Thursday, December 28, 2006

വെളുത്തുള്ളി ചമ്മന്തി

ചേരുവകള്‍
വെളുത്തുള്ളി 15 അല്ലി
വറ്റല്‍ മുളക് 5 എണ്ണം / രുചിക്ക്
വാളന്‍ പുളി ഒരു നെല്ലിക്ക വലുപ്പത്തില്‍
തേങ്ങ ചിരവിയത് രണ്ട് റ്റീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്

1. പുളി അര കപ്പ് വെള്ളത്തില്‍ ലയിപ്പിക്കുക.

2. ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ എണ്ണയൊഴിച്ച് തേങ്ങ വറുക്കുക. സ്വര്‍‌ണ്ണ നിറമാകുമ്പോള്‍, വെളുത്തുള്ളി, വറ്റല്‍ മുളക്, കറിവേപ്പില ചേര്‍ക്കുക.
ചിത്രത്തില്‍ കാണുന്ന പരുവത്തില്‍ (മുളക് മണത്തു തുടങ്ങുമ്പോള്‍) എടുക്കുക.3. പിഴിഞ്ഞു വച്ചിരിക്കുന്ന പുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നേര്‍മ്മയായി അരച്ചെടുക്കുക.
അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്ത് കഴിക്കാം.
ഇഡ്ഡലി, ദോശ, കപ്പ പുഴുങ്ങിയത് - ഇവയ്ക്ക് നല്ല കൂട്ട്.

Sunday, December 24, 2006

അരമണിക്കൂറിനുള്ളില്‍ ഒരു പുഡ്ഡിംഗ്

വേഗം വേഗം

ബട്ടര്‍ (വെണ്ണ) 50 ഗ്രാം
ബ്രഡ് ഒരു പാക്കറ്റ് (ബ്രൌണൊ വൈറ്റോ)
പൈനാപ്പിള്‍ പകുതി (നിങ്ങള്‍ക്കിഷ്ടമുള്ള ഫ്രൂട്ട് അതിനനുസരിച്ച് എസ്സന്‍സും മാറണം)
പാല്‍ അര ലിറ്റര്‍
മുട്ട 10
പഞ്ചസാര 250 ഗ്രാം (ആവശ്യം പോലെ)
ഏലക്കാ (10 എണ്ണം) , കരയാമ്പൂ (5എണ്ണം), പൊടിച്ചത്
പൈനാപ്പിള്‍ എസ്സന്‍സ് കാല്‍ ടീ സ്പൂണ്‍
അണ്ടിപരിപ്പും ഉണക്ക മുന്തിരിയും 25 ഗ്രാം വീതം.


ഒന്നാം ഘട്ടം
ബ്രഡ്ഡും പൈനാപ്പിളും ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സ് ചെയ്യുക ( മാറ്റി വെയ്ക്കുക)

രണ്ടാം ഘട്ടം
പാലില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്യുക അതിലേക്ക് ഏലക്ക കരയാമ്പൂ പൊടിച്ചതും ഇടുക അണ്ടിയും മുന്തിരിയും ഇപ്പോള്‍ ഇടുകയോ എല്ലാം ഇട്ടതിന് ശേഷം സ്റ്റീം ചെയ്യാന്‍ നേരമോ ഇടുക.

മുന്നാം ഘട്ടം

ഒരു പാത്രത്തില്‍ വെണ്ണ ചൂടാക്കി പാത്രത്തിന്‍റെ എലാ ഭാഗത്തേക്കും എത്തും വിധം ചുഴറ്റുക (ഉടനെ സ്റ്റൌവിന് മുകളില്‍ നിന്ന് ഇറക്കി വെയ്ക്കണം)

പാത്രത്തിലേക്ക് മിക്സ് ചെയ്ത് വെച്ച ബ്രഡ്ഡ് ഇടുക അതിന് ശേഷം നിരപാക്കുക അതിലേക്ക് പതുക്കെ പാല്‍ മിശ്രിതം ഒഴിക്കുക ( മുന്തിരിയും അണ്ടിയും ഇട്ടിട്ടിലെങ്കില്‍ ഇപ്പോള്‍ മുകളിലായി ഇടുക)

നാലാം ഘട്ടം

ബ്രഡ്ഡ് മിശ്രിതം ഇട്ട പാത്രത്തിനേക്കാള്‍ വലിയൊരു പാത്രത്തില്‍ അര ഭാഗം വെള്ളം എടുക്കുക വലിയ പാത്രത്തിലേക്ക് ബ്രഡ്ഡ് മിശ്രിതമുള്ള പാത്രം ഇറക്കി വെയ്ക്കുക, മിശ്രിതമടങ്ങിയ പാത്രം ഒരു അലുമിനിയം ഫോള്‍ഡര്‍ കൊണ്ട് മൂടിയതിന് ശേഷമായിരിക്കണം ഇറക്കി വെയ്ക്കേണ്ടത് . വലിയ പാത്രവും മൂടിയതിന് ശേഷം സ്റ്റൌവിന് മുകളീല്‍ സ്റ്റീം ചെയ്യാന്‍ വെയ്ക്കുക അര മണിക്കൂറിന് ശേഷം ഇറക്കി വെച്ച് .. ചൂടാറിയതിന് ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിന് ശേഷം കഷ്ണിച്ച ഉപയോഗിക്കുക

അങ്ങനെ ക്രിസ്തുമസ്സിന് ചുളുവിലൊരു പുഡ്ഡിംഗ്

Monday, December 18, 2006

റപ്പായി ചേട്ടന്ദി ഹിന്ദു, 17/12/06

Thursday, December 14, 2006

പനീര്‍ പാലക്ക് - Chees with Spinach-ഇതൊരു ഉത്തര്യേന്ത്യന്‍ ഡിഷാണ് ഒരു സ്റ്റാര്‍ ഡിഷ് എന്നും പറയാം


ഇതുണ്ടാക്കാന്‍ ഇത്തിരി സമയം മിനക്കടെത്തണം
നമ്മുക്കാദ്യം പനീര്‍ (ചീസ്) ഉണ്ടാക്കണം
രണ്ട് ലിറ്റര്‍ പാല്‍ നന്നായി തിളപ്പിക്കുക , തിളക്കുന്ന പാലിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വിന്നാഗിരി (സുര്‍ക്ക) ഒഴിക്കുക
പാല്‍ പൊട്ടിയാല്‍ , ഇതൊരു തുണിയിലൂടെ അരിച്ചെടുക്കുക , നല്ലബലത്തില്‍ ശരിക്കും പിഴിയണം ഒരു കിഴിരൂപത്തില്‍ മുറുക്കി കെട്ടിവെയ്ക്കണം, 12 മണിക്കൂറെങ്കിലും അതിലെ അവസാന തുള്ളി വെള്ളവും പിഴിഞ്ഞ് കളയാന്‍ വേണ്ടി മാറ്റി വെയ്ക്കണം
കിഴി അഴിച്ചാല്‍ ഇപ്പോള്‍ നക്കുക്കിത് പാല്‍‍കട്ടിയായി കിട്ടും
ഇതിനെ ചെറിയ കഷണങ്ങളാക്കുക (ക്യൂബ് രൂപത്തില്‍)
കഷണങ്ങളാക്കിയ പാല്‍കട്ടി (പനീര്‍ അഥവാ ചീസിനെ) പൊരിച്ചെടുക്കണം (ചീന ചട്ടിയില്‍ ഡീപ്പ് ഫ്രൈ ആയിട്ട്) നല്ല ഗോല്‍ഡന്‍ ബ്രൌണ്‍ നിറമായാല്‍ മാറ്റി വെയ്ക്കുക
ചീസ് അഥവാ പനീര്‍ തയ്യാര്‍
ഇനി നമ്മുക്ക് പാലക്ക് (Spinach) രണ്ട് കെട്ട് തണ്ട് കളഞ്ഞത് നന്നായി കഴുകണം ( ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് പാലക്ക് അതിലിട്ട് നന്നായി ഇളക്കിയാല്‍ അതില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്കും മണ്ണും പോകും)
പാലക്ക് കുറഞ്ഞ വെള്ളത്തിലിട്ട് വേവിക്കുക
വേവിച്ച പാലക്ക് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക ( ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുകയും ചെയ്യാം പ്രത്യേകം ഈ കുഴമ്പ് രൂപത്തിലുള്ള പാലക്ക് ഫ്രീസറിലാണ് വെയ്കേണ്ടത് തണുത്ത കട്ടിയായി അതവിടെ ഇരിന്നോളും)

ഇനി നമ്മുക്കിതിനെ എങ്ങനെ നമ്മുടെ വായയിലാക്കാനുള്ള വിധമാക്കിയെടുക്കാമെന്ന് നോക്കാം

സവാള രണ്ട്
ഈഞ്ചി വലുതൊന്ന് പേസ്റ്റാക്കിയത്
വെളുത്തുള്ളി വലുത് പകുതി പേസ്റ്റാക്കിയത്
പച്ചമുളക് 10 എണ്ണം
തക്കാളി വലുത് ഒന്ന്
മുളക് പൊട് ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ ½ ടീ സ്പൂണ്‍
ഗരം മസാല പൊടി ഒരു നുള്ള്
ഉപ്പ് പാകത്തിന്
ഉലുവ ½ ടീ സ്പൂണ്‍
എണ്ണ ആവശ്യത്തിന്

ഫ്രൈ പാന്‍ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് (തീ എപ്പോഴും ചെറിയ രീതിയിലായിരിക്കണം) എണ്ണ ചൂടായാല്‍ ഉലുവ ഇടുക ഒന്നിളക്കി അതിലേക്കാദ്യം ഇഞ്ചി പേസ്റ്റ് ഇട്ട് ഒന്നിളക്കിയതിന് ശേഷം വെളുത്തുള്ളി പേസ്റ്റുമിട്ട് ഇവ ഒന്നിളക്കിയതിന് ശേഷം പച്ചമുളകും സവാളയും ഇടുക .. നല്ല ബ്രൌണ്‍ നിറമായാല്‍ ആദ്യം മഞ്ഞള്‍ പൊടി (ഒന്നിളക്കിയതിന് ശേഷം) മുളക് പൊടി(ഒന്നിളക്കിയതിന് ശേഷം) തക്കാളി ചെറുതാക്കി അരിഞ്ഞത് പാനിന്‍റെ ഒരു ഭാഗത്തിട്ട് ചൂടായതിന് ശേഷം സവാള+ മസാലയുമായി മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലായാല്‍ മാറ്റി വെച്ച പനീര്‍ ഇടുക പനീറും മസാലയും ഒന്ന് യോജിക്കും വിധം നന്നായി ഇളക്കുക അതിലേക്ക് അരഗ്ലാസ്സ് വെള്ളമൊഴിക്കുക ഉപ്പും പാകത്തിന് ഇടുക അതിനോടൊപ്പം തന്നെ പാലക്ക് പേസ്റ്റും ഇടുക (പാലക്കില്‍ വെള്ളം കൂടുതല്‍ ഉണ്ടെങ്കില്‍ അര ഗ്ലാസ്സ് വെള്ളം ഒഴിക്കരുത്) ഇവ നന്നായി കുറുകുന്നവരെ ചെറിയ തീയ്യില്‍ വേവിച്ച് ഇറക്കാന്‍ നേരം ഒരു നുള്ള് ഗരം മസാല മുകളില്‍ വിതറുക ( ഇതൊരു കുറുകിയ രൂപത്തിലുള്ള ഡിഷാണ് ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഒരല്‍‍പ്പം വെള്ളം ചേര്‍ത്ത് കുറുകലിന്‍റെ കട്ടി കുറക്കാം)
ഇനി നിങ്ങള്‍ക്കിത് നല്ല ചപ്പാത്തിയുടെ കൂടെ കഴിക്കാം .... പ്രവാസികല്‍ കുബ്ബൂസ്സിന്‍റെ കൂടെയും

Tuesday, December 12, 2006

ദാല്‍ ഫ്രൈ

വേണ്ട സാധനങ്ങള്‍

പരിപ്പ് 1 കപ്പ്
വലിയ ഉള്ളി - 1 എണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
വെളുത്തുള്ളി - അരിഞ്ഞത് ഒരു ടീസ്പൂണ്‍
പച്ച മുളക് - 8 എണ്ണം ( 4 എണ്ണം വട്ടത്തിലും 4 എണ്ണം നെടുകെയും കീറിയത്‌ )
നല്ല ജീരകം - അരയ്ക്കാല്‍ ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
എണ്ണ – ഒരു ടീസ്പൂണ്‍


തയ്യാറാക്കുന്ന വിധം

പരിപ്പ് (സാമ്പാര്‍ പരിപ്പ്) കൈ തൊടാതെ കഴുകി വൃത്തിയാക്കുക. ഒരു പാത്രത്തില്‍ പരിപ്പ് മൂടിക്കിടക്കാവുന്ന അത്രയും വെള്ളവും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് പരിപ്പ് പതഞ്ഞു വരുമ്പോള്‍ മുകളില്‍ വരുന്ന പത നീക്കുക.പിന്നീട് നീളത്തിലരിഞ്ഞ് വെച്ചിരിക്കുന്ന പച്ച മുളക് ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. മുക്കാല്‍ വേവായാല്‍ ഉപ്പ് ചേര്‍ത്ത് തുറന്ന് വെച്ച് വെള്ളം വറ്റിച്ചെടുക്കുക.
ചട്ടി ചൂടായാല്‍ എണ്ണയൊഴിച്ച് നല്ല ജീരകം ചേര്‍ക്കുക. അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളി ഇടുക. വെളുത്തുള്ളിയുടെ പച്ചമണം മാറിയാല്‍ വലിയ ഉള്ളിയും ബാക്കി മുളകും ചേര്‍ക്കുക മൊരിഞ്ഞുവന്നാല്‍ വേവിച്ചുവെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക. നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. മുകളില്‍ മല്ലിയിലയും വിതറാം. ദാല്‍ ഫ്രൈ റെഡി.

കടലപ്പരിപ്പുകൊണ്ടും ഇതുണ്ടാക്കാം. അതിനായി കടലപ്പരിപ്പ് കുക്കറില്‍ വേവിച്ചെടുക്കണമെന്നുമാത്രം. ഇത് ഒരു നോര്‍ത്തിന്ത്യന്‍ വിഭവമാണ്.


കടപ്പാട് : റിയാദിലെ സുലൈമാനിയയിലുള്ള തന്തൂര്‍ റെസ്റ്റോറന്‍ഡിലെ ഷെഫായ രാജ് മല്‍ഹോത്ര.

Saturday, December 09, 2006

എറപ്പായി ചേട്ടന്‍ അന്തരിച്ചുഈ ബ്ലോഗിന്‍റെ നാഥന്‍ നമ്മെ വിട്ടുപോയിരിക്കുന്നു..


ഇന്നു (09/12/2006) കാലത്ത് തൃശ്ശൂര്‍ ജൂ‍ബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ തന്റെ അറുപത്തിയേഴാമത്തെ വയസ്സിലായിരുന്നു അന്ത്യം. സംസ്കാരം തൃശ്ശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ ഉച്ചകഴിഞ്ഞ് 3.30ന്.


തൃശ്ശൂര്‍ക്കാരുടെ ചേട്ടനായി വളര്‍ന്ന് മലയാളിയുടെ സ്വന്തമായി തീര്‍ന്ന റപ്പായി ചേട്ടന് നമുക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം ..

