Friday, December 19, 2008

☆ക്രിസ്‌മസ്സ് ഫ്രൂട്ട് കേയ്ക്ക് ☆

ക്രിസ്‌മസ്സ് ഫ്രൂട്ട് കേയ്ക്ക്
1. ബട്ടര്‍ 500 ഗ്രാം
2 . പഞ്ചസാര 500 ഗ്രാം
3. മൈദ 500ഗ്രാം
4. ബേക്കിങ്ങ് പൌഡര്‍ 25 ഗ്രാം
5, കുരുവില്ലാത്ത കറുത്ത ഉണക്ക മുന്തിരി 500 ഗ്രാം
6. കുരു നീക്കിയ ഈന്തപ്പഴം 500 ഗ്രാം
7, ഓറഞ്ച് തൊലി 50 ഗ്രാം
8. ജാതിക്കായ് 2 ഗ്രാം
9. ഗ്രാമ്പ് 8
10. ഏലക്കയ് 8
11 വാനിലാ എസ്സന്‍സ് 2 റ്റീസ്‌പൂണ്‍
12 പഞ്ചസാരാ കരിച്ചത് 100ഗ്രാം
13 വെള്ളം 1 കപ്പ്
14 വൈന്‍ 250 മില്ലി
15. മുട്ട ..8 ..[ തൂക്കം എടുക്കാം 500ഗ്രാം
]

☆☆☆☆☆☆പാചക രീതി ☆☆☆☆☆☆

1) മുന്തിരി ഈന്തപ്പഴം ഇവ വെവ്വേറെ വൈനില്‍ കുതിര്‍ക്കുക.[2ദിവസം]
2) പഞ്ചസാരാ കരിച്ച് അതില്‍ വെള്ളം ചേര്‍ത്ത് തണുപ്പിക്കുക.[ക്യാരമല്‍]
3) പഞ്ചസാരാ 500ഗ്രാം പൊടിക്കുക
4) മൈദയും ബേക്കിങ്ങ് പൌഡറും ചേര്‍ത്ത് അരിപ്പയില്‍ മൂന്ന് തവണ അരിച്ച് യോജിപ്പിക്കുക.
5) ബട്ടറും പൊടിച്ച പഞ്ചസാരയും നന്നായി യോജിപ്പിക്കുക പതഞ്ഞ് പൊങ്ങും വരെ

ചെറിയ സ്പീടില്‍ ഇലക്‍ട്രിക് ബീറ്ററില്‍ അടിക്കാം
6) മുട്ട വെള്ളയും മഞ്ഞകരുവും വേറേ ആക്കി അടിക്കുക , മുട്ടയുടെ വെള്ള പതഞ്ഞു വരും.
ആദ്യം മുട്ടയുടെ മഞ്ഞയും, പിന്നെ വെള്ളയും പഞ്ചസാരമിശ്രിതത്തില്‍ പതിയെ യോജിപ്പിക്കുക
7) ഇതില്‍ ഗ്രാമ്പു , ഏലക്കയ്, ജാതിക്കായ് പൊടിയും, മൈദ, ബേക്കിങ്ങ് പൌഡറും യോജിപ്പിച്ചതും കുറെശ്ശേ ആയി ചേര്‍ക്കുക , വാനില എസ്സന്‍സ്, ക്യാരമല്‍ മിശ്രിതവും യോജിപ്പിക്കുക.
8) കുതിര്‍ത്തു വച്ച പഴങ്ങള്‍ വൈന്‍ ഇല്ലാ‍തെ അരിച്ചെടുത്ത്
അല്പം മൈദയില്‍ തട്ടിയെടുക്കുക

[ ഇങ്ങനെ ചെയ്താല്‍ ബെയ്ക്ക് ചെയ്യുമ്പോല്‍ ഫ്രൂട്ട്സ് താഴ്ന്ന് പോകില്ല]
8) ട്രേകള്‍ ബട്ടറ് പുരട്ടി മൈദ ഒരു ചെറിയസ്പൂണ്‍ ഇട്ട് തട്ടി എടുക്കുക.
9) തയാറാക്കിയ മിശ്രിതം ട്രേയിലേക്ക് പതിയെ ഒഴിക്കുക
ചൂടാക്കിയിട്ടിരിക്കുന്ന ഒവനില്‍ വച്ച് ബെയ്ക്ക് ചെയ്യുക.
10) ഒവനില്‍ നിന്ന് പുറത്തെടുത്ത ശേഷം പഴങ്ങല്‍ കുതിര്‍ത്ത വൈന്‍ കെയ്ക്കിന്റെ മീതെ പുരട്ടുക
നന്നായി തണുത്ത ശേഷം മുറിച്ച് അടപ്പുള്ള പാത്രത്തില്‍ സൂക്ഷിക്കുക

heat:- 150 degree C [350 degree F]
Time :- 1 hour 20 minutes

Monday, August 18, 2008

♥ ചെമ്മീന്‍ അച്ചാറ് ♥


ചെമ്മീന്‍ അച്ചാറ്
1.ചെമ്മീന്‍------------500ഗ്രാം (വൃത്തിയാക്കിയത്)

(ബാക്കി എല്ലാം നിങ്ങളുടെ രുചി അനുസരിച്ച് ..
ഞാന്‍ ഇത്തിരി എരുവ് കൂട്ടിയാ ഉണ്ടാക്കിയതു)

2.പച്ചമുളക്‍‌-----5എണ്ണം
ഇഞ്ചി ഒരു ചെറിയാ തുണ്ട്
വെളുത്തുള്ളി .....4 അല്ലി
3. മുളകുപൊടി ..... 2 റ്റെബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി ....1/2 റ്റീസ്പൂണ്‍
ഉലുവാപ്പോടി ....1/2 റ്റീസ്പൂണ്‍

പാകം ചെയ്യുന്നവിധം

1.വൃത്തി ആക്കിയാ ചെമ്മിന്‍ ഉപ്പും സ്വല്‍പ്പം വിനാഗിയും
ചേര്‍ത്ത് ചെറുതീയില്‍ വെള്ളം വറ്റിച്ചു വേകിച്ചു എടുക്കുക.
2.പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളീ, ഇവ പൊടിയായി അരിയുക.
3.മുളകുപൊടി , മഞ്ഞള്‍ പൊടി, ഉലുവാപ്പൊടി,
ഇവ സ്വല്‍പ്പം വിനാഗിരിയില്‍ കുതിര്‍ത്തുവയ്ക്കുക,

4. 3 റ്റീസ്പൂണ്‍ എണ്ണാ ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ അടുപ്പില്‍ വച്ചു ചൂടാക്കുക
അതില്‍ 2-അം ചേരുവകള്‍ഇട്ട് നന്നയി വഴറ്റുക,
അതിലേക്ക് കുതിര്‍ത്തു വച്ചിരിക്കുന്നാ മിശ്രിതം ചേര്‍ത്തു ചെറുതീയില്‍ മൂപ്പിക്കുക.
പിന്നിട് വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കുക.
നന്നായി ഇളക്കി വിനാഗിരിയും ഉപ്പും പാകത്തിനാക്കി ഇറക്കുക .

(ഒരു നുള്ളു പഞ്ചാര ചേര്‍ത്തോളു) എന്നിട്ട് എന്നെ മനസ്സില്‍ ഓര്‍ത്തിട്ട് തട്ടിക്കൊ.

Sunday, August 17, 2008

♥ ഒരു നാടന്‍ കോഴിക്കറീ♥




ഒരു നാടന്‍ കോഴിക്കറീ
1) കോഴി തൊലി നീക്കി ചെറിയ തുണ്ടാക്കുക ....[1 കിലൊ]
അതില്‍ രണ്ടു വലിയ സ്പൂണ്‍ തൈരും
അരസ്പൂണ്‍ കുരുമുളക് പൊടി
കാല്‍‌സ്‌പൂണ്‍ മഞ്ഞള്‍‌ പൊടി
മസല: കാല്‍ സ്‌പൂണ്‍
{ പെരും ജീരകം കറുവ ഏലക്കായ് ഗ്രാമ്പൂ പൊടിച്ചത്}
ഉപ്പ് ഇവ പുരട്ടി വയ്ക്കുക

2) സവോള ..1
വെളുത്തുള്ളി..3 അല്ലി
ഇഞ്ചി .. ഒരു ചെറിയ തുണ്ട്

3) മുളകു പൊടി ഒരു ചെറിയസ്‌പൂണ്‍
മല്ലിപോടി 2 ചെറിയ സ്‌പൂണ്‍

4) എണ്ണാ ഒരു വലിയ സ്പൂണ്‍

5) ഒന്നര കപ്പ് വെള്ളം
കറിവെപ്പിലഒരു കതിര്‍പ്പ്

പാചകം ചെയ്യും വിധം

ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ് ചൂടാവുമ്പോള്‍
രണ്ടാമത്തെ ചേരുവ ഇട്ട് വഴറ്റുക തീയ് കുറയ്ക്കുക
അതില്‍ മുളകുപോടിയും മല്ലിപൊടിയും ഇളക്കുകാ
ചെറുതായി മൂക്കുമ്പോള്‍ ഇറക്കുക മിക്സിയില്‍ ഇട്ട്
ഒരു കപ്പ് വെള്ളം ചേര്‍ത്ത് നന്നായി അരയ്ക്കുക

ഇനി ഈ അരപ്പും കോഴികഷ്ണത്തില്‍ ചേര്‍ത്ത്
ബാക്കി വെള്ളവും ഒഴിച്ചു അടുപ്പില്‍ വച്ചു തിളച്ചു
കഴിഞ്ഞാല്‍ അടച്ചു ചെറുതീയില്‍ വേകിക്കുക
ഇറക്കും മുന്നെ കാല്‍ റ്റീസ്പൂണ്‍ പൊടിച്ച മസാലകൂട്ടും കറിവേപ്പിലയും ഇടുക
"ഒരു അരസ്പൂണ്‍ പഞ്ചസാരയും!":)

Friday, June 20, 2008

♥ ചിക്കന്‍ മാണിക്യം സ്പെഷ്യല്‍ ♥

ഒരു ചിക്കന്‍ കറി, എന്റെ സ്വന്തം റെസിപ്പി ആണേ ..
ചപ്പാത്തിക്കും ചോറിനും കൊള്ളാം....
പരീക്ഷണമാണൊ എന്നു ഒന്നും ചോദിക്കണ്ടാ

വച്ചു നോക്കി ഉഗ്രന്‍ സ്വാദാ!
ചിക്കന്‍ ....ഒരു കിലൊ
[കഴുകി ഇടത്തരം കഷ്ണങ്ങളായി മുറിക്കുക]
1..ഡെസിക്കേറ്റഡ് കൊക്കനട്ട് 1/2 കപ്പ്
[ അതെ ആ ഉണങ്ങി കിട്ടുന്ന തെങ്ങാപൊടി തന്നെ,
പച്ചതേങ്ങ സുലഭമല്ലാത്ത ഇടത്തു നിന്നാണേ ]
2..എള്ള് ....................ഒരു വലിയ സ്പൂണ്‍
3..മല്ലിപ്പൊടി ..............ഒരു വലിയസ്പൂണ്‍
4..മുളകുപൊടി .............ഒരു സ്പൂണ്‍ [എരിവ് വേണ്ടവര്‍ക്ക് കൂട്ടുകയും ചെയ്യാം] 5..കടുക്.............1/2 റ്റീസ്പൂണ്‍
6..[ഇറച്ചി മസാല]
{ഏലയ്ക് 2 , ഗ്രാമ്പൂ 3 , കറുവപട്ട ഒരു ഇഞ്ച് കഷണം .അരസ്പൂണ്‍ കുരുമുളകും, പെരുംജീരകം 1ചെറിയസ്പൂണ്‍}
ഒന്നുമുതല്‍ 6 വരെ യുള്ളവ വറുക്കാനുള്ളതാണ്
( ആദ്യം തേങ്ങ ,പിന്നെ എള്ള്, ഇവമൂത്ത് ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍‌ മല്ലി മുളക് ഈ ഓഡറില്‍ എല്ലാം ചേര്‍ത്ത് ചെറു തീയില്‍ വറുക്കുക)
7..ഒരു ഇഞ്ചു കഷണം ഇഞ്ചി
8...5 ചുള വെളുത്തുള്ളി
1മൂതല്‍ 8 വരെയുള്ളവ ഒന്നിച്ചാക്കി മിക്സിയില്‍ നന്നായി അരച്ചെടുക്കുക
9..ഒരു സവോള കനം കുറച്ചു അരിയുക
10 ഒരു തക്കാളി [അരിഞ്ഞു വരുമ്പൊള്‍ ഒരു കപ്പ് കാണണം]
11 കറിവേപ്പില/ മല്ലിയില

പാചക രീതി :-
2 വലിയ സ്പൂണ്‍ എണ്ണ നല്ല ചൂടാവുമ്പോള്‍ സവോള വഴറ്റുക,
ഇളം തവിട്ട് നിറം ആ‍വുമ്പോള്‍‌ ‍അരച്ച അരപ്പ് ഇടുക
അതിലേക്ക് ഒരു കപ്പ് വെള്ളംകൂടി ഒഴിക്കുക
ഉപ്പും, അരിഞ്ഞു വച്ച ഒരു കപ്പ് തക്കാളിയും ചേര്‍ത്ത് തിളപ്പിക്കുക.
നന്നയി തിളച്ച അരപ്പിലേക്ക്
മുറിച്ചു വച്ച കോഴി കഷണങ്ങള്‍ ഇടുക
അടച്ചു വച്ച് ചെറുതീയില്‍ വേവിക്കുകാ
ഇടക്ക് ഒന്നു ഇളക്കി കൊടുക്കണേ,..
അതില്‍ കറിവേപ്പില, /മല്ലിയില ചേര്‍ക്കുകാ
ചാറ് കുറുകിയ പാകത്തില്‍ ഇറക്കുക.

