Thursday, February 28, 2008

പുളിവെള്ളം

വംശനാശം സംഭവിച്ചു കൊണ്ടു ഇരിക്കണ ഒരു കൂട്ടം...

പേരു

പുളിവെള്ളം

അത്യാവശ്യം വേണ്ടത്..

ഒരു ലിറ്റര്‍ കെ .ഡബ്ലിയു .എ യുടെ വെള്ളം.... (കിണറു വാട്ടര്‍ ആയാലും അഡ്ജസ്റ്റ് ചെയ്യാം.)

പുളി -ഒരു ചെറു നാരങ്ങാ വലുപ്പത്തില്‍

വെളിച്ചെണ്ണ -കടുക് വറക്കാന്‍ (ഒരു രണ്ടു ടേബിള്‍ സ്പൂണ്‍ )

കടുക്- ഒരു സ്പൂണ്‍

കറി വേപ്പില -രണ്ടു തണ്ട് ..

വറ്റല്‍ മുളക് -മൂന്നു , നടു വെട്ടിയത്...

ഉള്ളി-കുനു കുനാ അറിഞ്ഞത് -ഒരു വലിയ സ്പൂണ്‍..

ഉപ്പ്-അവനോനു വേണ്ടത് ..

പിന്നെ ഇത്തിരി ഉഴുന്ന് പരിപ്പ് ........

ഉപയോഗ ക്രമം

പുളി വെള്ളത്തില്‍ ഇട്ടു കൊറച്ചു നേരം വെച്ചു പിഴിഞ്ഞു എടുക്കുക...

അടുപ്പത്ത് ഒരു ചീന ചട്ടിയോ, അല്ലേല്‍ വേറെ കിട്ടിയ എന്തേലും പാത്രം വെച്ചു ചൂടാവുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക....

കടുക് ഇട്ടു പോട്ടികഴിയുംപോള്‍, നിര നിരയായി, മുളക്, കറി വേപ്പില, ഉള്ളി അരിഞ്ഞത്, ഉഴുന്ന് പരിപ്പ് എന്നിവ ചേര്ക്കുക....

ഇതെല്ലം ഒരുവിധം മൂക്കുമ്പോള്‍ പുളി വെള്ളം ചേര്ത്തു ആവശ്യത്തിനു ഉപ്പും ചേര്ത്തു നന്നായി തിളക്കുമ്പോള്‍ വാങ്ങി വെക്കുക...

****ചോറിനു കൊള്ളാം , അല്ലാതെ മറ്റൊന്നിനും, അറിയില്ല ചേരുമോ എന്ന്...അറിയുന്നോര്‍ പറഞ്ഞു തരിക...*****

ഒന്നുടെ , ഇതിനെ എങ്ങനെ 'പുളിസാദം' ആക്കാന്നു വിവരമുള്ളവര്‍ പറഞ്ഞു തന്നാലും, അതെനിക്കൊരു മുതല്‍കൂട്ടയിരിക്കും...

Monday, February 25, 2008

തേങ്ങ ചുട്ട ചമ്മന്തി...

ഇന്നു വയ്കീട്ടു, അതായതു ഇത്തിരി മുന്നേ, ഞങ്ങള്ക്ക് കഞ്ഞി ആന്നേ കിട്ടിയേ ,,,, കൂടെ ഇത്തിരി പയറും പിന്നെ നല്ല തേങ്ങാ ചമ്മന്തിയും ..

(ആഴ്ചയില്‍ ആകെ നല്ല ഫുഡ് കിട്ടുന്ന നല്ല നേരം.....)

പയര് ആകെ ഒരു സ്പൂണ്‍ ആണ് റേഷന്‍, എങ്കിലും ഒപ്പിക്കാം....

എന്നാ പിന്നെ തേങ്ങാ ചുട്ട ചമ്മന്തി.....