Thursday, December 07, 2006

തേങ്ങാച്ചോറ്

പുഴുങ്ങലരി-2 ഗ്ളാസ്സ്
ചുവന്നുള്ളി-15 അല്ലി
ഉലുവ-2 സ്പൂണ്‍
ഉപ്പു-പാകത്തിന്
തേങ്ങാ ചിരകിയത്-1/2 തേങ്ങയുടെ
വെള്ളം-8 ഗ്ളാസ്സ്

വെള്ളം ഒഴികെയുള്ള ചേരുവകള്‍ നന്നായി തിരുമ്മി 6 ഗ്ളാസ് വെള്ളം ഒഴിച്ച് വേവിക്കുക.ബാക്കിയുള്ള വെള്ളം ചെറിയതീയില്‍ ചൂടാക്കിയിടുക.വെള്ളം വറ്റിയിട്ടും അരി വെന്തിട്ടില്ലെങ്കില്‍ ചൂടു വെള്ളം ഒഴിച്ച് വേവിക്കുക.

തേങ്ങാച്ചോര്‍ ഇറച്ചിക്കറിയും പപ്പടവും അച്ചാറും കൂട്ടിക്കഴിക്കാം.

ഉണ്ടാക്കുന്നതിന്‌ മുമ്പ് അടുത്തുള്ള ഹോട്ടലിലെ മെനു ചോദിച്ചു വെക്കുക.

Tuesday, December 05, 2006

മുളകു ദോശയും പാലോഴിച്ച കോഴിക്കറിയും

മുളകു ദോശ. (ഇത്‌ ഗൌഡ സാരസ്വതരുടെ ഒരു പാചക വിധിയാണ്‌)
ചേരുവകള്‍

ഉഴുന്ന്‌ 1 കപ്പ്‌
പച്ചരി 2 കപ്പ്‌
തുവര 1/2 കപ്പ്‌
പുഴുക്കലരി 1/2 കപ്പ്‌
വറ്റല്‍ മുളക്‌ 4 /രുചിക്ക്‌
പച്ചമുളക്‌ 1/രുചിക്ക്
കുരുമുളക്‌ 1/2 റ്റീസ്പൂണ്‍
കായം 1/2 റ്റീസ്പൂണ്‍
കറിവേപ്പില 2 തണ്ട്‌

ഉഴുന്ന്‌, അരി, തുവര കുതിര്‍ത്ത്‌ വയ്ക്കുക.
ആദ്യം ഉഴുന്ന്‌ അരച്ച് മാറ്റുക.
ബാക്കി ചേരുവകളെല്ലാം ഒരുമിച്ച്‌ അരച്ചെടുക്കുക.
ആവശ്യത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ പുളിക്കുവാന്‍ അനുവദിക്കുക (1 രാത്രി)
ദോശക്കല്ല്ലില്‍ വെളിച്ചെണ്ണ പുരട്ടി ദോശയെടുക്കുക.
പാലോഴിച്ച കോഴിക്കറി
ചേരുവകള്‍

കോഴി ചെറിയ കഷണങ്ങളാക്കിയത്‌ 1 കിലോ
തൈര്‌ 1 കപ്പ്‌
പച്ചമസാല 2 റ്റീസ്പൂണ്‍
* ഉള്ളി 1/4 കിലോ
* ഇഞ്ചി 4 വിരല്‍ നീളത്തില്‍
* വെളുത്തുള്ളി 15 അല്ലി
* പച്ചമുളക്‌ 3
* കറിവേപ്പില 2 തണ്ട്‌
മല്ലിപ്പൊടി 2 റ്റീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1 റ്റീസ്പൂണ്‍
‍തേങ്ങാപ്പാല്‍ - അത്യാവശ്യം വലിയ തേങ്ങയുടെ ഒന്നും രണ്ടും പാല്‍ (വെവ്വേറേ)


കഷ്ണിച്ച കോഴി, തൈരും 1 സ്പൂണ്‍ മസാലക്കൂട്ടും അല്‍പം ഉപ്പും ചേര്‍ത്തിളക്കി അഞ്ച്‌ മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വയ്ക്കുക.

സാധാരണ കോഴി വറുക്കുമ്പോലെ വറുത്തെടുക്കുക.
ചട്ടിയില്‍ എണ്ണ ചൂടായാല്‍ * എല്ലാം വരട്ടുക.
ഉള്ളി സ്വര്‍‌ണ്ണനിറമാകുമ്പോള്‍, മസാലയും മഞ്ഞള്‍പൊടിയും, ഓരൊ റ്റീസ്പൂണ്‍ ചേര്‍ക്കുക. കരിഞ്ഞു പോകാതെ ശ്രദ്ധിക്കുക. ഇതിലേക്ക്‌ വറുത്തെടുത്ത കഷണങ്ങളും രണ്ടാം പാലും അല്‍പ്പം ഉപ്പും ചേര്‍ത്ത്‌ അടച്ചുവയ്ക്കുക.നല്ലോണ്ണം വറ്റിക്കഴിഞ്ഞാല്‍ ഒന്നാം പാല്‍ ചേര്‍ക്കുക, തിളയ്ക്കുമ്മുന്‍പ്‌ തീ കെടുത്തുക. ചൂട് ദോശയോടൊപ്പം സേവിക്കാം.

(ഈ കറിയില്‍ കൊഴുപ്പ്‌ വളരെ കൂടുതലുണ്ട്‌ -ശ്രദ്ധിച്ച്‌ കഴിക്കുക)

Monday, December 04, 2006

തീറ്റ എറപ്പായി ചേട്ടന്‍

ഈ ബ്ലോഗിന്റെ നാഥനായ എറപ്പായിച്ചേട്ടനെക്കുറിച്ച് ഇതുവരെയും ഈ ബ്ലോഗില്‍ എഴുതാത്തതില്‍ ഒരു വൈക്ലബ്യം. പലര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് എങ്കിലും അറിയാത്തവര്‍ക്കും കൂടി..

അതെ നമ്മുടെ തീറ്റ എറപ്പായി ചേട്ടനെക്കുറിച്ചു തന്നെ. മൂന്നു ബക്കറ്റ് ചോറും ഒരു ബക്കറ്റ് മീങ്കറിയും 10 കിലോ ഇറച്ചിയും ഒറ്റ ഇരുപ്പില്‍ കഴിക്കുന്ന തീറ്റ റപ്പായി ചേട്ടന്‍ 750 ഇഡലി വരെ ഒറ്റ ഇരുപ്പില്‍ തിന്നിട്ടുണ്ടെന്നത് ചരിത്രം. പല മത്സരങ്ങളിലും എറപ്പായിച്ചേട്ടന്‍ തന്റെ മികവു തെളിയിച്ചിട്ടുണ്ട്. മാംസമത്സ്യാദികളേക്കാള്‍ പച്ചക്കറിയാദികളോടാണ് എറപ്പായിച്ചേട്ടന് താത്പര്യം കൂടുതല്‍.

ഈ എറപ്പായി ചേട്ടന് ഇത്രമാത്രം തിന്നാനെവിടെനിന്നാണിത്രയും ആസ്തി ?
ചാക്കോളയുടെയോ ഫാഷന്റെയോ ബന്ധുവൊന്നുമല്ല ഈ എറപ്പായി ചേട്ടന്‍.

കാലത്ത് വീട്ടില്‍ നിന്നും തന്റെ സന്തത സഹചാരിയായ കാക്കി സഞ്ചിയും തൂക്കി എറപ്പായി ചേട്ടന്‍ ഇറങ്ങും. മിഷന്‍ ക്വാര്‍ട്ടേഴ്സിലെയും മറ്റും പ്രൈവറ്റ് പ്രാക്റ്റീസ് നടത്തുന്ന ഡോക്ടര്‍മാരുടെ വീടുകളും തൃശൂരങ്ങാടിയില്‍ കച്ചവടം നടത്തുന്ന ചില പ്രമാണിമാരുടെ വീടുകളുമാണ് ലക്ഷ്യം. ഇവരുടെയൊക്കെ വെളുത്തും കറുത്തുമുള്ള നോട്ടുകള്‍ എല്ലാം കൃത്യമായി എണ്ണിവാങ്ങി ബാങ്കിലും കുറിക്കമ്പനികളിലും അടയ്ക്കുകയാണ് എറപ്പായിച്ചേട്ടന്റെ ഒരു പ്രധാന പരിപാടി. ഓരോവീട്ടില്‍ നിന്നും പത്തുമുതല്‍ പതിനഞ്ച് വരെ ഇഡലിയോ ദോശയോ കിട്ടും. അതാണ് എറപ്പായി ചേട്ടന്റെ ബ്രേക് ഫാസ്റ്റ്. മറ്റു ദിവസങ്ങളില്‍ വാരിയര്‍ ലൈനിലെ പട്ടന്മാരുടെ വകയും.

വിശ്വസ്ഥനായ എറപ്പായിച്ചേട്ടന്‍ പൈസയെല്ലാം വളരെ കൃത്യമായി തന്നെ എത്തേണ്ടിടത്ത് എത്തിക്കും. പോലീസ് സേനയ്ക്കും എറപ്പായിച്ചേട്ടനെ വളരെ കാര്യമായതുകൊണ്ട് ഇതുവരെയ്ക്കും ആരും പൈസയുടെ കാര്യത്തില്‍ എറപ്പായിച്ചേട്ടനെ പറ്റിച്ചതായി അറിവില്ല.

കാലത്തെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് എറപ്പായിച്ചേട്ടന്റെ ഉച്ചയൂണ് മിക്കവാറും രാഗം തീയ്യറ്ററിനു പിന്നിലെ ഭാരത് റസ്റ്റോറണ്ടിലാണ്. ഇന്നും തൃശ്ശൂര്‍ നിവാസികള്‍ക്ക് ശുദ്ധ പച്ചക്കറി ഭക്ഷണം കിട്ടാന്‍ ആശ്രയിക്കേണ്ടിവരുന്നത് ഭാരത് ഹോട്ടല്‍ മാത്രം.പന്ത്രണ്ട് മണിക്ക് ഇലയിടുന്നതിനുമുന്‍പ് കൃത്യം പതിനൊന്നരയ്ക്കു തന്നെ എറപ്പായിച്ചേട്ടന്‍ അവിടെ ആഗതനാകും. പണ്ടൊക്കെ ആദ്യം എറപ്പായിച്ചേട്ടനു കൊടുത്തു കഴിഞ്ഞേ മറ്റുള്ളവര്‍ക്ക് കൊടുക്കൂ എന്ന ഒരു ചെറിയ നിര്‍ബന്ധവും ഭാരതിനുണ്ടായിരുന്നു. എറപ്പായിച്ചേട്ടന്‍ ഇരുന്ന് എല്ലാ കറികളും ആദ്യമൊന്ന് രുചിച്ച് നോക്കി ചെറിയ കമന്റുകളിടും. പിന്നൊരു പിടുത്തമാണ്. പത്തുമിനിട്ടിനുള്ളില്‍ ഒരു ബക്കറ്റ് നീക്കും. പിന്നെ ഒരു അരപ്പാട്ട രസവും.

പലപ്പോഴും ഈ ശാപ്പാട് എനിക്ക് നേരിട്ട് കാണാനിടയായിട്ടുണ്ട്.

ഒരു ദിവസം ഭാരത് ഹോട്ടലില്‍ എറപ്പായിച്ചേട്ടന് എതിരായി ഒരു ചായയ്ക്ക് പറഞ്ഞിട്ട് ഞാനിരുന്നു. ചായ വരുന്നതിനു മുന്‍പ് തൊട്ടപ്പുറത്തെ കസേരയില്‍ ഭാരതിലെ മറ്റൊരു സ്ഥിരം കുറ്റിയായ രാജേട്ടന്‍ എന്ന് പരിചയ്ക്കാര്‍ വിളിക്കുന്ന ശ്രീ നവാബ് രാജേന്ദ്രന്‍ വന്നിരുന്നു. ഒരു കാവി ഉടുപ്പാണ് വേഷം . വന്നുകഴിഞ്ഞാല്‍ നേരെ ഒരു ബീഡിക്ക് തീ കൊളുത്തും പിന്നെ കടുപ്പത്തിലൊരു കട്ടനും. അന്നും പതിവ് തെറ്റിച്ചില്ല.

ബീഡി, സിഗരറ്റാതികള്‍ എറപ്പായിച്ചേട്ടന് അത്ര പിടുത്തമില്ല. പിന്നെ മുഷിഞ്ഞ വസ്ത്രത്തിന്റെയും മറ്റുപലതിന്റെയും മിശ്രിതമായ ഒരു മണവും.

‘ടാ.. നെന്നോട് മുമ്പും പറഞ്ഞ്ട്ടുള്ളതാ ഞാന്‍ തിന്നണോട്ത്ത് വന്ന്ട്ട് ബീഡിവലിക്കരുതെന്ന്..’ സഹ്യപര്‍വ്വത നിരകളില്‍ കുളം കോരി കുട്ടിക്കലം കൊണ്ട് സാംബാറഭിഷേകം നടത്തുന്നതിനിടയില്‍ എറപ്പായിച്ചേട്ടന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. അല്ലെങ്കിലും എറപ്പായിച്ചേട്ടന്‍ അധികം ചൂടാവാറില്ല.

നവാബ് ഒന്നിരുത്തി നോക്കി. പിന്നെ വലി തുടര്‍ന്നു.

‘ഇതിപ്പോ കാജാ ബീഡ്യൊന്നല്ല വലിക്കണത്.. അത് മറ്റവനാണ്....ഇത് ഇങ്ങനെ വലിച്ച് കേറ്റുന്നതിനേക്കാള്‍ എത്ര നല്ലതാ ഒരു മസാല ദോശ വാങ്ങി കഴിക്കണത്..ചെയ്യില്ലല്ലോ....ഇത് വലിച്ച് കേറ്റ്യാലാ പുത്തി തെളിയാന്നാ വിചാരം...കോലം കണ്ടില്ലേ.. ഒരു ചായ തിളപ്പിക്കാന് ള്ള വെറകുകൊള്ളീടെ അത്രീല്യ...’ ബുള്‍ഡോസര്‍ മെല്ലെ മെല്ലെ പര്‍വ്വത നിരകളെ കീഴടക്കിക്കൊണ്ടിരുന്ന ഇടവേളകളില്‍ എറപ്പായിച്ചേട്ടന്‍ പറഞ്ഞു കൊണ്ടിരുന്നു.

നവാബ് ഒന്നും മിണ്ടുന്നില്ല. സാധാരണ അദ്ദേഹം ബീഡിവലിക്കുമ്പോഴോ തന്റെ സുഹ്രുത് വലയത്തിലില്ലാത്തവരോടോ അധികം സംസാരിക്കാറില്ല.

എറപ്പായിച്ചേട്ടന്‍ അതൊന്നും കാര്യമാക്കാതെ തന്റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിലാണ്.
അവസാനം ഒരു യോഗിയുടെ സ്വരത്തില്‍ എന്നോട് ഒരു ഉപദേശവും..

‘നന്നായി ചോറ് തിന്നുന്നവരുടെ ഹൃദയം നല്ല വലിപ്പമുണ്ടായിരിക്കും. എന്റേതു പോലെ.. ‘

ചെറിയൊരു സംശയത്തോടെ ഞാന്‍ എറപ്പായിച്ചേട്ടനെ നോക്കി.

നവാബ് മെല്ലെ എഴുന്നേറ്റ് മാറിയിരുന്നു.വാല്‍ക്കഷണം : എറപ്പായിച്ചേട്ടന് ഇപ്പോള്‍ പഴയ ശൌര്യമില്ല. യാത്രകളും കുറവ്. വീട്ടില്‍ തന്നെയാണെന്നാണ് അറിവ്.