നല്ല ഒരു ഡാര്‍ക്ക് ബ്രൌണ്‍ നിറം ആണ് ..
കറിക്ക് നല്ല സ്വാദും!!ങ്ഹും സത്യം!!

Wednesday, June 04, 2008

♥ മത്സ്യം മാണിക്യം സ്പെഷ്യല്‍‌ ♥


മത്സ്യം മാണിക്യം സ്പെഷ്യല്‍‌
ചേരുവകകള്‍
1. ദശകട്ടിയുള്ള മീന് നെയ്മീന്‍ ( ഐക്കുറ), സാല്‍മണ്‍ , പാ‍രട്ട് ഫിഷ്, ആവോലി)ഏതു വേണമെങ്കില് ആവാം..1 കിലൊ
മഞ്ഞല്‍ കുരുമുളക് ഉപ്പ് വിനാഗിരി ഇവ ഒരു മണിക്കൂര്‍‌ പുരട്ടി വയ്ക്കുക
1. ഉപ്പ്
1. വിനാഗിരി (ഒരു ചെറിയ സ്പൂണ്‍)
1. കുരുമുളക്
1. മഞ്ഞള്‍പൊടി.............
2. പചമുളക് 6

2. ഇഞ്ചി ചെറുതായി അരിഞ്ഞു ഒരു ടെബിള്‍ സ്പൂണ്‍
2. സവോള്‍ 2 വലുത് ഘനം കുറച്ചു അരിയുക
2. വെളുത്തുള്ളി ചെറുതായി അരിഞ്ഞു ഒരു ടെബിള്‍ സ്പൂണ്‍

3.. ക്യാരട്ട് 250 ഗ്രാം (വട്ടത്തില്‍ അരിഞ്ഞ് ക്യാരട്ട് ഒരു കപ്പ് വെള്ളത്തില് ‍വേവിക്കുക )

4. തക്കാളി 1 വലുത് ഘനം കുറച്ചു അരിയുക
4. ഏലക്ക 3 എണ്ണം ചതക്കുക
4. കറിവെപ്പില
5. തേങ്ങാപ്പാല്‍ 2 കപ്പ്
6. കൊണ്‍ഫ്ലവര്‍ ഒരു ചെറിയ സ്പൂണ്‍ കാല്‍ കപ്പ് വെള്ളത്തില്‍ കല്‍ക്കുക
7. എണ്ണ............ 2 സ്പൂണ്‍

പാചകം:-
ചുവട് കട്ടിയുള്ള പരന്ന് പാത്രത്തില്‍ എണ്ണ ഒഴിച്ച് രണ്ടാം ചെരുവകകള്‍ ഇട്ട് വഴറ്റുക തീ കുറച്ചീട്ട് അതില്‍ മഞ്ഞള്‍ കുരുമുളക് ഉപ്പ് വിനാഗിരി ഇവ ഒരു മണിക്കൂര്‍‌ പുരട്ടി വച്ച മീന്‍ കഷണങ്ങള്‍ ഇടുക ചെറുതീയില്‍ അടചു വയ്ക്കുക 3 മിനിട്ടിന് ശേഷം മീന്‍ കഷണങ്ങള്‍ തിരിച്ചിടുക മൂന്നാമത്തെ ചെരുവ : ‍വേവിച്ച് ക്യാരട്ട് വെള്ളത്തോടെ ചേര്‍ക്കുക പുറകെ തക്കാളി, കറിവേപ്പില ചതച്ച ഏലക്ക ഇവയിട്ടതിനു ശേഷം പകുതി തേങ്ങപാല്‍ ചേര്‍ത്തു കലക്കി വച്ച കോന്‍ഫ്ലവറ് ചെര്‍ത്ത് തീളക്കുമ്പൊള്‍ ബാക്കി പാലും ചേര്‍ത്ത് തീ കുറച്ച് 2 മിനിട്ട് വച്ച് ഇറക്കുക ..
കുബ്ബുസ്, ചൊറ്, ബട്ടൂരാ, പാലപ്പം ഇതിന്റെ എല്ലാം കൂടെ നല്ലതാണ്


♥ ഒരു മീന്‍‌കറിയുടെ ഓര്‍മ്മയ്ക്ക്........ ♥ ..

Wednesday, April 30, 2008

പരിപ്പുവട

രിപ്പുവടയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭാസ്കരേട്ടനെയാണ് ഓര്‍മ്മവരിക. കുറച്ചുകാലം പാരലല്‍ കോളജില്‍ ക്ലാസെടുക്കാനുള്ള ഭാഗ്യമുണ്ടായിരുന്നപ്പോള്‍ കോളജിന്റെ താഴത്തെ നിലയില്‍ ഭാസ്കരേട്ടനും ലീലേച്ചിയും കൂടി നടത്തുന്ന ചായക്കടയായിരുന്നു അന്ന ദാതാവ്. ഇടവേളകള്‍ ആനന്ദപൂര്‍ണ്ണമാക്കാന്‍ ഭാസ്കരേട്ടന്റെ കട്ടന്‍ ചായയും പരിപ്പുവടയുമില്ലാതെ എന്താഘോഷം ?

ഭാസ്കരേട്ടന്‍ ഉണ്ടാക്കുന്ന പരിപ്പുവടയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്. ഒന്നു രണ്ടുതവണ ഭാസ്കരേട്ടന്റെ അടുത്ത് ചെന്ന് ഉണ്ടാക്കുന്ന വിധമൊക്കെ പഠിച്ചിരുന്നു. എങ്ങനെയൊക്കെ ഉണ്ടാക്കിയാലും ഭാസ്കരേട്ടന്‍ ഉണ്ടാക്കുന്ന പരിപ്പുവടയുടെ ആ ടേസ്റ്റ്....





ആവശ്യമുള്ള സാധനങ്ങള്‍


1.കടലപ്പരിപ്പ് - ഒരു കപ്പ്
2.സാമ്പാര്‍പരിപ്പ്(ചുവന്ന പരിപ്പ്) - അര‍ക്കപ്പ്
3.ഉണക്കമുളക് - 3 എണ്ണം
4.കുഞ്ഞുള്ളി - 15 എണ്ണം നന്നായി ചതച്ചത്
5.പച്ചമുളക് - 3 എണ്ണം (ചെറുതായി അരിഞ്ഞത്)
6.വേപ്പില – ഒരു കതിര്‍പ്പ്
7.കായപ്പൊടി - ഒരു നുള്ള്
8.ഇഞ്ചി - പൊടിയായി അരിഞ്ഞത് ( 1 ടീസ്പൂണ്‍ )
9.കടലപ്പൊടി - ഒരു ടീസ്പൂണ്‍
10.ഉപ്പ് - ആവശ്യത്തിനു
11.വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിനു
12.മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍.

പാചകം ചെയ്യേണ്ട വിധം


ഇതിനു കുറച്ച് ക്ഷമയൊക്കെ വേണം. കാലത്ത് ആറുമണിക്കാണ് നമ്മള്‍ പരിപ്പുവട ഉണ്ടാക്കുന്നതെന്ന് സങ്കല്‍പ്പിക്കുക. പുലര്‍ച്ച രണ്ടുമണിക്ക് തന്നെ എഴുന്നേറ്റ് കടലപ്പരിപ്പെടുത്ത് വെള്ളത്തിലിടുക. അവന്‍ അവിടെ കിടന്ന് വിശ്രമിക്കട്ടെ.

ഇനിയുള്ള സമയം പരിപ്പുവടെയെക്കുറിച്ച് മാത്രം ചിന്തിക്കുക. ഈ സമയം വെറുതെ ഇരിക്കണ്ട. ചുവന്നുള്ളി തൊലി കളയുകയും പച്ചമുളകും ഇഞ്ചിയും അരിയുകയും ചെയ്യാം.

കൃത്യം ആറുമണിക്ക് സാമ്പാര്‍ പരിപ്പ് എടുത്ത് വെള്ളത്തിലിട്ട് നന്നായി കഴുകുക. അല്പം മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കുക്കറിലിട്ട് നന്നായി വേവിക്കുക. കുക്കര്‍ തുറന്ന് ( വെയ്റ്റ് / വിസില്‍ മാറ്റാതെ ആക്രാന്തം കൊണ്ട് ചൂടോടെ തുറന്നാല്‍ പരിപ്പുവടയ്ക്കു പകരം പപ്പടവടയാവും ഉണ്ടാവുകയെന്നത് ഓര്‍മ്മിക്കുക) പരിപ്പിലെ വെള്ളം മുഴുവന്‍ ഊറ്റിക്കളയുക. മിക്സി തുറന്ന് അതിലേക്ക് ഈ പരിപ്പും കായപ്പൊടിയും ഉണക്കമുളകും കടലപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക.

വെള്ളത്തില്‍ വിശ്രമിച്ചുകൊണ്ടിരുന്ന കടലപ്പരിപ്പെടുത്ത് കഴുകി ഒരു തുണിയിലിട്ട് പിഴിഞ്ഞ് വെള്ളം മുഴുവന്‍ കളയുക ഇത് ഗ്രൈന്‍ഡറിലിട്ട് ചെറുതായി അരയ്ക്കുക. പോസ്റ്ററൊട്ടിക്കാനല്ല. അല്പമൊന്ന് പൊടിഞ്ഞാല്‍ മതി.

ഇവനെ എടുത്ത് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കുഴമ്പിലേക്ക് ചേര്‍ക്കുക. പച്ചമുളകും വേപ്പിലയും ഇഞ്ചിയും ചേര്‍ത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. നനവ് അധികം വേണ്ട.
ഈ മിക്സിനെ കൈയില്‍ വെച്ച് പരിപ്പുവടയുടെ പാകത്തില്‍ പരത്തുക.

വെളിച്ചെണ്ണ ചൂടാക്കി ഓരോന്നായി ഇട്ട് വറുത്തു കോരുക. വെളിച്ചെണ്ണ നന്നായി ചൂടായതിനു ശേഷം ഒരു മീഡിയം ചൂടിലാക്കിയേ വറുക്കാവൂ. അല്ലെങ്കില്‍ വടയുടെ ഉള്‍ഭാഗം വേവില്ല. ഡീപ്പ് ഫ്രൈ ആയതുകൊണ്ട് എണ്ണ നന്നായി ഒഴിക്കണം. അല്ലെങ്കില്‍ വടയില്‍ എണ്ണ കയറി കുത്തിയിരിപ്പു സത്യാഗ്രഹം നടത്തും. നോട്ട് ദി പോയിന്റ്.

പരിപ്പുവട റെഡി.

ഇത് സഖാക്കള്‍ക്കും അല്ലാത്തവര്‍ക്കും കട്ടന്‍ ചായയുടെ കൂടെയും അല്ലാതെയും സേവിക്കാവുന്നതാണ്.

