Thursday, December 28, 2006

വെളുത്തുള്ളി ചമ്മന്തി

ചേരുവകള്‍
വെളുത്തുള്ളി 15 അല്ലി
വറ്റല്‍ മുളക് 5 എണ്ണം / രുചിക്ക്
വാളന്‍ പുളി ഒരു നെല്ലിക്ക വലുപ്പത്തില്‍
തേങ്ങ ചിരവിയത് രണ്ട് റ്റീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്

1. പുളി അര കപ്പ് വെള്ളത്തില്‍ ലയിപ്പിക്കുക.

2. ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ എണ്ണയൊഴിച്ച് തേങ്ങ വറുക്കുക. സ്വര്‍‌ണ്ണ നിറമാകുമ്പോള്‍, വെളുത്തുള്ളി, വറ്റല്‍ മുളക്, കറിവേപ്പില ചേര്‍ക്കുക.
ചിത്രത്തില്‍ കാണുന്ന പരുവത്തില്‍ (മുളക് മണത്തു തുടങ്ങുമ്പോള്‍) എടുക്കുക.3. പിഴിഞ്ഞു വച്ചിരിക്കുന്ന പുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നേര്‍മ്മയായി അരച്ചെടുക്കുക.
അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്ത് കഴിക്കാം.
ഇഡ്ഡലി, ദോശ, കപ്പ പുഴുങ്ങിയത് - ഇവയ്ക്ക് നല്ല കൂട്ട്.

Sunday, December 24, 2006

അരമണിക്കൂറിനുള്ളില്‍ ഒരു പുഡ്ഡിംഗ്

വേഗം വേഗം

ബട്ടര്‍ (വെണ്ണ) 50 ഗ്രാം
ബ്രഡ് ഒരു പാക്കറ്റ് (ബ്രൌണൊ വൈറ്റോ)
പൈനാപ്പിള്‍ പകുതി (നിങ്ങള്‍ക്കിഷ്ടമുള്ള ഫ്രൂട്ട് അതിനനുസരിച്ച് എസ്സന്‍സും മാറണം)
പാല്‍ അര ലിറ്റര്‍
മുട്ട 10
പഞ്ചസാര 250 ഗ്രാം (ആവശ്യം പോലെ)
ഏലക്കാ (10 എണ്ണം) , കരയാമ്പൂ (5എണ്ണം), പൊടിച്ചത്
പൈനാപ്പിള്‍ എസ്സന്‍സ് കാല്‍ ടീ സ്പൂണ്‍
അണ്ടിപരിപ്പും ഉണക്ക മുന്തിരിയും 25 ഗ്രാം വീതം.


ഒന്നാം ഘട്ടം
ബ്രഡ്ഡും പൈനാപ്പിളും ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സ് ചെയ്യുക ( മാറ്റി വെയ്ക്കുക)

രണ്ടാം ഘട്ടം
പാലില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്യുക അതിലേക്ക് ഏലക്ക കരയാമ്പൂ പൊടിച്ചതും ഇടുക അണ്ടിയും മുന്തിരിയും ഇപ്പോള്‍ ഇടുകയോ എല്ലാം ഇട്ടതിന് ശേഷം സ്റ്റീം ചെയ്യാന്‍ നേരമോ ഇടുക.

മുന്നാം ഘട്ടം

ഒരു പാത്രത്തില്‍ വെണ്ണ ചൂടാക്കി പാത്രത്തിന്‍റെ എലാ ഭാഗത്തേക്കും എത്തും വിധം ചുഴറ്റുക (ഉടനെ സ്റ്റൌവിന് മുകളില്‍ നിന്ന് ഇറക്കി വെയ്ക്കണം)

പാത്രത്തിലേക്ക് മിക്സ് ചെയ്ത് വെച്ച ബ്രഡ്ഡ് ഇടുക അതിന് ശേഷം നിരപാക്കുക അതിലേക്ക് പതുക്കെ പാല്‍ മിശ്രിതം ഒഴിക്കുക ( മുന്തിരിയും അണ്ടിയും ഇട്ടിട്ടിലെങ്കില്‍ ഇപ്പോള്‍ മുകളിലായി ഇടുക)

നാലാം ഘട്ടം

ബ്രഡ്ഡ് മിശ്രിതം ഇട്ട പാത്രത്തിനേക്കാള്‍ വലിയൊരു പാത്രത്തില്‍ അര ഭാഗം വെള്ളം എടുക്കുക വലിയ പാത്രത്തിലേക്ക് ബ്രഡ്ഡ് മിശ്രിതമുള്ള പാത്രം ഇറക്കി വെയ്ക്കുക, മിശ്രിതമടങ്ങിയ പാത്രം ഒരു അലുമിനിയം ഫോള്‍ഡര്‍ കൊണ്ട് മൂടിയതിന് ശേഷമായിരിക്കണം ഇറക്കി വെയ്ക്കേണ്ടത് . വലിയ പാത്രവും മൂടിയതിന് ശേഷം സ്റ്റൌവിന് മുകളീല്‍ സ്റ്റീം ചെയ്യാന്‍ വെയ്ക്കുക അര മണിക്കൂറിന് ശേഷം ഇറക്കി വെച്ച് .. ചൂടാറിയതിന് ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിന് ശേഷം കഷ്ണിച്ച ഉപയോഗിക്കുക

അങ്ങനെ ക്രിസ്തുമസ്സിന് ചുളുവിലൊരു പുഡ്ഡിംഗ്

Monday, December 18, 2006

റപ്പായി ചേട്ടന്ദി ഹിന്ദു, 17/12/06

Thursday, December 14, 2006

പനീര്‍ പാലക്ക് - Chees with Spinach-ഇതൊരു ഉത്തര്യേന്ത്യന്‍ ഡിഷാണ് ഒരു സ്റ്റാര്‍ ഡിഷ് എന്നും പറയാം


