Tuesday, March 27, 2007

പപ്പട ഉപ്പേരി

ഇതു പാവം ബാച്ചിലേഴ്സിനു മാത്രം വേണ്ടിയുള്ളതാണ്.പാചകത്തില്‍ പുലികളായ അമ്മമാരും പെങ്ങന്‍മാരും ദയവുചെയ്തു ഇതു വായിച്ചു മൂക്കതു വിരല്‍ വയ്ക്കരുത്.ഇങ്ങനേയും ഒരു കറിയോ എന്നു ചോദിക്കുകയുമരുത്.

സമര്‍പ്പണം : പാചകത്തില്‍ എന്‍റെ ഗുരുവായ(പാചകം പഠിക്കണമെന്ന മോഹവുമയിചെന്ന എന്നോട് ഉള്ളിയരിയാന്‍ പറഞ്ഞ..) സഹമുറിയന്.

ഒരു ഭേദപ്പെട്ട ഊണെന്നുപറയുമ്പോള്‍ അതില്‍ ഒരു ചാറു കറിയും,ഉപ്പേരിയും(തോരന്‍ ) വേണമെന്നതാണലോ നാട്ടുനടപ്പ്.കുറച്ചു മോരില്‍ കുറച്ചു പച്ചമുളകിട്ടാല്‍ ചാറു കറിയാക്കാം.പക്ഷെ ഉപ്പേരിക്കൊരുവഴിയും ഇല്ല.അങ്ങിനെയിരിക്കുമ്പോഴാണു ഇവനെത്തുന്നത്.

ആവശ്യമായവ

പപ്പടം : ഒരാള്‍ക്ക് 4 വീതം
മുളകുപൊടി (ഇടിച്ചു പൊടിച്ചത്.):1 കരണ്ടി
ചീനച്ചട്ടി :1
വെളിച്ചെണ്ണ : അര ഗ്ലാസ്.
കത്തി :1
കൊടില്‍ : 1

തയ്യാറാക്കുന്ന രീതി

1.പപ്പടം ചെറു കഷണങ്ങളായി മുറിക്കുക.(സിനിമയിലെ നായിക പ്രേമലേഖനം വാങ്ങി പിച്ചിച്ചീന്തുന്നതുപോലെ)
2അടുപ്പ് കത്തിച്ച് ചീനച്ചട്ടി അതില്‍ വയ്ക്കുക.
3.കരുതിയിരിക്കുന്ന വെളിച്ചെണ്ണ അതിലേക്കൊഴിക്കുക.(ചീനച്ചട്ടിയില്‍ വെള്ളമുണ്ടെങ്കില്‍ ഒരു ചെറിയ വെടിക്കെട്ട് ഓസിനു കാണം)
4.വെളിച്ചെണ്ണയില്‍ പോളങ്ങള്‍ (ബബിള്‍) വന്നുതുടങ്ങിയാല്‍ പപ്പടകഷണങ്ങള്‍ കുറേശ്ശെയായി അതിലേക്കിടുക..(പാടത്ത് വിത്ത് വിതക്കുന്നതുപോലെ)
5.ബാക്കിയുള്ള കഷണങ്ങള്‍ ഇടാന്‍ സ്ഥലമില്ലെങ്കില്‍ കത്തിയുപയോഗിച്ചു കുറച്ചു സ്ഥലമുണ്ടാക്കി അവിടെയിടുക.
6.മൊത്തമായൊന്നിളക്കി എല്ല കഷണങ്ങളും മൊരിഞ്ഞു എന്നുറപ്പു വരുത്തുക.
7.കൊടില്‍ കൊണ്ട് ചീനച്ചട്ടി എടുത്ത് കുറച്ചു എണ്ണ(2 കരണ്ടി) ഒഴികെ ബാക്കിയെല്ലാം മറ്റൊരു പാത്രത്തില്‍ പകര്‍ന്നു വയ്ക്കുക.(വളയാത്ത സുന്ദരിമാരെ ഈ എണ്ണയിട്ടു വളക്കാം.പെട്ടെന്നു വളയും)
8.മുളകുപൊടിയെടുത്തു ചീനച്ചട്ടിയിലെ എണ്ണയിലേക്കിടുക.
9.മുളക് മൊരിഞ്ഞുകഴിഞ്ഞാല്‍ പപ്പടവുമായി മിക്സ് ചെയ്യുക.