Wednesday, April 02, 2008

തോന്ന്യാസ ചമ്മന്തി

ഉച്ചയൂണിന്, അല്ലെങ്കില്‍ ഉച്ചക്കഞ്ഞിക്കുള്ള ഒരു സൂപ്പര്‍ ഐറ്റമാണ് ഞാന്‍ ആദ്യമായി നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്, ഇതിനുള്ള വേദി ഒരുക്കിത്തന്ന കുറുമാന്‍ ചേട്ടനോടും,കുട്ടന്മേനോന്‍ ചേട്ടനോടുമുള്ള നന്ദി ആദ്യം തന്നെ പ്രകാശിപ്പിച്ചുകൊള്ളട്ടെ....

ഉച്ചയൂണിന് വെറൈറ്റി ഐറ്റംസ് ആവശ്യമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക ഇത്,നിങ്ങള്‍ക്കുള്ളതാണ്...നിങ്ങള്‍ക്ക് മാത്രമുള്ളതാണ്.....

ഏതാനും സ്റ്റെപ്പുകളിലൂടെ ഈ സാധനം ഇതാ നിങ്ങളുടെ ഊണ്‍‌മേശയിലേക്ക്

1) ഒരു പരന്ന ചെറിയ പാത്രം എടുക്കുക

2)കുരു കളഞ്ഞ വാളന്‍ പുളി ആ പാത്രത്തില്‍ എടുക്കുക

3)ഒരു ടീസ്പൂണ്‍ മുളകുപൊടി അതേ പാത്രത്തിന്റെ വേറൊരു വശത്തെടുക്കുക

4)ഒരു നുള്ള് ഉപ്പ് അതേ പാത്രത്തില്‍ത്തന്നെ എടുക്കുക

5) അല്പം വെളിച്ചെണ്ണ ചേര്‍ത്ത് ഈ സാധനങ്ങളെല്ലാം വൃത്തിയായി കഴുകിയ നിങ്ങളുടെ കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക

ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ രുചികരമായ തോന്ന്യാസ ചമ്മന്തി തയ്യാറായിരിക്കുന്നു. ഈ ചമ്മന്തി കൂട്ടി ഊണ് കഴിച്ച ശേഷം നിങ്ങള്‍ ഇങ്ങനെ പറയും

തോന്ന്യാസി നല്ലവന്‍ അവന് ചമ്മന്തിയുണ്ടാക്കാനും അറിയാം

Tuesday, March 25, 2008

മീന്‍ അവിയല്‍

പച്ചക്കറി കൊണ്ടുള്ള അവിയല്‍ കഴിച്ചു മതിയായവര്‍ക്കും അല്ലാത്തവര്‍ക്കും. ഞാന്‍ ഒരിക്കലേ ഈ സാധനം കഴിച്ചിട്ടുള്ളൂ.വല്ലവരുടേയും വീട്ടില്‍ നിന്നായതു കാരണം നല്ല രുചിയുണ്ടായിരുന്നു. നിങ്ങള്‍ക്കും ട്രൈ ചെയ്യാം.

വേണ്ട സാധനങ്ങള്‍
മീന്‍ - അരക്കിലോ (നല്ല മീനായിക്കോട്ടെ, കുളമായാല്‍ കാശു പോയതു തന്നെ മിച്ചം)
മല്ലി - 2 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് - 6 എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ചെറിയ ഉള്ളി - 5 എണ്ണം
വെളുത്തുള്ളി - മൂന്ന് അല്ലി
പച്ച മാങ്ങ തൊലികളഞ്ഞ് അരിഞ്ഞത് - ഒരു കപ്പ്
കറിവേപ്പില - ആ‍വശ്യത്തിന്
ജീരകം - അര ടിസ്പൂണ്‍ (നിര്‍ബന്ധമില്ല)
സവാള അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്
‍ഇഞ്ചി അരിഞ്ഞത് - അര ടിസ്പൂണ്‍
പച്ചമുളക് നെടുകെ പിളര്‍ന്നത് - മൂന്ന് എണ്ണം
തേങ്ങ ചിരകിയത് - അര കപ്പ് (മിക്സിയിലിട്ട് ഒന്ന് ഒതുക്കിയാല്‍ നല്ലത്)
വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് - നിങ്ങളുടെ ഇഷ്ടം പോലെ ആയിക്കോ

എങ്ങിനെയുണ്ടാക്കാം?
ആദ്യം ഒരു ചുവടു കട്ടിയുള്ള പാത്രമെടുത്ത് നാന്നായി കഴുകി, വെള്ളമൊക്കെ തുടച്ച് അടുപ്പില്‍ വെക്കുക. ഇനി അല്പം എണ്ണയൊഴിച്ച്, ഒന്നു ചൂടായാല്‍ മല്ലി,ഉണക്കമുളക്,മഞ്ഞള്‍പ്പൊടി,ചെറിയ ഉള്ളി,വെളുത്തുള്ളി എന്നിവ കരിഞ്ഞു പോകതെ ഒന്നു മൂപ്പിച്ചെടുക്കുക. അനന്തരം ഇവറ്റകളെ നന്നായി അരച്ചെടുക്കുക. ഈ അരപ്പില്‍ മീന്‍,പച്ച മാങ്ങ,കറിവേപ്പില,ഉപ്പ് എന്നിവയും ചേര്‍ത്ത് മീനിന് വേദനിക്കാത്ത രീതിയില്‍ നന്നായി മിക്സ് ചെയ്യുക. ശേഷം രണ്ട് കപ്പ് വെള്ളമൊഴിച്ച്, ഇടത്തരം തീയില്‍ വേവിക്കുക. അടുപ്പത്തുള്ള ഐറ്റം തിളച്ചാല്‍ അതിലേക്ക് സവാള, ഇഞ്ചി,പച്ചമുളക്,തേങ്ങ,കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ക്കുക. കറി കട്ടിയാകന്‍ വേണ്ടി തിളക്കാത്ത രീതിയില്‍ കുറച്ചു നേരം കൂടി വേവിക്കുക.

ഞാന്‍ കഴിച്ചതില്‍ മുരിങ്ങക്കായ, കാരറ്റ് എന്നിവയൊക്കെ ഉണ്ടായിരുന്നു. വേണമെങ്കില്‍ അവിയലിനുള്ള പച്ചക്കറികള്‍ കൂടെ ചേര്‍ക്കാം. പച്ചക്കറികളുടെ വേവനുസരിച്ച് പല സ്റ്റെപ്പുകളായി ചേര്‍ക്കുക.

Sunday, March 23, 2008

കൂര്‍ക്കയിട്ട ബീഫ്

തൃശ്ശൂരെ ക്രിസ്ത്യാനികളുടെ വീടുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കൂര്‍ക്കയിട്ട(koorkka, chinese potato) ബീഫ്. ബീഫിനൊപ്പം കൂര്‍ക്ക, കൊള്ളിക്കിഴങ്ങ് (കപ്പ), നേന്ത്രക്കായ, ചെറുകായ, ചേന, ചേമ്പ്, കാവത്ത്, കുമ്പളങ്ങ, എന്നിവയൊക്കെ ചേര്‍ത്ത് വെയ്ക്കുന്ന പതിവ് തൃശ്ശൂര്‍ക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് തോന്നുന്നു.


ആവശ്യമുള്ള സാധനങ്ങള്‍

1. ബീഫ് - ഒരു കിലോ (ചെറിയ കഷണങ്ങളാക്കിയത്)
2. കൂര്‍ക്ക - 500 ഗ്രാം (തൊലികളഞ്ഞ് ഇടത്തരം വലിപ്പത്തില്‍ കഷണങ്ങളാക്കിയത്. ചെറിയ കൂര്‍ക്കയാണ് നല്ലത്)
3. മഞ്ഞള്‍ - അര ടീസ്പോണ്‍
4, പച്ചമുളക് - 7 എണ്ണം (നീളത്തില്‍ അരിഞ്ഞത് )
5. ചുവന്നുള്ളി - 15 എണ്ണം (തൊലികളഞ്ഞത്)
6. വെളുത്തുള്ളി - 20 അല്ലി ( വലുതാണെങ്കില്‍ 6 അല്ലി)
7. മല്ലി - മുഴുവനായി ( 3 ടീസ്പൂണ്‍)
8. മുളക് പൊടി - 2 1/2 ടീസ്പൂണ്‍
9. തേങ്ങ - ഒന്ന് ( ചിരവിയത്)
10. വെളിച്ചെണ്ണ - 5 ടീസ്പൂണ്
11. കറുവപ്പട്ട - 2 കഷണം
12. ഏലക്കായ് - 4 എണ്ണം
13. ഗ്രാമ്പു - 6
14. പെരുഞ്ജീരകം - 1 ടീസ്പൂണ്‍
15. ഉപ്പ്
16. കറിവേപ്പില ( 2 കതിര്‍പ്പ്)
17. കടുക് (ആവശ്യത്തിനു)

പാചകം ചെയ്യേണ്ട വിധം

ബീഫ് മഞ്ഞള്‍ പൊടിയും മുളകുപൊടിയും ചേര്‍ത്ത് മിക്സ് ചെയ്ത് കുക്കറില്‍ അര ഗ്ലാസ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ആറു വിസില്‍ വന്നതിനു ശേഷം ഇറക്കി വെയ്ക്കുക.
ഈ സമയം ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാക്കുക. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ തേങ്ങ ചിരവിയത് ചേര്‍ത്ത് നന്നായി ഇളക്കുക.തീകുറച്ച് നന്നായി ഇളക്കുക. തേങ്ങയുടെ നിറം ചെറുതായി മഞ്ഞ നിറമാവുമ്പോള്‍ ചുവന്നുള്ളിയും(10 അല്ലി) വെളുത്തുള്ളിയും(പകുതി) ചേര്‍ത്തിളക്കുക. കൂടെ മസാല(11,12,13,14 ചേരുവകള്‍)യും മല്ലിയും ചേര്‍ത്തിളക്കുക. കൈ വേദനിച്ചാലും ഇളക്കിക്കൊണ്ടെയിരിക്കുക. കരിയ്ക്കാന്‍ സമ്മതിക്കരുത്. അതിനുമുമ്പ് തീ ഓഫാക്കുക. ഇത് ചൂടാറിയതിനു ശേഷം മിക്സിയില്‍ അരച്ചെടുക്കുക(അമ്മിയില്‍ ആയാല്‍ സ്വാദ് കൂടും. കൈ വേദനയും മാറും !! ) വെള്ളം അധികമില്ലതെ വേണം അരയ്ക്കാന്‍. ഒരു കുഴമ്പു രൂപത്തില്‍ എടുക്കണം.
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കൂര്‍ക്കയില്‍ അല്പം മഞ്ഞള്‍ പൊടിയും കുറച്ച് വെള്ളവും ചേര്‍ത്ത് മണ്‍കലത്തില്‍ (മണ്‍കലമില്ലെങ്കില്‍ വെറും കലവുമാവാം .. തനതായ രുചിയ്ക്ക് മണകലം തന്നെയാണ് നല്ലത് ) വേവിക്കുക. പകുതി വേവാവുമ്പോള്‍ തീ കുറച്ച്, വേവിച്ചു വെച്ചിരിക്കുന്ന ബീഫും ആ‍വശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്യുക.
ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാ‍വുമ്പോള്‍ നാലു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടാവുമ്പോള്‍ കടുക് പൊട്ടിക്കുക. വേപ്പിലയും ചേര്‍ക്കുക. ബാക്കിയുള്ള വെളുത്തുള്ളിയും ചുവന്നുള്ളിയും ചതച്ചത് ചേര്‍ക്കുക. ഈ മിശ്രിതം മൊരിഞ്ഞ മണം വരുമ്പോള്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കുഴമ്പുരൂപത്തിലുള്ള അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണ തെളിയുന്നതുവരെ ഇളക്കിക്കൊണ്ടേയിരിക്കുക. എണ്ണ തെളിഞ്ഞു നല്ല ഒരു മണം വന്നാല്‍ ഇവനെ എടുത്ത് വെന്തുകൊണ്ടിരിക്കുന്ന ബീഫിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കണം. തിളച്ചു തുടങ്ങിയാല്‍ തീ ഓഫ് ചെയ്യാം. പാത്രം മൂടി വെയ്ക്കണം. മണ്കലത്തിലാണെങ്കില്‍ തീ ഓഫ് ചെയ്താലും കുറെ നേരം തിളച്ചുകൊണ്ടെയിരിക്കും.


