Showing posts with label chicken. Show all posts
Showing posts with label chicken. Show all posts

Wednesday, July 25, 2007

നാടന്‍ ഇഞ്ചിക്കോഴി (ജിഞ്ചര്‍ ചിക്കന്‍)

നാടന്‍ ഇഞ്ചിക്കോഴി അഥവാ ജിഞ്ചര്‍ ചിക്കന്‍.


ജിഞ്ചര്‍ ചിക്കന്‍ ഒരു ചൈനീസ് വിഭവമാണ്. ഇതിനെ ഞാനൊന്ന് നാടനാക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് താഴെ കൊടുക്കുന്നത്. സംഗതി കൊള്ളാമെന്ന് തോന്നി.






ആവശ്യമുള്ള സാധനങ്ങള്‍


കോഴി - ഒരു കിലോ . കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കിയത്.
വലിയ ഉള്ളി - മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്. ചെറിയ ഉള്ളിയാണെങ്കില്‍ ഒരു കപ്പ് അരിഞ്ഞത്)
വെളുത്തുള്ളി - ഒന്ന് (മുഴുവന്‍)

ഇഞ്ചി - 100 ഗ്രാം
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
കാഷ്മീരി മുളക് പൊടി - ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ നീര് – ഒരു ടീസ്പൂണ്‍
കുരുമുളക് - ഒന്നര ടീസ്പൂണ്‍ ചതച്ചത്
വിനാഗിരി - 2 ടീസ്പൂണ്‍
വേപ്പില – ഒരു കതിര്‍പ്പ്
ഉപ്പ് - ആവശ്യത്തിനു.
എണ്ണ – ആവശ്യത്തിനു


ഉണ്ടാക്കേണ്ട വിധം




വൃത്തിയാക്കിയ കോഴിയില്‍ അത്യാവശ്യത്തിനു ഉപ്പും കാല്‍ ടീസ്പൂണ്‍ മഞ്ഞളും ചെറുനാരങ്ങ നീരും ചേര്‍ത്ത് ഒന്നര മണിക്കുര്‍ ഫ്രിഡ്ജില്‍ വെക്കുക. (ആവശ്യമെങ്കില്‍ ഒരു നുള്ള് റെഡ് കളര്‍ പൊടിയും ചേര്‍ക്കാം)
കോഴിക്കഷണങ്ങള്‍ എണ്ണയില്‍ വറുത്ത് കോരുക. (അധികം കരുകരുപ്പാവരുത് . മുക്കാല്‍ വെന്താല്‍ മതിയാവും.)
ഇഞ്ചിയും വെളുത്തുള്ളിയും മിക്സിയിലിട്ട് അരച്ച് മാറ്റി വെക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ കാല്‍ കപ്പ് എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി അരപ്പ് ചേര്‍ത്തിളക്കുക. പച്ച മണം പോകുമ്പോള്‍ ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന വലിയ ഉള്ളി ചേര്‍ത്തിളക്കുക. ഉള്ളിയുടെ നിറം ഒരു മാറി വരുമ്പോള്‍ മുളക് പൊടിയും കുരുമുളക് പൊടിയും വിനാഗിരിയും വേപ്പിലയും ചേര്‍ത്തിളക്കുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന കോഴികഷണങ്ങള്‍ ചേര്‍ക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. (ചാറോടു കൂടി വേണമെങ്കില്‍ അര ഗ്ലാസ് തിളച്ച വെള്ളം ഈ സമയത്ത് ചേര്‍ക്കാം.) തീ കുറച്ച് പാത്രം മൂടി വെച്ച് പത്തു മിനിട്ട് വേവിക്കുക.


ചോറ് , ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാം.


ഡ്രൈ ആക്കിയെടുക്കുകയാണെങ്കില്‍ ഇതു ഒരു ടച്ചിങ്സായും ഉപയോഗിക്കാം.




