Monday, April 16, 2007

ഒരു ഡസന്‍ ഐറ്റംസ് കൊണ്ട് ഒരു ചിക്കന്‍ കറി.

1. ചിക്കന്‍ : ഒരു കിലോ.
2. വലിയ ഉള്ളി : (ഇടത്തരം) 4 എണ്ണം.
3. വെളുത്തുള്ളി : അര പണ, (അര കുടം/ നാലോ അഞ്ചോ ഇല്ലികള്‍)
4. ഇഞ്ചി ചെറിയ കഷ്ണം.
5. പച്ചമുളക്‌ : 4 എണ്ണം.
6. തക്കാളി : 2 (ഇടത്തരം).
7. മുളക്‌ പൊടി : ഒന്നര ടീസ്പൂണ്‍ (എരിവ്‌ കുറഞ്ഞതാണെങ്കില്‍. അല്ലെങ്കില്‍ ഒന്നര ടീസ്പൂണ്‍ ചേര്‍ത്താല്‍ വിവരമറിയും. ഞാനല്ല, കഴിക്കുന്നവര്‍.)
8. മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍.
9. കുരുമുളക്‌ പൊടി : അര ടീസ്പൂണ്‍
10. ഉപ്പ്‌ : പാകത്തിന്‌.
11. പാചകത്തിനുപയോഗിക്കുന്ന ഏതെങ്കിലും ഒരു എണ്ണ.
12. ഗരം മാസാല. കാല്‍ സ്പൂണ്‍.


പാകം ചെയ്യാന്‍ തുടങ്ങും മുമ്പ്‌ ഇത്രയും വീട്ടിലുണ്ടങ്കില്‍ മാത്രം ഇപ്പണിക്ക്‌ നില്‍ക്കുക. ഇല്ലങ്കില്‍ അടുത്ത വീട്ടില്‍ പോയി സംഘടിപ്പിച്ച ശേഷം മാത്രം തുടങ്ങുക.


പാചകത്തിലേക്ക്‌ എടുത്ത്‌ ചാടും മുമ്പ്‌ :-

1. ചിക്കന്‍ പീസ്‌ പീസാക്കുക.

2. വലിയ ഉള്ളി കനം കുറച്ച്‌ വെട്ടിവെക്കുക.

3. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്‌ ഇവ നന്നായി ചതക്കുക. (ചതക്കാന്‍ സൌകര്യമില്ലങ്കില്‍ അതിന്‌ സംവിധാനം ഉണ്ടാക്കുക. മുകളിലെ ലിസ്റ്റില്‍ പറഞ്ഞില്ലന്ന കാരണത്താല്‍ ശ്രദ്ധിക്കാതിരുന്നാല്‍ നിങ്ങള്‍ വാങ്ങിയ സാധനങ്ങള്‍ നഷ്ടം.)

4. തക്കാളി ചെറുതായി വെട്ടിവെക്കുക.

5. മഞ്ഞപ്പൊടി, മുളക്‌ പൊടി, ഗരം മസാല എന്നിവ കൈയ്യെത്തും ദൂരത്ത്‌ ഉണ്ടെന്ന് ഉറപ്പ്‌ വരുത്തുക.


രണ്ടും കല്‍പ്പിച്ചുള്ള എടുത്ത്‌ ചാട്ടം :-

വലിയ ഉള്ളി എണ്ണയിലിട്ട്‌ ഫ്രൈ ചെയ്യാന്‍ തുടങ്ങുക. 50% ഫ്രൈ ആയ ശേഷം പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി ഇവന്മാരുടേ സംയുക്ത യൂണിയനെ അതില്‍ ചേര്‍ത്ത്‌ നന്നായി ഇളക്കുക.

നന്നായി ഫ്രൈ ആയ ശേഷം മുളക്‌ പൊടി, മഞ്ഞപ്പൊടി, കുരുമുളക്‌ പൊടി ഇവ ചേര്‍ത്ത്‌ നന്നായി ഇളക്കി ഒരു രണ്ട്‌ മിനുട്ടിന്‌ ശേഷം തക്കളിയും കൂടെ ഉപ്പും ഇടുക.