കൂര്‍ക്കയിട്ട ബീഫ് റെഡി. ഇത് ചോറ്, അപ്പം, ചപ്പാത്തി തുടങ്ങിയവയ്ക്കൊപ്പം കഴിയ്ക്കാം.


തൃശ്ശൂരിലെ ചില ബാറുകളില്‍ ഈ വിഭവം അപൂര്‍വ്വമായെങ്കിലും കണ്ടിട്ടുണ്ട്.

എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ !



Saturday, March 15, 2008

തക്കാളി ചമ്മന്തി...(തക്കാളി ചട്ടിണി...തമിഴനാണേ..)

ഇവന്‍ നമ്മുടെ അയല്‍ക്കാരന്‍ ആണു..
വളരെ എളുപ്പം ദോശയോ ഇഡ്ഡലിയോ തിന്നണൊ ..?
ഒരു തക്കാളി ചെറുതായി അരിയുക, ഒരു സവാളയും, ഇതു രണ്ടും കുറച്ച് ഏണ്ണ ചൂടാക്കി അതില്‍ വഴറ്റി എടുക്കുക, ആദ്യം സവാള ഒരു ബ്രൌണ്‍ നിറം ആയ ശേഷം മാത്രം തക്കാളി ചേര്‍ത്ത് വേണം ചെയ്യാന്‍.. തക്കാളിയുടെ പച്ക മണം മാറുന്നവരെ വഴറ്റുക. നന്നായി ചൂടു പോയ ശേഷം ഒരു സ്പൂണ്‍ മുളകു പൊടിയും, ഉപ്പും ചേറ്ത്ത് നന്നായി അരചെടുക്കുക.

ചമ്മന്തി റെഡി.....:)

Tuesday, March 11, 2008

കൂര്‍ക്ക ഉപ്പേരി

കറങ്ങാന്‍ പോയപ്പോള്‍ വര്‍ക്കിസില്‍ കണ്ടു, പണ്ടുതൊട്ടെ ഉള്ള ഒരു ദൌര്‍ഭല്യവും ഇവിടെ ഇശി കിട്ടാന്‍ ദൌര്‍ലഭ്യവും ഉളൊണ്ട് കണ്ട അപ്പോള്‍ തന്നെ വാങ്ങി.

പിന്നെ ഉളൊണ്ട് ഓണം ആക്കി, എട്ടു വയറ്റുകള്‍അതിനെ അകത്താകി.....
അതില്‍ തന്നെ നാലു വയറുകള്‍ ഫസ്റ്റ് ടൈം ആയ്യിരുന്നു ...

ഇതു കേട്ടാല്‍ ഞങ്ങള്‍ തൃശ്ശൂര്‍കാര്‍ ഒന്നു ഞെട്ടും, കൂര്‍ക്ക ആദ്യമായി കാണുകയോ, കൂര്‍ക്ക തിന്നാതവരോ?

എന്തായാലും.......

കൂര്‍ക്ക-ഒരു കിലോ
ഉണക്ക മുളക്-എട്ടു എണ്ണം ( ചതച്ച /ക്ര്ഷെഡ്‌ മൂന്നു ടീ സ്പൂണ്‍)
ചെറിയ ഉള്ളി -ഒരു വലിയ പിടി
കറിവേപ്പില- രണ്ടു തണ്ട്....
വെളുത്തുള്ളി-ഗ്യാസ് ന്റെ അസ്കിത ഉള്ളവര്‍ക്ക്‌ -ഏഴ് അല്ലി.
ഉപ്പ്-ആവശ്യത്തിനു...

ഇനി കൊറേ നേരം കൂര്‍ക്കയെ വെള്ളത്തില്‍ ഇട്ടുവെച്ചു നന്നായി കഴുകി എടുക്കുക... പിന്നെ അതിനെ വല്ല തുനിയിലോ, അല്ലേല്‍ സന്ചിയിലോ ഇട്ടു ഒരു ഭാണ്ഡം ആക്കി നന്നായി നന്നായി മര്‍ധിക്കുക ...
പിന്നെ ഏകദേശം അടിച്ച് തൊലി പൊളിച്ചാല്‍ എടുത്തു കഴുകി ബാക്കി കത്തികൊണ്ട് കളയുക....

അപ്പൊ ദേ ഇങ്ങനെ ഒക്കെ ഉണ്ടാകും....

ഇതിനെ ഇത്തിരി മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ഇട്ടു ചുമ്മാ നന്നായി വേവിച്ച് എടുക്കുക
ഒരു ചീന ചട്ടി ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, മുളക് ചതച്ചത് , എന്നിവ നല്ലോണം മൂത്ത് വരുമ്പോള്‍ കറിവേപ്പിലയും വെളുത്തുള്ളി ചതച്ചതും ചേര്ത്തു ഒന്നുകൂടെ മൂപ്പിച്ച് വേവിച്ച് വെച്ച കൂര്‍ക്ക ഇട്ടു അത് ഒന്നു മൊരിഞ്ഞു കുട്ടപ്പന്‍ ആവുന്ന വരെ കാത്തു നിക്കേ ഇരിക്കേ എന്താച്ചാല്‍ ആവാം ...







ഇങ്ങനെ ഒക്കെ ഉണ്ടാകും സാധനം

Monday, March 03, 2008

മട്ടണ്‍ കുറുക്കറി

നാട്ടിലുള്ളപ്പോള്‍ എനിക്കിഷ്ടപെട്ട ഭക്ഷണങ്ങളില്‍ ഒന്ന് മട്ടണായിരുന്നു. പക്ഷെ, ഗള്‍ഫില്‍ വന്നതിനുശേഷം മട്ടണോട് എനിക്കത്ര താത്പര്യം ഇല്ല. നാടന്‍ മട്ടന്റെ ആ രുചിയും മണവും ഇവിടെ കിട്ടുന്ന മട്ടണ് (ഇന്ത്യന്‍ മട്ടണ്‍ വാങ്ങിയാല്‍ പോലും) കിട്ടുന്നില്ല എന്നതാണ് ഈ മട്ടണ്‍ വിരക്തിക്കുള്ള പ്രധാന കാരണം.

മൂന്നാല് ദിവസമായിട്ട് രാത്രി ഉറക്കത്തില്‍ ഞാന്‍ കാണുന്ന സ്വപ്നം രുചിയേറിയ മട്ടന്‍കറി കൂട്ടി ചോറുണ്ണതാണ്. മാത്രമല്ല ചോറുണ്ടതിനുശേഷം രുചി സഹിക്കാന്‍ വയ്യാതെ വിരല്‍ കടിക്കുകയും ചെയ്യുന്നു. പക്ഷെ ഈ വിരല്‍ കടി സ്വപ്നത്തിലല്ല, മറിച്ച് സ്വപ്നത്തിന്റെ അവസാനം ശരിക്കും കടിക്കുന്നതാണ്. അതോടെ സ്വപ്നത്തില്‍ നിന്നുണരുകയും, എന്തുകൊണ്ടിങ്ങനെ വിചിത്രമായ ഒരു സ്വപ്നം കാണുന്നു എന്നു ചിന്തിച്ച് ചിന്തിച്ച് വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു.

ഈ സ്വപ്നത്തിന്റെ അര്‍ത്ഥമെന്ത് എന്ന് ഞാന്‍ പലരോടും ചോദിച്ചു. ആര്‍ക്കും ഒരു പിടിയുമില്ല.
വിക്കി പീഡിയയില്‍ വിക്കി നോക്കി - നോ രക്ഷ
ഗൂഗിളമ്മച്ചിയില്‍ ചികഞ്ഞ് നോക്കി - കിം ഫലം?
ഡോ. മാത്യൂ പുല്ലൂരിനോട് സംസാരിക്കാം എന്ന പരിപാടിയിലേക്ക് ഫോണ്‍ ചെയ്തു സംഭവം പറഞ്ഞു, ഇതേ സ്വപ്നത്തിന്റെ നീരാളിപിടുത്തത്തില്‍ അദ്ദേഹം പെട്ടിരിക്കുകയാണെന്നും വല്ല പോംവഴിയും കിട്ടിയാല്‍ പുള്ളിക്കാരനേം ആ മട്ടന്‍ സ്വപ്നത്തിന്റെ നീരാളികരങ്ങളില്‍ നിന്നും രക്ഷിക്കണമെന്നും പറഞ്ഞ് അദ്ദേഹം വിങ്ങി പൊട്ടി.

അന്ന് രാത്രിയിലും മട്ടണ്‍ കഴിക്കുന്ന സ്വപ്നത്തിന്റെ ഇടക്ക് ഒരു കമേഴ്സ്യല്‍ ബ്രേക്കിന്റെ സമയത്ത് സ്വപ്നദേവത പ്രത്യക്ഷപെട്ട് എന്നോട് ചോദിച്ചു എന്താണ് കൂവെ തന്റെ പ്രശ്നം?

ഉറക്കത്തില്‍ മട്ടണ്‍കറി സ്വപ്നം കാണുന്നതും, വിരല്‍ കടിക്കുന്നതും മറ്റും വള്ളിപുള്ളി വിടാതെ ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞവസാനിപ്പിച്ചതും സ്വപ്നദേവത പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇതാണാ ഇയാക്കടെ പ്രശ്നം??

ഹും, ഞാന്‍ മൂളി.

ഇത് കാര്യം നിസ്സാരം. യു സില്ലി ബോയ്.

ഒന്നും മനസ്സിലാവാതിരുന്നതിനാല്‍ ഞാന്‍ ചോദിച്ചു, അല്ല എന്താ ആക്ച്വലി പ്രശ്നം?

നിനക്കാര്‍ത്തി മൂത്ത് പ്രാന്തായതാ. നീ കുറച്ച് മട്ടണ്‍ വാങ്ങി കറി വച്ച് കഴിച്ചാല്‍ തീരുന്നതേയുള്ളൂ ഈ പ്രശ്നമൊക്കെ.

മട്ടണ്‍ കറി തന്നെ വേണാ? ബീഫ് പോരെ?

പോര, മട്ടണ്‍ക്കറി കഴിക്കണ സ്വപ്നം കാണുന്നുണ്ടെങ്കില്‍ ചെയ്യുന്നുണ്ടെങ്കില്‍ മട്ടണ്‍ക്കറി തന്നെ കഴിക്കണം (ഉഷ്ണം ഉഷ്ണേന ഡിസ്കോ ശാന്തി)

റാന്‍! അപ്പോ വിരല്‍ കടിക്കാന്‍ തക്കവണ്ണം സ്വാദില്‍ വക്കണമെങ്കില്‍ എന്തേലും പാചകകുറിപ്പ് കിട്ടിയിരുന്നെങ്കില്‍??

ഉം എഴുതിയെടുത്തോ!

ഞാന്‍ ദയനീയഭാവത്തില്‍ നോക്കിയപ്പോള്‍ വീണ്ടും ചോദ്യം? എഴുത്തറിയില്ല അല്ലെ?

ഉം, ഞാന്‍ വീണ്ടും മൂളി.

എങ്കില്‍ ടൈപ്പ് ചെയ്ത് പണ്ടാരമടങ്ങ്.

ലാപ്പ് ടോപ്പെടുത്ത് ഞാന്‍ തയ്യാറായി.

സ്വപ്ന ദേവത പറഞ്ഞ് തുടങ്ങിയപ്പോള്‍ ആ മുഖദാവില്‍ നിന്നും വീഴുന്ന ഓരോ വാക്കുകളും യൂണീകോഡാക്കി വരും തലമുറക്ക് വേണ്ടി ഞാന്‍ പകര്‍ത്തെടുത്തു.