വാല്‍ക്കഷണം


സത്യത്തില്‍ നളപാചകത്തിലെ ഈ അന്‍പതാം പോസ്റ്റ് ഞാന്‍ തന്നെ ഇടണോ എന്ന സംശയവുമായി രണ്ടാഴ്ചയില്‍ കൂടുതലായി. പിന്നീട് പ്രശസ്തനായ ഒരു ബ്ലോഗറോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ഏതെങ്കിലും ഒരു സെലിബ്രിറ്റിയെക്കൊണ്ട് നമുക്ക് എഴുതിപ്പിക്കാമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ സംഘടിപ്പിച്ചുതരാമെന്നും പറഞ്ഞു. ഞാന്‍ കാത്തിരുന്നു. രണ്ടാഴ്ചകഴിഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ‘ഇപ്പ ശരിയാക്കി തരാം’ എന്ന് പറഞ്ഞു.
അടുത്ത രണ്ടു ദിവസങ്ങളിലും ഇതു തന്നെ.
അവസാനം രണ്ടും കല്‍പ്പിച്ച് ഞാന്‍ ചോദിച്ചു
‘നളപാചകത്തില്‍ ഇങ്ങനെ ഒരു പോസ്റ്റിടാന്‍ താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സെലിബ്രിറ്റി ഏതാണ് ?’
ഉടന്‍ വന്നു ഉത്തരം.
’കമലഹാസന്‍’
‘ഓഹോ.. എന്നിട്ട് പുള്ളിയെ കിട്ടിയോ ?’
‘എവിടെ കിട്ടാന്‍.. കമലഹാസനെ വിളിക്കുമ്പോള്‍ മാമുക്കോയയാണ് ഫോണെടുക്കുന്നത്..’
‘അതെങ്ങനെ ? ‘
‘ആ.. ആര്‍ക്കറിയാം..’
‘എന്നാല്‍ മാമുക്കോയയോടെങ്കിലും പറയൂ ഒരു പാചകക്കുറിപ്പെഴുതാന്‍....’
‘ഇനി വിളിച്ചാല്‍ തന്നെയും തന്റെ ബ്ലോഗും ചവിട്ടിക്കൂട്ടി മീനിച്ചിലാറിലൊഴുക്കുമെന്നാണ് പറഞ്ഞത്..’
ഒരു പാചകകുറിപ്പെഴുതിയതിന്റെ പേരില്‍ ബ്ലോഗര്‍മാര്‍ക്ക് മനസ്സമാധാനത്തോ‍ടെ ജീവിക്കാന്‍ പറ്റില്ലെന്നു വെച്ചാല്‍ ഭയങ്കര കഷ്ടം തന്നെ.

Monday, April 16, 2007

ഒരു ഡസന്‍ ഐറ്റംസ് കൊണ്ട് ഒരു ചിക്കന്‍ കറി.

1. ചിക്കന്‍ : ഒരു കിലോ.
2. വലിയ ഉള്ളി : (ഇടത്തരം) 4 എണ്ണം.
3. വെളുത്തുള്ളി : അര പണ, (അര കുടം/ നാലോ അഞ്ചോ ഇല്ലികള്‍)
4. ഇഞ്ചി ചെറിയ കഷ്ണം.
5. പച്ചമുളക്‌ : 4 എണ്ണം.
6. തക്കാളി : 2 (ഇടത്തരം).
7. മുളക്‌ പൊടി : ഒന്നര ടീസ്പൂണ്‍ (എരിവ്‌ കുറഞ്ഞതാണെങ്കില്‍. അല്ലെങ്കില്‍ ഒന്നര ടീസ്പൂണ്‍ ചേര്‍ത്താല്‍ വിവരമറിയും. ഞാനല്ല, കഴിക്കുന്നവര്‍.)
8. മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍.
9. കുരുമുളക്‌ പൊടി : അര ടീസ്പൂണ്‍
10. ഉപ്പ്‌ : പാകത്തിന്‌.
11. പാചകത്തിനുപയോഗിക്കുന്ന ഏതെങ്കിലും ഒരു എണ്ണ.
12. ഗരം മാസാല. കാല്‍ സ്പൂണ്‍.


പാകം ചെയ്യാന്‍ തുടങ്ങും മുമ്പ്‌ ഇത്രയും വീട്ടിലുണ്ടങ്കില്‍ മാത്രം ഇപ്പണിക്ക്‌ നില്‍ക്കുക. ഇല്ലങ്കില്‍ അടുത്ത വീട്ടില്‍ പോയി സംഘടിപ്പിച്ച ശേഷം മാത്രം തുടങ്ങുക.


