തൃശ്ശൂരെ ക്രിസ്ത്യാനികളുടെ വീടുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കൂര്‍ക്കയിട്ട(koorkka, chinese potato) ബീഫ്. ബീഫിനൊപ്പം കൂര്‍ക്ക, കൊള്ളിക്കിഴങ്ങ് (കപ്പ), നേന്ത്രക്കായ, ചെറുകായ, ചേന, ചേമ്പ്, കാവത്ത്, കുമ്പളങ്ങ, എന്നിവയൊക്കെ ചേര്‍ത്ത് വെയ്ക്കുന്ന പതിവ് തൃശ്ശൂര്‍ക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് തോന്നുന്നു.
ആവശ്യമുള്ള സാധനങ്ങള്‍
1. ബീഫ് - ഒരു കിലോ (ചെറിയ കഷണങ്ങളാക്കിയത്)
2. കൂര്‍ക്ക - 500 ഗ്രാം (തൊലികളഞ്ഞ് ഇടത്തരം വലിപ്പത്തില്‍ കഷണങ്ങളാക്കിയത്. ചെറിയ കൂര്‍ക്കയാണ് നല്ലത്)
3. മഞ്ഞള്‍ - അര ടീസ്പോണ്‍
4, പച്ചമുളക് - 7 എണ്ണം (നീളത്തില്‍ അരിഞ്ഞത് )
5. ചുവന്നുള്ളി - 15 എണ്ണം (തൊലികളഞ്ഞത്)
6. വെളുത്തുള്ളി - 20 അല്ലി ( വലുതാണെങ്കില്‍ 6 അല്ലി)
7. മല്ലി - മുഴുവനായി ( 3 ടീസ്പൂണ്‍)
8. മുളക് പൊടി - 2 1/2 ടീസ്പൂണ്‍
9. തേങ്ങ - ഒന്ന് ( ചിരവിയത്)
10. വെളിച്ചെണ്ണ - 5 ടീസ്പൂണ്
11. കറുവപ്പട്ട - 2 കഷണം
12. ഏലക്കായ് - 4 എണ്ണം
13. ഗ്രാമ്പു - 6
14. പെരുഞ്ജീരകം - 1 ടീസ്പൂണ്‍
15. ഉപ്പ്
16. കറിവേപ്പില ( 2 കതിര്‍പ്പ്)
17. കടുക് (ആവശ്യത്തിനു)
പാചകം ചെയ്യേണ്ട വിധം
ബീഫ് മഞ്ഞള്‍ പൊടിയും മുളകുപൊടിയും ചേര്‍ത്ത് മിക്സ് ചെയ്ത് കുക്കറില്‍ അര ഗ്ലാസ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ആറു വിസില്‍ വന്നതിനു ശേഷം ഇറക്കി വെയ്ക്കുക.
ഈ സമയം ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാക്കുക. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ തേങ്ങ ചിരവിയത് ചേര്‍ത്ത് നന്നായി ഇളക്കുക.തീകുറച്ച് നന്നായി ഇളക്കുക. തേങ്ങയുടെ നിറം ചെറുതായി മഞ്ഞ നിറമാവുമ്പോള്‍ ചുവന്നുള്ളിയും(10 അല്ലി) വെളുത്തുള്ളിയും(പകുതി) ചേര്‍ത്തിളക്കുക. കൂടെ മസാല(11,12,13,14 ചേരുവകള്‍)യും മല്ലിയും ചേര്‍ത്തിളക്കുക. കൈ വേദനിച്ചാലും ഇളക്കിക്കൊണ്ടെയിരിക്കുക. കരിയ്ക്കാന്‍ സമ്മതിക്കരുത്. അതിനുമുമ്പ് തീ ഓഫാക്കുക. ഇത് ചൂടാറിയതിനു ശേഷം മിക്സിയില്‍ അരച്ചെടുക്കുക(അമ്മിയില്‍ ആയാല്‍ സ്വാദ് കൂടും. കൈ വേദനയും മാറും !! ) വെള്ളം അധികമില്ലതെ വേണം അരയ്ക്കാന്‍. ഒരു കുഴമ്പു രൂപത്തില്‍ എടുക്കണം.
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കൂര്‍ക്കയില്‍ അല്പം മഞ്ഞള്‍ പൊടിയും കുറച്ച് വെള്ളവും ചേര്‍ത്ത് മണ്‍കലത്തില്‍ (മണ്‍കലമില്ലെങ്കില്‍ വെറും കലവുമാവാം .. തനതായ രുചിയ്ക്ക് മണകലം തന്നെയാണ് നല്ലത് ) വേവിക്കുക. പകുതി വേവാവുമ്പോള്‍ തീ കുറച്ച്, വേവിച്ചു വെച്ചിരിക്കുന്ന ബീഫും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്യുക.
ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ നാലു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടാവുമ്പോള്‍ കടുക് പൊട്ടിക്കുക. വേപ്പിലയും ചേര്‍ക്കുക. ബാക്കിയുള്ള വെളുത്തുള്ളിയും ചുവന്നുള്ളിയും ചതച്ചത് ചേര്‍ക്കുക. ഈ മിശ്രിതം മൊരിഞ്ഞ മണം വരുമ്പോള്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കുഴമ്പുരൂപത്തിലുള്ള അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണ തെളിയുന്നതുവരെ ഇളക്കിക്കൊണ്ടേയിരിക്കുക. എണ്ണ തെളിഞ്ഞു നല്ല ഒരു മണം വന്നാല്‍ ഇവനെ എടുത്ത് വെന്തുകൊണ്ടിരിക്കുന്ന ബീഫിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കണം. തിളച്ചു തുടങ്ങിയാല്‍ തീ ഓഫ് ചെയ്യാം. പാത്രം മൂടി വെയ്ക്കണം. മണ്കലത്തിലാണെങ്കില്‍ തീ ഓഫ് ചെയ്താലും കുറെ നേരം തിളച്ചുകൊണ്ടെയിരിക്കും.
കൂര്‍ക്കയിട്ട ബീഫ് റെഡി. ഇത് ചോറ്, അപ്പം, ചപ്പാത്തി തുടങ്ങിയവയ്ക്കൊപ്പം കഴിയ്ക്കാം.
തൃശ്ശൂരിലെ ചില ബാറുകളില്‍ ഈ വിഭവം അപൂര്‍വ്വമായെങ്കിലും കണ്ടിട്ടുണ്ട്.
എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ !
Sunday, March 23, 2008
കൂര്‍ക്കയിട്ട ബീഫ്
Monday, April 16, 2007
ഒരു ഡസന്‍ ഐറ്റംസ് കൊണ്ട് ഒരു ചിക്കന്‍ കറി.
1. ചിക്കന്‍ : ഒരു കിലോ.