തേങ്ങാ പൂണ്ടു എടുത്തത്‌- അര മുറി... (പ്ലീസ് ചിരകി എടുക്കല്ലേ, ഇതു ചുടാന്‍ ഉള്ളത് ആണ്)

ഉണക്ക മുളക്- അഞ്ച്‌

ചെറിയ ഉള്ളി - ഒരു പിടി, ചെറിയ പിടി മതി...

പുളി-ഒരു രൂപയുടെ നെല്ലിക്ക വാങ്ങാന്‍ കിട്ടില്ലേ, അതിന്റെം അത്ര , രണ്ടു രൂപക്ക് വേണ്ട...

ഇത്തിരി ഉപ്പ്.....

ഒരു പപ്പടം കുത്തി ....(നല്ല കനല്‍ ഉള്ള അടുപ്പുള്ളവര്‍ക്ക് ഇതു വേണ്ടാ)

ഇനി പെരുമാരേണ്ട വിധം

ആദ്യം തന്നെ ഗ്യാസ് സ്റ്റൗ കത്തിചെക്കുക , പപ്പടം കുത്തിയില്‍ ഓരോ നാളികേര പൂളും എടുത്തു തീയില്‍ തിരിച്ചും മറിച്ചും കാട്ടി ചുട്ടു എടുക്കുക...

പിന്നാലെ മുളകിനേയും ചുട്ടെകുക...

ഇനി ഇപ്പൊ ആദ്യം മുളകായലും നോ പ്രോബ്സ്...

ഒരു വിധം മതീട്ടോ , അധികം കരിക്കരുത്...

അടുപ്പിലെ കനലില്‍ ആണേല്‍ എല്ലാം കൂടെ ഇട്ടു ചുട്ടു എടുക്കുക...

പിന്നെ എല്ലാം കൂടെ ഇട്ടു അത്യാവശ്യം കരകരപ്പായി അരച്ചു എടുത്തു എതിന്റെലും കൂടെ ക്കൂടി തിന്നോള്ളൂ...

**അറിയിപ്പ്**

വെള്ളമടി വീരന്‍മാര്‍ക്കു പഷ്ടു സാനം , തൊട്ടു കൂട്ടാന്‍...(ഐ.എസ്‌.ഒ. ^&%&^%&%$ സര്‍ട്ടിഫിക്കറ്റ്‌ കാണിക്കണൊ????)

ചില്ലി ചാള കൂട്ടാന്‍

ബഹുമാന്യമിത്രങ്ങളേ..

ഒന്നരവര്‍ഷത്തെ എന്റെ ബാച്ചി ലൈഫ് എന്നെയൊരു മിനി കുക്കാക്കി മാറ്റിയിരിക്കുന്നു. റെസീപ്പി എഴുതാന്‍ മാത്രം നമ്മള്‍ വല്യ പുള്ളി ഒന്നും അല്ലായിരിക്കാം. പക്ഷെ, എന്റെ ബഹുമാന്യ ഗുരുക്കന്മാരായ ശ്രീ. രാഗേഷ് കുറുമാന്‍ ഗുരുക്കള്‍, കൈതമുള്ള് ശശി ഗുരുക്കള്‍ എന്നിവരുടെ അനുഗ്രഹാശിര്‍വാദത്താല്‍ ‘ഒരു കൈ നോക്കാന്‍’ സംഗതി നമ്മുടെ കയ്യിലുമുണ്ട് എന്നൊരു ആത്മവിശ്വാസം എനിക്കുണ്ടിന്ന്.

എന്റെ ടി, ടു ഗുരുക്കാന്മാരെയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഇതാ ലളിതവും രുചികരവുമായ ഒരു ചാളക്കൂട്ടാന്‍ കുറിപ്പ്.