Friday, December 01, 2006

ചില തയ്യാറെടുപ്പുകള്‍

പ്രവാസികള്‍ അത് ബാച്ചി ആയാലും അല്ലേലും .... ഭക്ഷണം പാകം ചെയ്യാന്‍ അറിഞ്ഞിരിക്കണം അല്ലെങ്കില്‍ കൂട്ട് താമസക്കാരില്‍ നിന്ന് ചീത്ത ഉറപ്പ്, പ്രത്യേകിച്ച് ഗള്‍ഫില്‍ താമസിക്കുന്ന എതൊരു മലയാളിക്കും, ഏതൊരു റൂമിലും ഏതെങ്കിലും ഒരാള്‍ തനി ഒഴപ്പനായിരിക്കും ഇവര്‍ എന്തുണ്ടാക്ക്കിയാലും ആര്‍ക്കും ഇഷ്ടമുണ്ടാകില്ല കാരണം ആത്മാര്‍ത്ഥമായിട്ടല്ല ഈ ഒഴപ്പന്‍സ് ഭക്ഷണം പാകം ചെയ്യുക ഇവര്‍ക്ക് മറ്റൊരു പ്രത്യേകതയുണ്ട് മറ്റേതാളുടേയും ഭക്ഷണത്തെ എത്ര നന്നായാലും കുറ്റം പറയും ചെയ്യും വയറ് മുട്ടെ തിന്നുകയും ചെയ്യും ... ഭക്ഷണം പാകം ചെയ്യുന്നവര്‍ ആദ്യം വേണ്ടത് ആത്മാര്‍ത്ഥതയണ് എങ്കിലേ ഏതൊരു ഭക്ഷണത്തിനും രുചി ഉണ്ടാവൂ ഇനി നമ്മുക്ക് ചില കാര്യങ്ങളിലേക്ക് കടക്കാം ..

ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പുള്ള ചില തയ്യാറെടുപ്പുകള്‍
1) ആവശ്യമുള്ള സാധനങ്ങള്‍ കൂട്ടുകള്‍ (Ingredients) പാകം ചെയ്യുന്നടുത്ത് തന്നെ വേണം
2) ഒരു കറി ഉണ്ടാക്കുമ്പോള്‍ അതില്‍ എന്തലാം ചേര്‍ക്കണം അതിന് എന്ത് നിറമുണ്ടായിരിക്കും എന്നലാമുള്ള ഒരു ധാരണ ഉണ്ടായിരിക്കണം.
3) കൂട്ടുകള്‍ പോലെ തന്നെ പ്രധാനമാണ് പാകം ചെയ്യാനുള്ള പാത്രങ്ങളും

ഉദാഹരണത്തിന് സാമ്പാറാണ് ഉണ്ടാക്കുന്നതെങ്കില്‍ ആദ്യമേ ചില തയ്യാറെടുപ്പുകള്‍ വേണം ... പരിപ്പ് വേവിച്ച് വെയ്ക്കണം (പരിപ്പ് കായ്‍കറികളിലും ഇട്ട് ചിലര്‍ സാമ്പാര്‍ ഉണ്ടാക്കാറുണ്ട്). പുളി ചൂടുവെള്ളത്തില്‍ ഇട്ട് വെയ്ക്കണം, കായം അടുത്തുണ്ടായിരിക്കണം, സമ്പാരിന് വേണ്ട എല്ലാ സാധങ്ങളും അടുത്ത് തന്നെ ഉണ്ടായിരിക്കണം .

ചിലര്‍ ഭക്ഷണം എങ്ങനെ ഉണ്ടാക്കിയാലും കുളമായിരിക്കും ഞാന്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ഒരു പരിധിവരെ നിങ്ങള്‍ക്ക് വിജയിക്കാം

ക്കോഴിക്കറിയാണ് വെയ്ക്കുന്നതെങ്കില്‍
ഒന്നാം ഭാഗം
1) സാവാള വളരെ നേര്‍‍മയായി അരിയുക, വളരെ പ്രധാനമാണിത് എത്ര നേര്‍ത്തതായി അരിയുന്നുവോ അത്രയും വേഗത്തില്‍ സവാള ഗോള്‍ഡണ്‍ ബ്രൌണായി കിട്ടും.
2) വെളുത്തുള്ളി ഇഞ്ചി എന്നിവ പേസ്റ്റ് രൂപത്തിലായിരിക്കുന്നത് വളരെ നല്ലത്.
-സ്റ്റൌവിനുമുകളില്‍ പാകം ചെയ്യാനുള്ള പാത്രം വെച്ച് രണ്ട് മിനുറ്റ് ചൂടാക്കുക (പാത്രത്തിലെ അവശേഷിച്ച വെള്ളം വാര്‍ന്ന് കിട്ടും പിന്നീട് എണ്ണ ഒഴിച്ചാല്‍ പൊട്ടിത്തെറി ഒഴിവാക്കാം)-
-ആവശ്യത്തിന് എണ്ണ ഒഴിച്ച് ചെറിയ തീയ്യില്‍ എണ്ണ ചൂടാക്കിയതിന്ശേഷം മാത്രമേ അതിലേക്ക് ഇഞ്ചി പേസ്റ്റ് ആദ്യം ഇടാവൂ (പ്രത്യേകം ശ്രദ്ധക്കുക വലിയ തീയ്യില്‍ എണ്ണ ഒരിക്കലും ചൂടാക്കരുത് അങ്ങനെ ചൂടാക്കിയാല്‍ ഏത് കൂട്ടുകള്‍ ഇട്ടാലും പെട്ടെന്ന് കരിഞ്ഞു പോകും)
ഇഞ്ചി പേസ്റ്റൊന്ന് ചുവന്നാല്‍ വെളുത്തുള്ളി പേസ്റ്റും ഇടുക (മറ്റൊരു കാര്യം ഇഞ്ചി പെട്ടെന്ന് അടിയില്‍ പിടിക്കും അതത്ര സാരമാക്കേണ്ട അത് കറിയുടെ ആദ്യ പകുതി എത്തുമ്പോഴേക്കും ശരിയാകും) വെളുത്തുള്ളി ഇട്ട് ഒന്നുവയറ്റിയതിന് ശേഷം അതിലേക്ക് അരിഞ്ഞ് വെച്ച പച്ചമുളക് ഇടുക .. ഒന്നിളക്കിയതിന് ശേഷമായിരിക്കണം നേര്‍മയ്യായി അരിഞ്ഞുവെച്ച സവാള ഇടേണ്ടത് .. സവാള നന്നായി ഗോല്‍ഡണ്‍ ബ്രൌണ്‍ നിറമായാല്‍ (ഈ സമയമത്രയും ചെറിയ തീയ്യില്‍ തന്നെ ആയിരിക്കണം വെയ്ക്കേണ്ടത്) അതിലേക്കുടനെ തക്കാളി അരിഞ്ഞത് ഇടരുത് ... സവാള ചരുവയുടെ ഒരു ഭാഗത്തേക്ക് നീക്കി മറുഭാഗത്ത് തക്കാളി ഇട്ട് ഒന്ന് വയറ്റി ചൂടാക്കുക (തക്കാളിയും വളരെ നേര്‍ത്ത് ചെറിയതായിബ് അരിഞ്ഞാല്‍ ഉടനെ പേസ്റ്റ് രൂപത്തിലാവും) തക്കാളി ചൂടായാല്‍ സവാളയും തക്കാളിയും കൂട്ടി യോജിപ്പിക്കുക നന്നായി ഇളക്കി ഒരു പേസ്റ്റ് രൂപത്തിലാവുമ്പോള്‍ അതിലേക്ക് അര ടീ സ്പൂണ്‍ മഞ്ഞള്‍ പൊടിയിട്ട് നന്നായി ഇളക്കണം ( ഇതുവരെ ഏതൊരു കറിയുടേയും അടിത്തറയാണ്) .
രണ്ടാം ഭാഗം
(ചിക്കന്‍ കറി തുടരാം) മഞ്ഞള്‍ പോടി അര ടീ സ്പൂണ്‍ ആണെങ്കില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ക പോടിയായിരിക്കണം രണ്ട് ടേബിള്‍ സ്പൂണ്‍ മല്ലി പൊടിയും , ഒരു സ്പൂണ്‍ മദ്രാസ്സ് കറി പൌഡറും ചേര്‍ത്ത് നന്നായി ഇളക്കുക ഈ സമയത്തായിരിക്കണം ഇത്തിരി ഗരം മസാലയും ചേര്‍ക്കേണ്ടത്..... ഇത്തിരി ഉലുവയും ചേര്‍ക്കാം (ചിലര്‍ ആദ്യമേ ഉലുവ ചേര്‍ക്കും അങ്ങനെ ചേര്‍ത്താല്‍ സവാളയോടൊപ്പം ഉലുവ കരിയും കയ്പ്പ് കൂടും) ജീരകം, തുടങ്ങിയവും ചേര്‍ക്കാം .... ഈ പേസ്റ്റ് ഒരു കട്ടയാവുന്ന അവസരത്തില്‍ കഴുകി വെച്ച ക്കോഴി ഇട്ട് നന്നായി ഇളക്കുക അര ഗ്ലാസ്സ് വെള്ളം ചേര്‍ക്കാം .... ഒന്ന് തിളക്കുമ്പോഴേക്കും ക്കോഴിയിലെ വെള്ളം കറിയിലേക്ക് ഇറങ്ങും കറിയുടെ കട്ടി അനുസരിച്ച് ഇനി ചൂട് വെള്ളം ഒഴിക്കണം (പച്ചവെള്ളം ഒഴിക്കരുത്) ചിക്കന്‍ മസാലയാണ് വേണതെങ്കില്‍ വെള്ളം ഒട്ടും ഒഴിക്കരുത് (മദ്യത്തിന്‍റെ കൂടെയാണ് ഉപയോഗിക്കുന്നതെങ്കില്‍ -കുറുമാന് സ്പെഷല്‍ -ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടിക്ക് പകരം ഒന്നര സ്പൂണ്‍ മുളക് പൊടി ചേര്‍ക്കണം അതിന് പുറമെ മല്ലി പൊടി ഒരു ടേബിള്‍ സ്പൂണ്‍ ആയി കുറക്കുകയും വേണം) ... ക്കോഴി ഒന്ന് തിളച്ച് വരുമ്പോള്‍ കറിവേപ്പില മറക്കാതെ ഇടണം .... തിളച്ച് കഴിഞ്ഞാലുടന്‍ തീ ഓഫ് ചെയ്യുക മൂടി അങ്ങനെ തന്നെ ഇരിക്കട്ടെ കഴിക്കാന്‍ നേരം തുറന്നാല്‍ മതി

സവാള ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതിന് മുന്‍പ് തക്കാളി അതിലേക്കിട്ടാല്‍ സവാള മൂരിക്കും പിന്നെ സവാള ഒരിക്കലും കറിയില്‍ കലങ്ങില്ല മാത്രമല്ല എത്ര മസാല പൊടിചേര്‍ത്താലും കറിക്ക് ഗുണം കിട്ടില്ല ...
നല്ല കറിവെയ്ക്കുവാന്‍ നല്ല ക്ഷമാ ശീലവും ഉണ്ടായിരിക്കണം

ഇനി ചിക്കന്‍ തേങ്ങ വറുത്ത അരച്ച കറിയാണ് ഉണ്ടാക്കുന്നതെങ്കില്‍ ഒന്നാംഭാഗം വരെ നമ്മുക്ക് പോകാം .. അര ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍ മല്ലിപൊടി അര ടേബിള്‍ സ്പൂണ്‍ മദ്രാസ് കറി പൌഡര്‍ ചേര്‍ത്ത് ഒന്നിളക്കിയതിന് ശേഷം ചിക്കന്‍ ഇടുക നന്നായി ഇളക്കിയതിന് ശേഷം കുറച്ച് സമയം ചൂടാക്കുക എന്നിട്ടതിലേക്ക് ഒരു ഗ്ലാസ്സ് ചൂട് വെള്ളം ഒഴിക്കുക (കൂടുതല്‍ വേണമെങ്കില്‍ ചേര്‍ക്കാം) മേല്‍ നമ്മള്‍ ഉപയോഗിച്ച ഗരം മസാലകളും ഉപയോഗിക്കാം .. ചിക്കന്‍ തിളച്ച് വരുമ്പോള്‍ തയ്യാറാക്കി വെച്ച തേങ്ങ വരുത്ത് അരച്ചത് ( തേങ്ങ ഉരുളിയില്‍ എണ്ണയില്ലാതെ ചെറുതീയ്യില്‍ വറുത്തെടുക്കുക അതില്‍ 25 ഗ്രാം മല്ലി (പൊടിയല്ല) യും 10 അല്ലി കറിവേപ്പിലയും, കുറച്ച് കുരുമുളക് (പൊടിയല്ല) ചേര്‍ത്ത് വറുക്കണം, വറുത്തതിന് ശേഷം ആദ്യം വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ ഇട്ട് പൊടിക്കുക .. മിക്സിയില്‍ ഇട്ട് തന്നെ ഇത്തിരി വെള്ളം ചേര്‍ത്തും അരച്ചെടുക്കുക ഈ പേസ്റ്റ്) കറിയിലേക്കിടുക ... ഒരു തിള വരുമ്പോള്‍ കുറച്ച് കൂടി കറിവേപ്പിലയിട്ട് തീ അണച്ച് മൂടി വെയ്ക്കുക .. ഈ കറിക്ക് നല്ല മണവും ഗുണവും ഉണ്ടായിരിക്കും ഈ കറിയുടെ നിറം ചുവപ്പായിരിക്കില്ല ...(മറ്റൊരു കാര്യം ഇത്തിരി പച്ചമുളക് കൂടുതല്‍ ഇടണം )
ചിക്കന്‍ മട്ടന്‍ കറികളില്‍ ഉപ്പ് കൂടിയിട്ടുണ്ടെങ്കില്‍ ഒരു ഉരുളക്കിഴങ്ങ് മുറിച്ചിട്ടാല്‍ മതി
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ കമന്‍റുക ....

മീന്‍ കറിക്കും ഒന്നാം ഭാഗം വരെ ഓക്കെ ... അത് കഴിഞ്ഞ് മുളകിട്ട കറിയാണെങ്കില്‍ ... രണ്ട് ടേബിള്‍ സ്പൂണ്‍ മുളക് പൊടി അര ടേബിള്‍ സ്പൂണ്‍ മല്ലി പൊടി .... നന്നായി ഇളക്കി അതിലേക്ക് പുളി കലക്കിയ വെള്ളം ( കുടമ്പുളിയാണെങ്കില്‍ ചൂട് വെള്ളം മാത്രം) ആവശ്യത്തിന് ഒഴിക്കുക വെള്ളം കൂടുതല്‍ ഒഴിച്ച് തിളപ്പിച്ച് കുറിക്കിയെടുക്കുക .. നന്നായി തിളച്ചാല്‍ കഴുകി മുറിച്ച് വെച്ച മീന്‍ ഇട്ട് ഒരു തിള .. തീ അണച്ച് ... ചെറിയ ഉള്ളിയും കടുകും കറി വേപ്പിലയും ഇട്ട് തൂമിച്ച് കറിയിലൊഴിച്ച് മൂടി വെയ്ക്കുക) ..