പാചകത്തിലേക്ക്‌ എടുത്ത്‌ ചാടും മുമ്പ്‌ :-

1. ചിക്കന്‍ പീസ്‌ പീസാക്കുക.

2. വലിയ ഉള്ളി കനം കുറച്ച്‌ വെട്ടിവെക്കുക.

3. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്‌ ഇവ നന്നായി ചതക്കുക. (ചതക്കാന്‍ സൌകര്യമില്ലങ്കില്‍ അതിന്‌ സംവിധാനം ഉണ്ടാക്കുക. മുകളിലെ ലിസ്റ്റില്‍ പറഞ്ഞില്ലന്ന കാരണത്താല്‍ ശ്രദ്ധിക്കാതിരുന്നാല്‍ നിങ്ങള്‍ വാങ്ങിയ സാധനങ്ങള്‍ നഷ്ടം.)

4. തക്കാളി ചെറുതായി വെട്ടിവെക്കുക.

5. മഞ്ഞപ്പൊടി, മുളക്‌ പൊടി, ഗരം മസാല എന്നിവ കൈയ്യെത്തും ദൂരത്ത്‌ ഉണ്ടെന്ന് ഉറപ്പ്‌ വരുത്തുക.


രണ്ടും കല്‍പ്പിച്ചുള്ള എടുത്ത്‌ ചാട്ടം :-

വലിയ ഉള്ളി എണ്ണയിലിട്ട്‌ ഫ്രൈ ചെയ്യാന്‍ തുടങ്ങുക. 50% ഫ്രൈ ആയ ശേഷം പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി ഇവന്മാരുടേ സംയുക്ത യൂണിയനെ അതില്‍ ചേര്‍ത്ത്‌ നന്നായി ഇളക്കുക.

നന്നായി ഫ്രൈ ആയ ശേഷം മുളക്‌ പൊടി, മഞ്ഞപ്പൊടി, കുരുമുളക്‌ പൊടി ഇവ ചേര്‍ത്ത്‌ നന്നായി ഇളക്കി ഒരു രണ്ട്‌ മിനുട്ടിന്‌ ശേഷം തക്കളിയും കൂടെ ഉപ്പും ഇടുക.

ഇനി കുറഞ്ഞ തീയില്‍ പത്ത്‌ മിനുട്ട്‌ വെച്ചാല്‍ എല്ലാം കൂടെ ഒരു പേസ്റ്റ്‌ പരുവമാകും. പത്ത്‌ മിനുട്ട്‌ വെച്ചിട്ടും ആവുന്നില്ലങ്കില്‍ ആവുന്ന വരെ വെക്കുക. അല്ല പിന്നെ. ടി പേസ്റ്റില്‍ (ഇത്‌ കണുമ്പോള്‍ ടൂത്ത്‌ പേസ്റ്റി ഓര്‍മ്മ വരുന്നെങ്കില്‍ അത്‌ നിങ്ങളുടെ മാത്രം തെറ്റാണ്‌.) ഗരം മാസാല ചേര്‍ത്ത് പീസ്‌ പീസാക്കിയ കുക്കടത്തെ മിക്സ്‌ ചെയ്ത്‌ ചെറിയ തീയില്‍ വേവിച്ചെടുക്കുക.

വേവാനാവശ്യമായ സമയം വെറുതെ നില്‍ക്കണ്ട... മൂളിപ്പാട്ട്‌ പാടിക്കോളൂ.

ഇതിനിടയിലെവിടെയെങ്കിലും വെള്ളം വല്ലതും കഴുകാനല്ലാതെ ഉപയോഗിക്കരുത്‌.


വാല്‍കഷ്ണം:
1. ഇതില്‍ ഖുബ്ബൂസ്‌/ചപ്പത്തി/പത്തിരി മുതലായ കൂട്ടി ഞം ഞം ന്ന് തിന്നുമ്പോ വല്ലതും കൂടുകയോ കുറയുകയോ ചെയ്തെന്ന് തോന്നിയാല്‍ അതിന്റെ ഉത്തരവാദി നിങ്ങള്‍ തന്നെയായിരിക്കും.