ആവശ്യമായ സാധനങ്ങള്‍:

1. പിടക്കണ ചാള - ചിതമ്പലും തലയും കുടലും നീന്താനുപയോഗിക്കുന്ന എക്ട്രാഫിറ്റിങ്ങ്സും കളഞ്ഞത് പത്തെണ്ണം.
2. ഇഞ്ചി - ഒരിഞ്ച് (തൊലി കമ്പ്ലീറ്റ് പോകരുത്.... ഞാന്‍ കളയാറില്ല. ടേയ്സ്റ്റ് പോകും!
3. പച്ചമുളക് - അഞ്ചെണ്ണം (കിഴക്കന്‍ മുളക് എന്നറിയപ്പെടുന്ന എരുവ് കുറഞ്ഞ നീളത്തിലുള്ളത്. അല്ലാതെ കരണം പൊട്ടി, പ്രാന്തന്‍, ചങ്കുകഴപ്പന്‍, കാന്താരി എന്നിവ അഞ്ചെണ്ണം ഇട്ടാല്‍ കഴിക്കുമ്പോളും പിറ്റേന്ന് രാവിലെ റ്റോയ്ലറ്റില്‍ വച്ചും നിങ്ങള്‍ക്ക് എന്നെ അപ്പന് വിളിക്കാന്‍ ഒരു ടെന്റന്‍സി തോന്നാം. സോ പ്ലീസ് ഡു കെയര്‍.)
4. കോക്കനട്ട് മി.പൌഡര്‍ - മൂന്ന് ടീസ്പൂണ്‍

5 കുഞ്ഞുള്ളി - തൊലി കളഞ്ഞത് ഇരുപത് എണ്ണം
6. തക്കാളി - രണ്ടെണ്ണം (എന്റെ കൂടെ പഠിച്ച പ്രജിതെയുടെ പേരാ അത്. ഓര്‍ത്ത് പോയി. എവിടെയാണോ എന്തോ? ‘എങ്ങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും എന്നാലുമൊന്നാണ് നമ്മളൊന്ന്‘ എന്നൊക്കെ സിനിമാപ്പാട്ട് കട്ട് ഏന്‍ പേസ്റ്റ് ചെയ്ത് എഴുതി പണ്ട് ഫ്രം വക്കാതെ ഒരു ക്രിസ്മസ് കാര്‍ഡ് അയച്ചിരുന്നു...)

7. മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍.
8. മഞ്ഞപ്പൊടി - അര ടീ സ്പൂണ്‍.
9. മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
10. ഉലുവപ്പൊടി - കാല്‍ ടീ സ്പൂണ്‍

11. വെള്ളം - ഒരു വെട്ട് ഗ്ലാസ് (ജംബോ സൈസ് ഗ്ലാസ്)

പാകം ചെയ്യുന്ന വിധം:

മുകളില്‍ പറഞ്ഞതെല്ലാം ഒരു മിക്സിയുടെ ജാറിലിട്ട് ഒരു അഞ്ച് മിനിറ്റ് അങ്ങട് അടിച്ച് ജ്യൂസ് പരുവമാക്കുക. സോറി, ചാളയിടണ്ട!!

എന്നിട്ട്, ഒരു ചട്ടിയെടുത്ത്, അതില്‍ ഒരു ടീസ്പൂണ്‍ വെളിച്ചണ്ണയൊഴിച്ച് അതില്‍ ഫുള്‍ സൈസ് ചാളകളെ നിരത്തി കിടത്തുക. എന്നിട്ട് അതിലേക്ക് മിക്സിയിലിട്ടടിച്ചുണ്ടാക്കിയ മിശ്രിതം സാവധാനം ഒഴിക്കുക. തുളയോടുകൂടിയ ഉപ്പ് ഭരണയാണെങ്കില്‍ അതുവച്ച് രണ്ട് കറക്കം ഉപ്പിടുക. രണ്ടല്ലിയാമ്പല്‍ വേപ്പിലയിടുക. പിന്നെ ഒരു നാല് പീസ് കുടമ്പുളി കഴുകി കീറി ഇടുക. ഇത് വേണ്ട സാധങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാതിരുന്നത്, നിങ്ങള്‍ ഇതും മിക്സിയിലിട്ടടിക്കുമോ എന്ന് പേടിച്ചാണ്.