ഇനി തേങ്ങ അരച്ച മീന്‍ കറിയാണെങ്കില്‍ ... ഒന്നാം ഭാഗം കഴിഞ്ഞ് .. അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി ഒന്നര ടേബിള്‍ സ്പൂണ്‍ മല്ലി പൊടി അര ടേബിള്‍ സ്പൂണ്‍ മദ്രാസ് കറി പൌഡര്‍ ചേര്‍ത്ത് ഒന്നിളക്കിയതിന് ശേഷം രണ്ട് ഗ്ലാസ് പുളി കലക്കിയ വെള്ളം (കുടമ്പുളിയാണെങ്കില്‍ ചൂട് വെള്ളം മാത്രം) ചേര്‍ത്ത് നന്നായി തിളച്ചതിന് കഴുകി മുറിച്ച് വെച്ച മീന്‍ ഇടുക ഒന്ന് തിളച്ചതിന് ശേഷം അരച്ച് വെച്ച തേങ്ങ ( തേങ്ങ പൊടിയാണെങ്കില്‍ ആദ്യം മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ ഇത്തിരി പെരുംജീരകവും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അരക്കുക കുറച്ച് പൊടിഞ്ഞതിന് ശേഷം ഇത്തിരി വെള്ളം ചേര്‍ത്തും നന്നായി അരച്ചെടുക്കുക ഈ പേസ്റ്റ്) ചേര്‍ത്ത് ഒരു തിള വരുന്നതിന് മുന്‍പ് തീ അണച്ച് തൂമിച്ച് മൂടി വെയ്ക്കുക (പ്രത്യേകം തേങ്ങ ഇട്ടതിന് ശേഷം നന്നായി തിളപ്പിക്കരുത് ).. കറിവേപ്പില മറക്കരുത് .. ഉപ്പ് മസാല ചേര്‍ക്കുമ്പോള്‍ ആവശ്യത്തിന് ചേര്‍ക്കാന്‍ മറക്കരുത്...
ഇതാന് കറിവെക്കലിന്‍റെ ഗുട്ടന്‍സ്... ഓക്കെ

മട്ടന്‍ കറിയും മറ്റേത് കറിയും ഒന്നാം ഭാഗം വരെ കൃത്യമായി ചെയ്യണം .. കറിവെയ്ക്കലില്‍ ഷോര്‍ട്ട് കട്ടും ഉണ്ട് ട്ടോ അത് പിന്നീടൊരിക്കലാവാം

Wednesday, November 29, 2006

ആലുവും ഗോപിയും പിന്നെ ബട്ടൂരയും

ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ആലു (ഉരുള കിഴങ്ങ്) ചേര്‍ത്തതെന്തും, ഇവിടെ ഞാനോരു ഉത്തരേന്ത്യന്‍ ഡിഷ്... ന്നിങ്ങള്‍ക്കായ് ..
ഒന്നാം ഘട്ടം

1). ഉരുള കിഴങ്ങ് ¼ കിലോ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി ഒന്ന് നാലാക്ക് മുറിച്ച് അതിലോരോന്നും വീണ്ടും നാലാക്കി മുറിക്കുക . ഒരു ഉരുള കിഴങ്ങ 16 കഷണമാക്കണം.
2) ഗോപി (ക്വാളിഫ്ലവര്‍) ½ കിലോ നടുവിലെ വലിയ തണ്ട് ഒഴികെ ചെറിയ കഷണങ്ങളാക്കുക, കഴുകി മാറ്റി വെയ്ക്കുക.
3) ¼ ലിറ്റര്‍ ഒയിലില്‍ ചീനചട്ടിയീല്‍ ഡീപ്പ് ഫ്രൈ ആയി ഉരുളകിഴങ്ങും ഗോപിയും പൊരിച്ചെടുക്കുക, ആദ്യം ഉരുളകിഴങ്ങ് പിന്നീട് ഗോപി.. ഇവ രണ്ടും ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാവുന്നത് വരെ പൊരിക്കണം എന്നിട്ട് ഇവ രണ്ടും മാറ്റി വെയ്ക്കുക.
രണ്ടാം ഘട്ടം

1) 10 (എണ്ണം) പച്ചമുളക് നീളത്തില്‍ അരിഞ്ഞത്.
2) ഒരു ചെറിയ കഷണം (ഏകദേശം 10ഗ്രാം)ഇഞ്ചി വളരെ നേര്‍ത്ത് നീളത്തില്‍ അരിഞ്ഞത്.
3) 25 ഗ്രാം ഇഞ്ചിയും 25 ഗ്രാം വെളുത്ത ഉള്ളിയും പേസ്റ്റാക്കിയത് ( രണ്ടും separate ആക്കി പേസ്റ്റാക്കണം)
4) മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍.
5) മഞ്ഞള്‍ പൊടി ഒരു ടീ സ്പൂണ്‍.
6) ഒരു നുള്ള് ഗരം മസാല.
7) രണ്ട് സവാള വളരെ നേര്‍മ്മയായി അരിഞ്ഞത്
8) ഉപ്പ് പാകത്തിന്
ഇനി നമ്മുക്കിതിനെ ഒരു പരുവത്തിലാം...

ഫ്രൈപാന്‍ ചൂടാക്കി കുറച്ച് എണ്ണ ഒഴിക്കുക ( ഉരുളകിഴങ്ങ പൊരിച്ചത് ബാക്കിയായത്) എണ്ണ ചൂടായാല്‍ ആദ്യം ഇഞ്ചി പേസ്റ്റ് ഇടുക അതൊന്ന് പച്ചപ്പ് വിട്ടാലുടന്‍ വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കുക .. 10 മുളകില്‍ നിന്നും 5 ഏണ്ണമെടുത്ത് ഇതിനോടൊപ്പം ചേര്‍ക്കുക.. രണ്ട് മിനുറ്റ് ചൂടാക്കി അതിലേക്ക് സവാള അരിഞ്ഞതും ചേര്‍ത്ത് തികച്ചും ബ്രൌണ്‍ നിറമാകുന്നത് വരെ വയറ്റുക. ബ്രൌണ്‍ നിറമായാല്‍ അതിലേക്ക് മഞ്ഞള്‍ പൊടി ഇടുക ഒന്നിളക്കിയതിന് ശേഷം മുളക്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക നന്നായൊന്ന് വയറ്റിയതിന് ശേഷം അതിലേക്ക് മുന്‍പ് പൊരിച്ച് വച്ച ഉരുളകിഴങ്ങും ഗോപിയും ഇടുക നല്ലവണ്ണം മിക്സ് ചെയ്ത് വാങ്ങാന്‍ നേരം ബാക്കിയുള്ള പച്ചമുളകും ഇഞ്ചിയും ചെര്‍ത്ത് ഒന്നിളക്കി മറ്റൊരു പാത്രത്തിലാക്കുക.നാന്‍ (തന്തൂരി റൊട്ടി) പൊറോട്ട ചപ്പാത്തി എന്നിവയുടെ കൂടയോ.. അല്ലെങ്കില്‍ ബട്ടൂരയുടെ കൂടെയോ കഴിക്കാം...
ബട്ടൂര ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

¼ കിലോ മൈദ അതിലേക്ക് ഒരു കോഴിമുട്ടയും ചൂട് വെള്ളവും (ആവശ്യത്തിന്) ഉപ്പും (ആവശ്യത്തിന്) ചേര്‍ത്ത് നന്നായി കുഴച്ച് മാവാക്കുക , കുറച്ച് എണ്ണ തേച്ച് നനഞ്ഞ തുണികൊണ്ട് മൂടി ½ മണിക്കൂര്‍ വെയ്ക്കുക .. പിന്നീട് ഉരുളകളാക്കി പരത്തി (ഒരു വലിയ പത്തിരിയുടെ വലുപ്പത്തില്‍ ) മുന്‍പ് ആലുവും ഗോപിയും പൊരിച്ച ബാക്കി വന്ന എണ്ണയിലിട്ട് പൊരിച്ചെടുക്കുക ..( പൂരിക്ക് ആട്ടയാണെങ്കില്‍ ഇതിന് മൈദയാണ് ഉപയോഗികുക, പൂരിയേക്കാള്‍ വലുതായി പരത്തുകയും വേണം)
ഇനി കഴിക്കാന്‍ എന്നെ കാത്ത് നില്‍ക്കേണ്ട... രണ്ടും കൂട്ടി കഴിച്ചോളൂ....

Monday, November 27, 2006

ന്യൂട്ടര്‍


ന്യൂട്ടറെന്ന പദത്തിനെന്തര്‍ത്ഥം?
ന്യൂട്ടര്‍ എന്ന സ്ലാങ്ങ്‌ പദത്തിനു കൊല്ലത്തെയര്‍ത്ഥം കഴമ്പില്ലാത്തത്‌, അങ്ങുമിങ്ങും തൊടാത്തത്‌, പ്രത്യേകിച്ച്‌ വാല്യൂ അഡിഷന്‍ നടത്താന്‍ കെല്‍പ്പില്ലാത്തത്‌ എന്നൊക്കെ. "പരീക്ഷക്ക്‌ ചോദിച്ച മൂന്ന് എസ്സേയെക്കുറിച്ചും എനിക്കൊന്നുമറിയില്ലായിരുന്നു, പിന്നെ എതാണ്ടൊക്കെ ന്യൂട്ടറടിച്ചു വച്ചേച്ചു പോന്നു." "പുള്ളീടെ പ്രസംഗം വെറും ന്യൂട്ടറാടാ." "മാണി അവതരിപ്പിച്ചത്‌ ഒരുമാതിരി ന്യൂട്ടറു ബഡ്ജറ്റാണല്ലോടേ". "ഇടമയലാര്‍ പ്രശ്നത്തില്‍ അണ്ണന്‍ ഒരു സ്റ്റാന്‍ഡ്‌ എടുത്തേ ചുമ്മാ ന്യൂട്ടറടിക്കാതെ.." എന്നൊക്കെ വാക്യത്തില്‍ പ്രയോഗിക്കാം.

പാവപ്പെട്ടവന്റെ ന്യൂട്ടറടിക്കല്‍
ഷാപ്പിലും കൊച്ചു ഹോട്ടലിലുമൊക്കെ നമ്മള്‍ കയറി "മൂന്നു പൊറോട്ടാ.." എന്നു പറയുമ്പോള്‍ വിളമ്പുകാരന്‍ "കൂടെ കറിയെന്ത്വാ വേണ്ടെ സാറേ? കോഴിക്കറി, ആട്ടിറച്ചി, 'ബീ' ഫ്രൈ, ലിവറ്‌, കൊക്ക്‌, തവള..." എന്നൊരന്തമില്ലാത്ത ലിസ്റ്റ്‌ നിരത്തും. ഓട്ടക്കീശക്കാര്‍ ഞങ്ങള്‍ മുഖവും സ്വരവും ഒരുപോലെ താഴ്ത്തി മൃദുവായി പറയും.."ന്യൂട്ടറ്‌ മതി"
"ഇയ്യാക്ക്‌ മൂന്നു പൊറോട്ടാ ന്യൂട്ടറേ.." എന്നു കൂവി പൊതുജന സമക്ഷം നമ്മളെ നാറ്റി വിളമ്പുകാരന്‍ കയറിപ്പോകും. സാറന്മാരല്ലാത്ത വെറും ഇയ്യാളുമരുടെ കറി- ന്യൂട്ടറ്‌. അതിനു പ്രത്യേകിച്ച്‌ ചാര്‍ജ്ജില്ല. പൊറോട്ടക്കും ചപ്പാത്തിക്കും കപ്പക്കുമൊപ്പം സാമ്പാര്‍ വിളമ്പാനൊക്കാത്തതുകാരണം സാധുക്കള്‍ക്കായി ദൈവം തന്ന ഒരാള്‍ട്ടര്‍നേറ്റീവ്‌- ഒന്നോ രണ്ടോ ചെറിയ കഷണം ഇറച്ചി, കുറേ സവാള, ദരിദ്രയില്ലത്തെ യവാഗുവിനെക്കാള്‍ നീണ്ട ചാറ്‌. ഇത്‌ ന്യൂട്ടര്‍.

ബാച്ചി ജീവിതത്തില്‍ ന്യൂട്ടറിന്റെ പ്രസക്തി
ഒഴിച്ചു കറിയും കൂട്ടാനുമടക്കം ചോറു വയ്ക്കാന്‍ മൂന്നാലു മണിക്കൂര്‍ എടുക്കുന്നു പണ്ടാരം. ന്യൂട്ടര്‍ ഇതിനു രണ്ടിനും ഉതകും. കുറച്ച്‌ ഇറച്ചി മതിയെന്നതിനാല്‍ 'മാംസദാഹം' ഉള്ളവര്‍ക്ക്‌ വലിയ ദോഷം ചെയ്യാതെയും കൂടുതല്‍ എണ്ണയും വറുക്കലും ഇല്ലാതെയും ആശ പൂര്‍ത്തീകരിക്കാം. അടുപ്പിന്‍ മൂട്ടില്‍ നിന്ന് ഇളക്കിക്കൊണ്ടിരിക്കാതെ കറി അടുപ്പില്‍ കേറ്റി വച്ചിട്ട്‌ വന്ന് ബ്ലോഗെഴുതാം. ഒരു റിലീസ്‌ രണ്ടു മൂന്നു ദിവസം ഓടിക്കോളും. ന്യൂട്ടറിന്റെ വലിപ്പം വിലയില്ലായ്മ മാത്രമല്ല!

ന്യൂട്ടറിന്റെ ചേരുവകകള്‍ കണ്ട കടച്ചാണിയും വെട്ടിക്കൂട്ടുമൊക്കെയാണ്‌. അതിനാല്‍ ഒരു പരിഷ്കരിച്ച പതിപ്പ്‌ ഉണ്ടാക്കാം നമുക്ക്‌.

ചേരുവകള്‍:
ചിക്കന്‍ ബ്രെസ്റ്റ്‌ ചെറിയ കഷണമാക്കിയത്‌ അല്ലെങ്കില്‍ ക്യൂബ്സ്‌ - 500 ഗ്രാം.
സവാള- 500 ഗ്രാം
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി മൂന്ന് അല്ലി
കറിവേപ്പില രണ്ട്‌ തണ്ട്‌
ചിക്കന്‍ മസാല - 3 ടേബിള്‍ സ്പൂണ്‍
മുളകുപൊടി മുക്കാല്‍ ടേ സ്പൂ
മഞ്ഞള്‍ അര ടേ സ്പൂ.
അര മുറി ഇടത്തരം തക്കാളി.
ഉപ്പ്‌- ആവശ്യത്തിന്‌

പാചകം:

ചിക്കന്‍ ഒരു സ്റ്റീമറിലോ ഗ്രില്ലിലോ ഒന്നു ചൂടാക്കിയാല്‍
മിച്ചമുള്ള കൊഴുപ്പും പോയിക്കിട്ടും (പനക്കു ചോറു തടിയില്‍, ചിക്കനു ഫാറ്റ്‌ തൊലിക്കടിയില്‍ എന്ന് ദേവവാക്യം)

കുറച്ച്‌ ഒലിവെണ്ണ (ലൈറ്റ്‌ വെര്‍ജിന്‍ ക്രഷ്‌) ചൂടാക്കി (നോണ്‍ സ്റ്റിക്ക്‌ പാത്രമാണെങ്കില്‍ വളരെ കുറച്ചു മതി)സവാളയിഞ്ചിവെള്ളുള്ളികള്‍ അതില്‍ വഴറ്റുക. ഇടക്ക്‌ വല്ലാതെ ഉണങ്ങിപ്പോകുന്നെന്നു തോന്നിയാല്‍ കുറച്ചു വെള്ളം തളിച്ചാല്‍ മതി ശരിയായിക്കോളും.

ഇത്‌ ഒരു ഇളം ഗോള്‍ഡന്‍ ബ്രൌണ്‍ (പച്ചമലയാള പ്രസ്ഥാനക്കാരു ക്ഷമിക്കണേ) നിറമാകുമ്പോള്‍ പൊടികള്‍ എല്ലാം ഇട്ട്‌ കുറച്ച്‌ വെള്ളം തൂകി വഴറ്റുക. ശേഷം കോഴിയിറച്ചിയും ചേര്‍ത്ത്‌ കുറച്ചു കൂടി വഴറ്റുക.