ചേരുവകള്‍

മട്ടണ്‍ - 1.5 കിലോ (നെയ്യ് കമ്പ്ലീറ്റായി നീക്കം ചെയ്ത്, ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കിയത്)
പച്ച മല്ലി - 1 1/4 കൈ പിടി (കയ്യിന്റെ വലുപ്പമനുസരിച്ച് അല്പം കൂടുകയോ, കുറയുകയോ ചെയ്താലും വലിയ കുഴപ്പമില്ല)
കൊല്ല മുളക് അഥവാ ഉണക്കമുളക് - 10 എണ്ണം
കറുവപട്ട (അര ഇഞ്ച് വലുപ്പത്തിലുള്ളത്) - 5 കഷണം
ജീരകം - 3/4 ടേബിള്‍ സ്പൂണ്‍
പെരുഞ്ചീരകം - 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക് - 1 ടേബിള്‍ സ്പൂണ്‍
ഏലക്കായ - 3 എണ്ണം
ജാതി പത്രി - 1 ഇതള്‍
ചെറിയ ഉള്ളി - 25-30 എണ്ണം
മഞ്ഞള്‍ പൊടി - പാകത്തിന്
ഉപ്പ് - പാകത്തിന്
സബോള - 4 എണ്ണം (ഇടത്തരം വലുപ്പമുള്ളത്)
വെളുത്തുള്ളി - 8-10 അല്ലി
ഇഞ്ചി - 1 1/2 ഇഞ്ച് വലുപ്പത്തിലുള്ള കഷ്ണം
തക്കാളി - 2 എണ്ണം വലുത്
പച്ചമുളക് - 4 എണ്ണം നെടുകെ പിളര്‍ന്നത്
കറിവേപ്പില - 2 തണ്ട്
മല്ലിയില - അല്പം
വെളിച്ചെണ്ണ - വഴറ്റുവാന്‍ ആവശ്യത്തിന്

പാചകം ചെയ്യേണ്ട വിധം

ചീനചട്ടി ചൂടാക്കി അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് മല്ലി തവിട്ടുനിറം വിടുന്നത് വരെ (കരിക്കരുത്) വറുത്തെടുത്ത് മാറ്റി വെക്കുക.
അര സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്, മുളക് വറുത്തെടുത്ത് മാറ്റി വക്കുക.

അല്പം എണ്ണയൊഴിച്ച് കറുവപട്ടയും കുരുമുളകും ഒരുമിച്ച് വറുത്തെടുക്കുക
അല്പം എണ്ണയൊഴിച്ച്, ജീരകവും, പെരുഞ്ചീരകവും, ഏലക്കായും, ജാതിപത്രിയും വറുത്തെടുക്കുക
ആവശ്യത്തിന് എണ്ണയൊഴിച്ച് ചെറിയ ഉള്ളി തവിട്ടു നിറമാകുന്നതു വരെ വറുത്തെടുക്കുക.

മുകളിലെ ചേരുവകള്‍ എല്ലാം തന്നെ മിക്സിയിലിട്ട്, അര ഗ്ലാസ്സ് വെള്ളമൊഴിച്ച് (വെള്ളം അധികമാകരുത്, കുഴമ്പുപോലെ അരയാന്‍ പാകത്തിനു മാത്രം ഒഴിച്ചാല്‍ മതി) വെണ്ണപോലെ അരച്ചെടുക്കുക.

കഴുകി വെള്ളം പിഴിഞ്ഞു കളഞ്ഞ് വച്ചിരിക്കുന്ന മട്ടണ്‍ കുക്കറിലേക്കിട്ട്, ആവശ്യത്തിനു മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ക്കുക

ഇതിലേക്ക് അരച്ചെട്ടുത്ത മസാലക്കൂട്ട്T ചേര്‍ത്ത് നല്ലത് പോലെ കൈകൊണ്ട് തിരുമ്മി അരമണിക്കൂറോളം നേരം വച്ചതിനുശേഷം അടുപ്പില്‍ കയറ്റി രണ്ട് വിസില്‍ വരുന്നത് വരെ വേവിക്കുക.

മസാലപുരട്ടിയ മട്ടണ്‍ അടുപ്പില്‍ കയറുന്നതിനുമുന്‍പെടുക്കുന്ന അരമണിക്കൂര്‍ വിശ്രമവേളയില്‍ ചെയ്യേണ്ട കാര്യങ്ങള്‍

സബോളയും, ഇഞ്ചിയും വെളുത്തുള്ളിയും, പച്ചമുളകും, അരിഞ്ഞത്, ചെറിയ ഉരലിലോ മറ്റോ ഇട്ട് ചതച്ചെടുക്കുക.



തക്കാളി കുനു കുനെ അരിഞ്ഞ് മാറ്റി വക്കുക.

ചൂടായ ചീനചട്ടിയില്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് ഇടിച്ച് പരിപ്പെടുത്ത് വച്ചിരിക്കുന്ന സബോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് മിശ്രിതം ഇട്ട് വഴറ്റുക. തവിട്ടുനിറമാകാന്‍ തുടങ്ങുമ്പോള്‍, ഒരു തണ്ട് കറിവേപ്പില ചേര്‍ത്ത് വീണ്ടും വഴറ്റുക. നല്ലത്പോലെ വഴറ്റികഴിഞ്ഞാല്‍ അതിലേക്ക് കുനു കുനുന്നന്റെ അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക.

നല്ലത് പോലെ വഴറ്റി, എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന മട്ടണ്‍ ചീനചട്ടിയിലേക്കോ ഫ്രയിങ്ങ് പാനിലേക്കോ തട്ടി, അരഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് നല്ലത് പോലെ വഴറ്റുക. ഇടക്കിടെ ഇളക്കികൊടുക്കണം.



വെള്ളമെല്ലാം കുറുകി വറ്റുമ്പോള്‍, ഇറച്ചിക്ക് നല്ല കറുപ്പ് നിറം വരുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക.


കഴുകി വച്ചിരിക്കുന്ന ഒരു തണ്ട് കറിവേപ്പിലയും, മല്ലിയിലയും (സ്വന്തം ഇഷ്ടപ്രകാരം) വച്ച് അലങ്കരിക്കുക.


ചോറ്, കുബ്ബൂസ്, ചപ്പാത്തി, ബ്രെഡ്, പത്തിരി, ഗോതമ്പ് ദോശ, അരിദോശ, പൂരി, പുട്ട് തുടങ്ങി നിങ്ങള്‍ക്കിഷ്ടമുള്ള എന്തിന്റെ കൂടെ വേണമെങ്കിലും ഈ കറി ചേരും.

(കയ്യിലുള്ള ചപ്പടാച്ചി മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളായതിനാല്‍ ക്ലാരിറ്റി പോര മണ്‍ചട്ടി പോരെ എന്നൊന്നും ആരും ചോദിക്കല്ലെ).

Thursday, February 28, 2008

പുളിവെള്ളം

വംശനാശം സംഭവിച്ചു കൊണ്ടു ഇരിക്കണ ഒരു കൂട്ടം...

പേരു

പുളിവെള്ളം

അത്യാവശ്യം വേണ്ടത്..

ഒരു ലിറ്റര്‍ കെ .ഡബ്ലിയു .എ യുടെ വെള്ളം.... (കിണറു വാട്ടര്‍ ആയാലും അഡ്ജസ്റ്റ് ചെയ്യാം.)

പുളി -ഒരു ചെറു നാരങ്ങാ വലുപ്പത്തില്‍

വെളിച്ചെണ്ണ -കടുക് വറക്കാന്‍ (ഒരു രണ്ടു ടേബിള്‍ സ്പൂണ്‍ )

കടുക്- ഒരു സ്പൂണ്‍

കറി വേപ്പില -രണ്ടു തണ്ട് ..

വറ്റല്‍ മുളക് -മൂന്നു , നടു വെട്ടിയത്...

ഉള്ളി-കുനു കുനാ അറിഞ്ഞത് -ഒരു വലിയ സ്പൂണ്‍..

ഉപ്പ്-അവനോനു വേണ്ടത് ..

പിന്നെ ഇത്തിരി ഉഴുന്ന് പരിപ്പ് ........

ഉപയോഗ ക്രമം

പുളി വെള്ളത്തില്‍ ഇട്ടു കൊറച്ചു നേരം വെച്ചു പിഴിഞ്ഞു എടുക്കുക...

അടുപ്പത്ത് ഒരു ചീന ചട്ടിയോ, അല്ലേല്‍ വേറെ കിട്ടിയ എന്തേലും പാത്രം വെച്ചു ചൂടാവുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക....

കടുക് ഇട്ടു പോട്ടികഴിയുംപോള്‍, നിര നിരയായി, മുളക്, കറി വേപ്പില, ഉള്ളി അരിഞ്ഞത്, ഉഴുന്ന് പരിപ്പ് എന്നിവ ചേര്ക്കുക....

ഇതെല്ലം ഒരുവിധം മൂക്കുമ്പോള്‍ പുളി വെള്ളം ചേര്ത്തു ആവശ്യത്തിനു ഉപ്പും ചേര്ത്തു നന്നായി തിളക്കുമ്പോള്‍ വാങ്ങി വെക്കുക...

****ചോറിനു കൊള്ളാം , അല്ലാതെ മറ്റൊന്നിനും, അറിയില്ല ചേരുമോ എന്ന്...അറിയുന്നോര്‍ പറഞ്ഞു തരിക...*****

ഒന്നുടെ , ഇതിനെ എങ്ങനെ 'പുളിസാദം' ആക്കാന്നു വിവരമുള്ളവര്‍ പറഞ്ഞു തന്നാലും, അതെനിക്കൊരു മുതല്‍കൂട്ടയിരിക്കും...

Monday, February 25, 2008

തേങ്ങ ചുട്ട ചമ്മന്തി...

ഇന്നു വയ്കീട്ടു, അതായതു ഇത്തിരി മുന്നേ, ഞങ്ങള്ക്ക് കഞ്ഞി ആന്നേ കിട്ടിയേ ,,,, കൂടെ ഇത്തിരി പയറും പിന്നെ നല്ല തേങ്ങാ ചമ്മന്തിയും ..

(ആഴ്ചയില്‍ ആകെ നല്ല ഫുഡ് കിട്ടുന്ന നല്ല നേരം.....)

പയര് ആകെ ഒരു സ്പൂണ്‍ ആണ് റേഷന്‍, എങ്കിലും ഒപ്പിക്കാം....

എന്നാ പിന്നെ തേങ്ങാ ചുട്ട ചമ്മന്തി.....

തേങ്ങാ പൂണ്ടു എടുത്തത്‌- അര മുറി... (പ്ലീസ് ചിരകി എടുക്കല്ലേ, ഇതു ചുടാന്‍ ഉള്ളത് ആണ്)

ഉണക്ക മുളക്- അഞ്ച്‌

ചെറിയ ഉള്ളി - ഒരു പിടി, ചെറിയ പിടി മതി...

പുളി-ഒരു രൂപയുടെ നെല്ലിക്ക വാങ്ങാന്‍ കിട്ടില്ലേ, അതിന്റെം അത്ര , രണ്ടു രൂപക്ക് വേണ്ട...

ഇത്തിരി ഉപ്പ്.....

ഒരു പപ്പടം കുത്തി ....(നല്ല കനല്‍ ഉള്ള അടുപ്പുള്ളവര്‍ക്ക് ഇതു വേണ്ടാ)

ഇനി പെരുമാരേണ്ട വിധം

ആദ്യം തന്നെ ഗ്യാസ് സ്റ്റൗ കത്തിചെക്കുക , പപ്പടം കുത്തിയില്‍ ഓരോ നാളികേര പൂളും എടുത്തു തീയില്‍ തിരിച്ചും മറിച്ചും കാട്ടി ചുട്ടു എടുക്കുക...

പിന്നാലെ മുളകിനേയും ചുട്ടെകുക...

ഇനി ഇപ്പൊ ആദ്യം മുളകായലും നോ പ്രോബ്സ്...

ഒരു വിധം മതീട്ടോ , അധികം കരിക്കരുത്...

അടുപ്പിലെ കനലില്‍ ആണേല്‍ എല്ലാം കൂടെ ഇട്ടു ചുട്ടു എടുക്കുക...

പിന്നെ എല്ലാം കൂടെ ഇട്ടു അത്യാവശ്യം കരകരപ്പായി അരച്ചു എടുത്തു എതിന്റെലും കൂടെ ക്കൂടി തിന്നോള്ളൂ...

**അറിയിപ്പ്**

വെള്ളമടി വീരന്‍മാര്‍ക്കു പഷ്ടു സാനം , തൊട്ടു കൂട്ടാന്‍...(ഐ.എസ്‌.ഒ. ^&%&^%&%$ സര്‍ട്ടിഫിക്കറ്റ്‌ കാണിക്കണൊ????)

ചില്ലി ചാള കൂട്ടാന്‍

ബഹുമാന്യമിത്രങ്ങളേ..