അറേബിയന്‍ സമുദ്രത്തില്‍ കാണപ്പെടുന്ന ചാള, സാധാരണയായി പെട്ടെന്ന് വേവുന്നതായി കണ്ടുവരുന്നു. അതുകൊണ്ട് ഒരു പതിനഞ്ച് മിനിറ്റ് വേവിക്കുക. ദാറ്റ്സ് ആള്‍.

പിന്നെ കുഞ്ഞുള്ളീ ഒരു നാലെണ്ണം അരിഞ്ഞ് വെളിച്ചെണ്ണയില്‍ കാച്ചി കറിയുടെ മോളില്‍ കൂടെ ഒഴിച്ചാല്‍ ഒരു ഗുമ്മ്‌ വരും. വേണമെങ്കില്‍ ആവാം. നിര്‍ബന്ധം ഇല്ല!

അപ്പോള്‍ മാക്സിമം വെറും അരമണിക്കൂര്‍ കൊണ്ട്, നിങ്ങളുടെ മുന്‍പില്‍ ഒരു രാജ കല ചാളക്കൂട്ടാന്‍ തയ്യാര്‍.

*മുന്നറിയിപ്പ്: ഈ കറി നിങ്ങള്‍ കഴിക്കുമ്പോള്‍ രുചി കൂടി കൂടി കൈവിരല്‍ കൂടെ കടിക്കാന്‍ ചിലപ്പോള്‍ തോന്നിയേക്കാം. പ്ലീസ് ഡൂ കെയര്‍ ട്ടാ.

---
ഇന്നലെ ഒന്നും കൂടി ഈ റെസീപ്പി ഒന്ന് ട്രൈ ചെയ്ത് നോക്കുകയുണ്ടായി. ഒരു ഡബിള്‍ ചെക്കിങ്ങ്. ഒരു കുഴപ്പോമില്ല. ആക്‍ചലി അറബിക്കടലിലെ ചാള കഴിച്ചാല്‍ ബുദ്ധി കൂടുമെന്നതൊക്കെ നേര്. പക്ഷെ, അധികമായാല്‍ എന്തും വിഷമാണന്നല്ലേ? :) കുറുമാന്‍ ഗുരുക്കള്‍ ഒരിക്കല്‍ പറഞ്ഞപോലെ, ഉള്ള ബുദ്ധികൊണ്ടുതന്നെ മനുഷ്യന് കെടക്കമരിങ്ങില്ല! സോ ചാളക്ക് പകരം ഇന്നലെ ആവോലി ആക്കി .

വിറ്റനസ് പടങ്ങള്‍ ചുവടെ:




Testimonyസ്:
സുമലത, വീട്ടമ്മ, ദുബായ്: ഈ കറി എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇത് കഴിച്ച് എന്റെ അമ്മായിഅമ്മ പോരു നിര്‍ത്തി ഡിസന്റായി. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് എന്നും ചോറുണ്ണാന്‍ വീട്ടില്‍ തന്നെ വരുന്നു. നളപാചകത്തിന് നന്ദി.

റോമി, ചീഫ് കുക്ക്, ബുര്‍ജ് അല്‍ അറബ് ഹോട്ടേല്‍‌ , ഡ്യുബയ്: ഇത്രയും കാലത്തെ എന്റെ കുക്ക് ലൈഫില്‍ ഞാന്‍ ഇത്രയും രുചികരമായ മീങ്കൂട്ടാന്‍ കഴിച്ചിട്ടില്ല. വെല്‍ഡണ്‍ വിശാലന്‍!

പാരീസ് ഹില്‍ട്ടണ്‍, പോപ് കം മാദക റാണി, ഹോളിവുഡ്: ‘ഐ ലവ് ദിസ് കൂട്ടാന്‍ റ്റൂ മച്ച്!‘ ശ്ശോ!!

Saturday, February 23, 2008

ചക്ക മുളകൂഷ്യം


എന്താണ് ചക്കയെ ഇത്ര സ്നേഹം എന്ന് ചോദിക്കരുത്.ചക്ക എന്റെ ആരൊക്കെയോ ആണ്.... ഇടിയന്‍ തൊട്ടു പഴുത്തു ഇനി ഇതു വരട്ടാനെ പറ്റു എന്നുള്ള പരുവം ആകുന്നവരെ ഏത് രൂപത്തിലും ഭാവത്തിലും ഇവനെ കയ്യില് ‍കിട്ടിയാലും ഞാന്‍ തട്ടും എന്നുള്ളത് മൂന്നു തരം..

