Showing posts with label easy. Show all posts
Showing posts with label easy. Show all posts

Thursday, February 14, 2008

പച്ചമാങ്ങാ...പച്ചമാങ്ങാ...

ഞാന്‍ പച്ചമാങ്ങാകൊണ്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. തല്‍ക്കാലം നിങ്ങളെയൊക്കെ ഒന്നു കൊതിപ്പിക്കുക... അത്ര തന്നെ... ഒഴിവുകാലത്ത് നാട്ടില്‍ പോകുമ്പോള്‍ മാവിന്മേലോ, പേരയിലോ അതുമല്ലെങ്കില്‍ പ്ലാവിലോ ഒക്കെ ഒന്നു കയറുക...ജീവിതയാത്രയില്‍ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടുപോയ ആ ബാല്യവും, കൌമാരവും ഒരിക്കല്‍കൂടി അനുഭവിച്ചറിയുക.

മമ്മിയൂര്‍ കോണ്‍ വെന്റ് സ്കൂളില്‍ പഠിക്കുന്ന കാലത്ത്, മാങ്ങാ സീസണില്‍ നല്ല പച്ചമാങ്ങ ക്ലാസ്സിലേക്ക് കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു. ഉച്ചക്ക് കൂട്ടുകാരെല്ലാവരും കൂടി മാങ്ങ ഭിത്തിയിലോ, ക്ലാസ് മുറിയിലെ തറയിലോ എറിഞ്ഞു പൊട്ടിക്കും. അല്ലെങ്കില്‍ തൂവാലയുടെ (ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോള്‍ തൂവാല വിരിച്ച് അതില്‍ ചോറ്റുപാത്രം വെച്ച് കഴിക്കണമെന്നു നിര്‍ബന്ധമായിരുന്നതിനാല്‍, തുവാലക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല.) നടുവില്‍ വെച്ച് നാലു അറ്റവും കൂട്ടിപ്പിടിച്ച് ചുമരില്‍ നാലഞ്ച് അടിയാണ്. പിന്നെ തൂവാല തുറന്നു ഓരോ കഷ്ണങ്ങളെടുത്ത് ഉപ്പ് കൂട്ടിത്തിന്നും, ചിലപ്പോള്‍ കൂടെ മുളക് പൊടിയും...

കോണ്‍ വെന്റില്‍ തന്നെ ഇടക്ക് പുറത്തിരുത്തി ക്ലാസ് എടുക്കുന്ന പതിവുണ്ടായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അതു വല്ല്യ കാര്യമായിരുന്നു. കൂടുതലും തൊട്ടടുത്ത മഠത്തിലെ (സിസ്റ്റേര്‍സ് താമസിക്കുന്ന സ്ഥലം) മാവിന്‍ ചുവട്ടിലോ മറ്റോ ആയിരിക്കും ഇതു. പഠനത്തിനിടയില്‍ മാങ്ങാ, ഇരുമ്പാന്‍ പുളി എന്നിവയുടെ സപ്ലൈയും നടക്കാറുണ്ടായിരുന്നു. (ആഗ്നേയാ... നീ ഇതെല്ലാം ഓര്‍ക്കുന്നുണ്ടോ?)

ഈ എറിഞ്ഞ് പൊട്ടിച്ച മാങ്ങായില്‍ അല്പം ഉപ്പും, മുളക് പൊടിയും തൂവി, അമ്മിക്കല്ലു കൊണ്ടോ മറ്റോ ഒന്നു ചതച്ചാല്‍ ബഹുകേമമായി. അതില്‍ അല്പം വെലിച്ചെണ്ണ പുരട്ടിയാല്‍, അതിലേറെ വിശേഷം. കഞ്ഞിയുടെ കൂടെ പറ്റിയ സാധനം. അലെങ്കില്‍ കത്തി കൊണ്ട് ചെറുതാക്കി അരിഞ്ഞ് അതിലേക്ക് ഉപ്പ്, മുളക് പൊടി (ഉണക്കമുളകായാലും മതി), വെളിച്ചെണ്ണ എന്നിവ പാകത്തിന് ചേര്‍ത്തും അച്ചാറ് പോലെ കഴിക്കാം.

ഇതുപോലെ മാങ്ങാ ഉപ്പിലിട്ടതും എന്റെ വീക്നെസ് ആണ്. മാങ്ങായുടെ കൂടെ ചെറുനാരങ്ങ, കാരറ്റ്, പച്ചമുളക് ..... എന്നിവയും ചേര്‍ക്കാം. ഇതില്‍ അല്പം വിനാഗിരിയും ചേര്‍ക്കുന്നവരും ഉണ്ട്. പഠിക്കുന്ന കാലത്ത് ഉപ്പിലിട്ട മാങ്ങാ കഷ്ണത്തിന് പത്തു പൈസയെങ്ങാണ്ടായിരുന്നു. ഇന്നത് രണ്ടോ അതില്‍ കൂടുതലോ ആയി. ഇന്നും നാട്ടില്‍ പോകുമ്പോള്‍ ഇതൊക്കെ ട്രൈ ചെയ്യും. ചാവക്കാട് ഈ വക ഐറ്റംസ് എപ്പോഴും കിട്ടാറുണ്ട്. കൈതച്ചക്ക (പൈനപ്പിള്‍) ഇതുപോലെ ഉപ്പിലിട്ടതും റാസ് ലിയുടെ (എന്റെ നല്ലപാതി) വീട്ടില്‍ പോകുന്ന വഴി തട്ടാറുണ്ട്.