ഒന്നരവര്‍ഷത്തെ എന്റെ ബാച്ചി ലൈഫ് എന്നെയൊരു മിനി കുക്കാക്കി മാറ്റിയിരിക്കുന്നു. റെസീപ്പി എഴുതാന്‍ മാത്രം നമ്മള്‍ വല്യ പുള്ളി ഒന്നും അല്ലായിരിക്കാം. പക്ഷെ, എന്റെ ബഹുമാന്യ ഗുരുക്കന്മാരായ ശ്രീ. രാഗേഷ് കുറുമാന്‍ ഗുരുക്കള്‍, കൈതമുള്ള് ശശി ഗുരുക്കള്‍ എന്നിവരുടെ അനുഗ്രഹാശിര്‍വാദത്താല്‍ ‘ഒരു കൈ നോക്കാന്‍’ സംഗതി നമ്മുടെ കയ്യിലുമുണ്ട് എന്നൊരു ആത്മവിശ്വാസം എനിക്കുണ്ടിന്ന്.

എന്റെ ടി, ടു ഗുരുക്കാന്മാരെയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഇതാ ലളിതവും രുചികരവുമായ ഒരു ചാളക്കൂട്ടാന്‍ കുറിപ്പ്.

ആവശ്യമായ സാധനങ്ങള്‍:

1. പിടക്കണ ചാള - ചിതമ്പലും തലയും കുടലും നീന്താനുപയോഗിക്കുന്ന എക്ട്രാഫിറ്റിങ്ങ്സും കളഞ്ഞത് പത്തെണ്ണം.
2. ഇഞ്ചി - ഒരിഞ്ച് (തൊലി കമ്പ്ലീറ്റ് പോകരുത്.... ഞാന്‍ കളയാറില്ല. ടേയ്സ്റ്റ് പോകും!
3. പച്ചമുളക് - അഞ്ചെണ്ണം (കിഴക്കന്‍ മുളക് എന്നറിയപ്പെടുന്ന എരുവ് കുറഞ്ഞ നീളത്തിലുള്ളത്. അല്ലാതെ കരണം പൊട്ടി, പ്രാന്തന്‍, ചങ്കുകഴപ്പന്‍, കാന്താരി എന്നിവ അഞ്ചെണ്ണം ഇട്ടാല്‍ കഴിക്കുമ്പോളും പിറ്റേന്ന് രാവിലെ റ്റോയ്ലറ്റില്‍ വച്ചും നിങ്ങള്‍ക്ക് എന്നെ അപ്പന് വിളിക്കാന്‍ ഒരു ടെന്റന്‍സി തോന്നാം. സോ പ്ലീസ് ഡു കെയര്‍.)
4. കോക്കനട്ട് മി.പൌഡര്‍ - മൂന്ന് ടീസ്പൂണ്‍

5 കുഞ്ഞുള്ളി - തൊലി കളഞ്ഞത് ഇരുപത് എണ്ണം
6. തക്കാളി - രണ്ടെണ്ണം (എന്റെ കൂടെ പഠിച്ച പ്രജിതെയുടെ പേരാ അത്. ഓര്‍ത്ത് പോയി. എവിടെയാണോ എന്തോ? ‘എങ്ങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും എന്നാലുമൊന്നാണ് നമ്മളൊന്ന്‘ എന്നൊക്കെ സിനിമാപ്പാട്ട് കട്ട് ഏന്‍ പേസ്റ്റ് ചെയ്ത് എഴുതി പണ്ട് ഫ്രം വക്കാതെ ഒരു ക്രിസ്മസ് കാര്‍ഡ് അയച്ചിരുന്നു...)

7. മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍.
8. മഞ്ഞപ്പൊടി - അര ടീ സ്പൂണ്‍.
9. മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
10. ഉലുവപ്പൊടി - കാല്‍ ടീ സ്പൂണ്‍

11. വെള്ളം - ഒരു വെട്ട് ഗ്ലാസ് (ജംബോ സൈസ് ഗ്ലാസ്)

പാകം ചെയ്യുന്ന വിധം:

മുകളില്‍ പറഞ്ഞതെല്ലാം ഒരു മിക്സിയുടെ ജാറിലിട്ട് ഒരു അഞ്ച് മിനിറ്റ് അങ്ങട് അടിച്ച് ജ്യൂസ് പരുവമാക്കുക. സോറി, ചാളയിടണ്ട!!

എന്നിട്ട്, ഒരു ചട്ടിയെടുത്ത്, അതില്‍ ഒരു ടീസ്പൂണ്‍ വെളിച്ചണ്ണയൊഴിച്ച് അതില്‍ ഫുള്‍ സൈസ് ചാളകളെ നിരത്തി കിടത്തുക. എന്നിട്ട് അതിലേക്ക് മിക്സിയിലിട്ടടിച്ചുണ്ടാക്കിയ മിശ്രിതം സാവധാനം ഒഴിക്കുക. തുളയോടുകൂടിയ ഉപ്പ് ഭരണയാണെങ്കില്‍ അതുവച്ച് രണ്ട് കറക്കം ഉപ്പിടുക. രണ്ടല്ലിയാമ്പല്‍ വേപ്പിലയിടുക. പിന്നെ ഒരു നാല് പീസ് കുടമ്പുളി കഴുകി കീറി ഇടുക. ഇത് വേണ്ട സാധങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാതിരുന്നത്, നിങ്ങള്‍ ഇതും മിക്സിയിലിട്ടടിക്കുമോ എന്ന് പേടിച്ചാണ്.

അറേബിയന്‍ സമുദ്രത്തില്‍ കാണപ്പെടുന്ന ചാള, സാധാരണയായി പെട്ടെന്ന് വേവുന്നതായി കണ്ടുവരുന്നു. അതുകൊണ്ട് ഒരു പതിനഞ്ച് മിനിറ്റ് വേവിക്കുക. ദാറ്റ്സ് ആള്‍.

പിന്നെ കുഞ്ഞുള്ളീ ഒരു നാലെണ്ണം അരിഞ്ഞ് വെളിച്ചെണ്ണയില്‍ കാച്ചി കറിയുടെ മോളില്‍ കൂടെ ഒഴിച്ചാല്‍ ഒരു ഗുമ്മ്‌ വരും. വേണമെങ്കില്‍ ആവാം. നിര്‍ബന്ധം ഇല്ല!

അപ്പോള്‍ മാക്സിമം വെറും അരമണിക്കൂര്‍ കൊണ്ട്, നിങ്ങളുടെ മുന്‍പില്‍ ഒരു രാജ കല ചാളക്കൂട്ടാന്‍ തയ്യാര്‍.

*മുന്നറിയിപ്പ്: ഈ കറി നിങ്ങള്‍ കഴിക്കുമ്പോള്‍ രുചി കൂടി കൂടി കൈവിരല്‍ കൂടെ കടിക്കാന്‍ ചിലപ്പോള്‍ തോന്നിയേക്കാം. പ്ലീസ് ഡൂ കെയര്‍ ട്ടാ.

---
ഇന്നലെ ഒന്നും കൂടി ഈ റെസീപ്പി ഒന്ന് ട്രൈ ചെയ്ത് നോക്കുകയുണ്ടായി. ഒരു ഡബിള്‍ ചെക്കിങ്ങ്. ഒരു കുഴപ്പോമില്ല. ആക്‍ചലി അറബിക്കടലിലെ ചാള കഴിച്ചാല്‍ ബുദ്ധി കൂടുമെന്നതൊക്കെ നേര്. പക്ഷെ, അധികമായാല്‍ എന്തും വിഷമാണന്നല്ലേ? :) കുറുമാന്‍ ഗുരുക്കള്‍ ഒരിക്കല്‍ പറഞ്ഞപോലെ, ഉള്ള ബുദ്ധികൊണ്ടുതന്നെ മനുഷ്യന് കെടക്കമരിങ്ങില്ല! സോ ചാളക്ക് പകരം ഇന്നലെ ആവോലി ആക്കി .

വിറ്റനസ് പടങ്ങള്‍ ചുവടെ:




Testimonyസ്:
സുമലത, വീട്ടമ്മ, ദുബായ്: ഈ കറി എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇത് കഴിച്ച് എന്റെ അമ്മായിഅമ്മ പോരു നിര്‍ത്തി ഡിസന്റായി. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് എന്നും ചോറുണ്ണാന്‍ വീട്ടില്‍ തന്നെ വരുന്നു. നളപാചകത്തിന് നന്ദി.

റോമി, ചീഫ് കുക്ക്, ബുര്‍ജ് അല്‍ അറബ് ഹോട്ടേല്‍‌ , ഡ്യുബയ്: ഇത്രയും കാലത്തെ എന്റെ കുക്ക് ലൈഫില്‍ ഞാന്‍ ഇത്രയും രുചികരമായ മീങ്കൂട്ടാന്‍ കഴിച്ചിട്ടില്ല. വെല്‍ഡണ്‍ വിശാലന്‍!

പാരീസ് ഹില്‍ട്ടണ്‍, പോപ് കം മാദക റാണി, ഹോളിവുഡ്: ‘ഐ ലവ് ദിസ് കൂട്ടാന്‍ റ്റൂ മച്ച്!‘ ശ്ശോ!!

Saturday, February 23, 2008

ചക്ക മുളകൂഷ്യം


എന്താണ് ചക്കയെ ഇത്ര സ്നേഹം എന്ന് ചോദിക്കരുത്.ചക്ക എന്റെ ആരൊക്കെയോ ആണ്.... ഇടിയന്‍ തൊട്ടു പഴുത്തു ഇനി ഇതു വരട്ടാനെ പറ്റു എന്നുള്ള പരുവം ആകുന്നവരെ ഏത് രൂപത്തിലും ഭാവത്തിലും ഇവനെ കയ്യില് ‍കിട്ടിയാലും ഞാന്‍ തട്ടും എന്നുള്ളത് മൂന്നു തരം..

വീട്ടില്‍ ആണേല്‍ ഇഷ്ടം പോലെ എല്ലാ തരവും കിട്ടുകയും ചെയ്യും...
കഷ്ടപെട്ടത്‌ കല്യാണ ശേഷം അന്ന്, അവിടെ ചക്ക പോയിട്ട്‌ പ്ലാവ് പോലും ഇല്ലാ എന്ന് പറഞ്ഞാല്‍ ശരിയാവില്ല, അടി കിട്ടും, രണ്ടു കുഞ്ഞു പ്ലാവുകള്‍ ഉണ്ട്ടു....ബട്ട് ചക്കക്ക് ഇത്രേം ദാരിദ്രം അന്നുഭവിക്കുക എന്നുവെച്ചാല്‍.... എന്നെ കൊല്ല്....


അതെല്ലാം പോകട്ടെ, ഒരുവിതം വലിപ്പം ഉള്ള ഒരു ചക്ക... മൂത്തത്‌ ആവണേ .........
ചുള പറിച്ചു വട്ടനെ അരിഞ്ഞു എടുത്തത്‌.ചക്കയുടെ ക്വന്റിട്ടി പറയാത്തത് നമുക്കൊക്കെ ഒരു അത്യാവശ്യത്തിനു വലിപ്പം ഉള്ളത് മുഴുവന്‍ വെച്ചാലേ എന്തേലും ആവു,അതോണ്ടാ
ഇഷ്ടം ആവുമെന്കില്‍ ഇത്തിരി ചക്ക കുരു തൊലി ചുരണ്ടി കൊത്തി കഷണങ്ങള്‍ ആക്കിയതും....


പിന്നെ ഉപ്പ്, ഇത്തിരി മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക...ഉടഞ്ഞു പോകല്ലേ.....


ഈ സമയം കൊണ്ടു ഇത്തിരി ചെറിയ ഉള്ളി നീളത്തില്‍ രണ്ടാക്കിയത് , കറി വേപ്പില, പിന്നെ അര മുറി നാളികേരം ചിരകിയത് (ഒപ്ഷണല്‍ ) എന്നിവ ഒന്നു ചതച്ചിട്ട് ചക്കയിലേക്ക് ചേര്ക്കുക , പിന്നാലെ ഇത്തിരി വെളിച്ചെണ്ണയും ഒഴിച്ച് ഒന്നു ഇളക്കി ഫസ്റ്റ് പ്ലേറ്റ്‌ലേക്കും പിന്നെ വയട്ടിലെക്കും തട്ടുക...