വീട്ടില്‍ ആണേല്‍ ഇഷ്ടം പോലെ എല്ലാ തരവും കിട്ടുകയും ചെയ്യും...
കഷ്ടപെട്ടത്‌ കല്യാണ ശേഷം അന്ന്, അവിടെ ചക്ക പോയിട്ട്‌ പ്ലാവ് പോലും ഇല്ലാ എന്ന് പറഞ്ഞാല്‍ ശരിയാവില്ല, അടി കിട്ടും, രണ്ടു കുഞ്ഞു പ്ലാവുകള്‍ ഉണ്ട്ടു....ബട്ട് ചക്കക്ക് ഇത്രേം ദാരിദ്രം അന്നുഭവിക്കുക എന്നുവെച്ചാല്‍.... എന്നെ കൊല്ല്....


അതെല്ലാം പോകട്ടെ, ഒരുവിതം വലിപ്പം ഉള്ള ഒരു ചക്ക... മൂത്തത്‌ ആവണേ .........
ചുള പറിച്ചു വട്ടനെ അരിഞ്ഞു എടുത്തത്‌.ചക്കയുടെ ക്വന്റിട്ടി പറയാത്തത് നമുക്കൊക്കെ ഒരു അത്യാവശ്യത്തിനു വലിപ്പം ഉള്ളത് മുഴുവന്‍ വെച്ചാലേ എന്തേലും ആവു,അതോണ്ടാ
ഇഷ്ടം ആവുമെന്കില്‍ ഇത്തിരി ചക്ക കുരു തൊലി ചുരണ്ടി കൊത്തി കഷണങ്ങള്‍ ആക്കിയതും....


പിന്നെ ഉപ്പ്, ഇത്തിരി മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക...ഉടഞ്ഞു പോകല്ലേ.....


ഈ സമയം കൊണ്ടു ഇത്തിരി ചെറിയ ഉള്ളി നീളത്തില്‍ രണ്ടാക്കിയത് , കറി വേപ്പില, പിന്നെ അര മുറി നാളികേരം ചിരകിയത് (ഒപ്ഷണല്‍ ) എന്നിവ ഒന്നു ചതച്ചിട്ട് ചക്കയിലേക്ക് ചേര്ക്കുക , പിന്നാലെ ഇത്തിരി വെളിച്ചെണ്ണയും ഒഴിച്ച് ഒന്നു ഇളക്കി ഫസ്റ്റ് പ്ലേറ്റ്‌ലേക്കും പിന്നെ വയട്ടിലെക്കും തട്ടുക...

ചൂടു ഇത്തിരി പോകുന്ന വരെ വെയിറ്റ് ചെയ്തില്ലേല്‍ മ്യുകോ പെയ്ന്‍ ജെല്‍ വാങ്ങി നാകിന്മേല്‍ പുറത്റെണ്ടി വരും, പറഞ്ഞില്ല എന്ന് വേണ്ടാ.....

ഇപ്പോള്‍ ചക്ക കിട്ടാന്‍ തുടങ്ങിയിരിക്കാന്, ചക്ക സീസണ്‍ ആയെന്നു ചുരുക്കം..

പഴുത്തതും കിട്ടി കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയപ്പോള്‍...

(അത് മൂക്കിന്റെ ഗുണം കൊണ്ടു മണത്തു അറിഞ്ഞതാണ് സാധനം ഉണ്ടെന്നു, അല്ലാതെ ഈ

വര്ഷം ആദ്യമായി കിട്ടിയ പഴുത്ത ചക്ക, മിക്കവാറും എന്നും വീട്ടില്‍ ഹാജര്‍ വെക്കണ എനിക്ക് തരം മാത്രം എന്റെ അനിയത്തിക്കോ അനിയനോ സ്നേഹം ഉണ്ടെന്നു തോന്നണില്ല... പറയാതെ ചെന്നു കയറിയതോണ്ട് കിട്ടി, എന്റെ ഒടുക്കത്തെ ഒരു തൊണ്ട ഭാഗ്യെ..)