ഇതുണ്ടാക്കാന്‍ ഇത്തിരി സമയം മിനക്കടെത്തണം
നമ്മുക്കാദ്യം പനീര്‍ (ചീസ്) ഉണ്ടാക്കണം
രണ്ട് ലിറ്റര്‍ പാല്‍ നന്നായി തിളപ്പിക്കുക , തിളക്കുന്ന പാലിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വിന്നാഗിരി (സുര്‍ക്ക) ഒഴിക്കുക
പാല്‍ പൊട്ടിയാല്‍ , ഇതൊരു തുണിയിലൂടെ അരിച്ചെടുക്കുക , നല്ലബലത്തില്‍ ശരിക്കും പിഴിയണം ഒരു കിഴിരൂപത്തില്‍ മുറുക്കി കെട്ടിവെയ്ക്കണം, 12 മണിക്കൂറെങ്കിലും അതിലെ അവസാന തുള്ളി വെള്ളവും പിഴിഞ്ഞ് കളയാന്‍ വേണ്ടി മാറ്റി വെയ്ക്കണം
കിഴി അഴിച്ചാല്‍ ഇപ്പോള്‍ നക്കുക്കിത് പാല്‍‍കട്ടിയായി കിട്ടും
ഇതിനെ ചെറിയ കഷണങ്ങളാക്കുക (ക്യൂബ് രൂപത്തില്‍)
കഷണങ്ങളാക്കിയ പാല്‍കട്ടി (പനീര്‍ അഥവാ ചീസിനെ) പൊരിച്ചെടുക്കണം (ചീന ചട്ടിയില്‍ ഡീപ്പ് ഫ്രൈ ആയിട്ട്) നല്ല ഗോല്‍ഡന്‍ ബ്രൌണ്‍ നിറമായാല്‍ മാറ്റി വെയ്ക്കുക
ചീസ് അഥവാ പനീര്‍ തയ്യാര്‍
ഇനി നമ്മുക്ക് പാലക്ക് (Spinach) രണ്ട് കെട്ട് തണ്ട് കളഞ്ഞത് നന്നായി കഴുകണം ( ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് പാലക്ക് അതിലിട്ട് നന്നായി ഇളക്കിയാല്‍ അതില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്കും മണ്ണും പോകും)
പാലക്ക് കുറഞ്ഞ വെള്ളത്തിലിട്ട് വേവിക്കുക
വേവിച്ച പാലക്ക് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക ( ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുകയും ചെയ്യാം പ്രത്യേകം ഈ കുഴമ്പ് രൂപത്തിലുള്ള പാലക്ക് ഫ്രീസറിലാണ് വെയ്കേണ്ടത് തണുത്ത കട്ടിയായി അതവിടെ ഇരിന്നോളും)

ഇനി നമ്മുക്കിതിനെ എങ്ങനെ നമ്മുടെ വായയിലാക്കാനുള്ള വിധമാക്കിയെടുക്കാമെന്ന് നോക്കാം

സവാള രണ്ട്
ഈഞ്ചി വലുതൊന്ന് പേസ്റ്റാക്കിയത്
വെളുത്തുള്ളി വലുത് പകുതി പേസ്റ്റാക്കിയത്
പച്ചമുളക് 10 എണ്ണം
തക്കാളി വലുത് ഒന്ന്
മുളക് പൊട് ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ ½ ടീ സ്പൂണ്‍
ഗരം മസാല പൊടി ഒരു നുള്ള്
ഉപ്പ് പാകത്തിന്
ഉലുവ ½ ടീ സ്പൂണ്‍
എണ്ണ ആവശ്യത്തിന്

ഫ്രൈ പാന്‍ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് (തീ എപ്പോഴും ചെറിയ രീതിയിലായിരിക്കണം) എണ്ണ ചൂടായാല്‍ ഉലുവ ഇടുക ഒന്നിളക്കി അതിലേക്കാദ്യം ഇഞ്ചി പേസ്റ്റ് ഇട്ട് ഒന്നിളക്കിയതിന് ശേഷം വെളുത്തുള്ളി പേസ്റ്റുമിട്ട് ഇവ ഒന്നിളക്കിയതിന് ശേഷം പച്ചമുളകും സവാളയും ഇടുക .. നല്ല ബ്രൌണ്‍ നിറമായാല്‍ ആദ്യം മഞ്ഞള്‍ പൊടി (ഒന്നിളക്കിയതിന് ശേഷം) മുളക് പൊടി(ഒന്നിളക്കിയതിന് ശേഷം) തക്കാളി ചെറുതാക്കി അരിഞ്ഞത് പാനിന്‍റെ ഒരു ഭാഗത്തിട്ട് ചൂടായതിന് ശേഷം സവാള+ മസാലയുമായി മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലായാല്‍ മാറ്റി വെച്ച പനീര്‍ ഇടുക പനീറും മസാലയും ഒന്ന് യോജിക്കും വിധം നന്നായി ഇളക്കുക അതിലേക്ക് അരഗ്ലാസ്സ് വെള്ളമൊഴിക്കുക ഉപ്പും പാകത്തിന് ഇടുക അതിനോടൊപ്പം തന്നെ പാലക്ക് പേസ്റ്റും ഇടുക (പാലക്കില്‍ വെള്ളം കൂടുതല്‍ ഉണ്ടെങ്കില്‍ അര ഗ്ലാസ്സ് വെള്ളം ഒഴിക്കരുത്) ഇവ നന്നായി കുറുകുന്നവരെ ചെറിയ തീയ്യില്‍ വേവിച്ച് ഇറക്കാന്‍ നേരം ഒരു നുള്ള് ഗരം മസാല മുകളില്‍ വിതറുക ( ഇതൊരു കുറുകിയ രൂപത്തിലുള്ള ഡിഷാണ് ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഒരല്‍‍പ്പം വെള്ളം ചേര്‍ത്ത് കുറുകലിന്‍റെ കട്ടി കുറക്കാം)
ഇനി നിങ്ങള്‍ക്കിത് നല്ല ചപ്പാത്തിയുടെ കൂടെ കഴിക്കാം .... പ്രവാസികല്‍ കുബ്ബൂസ്സിന്‍റെ കൂടെയും

Tuesday, December 12, 2006

ദാല്‍ ഫ്രൈ

വേണ്ട സാധനങ്ങള്‍

പരിപ്പ് 1 കപ്പ്
വലിയ ഉള്ളി - 1 എണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
വെളുത്തുള്ളി - അരിഞ്ഞത് ഒരു ടീസ്പൂണ്‍
പച്ച മുളക് - 8 എണ്ണം ( 4 എണ്ണം വട്ടത്തിലും 4 എണ്ണം നെടുകെയും കീറിയത്‌ )
നല്ല ജീരകം - അരയ്ക്കാല്‍ ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
എണ്ണ – ഒരു ടീസ്പൂണ്‍


