Friday, October 15, 2010

വേപ്പില ചിക്കൻ (a socio political recipe)

'കറിവേപ്പില പോലെ' എന്ന ആ പ്രയോഗം കേട്ടിരിക്കുമല്ലോ. ഉപയോഗം കഴിഞ്ഞ്‌ വലിച്ചെറിയപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചാണല്ലോ അത്‌. അങ്ങിനെ നിരന്തരം ഉപയോഗിക്കപ്പെടുകയും ശേഷം ഉപേക്ഷിക്കപ്പെടുകയും, നമ്മുടെ കറികളിൽ പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ആ കറിവേപ്പിലയെ പ്രഥമസ്ഥാനത്തേയ്ക്ക്‌ മാറ്റി പ്രതിഷ്ഠിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്‌. ഇവിടെ കറിവേപ്പിലയാണ്‌ മുഖ്യ താരം. ചിക്കൻ അകമ്പടി സേവിച്ചുകൊണ്ട്‌ പിന്നിൽ മാത്രം.

ഉണ്ടാക്കാൻ വളരെ എളുപ്പമാണ്‌. ഒരുപാട്‌ ചേരുവകളോ സങ്കീർണ്ണമായ പാചക രീതികളോ ഇല്ല. രുചിയാണെങ്കിൽ അതി ഗംഭീരം. അതുകൊണ്ടൂതന്നെ ഇങ്ങിനെയൊരു വിഭവം ആവിഷ്കരിച്ചെടുത്തതിനുശേഷം കഴിഞ്ഞ രണ്ടൂമൂന്നു കൊല്ലത്തെ എന്റെ വിരുന്നുകളിൽ Super Hit എപ്പോഴും വേപ്പില ചിക്കൻ തന്നെ.


ചേരുവകൾ:

വേപ്പില : 25-30 കതിർ

ചിക്കൻ : 1 കിലോ, ചെറിയ കഷണങ്ങളാക്കിയത്‌

കുരുമുളകു പൊടി : 4-5 table spoon (Fresh ആയി പൊടിച്ചത്‌)

വെളിച്ചെണ്ണ : 100 മില്ലി

മഞ്ഞൾ : ഒരു നുള്ള്‌

ഉപ്പ്‌ : പാകത്തിന്‌



തയ്യാറാക്കുന്ന വിധം:

ഇടത്തരം മൂപ്പുള്ള വേപ്പിലയാണ്‌ ഉത്തമം. തളിർ വേപ്പിലയ്ക്ക്‌ flavour കുറഞ്ഞിരിക്കും. കടകളിൽ നിന്നും വാങ്ങിക്കുന്ന വേപ്പിലയാണെങ്കിൽ 10-15 മിനിറ്റു നേരം ഉപ്പുവെള്ളത്തിലിട്ടു വെച്ചശേഷം കഴുകിയെടുക്കുക (വല്ല കീടനാശിനിയുമുണ്ടെങ്കിൽ പൊയ്ക്കോളും).

ചെറിയ കഷണങ്ങളാക്കിയ ചിക്കൻ കഴുകി വൃത്തിയാക്കി അതിൽ 2 table spoon കുരുമുളകു പൊടിയും ഉപ്പും ഒരു നുള്ള്‌ മഞ്ഞളും ചേർത്ത്‌ 30 മിനിറ്റോളം marinate ചെയ്യുക.

ഒരു non-stick പാനിലോ ചീനചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച്‌ നല്ല ചൂടാവുമ്പോൾ ചിക്കൻ അതിലേയ്ക്ക്‌ ഇട്ട്‌ ഇളക്കുക. ഏകദേശം പകുതിയോളം വേപ്പിലയും ബാക്കിയുള്ള കുരുമുളകു പൊടിയും (3 table spoon) ചേർത്ത്‌ ഇളക്കിയതിനുശേഷം മൂടിവെക്കുക. ഇടക്കിടക്ക്‌ മൂടി തുറന്ന് ഇളക്കുക. ചിക്കനിൽ നിന്നുമുള്ള വെള്ളം പൂർണ്ണമായും വറ്റിക്കഴിയുമ്പോൾ ബാക്കിയുള്ള വേപ്പിലയും കൂടെ ഇട്ട്‌ അടിയിൽ പിടിക്കാതെ ഇളക്കുക. വേപ്പില നല്ല crisp ആവുമ്പോൾ ഇറക്കി ചൂടോടെ കഴിക്കാം. വേപ്പില കൂടി തിന്നാൻ മറക്കരുതേ!

വേപ്പിലയുടെ flavour ചേർന്ന് ചിക്കന്റെ പതിവുരുചിയിൽ നിന്നും വളരെ വ്യതസ്തമാണ്‌ ഇതിന്റെ രുചി. ഭക്ഷണത്തിനൊപ്പമോ drinksന്റെ കൂടെ snacks ആയോ അത്യുത്തമം.

'വേപ്പില ചിക്കൻ' ആരെങ്കിലും മുമ്പ്‌ ഉണ്ടാക്കിയിട്ടുള്ളതായി അറിയില്ല. വേപ്പിലയുടെ flavour നോടും രുചിയോടും ഉള്ള പ്രത്യേക ഇഷ്ടം കൊണ്ട്‌ മനസ്സിൽ തോന്നിയ ഒരു ആശയം പരീക്ഷിച്ചുനോക്കിയതാണ്‌. പരീക്ഷണം എന്റെ കൂട്ടുകാര്ർക്കും ബന്ധുക്കൾക്കുമെല്ലാം ഇഷ്ടപ്പെട്ടു. നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുമല്ലോ.