2. ഇത്‌ കഴിച്ച്‌ ആര്‍ക്കെങ്കിലും മെഡിക്കല്‍ ലീവ്‌ കിട്ടിയാല്‍ താങ്ക്സ്‌ പറയാനൊന്നും നിക്കണ്ട. ഞാനത്‌ ഇപ്പോള്‍ തന്നെ വരവ്‌ വെച്ചു.

3. ഇത് കറിയല്ലന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് പൂര്‍ണ്ണ സമ്മതം. പക്ഷേ വേറെ ഒരു പേര് നിര്‍ദ്ദേശിക്കണം.

Monday, February 19, 2007

ചിക്കന്‍ കുറുമാനിയ

ചിക്കന്‍ കുറുമാനിയ

നളപാചകത്തിലെ ഒരു കോണ്‍ട്രിബ്യൂട്ടറായി കുറിയും കുത്തി ഇരിക്കാന്‍ തുടങ്ങിയിട്ട്, നാളിതുവരേയായി, ആളുകളുടെ വായക്ക് രുചിയും, വയറിന് ഒരു ഹരവും, കഴിച്ച് പിറ്റേ ദിവസം രാവിലെ അതേ വയറിന് തന്നെ ഒരു ആശ്വാസവും തരാന്‍ ഉതകുന്ന ഏതെങ്കിലും ഒരു വിഭവത്തിന്റെ പാചകക്കുറിപ്പ് പ്രിയപെട്ട ബ്ലോഗേഴ്സിന് നല്‍കൂ, നല്‍കൂ, എന്ന് സാക്ഷാല്‍ നളന്‍ (ബ്ലോഗര്‍ നളനല്ല) ഇന്നലെ രാത്രിയിലെ ഗഹനമായ ഉറക്കത്തിന്റെ ഇടയില്‍ സ്വപ്നമായി വന്നു പറഞ്ഞു.

നളപാചകത്തില്‍ ഒരു പോസ്റ്റിടൂ എന്ന് നളന്‍ വന്നു പറഞ്ഞാല്‍, പിന്നെ ഒളിച്ചു കളിക്കാതെ പോസ്റ്റിട്ടില്ലെങ്കില്‍ അതു ചളമാവില്ലെ?

ഉവ്വ് എന്നാണെന്റെ പക്ഷം.

“ചിക്കന്‍ കുറുമാനിയ“ എന്ന പേര് കേട്ടിട്ട്, എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഞാന്‍ ഈ പാചകകുറിപ്പ് പരീക്ഷിച്ചു നോക്കുകയില്ലേ. കര്‍ത്താവാണേ, ഭര്‍ത്താവാണേ, ഒടേ തമ്പുരാനാണേ എന്നൊന്നും തീരുമാനിക്കാന്‍ വരട്ടെ. ആദ്യം ഇതൊന്ന് വായിച്ച് നോക്കുക. പാചകശിരോമണികളായ വനിതകളും, പുരുഷുകളും നമ്മുടെ ബ്ലോഗേഴ്സിന്റെ ഇടയില്‍ ധാരാളം ഉണ്ടല്ലോ. എന്നിട്ട് സമയവും, സന്ദര്‍ഭവും, മനോധൈര്യവും ഉള്ളവര്‍ ഇത് പരീക്ഷിച്ച്, അഭിപ്രായം ഇതേ ബ്ലോഗില്‍ തന്നെ അറിയിച്ചാല്‍, അറച്ചു നില്‍ക്കുന്നവര്‍ക്കും, മടിച്ചു നില്‍ക്കുന്നവര്‍ക്കും ഈ സ്വാദിഷ്ടമായ ചിക്കന്‍ - കറിയെന്നു വിളിക്കാന്‍ പറ്റില്ല, എന്നാ മസാലയെന്നു വിളിക്കാമോ? ഇല്ല അതും പറ്റില്ല? റോസ്റ്റ്? നോ വേ. വരട്ടിയത്? ഇല്ലേയില്ല.

പിന്നെന്തൂട്ടാഷ്ടാ ഈ കുന്തം. ഇതാണ് ചിക്കന്‍ കുറുമാനിയ!

