Friday, October 20, 2006

വെണ്ടക്കായ റോസ്റ്റ്‌


ചേരുവകകകള്‍
വെണ്ടക്കായ 250 ഗ്രാം (കഴുകി ഒരിഞ്ചു നീളത്തില്‍ മുറിച്ചു കുറുകേ പിളര്‍ന്നു വയ്ക്കുക)
സവാള- ഇടത്തരം- രണ്ടെണ്ണം
കറിവേപ്പില
വെളുത്തുള്ളി രണ്ട്‌ അല്ലി- കൊത്തിയരിഞ്ഞത്‌
ഇഞ്ചി ഒരു കഷണം- കൊത്തിയരിഞ്ഞത്‌
മഞ്ഞള്‍പ്പൊടി &മുളകുപൊടി : അര ടീസ്പൂണ്‍ വീതം
വെജിറ്റബിള്‍ മസാല- ഈസ്റ്റേണ്‍ (അല്ലെങ്കില്‍ മഞ്ഞള്‍ മുളക്‌ ഇത്തി കൂട്ടി ഒരു നുള്ളു ഗരം മസാല കൂടി ചേര്‍ത്താല്‍ മതി)
ഉപ്പ്‌: ആവശ്യത്തിന്‌
എണ്ണ: തൊട്ടു പോകരുത്‌!

പാചകം
ഒരു ചട്ടിയില്‍ വെണ്ടക്കാ മൂടി നില്‍ക്കുന്ന രീതിയില്‍ വെള്ളം ഒഴിച്ച്‌ വെള്ളം ഏകദേശം വറ്റുമ്പോള്‍ മാറ്റി വയ്ക്കുക.

ചട്ടിയില്‍ ഇപ്പോല്‍ അതിന്റെ കൊഴുപ്പ്‌ ബാറ്റര്‍ ആയി നില്‍ക്കും അതിനാല്‍ എണ്ണ ഒട്ടും ആവശ്യമില്ല. ആ ചട്ടി ചൂടാക്കി ഈ ബാറ്ററിലേക്ക്‌ കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ട്‌ മൂപ്പിക്കുക. ശേഷം (വളരെ കുറച്ച്‌) വെള്ളം ഒഴിച്ച്‌ അതില്‍ സവാള മൂപ്പിക്കുക. സവാള വാടിത്തുടങ്ങുമ്പോല്‍ മസാലകള്‍ എല്ലാം ചേര്‍ത്ത്‌ നന്നായി മൂപ്പിക്കുക (ഇടക്ക്‌ വല്ലാരെ വരണ്ടു പോകുന്നെന്ന് തോന്നിയാല്‍ കുറേശ്ശെ വെള്ളം ചേര്‍ത്തു കൊടുത്താല്‍ മതി.

ഇതിലേക്ക്‌ വെണ്ടക്കായയും ചേര്‍ത്ത്‌ ഇളക്കി നല്ലപോലെ മൂടുന്ന രീതിയില്‍ വെള്ളം ഒഴിച്ച്‌ ഉപ്പും ചേര്‍ത്ത്‌ മൂടി വച്ച്‌ വേവിക്കുക്ക.

വെള്ളം വറ്റി വരുമ്പോല്‍ ഇടക്കിടക്ക്‌ ഇളക്കണം (ഇല്ലെങ്കില്‍ അടിയില്‍ പിടിച്ചു ചട്ടി പണ്ടാരടങ്ങും,
പിന്നെ കഴുകിയാലും പോകില്ല!)

പടത്തില്‍ കാണുന്ന ചേലാകുമ്പോള്‍ സംഭവം റെഡി. ചപ്പാത്തി, ഖുബൂസ്‌, റോട്ടി തുടങ്ങി എന്തു ബ്രെഡിന്റെയും കൂടെ ഓടിക്കോളും.

പോഷക വിവരം:
ഫാറ്റ്‌- 1% ഇല്‍ താഴെ!
ഫൈബര്‍ 3 ഗ്രാം
പ്രൊട്ടീന്‍ - 6 ഗ്രാം
ഫോസ്ഫറസ്‌ - 2 + ഗ്രാം
കാര്‍ബ്‌- 20 ഗ്രാം
വിറ്റാമിന്‍ സി ഇഷ്ടമ്പോലെ
(പിന്നേ എനിക്കു പിരാന്തല്ലേ ഇരുന്നു കണക്കു കൂട്ടാന്‍, അയണും വിറ്റാമിന്‍ ആയും ചെറിയ തോതില്‍ ബി കോമ്പ്ലക്സും നല്ലപോലെ കാത്സ്യവും ഉണ്ട്‌)

[dr. mcdougall compliant recipe, except for added salt]