ഇനിയെല്ലാം സിമ്പിള്‍. 4 ഗ്ലാസ്‌ നിറയേ വെള്ളം ചേര്‍ക്കുക, കറിവേപ്പിലയും തക്കാളിയും ഇടുക. "ഇന്‍ഷാള്ളാ ശരിയായി വരും" എന്നൊരു വിശ്വാസം വരുന്നയത്രയും ഉപ്പു ചേര്‍ക്കുക. ചെറിയ തീയില്‍ അടച്ചു പാത്രം മൂടുക. ബ്ലോഗോ ചാറ്റോ എന്താന്നു വച്ചാല്‍ നടത്തിക്കോ, വീടു പൂട്ടി കറങ്ങാന്‍ ഇറങ്ങരുതെന്നു മാത്രം, കാരണം പരീക്ഷക്ക്‌ ഇന്‍വിജിലേറ്ററു പോകുമ്പോലെ ഇടക്കൊക്കെ പാത്രമൊന്നു പരിശോധിക്കണം.

ചിക്കന്‍ കഷണങ്ങള്‍ ചെറുതായി പൊടിഞ്ഞു തുടങ്ങുമ്പോള്‍ സംഭവം റെഡി. കുറച്ചു നേരം ആറാന്‍ വയ്ക്കുക, മസാല പിടിക്കാന്‍ നേരമെടുക്കും. ചപ്പാത്തി, ഖുബൂസ്‌, പറയാത്താ, ചോറ്‌ എന്തിലുമൊഴിക്കാം.

ശരിക്കും ഇതിന്‌ രുചിയുണ്ടോ അതോ തെരുവോരക്കടകളിലും ഷാപ്പിലും ചിലവിട്ട എന്റെ ചെറുപ്പത്തിന്റെ ഹാങ്ങോവര്‍ ആയ ന്യൂട്ടറിയന്‍ നൊവാള്‍ജിയ കൊണ്ട്‌ ഞാന്‍ തുള്ളുന്നതാണോ? പരീക്ഷിക്കുന്നവര്‍ അവരുടെ അഭിപ്രായം പറഞ്ഞാലേ എനിക്കത്‌ അറിയാനാവൂ.

[ഇത്‌ ന്യൂട്ടറിന്റെ ഒരു ലക്സ്വറി വേര്‍ഷന്‍ ആണ്‌. ഇക്കോണമി പാക്ക്‌
ഉണ്ടാക്കാന്‍ ബീഫ്‌ കഷണങ്ങള്‍, ചവ്വ്‌ തുടങ്ങിയതാണ്‌ ചേര്‍ക്കാറ്‌ കിഴങ്ങ്‌ മൈദാ തുടങ്ങി തിക്ക്‌ ഗ്രേവി സഹായികള്‍ ചേര്‍ത്ത്‌ ഈ അഞ്ഞൂറു ഗ്രാം ഇറച്ചിയെ ഹോട്ടലുകാര്‍ ഒരു വാര്‍പ്പ്‌ ന്യൂട്ടറാക്കും. എന്നാലല്ലേ ഫ്രീയാക്കാന്‍ പറ്റൂ.

ഈ ന്യൂട്ടര്‍ മാക്‌ഡോഗള്‍ ശാസനങ്ങള്‍ക്ക്‌ അനുസൃതമല്ല. എന്നാല്‍ മീറ്റ്‌ ലീനിങ്ങും ഗ്രേവിയാല്‍ നേര്‍പ്പിക്കലുമൊക്കെയായി ഒരു ലോ ഫാറ്റ്‌ മോരുകറിയോളം നിര്‍ദ്ദോഷിയാണ്‌. അമേരിക്കന്‍ ഹാര്‍ട്ട്‌ അസ്സോസിയേഷന്‍ നിശ്ചയിച്ച പരിധികള്‍ക്ക്‌ വളരെ താഴെയാണ്‌ ഇതിന്റെ കൊഴുപ്പളവ്‌. ഓക്സിഡേറ്റീവ്‌ സ്ട്രെസ്സിനും വളരെയൊന്നും ഇടമില്ല. ]

Saturday, November 25, 2006

ബീഫ് ഡബിള്‍ ഫ്രൈ

വേണ്ട സാധന സാമഗ്രികള്‍

1.ബീഫ് - 500 ഗ്രാം ( ഒന്നര ഇഞ്ച് കനത്തില്‍ കഷണിച്ചത്)
2.മുളകുപൊടി - 2 ടേബിള്‍‍ സ്പൂണ്‍.
3.മഞ്ഞള്‍ പൊടി - ½ ടേബിള്‍ സ്പൂണ്‍
4.മല്ലിപ്പൊടി - 2 ടേബിള്‍‍ സ്പൂണ്‍.
5.ഗരം മസാല - 1 ടേബിള്‍‍ സ്പൂണ്‍.
6.മുട്ട - 2 എണ്ണം
7.കോണ്‍ഫ്ലവര്‍ - 1 ടേബിള്‍ സ്പൂണ്‍
8.ഉപ്പ് - ആവശ്യത്തിന്
9.വലിയ ഉള്ളി - 1 (ചെറുതായി അരിഞ്ഞത്)
10.ഇഞ്ച്ചി - ഒന്നര ഇഞ്ചു കഷണം (ചെറുതായി നീളത്തിലരിഞ്ഞത്)
11.പച്ച മുളക് - നാലെണ്ണം ( നീളനായി പിളര്‍ന്നത്)
12.വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് - 1 ടേബിള്‍‍ സ്പൂണ്‍.
13.കുരുമുളക് - അര ടേബിള്‍‍ സ്പൂണ്‍.
14.ഫുഡ് കളര്‍(റെഡ്) - ആവശ്യത്തിന്
15.എണ്ണ - ആവശ്യത്തിന് ( വെളിച്ചെണ്ണയായാല്‍ നന്നാവും)
16.വേപ്പില - 2 കതിര്‍പ്പ്


ഉണ്ടാക്കേണ്ട വിധം

സ്കെയില്‍ വെച്ച് ബീഫ്(മാട്ടിറച്ചി) ഒന്നര ഇഞ്ച് നീളവും വീതിയുമുള്ള കഷണങ്ങളാക്കുക. കുക്കറെടുത്ത് കഴുകി വൃത്തിയാക്കിയ ബീഫും മുളകുപൊടിയും മഞ്ഞള്‍ പൊടിയും മല്ലിപ്പൊടിയും ഗരം മസാലയും വെളുത്തുള്ളി-ഇഞ്ച്ചി പേസ്റ്റും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി ഇടത്തരം തീയില്‍ 25 മിനിട്ട് വേവിക്കുക. തീ ഓഫ് ചെയ്ത് 10 മിനിട്ട് മാറ്റി വെയ്ക്കുക. പിന്നീട് കുക്കറിന്റെ അടപ്പ് മാറ്റി വെച്ച് നല്ല തീയില്‍ ബാക്കിയുള്ള വെള്ളം വറ്റിച്ചെടുക്കുക. ഇതിനെ ഒരു പത്തുമിനിട്ട് തണുക്കാന്‍ വെക്കുക. അതവിടെയിരുന്ന് റെസ്റ്റെടുക്കട്ടെ.
2 മുട്ട ഒരു ബൌളില്‍ ഇട്ട് ബീറ്റു ചെയ്യുക. അതിലേക്ക് കുരുമുളകും കോണ്‍ഫ്ലവറും പാകത്തിനു ഉപ്പും ( അധികമാവരുത് കാല്‍ ടേബിള്‍‍ സ്പൂണ്‍ മതിയാവും ) രണ്ടു തുള്ളി ഫുഡ് കളറും(കളര്‍ അധികമാവരുത് ഇളം ചുവപ്പേ ആകാവും) ചേര്‍ത്ത് മിക്സ് ചെയ്യുക. ഇപ്പോള്‍ ഇതൊരു ഇളം ചുവപ്പുള്ള മിശ്രിതമായിട്ടുണ്ടാകും.
ഫ്രയിംഗ് പാന്‍ എടുത്ത് വറുക്കാന്‍ പാകത്തില്‍ എണ്ണയെടുത്ത് (ഡീപ് ഫ്രൈ) ചൂടാക്കുക.
മാറ്റിവെച്ച ബീഫ് കുറെശ്ശെയെടുത്ത് തയ്യാറാക്കിവെച്ച മിശ്രിതത്തില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്ത് കോരിയെടുക്കുക.
അതിനുശേഷം ഫ്രയിംഗ് പാന്‍ ചൂടാകി ഒന്നര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കുക.അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന വലിയ ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ യഥാകൃമം ചേര്‍ത്തിളക്കി മൊരിഞ്ഞു വരുമ്പോള്‍ വേപ്പില ചേര്‍ക്കിക. ഇതിലേക്ക് വറുത്ത് കോരിവെച്ചിരിക്കുന്ന ബീഫും രണ്ടു നുള്ള് ഗരം മസാലയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ബീഫ് ഡബിള്‍ ഫ്രൈ റെഡി.

ചാവക്കാട് അരമന ബാറിലെ ഫാസ്റ്റ് മൂവിങ് ഐറ്റമാണിത്. ഇതിന്റെ പാചകവിധിയും അവരുടെ തന്നെ. ഉണ്ടാക്കി നോക്കി അഭിപ്രായം പറയുമല്ലോ.

Tuesday, November 21, 2006

പത്തിരി

നിറപറ പത്തിരിപ്പൊടി- 2 ഗ്ലാസ്സ്‌
വെള്ളം-2 ഗ്ലാസ്സ്‌
ഉപ്പ്‌-ആവശ്യത്തിന്‌

ഉണ്ടാക്കേണ്ട വിധം:വെള്ളം പാത്രത്തിലൊഴിച്ച്‌ അടുപ്പത്ത്‌ വെച്ച്‌ തിളപ്പിക്കുക.തിളച്ചു തുടങ്ങുമ്പോള്‍ ഉപ്പിട്ട്‌ തീ കുറക്കുക.അരിപ്പൊടി വെള്ളത്തിലേക്ക്‌ ഇട്ട്‌ നല്ല വണ്ണം ഇളക്കുക.വെള്ളം വറ്റിയാല്‍ പാത്രം അടുപ്പില്‍ നിന്നിറക്കി പൊടി ഒരു പരന്ന പാത്രത്തിലേക്കിട്ട്‌ നല്ല വണ്ണം കുഴയ്ക്കുക.പൊടി ചൂടാറുന്നതിന്‌ മുമ്പ്‌ കുഴയ്ക്കണം.നല്ല മയം വരുന്നത്‌ വരെ കുഴച്ച്‌ പൊടി ഉരുളകളാക്കുക.ഓരോ ഉരുളകളും പലകയിലോ പ്രസ്സിലോ വെച്ച്‌ കനം കുറച്ച്‌ പരത്തുക.

എണ്ണമയം ഇല്ലാത്ത ചട്ടി ചൂടാകുമ്പോള്‍ പത്തിരി ചട്ടിയി‌ലേക്ക് ഇടുക.(പരത്തുമ്പോള്‍ മുകളിലായിരുന്ന വശം തന്നെ ചട്ടിയിലിടുമ്പോഴും മുകളില്‍ വരാന്‍ ശ്രദ്ധിയ്ക്കുക).പത്തിരി ചെറുതായി ചൂടാകുമ്പോള്‍ മറിച്ചിടുക.രണ്ട്‌ നിമിഷത്തിനു ശേഷം ഒന്നു കൂടി തിരിച്ചിടുക.ഭാഗ്യമുണ്ടെങ്കില്‍ കുറച്ച്‌ കഴിയുമ്പോള്‍ പത്തിരിയുടെ മുകള്‍ വശം പൊന്തി വരും.അപ്പോള്‍ ചട്ടിയില്‍ നിന്നും എടുത്ത്‌ ചൂടാറാന്‍ വെക്കുക.പത്തിരി മുട്ടക്കറി കൂട്ടി കഴിക്കാം.

ബാച്ചിലേഴ്സിന്‌:ഇതു നിങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണിയല്ല.

വിവാഹിതര്‍ക്ക്‌:ഭാര്യമാര്‍ ഇത്ര കഷ്ടപ്പെട്ടുണ്ടാക്കുന്ന പത്തിരികളാണ്‌ നിങ്ങള്‍ നിമിഷനേരം കൊണ്ട്‌ വെട്ടി വിഴുങ്ങുന്നത്‌.

മുട്ടസുര്‍ക്കയും അല്ലാഹു അഹ്‌ലവും

ഥിതികളെ സല്‍ക്കരിക്കുന്നവരില്‍ മലബാറുക്കാര്‍ ഒരു പടി മുന്‍പിലാണ്‌ അതുകൊണ്ട്‌ പലഹാരങ്ങളുടെ നാടായാണ്‌ മലബാറിനെ അറിയപ്പെടുന്നത്‌.. മൊഞ്ചുള്ള ഇശലുകള്‍ മാപ്പിളപ്പാട്ടിന്റെ മനോഹാരിതകൂട്ടുന്നതോടൊപ്പം പുതുമണവാളനെ തീറ്റിക്കുന്ന അമ്മായിമ്മയുടെ പാട്ടുകളില്‍ നൂറ്റി ഒന്ന് തരം പലഹാരങ്ങള്‍ നിരത്തിവെച്ച്‌ ..പുതിയാപ്ല സല്‍ക്കാരം ... പുതിയാപ്ലസല്‍ക്കാരത്തില്‍ മലബാറില്‍ പ്രത്യേകിച്ച്‌ കണ്ണൂരും ക്കോഴിക്കോടും പൊന്നാനിയും ഹൃദ്യമായൊരു ബന്ധമുണ്ട്‌.. സമാനമായ സംസ്ക്കാരവും വെച്ച്‌ പുലര്‍ത്തുന്നു.. ഇപ്പോള്‍ വളരെ കുറവാണെങ്കിലും ഇവിടെങ്ങളില്‍ പെണ്ണുവീട്ടുകളിലാണ്‌ ചെക്കന്റെ പൊറുതി..കല്യാണം കഴിഞ്ഞ്‌ നാല്‍പ്പത്‌ ദിവസം . കാലത്ത്‌ നേരിയ അരിപത്തിരിയും മട്ടന്‍ കുറുമയും, ക്കോഴി പൊരിച്ചതും, ഉച്ചക്ക്‌ നെയ്ചോറ്‌, രാത്രി പത്തിരിം ക്കോഴിയും, ഇടക്കിടെ ചായയുടെ കൂടെ.. ക്കോഴിയട, അമ്പായത്തിന്റെട, പൂവപ്പം, ബിസ്കറ്റപ്പം, റവക്കേക്ക്‌, ചിറട്ടിമാല, മുട്ടമാല,മുട്ടസുര്‍ക്ക,അല്ലാഹു അഹ്‌ലം, വായക്കട (ഉന്നകായ)കിടുത, പഴം നിറച്ചത്‌, ചുക്കപ്പം, അങ്ങനെ നീളുന്ന ഒത്തിരി പലഹാരങ്ങല്‍ .. ഇനി നമ്മുക്ക്‌ അഗ്രജന്‍ ഉണ്ടാക്കിയ മുട്ടമാലയുടെ തുടര്‍ച്ചയായ മുട്ടസുര്‍ക്കയും അല്ലാഹു അഹ്‌ലവും എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം..