അങ്ങിനെ ഒരു തട്ടിക്കൂട്ട് ഉപ്പേരി തയ്യാര്‍.

അമ്മമാരും പെങ്ങന്‍മാരും മുകളില്‍ പറഞ്ഞ മുന്നറിയിപ്പു ലംഘിച്ചുകൊണ്ട് ഇതു വായിച്ചാല്‍ അവര്‍ക്കുള്ള ശിക്ഷ : ഇതില്‍ നടത്താവുന്ന പരീക്ഷണങ്ങളെല്ലം നടത്തി ഇതൊരു നല്ല കറിയാക്കി ഈ ബ്ലോഗില്‍ തന്നെ പോസ്റ്റ് ചെയ്യണം

Sunday, March 25, 2007

പുട്ടും കടലക്കറിയും.

സാധാരണയായി പുട്ടും കടലയും ഇഷ്ടപ്പെടാത്ത മലയാളികള്‍‍ വളരെ ചുരുക്കമാണെന്നുവേണം കരുതാന്‍‍. ഇന്നു കൊളസ്റ്റ്രോളും ഷുഗറും പ്രഷറുമൊക്കെയായി ‍ മലയാളികള്ക്ക് പുട്ടിനോടുള്ള താത്പര്യം കുറഞ്ഞിരിക്കുന്നു. അരിക്കു പകരം ഗോതമ്പ് കൊണ്ടു പുട്ടുണ്ടാക്കിയാല്‍ ഇതിനൊരു പ്രതിവിധിയാവുമെന്നു കരുതുന്നു. നല്ല തവിടുള്ള ഗോതമ്പ് പുട്ടും കടലക്കറിയും കാലത്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യപ്രദമാണെന്നുതന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. (ഉണ്ടാക്കാന്‍ വളരെ എളുപ്പമാണു.)

ആവശ്യമുള്ള സാധനങ്ങള്‍

1.ഗോതമ്പ് പൊടി - ഒരു കപ്പ് .( തവിടുള്ള(Extra Bran) ഗോതമ്പാണെങ്കില്‍ വളരെ നന്നായിരിക്കും)
2.ഉപ്പ് - ആവശ്യത്തിനു
3.കടല – അരക്കപ്പ് ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക)
4.വെള്ളം - ആവശ്യത്തിന്
5.വലിയ ഉള്ളി - 2 എണ്ണം (കനം കുറച്ച് അരിഞ്ഞത്)
6.വെളുത്തുള്ളി - 8 അല്ലി (ചതച്ചത് )
7.കടുക് - ആവശ്യത്തിന്
8.എണ്ണ – ആവശ്യത്തിനു ( സണ്‍ ഫ്ലവര്‍ ഓയില്‍ ആയാല്‍ നല്ലത് )
9.മുളകുപൊടി - അര റ്റീസ്പൂണ്‍ ( എരിവു കുറഞ്ഞത് )
10.പച്ചമുളക് - 2 എണ്ണം
11.മഞ്ഞള്‍പ്പൊടി - അര റ്റിസ്പൂണ്‍
12.കറിവേപ്പില – 2 കതിര്‍പ്പ്