ചൂടു ഇത്തിരി പോകുന്ന വരെ വെയിറ്റ് ചെയ്തില്ലേല്‍ മ്യുകോ പെയ്ന്‍ ജെല്‍ വാങ്ങി നാകിന്മേല്‍ പുറത്റെണ്ടി വരും, പറഞ്ഞില്ല എന്ന് വേണ്ടാ.....

ഇപ്പോള്‍ ചക്ക കിട്ടാന്‍ തുടങ്ങിയിരിക്കാന്, ചക്ക സീസണ്‍ ആയെന്നു ചുരുക്കം..

പഴുത്തതും കിട്ടി കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയപ്പോള്‍...

(അത് മൂക്കിന്റെ ഗുണം കൊണ്ടു മണത്തു അറിഞ്ഞതാണ് സാധനം ഉണ്ടെന്നു, അല്ലാതെ ഈ

വര്ഷം ആദ്യമായി കിട്ടിയ പഴുത്ത ചക്ക, മിക്കവാറും എന്നും വീട്ടില്‍ ഹാജര്‍ വെക്കണ എനിക്ക് തരം മാത്രം എന്റെ അനിയത്തിക്കോ അനിയനോ സ്നേഹം ഉണ്ടെന്നു തോന്നണില്ല... പറയാതെ ചെന്നു കയറിയതോണ്ട് കിട്ടി, എന്റെ ഒടുക്കത്തെ ഒരു തൊണ്ട ഭാഗ്യെ..)

ഈ പറഞ്ഞതു കേട്ടിട്ട്‌ ആര്‍ക്കെന്കിലും വായില്‍ വെള്ളം വന്നാല്‍, അതോണ്ട് എനിക്കെന്തെന്കിലും അസുഖം വന്നാല്‍, പ്ലീസ് , എന്നെ കഷ്ടപെടുതല്ലേ, യൂനിവേര്‍സിറ്റി എക്സാം നടന്നോണ്ട് ഇരിക്കാനെ ഇപ്പൊ,,,,,,, സൊ പ്ലീസ്......

Friday, February 22, 2008

വറുത്തു അരച്ച ചമ്മന്തി..

സാധനം ഇത്തിരി ഇരു‌ണ്ട് ഇരിക്കും, അതാണ് അതിന്റെ ശരിക്കുള്ള കളര്‍..
നല്ല ചൂടുള്ള ചോറിന്റെ കൂടെ ആണ് എനിക്കിഷ്ടം, എല്ലാവര്‍ക്കും അത് ഇഷ്ടാവോ എന്നറിയില്ല..
മല്ലി പ്പൊടി ---ചമ്മതിയുടെ മെയിന്‍ ഇന്ഗ്രെടിയന്ട്ട് ഇതായോണ്ട് ചമ്മതി എത്ര വേണോ അതിന് അനുസരിച്ച് തട്ടിക്കോ...
പിന്നെ ആസ് യുഷ്വല്‍, മുളകുപൊടി, ഒരു പിടി കറി വേപ്പില, ചെറിയ ഉള്ളി, ഉപ്പ്, വെളിച്ചെണ്ണ, പുളി-ആവശ്യത്തിനു
വെളിച്ചെണ്ണ നന്നായിചൂടാവുമ്പോള്‍ ഫസ്റ്റ് കറി വേപ്പില ഇട്ടു നല്ല കരു കരപ്പായി വറുത്തു കോരി വെക്കുക...
പിന്നീട് ഉള്ളി ഇട്ടു ഒരുമാതിരി ഒന്നു വഴറ്റുക, അധികം മൂക്കണ്ട, ഒന്നു സ്പൂണ്‍ കൊണ്ടു ഞെക്കുമ്പോള്‍ ഞെങ്ങുന്ന പരുവം ആകുമ്പോള്‍ ബാക്കി വെച്ചിരിക്കണ, മല്ലി മുളക് പൊടികള്‍ തട്ടി, ഒന്നു കളര്‍ മാറുന്ന വരെ (എന്ന് വെച്ചു കരിയിച്ചു കളയല്ലെട്ടോ, പെട്ടെന്ന് കരിഞ്ഞു പോകും)നോക്കി ഇളക്കി കൊണ്ടു ഇരിക്കണം,ഇനി ആ വറുത്തു വെച്ച കറി വേപ്പിലയും,പുളിയും ഉപ്പും ചേര്‍ത്തു അമ്മിയുന്ടെല്‍അമ്മിയിലും അല്ലേല്‍ മിക്സിലും ഇട്ടു അരച്ചു എടുക്കുക, വെള്ളം അധികം വേണ്ടാട്ടോ.....

Thursday, February 14, 2008

പച്ചമാങ്ങാ...പച്ചമാങ്ങാ...

ഞാന്‍ പച്ചമാങ്ങാകൊണ്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. തല്‍ക്കാലം നിങ്ങളെയൊക്കെ ഒന്നു കൊതിപ്പിക്കുക... അത്ര തന്നെ... ഒഴിവുകാലത്ത് നാട്ടില്‍ പോകുമ്പോള്‍ മാവിന്മേലോ, പേരയിലോ അതുമല്ലെങ്കില്‍ പ്ലാവിലോ ഒക്കെ ഒന്നു കയറുക...ജീവിതയാത്രയില്‍ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടുപോയ ആ ബാല്യവും, കൌമാരവും ഒരിക്കല്‍കൂടി അനുഭവിച്ചറിയുക.

മമ്മിയൂര്‍ കോണ്‍ വെന്റ് സ്കൂളില്‍ പഠിക്കുന്ന കാലത്ത്, മാങ്ങാ സീസണില്‍ നല്ല പച്ചമാങ്ങ ക്ലാസ്സിലേക്ക് കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു. ഉച്ചക്ക് കൂട്ടുകാരെല്ലാവരും കൂടി മാങ്ങ ഭിത്തിയിലോ, ക്ലാസ് മുറിയിലെ തറയിലോ എറിഞ്ഞു പൊട്ടിക്കും. അല്ലെങ്കില്‍ തൂവാലയുടെ (ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോള്‍ തൂവാല വിരിച്ച് അതില്‍ ചോറ്റുപാത്രം വെച്ച് കഴിക്കണമെന്നു നിര്‍ബന്ധമായിരുന്നതിനാല്‍, തുവാലക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല.) നടുവില്‍ വെച്ച് നാലു അറ്റവും കൂട്ടിപ്പിടിച്ച് ചുമരില്‍ നാലഞ്ച് അടിയാണ്. പിന്നെ തൂവാല തുറന്നു ഓരോ കഷ്ണങ്ങളെടുത്ത് ഉപ്പ് കൂട്ടിത്തിന്നും, ചിലപ്പോള്‍ കൂടെ മുളക് പൊടിയും...

കോണ്‍ വെന്റില്‍ തന്നെ ഇടക്ക് പുറത്തിരുത്തി ക്ലാസ് എടുക്കുന്ന പതിവുണ്ടായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അതു വല്ല്യ കാര്യമായിരുന്നു. കൂടുതലും തൊട്ടടുത്ത മഠത്തിലെ (സിസ്റ്റേര്‍സ് താമസിക്കുന്ന സ്ഥലം) മാവിന്‍ ചുവട്ടിലോ മറ്റോ ആയിരിക്കും ഇതു. പഠനത്തിനിടയില്‍ മാങ്ങാ, ഇരുമ്പാന്‍ പുളി എന്നിവയുടെ സപ്ലൈയും നടക്കാറുണ്ടായിരുന്നു. (ആഗ്നേയാ... നീ ഇതെല്ലാം ഓര്‍ക്കുന്നുണ്ടോ?)

ഈ എറിഞ്ഞ് പൊട്ടിച്ച മാങ്ങായില്‍ അല്പം ഉപ്പും, മുളക് പൊടിയും തൂവി, അമ്മിക്കല്ലു കൊണ്ടോ മറ്റോ ഒന്നു ചതച്ചാല്‍ ബഹുകേമമായി. അതില്‍ അല്പം വെലിച്ചെണ്ണ പുരട്ടിയാല്‍, അതിലേറെ വിശേഷം. കഞ്ഞിയുടെ കൂടെ പറ്റിയ സാധനം. അലെങ്കില്‍ കത്തി കൊണ്ട് ചെറുതാക്കി അരിഞ്ഞ് അതിലേക്ക് ഉപ്പ്, മുളക് പൊടി (ഉണക്കമുളകായാലും മതി), വെളിച്ചെണ്ണ എന്നിവ പാകത്തിന് ചേര്‍ത്തും അച്ചാറ് പോലെ കഴിക്കാം.

ഇതുപോലെ മാങ്ങാ ഉപ്പിലിട്ടതും എന്റെ വീക്നെസ് ആണ്. മാങ്ങായുടെ കൂടെ ചെറുനാരങ്ങ, കാരറ്റ്, പച്ചമുളക് ..... എന്നിവയും ചേര്‍ക്കാം. ഇതില്‍ അല്പം വിനാഗിരിയും ചേര്‍ക്കുന്നവരും ഉണ്ട്. പഠിക്കുന്ന കാലത്ത് ഉപ്പിലിട്ട മാങ്ങാ കഷ്ണത്തിന് പത്തു പൈസയെങ്ങാണ്ടായിരുന്നു. ഇന്നത് രണ്ടോ അതില്‍ കൂടുതലോ ആയി. ഇന്നും നാട്ടില്‍ പോകുമ്പോള്‍ ഇതൊക്കെ ട്രൈ ചെയ്യും. ചാവക്കാട് ഈ വക ഐറ്റംസ് എപ്പോഴും കിട്ടാറുണ്ട്. കൈതച്ചക്ക (പൈനപ്പിള്‍) ഇതുപോലെ ഉപ്പിലിട്ടതും റാസ് ലിയുടെ (എന്റെ നല്ലപാതി) വീട്ടില്‍ പോകുന്ന വഴി തട്ടാറുണ്ട്.

അതുപോലെ മാങ്ങാ ഉണക്കിയത്, മാങ്ങാ അച്ചാര്‍, മാമ്പഴപ്പുളിശ്ശേരി... അങ്ങിനെ എന്തെല്ലാം! മാങ്ങ എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് കുട്ടിക്കാലമാണ് ഓര്‍മ്മ വരിക.. അല്ലേ?

Monday, February 11, 2008

ഉള്ളിയും പച്ചമുളകും കൂടി ഞെരടിയത്

പെട്ടെന്നുണ്ടാക്കാവുന്ന ഒരു തരം ചമ്മന്തി. നന്നായി വിശക്കുമ്പോള്‍ നല്ല്ല ചുടു ചോറിന്റെയും തൈരിന്റെയും കൂടെ കഴിക്കാവുന്നത്. പണ്ട് സ്കൂളില്‍ നിന്ന് വന്നാലും, നാട്ടിലുള്ളപ്പോള്‍ ജോലി കഴിഞ്ഞ് വന്നാലും ഇതും കൂട്ടിയായിരുന്നു ചോറുണ്ടിരുന്നത്.

കത്തി, ടിസ്പൂണ്‍ എല്ലാം ആദ്യമേ തന്നെ ദൂരേക്ക് മാറ്റിവെക്കുക. ഈ വക ഐറ്റംസ് ഉപയോഗിച്ചാല്‍ ഇതിന്റെ ടേസ്റ്റ് പോകും.

സാധനങ്ങള്‍

1) വാടാത്ത ചെറിയ ഉള്ളി - 20 എണ്ണം
2) അധികം എരിവില്ലാത്ത പച്ചമുളക് (തൊടിയില്‍ ഉണ്ടായത്, അല്ലെങ്കില്‍ നല്ല ഫ്രഷ് ആയത്) - 5 എണ്ണം
3) കറിവേപ്പില ഫ്രഷ് ആയത് - നാലോ അഞ്ചോ ഇലകള്‍
4) വെളിച്ചെണ്ണ - 1 ടിസ്പൂണ്‍ (ആവശ്യം പോലെ ഉപയോഗിക്കാം)
5) ഉപ്പ് - പാകത്തിന്

ഉണ്ടാക്കുന്ന വിധം

ചെറിയ ഒരു പാത്രത്തില്‍ വെച്ച് ഉള്ളിയും, പച്ചമുളകും കൂടി കൈ കൊണ്ട് നന്നായി ചതക്കുക. ചതക്കല്‍ കൂടി ജ്യൂസ് പരുവം ആവരുത്. അതിലേക്ക് കറിവേപ്പില കൈ കൊണ്ട് പീസ് പീസായി മുറിച്ചിടുക. അതിനു ശേഷം ഉപ്പും, വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കുക. ചൂട് ചോറിന്റെ കൂടെ തൈരും കൂട്ടി കഴിക്കുക.