അതുപോലെ മാങ്ങാ ഉണക്കിയത്, മാങ്ങാ അച്ചാര്‍, മാമ്പഴപ്പുളിശ്ശേരി... അങ്ങിനെ എന്തെല്ലാം! മാങ്ങ എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് കുട്ടിക്കാലമാണ് ഓര്‍മ്മ വരിക.. അല്ലേ?

Monday, February 11, 2008

ഉള്ളിയും പച്ചമുളകും കൂടി ഞെരടിയത്

പെട്ടെന്നുണ്ടാക്കാവുന്ന ഒരു തരം ചമ്മന്തി. നന്നായി വിശക്കുമ്പോള്‍ നല്ല്ല ചുടു ചോറിന്റെയും തൈരിന്റെയും കൂടെ കഴിക്കാവുന്നത്. പണ്ട് സ്കൂളില്‍ നിന്ന് വന്നാലും, നാട്ടിലുള്ളപ്പോള്‍ ജോലി കഴിഞ്ഞ് വന്നാലും ഇതും കൂട്ടിയായിരുന്നു ചോറുണ്ടിരുന്നത്.

കത്തി, ടിസ്പൂണ്‍ എല്ലാം ആദ്യമേ തന്നെ ദൂരേക്ക് മാറ്റിവെക്കുക. ഈ വക ഐറ്റംസ് ഉപയോഗിച്ചാല്‍ ഇതിന്റെ ടേസ്റ്റ് പോകും.

സാധനങ്ങള്‍

1) വാടാത്ത ചെറിയ ഉള്ളി - 20 എണ്ണം
2) അധികം എരിവില്ലാത്ത പച്ചമുളക് (തൊടിയില്‍ ഉണ്ടായത്, അല്ലെങ്കില്‍ നല്ല ഫ്രഷ് ആയത്) - 5 എണ്ണം
3) കറിവേപ്പില ഫ്രഷ് ആയത് - നാലോ അഞ്ചോ ഇലകള്‍
4) വെളിച്ചെണ്ണ - 1 ടിസ്പൂണ്‍ (ആവശ്യം പോലെ ഉപയോഗിക്കാം)
5) ഉപ്പ് - പാകത്തിന്

ഉണ്ടാക്കുന്ന വിധം

ചെറിയ ഒരു പാത്രത്തില്‍ വെച്ച് ഉള്ളിയും, പച്ചമുളകും കൂടി കൈ കൊണ്ട് നന്നായി ചതക്കുക. ചതക്കല്‍ കൂടി ജ്യൂസ് പരുവം ആവരുത്. അതിലേക്ക് കറിവേപ്പില കൈ കൊണ്ട് പീസ് പീസായി മുറിച്ചിടുക. അതിനു ശേഷം ഉപ്പും, വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കുക. ചൂട് ചോറിന്റെ കൂടെ തൈരും കൂട്ടി കഴിക്കുക.

നന്നായാല്‍ എനിക്കൊരു റ്റാങ്ക്യൂ‍ പറയുക. ഇല്ലേല്‍ സ്വയം റ്റാങ്ക്യൂ പറഞ്ഞാല്‍ മതി.

Wednesday, December 19, 2007

രാജ്മ മലയാളി

ചേരുവകള്‍

രാജ്മ (കിഡ്നി ബീന്‍സ്) - ഒരു കപ്പ് (4-5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
*2 വലിയ ഉള്ളി ചെറുതായി അരിഞ്ഞത്
*പച്ചമുളക് 4 എണ്ണം
*ഇഞ്ചി നുറുക്കിയത് ഒരു റ്റീസ്പൂണ്‍
*വെളുത്തുള്ളി 10 അല്ലി
*കറിവേപ്പില 2 തണ്ട്
തക്കാളിക്ക 2 എണ്ണം
ഗരം മസാല അര റ്റീസ്പൂണ്‍
ഒരു വലിയ തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
വെളിച്ചെണ്ണ 3 റ്റീസ്പൂണ്‍




രാജ്മ പ്രഷര്‍കുക്കറിലിട്ട് നല്ലോണ്ണം വേവിച്ചെടുക്കുക
* ഇട്ടതെല്ലാം വെളിച്ചെണ്ണയില്‍ മൂപ്പിക്കുക, സ്വര്‍ണ്ണ നിറമാകുമ്പോള്‍ ഗരം മസാലപ്പൊടി ചേര്‍ത്ത് കരിയും മുന്‍പ് വേവിച്ചു വച്ച രാജ്മയും രണ്ടാം പാലും ചേര്‍ക്കാം. കുറുകി വരുമ്പോഴേക്കും തക്കാളിക്ക ചേര്‍ത്ത് വേവിക്കാം. പത്ത് മിനുറ്റ് കഴിഞ്ഞ് തന്‍പാലൊഴിച്ച് എടുക്കാം.
(ഉപ്പിടാന്‍ മറക്കല്ലേ!)

വെള്ളേപ്പത്തിന് നല്ല കൂട്ട്.