ഗ്രജന്റെ മുട്ടമാല ഉണ്ടാക്കുന്ന വിധം കൊള്ളാം ഒരു കാര്യം കൂടി ചെയ്തിട്ടില്ലെങ്കില്‍ ഒരു പക്ഷെ മുട്ടമാല ഉണ്ടാകില കുഴഞ്ഞമാല ഉണ്ടാകൂ.... വെളുത്ത ഉണ്ണിയും മഞ്ഞ ഉണ്ണിയും വേര്‍ത്തിരിച്ചതിന്‌ ശേഷം, മഞ്ഞ ഉണ്ണിയെ ആവരണം ചെയ്തിരിക്കുന്ന നേര്‍ത്ത പാട വളരെ സൂക്ഷ്മതയോടെ എടുത്ത്‌ മാറ്റണം.. അല്ലെങ്കില്‍ മഞ്ഞ ഉണ്ണി അടിച്ച്‌ മുട്ടത്തോടിന്റെ ചെറിയ സുഷിരത്തിലൂടെ ചെറിയ നൂലായിവരില്ല... ഈ പാട തടസ്സം ചെയ്യും.. പിന്നെ മറ്റൊരു കാര്യം ചൂടായ സിറപ്പില്‍ വെച്ച്‌ മുട്ട നൂലായി ഒഴിച്ചതിന്‌ ശേഷം വീണ്ടും ചൂടാക്കേണ്ട അവശ്യം ഇല്ല .. സിറപ്പിലെ ചൂടില്‍ മുട്ടമാല ശരിയാവും ..
ബാക്കി വരുന്ന വെള്ള ഉണ്ണി കൊണ്ട്‌ ഉണ്ടാക്കുന്ന പലഹാരമാണ്‌ മുട്ട സുര്‍ക്ക
ഉണ്ടാക്കുന്ന വിധം..പത്ത്‌ ക്കോഴിമുട്ടയുടെ വെളുത്ത ഉണ്ണിക്ക്‌ അഞ്ച്‌ ഗ്രാം ഏലക്കായ്‌, രണ്ട്‌ കരയാമ്പൂ, അമ്പത്‌ ഗ്രാം അണ്ടിപ്പരിപ്പ്‌, അമ്പത്ഗ്രാം ഉണക്ക മുന്തിരി, നൂര്‍ ഗ്രാം പഞ്ചസാര എല്ലാം ഇതില്‍ മിക്സ്‌ ചെയ്ത്‌ .. ഒരു ചെറിയ പാത്രത്തില്‍ , ഈ പാത്രം അതിനേക്കാല്‍ വലിപ്പമുള്ള മറ്റൊരു പാത്രത്തില്‍ വെള്ളമെടുത്ത്‌ അതില്‍ കലക്കിയ മുട്ട ഒഴിച്ച പാത്രം ഇറക്കി വെയ്ക്കുക , പ്രത്യേകം ശ്രദ്ധിക്കേണ്ടൊരു ക്കാര്യം മുട്ട ഒഴിച്ച പാത്രം ഇളകി തൂവി പോവരുത്‌, മുട്ട ഉള്ള പാത്രം അലുമിനിയം ഫോയില്‍ കൊണ്ട്‌ മൂടണം, വലിയപത്രം മറ്റൊരു പാത്രം കൊണ്ടും മൂടണം, വളരെ സിമ്പില്‍ ആയ ഒരു കാര്യമാണിത്‌, അരമണിക്കൂര്‍ കഴിഞ്ഞ്‌ തുറന്ന് തണുപ്പിച്ച്‌, മറ്റൊരു പാത്രത്തിലാക്കി ചെറിയ കഷണങ്ങളാക്കി കഴിക്കുക, -------------മുട്ടമാല ഉണ്ടാക്കി അവശേഷിക്കുന്ന പഞ്ചസാര സിറപ്പ്‌ ഉപയോഗിച്ച്‌ സര്‍ബ്ബത്ത്‌ ഉണ്ടാക്കുകയോ അല്ലെങ്കില്‍ മറ്റൊരു പലഹാരമായ, അല്ലാഹു അഹ്‌ലം എന്ന പലഹാരം ഉണ്ടാക്കാം. അതെങ്ങിനെ ഉണ്ടാക്കമെന്ന് പറയാം..

വേണ്ട സാധനങ്ങള്‍....
ക്കോഴിമുട്ട പത്തണ്ണം
മൈദ ഇരുനൂറ്‌ ഗ്രാം
തേങ്ങ ഒരെണ്ണം
അണ്ടിപ്പരിപ്പ്‌ അമ്പത്‌ ഗ്രാം.
ഉണക്ക മുന്തിരി അമ്പത്‌ ഗ്രാം.
നെയ്യ്‌ നൂറ്‌ ഗ്രാം.
ഏലക്കായ്‌ പത്ത്‌ എണ്ണം.
ഗ്രാമ്പു അഞ്ച്‌.
പഞ്ചസാര നൂറ്‌ ഗ്രാം
ഉപ്പ്‌ ഒരല്‍പ്പം.
തയ്യാറാക്കുന്ന വിധം..

പത്ത്‌ ക്കോഴിമുട്ടയില്‍ നിന്ന് അഞ്ചെണ്ണമെടുത്ത്‌ മൈടയില്‍ മിക്സ്‌ ചെയ്യുക, വെള്ളം ചേര്‍ക്കരുത്‌ ഒരല്‍പ്പം ഉപ്പ്‌ ചേര്‍ക്കാം, നന്നായി കുറികയതിന്‌ ശേഷം വലിയ ഫ്രൈപാനില്‍ വലിയ ദോശ ഉണ്ടാക്കി വെയ്ക്കുക.
ചീനചട്ടിയില്‍ നെയ്യ്‌ ചൂടാക്കി അതിലേക്ക്‌ തേങ്ങയും പഞ്ചസാരയും അണ്ടിപരിപ്പും മുന്തിരിയും ഏല,ഗ്രാമ്പു എന്നിവ ഇട്ട്‌ ചൂടാക്കുക , ചൂടായി വരുമ്പോള്‍ ബാക്കിയുള്ള അഞ്ച്‌ മുട്ട അതിലേക്ക്‌ ഒഴിക്കുക.. എല്ലാം നന്നായി മിക്സ്‌ ചെയ്ത്‌ ചെറിയ ചൂടില്‍ അഞ്ച്‌ മിനുട്ട്‌ നേരം ഇളക്കുക.. എന്നതിന്‌ ശേഷം വാങ്ങി വെയ്ക്കുക.ഇനി ഒരു ദോശയെടുത്ത്‌ അതില്‍ രണ്ട്‌ കപ്പ്‌ തേങ്ങമിക്സ്‌ വെച്ച്‌ സ്റ്റഫ്‌ ചെയ്യുക, വളരെ വലുപ്പം ഉണ്ടാകുമിത്‌, ഇതിനെ നാലായി മുറിച്ച്‌ അതിലേക്ക്‌ പഞ്ചസാര സിറപ്പ്‌ (പാനി) ഒഴിക്കുക.. പിന്നെ കഴിക്കുക
-----------------------------------------------------
മുട്ടസുര്‍ക്കയുടെ മുകളിലാണ്‌ മുട്ട മാല വെയ്ക്കേണ്ടത്‌ .. കാണാനും ഭംഗിയുണ്ടാകും തിന്നാനും രുചിയുണ്ടാകും ... ഈ മൂന്നും നല്ല മധുരമുള്ള പലഹാരങ്ങളാണ്‌..

Sunday, November 19, 2006

മുട്ടമാല

എന്‍റെ ഭാര്യഗേഹം നിലകൊള്ളുന്ന പൊന്നാനി ഭാഗത്തെ ഒരു വിശിഷ്ടമായ പലഹാരമാണത്രേ ‘മുട്ടമാല’

ആവശ്യം വേണ്ടുന്ന സാധനങ്ങള്‍:

‘നന്നായി വിളഞ്ഞ’ കോഴിമുട്ട - 2 എണ്ണം
പഞ്ചസാര - അര കപ്പ്
വെള്ളം - ഒരു കപ്പ്

തയ്യാറാക്കുന്ന വിധം:

മുട്ട മുകള്‍ ഭാഗം പൊട്ടിച്ച്, മഞ്ഞക്കുരു മാത്രം എടുത്ത് നന്നായി അടിക്കുക.
ഒഴിഞ്ഞ മുട്ടത്തോടിനടിയില്‍ ചെറിയ ഒരു സുഷിരമുണ്ടാക്കുക.

അടുപ്പത്ത് ചീനച്ചട്ടി വെച്ച് അതില്‍ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക.
പഞ്ചസാര ഉരുകി ചെറുതായിട്ടൊന്നു കുറുകുന്നത് വരെ തിളപ്പിക്കുക (പഞ്ചസാര സീറെന്ന് പറയും ആ പരുവത്തിന്).

സുഷിരം വിരലുകൊണ്ട് പൊത്തിപ്പിടിച്ച് മുട്ടത്തോടിലേക്ക് അടിച്ചുവെച്ചിരിക്കുന്ന മഞ്ഞ നിറയ്ക്കുക.
ചീനച്ചട്ടിയിലെ പഞ്ചസാര ലായനിയിലേക്ക്, വിരല്‍ മാറ്റി മുട്ടയുടെ മഞ്ഞ, വട്ടം ചുറ്റി ഒഴിക്കുക.
ചെറിയ തീയില്‍ കുറച്ച് വേവിച്ചതിന് ശേഷം കോരിയെടുക്കാം.

ഈ വിഭവം കൊളസ്ട്രോളിനും ഡയബെറ്റീസിനും വളരെ നല്ലതാണ് - നല്ലതാന്ന് വെച്ചാല്‍ രണ്ടും ഉണ്ടാവാന്‍ നല്ലതാണെന്ന്.

ഉപയോഗമില്ലാതെ വന്ന മുട്ടയുടെ വെള്ള വേണമെങ്കില്‍ ചായയില്‍ പാലിനു പകരം ചേര്‍ക്കാവുന്നതാണ് എന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്.

പാലട പ്രഥമന്‍

വേണ്ട സാധനങ്ങള്‍

1.അരിപ്പൊടി 200 ഗ്രാം
2.പാല്‍ 3 ലിറ്റര്‍
3.പഞ്ചസാര ¾ ഗ്ലാസ് (ആവശ്യത്തിന്)
4.നെയ്യ് 4 ടീസ്പൂണ്‍
5.വാഴയില ആവശ്യത്തിന്
6.ഏലക്കാ പൊടി ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

അരിപ്പൊടി ഒരു പാത്രത്തില്‍ എടുത്ത് 100 മില്ലി പാലും ചെറുചൂടുവെള്ളവും കൂട്ടി അടയ്ക്കുള്ള പരുവത്തില്‍ കുഴയ്ക്കുക. വാഴയില ചെറുതായി കീറി അതില്‍ ഈ മിശ്രിതം പരത്തി ആവിയില്‍ വേവിച്ചെടുക്കുക. അധികം വേവരുത്. പാത്രത്തില്‍ നിന്നുമെടുത്ത് തണുത്തതിനുശേഷം ഒരു പരന്ന വൃത്തിയുള്ള പലകപ്പുറത്ത് ഓരോ അടയും വെച്ച് ചെറുതായി കൊത്തിയരിയുക. (ഡൈമണ്ട് ആകൃതിയീല്‍)

ചുവടുകട്ടിയുള്ള പാത്രം (ചെറിയ ഉരുളിയുമാവാം) എടുത്ത് അടുപ്പില്‍ വെച്ച് 3 ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ചൂടായ പാത്രത്തിലേക്ക് അടയിട്ടിളക്കുക. തീ കൂട്ടി അട പകുതി മൊരിഞ്ഞ പാകത്തില്‍ ഇറക്കുക.

മറ്റൊരു പാത്രത്തില്‍ 21/2 ലിറ്റര്‍ പാലെടുത്ത് തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാല്‍ തീകുറച്ച് മെല്ലെ ഇളക്കിക്കൊണ്ടിരിക്കുക. പഞ്ചസാര ചേര്‍ത്ത് അഞ്ചുമിനിട്ട് കൂടി ഇടത്തരം തീയില്‍ ഇളക്കുക. പിന്നീട് അട ചേര്‍ത്ത് 10 മിനിട്ടു ഇളക്കുക.അട പൊടിയാതെ ഇളക്കണം. കുറുകി വരുമ്പോള്‍ ബാക്കി പാലും ചേര്‍ത്ത് ഇളക്കുക. തീയില്‍ നിന്നിറക്കി ഏലക്കാപൊടിയും ബാക്കി നെയ്യും ചേര്‍ത്തിളക്കി വിളമ്പാം.

ഇതില്‍ പഞ്ചസാരയുടെ അളവ് അവനവന്റെ കപ്പാസിറ്റിയനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

(ഈ പാചക വിധി ബ്രഹ്മസ്വം മഠത്തിലെ ദേഹണ്ണക്കാരനായിരുന്ന ഇളയതിന്റെയാണ്. എനിക്കിതില്‍ ഒരു പങ്കുമില്ലേ..)

Thursday, November 16, 2006

കള്ള് ഷാപ്പ് മീന്‍ കറി(photo)


“കള്ള് ഷാപ്പിലെ മീന്‍ കറി” ദേണ്ടിങ്ങനെ ഇരിക്കും.

Tuesday, November 14, 2006

നെയ്‌ച്ചോര്‍....

ബിരിയാണി കഴിച്ച പലരും ഇപ്പോഴും ജീവനോടെ ശേഷിക്കുന്നു എന്നെ ധൈര്യത്തില്‍ ഇവിടെ ഒരു നെയ്ച്ചോര്‍ നിര്‍മ്മാണ ശ്രമം.

ബിരിയാണി റൈസ്‌ : 4 ഗ്ലാസ്‌.
വലിയ ഉള്ളി : 2 (ഇടത്തരം)
ഡാള്‍ഡ : 3 ടീസ്പൂണ്‍.
അണ്ടിപ്പരിപ്പ്‌ : 10 എണ്ണം
മുന്തിരി : 15 എണ്ണം
ഏലയ്ക : 4 എണ്ണം
ഗ്രാമ്പൂ : 6 എണ്ണം
കറുവാപട്ട : ചെറിയ കഷ്ണം.
ഉപ്പ്‌ : പാകത്തിന്‌

* അരി നന്നായി കഴുകി വെള്ളത്തില്‍ തന്നെ ഇട്ട്‌ വെക്കുക.

*വലിയ ഉള്ളി ചെറുതായി കട്ട്‌ ചെയ്യുക. ശേഷം ഡല്‍ഡയില്‍ നന്നായി വഴറ്റുക. ( ചെറിയ തീയില്‍ - കളര്‍ ചുവപ്പാകരുത്‌). അതിലേക്ക്‌ അണ്ടിപ്പരിപ്പ്‌, മുന്തിരി, ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവകൂടി ഇടുക. നന്നായി വഴറ്റിയശേഷം അരിയളക്കാനുപയോഗിച്ച അതേ ഗ്ലാസ്സില്‍ ആറുഗ്ലാസ്സ്‌ വെള്ളം എടുത്ത്‌ അത്‌ സവോളയിരിക്കുന്ന പാത്രത്തില്‍ ഒഴിക്കുക.(1:1.5 എന്ന തോതിലാണ്‌ വെള്ളം എടുക്കേണ്ടത്‌, വെള്ളം കൂടിയാല്‍ നെയ്ച്ചോറിന്‌ പകരം നെയ്‌ കഞ്ഞിയോ നെയ്‌ പായസമോ അവാം. അതിനാല്‍ വെള്ളം അളക്കുമ്പോള്‍ സൂക്ഷിക്കുക)

ആവശ്യത്തിനുള്ള ഉപ്പ്പ്‌ ചേര്‍ക്കുക. വെള്ളം നന്നായി തിളച്ച ശേഷം അരിയിടുക. കുറച്ച്‌ ഭാഗം തുറന്നിട്ട്‌ മൂടിവെക്കുക.

വെള്ളം ഏകദേശം 95% വറ്റിയാല്‍ (പാത്രത്തിലെ ചോറില്‍ ചെറിയ കുഴികള്‍ പ്രത്യക്ഷപ്പെടുന്ന സമയം...) നന്നായി ഇളക്കി തീ കഴിയുന്നത്ര കുറക്കുക. മുകളില്‍ അലൂമിനിയം ഫോയില്‍ കൊണ്ടോ മറ്റോ നന്നയി മൂടി (വായു പുറത്ത്‌ പോവാത്ത വിധം) ഇരുപത്‌ മിനുട്ട്‌ അടുപ്പത്ത്‌ വെക്കുക.