2. വലിയ ഉള്ളി : (ഇടത്തരം) 4 എണ്ണം.
3. വെളുത്തുള്ളി : അര പണ, (അര കുടം/ നാലോ അഞ്ചോ ഇല്ലികള്‍)
4. ഇഞ്ചി ചെറിയ കഷ്ണം.
5. പച്ചമുളക് : 4 എണ്ണം.
6. തക്കാളി : 2 (ഇടത്തരം).
7. മുളക് പൊടി : ഒന്നര ടീസ്പൂണ്‍ (എരിവ് കുറഞ്ഞതാണെങ്കില്‍. അല്ലെങ്കില്‍ ഒന്നര ടീസ്പൂണ്‍ ചേര്‍ത്താല്‍ വിവരമറിയും. ഞാനല്ല, കഴിക്കുന്നവര്‍.)
8. മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍.
9. കുരുമുളക് പൊടി : അര ടീസ്പൂണ്‍
10. ഉപ്പ് : പാകത്തിന്.
11. പാചകത്തിനുപയോഗിക്കുന്ന ഏതെങ്കിലും ഒരു എണ്ണ.
12. ഗരം മാസാല. കാല്‍ സ്പൂണ്‍.
പാകം ചെയ്യാന്‍ തുടങ്ങും മുമ്പ് ഇത്രയും വീട്ടിലുണ്ടങ്കില്‍ മാത്രം ഇപ്പണിക്ക് നില്‍ക്കുക. ഇല്ലങ്കില്‍ അടുത്ത വീട്ടില്‍ പോയി സംഘടിപ്പിച്ച ശേഷം മാത്രം തുടങ്ങുക.
പാചകത്തിലേക്ക് എടുത്ത് ചാടും മുമ്പ് :-
1. ചിക്കന്‍ പീസ് പീസാക്കുക.
2. വലിയ ഉള്ളി കനം കുറച്ച് വെട്ടിവെക്കുക.
3. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ നന്നായി ചതക്കുക. (ചതക്കാന്‍ സൌകര്യമില്ലങ്കില്‍ അതിന് സംവിധാനം ഉണ്ടാക്കുക. മുകളിലെ ലിസ്റ്റില്‍ പറഞ്ഞില്ലന്ന കാരണത്താല്‍ ശ്രദ്ധിക്കാതിരുന്നാല്‍ നിങ്ങള്‍ വാങ്ങിയ സാധനങ്ങള്‍ നഷ്ടം.)
4. തക്കാളി ചെറുതായി വെട്ടിവെക്കുക.
5. മഞ്ഞപ്പൊടി, മുളക് പൊടി, ഗരം മസാല എന്നിവ കൈയ്യെത്തും ദൂരത്ത് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
രണ്ടും കല്‍പ്പിച്ചുള്ള എടുത്ത് ചാട്ടം :-
വലിയ ഉള്ളി എണ്ണയിലിട്ട് ഫ്രൈ ചെയ്യാന്‍ തുടങ്ങുക. 50% ഫ്രൈ ആയ ശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവന്മാരുടേ സംയുക്ത യൂണിയനെ അതില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.
നന്നായി ഫ്രൈ ആയ ശേഷം മുളക് പൊടി, മഞ്ഞപ്പൊടി, കുരുമുളക് പൊടി ഇവ ചേര്‍ത്ത് നന്നായി ഇളക്കി ഒരു രണ്ട് മിനുട്ടിന് ശേഷം തക്കളിയും കൂടെ ഉപ്പും ഇടുക.
ഇനി കുറഞ്ഞ തീയില്‍ പത്ത് മിനുട്ട് വെച്ചാല്‍ എല്ലാം കൂടെ ഒരു പേസ്റ്റ് പരുവമാകും. പത്ത് മിനുട്ട് വെച്ചിട്ടും ആവുന്നില്ലങ്കില്‍ ആവുന്ന വരെ വെക്കുക. അല്ല പിന്നെ. ടി പേസ്റ്റില്‍ (ഇത് കണുമ്പോള്‍ ടൂത്ത് പേസ്റ്റി ഓര്‍മ്മ വരുന്നെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്.) ഗരം മാസാല ചേര്‍ത്ത് പീസ് പീസാക്കിയ കുക്കടത്തെ മിക്സ് ചെയ്ത് ചെറിയ തീയില്‍ വേവിച്ചെടുക്കുക.
വേവാനാവശ്യമായ സമയം വെറുതെ നില്‍ക്കണ്ട... മൂളിപ്പാട്ട് പാടിക്കോളൂ.
ഇതിനിടയിലെവിടെയെങ്കിലും വെള്ളം വല്ലതും കഴുകാനല്ലാതെ ഉപയോഗിക്കരുത്.
വാല്‍കഷ്ണം:
1. ഇതില്‍ ഖുബ്ബൂസ്/ചപ്പത്തി/പത്തിരി മുതലായ കൂട്ടി ഞം ഞം ന്ന് തിന്നുമ്പോ വല്ലതും കൂടുകയോ കുറയുകയോ ചെയ്തെന്ന് തോന്നിയാല്‍ അതിന്റെ ഉത്തരവാദി നിങ്ങള്‍ തന്നെയായിരിക്കും.
2. ഇത് കഴിച്ച് ആര്‍ക്കെങ്കിലും മെഡിക്കല്‍ ലീവ് കിട്ടിയാല്‍ താങ്ക്സ് പറയാനൊന്നും നിക്കണ്ട. ഞാനത് ഇപ്പോള്‍ തന്നെ വരവ് വെച്ചു.
3. ഇത് കറിയല്ലന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് പൂര്‍ണ്ണ സമ്മതം. പക്ഷേ വേറെ ഒരു പേര് നിര്‍ദ്ദേശിക്കണം.
Friday, April 13, 2007
തക്കാളി പൊട്ടിക്കല്‍സ്
കൈപ്പുണ്ണ്യം പോസ്റ്റും പുലികള്‍ക്കിടയില്‍ പാവം ഞാന്‍ ഈ തക്കാളി ഒന്നു പൊട്ടിച്ചോട്ടേ..
ഇത് ഉള്ളീം മുളകും പൊട്ടിക്കുന്നതു പോലെ സിമ്പിള്‍ ആന്‍ഡ് ഹമ്പിള്‍ ആയ ഒരു തൊട്ടുകൂട്ടാന്‍!
നേരേ പോയി ഫ്രിഡ്ജ് തുറക്കൂ.സാമാന്യം വലിയ ഒരു തക്കാളി എടുത്ത് നന്നായി കഴുകൂ.
ഇനി മെയിന്‍ ആയുധം കയ്യിലെടുക്കൂ.തക്കാളി കുരുകുരാ നുറുക്കൂ.[എന്തോന്നീ കുരുകുരാ എന്നാണോ-അതായത് രണ്ടിഞ്ജു കനം,ഒരിഞ്ജു നീളം-അളവ് ലവലേശം മാറരുത്.അല്ല പിന്നെ!]