ഇത് ഉണ്ടാക്കുന്നത് വനിതകളാണെങ്കില്‍ താഴെ പറയുന്നതുപോലെ ഉണ്ടാക്കിയാല്‍ മാത്രം മതി. അതല്ലാ പുരുഷന്മാരാണെങ്കില്‍, പാചക സമയം രസാവഹമാക്കാന്‍, അല്ലെങ്കില്‍ ആസ്വാദകരമാക്കുവാന്‍, അവനവന്റെ കപ്പാസിറ്റിക്കനുസരിച്ച് രണ്ടോ, മൂന്നോ പെഗ്ഗ് അടിക്കാവുന്നതാണ്. അതില്‍ കൂടരത്. കാരണം അതു കഴിഞ്ഞാല്‍ കറിയുടെ സ്വാദ് ആസ്വദിക്കുവാന്‍ പറ്റില്ല!

ചേരുവകള്‍

ചിക്കന്‍ - 1 1/2 കിലോ ( ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കിയത് - ഫ്രെഷ് ചിക്കന്‍ ആണ് കൂടുതല്‍ അഭികാമ്യം)

മല്ലിപൊടി - 4 ടേബിള്‍സ്പൂണ്‍
മുളകുപൊടി - 2 1/2 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞപൊടി - 1/2 ടീസ്പൂണ്‍
ഗരം മസാല - 1 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്‘
ജീരകപൊടി - ഒരു നുള്ള് (നിര്‍ബന്ധമില്ല)

സവാള അഥവാ സബോള - 4 എണ്ണം (വലിയത്) - വളരെ കനം കുറച്ച് അരിയുക
ചെറിയ ഉള്ളി - 10-15 എണ്ണം - ഇതും കനം കുറച്ച് അരിയുക
നാളികേര കൊത്ത് - 1/2 മുറിയുടേത് (കനം കുറച്ച്, ചെറുതായി 1/2 ഇഞ്ച് നീളത്തില്‍ കൊത്തിയത്)
ഇഞ്ചി - 1 1/2 ഇഞ്ച് നീളം - പൊടിയായി അരിഞ്ഞത് (വീതി എത്ര വേണം എന്നൊന്നൊന്നും ആരും ചോദിച്ചേക്കരുത്)

തക്കാളി - 2 എണ്ണം (ഇടത്തരം വലുപ്പമുള്ളത്) - കുരു കുരുന്നനെ അരിഞ്ഞത്
വെളുത്തുള്ളി - 7-8 അല്ലി അഥവാ ചുള - പൊടിയായി അരിഞ്ഞത്
പച്ചമുളക് - 6 എണ്ണം, 3 എണ്ണം നെടുകെ പിളര്‍ന്നത് (ഇനിയിപ്പോ നെടുകെ പിളര്‍ന്നില്ലാന്നു വച്ചിട്ട് ഒരു പുല്ലും സംഭവിക്കാന്‍ പോകുന്നില്ല), 3 എണ്ണം ചെറുതായി ഓമ്ലേറ്റിലേക്കരിയുന്നതുപോലെ അരിയുക.
കറിവേപ്പില - 4 തണ്ട്