നന്നായാല്‍ എനിക്കൊരു റ്റാങ്ക്യൂ‍ പറയുക. ഇല്ലേല്‍ സ്വയം റ്റാങ്ക്യൂ പറഞ്ഞാല്‍ മതി.

Friday, January 25, 2008

എല്ലും കപ്പയും


(എണ്ണമറ്റ വയനാടന്‍ യാത്രകളില്‍ പരിചയപ്പെട്ടത്‌. കടപ്പാട്‌ ബേബിയങ്കിളിന്‌)
ചേരുവകള്‍:-
1)കപ്പ-1 1/2 കിലോ
2)ബീഫ്‌-1 കിലോ(ബോണ്‍ലെസ്സ്‌ വേണ്ടാ,ഇതിന്‌ അത്യാവശ്യം ബോണ്‍സ്‌ വേണം)
3)സവാള- 1 1/2 കിലോ
4)മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍.
5)മല്ലിപ്പൊടി-1 ടീസ്പൂണ്‍
6)ഗരം മസാല-1/2 ടീസ്പൂണ്‍
7)മഞ്ഞപ്പൊടി- 1/4 ടീസ്പൂണ്‍
8)ഇഞ്ചി - 1 കഷ്ണം(നല്ലോണം പൊടിയായി അരിഞ്ഞത്‌)
9)വെളുത്തുള്ളി-3 കുടം
10)കറിവേപ്പില- 2 1/2 തണ്ട്‌(എല്ലാവരും ൨ തണ്ട്‌-ന്നാ എഴുതാറ്‌. ഒരു ചേഞ്ചായിക്കോട്ടേ)
11)എണ്ണ - ആവശ്യത്തിന്‌
പി.എസ്സ്‌: ഒരുകാര്യം വിട്ടുപോയീ: ഉപ്പ്‌ പാകത്തിന്‌... എപ്പഴും പറ്റണ ഒരു അബദ്ധാണെന്നു കരുത്യാ മതീ-ട്ടോ
ഉണ്ടാക്കുന്ന വിധം
1)കപ്പ കഴുകി വെള്ളം വാര്‍ന്ന ശേഷം ഒരു കലം ഓര്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക.
2)ഇന്‍ ദ മീന്‍ ടൈം,മഹിഷത്തേയും വേവിച്ചെടുക്കുക. പാവങ്ങള്‍ രണ്ടും കുറച്ചു നേരം റസ്റ്റ്‌ ചെയ്തോട്ടേ. ആ സമയം കൊണ്ട്‌ നമുക്ക്‌:
3)ഉള്ളി,വെളുത്തുള്ളി,ഇഞ്ചി ത്രയങ്ങളെ 1 ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ വഴറ്റിയെടുക്കാം.
4)സംഭവം ഒരു 916 ഹോള്‍മാര്‍ക്ക്‌ ആവുമ്പോ ബാക്കിയുള്ള മസാലകള്‍ തട്ടി ഒരു ഐ.വി.ശശി പടത്തിണ്റ്റെ പരുവത്തിലാക്കുക.
5)വഴന്ന മസാലയിലേക്ക്‌ വെന്ത്‌ ഒരു പരുവമായിരിക്കുന്ന മഹിഷത്തെ അപ്പ്‌-ലോഡ്‌ ചെയ്യുക.അവനവിടെക്കിടന്നങ്ങ്‌ട്‌ ശരിക്ക്‌ വേവട്ടേ ഒരഞ്ച്‌ മിനിട്ട്‌.
6)വെന്ത കപ്പയും അപ്പ്‌ലോഡ്‌ ചെയ്യുക...മടിക്കണ്ട,ചെയ്തോളൂ....ദാാാ...ദങ്ങനെ.... ഇനി മൂപ്പരും ശരിക്കങ്ങ്‌ട്‌ വെന്തോട്ടെ.നമ്മള്‌ ശല്യപ്പെടുത്താന്‍ നിക്കണ്ട.
7)സംഭവം വെന്ത്‌ കുഴഞ്ഞ്‌ ഒരു ലെവലാവുമ്പോള്‍,ചൂടോടെ വാങ്ങി ശരിക്കങ്ങ്‌ട്‌ തേമ്പുക. (തേമ്പല്‍ കഴിഞ്ഞാല്‍ ഒരു ഏമ്പക്കം
മസ്റ്റ്‌)

Thursday, January 03, 2008

ഉരുളക്കിഴങ്ങ്‌ മുളകിട്ടത്‌

(അമ്മ ഉണ്ടാക്കിത്തരുന്ന പച്ചക്കറി ഐറ്റംസില്‍,ഞാന്‍ ആസ്വദിച്ച്‌ കഴിക്കുന്നത്‌. നല്ല മട്ടയരിച്ചോറിണ്റ്റെ ഒപ്പം,യെവനും,കട്ടത്തൈരും,കടുമാങ്ങ ഉപ്പിലിട്ടതും കൂടിയുണ്ടെങ്കില്‍...ഭേഷ്‌... ഭേഷ്‌)
ചേരുവകള്‍:-
1)ഉരുളക്കിഴങ്ങ്‌ പുഴുങ്ങിയെടുത്തത്‌-5 എണ്ണം (വലുത്‌)
2)വെളിച്ചെണ്ണ - 2 1/2 ടേ. സ്പൂണ്‍
3)സവാള അരച്ചത്‌- 1 1/2 ടേ. സ്പൂണ്‍
4)മുളകുപൊടി -൩/൪ ടേ. സ്പൂണ്‍
5)ഉപ്പ്‌-പാകത്തിന്‌
ഉണ്ടാക്കുന്ന വിധം
1)പുഴുങ്ങിയ ഉരുളകിഴങ്ങ്‌ ഉടച്ചെടുക്കുക.(ഉട എന്നു വെച്ചാല്‍ ഒരു മീഡിയം ഉട.അത്യാവശ്യം കഷ്നങ്ങല്‍ വേണം. ഇല്ലെങ്കില്‍ സംഗതിക്ക്‌ ഒരു ഗുമ്മ്ണ്ടാവില്ല്യാ)
2)ഉടച്ചെടുത്ത ഉരുളക്കിഴങ്ങില്‍ ഉള്ളി അരച്ചതും,മുളകുപൊടിയും തിരുമ്മുക. (ബോസ്സിണ്റ്റെ മുഖത്താണ്‌ തിരുമ്മുന്നതെന്ന്‌ സങ്കല്‍പ്പിച്ചാല്‍ മതി,തിരുമ്മലിനൊരു സുഖം-ണ്ടാവും)
3)ചീനച്ചട്ടി/പ്രഷര്‍പാന്‍ അടുപത്ത്‌ വെച്ച്‌ ചൂടാവുമ്പോള്‍ എണ്ണയൊഴിച്ച്‌,ഉള്ളിയും,മുളകും തിരുമ്മിയ ഉരുളക്കിഴങ്ങ്‌ അതിലേക്ക്‌ തട്ടുക.
4)പാകത്തിന്‌ ഉപ്പും വിതറി,ഇളക്കലോടിളക്കല്‍,ഇളക്കലോടിളക്കല്‍.
5)സംഭവം പാത്രത്തീന്ന്‌ വിട്ടു വരുന്ന ഒരു അവസ്ഥാവിശേഷമാവുമ്പോള്‍. ഇറക്കിവെയ്ക്കുക
6)Serve Hot (ഹോട്ടിനോടൊപ്പവും സെര്‍വ്‌ ചെയ്യാം)

Wednesday, January 02, 2008

മുട്ട ബുര്‍ജി

ബാംഗ്ളൂരിലെ ബാച്ചികളുടെ ദേശീയ ആഹാരം. പണി എളുപ്പം,ടച്ചിംഗ്സ്‌ ആയും ഉപയോഗിക്കാം)
ചേരുവകള്‍:-
1)മുട്ട-എട്ടെണ്ണം
2)തക്കാളി-വലുതാണെങ്കില്‍ 3 ചെറുതാണെങ്കില്‍ 4-5
3)സവാള-4-5(വലുത്‌)
4)പച്ചമുളക്‌-4-5 (വലുതാണെങ്കില്‍ എണ്ണം കുറയ്ക്കാം. അല്ലാതെ എന്നെ തെറി വിളിച്ചിട്ട്‌ യാതൊരു കാര്യവുമില്ല)
5)വെളിച്ചെണ്ണ-2 ടേബിള്‍ സ്പൂ
6)‍വെള്ളം-(ഐ മീന്‍,പച്ചവെള്ളം. തെറ്റിദ്ധാരണകള്‍ തല്‍ക്കാലം മാറ്റി വെയ്ക്കൂ)-ആവശ്യത്തിന്‌
7)ഉപ്പ്‌,കുരുമുളക്‌ പൊടി-അവനോണ്റ്റെ രുചിക്കനുസരിച്ച്‌
8)മല്ലിയില,കറിവേപ്പില-ഓരോ തണ്ട്‌
ഉണ്ടാക്കുന്ന വിധം:-1)സവാള കുനുകുനാ അരിയുക.(അരിഞ്ഞത്‌ കണ്ടാല്‍ ആരോടോ ഉള്ള ദേഷ്യം തീര്‍ത്തതു പോലെ തോന്നണം.)
2)തക്കാളിയും കുനുകുനാ കട്ട്‌-കട്ട്‌-കട്ട്‌-കട്ട്‌.
3)പച്ച മുളക്‌ പൊടിയാക്കി അരിഞ്ഞു വെക്കുക.
4)ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍(പ്രഷര്‍ പാനായാലും വല്യ തരക്കേടൊന്നൂല്ല്യാ) 2 ടേ.സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കുക.
5)അതിലേക്ക്‌ സവാള ഇട്ട ശേഷം ഒരല്‍പ്പം മാറി നില്‍ക്കുക.ഇല്ലെങ്കില്‍ ചിലപ്പോ പണി കിട്ടും.
6)സവാള ഒന്ന്‌ വഴണ്ട്‌ കഴിയുമ്പോള്‍ തക്കാളിയും,പച്ചമുളകും തട്ടുക.
7)കുറച്ച്‌ വെള്ളം ഒഴിച്ച്‌ ഉപ്പുമിട്ട ശേഷം പാത്രം മൂടിവെയ്ക്കുക.ആ പാവം അവ്‌ടെ കിടന്ന്‌ വെന്തോട്ടെ.
(ഈ സമയം ക്രിയേറ്റീവായി 1-2 ലാര്‍ജ്ജടിക്കാനാണ്‌ സാധാരണ ബാച്ചികള്‍ ഉപയോഗിക്കാറ്‌)
8)വെന്ത്‌ ഒരു ലെവലായ തക്കാളി-ഉള്ളി-പച്ചമുളക്‌ കോമ്പിനേഷനിലേക്ക്‌ യാതൊരു ദയയുമില്ലാതെ മുട്ടകള്‍ പൊട്ടിച്ചൊഴിക്കുക.അവ്‌ടെകെടക്കട്ടെ കുറച്ച്‌ നേരം.
9)മുട്ട ഒരു പാതി വേവാകുമ്പോള്‍ ചറപറാ ചറപറാ-ന്ന് ഇളക്കുക."ശ്രീ" എന്ന് എഴുതിപ്പഠിച്ചാലും മതി. ഇപ്പോള്‍ നമ്മുടെ ഐറ്റം തക്കാളി ചട്നിയില്‍ വീണ 'സ്ക്രാമ്പിള്‍ഡ്‌ എഗ്ഗി'ണ്റ്റെ പരുവത്തിലിരിക്കും.
10)അരിഞ്ഞു വെച്ച മല്ലിയില,കറിവേപ്പില കൂട്ടായ്മയേയും,കുരുമുളകു പൊടിയും വിതറി ചൂടോടു കൂടി ചോറ്‌/ചപ്പാത്തി ഇത്യാദികളുടെ ഒപ്പം അങ്ങ്‌ടാ പൂശ്‌ാ