ഇനി നമുക്ക് ആക്രമണം ഒരു സവാളയുടെ പുറത്തോട്ടാവാം..തൊലി കളഞ്ഞ് അതും കട്ട്..കുരുകുരാ തന്നെ.ഇനി പോയി രണ്ട് പച്ചമുളകെടുക്കൂ..കഴുകാന്‍ ഇനി പ്രത്യേകം പറയണോ??!
ചെറുതായരിഞ്ഞ പച്ചമുളകും,സവാളയും,തക്കാളിയും ഉപ്പിട്ട് ഇളക്കൂ.
ഇനി ആ സ്പൂണ്‍ അങ്ങ് മാറ്റി വെച്ച് കൈ പുറത്തേക്കെടുക്കാം.നന്നായി ഞെരടി യോജിപ്പിക്കൂ.
ഇനി ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് ഒന്നു കൂടി ഞെരടൂ...
അസ്സല്‍ തക്കാളി പൊട്ടിക്കല്‍സ് റെഡി!! കഞ്ഞിയോടോ,ചോറിനോടോ ഒപ്പം തൊട്ടുകൂട്ടാം.
കടപ്പാട്-കുക്കറില്‍ കഞ്ഞിപോലും വെക്കാന്‍ അറിയാത്ത മാന്യ പിതാശ്രീ ..പാചകതക്കാളിശ്രീ.
{മൈ പിതാ ആകെ ഉണ്ടാക്കുന്ന കറി..എന്നിരുന്നാലും അതിന്റെ സ്വാദ് ഇപ്പോളും നാവിന്‍ തുമ്പില്‍}
Wednesday, April 11, 2007
വിഷുക്കട്ട.
വീണ്ടും ഒരു വിഷു വരവായി. കൈനീട്ടത്തോടൊപ്പം വിഷുക്കട്ടയും വിഷുവിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്.
ഓര്‍മ്മയില്‍ നിന്നും വിഷുക്കട്ടയുടെ ഒരു പാചകവിധി കുറിക്കുന്നു. സമയവും സൌകര്യവുമുള്ളവര്‍ക്ക് ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
1.അരി - 2 കപ്പ് (പച്ചരി )
2.തേങ്ങ – ചിരകിയത് ഒരു കപ്പ്
3.ജീരകം - കാല്‍ ടീസ്പൂണ്‍ (ചൂടാക്കി മാറ്റിവെയ്ക്കുക)
4.അണ്ടിപ്പരിപ്പ് - പത്തെണ്ണം
5.ഉണക്ക മുന്തിരി - പത്തെണ്ണം
6.നെയ്യ് - ആവശ്യത്തിന്
7.ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കേണ്ട വിധം
നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിവെക്കുക. അത് അവിടെയിരുന്ന് വിശ്രമിക്കട്ടെ.
തേങ്ങ ചിരകി വെച്ചതില്‍ നിന്നും മുക്കാല്‍ കപ്പെടുത്ത് ഒന്നാം പാലും രണ്ടാം പാലും തരം തിരിച്ച് മാറ്റി വെക്കുക. രണ്ടാം പാല്‍ രണ്ടുകപ്പ് വേണമെന്നത് മറക്കരുത്.
രണ്ടാം പാലും കഴുകി വൃത്തിയാക്കിയ അരിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. തിളച്ചുകഴിഞ്ഞാല്‍ തീ കുറച്ച് വേവുന്നതുവരെ കയ്യും കെട്ടി നില്‍ക്കുക.(എണ്ണിവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പെടുത്താല്‍ അടികിട്ടും) വെന്തുകഴിഞ്ഞാല്‍ ജീരകവും ഒന്നാം പാലും മാറ്റിവെച്ചിരിക്കുന്ന തേങ്ങചിരവിയതും ചേര്‍ത്ത് വറ്റിച്ചെടുക്കുക.
ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി വേവിച്ച കൂട്ട് ഇതില്‍ നിരത്തുക.അതിനുമുകളില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ചൂടുകുറഞ്ഞാല്‍ കട്ടകളാക്കി മുറിച്ച് വേണ്ടപ്പെട്ടവര്‍ക്കൊക്കെ വിതരണം ചെയ്യാം.
Tuesday, March 27, 2007
പപ്പട ഉപ്പേരി
ഇതു പാവം ബാച്ചിലേഴ്സിനു മാത്രം വേണ്ടിയുള്ളതാണ്.പാചകത്തില്‍ പുലികളായ അമ്മമാരും പെങ്ങന്‍മാരും ദയവുചെയ്തു ഇതു വായിച്ചു മൂക്കതു വിരല്‍ വയ്ക്കരുത്.ഇങ്ങനേയും ഒരു കറിയോ എന്നു ചോദിക്കുകയുമരുത്.
സമര്‍പ്പണം : പാചകത്തില്‍ എന്‍റെ ഗുരുവായ(പാചകം പഠിക്കണമെന്ന മോഹവുമയിചെന്ന എന്നോട് ഉള്ളിയരിയാന്‍ പറഞ്ഞ..) സഹമുറിയന്.
ഒരു ഭേദപ്പെട്ട ഊണെന്നുപറയുമ്പോള്‍ അതില്‍ ഒരു ചാറു കറിയും,ഉപ്പേരിയും(തോരന്‍ ) വേണമെന്നതാണലോ നാട്ടുനടപ്പ്.കുറച്ചു മോരില്‍ കുറച്ചു പച്ചമുളകിട്ടാല്‍ ചാറു കറിയാക്കാം.പക്ഷെ ഉപ്പേരിക്കൊരുവഴിയും ഇല്ല.അങ്ങിനെയിരിക്കുമ്പോഴാണു ഇവനെത്തുന്നത്.
ആവശ്യമായവ
പപ്പടം : ഒരാള്‍ക്ക് 4 വീതം
മുളകുപൊടി (ഇടിച്ചു പൊടിച്ചത്.):1 കരണ്ടി
ചീനച്ചട്ടി :1
വെളിച്ചെണ്ണ : അര ഗ്ലാസ്.
കത്തി :1
കൊടില്‍ : 1
തയ്യാറാക്കുന്ന രീതി
1.പപ്പടം ചെറു കഷണങ്ങളായി മുറിക്കുക.(സിനിമയിലെ നായിക പ്രേമലേഖനം വാങ്ങി പിച്ചിച്ചീന്തുന്നതുപോലെ)
2അടുപ്പ് കത്തിച്ച് ചീനച്ചട്ടി അതില്‍ വയ്ക്കുക.