പാചകം ചെയ്യുന്ന വിധം : ജപ്പാന്‍ ചട്ടി (അതില്ലെങ്കില്‍, ചീന ചട്ടിയോ, എന്തിനതികം, മണ്‍ചട്ടി മാത്രം മതിയെന്നല്ലാ, പക്ഷെ അതാണെങ്കില്‍ സൂപ്പര്‍) അടുപ്പില്‍ വച്ച്, ചൂടായതിനുശേഷം ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചണ്ണ അതിലേക്കൊഴിച്ച്, മുളകുപൊടിയും, മല്ലിപൊടിയും അതിലേക്കിട്ട്, ചെറിയ തീയില്‍ ബ്രൌണ്‍ നിറം വിടുന്നതു വരെ വറുക്കുക (കരിക്കരുത്). കഴുകി വെള്ളം പിഴിഞ്ഞു മാറ്റിയ കോഴികഷ്ണത്തിലേക്ക്, എല്ലാം സര്‍വ്വേശ്വരാ നീയെ തുണ എന്നു പറഞ്ഞ് (പറഞ്ഞില്ലെങ്കിലും യാതൊന്നും സംഭവിക്കില്ല) വറുത്ത മസാല ചേര്‍ക്കുക. അരിഞ്ഞു വച്ചിരിക്കുന്നതില്‍ നിന്നും, പകുതി ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, ചെറുതായി അരിഞ്ഞ പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, അര സ്പൂണ്‍ കുരുമുളകു പൊടി എന്നിവ ചേര്‍ക്കുക. ആ കൂട്ടിലേക്ക് രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും, മുകളില്‍ പറഞ്ഞിരിക്കുന്ന മഞ്ഞപൊടിയും, ആവശ്യത്തിന്നുപ്പും, കൊത്തി വച്ചിരിക്കുന്ന തേങ്ങാ കൊത്തുകളും ചേര്‍ത്ത് നന്നായി തിരുമ്മി വക്കുക. (എത്ര അധികം നേരം ഈ തിരുമ്മി വച്ചിരിക്കുന്നോ അത്രയും, നല്ലത്, അതു കരുതി നാലു മണിക്കൂറിനു മേലെ വച്ചാല്‍, കോഴി വളിച്ചു പോകുന്നതിന്നുത്തരവാദി ഞാനല്ല).

ചീന ചട്ടി ചൂടായതിനു ശേഷം, അതില്‍, മൂന്നു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടായ ശേഷം (എണ്ണ അവനവന്റെ ആരോഗ്യത്തിന്നനുസരിച്ച്, കൂട്ടുകയും, കുറക്കുകയും ചെയ്യാം, അല്ലാതെ, ഡേഷെ, നിന്റെ റെസീപ്പി പ്രകാരം കറി വച്ചു തിന്നാന്‍ തുടങ്ങിയതിന്നു ശേഷം എന്റെ കൊളസ്ട്രോള്‍ കൂടി എന്നാരും എന്നെ പറയരുത്), അതിലേക്ക്, ആദ്യം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും, വെളുത്തുള്ളിയും ചേര്‍ക്കുക. അതൊന്നല്പം മൂത്താല്‍, സവാളയും, കീറി വച്ചിരിക്കുന്ന പച്ചമുളകും ചേര്‍ത്ത നന്നായി വഴറ്റുക. ആ വഴറ്റുന്ന ചേരുവയുടെ നിറം മാറി കാപ്പി പൊടി നിറം, അഥവാ, സവാള സീ ത്രൂ പരുവത്തിലാകുമ്പോള്‍, തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക. എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍, രണ്ടു തണ്ടു കറിവേപ്പിലയും, മസാല പുരട്ടി വച്ചിരിക്കുന്ന കോഴികഷ്ണങ്ങളും ചേര്‍ക്കുക. നല്ലതുപോലെ ഇളക്കി ചേര്‍ത്ത്, അടപ്പെടുത്ത് ചീനചട്ടി മൂടുക. തീ ചെറുതാക്കാന്‍ മറക്കരുത്.

ചൂടു തട്ടുമ്പോള്‍ കോഴി, സ്വമേദയാ അടിച്ചിട്ടുള്ള വെള്ളങ്ങളെല്ലാം വാളുവെക്കും എന്നതിനാല്‍, ഒരു പത്ത് നിമിഷത്തിനുള്ളില്‍ ചീന ചട്ടിയില്‍ വെള്ളം കോഴികഷ്ണങ്ങളെ മൂടിയിരിക്കുന്ന പാകത്തില്‍ വെട്ടി തിളക്കുന്നുണ്ടായിരിക്കും. അടപ്പ് മാറ്റി, അവശേഷിച്ചിരിക്കുന്ന അര സ്പൂണ്‍ കുരുമുളകു പൊടിയും, ഗരം മസാല പൊടിയും ചേര്‍ത്ത് വീണ്ടും ഇളക്കുക.