Saturday, October 14, 2006

വെണ്ടക്ക ഫ്രൈ

വേണ്ട സാധനങ്ങള്‍

വെണ്ടക്ക - മൂക്കാത്തത് 250 ഗ്രാം. വൃത്തിയാക്കി കഴുകി രണ്ടു തലയും കളഞ്ഞ് ഒരു ടീസ്പൂണ്‍ എണ്ണയില്‍ വറുത്തെടുക്കുക. (shallow fry)
ഉണക്ക മുളക് - 7 എണ്ണം (ചെറുതായി ചതച്ച് വെക്കുക)
മഞ്ഞള്‍ പൊടി - അര റ്റീസ്പൂണ്‍
വെളുത്തുള്ളി - 5 അല്ലി (ചതച്ചത്)
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വേപ്പില - ഒരു കതിര്‍


ഉണ്ടാക്കേണ്ട വിധം

എണ്ണ ചൂടാക്കി വെളുത്തുള്ളി ചേര്‍ത്ത് മൂക്കുന്നതുവരെ വഴറ്റുക. പിന്നീട് മുളകും മഞ്ഞള്‍ പൊടിയും ചേര്‍ത്തിളക്കുക. വേപ്പിലയിട്ട് പൊട്ടിയാലുടന്‍ വെണ്ടക്ക ചേര്‍ക്കുക.
നല്ല തീയില്‍ നന്നായി ഇളക്കി ഉപ്പും ചേര്‍ത്തിളക്കുക.രണ്ടു മിനിട്ടിനു ശേഷം ഇറക്കാം.

ഇതിനെ മെഴുക്കുപുരട്ടി എന്നും വിളിക്കാം. പക്ഷേ ഇതിന് നല്ല എരിവ് ഉള്ളതുകൊണ്ട് സ്മാളടിക്കാനും കഞ്ഞികുടിക്കാനും നന്നായിരിക്കും.

വെണ്ടക്ക കറി (തേങ്ങാപ്പാല്‍ ചേര്‍ത്തത്)


വേണ്ട സാധനങ്ങള്‍

വെണ്ടക്ക - മൂക്കാത്തത് 250 ഗ്രാം. വൃത്തിയാക്കി കഴുകി രണ്ടു അറ്റവും കളഞ്ഞത്
പച്ചമുളക് - 7 എണ്ണം (നെടുകെ പിളര്‍ന്നത്)
മഞ്ഞള്‍ പൊടി - അര റ്റീസ്പൂണ്‍
തേങ്ങ - അര മുറി. ( അരച്ച് ഒന്നാം പാലും രണ്ടാം പാല്‍ ( 100 മില്ലി) മാറ്റി വെക്കുക
ചെറിയ ഉള്ളി - പത്തെണ്ണം (തൊലി കളഞ്ഞ് ചെറുതായി നുറുക്കിയത്)
വെളുത്തുള്ളി - 5 അല്ലി (ചതച്ചത്)
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കടുക് - അര റ്റീസ്പൂണ്‍
വേപ്പില - ഒരു കതിര്‍

ഉണ്ടാക്കേണ്ട വിധം

എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേര്‍ത്ത് ഇളക്കുക. രണ്ടു മിനിട്ട് കഴിഞ്ഞ് പച്ചമുളകും ചേര്‍ക്കുക. ഇളക്കിക്കൊണ്ടിരിക്കുക. പിന്നീട് വേപ്പിലയും ചേര്‍ക്കുക. എടുത്തു വെച്ചിരിക്കുന്ന വെണ്ടക്ക ചേര്‍ത്തിളക്കുക. വെണ്ടക്കയുടെ ഒട്ടുന്ന പരുവം മാറുന്നതുവരെ ഇളക്കുക. പിന്നീട് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക. രണ്ടാം പാല്‍ ചേര്‍ത്തു മൂടി വെക്കുക. അഞ്ചുമിനിട്ട് വെച്ചതിനുശേഷം ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യുക.

Monday, October 09, 2006

ഒരു ‘കറി’

കത്രിക്കായ് (വഴുതനങ്ങ) - അര കിലോ
പുളി - ഒരു ചെറുനാരങ്ങ വലുപ്പത്തില്‍
[പുളിയോടുള്ള ഇഷ്ടമനുസരിച്ച് ചെറുനാരങ്ങയുടേ സൈസ് കൂട്ടുകയോ കുറയ്ക്കുകയോ ആവാം]
ഉപ്പ് - ആവശ്യത്തിന്
കടുക് - ഒരു ടീസ്പൂണ്‍
കറിവേപ്പില - രണ്ട് തണ്ട് [ഇലയോടു കൂടി]
ഉണക്കമുളക് - നാലെണ്ണം
ചുവന്നുള്ളി - ആറെണ്ണം
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം - രണ്ട് കപ്പ് [പാചകം ചെയ്യാന്‍]
വെള്ളം - ഒരു കപ്പ് [റിസര്‍വ്വ്]

പാകം ചെയ്യുന്ന വിധം [കാത്തോളണേ!]