3.കരുതിയിരിക്കുന്ന വെളിച്ചെണ്ണ അതിലേക്കൊഴിക്കുക.(ചീനച്ചട്ടിയില്‍ വെള്ളമുണ്ടെങ്കില്‍ ഒരു ചെറിയ വെടിക്കെട്ട് ഓസിനു കാണം)
4.വെളിച്ചെണ്ണയില്‍ പോളങ്ങള്‍ (ബബിള്‍) വന്നുതുടങ്ങിയാല്‍ പപ്പടകഷണങ്ങള്‍ കുറേശ്ശെയായി അതിലേക്കിടുക..(പാടത്ത് വിത്ത് വിതക്കുന്നതുപോലെ)
5.ബാക്കിയുള്ള കഷണങ്ങള്‍ ഇടാന്‍ സ്ഥലമില്ലെങ്കില്‍ കത്തിയുപയോഗിച്ചു കുറച്ചു സ്ഥലമുണ്ടാക്കി അവിടെയിടുക.
6.മൊത്തമായൊന്നിളക്കി എല്ല കഷണങ്ങളും മൊരിഞ്ഞു എന്നുറപ്പു വരുത്തുക.
7.കൊടില്‍ കൊണ്ട് ചീനച്ചട്ടി എടുത്ത് കുറച്ചു എണ്ണ(2 കരണ്ടി) ഒഴികെ ബാക്കിയെല്ലാം മറ്റൊരു പാത്രത്തില്‍ പകര്‍ന്നു വയ്ക്കുക.(വളയാത്ത സുന്ദരിമാരെ ഈ എണ്ണയിട്ടു വളക്കാം.പെട്ടെന്നു വളയും)
8.മുളകുപൊടിയെടുത്തു ചീനച്ചട്ടിയിലെ എണ്ണയിലേക്കിടുക.
9.മുളക് മൊരിഞ്ഞുകഴിഞ്ഞാല്‍ പപ്പടവുമായി മിക്സ് ചെയ്യുക.
അങ്ങിനെ ഒരു തട്ടിക്കൂട്ട് ഉപ്പേരി തയ്യാര്‍.
അമ്മമാരും പെങ്ങന്‍മാരും മുകളില്‍ പറഞ്ഞ മുന്നറിയിപ്പു ലംഘിച്ചുകൊണ്ട് ഇതു വായിച്ചാല്‍ അവര്‍ക്കുള്ള ശിക്ഷ : ഇതില്‍ നടത്താവുന്ന പരീക്ഷണങ്ങളെല്ലം നടത്തി ഇതൊരു നല്ല കറിയാക്കി ഈ ബ്ലോഗില്‍ തന്നെ പോസ്റ്റ് ചെയ്യണം
Sunday, March 25, 2007
പുട്ടും കടലക്കറിയും.
സാധാരണയായി പുട്ടും കടലയും ഇഷ്ടപ്പെടാത്ത മലയാളികള്‍ വളരെ ചുരുക്കമാണെന്നുവേണം കരുതാന്‍. ഇന്നു കൊളസ്റ്റ്രോളും ഷുഗറും പ്രഷറുമൊക്കെയായി മലയാളികള്ക്ക് പുട്ടിനോടുള്ള താത്പര്യം കുറഞ്ഞിരിക്കുന്നു. അരിക്കു പകരം ഗോതമ്പ് കൊണ്ടു പുട്ടുണ്ടാക്കിയാല്‍ ഇതിനൊരു പ്രതിവിധിയാവുമെന്നു കരുതുന്നു. നല്ല തവിടുള്ള ഗോതമ്പ് പുട്ടും കടലക്കറിയും കാലത്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യപ്രദമാണെന്നുതന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. (ഉണ്ടാക്കാന്‍ വളരെ എളുപ്പമാണു.)
ആവശ്യമുള്ള സാധനങ്ങള്‍
1.ഗോതമ്പ് പൊടി - ഒരു കപ്പ് .( തവിടുള്ള(Extra Bran) ഗോതമ്പാണെങ്കില്‍ വളരെ നന്നായിരിക്കും)
2.ഉപ്പ് - ആവശ്യത്തിനു
3.കടല – അരക്കപ്പ് ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക)
4.വെള്ളം - ആവശ്യത്തിന്
5.വലിയ ഉള്ളി - 2 എണ്ണം (കനം കുറച്ച് അരിഞ്ഞത്)
6.വെളുത്തുള്ളി - 8 അല്ലി (ചതച്ചത് )
7.കടുക് - ആവശ്യത്തിന്
8.എണ്ണ – ആവശ്യത്തിനു ( സണ്‍ ഫ്ലവര്‍ ഓയില്‍ ആയാല്‍ നല്ലത് )
9.മുളകുപൊടി - അര റ്റീസ്പൂണ്‍ ( എരിവു കുറഞ്ഞത് )
10.പച്ചമുളക് - 2 എണ്ണം
11.മഞ്ഞള്‍പ്പൊടി - അര റ്റിസ്പൂണ്‍
12.കറിവേപ്പില – 2 കതിര്‍പ്പ്
ഉണ്ടാക്കേണ്ട വിധം
പുട്ട്
വായ് വട്ടമുള്ള ഒരു പാത്രത്തില്‍ ഗോതമ്പുപൊടിയെടുത്ത് വെള്ളവും ആവശ്യത്തിനു ഉപ്പുമിട്ട് (ഉപ്പ് നിര്‍ബന്ധമില്ല) പുട്ടിനുള്ള പാകത്തിനു കുഴയ്ക്കുക. പതിനഞ്ചുമിനിട്ട് വെറുതെ വെക്കുക. അവനവിടെയിരുന്ന് വിശ്രമിക്കട്ടെ. (ഇനി കട്ടകെട്ടുകയാണെങ്കില്‍ അവനെയെടുത്ത് ഗ്രൈന്‍ഡറില്‍ പത്തുസെക്കന്റ് കറക്കിയാല്‍ മതി. സംഗതി കുശാലന്‍). ഇനി പുട്ടുകുടമെടുത്ത് പകുതിയോളം വെള്ളം നിറച്ച് അടുപ്പത്ത് വെയ്ക്കുക. തിളയ്ക്കുമ്പോള്‍ ഒരു കതിര്‍പ്പ് വേപ്പില അതിലിട്ട് നിറച്ചുവെച്ചിരിക്കുന്ന പുട്ടുകുറ്റി മെല്ലെ കുടത്തില്‍ ഘടിപ്പിക്കുക. പുട്ടുകുറ്റിയുടെ മൂടി വെക്കാന്‍ മറക്കരുത്. ആവി കുറ്റിയുടെ മുകളില്‍ നിന്നും വന്നാല്‍ തീകുറച്ച് 10 മുതല്‍ 15 മിനിട്ട് വരെ വേവിക്കുക.