ഉണ്ടാക്കേണ്ട വിധം

പുട്ട്
വായ് വട്ടമുള്ള ഒരു പാത്രത്തില്‍ ഗോതമ്പുപൊടിയെടുത്ത് വെള്ളവും ആവശ്യത്തിനു ഉപ്പുമിട്ട് (ഉപ്പ് നിര്‍ബന്ധമില്ല) പുട്ടിനുള്ള പാകത്തിനു കുഴയ്ക്കുക. പതിനഞ്ചുമിനിട്ട് വെറുതെ വെക്കുക. അവനവിടെയിരുന്ന് വിശ്രമിക്കട്ടെ. (ഇനി കട്ടകെട്ടുകയാണെങ്കില്‍ അവനെയെടുത്ത് ഗ്രൈന്‍ഡറില്‍ പത്തുസെക്കന്റ് കറക്കിയാല്‍ മതി. സംഗതി കുശാലന്‍). ഇനി പുട്ടുകുടമെടുത്ത് പകുതിയോളം വെള്ളം നിറച്ച് അടുപ്പത്ത് വെയ്ക്കുക. തിളയ്ക്കുമ്പോള്‍ ഒരു കതിര്‍പ്പ് വേപ്പില അതിലിട്ട് നിറച്ചുവെച്ചിരിക്കുന്ന പുട്ടുകുറ്റി മെല്ലെ കുടത്തില്‍ ഘടിപ്പിക്കുക. പുട്ടുകുറ്റിയുടെ മൂടി വെക്കാന്‍ മറക്കരുത്. ആവി കുറ്റിയുടെ മുകളില്‍ നിന്നും വന്നാല്‍ തീകുറച്ച് 10 മുതല്‍ 15 മിനിട്ട് വരെ വേവിക്കുക.

കടലക്കറി
കുക്കറില്‍ ആ‍വശ്യത്തിന് വെള്ളവും കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കടലയും മഞ്ഞള്‍പ്പൊടിയും കനം കുറച്ചരിഞ്ഞുവെച്ചിരിക്കുന്ന വലിയ ഉള്ളിയും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. മൂന്നുമുതല്‍ നാലു വിസില്‍ അടിക്കുന്നതു വരെ വേവിക്കുക. ( പാചകക്കാരന്‍ വിസിലടിക്കേണ്ടതില്ല. കുക്കറ് സ്വയം അടിച്ചോളും. കുക്കര്‍ വിസില്‍ അടിച്ചില്ലെങ്കില്‍ വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചറിയിക്കാന്‍ ‍ മറക്കണ്ട.) . അഞ്ച് - ആറുമിനിട്ടുകൊണ്ട് കടല വേവും.
ഒരു ചീനച്ചട്ടി (അമേരിക്കന്‍ ചട്ടി പറ്റില്ല. വേണമെങ്കില്‍ ഇറാക്ക് ചട്ടിയാവാം) അടുപ്പില്‍ വെച്ച് ആവശ്യത്തിനു എണ്ണ(ആരോഗ്യമുള്ളവര്‍ ഒരു ടീസ്പൂണും ഇല്ലാത്തവര്‍ 2 ടീസ്പൂണും ) ഒഴിക്കുക. എണ്ണ ചൂടായാല്‍ കടുക് പൊട്ടിക്കുക ( മുഖം കാണിച്ചുകൊടുത്താല്‍ അവിടെയും ഒന്ന് പൊട്ടിച്ച് കിട്ടും. ജാഗ്രതൈ..). ചതച്ചുവെച്ചിരിക്കുന്ന വെളുത്തുള്ളിയും പച്ചമുളകും ചേര്‍ക്കുക. നന്നായി ഇളക്കുക. പിന്നെ കറിവേപ്പില ചേര്‍ത്തിളക്കുക. വേപ്പില പൊട്ടിത്തെറിച്ചവസാനിച്ചാല്‍ തീകുറച്ച് മുളക് പൊടി ചേര്‍ക്കുക. മുളക് മൂത്തമണം വരുമ്പോള്‍ (ഒന്നു തുമ്മും) വേവിച്ചുവെച്ചിരിക്കുന്ന കടല ഇതിലേക്ക് പകരുക . ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് മൂടിവെച്ച് അഞ്ചുമിനിട്ട് വേവിക്കുക. കടലക്കറി റെഡി.Labels : Veg

Thursday, March 22, 2007

സിമ്പിള്‍ കുമ്പളങ്ങാ കറി വിത്ത് ഉണക്കസ്രാവ് ഫ്രൈ.

ഭാഗം - 1


ആവശ്യമുള്ളവ :

കുമ്പളങ്ങ (ഇളവന്‍) : ഇടത്തരം 1 (ഇടത്തരം കിട്ടിയില്ലങ്കില്‍ വലുത്‌ വാങ്ങി രണ്ടാക്കിയാലും മതി)

പച്ചമുളക്‌ : 5

മഞ്ഞപ്പൊടി : 1 ടീസ്പൂണ്‍.