ആദ്യമായി ചൊവ്വിനും ചേലിനും വായില്‍ കൊടുക്കാന്‍ പറ്റിയ ഒരു കറിയുണ്ടാക്കി സ്റ്റാന്‍ണ്ട് ബൈ ആക്കി വെക്കുക [ആവശ്യം വരും - നൂറുതരം]

വഴുതനങ്ങ ഞെട്ട് കളഞ്ഞ് കഴുകി, ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലിട്ട് നല്ലപോലെ വേവിക്കുക.
വെന്ത വഴുതനങ്ങ തൊലി കളഞ്ഞ് പാകം ചെയ്യാനുള്ള പാത്രത്തിലിട്ട് നല്ല പോലെ ഉടച്ചെടുക്കുക.
മാറ്റിവെച്ചിരിക്കുന്ന വെള്ളത്തില്‍ പുളിപിഴിഞ്ഞ് അതിലേക്കൊഴിക്കുക.
ആവശ്യത്തിന് ഉപ്പിട്ട് നന്നായി തിളച്ചതിന് ശേഷം കറി(!) ഇറക്കി വെക്കാം.
മാറ്റിവെച്ചിരിക്കുന്ന ചുവന്നുള്ളിയും ഉണക്കമുളകും കൂടെ ചെറുതായൊന്ന് ചതച്ചെടുക്കുക.
ചൂടായ ചീഞ്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിയതിന് ശേഷം കറിവെപ്പിലയിടുക.
ഇതിലേക്ക് ചതച്ച് വെച്ചിരിക്കുന്ന ചുവന്നുള്ളിയും ഉണക്കമുളകും ചേര്‍ക്കുക.
ഇതെല്ലാം കൂടെ ‘കലക്കി’ വെച്ചിരിക്കുന്ന വഴുതനങ്ങ - പുളി മിശ്രിതത്തിലേക്ക് ഒഴിക്കുക.

വായില്‍ വെക്കാന്‍ കൊള്ളുമെന്നുണ്ടെങ്കില്‍ ഇഡ്ഢലിയുടെ കൂടെ ഉപയോഗിക്കാം.

ഡിസ്ക്ലൈമര്‍:
അളവുകളില്‍ വരുന്ന വ്യതിയാനങ്ങള്‍ക്ക് ഞാനോ ഈ ബ്ലോഗോ... ഇതിന്‍റെ നാഥനായ റപ്പായിയോ ഉത്തരവാദിയായിരിക്കുന്നതല്ല :)

Sunday, October 08, 2006

പുനത്തിലിന്റെ വെള്ളരിക്കാ പച്ചടി.

കഴിഞ്ഞ ദിവസം പുനത്തില്‍ കുഞ്ഞബ്ദുള്ള കൈരളി പീപ്പിള്‍ ടിവിയിലെ അഭിമുഖത്തില്‍ പറഞ്ഞ ഒരു പാചക വിധി കേട്ടെഴുതുന്നു.

വെള്ളരിക്കാ പച്ചടി.

വേണ്ട സാധനങ്ങള്‍

വെള്ളരിക്ക - തൊലിയും കുരുവും കളഞ്ഞ് ഒരിഞ്ചുകനത്തില്‍ അരിഞ്ഞത് - അര കിലൊ
പച്ചമുളക് - 5 എണ്ണം
തേങ്ങ - ഒരു മുറി ( ചിരവിയത്)
തൈര് - അരക്കപ്പ്
ഉപ്പ് - ആവശ്യത്തിന്.
കറിവേപ്പില - 1 തണ്ട്
കടുക് - ആവശ്യത്തിന്.

ഉണ്ടാക്കേണ്ട വിധം

വായ് വട്ടമുള്ള ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഒരു തുവര്‍ത്തുമുണ്ട് അതിന് മുകളില്‍ കെട്ടുക. അതിനു മുകളിലായി ഉപ്പും ചേര്‍ത്തിളക്കിയ വെള്ളരിക്ക നിരത്തുക. വെള്ളത്തില്‍ തൊടാതെ അഞ്ചു മിനിട്ട് മൂടി വെച്ച് ആവിയില്‍ വേവിക്കുക. പിന്നീട് പുറത്തെടുത്ത് മറ്റൊരു തുവര്‍ത്തുമുണ്ടുകൊണ്ട് വെള്ളരിക്കയിലെ വെള്ളം തുടച്ചെടുക്കുക. ചെറിയ ഒരു പാത്രത്തില്‍ വെള്ളരിക്ക ഇടുക. മുളകും തൈരും തേങ്ങയും കൂടി മിക്സിയില്‍ മൃദുവായി അരച്ചെടുക്കുക. ഈ കൂട്ട് വെള്ളരിക്കയുടെ മുകളില്‍ ഒഴിക്കുക.
എണ്ണയില്‍ കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേര്‍ത്ത് വെള്ളരിക്കയുടെ മുകളില്‍ വിതറുക.

പുനത്തിലിന്റെ വെള്ളരിക്കാ പച്ചടി റെഡി.