Wednesday, April 30, 2008

പരിപ്പുവട

രിപ്പുവടയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭാസ്കരേട്ടനെയാണ് ഓര്‍മ്മവരിക. കുറച്ചുകാലം പാരലല്‍ കോളജില്‍ ക്ലാസെടുക്കാനുള്ള ഭാഗ്യമുണ്ടായിരുന്നപ്പോള്‍ കോളജിന്റെ താഴത്തെ നിലയില്‍ ഭാസ്കരേട്ടനും ലീലേച്ചിയും കൂടി നടത്തുന്ന ചായക്കടയായിരുന്നു അന്ന ദാതാവ്. ഇടവേളകള്‍ ആനന്ദപൂര്‍ണ്ണമാക്കാന്‍ ഭാസ്കരേട്ടന്റെ കട്ടന്‍ ചായയും പരിപ്പുവടയുമില്ലാതെ എന്താഘോഷം ?

ഭാസ്കരേട്ടന്‍ ഉണ്ടാക്കുന്ന പരിപ്പുവടയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്. ഒന്നു രണ്ടുതവണ ഭാസ്കരേട്ടന്റെ അടുത്ത് ചെന്ന് ഉണ്ടാക്കുന്ന വിധമൊക്കെ പഠിച്ചിരുന്നു. എങ്ങനെയൊക്കെ ഉണ്ടാക്കിയാലും ഭാസ്കരേട്ടന്‍ ഉണ്ടാക്കുന്ന പരിപ്പുവടയുടെ ആ ടേസ്റ്റ്....





ആവശ്യമുള്ള സാധനങ്ങള്‍


1.കടലപ്പരിപ്പ് - ഒരു കപ്പ്
2.സാമ്പാര്‍പരിപ്പ്(ചുവന്ന പരിപ്പ്) - അര‍ക്കപ്പ്
3.ഉണക്കമുളക് - 3 എണ്ണം
4.കുഞ്ഞുള്ളി - 15 എണ്ണം നന്നായി ചതച്ചത്
5.പച്ചമുളക് - 3 എണ്ണം (ചെറുതായി അരിഞ്ഞത്)
6.വേപ്പില – ഒരു കതിര്‍പ്പ്
7.കായപ്പൊടി - ഒരു നുള്ള്
8.ഇഞ്ചി - പൊടിയായി അരിഞ്ഞത് ( 1 ടീസ്പൂണ്‍ )
9.കടലപ്പൊടി - ഒരു ടീസ്പൂണ്‍
10.ഉപ്പ് - ആവശ്യത്തിനു
11.വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിനു
12.മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍.

പാചകം ചെയ്യേണ്ട വിധം


ഇതിനു കുറച്ച് ക്ഷമയൊക്കെ വേണം. കാലത്ത് ആറുമണിക്കാണ് നമ്മള്‍ പരിപ്പുവട ഉണ്ടാക്കുന്നതെന്ന് സങ്കല്‍പ്പിക്കുക. പുലര്‍ച്ച രണ്ടുമണിക്ക് തന്നെ എഴുന്നേറ്റ് കടലപ്പരിപ്പെടുത്ത് വെള്ളത്തിലിടുക. അവന്‍ അവിടെ കിടന്ന് വിശ്രമിക്കട്ടെ.

ഇനിയുള്ള സമയം പരിപ്പുവടെയെക്കുറിച്ച് മാത്രം ചിന്തിക്കുക. ഈ സമയം വെറുതെ ഇരിക്കണ്ട. ചുവന്നുള്ളി തൊലി കളയുകയും പച്ചമുളകും ഇഞ്ചിയും അരിയുകയും ചെയ്യാം.

കൃത്യം ആറുമണിക്ക് സാമ്പാര്‍ പരിപ്പ് എടുത്ത് വെള്ളത്തിലിട്ട് നന്നായി കഴുകുക. അല്പം മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കുക്കറിലിട്ട് നന്നായി വേവിക്കുക. കുക്കര്‍ തുറന്ന് ( വെയ്റ്റ് / വിസില്‍ മാറ്റാതെ ആക്രാന്തം കൊണ്ട് ചൂടോടെ തുറന്നാല്‍ പരിപ്പുവടയ്ക്കു പകരം പപ്പടവടയാവും ഉണ്ടാവുകയെന്നത് ഓര്‍മ്മിക്കുക) പരിപ്പിലെ വെള്ളം മുഴുവന്‍ ഊറ്റിക്കളയുക. മിക്സി തുറന്ന് അതിലേക്ക് ഈ പരിപ്പും കായപ്പൊടിയും ഉണക്കമുളകും കടലപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക.