മുളക്‌ പൊടി : 1 ടിസ്പൂണ്‍.

തേങ്ങ ചിരകിയത്‌ : അരക്കപ്പ്‌

തൈര്‌ : 100 ഗ്രാം.

കടക്‌ : 1 സ്പൂണ്‍.

ചുവന്നമുളക്‌ : 4 എണ്ണം.

വെളിച്ചണ്ണ.

ഉപ്പ്‌മിക്സി : 1 (സിമ്പിളായി പാകം ചെയ്യാനാണ്‌ മിക്സി. ഈ കറി ഉണ്ടാക്കി കഴിച്ച ശേഷവും മിക്സി ഉപയോഗിക്കാം - നിങ്ങള്‍ക്ക്‌ ആയുസ്സും ആരോഗ്യവും ബാക്കിയുണ്ടെങ്കില്‍)


പാകം ചെയ്യുന്ന വിധം :-

1. കുമ്പളങ്ങ കാലിഞ്ച്‌ വീതിയും അതിലും കുറഞ്ഞ കനവുമുള്ള കഷ്ണങ്ങളാക്കി നുറുക്കുക. നുറുക്കിയ കഷ്ണങ്ങള്‍, കുറച്ചുവെള്ളത്തില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞപ്പൊടിയിട്ട്‌ വേവിക്കുക്കാന്‍ വെക്കുക.

2. അത്‌ വേവുന്ന സമയം കൊണ്ട്‌ ഞെട്ടികളഞ്ഞ പച്ചമുളക്‌(ഇത്‌ എരിവില്ലാതെ ഇവിടെ കിട്ടുന്ന പച്ചമുളകാണ്‌.ഇനി എരിവ്‌ കൂട്ടാനോ കുറക്കാനോ ആഗ്രഹമുള്ളവര്‍ മുളകിന്റെ എണ്ണത്തില്‍ അഡ്ജിസ്റ്റ്‌മന്റ്‌ നടത്തിയാല്‍ മതി), മഞ്ഞപ്പൊടി, മുളക്‌ പൊടി, ചിരകിയ തേങ്ങ ഇവ മിക്സിയിലിട്ട്‌ നന്നായി അരച്ചെടുക്കുക.

3. കുമ്പളങ്ങ വെന്തശേഷം അരച്ച തേങ്ങാമിക്സ്‌ അതിലൊഴിക്കുക. പകത്തിന്‌ ഉപ്പ്‌ ചേര്‍ക്കുക. അഞ്ചുമിനുട്ട്‌ കൂടി അടുപ്പത്ത്‌ വെക്കുക.

4. കടുക്‌/ചുവന്ന മുളക്‌ ഇവ ചൂടായ വെളിച്ചണ്ണയിലിട്ട്‌ കടക്‌ പൊട്ടിയ ശേഷം കറിയിലൊഴിക്കുക. പിന്നീട്‌ തൈര്‌ നന്നായി ഇളക്കിയ ശേഷം കറിയിലൊഴിക്കുക. അടച്ച്‌ വെക്കുക.ഭാഗം രണ്ട്‌:

ചെറിയ കഷ്ണങ്ങളാക്കിയ ഉണക്കസ്രാവ്‌.

നടുവേ കീറിയ പച്ചമുളക്‌.

വെളിച്ചെണ്ണ.

വെളിച്ചെണ്ണ ചൂടക്കി സ്രാവിന്‍ കഷ്ണങ്ങളും പച്ചമുളകും അതിലിട്ട്‌ നന്നായി വേവുന്ന വരേ കാത്തിരിക്കുക. നന്നായി വെന്തശേഷം തീയണച്ച്‌ എണ്ണവാര്‍ത്ത്‌ മറ്റൊരു പാത്രത്തില്‍ എടുത്ത്‌ അടച്ച്‌ വെക്കുക. ഇനി കഴിക്കുമ്പോള്‍ തുറക്കാം.

സൌകര്യം പോലെ എടുത്ത്‌ കഴിക്കുക.