കടലക്കറി
കുക്കറില്‍ ആവശ്യത്തിന് വെള്ളവും കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കടലയും മഞ്ഞള്‍പ്പൊടിയും കനം കുറച്ചരിഞ്ഞുവെച്ചിരിക്കുന്ന വലിയ ഉള്ളിയും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. മൂന്നുമുതല്‍ നാലു വിസില്‍ അടിക്കുന്നതു വരെ വേവിക്കുക. ( പാചകക്കാരന്‍ വിസിലടിക്കേണ്ടതില്ല. കുക്കറ് സ്വയം അടിച്ചോളും. കുക്കര്‍ വിസില്‍ അടിച്ചില്ലെങ്കില്‍ വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചറിയിക്കാന്‍ മറക്കണ്ട.) . അഞ്ച് - ആറുമിനിട്ടുകൊണ്ട് കടല വേവും.
ഒരു ചീനച്ചട്ടി (അമേരിക്കന്‍ ചട്ടി പറ്റില്ല. വേണമെങ്കില്‍ ഇറാക്ക് ചട്ടിയാവാം) അടുപ്പില്‍ വെച്ച് ആവശ്യത്തിനു എണ്ണ(ആരോഗ്യമുള്ളവര്‍ ഒരു ടീസ്പൂണും ഇല്ലാത്തവര്‍ 2 ടീസ്പൂണും ) ഒഴിക്കുക. എണ്ണ ചൂടായാല്‍ കടുക് പൊട്ടിക്കുക ( മുഖം കാണിച്ചുകൊടുത്താല്‍ അവിടെയും ഒന്ന് പൊട്ടിച്ച് കിട്ടും. ജാഗ്രതൈ..). ചതച്ചുവെച്ചിരിക്കുന്ന വെളുത്തുള്ളിയും പച്ചമുളകും ചേര്‍ക്കുക. നന്നായി ഇളക്കുക. പിന്നെ കറിവേപ്പില ചേര്‍ത്തിളക്കുക. വേപ്പില പൊട്ടിത്തെറിച്ചവസാനിച്ചാല്‍ തീകുറച്ച് മുളക് പൊടി ചേര്‍ക്കുക. മുളക് മൂത്തമണം വരുമ്പോള്‍ (ഒന്നു തുമ്മും) വേവിച്ചുവെച്ചിരിക്കുന്ന കടല ഇതിലേക്ക് പകരുക . ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് മൂടിവെച്ച് അഞ്ചുമിനിട്ട് വേവിക്കുക. കടലക്കറി റെഡി.
Labels : Veg
Thursday, March 22, 2007
സിമ്പിള്‍ കുമ്പളങ്ങാ കറി വിത്ത് ഉണക്കസ്രാവ് ഫ്രൈ.
ഭാഗം - 1
ആവശ്യമുള്ളവ :
കുമ്പളങ്ങ (ഇളവന്‍) : ഇടത്തരം 1 (ഇടത്തരം കിട്ടിയില്ലങ്കില്‍ വലുത് വാങ്ങി രണ്ടാക്കിയാലും മതി)
പച്ചമുളക് : 5
മഞ്ഞപ്പൊടി : 1 ടീസ്പൂണ്‍.
മുളക് പൊടി : 1 ടിസ്പൂണ്‍.
തേങ്ങ ചിരകിയത് : അരക്കപ്പ്
തൈര് : 100 ഗ്രാം.
കടക് : 1 സ്പൂണ്‍.
ചുവന്നമുളക് : 4 എണ്ണം.
വെളിച്ചണ്ണ.
ഉപ്പ്
മിക്സി : 1 (സിമ്പിളായി പാകം ചെയ്യാനാണ് മിക്സി. ഈ കറി ഉണ്ടാക്കി കഴിച്ച ശേഷവും മിക്സി ഉപയോഗിക്കാം - നിങ്ങള്‍ക്ക് ആയുസ്സും ആരോഗ്യവും ബാക്കിയുണ്ടെങ്കില്‍)
പാകം ചെയ്യുന്ന വിധം :-
1. കുമ്പളങ്ങ കാലിഞ്ച് വീതിയും അതിലും കുറഞ്ഞ കനവുമുള്ള കഷ്ണങ്ങളാക്കി നുറുക്കുക. നുറുക്കിയ കഷ്ണങ്ങള്‍, കുറച്ചുവെള്ളത്തില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞപ്പൊടിയിട്ട് വേവിക്കുക്കാന്‍ വെക്കുക.
2. അത് വേവുന്ന സമയം കൊണ്ട് ഞെട്ടികളഞ്ഞ പച്ചമുളക്(ഇത് എരിവില്ലാതെ ഇവിടെ കിട്ടുന്ന പച്ചമുളകാണ്.ഇനി എരിവ് കൂട്ടാനോ കുറക്കാനോ ആഗ്രഹമുള്ളവര്‍ മുളകിന്റെ എണ്ണത്തില്‍ അഡ്ജിസ്റ്റ്‌മന്റ് നടത്തിയാല്‍ മതി), മഞ്ഞപ്പൊടി, മുളക് പൊടി, ചിരകിയ തേങ്ങ ഇവ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
3. കുമ്പളങ്ങ വെന്തശേഷം അരച്ച തേങ്ങാമിക്സ് അതിലൊഴിക്കുക. പകത്തിന് ഉപ്പ് ചേര്‍ക്കുക. അഞ്ചുമിനുട്ട് കൂടി അടുപ്പത്ത് വെക്കുക.
4. കടുക്/ചുവന്ന മുളക് ഇവ ചൂടായ വെളിച്ചണ്ണയിലിട്ട് കടക് പൊട്ടിയ ശേഷം കറിയിലൊഴിക്കുക. പിന്നീട് തൈര് നന്നായി ഇളക്കിയ ശേഷം കറിയിലൊഴിക്കുക. അടച്ച് വെക്കുക.
ഭാഗം രണ്ട്:
ചെറിയ കഷ്ണങ്ങളാക്കിയ ഉണക്കസ്രാവ്.
നടുവേ കീറിയ പച്ചമുളക്.
വെളിച്ചെണ്ണ.
വെളിച്ചെണ്ണ ചൂടക്കി സ്രാവിന്‍ കഷ്ണങ്ങളും പച്ചമുളകും അതിലിട്ട് നന്നായി വേവുന്ന വരേ കാത്തിരിക്കുക. നന്നായി വെന്തശേഷം തീയണച്ച് എണ്ണവാര്‍ത്ത് മറ്റൊരു പാത്രത്തില്‍ എടുത്ത് അടച്ച് വെക്കുക. ഇനി കഴിക്കുമ്പോള്‍ തുറക്കാം.
സൌകര്യം പോലെ എടുത്ത് കഴിക്കുക.