ഇരുപത്‌ മിനുട്ടിന്‌ ശേഷം നെയ്ച്ചോര്‍ റെഡി.

വെജ്‌/നോണ്‍ വെജ്‌ കറികളുടെ കൂടെ തട്ടാം... ഇനി കറിയില്ലെങ്കിലും ഒരു കൈ നോക്കാവുന്നതേയുള്ളൂ.

Tuesday, November 07, 2006

കള്ളുഷാപ്പ് മീന്‍ കറി.

ഒരു കള്ളുഷാപ്പിലെ മീന്‍ കറിയുടെ പാചകവിധി താഴെക്കൊടുക്കുന്നു. ഓര്‍മ്മയില്‍ നിന്നെടുത്തെഴുതുന്നതാണ്. തൃശ്ശൂര്‍, പുഴയ്ക്കല്‍ പാടത്ത് അയ്യന്തോള്‍ വഴിയിലുള്ള കള്ളുഷാപ്പിലെ അമ്മായിയോട് കണ്‍സള്‍ട്ട് ചെയ്ത ഓര്‍മ്മയില്‍..

ആവശ്യമുള്ള സാധനങ്ങള്‍

1. മീന്‍ (1/2 കിലൊ.അയില,ചാള, ദശയുള്ള ചെറിയ മീന്‍. കഴുകി വൃത്തിയായി കഷണങ്ങളാക്കിയത് )
2. മുളക് പൊടി ( 2 റ്റിസ്പൂണ്‍)
3. വറ്റല്‍ മുളക് (4 എണ്ണം)
4. കറിവേപ്പില ആവശ്യത്തിന്.
5. മഞ്ഞള്‍ പൊടി.(1/2 ടിസ്പൂണ്‍)
6. വെളിച്ചെണ്ണ. (ആവശ്യത്തിന് / 2 or 3 Table spoon)
7. പച്ച വാളന്‍പുളി (4 എണ്ണം പുഴുങ്ങി പിഴിഞ്ഞ് ചാറെടുക്കുക) / 4 കഷണം കുടമ്പുളി.

പാചക വിധി.

മണ്‍ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. ചട്ടി തുണികൊണ്ട് പിടിച്ച് എണ്ണ ചട്ടിയുടെ വശങ്ങളിലേക്ക് പരത്തുക. എണ്ണ ചൂടായാല്‍ വറ്റല്‍ മുളക് രണ്ടായി കീറി ചേര്‍ക്കുക. പിന്നീട് വേപ്പില.വേപ്പില പൊട്ടിയാല്‍ മഞ്ഞള്‍ പൊടി ചേര്‍ത്തിളക്കുക. പിന്നീട് മുളക്പൊടി ചേര്‍ക്കുക. തീ കുറച്ച് മുളക് പകുതി മൂക്കുന്നതുവരെ കാക്കുക. അധികം മൂക്കരുത്.
പിന്നീട് വാളന്‍പുളിയുടെ വെള്ളമോ കുടമ്പുളിയോ ചേര്‍ക്കുക. അത്യാവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളക്കുന്നതു വരെ കാത്തു നില്ക്കുക. തിളച്ചാല്‍ അത്യാവശ്യത്തിന്‍ ഉപ്പും ചേര്‍ത്ത് മീന്‍ ചേര്‍ക്കുക. തീകുറച്ച് മീന്‍ വേവിക്കുക. മൂടി വെക്കരുത്. കുറുകിയ അവസ്ഥയില്‍ ചട്ടി ഇറക്കാം.
ഈ കറി രണ്ടുമൂന്നു ദിവസം വരെ കേടാവാതെ ഇരിക്കും.

Wednesday, November 01, 2006

മലബാര്‍ ചിക്കന്‍ ബിരിയാണി

ബിരിയാണി റൈസ് : 1 കിലോ.
ചിക്കന്‍ : 1 കിലോ
വലിയ ഉള്ളി (സവാള) : 5 എണ്ണം (സാമാന്യം വലുത്)
തക്കാളി : ഇടത്തരം 3
പച്ചമുളക് : 6
ഇഞ്ചി : ചെറിയ കഷ്ണം.
വെളുത്തുള്ളി : 6 അല്ലി.
ക്യരറ്റ് : ചെറുത് ഒന്ന്.
അച്ചിങ്ങാ പയര്‍ : രണ്ടെണ്ണം..
മല്ലിയില : ഒരു ചെറിയ കെട്ട്.
പുതീന : മൂന്നോ നാലോ ഇല്ലി.
ഏലയ്ക്ക:നാല്
ഗ്രാമ്പൂ ;നാല്
കറുവാപട്ട.: ചെറിയ കഷ്ണം
ഡാല്‍ഡ : ആവശ്യത്തിന്
അണ്ടിപ്പരിപ്പ് : 25 ഗ്രാം
ഉണക്കമുന്തിരി : 25ഗ്രാം
വലിയ ജീരകം : അരടിസ്പൂണ്‍.
ഗരം മസാല : മുക്കല്‍ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : മുക്കാല്‍ ടീസ്പൂണ്‍.
മുളക്പൊടി : എരിവില്ലാത്ത സുന്ദരനായ കശ്മീരി ചില്ലിയാണെങ്കില്‍‍ രണ്ടര ടീസ്പൂണ്‍. അല്ലെങ്കില്‍ ഒന്ന് തന്നെ ധാരാളമാവും.
കുരുമുളക് പൊടി : ഒന്നരടീസ്പൂണ്‍
തൈര് : 2 ടീസ്പൂണ്‍
ഉപ്പ് :പാകത്തിന്


ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ :
1. ബിരിയാണി റൈസ് ആദ്യം വെള്ളത്തിലിട്ട് കുറച്ച് ദൂരെ വെക്കുക. അത്രയും ചെയ്താല്‍ പിന്നെ ഞാന്‍ പറയുന്ന വരേ ആ പാത്രത്തിലേക്ക് നോക്കാന്‍ പോലും പാടുള്ളതല്ല.

2. ഇത് വായിച്ച് ഫുള്‍ കോണ്‍ഫിഡസൊടെ വലിയ ഉള്ളി കനം കുറച്ച് കട്ട് ചെയ്യുക.

3. വെളുത്തുള്ളി/ഇഞ്ചി/ പച്ചമുളക് എന്നിവ ഒന്നിച്ച് നന്നായി ചതക്കുക

4. തക്കാളി ചെറുതായി നുറുക്കുക.

5. മുറിച്ച് വെച്ച് ചിക്കന്‍ കുട്ടപനാണെങ്കില്‍ പുള്ളിയെ കഴുകി റെഡിയാക്കണം. അല്ലെങ്കില്‍ ഡ്രസ്സൊക്കെ ചെയ്ത് കഷ്ണം കഷ്ണമാക്കി വെക്കുക (ഒരു മുഴുവന്‍ ചിക്കന്‍ കാല് രണ്ടാക്കിയാല്‍ ഒരോ കഷ്ണത്തിനും ഉള്ള അത്രയും വലുപ്പത്തില്‍ പീസ്പീസാക്കിയാല്‍ ബഹുത്ത് നല്ലത്)

6. പയര്‍ ഒരിഞ്ച് നീളത്തിലും (കൃത്യമാ‍നായി സ്കെയില്‍ ഉപയോഗിക്കേണ്ടതില്ല. ഇത് ഏകദേശ കണക്ക്) കാരറ്റ് കനം കുറച്ചും കട്ട് ചെയ്യുക.

ഇനി ജോലി തുടങ്ങാം...

അദ്യം ഫ്രൈപാന്‍ പോലെയുള്ള ഇത്തിരി വലിയ പാത്രത്തില്‍ (ഒരു കിലോ ചിക്കന്‍ കറിവെക്കാനുള്ള അത്രയും വലുപ്പം) മൂന്ന് സ്പൂണ്‍ ഡാല്‍ഡ കുറഞ്ഞ ചൂടില്‍ നന്നായി ചൂടാക്കി, ആകെ കട്ട് ചെയ്ത് വെച്ചിരിക്കുന്ന വലിയ ഉള്ളിയുടെ പത്ത് ശതമാനം അതിലിട്ട് വഴറ്റുക. കൂടെ അണ്ടിപ്പരിപ്പ് മുന്തിരി ഇവയും ചേര്‍ക്കുക. നന്നായി ചൂടായി ഉള്ളി ചെമന്നനിറം ആവുമ്പോള്‍ നെയ്യ് നന്നായി വാര്‍ത്ത് ഫ്രൈയായ അണ്ടിപ്പരിപ്പ്/മുന്തിരി ഇവ മറ്റൊരു പാത്രത്തില്‍ സൂക്ഷിക്കുക. (നന്നായി മൊരിഞ്ഞ് സവോള / അണ്ടിപരിപ്പ്/ മുന്തിരി എന്നിവയടങ്ങിയ പാത്രം തെട്ടടുത്ത് വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, വെച്ചാല്‍ ഇടയ്ക് കൊറിക്കാന്‍ തോന്നും... പിന്നെ ആവശ്യസമയത്ത് പാത്രം കാലിയായിരിക്കും).

ഇനി അതേ പാത്രത്തില്‍ ചൂടായിരിക്കുന്ന ഡാല്‍ഡയിലേക്ക് കട്ട് ചെയ്ത ബാക്കി വലിയുള്ളി ഇടുക. കുറഞ്ഞ തീയില്‍ വഴറ്റുക. നന്നായി വെന്തുകഴിഞ്ഞാല്‍ (ആകെ ഉണ്ടായിരുന്ന വലിയുള്ളി പത്ത് ശതമാനമായി ചുരുങ്ങും) അതില്‍ ചതച്ച ഇഞ്ചി/പച്ചമുളക്/വെളുത്തുള്ളി ഇവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. രണ്ടൊ മൂന്നോ മിനുട്ടിന് ശേഷം മഞ്ഞള്‍പെടി/മുളക് പൊടി ഇവ ചേര്‍ത്ത് ഒന്ന് കൂടി മിക്സ് ചെയ്യുക. പിന്നീട് കട്ട് ചെയ്ത് വെച്ച തക്കാളിയും കൂടെ ഉപ്പും ചേര്‍ത്ത് ഇളക്കുക. ഗരം മസാല/കുരുമുളക് പൊടി എന്നിവകൂടി ചേര്‍ത്ത് മൂടിവെക്കുക(കുറഞ്ഞ തീയില്‍).

തക്കാളി നന്നായി ഉടഞ്ഞ് മസാലയുമായി ചേര്‍ന്നാല്‍ ചിക്കന്‍ പീസുകള്‍ ചേര്‍ത്ത് മിക്സ് ചെയ്ത് മൂടിവെക്കുക. (പുള്ളി പതുക്കെ വെന്തുകോള്ളും. ഇടയ്ക്കിടേ ഒന്ന് ഇളക്കി കൊടുക്കണം. ഇത് വരേ ഞാന്‍ ഒരു തുള്ളിവെള്ളം അതില്‍ ചേര്‍ത്തിട്ടില്ല. മറക്കരുത്. ജാഗ്രതൈ.)

ഇനി മറ്റൊരു പാത്രത്തില്‍ അരി മൂടാന്നാവശ്യമായ വെള്ളത്തിന്റെ ഇരട്ടി വെള്ളം തിളപ്പിക്കാന്‍ തുടങ്ങുക. വെളത്തില്‍ കാരറ്റ്/പയര്‍/വലിയജീരകം/ഏലക്ക/ഗ്രാമ്പൂ/കറുവാപട്ട/ഉപ്പ് (പാകത്തിന്)എന്നിവ ചേര്‍ക്കുക. നന്നായി തിളച്ച വെള്ളത്തില്‍ നേരത്തെ വെള്ളത്തിലിട്ടുവെച്ച അരിയിടുക. (ഇതിനിടയില്‍ ചിക്കന്‍ പാത്രം ഇളക്കാന്‍ മരക്കരുത്)

അരി 75% വേവായാല്‍ വെള്ളം വാര്‍ക്കുക.
ചിക്കന്‍ 90%വും റെഡിയായിട്ടുണ്ടാവും. അതില്‍ തൈര് ചേര്‍ത്ത് തീ ഓഫ് ചെയ്യുക.

ഇനി ഒരു പാത്രത്തില്‍ വാര്‍ത്ത ചോറില്‍ നിന്ന് കുറച്ചെടുത്ത് പരത്തി അര ടിസ്പൂണ്‍ ഡാല്‍ഡ് ഒഴിച്ച ശേഷം റെഡിയായ ചിക്കന്‍ അതില്‍ ഒഴിക്കുക. അത് നന്നായി പരത്തി ബാക്കി ചോറ് അതിന് മുകളില്‍ ഇടുക. ചോറിനു മുകളിള്‍ അരടിസ്പൂണ്‍ ഡാള്‍ഡ ഒഴിക്കുക. ചെറുതായി അരിഞ്ഞ മല്ലിയില/ പൊതീന എന്നിവയും മുമ്പേ ഫ്രൈചെയ്ത് വെച്ച അണ്ടിപരിപ്പ് മുന്തിരി ഇവയും ഇടുക.

പിന്നീട് പാത്രത്തിന്റെ വായ്ഭാഗം അലൂമിനിയം ഫോയിലുകൊണ്ടൊ മറ്റോ നന്നായി അടച്ച് (വായു പുറത്ത് കടക്കാത്ത രീതിയില്‍)പാത്രം മൂടി ഏറ്റവും കുറഞ്ഞ തീയില്‍ അടുപ്പത്ത് വെക്കുക. ഇരുപത് മിനുട്ടിന് ശേഷം തി ഓഫ് ചെയ്ത് നിങ്ങള്‍ക്ക് സൌകര്യമുള്ള സമയത്ത് ഫുഡ്ഡഡിക്കാം... ഇതാണ് മലബാരി ബിരിയാണീ.

----
*ഇവിടെ പറഞ്ഞ് ടീസ്പൂണുകളെല്ലാം വലിയാതാണ്. കൊച്ചുകുട്ടികള്‍ക്ക് കഫ്സിറപ്പ് കൊടുക്കുന്ന കൊച്ചു സ്പൂണുമായി വന്ന് പാചകം ചെയ്താല്‍ നിങ്ങള്‍ പാചകം ചെയ്യുന്ന് ബിരിയാണി പോയിട്ട് വെറും ആണിപോലും ആവുന്നതല്ല. ജാഗ്രതൈ.

* ഇനി ഇങ്ങിനെ പാ‍കം ചെയ്ത് ബിരിയാണി ആയില്ലെങ്കില്‍ എന്നോട് പരാതി പറയാം. പക്ഷേ ചിലപ്പോള്‍ ഞാന്‍ വാചാലമായ മൌനത്തിലായിരിക്കും.

ഒരു കുറിപ്പുകൂടി ഇതില്‍ ചേര്‍ക്കണം എന്ന് തോന്നി : ഇത് എഴുതാന്‍ തുടങ്ങിയപ്പോഴാണ് ഇത്തരം ഒരു കുറിപ്പ് എഴുതാനുള്ള വിഷമം മനസ്സിലാക്കിയത്. പിന്നെ ഞാന്‍ ഒരാള്‍ക്ക് പറഞ്ഞ് കൊടുക്കുന്ന പോലെ അങ്ങോട്ട് എഴുതി. അതാണ് സത്യത്തില്‍ ഈ കുറിപ്പ്...