പത്ത് മിനിറ്റ് ചെറിയ തീവില്‍ വേവിച്ചതിനു ശേഷം, ചീനചട്ടിയുടെ മൂടി തുറന്ന്, ചീന ചട്ടിയില്‍ ഉള്ള വെള്ളം വറ്റിക്കുക. ഇടക്കിടെ ഇളക്കികൊണ്ടിരിക്കണം. അല്ലെങ്കില്‍ അടിയില്‍ പിടിച്ചതെപ്പോഴെന്നു ചോദിച്ചാല്‍ മതി. (അഥവാ അങ്ങിനെ സംഭവിച്ചാല്‍, അടിയില്‍ പിടിക്കുന്നതിന്നുത്തരവാധി ഞാന്‍ അല്ല എന്നും ഈ അവസരത്തില്‍ ഞാന്‍ പറയാനാഗ്രഹിക്കുന്നു)

ഇളക്കി, ഇളക്കി, കോഴിക്കറി ഒരു കറുത്ത പരുവത്തിലായി തീരും (ചെറുതീയിലാണെന്നോര്‍മ്മ വക്കുക). ആ അവസരത്തില്‍, അല്പം ജീരകപൊടി (ഇഷ്ടമുള്ളവര്‍ മാത്രം) ചേര്‍ത്ത്. തീ കെടുത്തുക.

ഒരു ചെറിയ ചീന ചട്ടിയിലോ, ഫ്രൈയിങ്ങ് പാനിലോ, ഒരു സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞു വച്ചിരിക്കുന്നതില്‍ അവശേഷിച്ച ചെറിയ ഉള്ളി മൂപ്പിക്കുക. ഉള്ളി പകുതി മൂത്തതിനുശേഷം, ശേഷിക്കുന്ന ഒരു തണ്ട് കറിവേപ്പിലയും, ഒരു നുള്ള് മുളകു പൊടിയും ചേര്‍ത്ത് നന്നായിളക്കി, ഈ കൂട്ട് വെന്തൊരുങ്ങിയിരിക്കുന്ന “ചിക്കന്‍ കുറുമാനിയ“ യുടെ മുകളിലേക്കൊഴിക്കുക. വീണ്ടും നന്നായി ഇളക്കി, ഒരഞ്ചു മിനിറ്റു നേരത്തേക്കു കൂടി അടച്ചു വയ്ക്കുക.

“ചിക്കന്‍ കുറുമാനിയ” തയ്യാര്‍.

ചോറിനൊപ്പമോ, കുബൂസിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ, കള്ളിനൊപ്പമോ, എങ്ങിനെ വേണമെങ്കിലും നിങ്ങള്‍ക്കീ ചിക്കന്‍ കറുമാനിയ കഴിക്കാം.

സത്യമായും, നിങ്ങള്‍ ഇത് ഇഷ്ടപെടും എന്നെനിക്കുറപ്പുണ്ട്.

അഭിപ്രായങ്ങള്‍ അറിയിച്ചാല്‍, റിസ്ക് ഫാക്ടര്‍ ഒഴിവായി കിട്ടും :)

(ഈ കറിക്കുള്ള ക്രെഡിറ്റ് മുഴുവന്‍ എന്റെ അമ്മ - ശ്രീമതി അംബിക ഉണ്ണികൃഷ്ണന്)

Wednesday, January 24, 2007

തൊട്ട് സേവിക്കുവാന്‍...

(2 പേര്‍ക്കു തൊട്ടു സേവിക്കുവാന്‍)

കോഴി 500 ഗ്രാം ചെറിയ കഷ്ണങ്ങളാക്കിയത്
* മല്ലിപ്പൊടി, മുളക്‌പൊടി, അയമോദകം കാല്‍ ടീസ്പൂണ്‍ വീതം

* ഇഞ്ചി ഒരിഞ്ച് നീളത്തില്‍
* വെളുത്തുള്ളി അഞ്ച് അല്ലി
* പച്ച കുരുമുളക് കാല്‍ റ്റീസ്പൂന്ണ്‍
(* എല്ലാം ഒരുമിച്ച് അരച്ചത്‌ )
ഇറച്ചി മസാല കാല്‍ റ്റീസ്പൂണ്‍
‍കാന്താരി മുളക്‌ പത്തെണ്ണം
കറിവേപ്പില ഒരു തണ്ട്
വെളിച്ചെണ്ണ മൂന്ന് റ്റീസ്പൂണ്‍
ഉപ്പ്‌ പാകത്തിന്ന്‍