വാല്‍കഷ്ണം :
1. കുമ്പളങ്ങ (ഇളവന്‍) (ഈ രണ്ടുപേരും മലപ്പുറത്ത് പറയുന്നതാണ്. ഇതിന് പറയുന്നത് ഇതാണെന്നും ഈ പേര് ഞങ്ങളുടെ നാട്ടിലെ അറിയപ്പെട്ട തെറിയാണെന്നും പറഞ്ഞ് ആരെങ്കിലും വന്നാല്‍ അവര്‍ പറയുന്ന അവരുടെ നാട്ടിലെ പേരുകൂടി ബ്രാക്കറ്റില്‍ ചേര്‍ക്കുന്നതായിരിക്കും.
2. ഇത് കൊണ്ടുണ്ടാകുന്ന ധനനഷ്ടം, മാനനഷ്ടം (ഉദാഹരണത്തിന് ഉണക്കമീന്റെ മണം കൊണ്ട് തെട്ടടുത്തെ ഫ്ലാറ്റിലെ ആരെങ്കിലും കഴുത്തിന് പിടിച്ചാല്‍), ഇനി ഇതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും നഷ്ടം ഇവ സംഭവിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല. പരാതികള്‍ ഈ ബ്ലോഗിന്റെ സ്ഥാപകന്‍ ശ്രീകുട്ടമ്മേനോനെ അറിയിച്ചാല്‍ മതി... പക്ഷേ ഒരു കാര്യം പിന്നെ അക്കാര്യം നിങ്ങള്‍ തമ്മില്‍ തീര്‍ത്തോളണം... ഞാന്‍ ഈ നാട്ടിലുണ്ടാവില്ല.
അപ്പോ ഗുഡ്‌ബൈ.
മംഗളം മനോരമ ശുഭം.
Tuesday, March 06, 2007
മുട്ട ഉള്ളിയില ചേര്‍ത്ത് ചിക്കിപ്പൊരിച്ചത് (അധവാ, പത്ത് മിനുട്ടില്‍ ഒരു തൊട്ടുകൂട്ടാന്‍)

Monday, February 19, 2007
ചിക്കന്‍ കുറുമാനിയ
ചിക്കന്‍ കുറുമാനിയ
നളപാചകത്തിലെ ഒരു കോണ്‍ട്രിബ്യൂട്ടറായി കുറിയും കുത്തി ഇരിക്കാന്‍ തുടങ്ങിയിട്ട്, നാളിതുവരേയായി, ആളുകളുടെ വായക്ക് രുചിയും, വയറിന് ഒരു ഹരവും, കഴിച്ച് പിറ്റേ ദിവസം രാവിലെ അതേ വയറിന് തന്നെ ഒരു ആശ്വാസവും തരാന്‍ ഉതകുന്ന ഏതെങ്കിലും ഒരു വിഭവത്തിന്റെ പാചകക്കുറിപ്പ് പ്രിയപെട്ട ബ്ലോഗേഴ്സിന് നല്‍കൂ, നല്‍കൂ, എന്ന് സാക്ഷാല്‍ നളന്‍ (ബ്ലോഗര്‍ നളനല്ല) ഇന്നലെ രാത്രിയിലെ ഗഹനമായ ഉറക്കത്തിന്റെ ഇടയില്‍ സ്വപ്നമായി വന്നു പറഞ്ഞു.
നളപാചകത്തില്‍ ഒരു പോസ്റ്റിടൂ എന്ന് നളന്‍ വന്നു പറഞ്ഞാല്‍, പിന്നെ ഒളിച്ചു കളിക്കാതെ പോസ്റ്റിട്ടില്ലെങ്കില്‍ അതു ചളമാവില്ലെ?
ഉവ്വ് എന്നാണെന്റെ പക്ഷം.
“ചിക്കന്‍ കുറുമാനിയ“ എന്ന പേര് കേട്ടിട്ട്, എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഞാന്‍ ഈ പാചകകുറിപ്പ് പരീക്ഷിച്ചു നോക്കുകയില്ലേ. കര്‍ത്താവാണേ, ഭര്‍ത്താവാണേ, ഒടേ തമ്പുരാനാണേ എന്നൊന്നും തീരുമാനിക്കാന്‍ വരട്ടെ. ആദ്യം ഇതൊന്ന് വായിച്ച് നോക്കുക. പാചകശിരോമണികളായ വനിതകളും, പുരുഷുകളും നമ്മുടെ ബ്ലോഗേഴ്സിന്റെ ഇടയില്‍ ധാരാളം ഉണ്ടല്ലോ. എന്നിട്ട് സമയവും, സന്ദര്‍ഭവും, മനോധൈര്യവും ഉള്ളവര്‍ ഇത് പരീക്ഷിച്ച്, അഭിപ്രായം ഇതേ ബ്ലോഗില്‍ തന്നെ അറിയിച്ചാല്‍, അറച്ചു നില്‍ക്കുന്നവര്‍ക്കും, മടിച്ചു നില്‍ക്കുന്നവര്‍ക്കും ഈ സ്വാദിഷ്ടമായ ചിക്കന്‍ - കറിയെന്നു വിളിക്കാന്‍ പറ്റില്ല, എന്നാ മസാലയെന്നു വിളിക്കാമോ? ഇല്ല അതും പറ്റില്ല? റോസ്റ്റ്? നോ വേ. വരട്ടിയത്? ഇല്ലേയില്ല.
പിന്നെന്തൂട്ടാഷ്ടാ ഈ കുന്തം. ഇതാണ് ചിക്കന്‍ കുറുമാനിയ!
ഇത് ഉണ്ടാക്കുന്നത് വനിതകളാണെങ്കില്‍ താഴെ പറയുന്നതുപോലെ ഉണ്ടാക്കിയാല്‍ മാത്രം മതി. അതല്ലാ പുരുഷന്മാരാണെങ്കില്‍, പാചക സമയം രസാവഹമാക്കാന്‍, അല്ലെങ്കില്‍ ആസ്വാദകരമാക്കുവാന്‍, അവനവന്റെ കപ്പാസിറ്റിക്കനുസരിച്ച് രണ്ടോ, മൂന്നോ പെഗ്ഗ് അടിക്കാവുന്നതാണ്. അതില്‍ കൂടരത്. കാരണം അതു കഴിഞ്ഞാല്‍ കറിയുടെ സ്വാദ് ആസ്വദിക്കുവാന്‍ പറ്റില്ല!