ഈ പറഞ്ഞതു കേട്ടിട്ട്‌ ആര്‍ക്കെന്കിലും വായില്‍ വെള്ളം വന്നാല്‍, അതോണ്ട് എനിക്കെന്തെന്കിലും അസുഖം വന്നാല്‍, പ്ലീസ് , എന്നെ കഷ്ടപെടുതല്ലേ, യൂനിവേര്‍സിറ്റി എക്സാം നടന്നോണ്ട് ഇരിക്കാനെ ഇപ്പൊ,,,,,,, സൊ പ്ലീസ്......

Friday, February 22, 2008

വറുത്തു അരച്ച ചമ്മന്തി..

സാധനം ഇത്തിരി ഇരു‌ണ്ട് ഇരിക്കും, അതാണ് അതിന്റെ ശരിക്കുള്ള കളര്‍..
നല്ല ചൂടുള്ള ചോറിന്റെ കൂടെ ആണ് എനിക്കിഷ്ടം, എല്ലാവര്‍ക്കും അത് ഇഷ്ടാവോ എന്നറിയില്ല..
മല്ലി പ്പൊടി ---ചമ്മതിയുടെ മെയിന്‍ ഇന്ഗ്രെടിയന്ട്ട് ഇതായോണ്ട് ചമ്മതി എത്ര വേണോ അതിന് അനുസരിച്ച് തട്ടിക്കോ...
പിന്നെ ആസ് യുഷ്വല്‍, മുളകുപൊടി, ഒരു പിടി കറി വേപ്പില, ചെറിയ ഉള്ളി, ഉപ്പ്, വെളിച്ചെണ്ണ, പുളി-ആവശ്യത്തിനു
വെളിച്ചെണ്ണ നന്നായിചൂടാവുമ്പോള്‍ ഫസ്റ്റ് കറി വേപ്പില ഇട്ടു നല്ല കരു കരപ്പായി വറുത്തു കോരി വെക്കുക...
പിന്നീട് ഉള്ളി ഇട്ടു ഒരുമാതിരി ഒന്നു വഴറ്റുക, അധികം മൂക്കണ്ട, ഒന്നു സ്പൂണ്‍ കൊണ്ടു ഞെക്കുമ്പോള്‍ ഞെങ്ങുന്ന പരുവം ആകുമ്പോള്‍ ബാക്കി വെച്ചിരിക്കണ, മല്ലി മുളക് പൊടികള്‍ തട്ടി, ഒന്നു കളര്‍ മാറുന്ന വരെ (എന്ന് വെച്ചു കരിയിച്ചു കളയല്ലെട്ടോ, പെട്ടെന്ന് കരിഞ്ഞു പോകും)നോക്കി ഇളക്കി കൊണ്ടു ഇരിക്കണം,ഇനി ആ വറുത്തു വെച്ച കറി വേപ്പിലയും,പുളിയും ഉപ്പും ചേര്‍ത്തു അമ്മിയുന്ടെല്‍അമ്മിയിലും അല്ലേല്‍ മിക്സിലും ഇട്ടു അരച്ചു എടുക്കുക, വെള്ളം അധികം വേണ്ടാട്ടോ.....

Thursday, February 14, 2008

പച്ചമാങ്ങാ...പച്ചമാങ്ങാ...

ഞാന്‍ പച്ചമാങ്ങാകൊണ്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. തല്‍ക്കാലം നിങ്ങളെയൊക്കെ ഒന്നു കൊതിപ്പിക്കുക... അത്ര തന്നെ... ഒഴിവുകാലത്ത് നാട്ടില്‍ പോകുമ്പോള്‍ മാവിന്മേലോ, പേരയിലോ അതുമല്ലെങ്കില്‍ പ്ലാവിലോ ഒക്കെ ഒന്നു കയറുക...ജീവിതയാത്രയില്‍ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടുപോയ ആ ബാല്യവും, കൌമാരവും ഒരിക്കല്‍കൂടി അനുഭവിച്ചറിയുക.