വാല്‍കഷ്ണം :

1. കുമ്പളങ്ങ (ഇളവന്‍) (ഈ രണ്ടുപേരും മലപ്പുറത്ത്‌ പറയുന്നതാണ്‌. ഇതിന്‌ പറയുന്നത്‌ ഇതാണെന്നും ഈ പേര്‌ ഞങ്ങളുടെ നാട്ടിലെ അറിയപ്പെട്ട തെറിയാണെന്നും പറഞ്ഞ്‌ ആരെങ്കിലും വന്നാല്‍ അവര്‍ പറയുന്ന അവരുടെ നാട്ടിലെ പേരുകൂടി ബ്രാക്കറ്റില്‍ ചേര്‍ക്കുന്നതായിരിക്കും.


2. ഇത്‌ കൊണ്ടുണ്ടാകുന്ന ധനനഷ്ടം, മാനനഷ്ടം (ഉദാഹരണത്തിന്‌ ഉണക്കമീന്റെ മണം കൊണ്ട്‌ തെട്ടടുത്തെ ഫ്ലാറ്റിലെ ആരെങ്കിലും കഴുത്തിന്‌ പിടിച്ചാല്‍), ഇനി ഇതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും നഷ്ടം ഇവ സംഭവിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല. പരാതികള്‍ ഈ ബ്ലോഗിന്റെ സ്ഥാപകന്‍ ശ്രീകുട്ടമ്മേനോനെ അറിയിച്ചാല്‍ മതി... പക്ഷേ ഒരു കാര്യം പിന്നെ അക്കാര്യം നിങ്ങള്‍ തമ്മില്‍ തീര്‍ത്തോളണം... ഞാന്‍ ഈ നാട്ടിലുണ്ടാവില്ല.

അപ്പോ ഗുഡ്‌ബൈ.


മംഗളം മനോരമ ശുഭം.

Tuesday, March 06, 2007

മുട്ട ഉള്ളിയില ചേര്‍ത്ത്‌ ചിക്കിപ്പൊരിച്ചത്‌ (അധവാ, പത്ത്‌ മിനുട്ടില്‍ ഒരു തൊട്ടുകൂട്ടാന്‍)

ചേരുവകള്‍

മുട്ട നാലെണ്ണം

ഏണ്ണ ഒരു ടേബിള്‍സ്പൂണ്‍

തേങ്ങ ചുരണ്ടിയത്‌ ഒരു മുറി

ഉള്ളിയില കാല്‍ കിലോ

മല്ലിയില അല്‍പ്പം

കടുക്‌ ഒരു ടീസ്പൂണ്‍

കുരുമുളക്‌ തരി അര ടീസ്പ്പൂണ്‍

മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍

ഇഞ്ചി ഒരിഞ്ചു നീളം

പച്ചമുളക്‌ നാലെണ്ണം/ രുചിക്ക്‌

കറിവേപ്പില ഒരു തണ്ട്‌


ഉണ്ടാക്കുന്ന വിധം

ഉള്ളിയിലയും ഇഞ്ചിയും പച്ചമുളകും പൊടിയായി അരിഞ്ഞ്‌ വയ്ക്കുക.

കട്ടിയുള്ള ചീനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച്‌ കടുക്‌ പൊട്ടിക്കുക കറിവേപ്പില ചേര്‍ക്കുക.

അരിഞ്ഞ്‌ വച്ചിരിക്കുന്ന ഉള്ളിയില, പച്ചമുളക്‌, ഇഞ്ചി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ ചേര്‍ത്ത്‌ രണ്ട്‌ മിനുട്ട്‌ മൂടി വയ്ക്കുക.

വെന്ത ഉള്ളിയിലയ്ക്കു മുകളില്‍ ചുരണ്ടിയ തേങ്ങ നിരത്തി അതിനുമുകളില്‍ അടിച്ച മുട്ട ഒഴിക്കണം. തീ വളരെ കുറച്ച്‌ കരിയാതെ നല്ലോണ്ണം ഇളക്കണം. എടുക്കാറാകുമ്പോള്‍ കുരുമുളകും മല്ലിയിലയും ചേര്‍ത്ത്‌ എടുക്കാം.