Tuesday, September 01, 2009

ഉരുളയ്ക്കുപ്പേരി

ഓണം എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് സുഗന്ധം പരത്തിയെത്തുന്നതു സദ്യയാണ്. ഉപ്പേരിയില്ലാതെ ഓണ സദ്യയില്ലല്ലോ.

മൂത്ത നേന്ത്രക്കായ കുല വെട്ടിയ ഉടനെ വറുക്കണമെന്നാണ് പഴമക്കാരുടെ അഭിപ്രായം.

ശര്‍ക്കര ഉപ്പേരി വഴറ്റുന്നത് ഓട്ടുരുളിയിലാണെങ്കില്‍ കേമം.


കായ ഉപ്പേരി

അഞ്ചു നേന്ത്രക്കായ, രണ്ട് സ്പൂണ്‍ ഉപ്പും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയുമടങ്ങിയ അരഗ്ലാസ് വെള്ളം.

മൂത്ത നേന്ത്രക്കായ നാലുകീറി നുറുക്കി മഞ്ഞള്‍പൊടിയില്‍ കറ പോകും വിധം കഴുകിയെടുത്ത് വെട്ടിത്തിളയ്ക്കുന്ന വെളിച്ചെണ്ണയില്‍ ഇടണം. വറവ് മൂക്കുന്നതിനു തൊട്ടുമുമ്പ് മഞ്ഞളും ഉപ്പും ചേര്‍ന്ന വെള്ളം എണ്ണയിലേക്കൊഴിക്കണം. മൊരിഞ്ഞു ചുവന്നാല്‍ കണ്ണാപ്പകൊണ്ട് കോരിയെടുക്കാം.


ശര്‍ക്കര ഉപ്പേരി

അഞ്ചു നേന്ത്രക്കായ, ശര്‍ക്കര അരകിലോ, ചുക്കുപൊടി 50 ഗ്രാം, ജീരകപ്പൊടി 25 ഗ്രാം,നെയ്യ് ഒരു ടീസ്പൂണ്‍.

മൂപ്പെത്തിയ നേന്ത്രക്കായ രണ്ടു കീറായി നുറുക്കി കഴുകിയെടുത്ത് ഉപ്പു ചേര്‍ക്കാതെ വറുത്തെടുക്കണം. തുടര്‍ന്ന് വെള്ളവും ചുക്കുപൊടിയും നെയ്യും ചേര്‍ത്ത് ശര്‍ക്കര പാവുകാച്ചണം. ചട്ടുകം കൊണ്ട് കോരിയെടുത്ത് നൂല്പരുവത്തിലെത്തുമ്പോള്‍ ജീരകപ്പൊടി ചേര്‍ത്തിളക്കണം. പാവു തണുക്കുന്നതിനു മുമ്പായി കായ വറുത്ത് വെച്ചത് അതിലേക്കിട്ട് നന്നായി ഇളക്കിയാല്‍ ശര്‍ക്കര ഉപ്പേരി റെഡി.

(നളപാചകത്തിനു വേണ്ടി മണീസിന്റെ വെപ്പുപുരയില്‍ നിന്നും.)

ഓണപ്പായസം

ഓണമായി. വായില്‍ കപ്പലോടിക്കാനുള്ള വെള്ളമൂറും തൃശ്ശൂരിലെ പാചകശാലകളില്‍ ചെന്നാല്‍. എല്ലാവരും ഓണപ്രഥമന്‍ ഉണ്ടാക്കുന്ന തിരക്കീലാണ്. ദിവസവും ആയിരക്കണക്കിനു ലിറ്റര്‍ പായസമാണ് സീസണില്‍ വിറ്റുപോകുന്നത്.

അവശ്യസാധനങ്ങളുടെ വില വര്‍ദ്ദന പ്രഥമനെയും ബാധിച്ചു. ലിറ്ററിനു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 രൂപ കൂടിയിട്ടുണ്ട്. തിരുവോണത്തിനു 90 രൂപയ്ക്കാണ് പായസം വില്‍പ്പന. എന്നാല്‍ ഇതിലും വിലയേറുമെന്ന് സംശയമുണ്ട്. എങ്കിലും ഇത്തവണയും പായസത്തിനു ആയിരക്കണക്കിനു ലിറ്ററിന്റെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇരുപതിനായിരം ലിറ്റര്‍ പായസം വരെ ഉണ്ടാക്കി വില്‍ക്കുന്നവരുണ്ട്.

ഓണസദ്യയില്‍ ഏറെപ്രിയ പാലടപ്രഥമനാണ്. ഓണത്തിനു കൂടുതല്‍ വിറ്റുപോകുന്നതും പാലട തന്നെ.