തയ്യാറാക്കുന്ന വിധം

പരിപ്പ് (സാമ്പാര്‍ പരിപ്പ്) കൈ തൊടാതെ കഴുകി വൃത്തിയാക്കുക. ഒരു പാത്രത്തില്‍ പരിപ്പ് മൂടിക്കിടക്കാവുന്ന അത്രയും വെള്ളവും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് പരിപ്പ് പതഞ്ഞു വരുമ്പോള്‍ മുകളില്‍ വരുന്ന പത നീക്കുക.പിന്നീട് നീളത്തിലരിഞ്ഞ് വെച്ചിരിക്കുന്ന പച്ച മുളക് ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. മുക്കാല്‍ വേവായാല്‍ ഉപ്പ് ചേര്‍ത്ത് തുറന്ന് വെച്ച് വെള്ളം വറ്റിച്ചെടുക്കുക.
ചട്ടി ചൂടായാല്‍ എണ്ണയൊഴിച്ച് നല്ല ജീരകം ചേര്‍ക്കുക. അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളി ഇടുക. വെളുത്തുള്ളിയുടെ പച്ചമണം മാറിയാല്‍ വലിയ ഉള്ളിയും ബാക്കി മുളകും ചേര്‍ക്കുക മൊരിഞ്ഞുവന്നാല്‍ വേവിച്ചുവെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക. നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. മുകളില്‍ മല്ലിയിലയും വിതറാം. ദാല്‍ ഫ്രൈ റെഡി.

കടലപ്പരിപ്പുകൊണ്ടും ഇതുണ്ടാക്കാം. അതിനായി കടലപ്പരിപ്പ് കുക്കറില്‍ വേവിച്ചെടുക്കണമെന്നുമാത്രം. ഇത് ഒരു നോര്‍ത്തിന്ത്യന്‍ വിഭവമാണ്.


കടപ്പാട് : റിയാദിലെ സുലൈമാനിയയിലുള്ള തന്തൂര്‍ റെസ്റ്റോറന്‍ഡിലെ ഷെഫായ രാജ് മല്‍ഹോത്ര.

Saturday, December 09, 2006

എറപ്പായി ചേട്ടന്‍ അന്തരിച്ചുഈ ബ്ലോഗിന്‍റെ നാഥന്‍ നമ്മെ വിട്ടുപോയിരിക്കുന്നു..


ഇന്നു (09/12/2006) കാലത്ത് തൃശ്ശൂര്‍ ജൂ‍ബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ തന്റെ അറുപത്തിയേഴാമത്തെ വയസ്സിലായിരുന്നു അന്ത്യം. സംസ്കാരം തൃശ്ശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ ഉച്ചകഴിഞ്ഞ് 3.30ന്.


തൃശ്ശൂര്‍ക്കാരുടെ ചേട്ടനായി വളര്‍ന്ന് മലയാളിയുടെ സ്വന്തമായി തീര്‍ന്ന റപ്പായി ചേട്ടന് നമുക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം ..

Thursday, December 07, 2006

തേങ്ങാച്ചോറ്

പുഴുങ്ങലരി-2 ഗ്ളാസ്സ്
ചുവന്നുള്ളി-15 അല്ലി
ഉലുവ-2 സ്പൂണ്‍
ഉപ്പു-പാകത്തിന്
തേങ്ങാ ചിരകിയത്-1/2 തേങ്ങയുടെ
വെള്ളം-8 ഗ്ളാസ്സ്

വെള്ളം ഒഴികെയുള്ള ചേരുവകള്‍ നന്നായി തിരുമ്മി 6 ഗ്ളാസ് വെള്ളം ഒഴിച്ച് വേവിക്കുക.ബാക്കിയുള്ള വെള്ളം ചെറിയതീയില്‍ ചൂടാക്കിയിടുക.വെള്ളം വറ്റിയിട്ടും അരി വെന്തിട്ടില്ലെങ്കില്‍ ചൂടു വെള്ളം ഒഴിച്ച് വേവിക്കുക.

തേങ്ങാച്ചോര്‍ ഇറച്ചിക്കറിയും പപ്പടവും അച്ചാറും കൂട്ടിക്കഴിക്കാം.

ഉണ്ടാക്കുന്നതിന്‌ മുമ്പ് അടുത്തുള്ള ഹോട്ടലിലെ മെനു ചോദിച്ചു വെക്കുക.

Tuesday, December 05, 2006

മുളകു ദോശയും പാലോഴിച്ച കോഴിക്കറിയും

മുളകു ദോശ. (ഇത്‌ ഗൌഡ സാരസ്വതരുടെ ഒരു പാചക വിധിയാണ്‌)
ചേരുവകള്‍

ഉഴുന്ന്‌ 1 കപ്പ്‌
പച്ചരി 2 കപ്പ്‌
തുവര 1/2 കപ്പ്‌
പുഴുക്കലരി 1/2 കപ്പ്‌
വറ്റല്‍ മുളക്‌ 4 /രുചിക്ക്‌
പച്ചമുളക്‌ 1/രുചിക്ക്
കുരുമുളക്‌ 1/2 റ്റീസ്പൂണ്‍
കായം 1/2 റ്റീസ്പൂണ്‍
കറിവേപ്പില 2 തണ്ട്‌

ഉഴുന്ന്‌, അരി, തുവര കുതിര്‍ത്ത്‌ വയ്ക്കുക.
ആദ്യം ഉഴുന്ന്‌ അരച്ച് മാറ്റുക.
ബാക്കി ചേരുവകളെല്ലാം ഒരുമിച്ച്‌ അരച്ചെടുക്കുക.
ആവശ്യത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ പുളിക്കുവാന്‍ അനുവദിക്കുക (1 രാത്രി)
ദോശക്കല്ല്ലില്‍ വെളിച്ചെണ്ണ പുരട്ടി ദോശയെടുക്കുക.
പാലോഴിച്ച കോഴിക്കറി
ചേരുവകള്‍

