Wednesday, December 19, 2007

രാജ്മ മലയാളി

ചേരുവകള്‍

രാജ്മ (കിഡ്നി ബീന്‍സ്) - ഒരു കപ്പ് (4-5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
*2 വലിയ ഉള്ളി ചെറുതായി അരിഞ്ഞത്
*പച്ചമുളക് 4 എണ്ണം
*ഇഞ്ചി നുറുക്കിയത് ഒരു റ്റീസ്പൂണ്‍
*വെളുത്തുള്ളി 10 അല്ലി
*കറിവേപ്പില 2 തണ്ട്
തക്കാളിക്ക 2 എണ്ണം
ഗരം മസാല അര റ്റീസ്പൂണ്‍
ഒരു വലിയ തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
വെളിച്ചെണ്ണ 3 റ്റീസ്പൂണ്‍




രാജ്മ പ്രഷര്‍കുക്കറിലിട്ട് നല്ലോണ്ണം വേവിച്ചെടുക്കുക
* ഇട്ടതെല്ലാം വെളിച്ചെണ്ണയില്‍ മൂപ്പിക്കുക, സ്വര്‍ണ്ണ നിറമാകുമ്പോള്‍ ഗരം മസാലപ്പൊടി ചേര്‍ത്ത് കരിയും മുന്‍പ് വേവിച്ചു വച്ച രാജ്മയും രണ്ടാം പാലും ചേര്‍ക്കാം. കുറുകി വരുമ്പോഴേക്കും തക്കാളിക്ക ചേര്‍ത്ത് വേവിക്കാം. പത്ത് മിനുറ്റ് കഴിഞ്ഞ് തന്‍പാലൊഴിച്ച് എടുക്കാം.
(ഉപ്പിടാന്‍ മറക്കല്ലേ!)

വെള്ളേപ്പത്തിന് നല്ല കൂട്ട്.



Monday, December 10, 2007

ആള്‍ട്ടര്‍നേറ്റീവ് ഭക്ഷണം

ബഹുമാനപ്പെട്ട ഭക്ഷ്യ മന്ത്രിക്ക്‌ സമര്‍പ്പണം.

നമ്മുടെ ഭക്ഷ്യ മന്ത്രി നിര്‍ദ്ദേശിച്ചതു പോലെ ചിലെ ആള്‍ട്ടര്‍നേറ്റീവ്‌ ഭക്ഷണങ്ങളുടെ ഗുണങ്ങള്‍.

(എല്ലാ സൂക്തങ്ങളും അഷ്ടാംഗഹൃദയത്തില്‍ നിന്ന്)

പോക്കാച്ചി തവള

പോക്കാച്ചി കഫകൃദ്ബല്യം പിത്തമേറെ വരുത്തിടാ.
പോക്കാച്ചിയെ പൊരിച്ചടിച്ചാല്‍ ശരീരത്തിന്‌ നന്ന്.

മാംസ്യം ധാരാളം, വൈറ്റ്‌ മീറ്റ്‌. കൊണ്ടാട്ടം പോലിരിക്കും, ടച്ചിങ്ങിന്‌ ഇഷ്ടന്‍ കഴിഞ്ഞേയുള്ളു ബാക്കിയെല്ലാം.

മുള്ളന്‍ പന്നി

പുളിപ്പു മധുരം മുള്ളന്‍ പാകത്തിലെരിവായിടും
വാതം പിത്തം കഫം പോക്കും ശ്വാസം കാസം ശമിച്ചിടും

പുളിച്ച കള്ളോ, മധുരക്കള്ളോ നല്ല പാകത്തില്‍ എരുവിട്ടുവച്ച മുള്ളന്‍പന്നി ചേര്‍ത്ത്‌ കഴിച്ചാല്‍ മേല്‍ പറഞ്ഞ അസുഖങ്ങള്‍ ശമിക്കുമെന്ന്.. പിന്നെ വയറും നിറയും.

പാമ്പ്‌

അര്‍ശസ്സു വാതദോഷങ്ങള്‍ കൃമിദൂഷീ വിഷം കെടും
മേധാഗ്നികൃത്‌ സ്വാദുപാകം സര്‍പ്പം കണ്ണിനു പഥുമാം
മൂര്‍ഖന്മാര്‍, വരയുള്ളോരും കടുപാകികളായ്‌വരും
കണ്ണിനേറ്റം ഹിതം, സ്വാദു, വായൂമൂത്രമലങ്ങള്‍ പോം.

പാമ്പിനെ നന്നായി കറിവച്ചാല്‍ അത്‌ മീങ്കറി പോലെ തന്നെ കാഴ്ചയില്‍, കണ്ണിന്‌ വളരെ ഗുണം ചെയ്യുന്ന ഒന്നാകയാല്‍ വ്യാജനടിക്കുന്നവര്‍ പാമ്പ്‌ കൂട്ടിയടിച്ചാല്‍ കണ്ണിന്‌ പ്രശ്നമുണ്ടാകില്ല. നാവിന്റെ രുചി വര്‍ദ്ധിക്കുന്നു, വായൂദോഷം തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുറയുന്നു.

എലി

സ്നിഗ്ദ്ധം ബലപ്രദം ശുക്ലമേറ്റിടും മധുരം ലഘു

കൂടുതല്‍ വിവരണത്തിന്റെ ആവശ്യമില്ലല്ലോ?

പൂച്ച

പൂച്ചമാംസം സ്വാദു, കഫവാതഘ്നം, സ്നിഗ്ദ്ധമുഷ്ണമാം
ശ്വാസം കടപ്പ്‌ ചുമ പോം ഗുണം കീരിയോടൊത്തിടും
കീരി

കീരിമാംസം സ്നിഗ്ദ്ധമാകും തടിശക്തികളേറ്റിടും

കുരങ്ങ്‌

കുരങ്ങിനു ചവര്‍പ്പേറെ വൃഷ്യം തടി ബലം വരും
പോം പാണ്ഡു കൃമി, വന്നീടും വിണ്മൂത്രത്തടവും കഫം
പോമാമവാതം കഫവും കഫവും ശ്വാസം മേദസ്സു വാതവും.
മാംസത്തിന്‌ ചെറിയ ചവര്‍പ്പും, വൃക്കരോഗങ്ങളുള്ളവര്‍ക്ക്‌ നിഷിദ്ധവും എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം കൊണ്ടും നല്ലത്‌.

അപ്പൊ, രണ്ട് കുരങ്ങ് മസാലയും ഒരു പാമ്പ് പൊരിച്ചതും എടുക്കാം അല്ലേ?