മമ്മിയൂര്‍ കോണ്‍ വെന്റ് സ്കൂളില്‍ പഠിക്കുന്ന കാലത്ത്, മാങ്ങാ സീസണില്‍ നല്ല പച്ചമാങ്ങ ക്ലാസ്സിലേക്ക് കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു. ഉച്ചക്ക് കൂട്ടുകാരെല്ലാവരും കൂടി മാങ്ങ ഭിത്തിയിലോ, ക്ലാസ് മുറിയിലെ തറയിലോ എറിഞ്ഞു പൊട്ടിക്കും. അല്ലെങ്കില്‍ തൂവാലയുടെ (ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോള്‍ തൂവാല വിരിച്ച് അതില്‍ ചോറ്റുപാത്രം വെച്ച് കഴിക്കണമെന്നു നിര്‍ബന്ധമായിരുന്നതിനാല്‍, തുവാലക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല.) നടുവില്‍ വെച്ച് നാലു അറ്റവും കൂട്ടിപ്പിടിച്ച് ചുമരില്‍ നാലഞ്ച് അടിയാണ്. പിന്നെ തൂവാല തുറന്നു ഓരോ കഷ്ണങ്ങളെടുത്ത് ഉപ്പ് കൂട്ടിത്തിന്നും, ചിലപ്പോള്‍ കൂടെ മുളക് പൊടിയും...

കോണ്‍ വെന്റില്‍ തന്നെ ഇടക്ക് പുറത്തിരുത്തി ക്ലാസ് എടുക്കുന്ന പതിവുണ്ടായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അതു വല്ല്യ കാര്യമായിരുന്നു. കൂടുതലും തൊട്ടടുത്ത മഠത്തിലെ (സിസ്റ്റേര്‍സ് താമസിക്കുന്ന സ്ഥലം) മാവിന്‍ ചുവട്ടിലോ മറ്റോ ആയിരിക്കും ഇതു. പഠനത്തിനിടയില്‍ മാങ്ങാ, ഇരുമ്പാന്‍ പുളി എന്നിവയുടെ സപ്ലൈയും നടക്കാറുണ്ടായിരുന്നു. (ആഗ്നേയാ... നീ ഇതെല്ലാം ഓര്‍ക്കുന്നുണ്ടോ?)

ഈ എറിഞ്ഞ് പൊട്ടിച്ച മാങ്ങായില്‍ അല്പം ഉപ്പും, മുളക് പൊടിയും തൂവി, അമ്മിക്കല്ലു കൊണ്ടോ മറ്റോ ഒന്നു ചതച്ചാല്‍ ബഹുകേമമായി. അതില്‍ അല്പം വെലിച്ചെണ്ണ പുരട്ടിയാല്‍, അതിലേറെ വിശേഷം. കഞ്ഞിയുടെ കൂടെ പറ്റിയ സാധനം. അലെങ്കില്‍ കത്തി കൊണ്ട് ചെറുതാക്കി അരിഞ്ഞ് അതിലേക്ക് ഉപ്പ്, മുളക് പൊടി (ഉണക്കമുളകായാലും മതി), വെളിച്ചെണ്ണ എന്നിവ പാകത്തിന് ചേര്‍ത്തും അച്ചാറ് പോലെ കഴിക്കാം.