കോഴി ചെറിയ കഷണങ്ങളാക്കിയത്‌ 1 കിലോ
തൈര്‌ 1 കപ്പ്‌
പച്ചമസാല 2 റ്റീസ്പൂണ്‍
* ഉള്ളി 1/4 കിലോ
* ഇഞ്ചി 4 വിരല്‍ നീളത്തില്‍
* വെളുത്തുള്ളി 15 അല്ലി
* പച്ചമുളക്‌ 3
* കറിവേപ്പില 2 തണ്ട്‌
മല്ലിപ്പൊടി 2 റ്റീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1 റ്റീസ്പൂണ്‍
‍തേങ്ങാപ്പാല്‍ - അത്യാവശ്യം വലിയ തേങ്ങയുടെ ഒന്നും രണ്ടും പാല്‍ (വെവ്വേറേ)


കഷ്ണിച്ച കോഴി, തൈരും 1 സ്പൂണ്‍ മസാലക്കൂട്ടും അല്‍പം ഉപ്പും ചേര്‍ത്തിളക്കി അഞ്ച്‌ മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വയ്ക്കുക.

സാധാരണ കോഴി വറുക്കുമ്പോലെ വറുത്തെടുക്കുക.
ചട്ടിയില്‍ എണ്ണ ചൂടായാല്‍ * എല്ലാം വരട്ടുക.
ഉള്ളി സ്വര്‍‌ണ്ണനിറമാകുമ്പോള്‍, മസാലയും മഞ്ഞള്‍പൊടിയും, ഓരൊ റ്റീസ്പൂണ്‍ ചേര്‍ക്കുക. കരിഞ്ഞു പോകാതെ ശ്രദ്ധിക്കുക. ഇതിലേക്ക്‌ വറുത്തെടുത്ത കഷണങ്ങളും രണ്ടാം പാലും അല്‍പ്പം ഉപ്പും ചേര്‍ത്ത്‌ അടച്ചുവയ്ക്കുക.നല്ലോണ്ണം വറ്റിക്കഴിഞ്ഞാല്‍ ഒന്നാം പാല്‍ ചേര്‍ക്കുക, തിളയ്ക്കുമ്മുന്‍പ്‌ തീ കെടുത്തുക. ചൂട് ദോശയോടൊപ്പം സേവിക്കാം.

(ഈ കറിയില്‍ കൊഴുപ്പ്‌ വളരെ കൂടുതലുണ്ട്‌ -ശ്രദ്ധിച്ച്‌ കഴിക്കുക)

Monday, December 04, 2006

തീറ്റ എറപ്പായി ചേട്ടന്‍

ഈ ബ്ലോഗിന്റെ നാഥനായ എറപ്പായിച്ചേട്ടനെക്കുറിച്ച് ഇതുവരെയും ഈ ബ്ലോഗില്‍ എഴുതാത്തതില്‍ ഒരു വൈക്ലബ്യം. പലര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് എങ്കിലും അറിയാത്തവര്‍ക്കും കൂടി..

അതെ നമ്മുടെ തീറ്റ എറപ്പായി ചേട്ടനെക്കുറിച്ചു തന്നെ. മൂന്നു ബക്കറ്റ് ചോറും ഒരു ബക്കറ്റ് മീങ്കറിയും 10 കിലോ ഇറച്ചിയും ഒറ്റ ഇരുപ്പില്‍ കഴിക്കുന്ന തീറ്റ റപ്പായി ചേട്ടന്‍ 750 ഇഡലി വരെ ഒറ്റ ഇരുപ്പില്‍ തിന്നിട്ടുണ്ടെന്നത് ചരിത്രം. പല മത്സരങ്ങളിലും എറപ്പായിച്ചേട്ടന്‍ തന്റെ മികവു തെളിയിച്ചിട്ടുണ്ട്. മാംസമത്സ്യാദികളേക്കാള്‍ പച്ചക്കറിയാദികളോടാണ് എറപ്പായിച്ചേട്ടന് താത്പര്യം കൂടുതല്‍.

ഈ എറപ്പായി ചേട്ടന് ഇത്രമാത്രം തിന്നാനെവിടെനിന്നാണിത്രയും ആസ്തി ?
ചാക്കോളയുടെയോ ഫാഷന്റെയോ ബന്ധുവൊന്നുമല്ല ഈ എറപ്പായി ചേട്ടന്‍.

കാലത്ത് വീട്ടില്‍ നിന്നും തന്റെ സന്തത സഹചാരിയായ കാക്കി സഞ്ചിയും തൂക്കി എറപ്പായി ചേട്ടന്‍ ഇറങ്ങും. മിഷന്‍ ക്വാര്‍ട്ടേഴ്സിലെയും മറ്റും പ്രൈവറ്റ് പ്രാക്റ്റീസ് നടത്തുന്ന ഡോക്ടര്‍മാരുടെ വീടുകളും തൃശൂരങ്ങാടിയില്‍ കച്ചവടം നടത്തുന്ന ചില പ്രമാണിമാരുടെ വീടുകളുമാണ് ലക്ഷ്യം. ഇവരുടെയൊക്കെ വെളുത്തും കറുത്തുമുള്ള നോട്ടുകള്‍ എല്ലാം കൃത്യമായി എണ്ണിവാങ്ങി ബാങ്കിലും കുറിക്കമ്പനികളിലും അടയ്ക്കുകയാണ് എറപ്പായിച്ചേട്ടന്റെ ഒരു പ്രധാന പരിപാടി. ഓരോവീട്ടില്‍ നിന്നും പത്തുമുതല്‍ പതിനഞ്ച് വരെ ഇഡലിയോ ദോശയോ കിട്ടും. അതാണ് എറപ്പായി ചേട്ടന്റെ ബ്രേക് ഫാസ്റ്റ്. മറ്റു ദിവസങ്ങളില്‍ വാരിയര്‍ ലൈനിലെ പട്ടന്മാരുടെ വകയും.

