗിക്കാം.