പാലടപ്രദമന്‍

പ്രഥമനുള്ള പാലട ഉണ്ടാക്കലാണ് പ്രധാനം.അരി വെള്ളത്തിലിട്ട് നനച്ച് വളരെ ചെറിയ തരിയായി പൊടിച്ചെടുക്കുക. പൊടി പച്ചവെള്ളം ഒഴിച്ച് കലക്കുക. വെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടി ഇളക്കുക. ഈ ഇളക്കല്‍ നന്നായാലേ അടയ്ക്ക് രുചിയുണ്ടാവൂ. ശേഷം വാഴയിലയില്‍ അണിഞ്ഞെടുക്കുക. ഇത് തിളച്ചവെള്ളത്തിലിട്ട് വേവിക്കുക.

വെന്താല്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിച്ച് ഇലയില്‍ നിന്നും അടര്‍ത്തിയെടുക്കുക. പാലയുടെ നെറ്റില്‍ (പ്രത്യേകതരം അച്ച്) ഇട്ട് ചെറുതായി അമര്‍ത്തുക. അപ്പോള്‍ പാലടയുടെ ആകൃതി കിട്ടും.

ഈ അടക്കഷണങ്ങള്‍ തോര്‍ത്തുമുണ്ടിലിട്ടു വെള്ളം ഒഴിച്ചു നന്നായി കഴുകിയെടുക്കുക. വെള്ളം വാര്‍ന്നുപോകുന്നതു വരെ കൊട്ടയില്‍ വെയ്ക്കുക.

പാല്‍ ചൂടാക്കുക. പാലിലേക്കു അടയും പഞ്ചസാരയും ഇട്ട് ഇളക്കി കുറുക്കിയെടുക്കുക. അല്‍പ്പം നേരം കൂടി തിളയ്പ്പിക്കുക. പാലടപ്രഥമന്‍ തയ്യാര്‍.

പരിപ്പു പ്രഥമന്‍

ഒരു കിലോ ചെറുപരിപ്പിന്റെ പായസം ഇങ്ങനെ തയ്യാറാക്കാം.

അല്‍പ്പം നെയ്യും വെളിച്ചെണ്ണയുമൊഴിച്ച് പരിപ്പു ചുവപ്പേ വറക്കണം. വെള്ളം ചേര്‍ത്തു വേവിക്കുക. ഇതിലേക്ക് രണ്ടര കിലോ ശര്‍ക്കര ഉരുക്കി അരിച്ച് ഒഴിക്കണം.

എട്ടു നാളികേരത്തിന്റെ രണ്ടാം പാല്‍ ഇതിലേക്ക് ഒഴിക്കണം. വെള്ളം വലിയുമ്പോള്‍ നാളികേരത്തിന്റെ ഒന്നാം പാല്‍ ചേര്‍ക്കുക. ഇനി അണ്ടിപ്പരിപ്പ് ചേര്‍ക്കാം. ആവശ്യമുള്ളവര്‍ക്ക് ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം.
പരിപ്പു പ്രഥമന്‍ റെഡി.

(തൃശ്ശൂരിലെ വെളപ്പായ കണ്ണന്റെ വെപ്പുപുരയില്‍ നിന്നും നളപാചകത്തിനു വേണ്ടി തയ്യാറാക്കിയത്. )

Saturday, March 21, 2009

ചക്ക തോരന്‍

1)ഇടിയന്‍ ചക്ക കഷണങ്ങള്‍ ആക്കിയതു- ഒരു ചെറിയ ചക്കയുടെതു
-ഇതു അല്പം വെളിച്ചെണ്ണ, ഉപ്പു, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് മുക്കാല്‍ വേവിച്ചു, പതുക്കെ ചതച്ചു മാറ്റിവെയ്ക്കുക...

2) വെളിച്ചെണ്ണ-2സ്പൂണ്‍
കടുകു-1സ്പൂണ്‍
പച്ചമുളകു ചെറുതായി വട്ടത്തില്‍ അരിഞ്ഞതു-5 എണ്ണം
വറ്റല്‍ മുളക്-4-5 എണ്ണം രണ്ടാക്കിയതു
കറിവേപ്പില-2തണ്ടു
ഉഴുന്നുപരിപ്പു-1റ്റീസ്പൂണ്‍
നാളികേരം ചിരകിയതു- 1.5 കപ്പ് (മിക്സിയില്‍ ഇട്ടു ഒന്നു ചതച്ചു എടുക്കുക, അപ്പോള്‍ ഒരുപോലെ മൂത്തു കിട്ടും)

വെളിച്ചെണ്ണ ഒഴിച്ചു ചൂടായല്‍ കടുകു ഇടുക, കടുകു പൊട്ടി കഴിയുമ്പോളേക്കും ഉഴുന്നുപരിപ്പു, പച്ചമുളകു,കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് അതിലേക്കു നാളികേരവും ഇട്ടു നല്ല സ്വര്‍ണ്ണനിറമാകുന്നതു വരെ മൂപ്പിച്ചു, വേവിച്ചു ചതച്ചു വെച്ചിരിക്കുന്ന ചക്കയും ചെര്‍ത്തു ഉലര്‍ത്തി എടുക്കുക....ഏകദേശം ഇങ്ങനെ ഒക്കെ ഉണ്ടാകും....