വിശ്വസ്ഥനായ എറപ്പായിച്ചേട്ടന്‍ പൈസയെല്ലാം വളരെ കൃത്യമായി തന്നെ എത്തേണ്ടിടത്ത് എത്തിക്കും. പോലീസ് സേനയ്ക്കും എറപ്പായിച്ചേട്ടനെ വളരെ കാര്യമായതുകൊണ്ട് ഇതുവരെയ്ക്കും ആരും പൈസയുടെ കാര്യത്തില്‍ എറപ്പായിച്ചേട്ടനെ പറ്റിച്ചതായി അറിവില്ല.

കാലത്തെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് എറപ്പായിച്ചേട്ടന്റെ ഉച്ചയൂണ് മിക്കവാറും രാഗം തീയ്യറ്ററിനു പിന്നിലെ ഭാരത് റസ്റ്റോറണ്ടിലാണ്. ഇന്നും തൃശ്ശൂര്‍ നിവാസികള്‍ക്ക് ശുദ്ധ പച്ചക്കറി ഭക്ഷണം കിട്ടാന്‍ ആശ്രയിക്കേണ്ടിവരുന്നത് ഭാരത് ഹോട്ടല്‍ മാത്രം.പന്ത്രണ്ട് മണിക്ക് ഇലയിടുന്നതിനുമുന്‍പ് കൃത്യം പതിനൊന്നരയ്ക്കു തന്നെ എറപ്പായിച്ചേട്ടന്‍ അവിടെ ആഗതനാകും. പണ്ടൊക്കെ ആദ്യം എറപ്പായിച്ചേട്ടനു കൊടുത്തു കഴിഞ്ഞേ മറ്റുള്ളവര്‍ക്ക് കൊടുക്കൂ എന്ന ഒരു ചെറിയ നിര്‍ബന്ധവും ഭാരതിനുണ്ടായിരുന്നു. എറപ്പായിച്ചേട്ടന്‍ ഇരുന്ന് എല്ലാ കറികളും ആദ്യമൊന്ന് രുചിച്ച് നോക്കി ചെറിയ കമന്റുകളിടും. പിന്നൊരു പിടുത്തമാണ്. പത്തുമിനിട്ടിനുള്ളില്‍ ഒരു ബക്കറ്റ് നീക്കും. പിന്നെ ഒരു അരപ്പാട്ട രസവും.

പലപ്പോഴും ഈ ശാപ്പാട് എനിക്ക് നേരിട്ട് കാണാനിടയായിട്ടുണ്ട്.

ഒരു ദിവസം ഭാരത് ഹോട്ടലില്‍ എറപ്പായിച്ചേട്ടന് എതിരായി ഒരു ചായയ്ക്ക് പറഞ്ഞിട്ട് ഞാനിരുന്നു. ചായ വരുന്നതിനു മുന്‍പ് തൊട്ടപ്പുറത്തെ കസേരയില്‍ ഭാരതിലെ മറ്റൊരു സ്ഥിരം കുറ്റിയായ രാജേട്ടന്‍ എന്ന് പരിചയ്ക്കാര്‍ വിളിക്കുന്ന ശ്രീ നവാബ് രാജേന്ദ്രന്‍ വന്നിരുന്നു. ഒരു കാവി ഉടുപ്പാണ് വേഷം . വന്നുകഴിഞ്ഞാല്‍ നേരെ ഒരു ബീഡിക്ക് തീ കൊളുത്തും പിന്നെ കടുപ്പത്തിലൊരു കട്ടനും. അന്നും പതിവ് തെറ്റിച്ചില്ല.

ബീഡി, സിഗരറ്റാതികള്‍ എറപ്പായിച്ചേട്ടന് അത്ര പിടുത്തമില്ല. പിന്നെ മുഷിഞ്ഞ വസ്ത്രത്തിന്റെയും മറ്റുപലതിന്റെയും മിശ്രിതമായ ഒരു മണവും.

‘ടാ.. നെന്നോട് മുമ്പും പറഞ്ഞ്ട്ടുള്ളതാ ഞാന്‍ തിന്നണോട്ത്ത് വന്ന്ട്ട് ബീഡിവലിക്കരുതെന്ന്..’ സഹ്യപര്‍വ്വത നിരകളില്‍ കുളം കോരി കുട്ടിക്കലം കൊണ്ട് സാംബാറഭിഷേകം നടത്തുന്നതിനിടയില്‍ എറപ്പായിച്ചേട്ടന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. അല്ലെങ്കിലും എറപ്പായിച്ചേട്ടന്‍ അധികം ചൂടാവാറില്ല.

നവാബ് ഒന്നിരുത്തി നോക്കി. പിന്നെ വലി തുടര്‍ന്നു.

‘ഇതിപ്പോ കാജാ ബീഡ്യൊന്നല്ല വലിക്കണത്.. അത് മറ്റവനാണ്....ഇത് ഇങ്ങനെ വലിച്ച് കേറ്റുന്നതിനേക്കാള്‍ എത്ര നല്ലതാ ഒരു മസാല ദോശ വാങ്ങി കഴിക്കണത്..ചെയ്യില്ലല്ലോ....ഇത് വലിച്ച് കേറ്റ്യാലാ പുത്തി തെളിയാന്നാ വിചാരം...കോലം കണ്ടില്ലേ.. ഒരു ചായ തിളപ്പിക്കാന് ള്ള വെറകുകൊള്ളീടെ അത്രീല്യ...’ ബുള്‍ഡോസര്‍ മെല്ലെ മെല്ലെ പര്‍വ്വത നിരകളെ കീഴടക്കിക്കൊണ്ടിരുന്ന ഇടവേളകളില്‍ എറപ്പായിച്ചേട്ടന്‍ പറഞ്ഞു കൊണ്ടിരുന്നു.

നവാബ് ഒന്നും മിണ്ടുന്നില്ല. സാധാരണ അദ്ദേഹം ബീഡിവലിക്കുമ്പോഴോ തന്റെ സുഹ്രുത് വലയത്തിലില്ലാത്തവരോടോ അധികം സംസാരിക്കാറില്ല.

എറപ്പായിച്ചേട്ടന്‍ അതൊന്നും കാര്യമാക്കാതെ തന്റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിലാണ്.
അവസാനം ഒരു യോഗിയുടെ സ്വരത്തില്‍ എന്നോട് ഒരു ഉപദേശവും..