കാന്താരി മുളകും കറിവേപ്പിലയും ഒഴികെ ബാക്കിയെല്ലാം ഒരു പേസ്റ്റ്‌ രൂപത്തില്‍ ആക്കുക..മുറിച്ച്‌ വെള്ളമൂറിയ കോഴിയിലേക്ക്‌ നല്ലോണ്ണം പുരട്ടുക..അര മണിക്കൂര്‍ അടച്ചുവയ്ക്കുക..ഇരുമ്പ്‌ ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുമ്പൊള്‍ തീ വളരേ ചെറുതാക്കി മസാല പുരട്ടിയ കോഴി ഇടുക..അല്‍പ്പം കഴിഞ്ഞ്‌ കറിവേപ്പില, കാന്താരി മുളക്‌ ചേര്‍ക്കാം..ഇടയ്ക്കിടെ ഇളക്കുക..15-20 മിനുട്ടില്‍ ടച്ചിങ്ങ്സ്‌ റഡി..

Monday, September 18, 2006

ചിക്കണ്‍ 360

വേണ്ട ചേരുവകള്‍

1. കോഴി - 1 കിലൊ (ഇടത്തരം വലിപ്പത്തില്‍ മുറിച്ചത്)

വലിയ ഉള്ളി - 4 എണ്ണം വലുത് (ഇടത്തരം വലിപ്പത്തില്‍ അരിഞ്ഞത്)

വെളുത്തുള്ളി - ഒരു കുടം (8 അല്ലി - ചതച്ചത് )

പച്ച മുളക് - 4 എണ്ണം (രണ്ടായി കീറിയത്)

കുരുമുളക് പൊടി - 1 ടേ.സ്പൂണ്‍

മുളക് പൊടി (കാശ്മീരി ചില്ലി) - 2 ടേ.സ്പൂണ്‍

ഗരം മസാലപ്പൊടി - അര ടേ.സ്പൂണ്‍

മല്ലിപ്പൊടി - 2 ടേ.സ്പൂണ്‍

തക്കാളി - 3 എണ്ണം (ചെറുതായി അരിഞ്ഞത്)

ഉപ്പ് - ആവശ്യത്തിന്

2. വെളിച്ചെണ്ണ - 3 ടേ.സ്പൂണ്‍

3. വേപ്പില - 2 തണ്ട്

4. മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം
ഒന്നാമത്തെ ചേരുവകള്‍ എല്ലാം ഒരു കുക്കറിലാക്കി നാലു സ്പൂണ്‍ വെള്ളവുമായി മിക്സ് ചെയ്യുക. ഒരു വിസില്‍ വരുന്നതു വരെ വേവിക്കുക. വിസില്‍ വന്നാല്‍ പത്തുമിനിട്ട് ചെറിയ തീയില്‍ വേവിച്ചതിനുശേഷം ഇറക്കി വെക്കുക. പരന്ന ഒരു ഫ്രയിംഗ് പാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. ചൂടായാല്‍ വേപ്പില ചേര്‍ത്ത് ഇളക്കുക. പിന്നീട് കുക്കറിലെ കറി ഫ്രയിങ് പാനിലേക്ക് ചേര്‍ത്ത് മീഡിയം ചൂടില്‍ ഇളക്കിക്കൊണ്ടിരിക്കുക. വെള്ളം വറ്റി എണ്ണ തെളിഞ്ഞു വരുന്നതുവരെ ഇളക്കിക്കൊണ്ടേയിരിക്കണം. വെള്ളം വറ്റുമ്പോള്‍ തീ കുറയ്ക്കുക. ഡ്രൈ ആയി വരുമ്പോള്‍ മല്ലിയിലയും ചേര്‍ത്തിളക്കിയാല്‍ വിളമ്പാന്‍ റെഡി.


ഈ കറി വളരെ എളുപ്പം തയ്യാറാക്കാം. എണ്ണയും കുറവ്.


ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഗരം മസാലയും മല്ലിപ്പൊടിയും കുറക്കാവുന്നതാണ്.