ചേരുവകള്‍
ചിക്കന്‍ - 1 1/2 കിലോ ( ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കിയത് - ഫ്രെഷ് ചിക്കന്‍ ആണ് കൂടുതല്‍ അഭികാമ്യം)
മല്ലിപൊടി - 4 ടേബിള്‍സ്പൂണ്‍
മുളകുപൊടി - 2 1/2 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞപൊടി - 1/2 ടീസ്പൂണ്‍
ഗരം മസാല - 1 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്‘
ജീരകപൊടി - ഒരു നുള്ള് (നിര്‍ബന്ധമില്ല)
സവാള അഥവാ സബോള - 4 എണ്ണം (വലിയത്) - വളരെ കനം കുറച്ച് അരിയുക
ചെറിയ ഉള്ളി - 10-15 എണ്ണം - ഇതും കനം കുറച്ച് അരിയുക
നാളികേര കൊത്ത് - 1/2 മുറിയുടേത് (കനം കുറച്ച്, ചെറുതായി 1/2 ഇഞ്ച് നീളത്തില്‍ കൊത്തിയത്)
ഇഞ്ചി - 1 1/2 ഇഞ്ച് നീളം - പൊടിയായി അരിഞ്ഞത് (വീതി എത്ര വേണം എന്നൊന്നൊന്നും ആരും ചോദിച്ചേക്കരുത്)
തക്കാളി - 2 എണ്ണം (ഇടത്തരം വലുപ്പമുള്ളത്) - കുരു കുരുന്നനെ അരിഞ്ഞത്
വെളുത്തുള്ളി - 7-8 അല്ലി അഥവാ ചുള - പൊടിയായി അരിഞ്ഞത്
പച്ചമുളക് - 6 എണ്ണം, 3 എണ്ണം നെടുകെ പിളര്‍ന്നത് (ഇനിയിപ്പോ നെടുകെ പിളര്‍ന്നില്ലാന്നു വച്ചിട്ട് ഒരു പുല്ലും സംഭവിക്കാന്‍ പോകുന്നില്ല), 3 എണ്ണം ചെറുതായി ഓമ്ലേറ്റിലേക്കരിയുന്നതുപോലെ അരിയുക.
കറിവേപ്പില - 4 തണ്ട്
പാചകം ചെയ്യുന്ന വിധം : ജപ്പാന്‍ ചട്ടി (അതില്ലെങ്കില്‍, ചീന ചട്ടിയോ, എന്തിനതികം, മണ്‍ചട്ടി മാത്രം മതിയെന്നല്ലാ, പക്ഷെ അതാണെങ്കില്‍ സൂപ്പര്‍) അടുപ്പില്‍ വച്ച്, ചൂടായതിനുശേഷം ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചണ്ണ അതിലേക്കൊഴിച്ച്, മുളകുപൊടിയും, മല്ലിപൊടിയും അതിലേക്കിട്ട്, ചെറിയ തീയില്‍ ബ്രൌണ്‍ നിറം വിടുന്നതു വരെ വറുക്കുക (കരിക്കരുത്). കഴുകി വെള്ളം പിഴിഞ്ഞു മാറ്റിയ കോഴികഷ്ണത്തിലേക്ക്, എല്ലാം സര്‍വ്വേശ്വരാ നീയെ തുണ എന്നു പറഞ്ഞ് (പറഞ്ഞില്ലെങ്കിലും യാതൊന്നും സംഭവിക്കില്ല) വറുത്ത മസാല ചേര്‍ക്കുക. അരിഞ്ഞു വച്ചിരിക്കുന്നതില്‍ നിന്നും, പകുതി ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, ചെറുതായി അരിഞ്ഞ പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, അര സ്പൂണ്‍ കുരുമുളകു പൊടി എന്നിവ ചേര്‍ക്കുക. ആ കൂട്ടിലേക്ക് രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും, മുകളില്‍ പറഞ്ഞിരിക്കുന്ന മഞ്ഞപൊടിയും, ആവശ്യത്തിന്നുപ്പും, കൊത്തി വച്ചിരിക്കുന്ന തേങ്ങാ കൊത്തുകളും ചേര്‍ത്ത് നന്നായി തിരുമ്മി വക്കുക. (എത്ര അധികം നേരം ഈ തിരുമ്മി വച്ചിരിക്കുന്നോ അത്രയും, നല്ലത്, അതു കരുതി നാലു മണിക്കൂറിനു മേലെ വച്ചാല്‍, കോഴി വളിച്ചു പോകുന്നതിന്നുത്തരവാദി ഞാനല്ല).
ചീന ചട്ടി ചൂടായതിനു ശേഷം, അതില്‍, മൂന്നു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടായ ശേഷം (എണ്ണ അവനവന്റെ ആരോഗ്യത്തിന്നനുസരിച്ച്, കൂട്ടുകയും, കുറക്കുകയും ചെയ്യാം, അല്ലാതെ, ഡേഷെ, നിന്റെ റെസീപ്പി പ്രകാരം കറി വച്ചു തിന്നാന്‍ തുടങ്ങിയതിന്നു ശേഷം എന്റെ കൊളസ്ട്രോള്‍ കൂടി എന്നാരും എന്നെ പറയരുത്), അതിലേക്ക്, ആദ്യം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും, വെളുത്തുള്ളിയും ചേര്‍ക്കുക. അതൊന്നല്പം മൂത്താല്‍, സവാളയും, കീറി വച്ചിരിക്കുന്ന പച്ചമുളകും ചേര്‍ത്ത നന്നായി വഴറ്റുക. ആ വഴറ്റുന്ന ചേരുവയുടെ നിറം മാറി കാപ്പി പൊടി നിറം, അഥവാ, സവാള സീ ത്രൂ പരുവത്തിലാകുമ്പോള്‍, തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക. എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍, രണ്ടു തണ്ടു കറിവേപ്പിലയും, മസാല പുരട്ടി വച്ചിരിക്കുന്ന കോഴികഷ്ണങ്ങളും ചേര്‍ക്കുക. നല്ലതുപോലെ ഇളക്കി ചേര്‍ത്ത്, അടപ്പെടുത്ത് ചീനചട്ടി മൂടുക. തീ ചെറുതാക്കാന്‍ മറക്കരുത്.
ചൂടു തട്ടുമ്പോള്‍ കോഴി, സ്വമേദയാ അടിച്ചിട്ടുള്ള വെള്ളങ്ങളെല്ലാം വാളുവെക്കും എന്നതിനാല്‍, ഒരു പത്ത് നിമിഷത്തിനുള്ളില്‍ ചീന ചട്ടിയില്‍ വെള്ളം കോഴികഷ്ണങ്ങളെ മൂടിയിരിക്കുന്ന പാകത്തില്‍ വെട്ടി തിളക്കുന്നുണ്ടായിരിക്കും. അടപ്പ് മാറ്റി, അവശേഷിച്ചിരിക്കുന്ന അര സ്പൂണ്‍ കുരുമുളകു പൊടിയും, ഗരം മസാല പൊടിയും ചേര്‍ത്ത് വീണ്ടും ഇളക്കുക.