ഇനി കുറഞ്ഞ തീയില്‍ പത്ത്‌ മിനുട്ട്‌ വെച്ചാല്‍ എല്ലാം കൂടെ ഒരു പേസ്റ്റ്‌ പരുവമാകും. പത്ത്‌ മിനുട്ട്‌ വെച്ചിട്ടും ആവുന്നില്ലങ്കില്‍ ആവുന്ന വരെ വെക്കുക. അല്ല പിന്നെ. ടി പേസ്റ്റില്‍ (ഇത്‌ കണുമ്പോള്‍ ടൂത്ത്‌ പേസ്റ്റി ഓര്‍മ്മ വരുന്നെങ്കില്‍ അത്‌ നിങ്ങളുടെ മാത്രം തെറ്റാണ്‌.) ഗരം മാസാല ചേര്‍ത്ത് പീസ്‌ പീസാക്കിയ കുക്കടത്തെ മിക്സ്‌ ചെയ്ത്‌ ചെറിയ തീയില്‍ വേവിച്ചെടുക്കുക.

വേവാനാവശ്യമായ സമയം വെറുതെ നില്‍ക്കണ്ട... മൂളിപ്പാട്ട്‌ പാടിക്കോളൂ.

ഇതിനിടയിലെവിടെയെങ്കിലും വെള്ളം വല്ലതും കഴുകാനല്ലാതെ ഉപയോഗിക്കരുത്‌.


വാല്‍കഷ്ണം:
1. ഇതില്‍ ഖുബ്ബൂസ്‌/ചപ്പത്തി/പത്തിരി മുതലായ കൂട്ടി ഞം ഞം ന്ന് തിന്നുമ്പോ വല്ലതും കൂടുകയോ കുറയുകയോ ചെയ്തെന്ന് തോന്നിയാല്‍ അതിന്റെ ഉത്തരവാദി നിങ്ങള്‍ തന്നെയായിരിക്കും.

2. ഇത്‌ കഴിച്ച്‌ ആര്‍ക്കെങ്കിലും മെഡിക്കല്‍ ലീവ്‌ കിട്ടിയാല്‍ താങ്ക്സ്‌ പറയാനൊന്നും നിക്കണ്ട. ഞാനത്‌ ഇപ്പോള്‍ തന്നെ വരവ്‌ വെച്ചു.

3. ഇത് കറിയല്ലന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് പൂര്‍ണ്ണ സമ്മതം. പക്ഷേ വേറെ ഒരു പേര് നിര്‍ദ്ദേശിക്കണം.

Friday, April 13, 2007

തക്കാളി പൊട്ടിക്കല്‍സ്

കൈപ്പുണ്ണ്യം പോസ്റ്റും പുലികള്‍ക്കിടയില്‍ പാവം ഞാന്‍ ഈ തക്കാളി ഒന്നു പൊട്ടിച്ചോട്ടേ..
ഇത് ഉള്ളീം മുളകും പൊട്ടിക്കുന്നതു പോലെ സിമ്പിള്‍ ആന്‍ഡ് ഹമ്പിള്‍ ആയ ഒരു തൊട്ടുകൂട്ടാന്‍!
നേരേ പോയി ഫ്രിഡ്ജ് തുറക്കൂ.സാമാന്യം വലിയ ഒരു തക്കാളി എടുത്ത് നന്നായി കഴുകൂ.
ഇനി മെയിന്‍ ആയുധം കയ്യിലെടുക്കൂ.തക്കാളി കുരുകുരാ നുറുക്കൂ.[എന്തോന്നീ കുരുകുരാ എന്നാണോ-അതായത് രണ്ടിഞ്ജു കനം,ഒരിഞ്ജു നീളം-അളവ് ലവലേശം മാറരുത്.അല്ല പിന്നെ!]
ഇനി നമുക്ക് ആക്രമണം ഒരു സവാളയുടെ പുറത്തോട്ടാവാം..തൊലി കളഞ്ഞ് അതും കട്ട്..കുരുകുരാ തന്നെ.ഇനി പോയി രണ്ട് പച്ചമുളകെടുക്കൂ..കഴുകാന്‍ ഇനി പ്രത്യേകം പറയണോ??!
ചെറുതായരിഞ്ഞ പച്ചമുളകും,സവാളയും,തക്കാളിയും ഉപ്പിട്ട് ഇളക്കൂ.
ഇനി ആ സ്പൂണ്‍ അങ്ങ് മാറ്റി വെച്ച് കൈ പുറത്തേക്കെടുക്കാം.നന്നായി ഞെരടി യോജിപ്പിക്കൂ.
ഇനി ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് ഒന്നു കൂടി ഞെരടൂ...
അസ്സല്‍ തക്കാളി പൊട്ടിക്കല്‍സ് റെഡി!! കഞ്ഞിയോടോ,ചോറിനോടോ ഒപ്പം തൊട്ടുകൂട്ടാം.