ഇതുപോലെ മാങ്ങാ ഉപ്പിലിട്ടതും എന്റെ വീക്നെസ് ആണ്. മാങ്ങായുടെ കൂടെ ചെറുനാരങ്ങ, കാരറ്റ്, പച്ചമുളക് ..... എന്നിവയും ചേര്‍ക്കാം. ഇതില്‍ അല്പം വിനാഗിരിയും ചേര്‍ക്കുന്നവരും ഉണ്ട്. പഠിക്കുന്ന കാലത്ത് ഉപ്പിലിട്ട മാങ്ങാ കഷ്ണത്തിന് പത്തു പൈസയെങ്ങാണ്ടായിരുന്നു. ഇന്നത് രണ്ടോ അതില്‍ കൂടുതലോ ആയി. ഇന്നും നാട്ടില്‍ പോകുമ്പോള്‍ ഇതൊക്കെ ട്രൈ ചെയ്യും. ചാവക്കാട് ഈ വക ഐറ്റംസ് എപ്പോഴും കിട്ടാറുണ്ട്. കൈതച്ചക്ക (പൈനപ്പിള്‍) ഇതുപോലെ ഉപ്പിലിട്ടതും റാസ് ലിയുടെ (എന്റെ നല്ലപാതി) വീട്ടില്‍ പോകുന്ന വഴി തട്ടാറുണ്ട്.

അതുപോലെ മാങ്ങാ ഉണക്കിയത്, മാങ്ങാ അച്ചാര്‍, മാമ്പഴപ്പുളിശ്ശേരി... അങ്ങിനെ എന്തെല്ലാം! മാങ്ങ എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് കുട്ടിക്കാലമാണ് ഓര്‍മ്മ വരിക.. അല്ലേ?

Monday, February 11, 2008

ഉള്ളിയും പച്ചമുളകും കൂടി ഞെരടിയത്

പെട്ടെന്നുണ്ടാക്കാവുന്ന ഒരു തരം ചമ്മന്തി. നന്നായി വിശക്കുമ്പോള്‍ നല്ല്ല ചുടു ചോറിന്റെയും തൈരിന്റെയും കൂടെ കഴിക്കാവുന്നത്. പണ്ട് സ്കൂളില്‍ നിന്ന് വന്നാലും, നാട്ടിലുള്ളപ്പോള്‍ ജോലി കഴിഞ്ഞ് വന്നാലും ഇതും കൂട്ടിയായിരുന്നു ചോറുണ്ടിരുന്നത്.

കത്തി, ടിസ്പൂണ്‍ എല്ലാം ആദ്യമേ തന്നെ ദൂരേക്ക് മാറ്റിവെക്കുക. ഈ വക ഐറ്റംസ് ഉപയോഗിച്ചാല്‍ ഇതിന്റെ ടേസ്റ്റ് പോകും.

സാധനങ്ങള്‍

1) വാടാത്ത ചെറിയ ഉള്ളി - 20 എണ്ണം
2) അധികം എരിവില്ലാത്ത പച്ചമുളക് (തൊടിയില്‍ ഉണ്ടായത്, അല്ലെങ്കില്‍ നല്ല ഫ്രഷ് ആയത്) - 5 എണ്ണം
3) കറിവേപ്പില ഫ്രഷ് ആയത് - നാലോ അഞ്ചോ ഇലകള്‍
4) വെളിച്ചെണ്ണ - 1 ടിസ്പൂണ്‍ (ആവശ്യം പോലെ ഉപയോഗിക്കാം)
5) ഉപ്പ് - പാകത്തിന്

ഉണ്ടാക്കുന്ന വിധം

ചെറിയ ഒരു പാത്രത്തില്‍ വെച്ച് ഉള്ളിയും, പച്ചമുളകും കൂടി കൈ കൊണ്ട് നന്നായി ചതക്കുക. ചതക്കല്‍ കൂടി ജ്യൂസ് പരുവം ആവരുത്. അതിലേക്ക് കറിവേപ്പില കൈ കൊണ്ട് പീസ് പീസായി മുറിച്ചിടുക. അതിനു ശേഷം ഉപ്പും, വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കുക. ചൂട് ചോറിന്റെ കൂടെ തൈരും കൂട്ടി കഴിക്കുക.

നന്നായാല്‍ എനിക്കൊരു റ്റാങ്ക്യൂ‍ പറയുക. ഇല്ലേല്‍ സ്വയം റ്റാങ്ക്യൂ പറഞ്ഞാല്‍ മതി.