വെള്ളത്തില്‍ വിശ്രമിച്ചുകൊണ്ടിരുന്ന കടലപ്പരിപ്പെടുത്ത് കഴുകി ഒരു തുണിയിലിട്ട് പിഴിഞ്ഞ് വെള്ളം മുഴുവന്‍ കളയുക ഇത് ഗ്രൈന്‍ഡറിലിട്ട് ചെറുതായി അരയ്ക്കുക. പോസ്റ്ററൊട്ടിക്കാനല്ല. അല്പമൊന്ന് പൊടിഞ്ഞാല്‍ മതി.

ഇവനെ എടുത്ത് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കുഴമ്പിലേക്ക് ചേര്‍ക്കുക. പച്ചമുളകും വേപ്പിലയും ഇഞ്ചിയും ചേര്‍ത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. നനവ് അധികം വേണ്ട.
ഈ മിക്സിനെ കൈയില്‍ വെച്ച് പരിപ്പുവടയുടെ പാകത്തില്‍ പരത്തുക.

വെളിച്ചെണ്ണ ചൂടാക്കി ഓരോന്നായി ഇട്ട് വറുത്തു കോരുക. വെളിച്ചെണ്ണ നന്നായി ചൂടായതിനു ശേഷം ഒരു മീഡിയം ചൂടിലാക്കിയേ വറുക്കാവൂ. അല്ലെങ്കില്‍ വടയുടെ ഉള്‍ഭാഗം വേവില്ല. ഡീപ്പ് ഫ്രൈ ആയതുകൊണ്ട് എണ്ണ നന്നായി ഒഴിക്കണം. അല്ലെങ്കില്‍ വടയില്‍ എണ്ണ കയറി കുത്തിയിരിപ്പു സത്യാഗ്രഹം നടത്തും. നോട്ട് ദി പോയിന്റ്.

പരിപ്പുവട റെഡി.

ഇത് സഖാക്കള്‍ക്കും അല്ലാത്തവര്‍ക്കും കട്ടന്‍ ചായയുടെ കൂടെയും അല്ലാതെയും സേവിക്കാവുന്നതാണ്.

Wednesday, April 02, 2008

തോന്ന്യാസ ചമ്മന്തി

ഉച്ചയൂണിന്, അല്ലെങ്കില്‍ ഉച്ചക്കഞ്ഞിക്കുള്ള ഒരു സൂപ്പര്‍ ഐറ്റമാണ് ഞാന്‍ ആദ്യമായി നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്, ഇതിനുള്ള വേദി ഒരുക്കിത്തന്ന കുറുമാന്‍ ചേട്ടനോടും,കുട്ടന്മേനോന്‍ ചേട്ടനോടുമുള്ള നന്ദി ആദ്യം തന്നെ പ്രകാശിപ്പിച്ചുകൊള്ളട്ടെ....

ഉച്ചയൂണിന് വെറൈറ്റി ഐറ്റംസ് ആവശ്യമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക ഇത്,നിങ്ങള്‍ക്കുള്ളതാണ്...നിങ്ങള്‍ക്ക് മാത്രമുള്ളതാണ്.....

ഏതാനും സ്റ്റെപ്പുകളിലൂടെ ഈ സാധനം ഇതാ നിങ്ങളുടെ ഊണ്‍‌മേശയിലേക്ക്

1) ഒരു പരന്ന ചെറിയ പാത്രം എടുക്കുക

2)കുരു കളഞ്ഞ വാളന്‍ പുളി ആ പാത്രത്തില്‍ എടുക്കുക

3)ഒരു ടീസ്പൂണ്‍ മുളകുപൊടി അതേ പാത്രത്തിന്റെ വേറൊരു വശത്തെടുക്കുക

4)ഒരു നുള്ള് ഉപ്പ് അതേ പാത്രത്തില്‍ത്തന്നെ എടുക്കുക

5) അല്പം വെളിച്ചെണ്ണ ചേര്‍ത്ത് ഈ സാധനങ്ങളെല്ലാം വൃത്തിയായി കഴുകിയ നിങ്ങളുടെ കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക

ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ രുചികരമായ തോന്ന്യാസ ചമ്മന്തി തയ്യാറായിരിക്കുന്നു. ഈ ചമ്മന്തി കൂട്ടി ഊണ് കഴിച്ച ശേഷം നിങ്ങള്‍ ഇങ്ങനെ പറയും

തോന്ന്യാസി നല്ലവന്‍ അവന് ചമ്മന്തിയുണ്ടാക്കാനും അറിയാം