പത്ത് മിനിറ്റ് ചെറിയ തീവില്‍ വേവിച്ചതിനു ശേഷം, ചീനചട്ടിയുടെ മൂടി തുറന്ന്, ചീന ചട്ടിയില്‍ ഉള്ള വെള്ളം വറ്റിക്കുക. ഇടക്കിടെ ഇളക്കികൊണ്ടിരിക്കണം. അല്ലെങ്കില്‍ അടിയില്‍ പിടിച്ചതെപ്പോഴെന്നു ചോദിച്ചാല്‍ മതി. (അഥവാ അങ്ങിനെ സംഭവിച്ചാല്‍, അടിയില്‍ പിടിക്കുന്നതിന്നുത്തരവാധി ഞാന്‍ അല്ല എന്നും ഈ അവസരത്തില്‍ ഞാന്‍ പറയാനാഗ്രഹിക്കുന്നു)
ഇളക്കി, ഇളക്കി, കോഴിക്കറി ഒരു കറുത്ത പരുവത്തിലായി തീരും (ചെറുതീയിലാണെന്നോര്‍മ്മ വക്കുക). ആ അവസരത്തില്‍, അല്പം ജീരകപൊടി (ഇഷ്ടമുള്ളവര്‍ മാത്രം) ചേര്‍ത്ത്. തീ കെടുത്തുക.
ഒരു ചെറിയ ചീന ചട്ടിയിലോ, ഫ്രൈയിങ്ങ് പാനിലോ, ഒരു സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞു വച്ചിരിക്കുന്നതില്‍ അവശേഷിച്ച ചെറിയ ഉള്ളി മൂപ്പിക്കുക. ഉള്ളി പകുതി മൂത്തതിനുശേഷം, ശേഷിക്കുന്ന ഒരു തണ്ട് കറിവേപ്പിലയും, ഒരു നുള്ള് മുളകു പൊടിയും ചേര്‍ത്ത് നന്നായിളക്കി, ഈ കൂട്ട് വെന്തൊരുങ്ങിയിരിക്കുന്ന “ചിക്കന്‍ കുറുമാനിയ“ യുടെ മുകളിലേക്കൊഴിക്കുക. വീണ്ടും നന്നായി ഇളക്കി, ഒരഞ്ചു മിനിറ്റു നേരത്തേക്കു കൂടി അടച്ചു വയ്ക്കുക.
“ചിക്കന്‍ കുറുമാനിയ” തയ്യാര്‍.
ചോറിനൊപ്പമോ, കുബൂസിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ, കള്ളിനൊപ്പമോ, എങ്ങിനെ വേണമെങ്കിലും നിങ്ങള്‍ക്കീ ചിക്കന്‍ കറുമാനിയ കഴിക്കാം.
സത്യമായും, നിങ്ങള്‍ ഇത് ഇഷ്ടപെടും എന്നെനിക്കുറപ്പുണ്ട്.
അഭിപ്രായങ്ങള്‍ അറിയിച്ചാല്‍, റിസ്ക് ഫാക്ടര്‍ ഒഴിവായി കിട്ടും :)
(ഈ കറിക്കുള്ള ക്രെഡിറ്റ് മുഴുവന്‍ എന്റെ അമ്മ - ശ്രീമതി അംബിക ഉണ്ണികൃഷ്ണന്)
Sunday, February 18, 2007
മിക്സഡ് ഓം ലെറ്റ്
ആവശ്യമുള്ള സാധനങ്ങള്‍
1.മുട്ട - നാലെണ്ണം
2.വേവിച്ച് മിന്‍സു ചെയ്ത മാട്ടിറച്ചി - കാല്‍കപ്പ്
3.എണ്ണ – ആവശ്യത്തിനു
4.സവാള നീളത്തില്‍ കനം കുറച്ചരിഞ്ഞത് - അരകപ്പ്
5.പച്ചമുളക് ചെറുതായി വട്ടത്തിലരിഞ്ഞത് - ഒരു വലിയ സ്പൂണ്‍
6.ഇഞ്ചി കൊത്തിയരിഞ്ഞത് - ചെറിയ സ്പൂണ്‍
7.കാരറ്റ് ഗ്രേറ്റ് ചെയ്തത് - കാല്‍കപ്പ്
8.ബീന്‍സ് നീളത്തിലരിഞ്ഞ് പകുതി വേവിച്ചത് - കാല്‍ കപ്പ്
9.കാബേജ് ചെറുതായരിഞ്ഞത് - കാല്‍ കപ്പ്
10.സെലറി പൊടിയായി അരിഞ്ഞത് - വലിയ സ്പൂണ്‍.
11.കുരുമുളകു പൊടി - അര സ്പൂണ്‍
12.ചോറ് അരച്ചത് - അരക്കപ്പ്
13.ഉപ്പ് - പാകത്തിന്
14.ഗരം മസാല – അര സ്പൂണ്‍.
15.മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
എണ്ണയും മുട്ടയുമൊഴിച്ചുള്ള ചേരുവകള്‍ ഒരു പാത്രത്തിലാക്കി ഒരുമിച്ചു ചേര്‍ക്കുക. മുട്ട ബീറ്റു ചെയ്ത് ഇതില്‍ ചേര്‍ക്കുക. എല്ലാം മിക്സ് ചെയ്ത് കാഞ്ഞ ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഓം ലെറ്റാക്കി ഉണ്ടാക്കിയെടുക്കുക.
Wednesday, January 24, 2007
തൊട്ട് സേവിക്കുവാന്‍...
(2 പേര്‍ക്കു തൊട്ടു സേവിക്കുവാന്‍)
കോഴി 500 ഗ്രാം ചെറിയ കഷ്ണങ്ങളാക്കിയത്
* മല്ലിപ്പൊടി, മുളക്‌പൊടി, അയമോദകം കാല്‍ ടീസ്പൂണ്‍ വീതം
* ഇഞ്ചി ഒരിഞ്ച് നീളത്തില്‍
* വെളുത്തുള്ളി അഞ്ച് അല്ലി
* പച്ച കുരുമുളക് കാല്‍ റ്റീസ്പൂന്ണ്‍
(* എല്ലാം ഒരുമിച്ച് അരച്ചത് )
ഇറച്ചി മസാല കാല്‍ റ്റീസ്പൂണ്‍
കാന്താരി മുളക് പത്തെണ്ണം
കറിവേപ്പില ഒരു തണ്ട്
വെളിച്ചെണ്ണ മൂന്ന് റ്റീസ്പൂണ്‍
ഉപ്പ് പാകത്തിന്ന്‍
കാന്താരി മുളകും കറിവേപ്പിലയും ഒഴികെ ബാക്കിയെല്ലാം ഒരു പേസ്റ്റ് രൂപത്തില്‍ ആക്കു