‘നന്നായി ചോറ് തിന്നുന്നവരുടെ ഹൃദയം നല്ല വലിപ്പമുണ്ടായിരിക്കും. എന്റേതു പോലെ.. ‘

ചെറിയൊരു സംശയത്തോടെ ഞാന്‍ എറപ്പായിച്ചേട്ടനെ നോക്കി.

നവാബ് മെല്ലെ എഴുന്നേറ്റ് മാറിയിരുന്നു.വാല്‍ക്കഷണം : എറപ്പായിച്ചേട്ടന് ഇപ്പോള്‍ പഴയ ശൌര്യമില്ല. യാത്രകളും കുറവ്. വീട്ടില്‍ തന്നെയാണെന്നാണ് അറിവ്.

Friday, December 01, 2006

ചില തയ്യാറെടുപ്പുകള്‍

പ്രവാസികള്‍ അത് ബാച്ചി ആയാലും അല്ലേലും .... ഭക്ഷണം പാകം ചെയ്യാന്‍ അറിഞ്ഞിരിക്കണം അല്ലെങ്കില്‍ കൂട്ട് താമസക്കാരില്‍ നിന്ന് ചീത്ത ഉറപ്പ്, പ്രത്യേകിച്ച് ഗള്‍ഫില്‍ താമസിക്കുന്ന എതൊരു മലയാളിക്കും, ഏതൊരു റൂമിലും ഏതെങ്കിലും ഒരാള്‍ തനി ഒഴപ്പനായിരിക്കും ഇവര്‍ എന്തുണ്ടാക്ക്കിയാലും ആര്‍ക്കും ഇഷ്ടമുണ്ടാകില്ല കാരണം ആത്മാര്‍ത്ഥമായിട്ടല്ല ഈ ഒഴപ്പന്‍സ് ഭക്ഷണം പാകം ചെയ്യുക ഇവര്‍ക്ക് മറ്റൊരു പ്രത്യേകതയുണ്ട് മറ്റേതാളുടേയും ഭക്ഷണത്തെ എത്ര നന്നായാലും കുറ്റം പറയും ചെയ്യും വയറ് മുട്ടെ തിന്നുകയും ചെയ്യും ... ഭക്ഷണം പാകം ചെയ്യുന്നവര്‍ ആദ്യം വേണ്ടത് ആത്മാര്‍ത്ഥതയണ് എങ്കിലേ ഏതൊരു ഭക്ഷണത്തിനും രുചി ഉണ്ടാവൂ ഇനി നമ്മുക്ക് ചില കാര്യങ്ങളിലേക്ക് കടക്കാം ..

ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പുള്ള ചില തയ്യാറെടുപ്പുകള്‍
1) ആവശ്യമുള്ള സാധനങ്ങള്‍ കൂട്ടുകള്‍ (Ingredients) പാകം ചെയ്യുന്നടുത്ത് തന്നെ വേണം
2) ഒരു കറി ഉണ്ടാക്കുമ്പോള്‍ അതില്‍ എന്തലാം ചേര്‍ക്കണം അതിന് എന്ത് നിറമുണ്ടായിരിക്കും എന്നലാമുള്ള ഒരു ധാരണ ഉണ്ടായിരിക്കണം.
3) കൂട്ടുകള്‍ പോലെ തന്നെ പ്രധാനമാണ് പാകം ചെയ്യാനുള്ള പാത്രങ്ങളും

ഉദാഹരണത്തിന് സാമ്പാറാണ് ഉണ്ടാക്കുന്നതെങ്കില്‍ ആദ്യമേ ചില തയ്യാറെടുപ്പുകള്‍ വേണം ... പരിപ്പ് വേവിച്ച് വെയ്ക്കണം (പരിപ്പ് കായ്‍കറികളിലും ഇട്ട് ചിലര്‍ സാമ്പാര്‍ ഉണ്ടാക്കാറുണ്ട്). പുളി ചൂടുവെള്ളത്തില്‍ ഇട്ട് വെയ്ക്കണം, കായം അടുത്തുണ്ടായിരിക്കണം, സമ്പാരിന് വേണ്ട എല്ലാ സാധങ്ങളും അടുത്ത് തന്നെ ഉണ്ടായിരിക്കണം .

ചിലര്‍ ഭക്ഷണം എങ്ങനെ ഉണ്ടാക്കിയാലും കുളമായിരിക്കും ഞാന്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ഒരു പരിധിവരെ നിങ്ങള്‍ക്ക് വിജയിക്കാം