കടപ്പാട്-കുക്കറില്‍ കഞ്ഞിപോലും വെക്കാന്‍ അറിയാത്ത മാന്യ പിതാശ്രീ ..പാചകതക്കാളിശ്രീ.
{മൈ പിതാ ആകെ ഉണ്ടാക്കുന്ന കറി..എന്നിരുന്നാലും അതിന്റെ സ്വാദ് ഇപ്പോളും നാവിന്‍ തുമ്പില്‍}

Wednesday, April 11, 2007

വിഷുക്കട്ട.

വീണ്ടും ഒരു വിഷു വരവായി. കൈനീട്ടത്തോടൊപ്പം വിഷുക്കട്ടയും വിഷുവിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്.

ഓര്‍മ്മയില്‍ നിന്നും വിഷുക്കട്ടയുടെ ഒരു പാചകവിധി കുറിക്കുന്നു. സമയവും സൌകര്യവുമുള്ളവര്‍ക്ക് ഉണ്ടാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

1.അരി - 2 കപ്പ് (പച്ചരി )
2.തേങ്ങ – ചിരകിയത് ഒരു കപ്പ്
3.ജീരകം - കാല്‍ ടീസ്പൂണ്‍ (ചൂടാക്കി മാറ്റിവെയ്ക്കുക)
4.അണ്ടിപ്പരിപ്പ് - പത്തെണ്ണം
5.ഉണക്ക മുന്തിരി - പത്തെണ്ണം
6.നെയ്യ് - ആവശ്യത്തിന്
7.ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം
നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിവെക്കുക. അത് അവിടെയിരുന്ന് വിശ്രമിക്കട്ടെ.
തേങ്ങ ചിരകി വെച്ചതില്‍ നിന്നും മുക്കാല്‍ കപ്പെടുത്ത് ഒന്നാം പാലും രണ്ടാം പാലും തരം തിരിച്ച് മാറ്റി വെക്കുക. രണ്ടാം പാല്‍ രണ്ടുകപ്പ് വേണമെന്നത് മറക്കരുത്.
രണ്ടാം പാലും കഴുകി വൃത്തിയാക്കിയ അരിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. തിളച്ചുകഴിഞ്ഞാല്‍ തീ കുറച്ച് വേവുന്നതുവരെ കയ്യും കെട്ടി നില്‍ക്കുക.(എണ്ണിവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പെടുത്താല്‍ അടികിട്ടും) വെന്തുകഴിഞ്ഞാല്‍ ജീരകവും ഒന്നാം പാലും മാറ്റിവെച്ചിരിക്കുന്ന തേങ്ങചിരവിയതും ചേര്‍ത്ത് വറ്റിച്ചെടുക്കുക.
ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി വേവിച്ച കൂട്ട് ഇതില്‍ നിരത്തുക.അതിനുമുകളില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ചൂടുകുറഞ്ഞാല്‍ കട്ടകളാക്കി മുറിച്ച് വേണ്ടപ്പെട്ടവര്‍ക്കൊക്കെ വിതരണം ചെയ്യാം.