ക്കോഴിക്കറിയാണ് വെയ്ക്കുന്നതെങ്കില്‍
ഒന്നാം ഭാഗം
1) സാവാള വളരെ നേര്‍‍മയായി അരിയുക, വളരെ പ്രധാനമാണിത് എത്ര നേര്‍ത്തതായി അരിയുന്നുവോ അത്രയും വേഗത്തില്‍ സവാള ഗോള്‍ഡണ്‍ ബ്രൌണായി കിട്ടും.
2) വെളുത്തുള്ളി ഇഞ്ചി എന്നിവ പേസ്റ്റ് രൂപത്തിലായിരിക്കുന്നത് വളരെ നല്ലത്.
-സ്റ്റൌവിനുമുകളില്‍ പാകം ചെയ്യാനുള്ള പാത്രം വെച്ച് രണ്ട് മിനുറ്റ് ചൂടാക്കുക (പാത്രത്തിലെ അവശേഷിച്ച വെള്ളം വാര്‍ന്ന് കിട്ടും പിന്നീട് എണ്ണ ഒഴിച്ചാല്‍ പൊട്ടിത്തെറി ഒഴിവാക്കാം)-
-ആവശ്യത്തിന് എണ്ണ ഒഴിച്ച് ചെറിയ തീയ്യില്‍ എണ്ണ ചൂടാക്കിയതിന്ശേഷം മാത്രമേ അതിലേക്ക് ഇഞ്ചി പേസ്റ്റ് ആദ്യം ഇടാവൂ (പ്രത്യേകം ശ്രദ്ധക്കുക വലിയ തീയ്യില്‍ എണ്ണ ഒരിക്കലും ചൂടാക്കരുത് അങ്ങനെ ചൂടാക്കിയാല്‍ ഏത് കൂട്ടുകള്‍ ഇട്ടാലും പെട്ടെന്ന് കരിഞ്ഞു പോകും)
ഇഞ്ചി പേസ്റ്റൊന്ന് ചുവന്നാല്‍ വെളുത്തുള്ളി പേസ്റ്റും ഇടുക (മറ്റൊരു കാര്യം ഇഞ്ചി പെട്ടെന്ന് അടിയില്‍ പിടിക്കും അതത്ര സാരമാക്കേണ്ട അത് കറിയുടെ ആദ്യ പകുതി എത്തുമ്പോഴേക്കും ശരിയാകും) വെളുത്തുള്ളി ഇട്ട് ഒന്നുവയറ്റിയതിന് ശേഷം അതിലേക്ക് അരിഞ്ഞ് വെച്ച പച്ചമുളക് ഇടുക .. ഒന്നിളക്കിയതിന് ശേഷമായിരിക്കണം നേര്‍മയ്യായി അരിഞ്ഞുവെച്ച സവാള ഇടേണ്ടത് .. സവാള നന്നായി ഗോല്‍ഡണ്‍ ബ്രൌണ്‍ നിറമായാല്‍ (ഈ സമയമത്രയും ചെറിയ തീയ്യില്‍ തന്നെ ആയിരിക്കണം വെയ്ക്കേണ്ടത്) അതിലേക്കുടനെ തക്കാളി അരിഞ്ഞത് ഇടരുത് ... സവാള ചരുവയുടെ ഒരു ഭാഗത്തേക്ക് നീക്കി മറുഭാഗത്ത് തക്കാളി ഇട്ട് ഒന്ന് വയറ്റി ചൂടാക്കുക (തക്കാളിയും വളരെ നേര്‍ത്ത് ചെറിയതായിബ് അരിഞ്ഞാല്‍ ഉടനെ പേസ്റ്റ് രൂപത്തിലാവും) തക്കാളി ചൂടായാല്‍ സവാളയും തക്കാളിയും കൂട്ടി യോജിപ്പിക്കുക നന്നായി ഇളക്കി ഒരു പേസ്റ്റ് രൂപത്തിലാവുമ്പോള്‍ അതിലേക്ക് അര ടീ സ്പൂണ്‍ മഞ്ഞള്‍ പൊടിയിട്ട് നന്നായി ഇളക്കണം ( ഇതുവരെ ഏതൊരു കറിയുടേയും അടിത്തറയാണ്) .
രണ്ടാം ഭാഗം
(ചിക്കന്‍ കറി തുടരാം) മഞ്ഞള്‍ പോടി അര ടീ സ്പൂണ്‍ ആണെങ്കില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ക പോടിയായിരിക്കണം രണ്ട് ടേബിള്‍ സ്പൂണ്‍ മല്ലി പൊടിയും , ഒരു സ്പൂണ്‍ മദ്രാസ്സ് കറി പൌഡറും ചേര്‍ത്ത് നന്നായി ഇളക്കുക ഈ സമയത്തായിരിക്കണം ഇത്തിരി ഗരം മസാലയും ചേര്‍ക്കേണ്ടത്..... ഇത്തിരി ഉലുവയും ചേര്‍ക്കാം (ചിലര്‍ ആദ്യമേ ഉലുവ ചേര്‍ക്കും അങ്ങനെ ചേര്‍ത്താല്‍ സവാളയോടൊപ്പം ഉലുവ കരിയും കയ്പ്പ് കൂടും) ജീരകം, തുടങ്ങിയവും ചേര്‍ക്കാം .... ഈ പേസ്റ്റ് ഒരു കട്ടയാവുന്ന അവസരത്തില്‍ കഴുകി വെച്ച ക്കോഴി ഇട്ട് നന്നായി ഇളക്കുക അര ഗ്ലാസ്സ് വെള്ളം ചേര്‍ക്കാം .... ഒന്ന് തിളക്കുമ്പോഴേക്കും ക്കോഴിയിലെ വെള്ളം കറിയിലേക്ക് ഇറങ്ങും കറിയുടെ കട്ടി അനുസരിച്ച് ഇനി ചൂട് വെള്ളം ഒഴിക്കണം (പച്ചവെള്ളം ഒഴിക്കരുത്) ചിക്കന്‍ മസാലയാണ് വേണതെങ്കില്‍ വെള്ളം ഒട്ടും ഒഴിക്കരുത് (മദ്യത്തിന്‍റെ കൂടെയാണ് ഉപയോഗിക്കുന്നതെങ്കില്‍ -കുറുമാന് സ്പെഷല്‍ -ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടിക്ക് പകരം ഒന്നര സ്പൂണ്‍ മുളക് പൊടി ചേര്‍ക്കണം അതിന് പുറമെ മല്ലി പൊടി ഒരു ടേബിള്‍ സ്പൂണ്‍ ആയി കുറക്കുകയും വേണം) ... ക്കോഴി ഒന്ന് തിളച്ച് വരുമ്പോള്‍ കറിവേപ്പില മറക്കാതെ ഇടണം .... തിളച്ച് കഴിഞ്ഞാലുടന്‍ തീ ഓഫ് ചെയ്യുക മൂടി അങ്ങനെ തന്നെ ഇരിക്കട്ടെ കഴിക്കാന്‍ നേരം തുറന്നാല്‍ മതി

സവാള ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതിന് മുന്‍പ് തക്കാളി അതിലേക്കിട്ടാല്‍ സവാള മൂരിക്കും പിന്നെ സവാള ഒരിക്കലും കറിയില്‍ കലങ്ങില്ല മാത്രമല്ല എത്ര മസാല പൊടിചേര്‍ത്താലും കറിക്ക് ഗുണം കിട്ടില്ല ...
നല്ല കറിവെയ്ക്കുവാന്‍ നല്ല ക്ഷമാ ശീലവും ഉണ്ടായിരിക്കണം

ഇനി ചിക്കന്‍ തേങ്ങ വറുത്ത അരച്ച കറിയാണ് ഉണ്ടാക്കുന്നതെങ്കില്‍ ഒന്നാംഭാഗം വരെ നമ്മുക്ക് പോകാം .. അര ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍ മല്ലിപൊടി അര ടേബിള്‍ സ്പൂണ്‍ മദ്രാസ് കറി പൌഡര്‍ ചേര്‍ത്ത് ഒന്നിളക്കിയതിന് ശേഷം ചിക്കന്‍ ഇടുക നന്നായി ഇളക്കിയതിന് ശേഷം കുറച്ച് സമയം ചൂടാക്കുക എന്നിട്ടതിലേക്ക് ഒരു ഗ്ലാസ്സ് ചൂട് വെള്ളം ഒഴിക്കുക (കൂടുതല്‍ വേണമെങ്കില്‍ ചേര്‍ക്കാം) മേല്‍ നമ്മള്‍ ഉപയോഗിച്ച ഗരം മസാലകളും ഉപയോഗിക്കാം .. ചിക്കന്‍ തിളച്ച് വരുമ്പോള്‍ തയ്യാറാക്കി വെച്ച തേങ്ങ വരുത്ത് അരച്ചത് ( തേങ്ങ ഉരുളിയില്‍ എണ്ണയില്ലാതെ ചെറുതീയ്യില്‍ വറുത്തെടുക്കുക അതില്‍ 25 ഗ്രാം മല്ലി (പൊടിയല്ല) യും 10 അല്ലി കറിവേപ്പിലയും, കുറച്ച് കുരുമുളക് (പൊടിയല്ല) ചേര്‍ത്ത് വറുക്കണം, വറുത്തതിന് ശേഷം ആദ്യം വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ ഇട്ട് പൊടിക്കുക .. മിക്സിയില്‍ ഇട്ട് തന്നെ ഇത്തിരി വെള്ളം ചേര്‍ത്തും അരച്ചെടുക്കുക ഈ പേസ്റ്റ്) കറിയിലേക്കിടുക ... ഒരു തിള വരുമ്പോള്‍ കുറച്ച് കൂടി കറിവേപ്പിലയിട്ട് തീ അണച്ച് മൂടി വെയ്ക്കുക .. ഈ കറിക്ക് നല്ല മണവും ഗുണവും ഉണ്ടായിരിക്കും ഈ കറിയുടെ നിറം ചുവപ്പായിരിക്കില്ല ...(മറ്റൊരു കാര്യം ഇത്തിരി പച്ചമുളക് കൂടുതല്‍ ഇടണം )
ചിക്കന്‍ മട്ടന്‍ കറികളില്‍ ഉപ്പ് കൂടിയിട്ടുണ്ടെങ്കില്‍ ഒരു ഉരുളക്കിഴങ്ങ് മുറിച്ചിട്ടാല്‍ മതി
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ കമന്‍റുക ....

മീന്‍ കറിക്കും ഒന്നാം ഭാഗം വരെ ഓക്കെ ... അത് കഴിഞ്ഞ് മുളകിട്ട കറിയാണെങ്കില്‍ ... രണ്ട് ടേബിള്‍ സ്പൂണ്‍ മുളക് പൊടി അര ടേബിള്‍ സ്പൂണ്‍ മല്ലി പൊടി .... നന്നായി ഇളക്കി അതിലേക്ക് പുളി കലക്കിയ വെള്ളം ( കുടമ്പുളിയാണെങ്കില്‍ ചൂട് വെള്ളം മാത്രം) ആവശ്യത്തിന് ഒഴിക്കുക വെള്ളം കൂടുതല്‍ ഒഴിച്ച് തിളപ്പിച്ച് കുറിക്കിയെടുക്കുക .. നന്നായി തിളച്ചാല്‍ കഴുകി മുറിച്ച് വെച്ച മീന്‍ ഇട്ട് ഒരു തിള .. തീ അണച്ച് ... ചെറിയ ഉള്ളിയും കടുകും കറി വേപ്പിലയും ഇട്ട് തൂമിച്ച് കറിയിലൊഴിച്ച് മൂടി വെയ്ക്കുക) ..

ഇനി തേങ്ങ അരച്ച മീന്‍ കറിയാണെങ്കില്‍ ... ഒന്നാം ഭാഗം കഴിഞ്ഞ് .. അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി ഒന്നര ടേബിള്‍ സ്പൂണ്‍ മല്ലി പൊടി അര ടേബിള്‍ സ്പൂണ്‍ മദ്രാസ് കറി പൌഡര്‍ ചേര്‍ത്ത് ഒന്നിളക്കിയതിന് ശേഷം രണ്ട് ഗ്ലാസ് പുളി കലക്കിയ വെള്ളം (കുടമ്പുളിയാണെങ്കില്‍ ചൂട് വെള്ളം മാത്രം) ചേര്‍ത്ത് നന്നായി തിളച്ചതിന് കഴുകി മുറിച്ച് വെച്ച മീന്‍ ഇടുക ഒന്ന് തിളച്ചതിന് ശേഷം അരച്ച് വെച്ച തേങ്ങ ( തേങ്ങ പൊടിയാണെങ്കില്‍ ആദ്യം മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ ഇത്തിരി പെരുംജീരകവും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അരക്കുക കുറച്ച് പൊടിഞ്ഞതിന് ശേഷം ഇത്തിരി വെള്ളം ചേര്‍ത്തും നന്നായി അരച്ചെടുക്കുക ഈ പേസ്റ്റ്) ചേര്‍ത്ത് ഒരു തിള വരുന്നതിന് മുന്‍പ് തീ അണച്ച് തൂമിച്ച് മൂടി വെയ്ക്കുക (പ്രത്യേകം തേങ്ങ ഇട്ടതിന് ശേഷം നന്നായി തിളപ്പിക്കരുത് ).. കറിവേപ്പില മറക്കരുത് .. ഉപ്പ് മസാല ചേര്‍ക്കുമ്പോള്‍ ആവശ്യത്തിന് ചേര്‍ക്കാന്‍ മറക്കരുത്...
ഇതാന് കറിവെക്കലിന്‍റെ ഗുട്ടന്‍സ്... ഓക്കെ

മട്ടന്‍ കറിയും മറ്റേത് കറിയും ഒന്നാം ഭാഗം വരെ കൃത്യമായി ചെയ്യണം .. കറിവെയ്ക്കലില്‍ ഷോര്‍ട്ട് കട്ടും ഉണ്ട് ട്ടോ അത് പിന്നീടൊരിക്കലാവാം