Friday, October 20, 2006

വെണ്ടക്കായ റോസ്റ്റ്‌


ചേരുവകകകള്‍
വെണ്ടക്കായ 250 ഗ്രാം (കഴുകി ഒരിഞ്ചു നീളത്തില്‍ മുറിച്ചു കുറുകേ പിളര്‍ന്നു വയ്ക്കുക)
സവാള- ഇടത്തരം- രണ്ടെണ്ണം
കറിവേപ്പില
വെളുത്തുള്ളി രണ്ട്‌ അല്ലി- കൊത്തിയരിഞ്ഞത്‌
ഇഞ്ചി ഒരു കഷണം- കൊത്തിയരിഞ്ഞത്‌
മഞ്ഞള്‍പ്പൊടി &മുളകുപൊടി : അര ടീസ്പൂണ്‍ വീതം
വെജിറ്റബിള്‍ മസാല- ഈസ്റ്റേണ്‍ (അല്ലെങ്കില്‍ മഞ്ഞള്‍ മുളക്‌ ഇത്തി കൂട്ടി ഒരു നുള്ളു ഗരം മസാല കൂടി ചേര്‍ത്താല്‍ മതി)
ഉപ്പ്‌: ആവശ്യത്തിന്‌
എണ്ണ: തൊട്ടു പോകരുത്‌!

പാചകം
ഒരു ചട്ടിയില്‍ വെണ്ടക്കാ മൂടി നില്‍ക്കുന്ന രീതിയില്‍ വെള്ളം ഒഴിച്ച്‌ വെള്ളം ഏകദേശം വറ്റുമ്പോള്‍ മാറ്റി വയ്ക്കുക.

ചട്ടിയില്‍ ഇപ്പോല്‍ അതിന്റെ കൊഴുപ്പ്‌ ബാറ്റര്‍ ആയി നില്‍ക്കും അതിനാല്‍ എണ്ണ ഒട്ടും ആവശ്യമില്ല. ആ ചട്ടി ചൂടാക്കി ഈ ബാറ്ററിലേക്ക്‌ കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ട്‌ മൂപ്പിക്കുക. ശേഷം (വളരെ കുറച്ച്‌) വെള്ളം ഒഴിച്ച്‌ അതില്‍ സവാള മൂപ്പിക്കുക. സവാള വാടിത്തുടങ്ങുമ്പോല്‍ മസാലകള്‍ എല്ലാം ചേര്‍ത്ത്‌ നന്നായി മൂപ്പിക്കുക (ഇടക്ക്‌ വല്ലാരെ വരണ്ടു പോകുന്നെന്ന് തോന്നിയാല്‍ കുറേശ്ശെ വെള്ളം ചേര്‍ത്തു കൊടുത്താല്‍ മതി.

ഇതിലേക്ക്‌ വെണ്ടക്കായയും ചേര്‍ത്ത്‌ ഇളക്കി നല്ലപോലെ മൂടുന്ന രീതിയില്‍ വെള്ളം ഒഴിച്ച്‌ ഉപ്പും ചേര്‍ത്ത്‌ മൂടി വച്ച്‌ വേവിക്കുക്ക.

വെള്ളം വറ്റി വരുമ്പോല്‍ ഇടക്കിടക്ക്‌ ഇളക്കണം (ഇല്ലെങ്കില്‍ അടിയില്‍ പിടിച്ചു ചട്ടി പണ്ടാരടങ്ങും,
പിന്നെ കഴുകിയാലും പോകില്ല!)

പടത്തില്‍ കാണുന്ന ചേലാകുമ്പോള്‍ സംഭവം റെഡി. ചപ്പാത്തി, ഖുബൂസ്‌, റോട്ടി തുടങ്ങി എന്തു ബ്രെഡിന്റെയും കൂടെ ഓടിക്കോളും.

പോഷക വിവരം:
ഫാറ്റ്‌- 1% ഇല്‍ താഴെ!
ഫൈബര്‍ 3 ഗ്രാം
പ്രൊട്ടീന്‍ - 6 ഗ്രാം
ഫോസ്ഫറസ്‌ - 2 + ഗ്രാം
കാര്‍ബ്‌- 20 ഗ്രാം
വിറ്റാമിന്‍ സി ഇഷ്ടമ്പോലെ
(പിന്നേ എനിക്കു പിരാന്തല്ലേ ഇരുന്നു കണക്കു കൂട്ടാന്‍, അയണും വിറ്റാമിന്‍ ആയും ചെറിയ തോതില്‍ ബി കോമ്പ്ലക്സും നല്ലപോലെ കാത്സ്യവും ഉണ്ട്‌)

[dr. mcdougall compliant recipe, except for added salt]

Saturday, October 14, 2006

വെണ്ടക്ക ഫ്രൈ

വേണ്ട സാധനങ്ങള്‍

വെണ്ടക്ക - മൂക്കാത്തത് 250 ഗ്രാം. വൃത്തിയാക്കി കഴുകി രണ്ടു തലയും കളഞ്ഞ് ഒരു ടീസ്പൂണ്‍ എണ്ണയില്‍ വറുത്തെടുക്കുക. (shallow fry)
ഉണക്ക മുളക് - 7 എണ്ണം (ചെറുതായി ചതച്ച് വെക്കുക)
മഞ്ഞള്‍ പൊടി - അര റ്റീസ്പൂണ്‍
വെളുത്തുള്ളി - 5 അല്ലി (ചതച്ചത്)
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വേപ്പില - ഒരു കതിര്‍


ഉണ്ടാക്കേണ്ട വിധം

എണ്ണ ചൂടാക്കി വെളുത്തുള്ളി ചേര്‍ത്ത് മൂക്കുന്നതുവരെ വഴറ്റുക. പിന്നീട് മുളകും മഞ്ഞള്‍ പൊടിയും ചേര്‍ത്തിളക്കുക. വേപ്പിലയിട്ട് പൊട്ടിയാലുടന്‍ വെണ്ടക്ക ചേര്‍ക്കുക.
നല്ല തീയില്‍ നന്നായി ഇളക്കി ഉപ്പും ചേര്‍ത്തിളക്കുക.രണ്ടു മിനിട്ടിനു ശേഷം ഇറക്കാം.

ഇതിനെ മെഴുക്കുപുരട്ടി എന്നും വിളിക്കാം. പക്ഷേ ഇതിന് നല്ല എരിവ് ഉള്ളതുകൊണ്ട് സ്മാളടിക്കാനും കഞ്ഞികുടിക്കാനും നന്നായിരിക്കും.

വെണ്ടക്ക കറി (തേങ്ങാപ്പാല്‍ ചേര്‍ത്തത്)


വേണ്ട സാധനങ്ങള്‍

വെണ്ടക്ക - മൂക്കാത്തത് 250 ഗ്രാം. വൃത്തിയാക്കി കഴുകി രണ്ടു അറ്റവും കളഞ്ഞത്
പച്ചമുളക് - 7 എണ്ണം (നെടുകെ പിളര്‍ന്നത്)
മഞ്ഞള്‍ പൊടി - അര റ്റീസ്പൂണ്‍
തേങ്ങ - അര മുറി. ( അരച്ച് ഒന്നാം പാലും രണ്ടാം പാല്‍ ( 100 മില്ലി) മാറ്റി വെക്കുക
ചെറിയ ഉള്ളി - പത്തെണ്ണം (തൊലി കളഞ്ഞ് ചെറുതായി നുറുക്കിയത്)
വെളുത്തുള്ളി - 5 അല്ലി (ചതച്ചത്)
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കടുക് - അര റ്റീസ്പൂണ്‍
വേപ്പില - ഒരു കതിര്‍

ഉണ്ടാക്കേണ്ട വിധം

എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേര്‍ത്ത് ഇളക്കുക. രണ്ടു മിനിട്ട് കഴിഞ്ഞ് പച്ചമുളകും ചേര്‍ക്കുക. ഇളക്കിക്കൊണ്ടിരിക്കുക. പിന്നീട് വേപ്പിലയും ചേര്‍ക്കുക. എടുത്തു വെച്ചിരിക്കുന്ന വെണ്ടക്ക ചേര്‍ത്തിളക്കുക. വെണ്ടക്കയുടെ ഒട്ടുന്ന പരുവം മാറുന്നതുവരെ ഇളക്കുക. പിന്നീട് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക. രണ്ടാം പാല്‍ ചേര്‍ത്തു മൂടി വെക്കുക. അഞ്ചുമിനിട്ട് വെച്ചതിനുശേഷം ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യുക.

Monday, October 09, 2006

ഒരു ‘കറി’

കത്രിക്കായ് (വഴുതനങ്ങ) - അര കിലോ
പുളി - ഒരു ചെറുനാരങ്ങ വലുപ്പത്തില്‍
[പുളിയോടുള്ള ഇഷ്ടമനുസരിച്ച് ചെറുനാരങ്ങയുടേ സൈസ് കൂട്ടുകയോ കുറയ്ക്കുകയോ ആവാം]
ഉപ്പ് - ആവശ്യത്തിന്
കടുക് - ഒരു ടീസ്പൂണ്‍
കറിവേപ്പില - രണ്ട് തണ്ട് [ഇലയോടു കൂടി]
ഉണക്കമുളക് - നാലെണ്ണം
ചുവന്നുള്ളി - ആറെണ്ണം
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം - രണ്ട് കപ്പ് [പാചകം ചെയ്യാന്‍]
വെള്ളം - ഒരു കപ്പ് [റിസര്‍വ്വ്]

പാകം ചെയ്യുന്ന വിധം [കാത്തോളണേ!]

ആദ്യമായി ചൊവ്വിനും ചേലിനും വായില്‍ കൊടുക്കാന്‍ പറ്റിയ ഒരു കറിയുണ്ടാക്കി സ്റ്റാന്‍ണ്ട് ബൈ ആക്കി വെക്കുക [ആവശ്യം വരും - നൂറുതരം]

വഴുതനങ്ങ ഞെട്ട് കളഞ്ഞ് കഴുകി, ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലിട്ട് നല്ലപോലെ വേവിക്കുക.
വെന്ത വഴുതനങ്ങ തൊലി കളഞ്ഞ് പാകം ചെയ്യാനുള്ള പാത്രത്തിലിട്ട് നല്ല പോലെ ഉടച്ചെടുക്കുക.
മാറ്റിവെച്ചിരിക്കുന്ന വെള്ളത്തില്‍ പുളിപിഴിഞ്ഞ് അതിലേക്കൊഴിക്കുക.
ആവശ്യത്തിന് ഉപ്പിട്ട് നന്നായി തിളച്ചതിന് ശേഷം കറി(!) ഇറക്കി വെക്കാം.
മാറ്റിവെച്ചിരിക്കുന്ന ചുവന്നുള്ളിയും ഉണക്കമുളകും കൂടെ ചെറുതായൊന്ന് ചതച്ചെടുക്കുക.
ചൂടായ ചീഞ്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിയതിന് ശേഷം കറിവെപ്പിലയിടുക.
ഇതിലേക്ക് ചതച്ച് വെച്ചിരിക്കുന്ന ചുവന്നുള്ളിയും ഉണക്കമുളകും ചേര്‍ക്കുക.
ഇതെല്ലാം കൂടെ ‘കലക്കി’ വെച്ചിരിക്കുന്ന വഴുതനങ്ങ - പുളി മിശ്രിതത്തിലേക്ക് ഒഴിക്കുക.

വായില്‍ വെക്കാന്‍ കൊള്ളുമെന്നുണ്ടെങ്കില്‍ ഇഡ്ഢലിയുടെ കൂടെ ഉപയോഗിക്കാം.

ഡിസ്ക്ലൈമര്‍:
അളവുകളില്‍ വരുന്ന വ്യതിയാനങ്ങള്‍ക്ക് ഞാനോ ഈ ബ്ലോഗോ... ഇതിന്‍റെ നാഥനായ റപ്പായിയോ ഉത്തരവാദിയായിരിക്കുന്നതല്ല :)

Sunday, October 08, 2006

പുനത്തിലിന്റെ വെള്ളരിക്കാ പച്ചടി.

കഴിഞ്ഞ ദിവസം പുനത്തില്‍ കുഞ്ഞബ്ദുള്ള കൈരളി പീപ്പിള്‍ ടിവിയിലെ അഭിമുഖത്തില്‍ പറഞ്ഞ ഒരു പാചക വിധി കേട്ടെഴുതുന്നു.

വെള്ളരിക്കാ പച്ചടി.

വേണ്ട സാധനങ്ങള്‍

വെള്ളരിക്ക - തൊലിയും കുരുവും കളഞ്ഞ് ഒരിഞ്ചുകനത്തില്‍ അരിഞ്ഞത് - അര കിലൊ
പച്ചമുളക് - 5 എണ്ണം
തേങ്ങ - ഒരു മുറി ( ചിരവിയത്)
തൈര് - അരക്കപ്പ്
ഉപ്പ് - ആവശ്യത്തിന്.
കറിവേപ്പില - 1 തണ്ട്
കടുക് - ആവശ്യത്തിന്.

ഉണ്ടാക്കേണ്ട വിധം

വായ് വട്ടമുള്ള ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഒരു തുവര്‍ത്തുമുണ്ട് അതിന് മുകളില്‍ കെട്ടുക. അതിനു മുകളിലായി ഉപ്പും ചേര്‍ത്തിളക്കിയ വെള്ളരിക്ക നിരത്തുക. വെള്ളത്തില്‍ തൊടാതെ അഞ്ചു മിനിട്ട് മൂടി വെച്ച് ആവിയില്‍ വേവിക്കുക. പിന്നീട് പുറത്തെടുത്ത് മറ്റൊരു തുവര്‍ത്തുമുണ്ടുകൊണ്ട് വെള്ളരിക്കയിലെ വെള്ളം തുടച്ചെടുക്കുക. ചെറിയ ഒരു പാത്രത്തില്‍ വെള്ളരിക്ക ഇടുക. മുളകും തൈരും തേങ്ങയും കൂടി മിക്സിയില്‍ മൃദുവായി അരച്ചെടുക്കുക. ഈ കൂട്ട് വെള്ളരിക്കയുടെ മുകളില്‍ ഒഴിക്കുക.
എണ്ണയില്‍ കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേര്‍ത്ത് വെള്ളരിക്കയുടെ മുകളില്‍ വിതറുക.

പുനത്തിലിന്റെ വെള്ളരിക്കാ പച്ചടി റെഡി.

Tuesday, September 26, 2006

കൂര്‍ക്ക ഉപ്പേരിയും തേങ്ങാച്ചമ്മന്തിയും

കൂര്‍ക്ക ഉപ്പേരി

ആവശ്യമുള്ള ചേരുവകള്‍

കൂര്‍ക്ക – അര കിലൊ. നാടനായാല്‍ നല്ലത്. ചെറുത്.
മണ്ണെല്ലാം കളഞ്ഞ്, തൊലി കളഞ്ഞ് കഴുകി, അരയിഞ്ച് വലിപ്പത്തില്‍ കഷണങ്ങളാക്കിയത്.
വേപ്പില – 2 തണ്ട്.
വെളുത്തുള്ളി - ചെറുത് ( 10 അല്ലി ) ചതച്ചത്
ചുവന്നുള്ളി - 5 എണ്ണം ചതച്ചത്
മഞ്ഞള്‍പൊടി - അരക്കാല്‍ ടീസ്പൂണ്‍
ഉണക്കമുളക് - 5 എണ്ണം ചതച്ചത്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്.

ഉണ്ടാക്കേണ്ട വിധം
കൂര്‍ക്കയും മഞ്ഞള്‍ പൊടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. പകുതി വേവാവുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളിയും വെളുത്തുള്ളിയും ചേര്‍ക്കുക. പകുതി മൊരിയുമ്പോള്‍ ഉണക്കമുളക് ചേര്‍ക്കുക. കറിവേപ്പില ചേര്‍ത്തിളക്കുക. പിന്നീട് കൂര്‍ക്ക വെള്ളമില്ലാതെ ചേര്‍ത്തിളക്കുക. രണ്ട് മിനിട്ട് മൂടി വെച്ച് വേവിക്കുക. പിന്നീട് ഇളക്കി തീ കൂട്ടി വെള്ളം വറ്റിച്ചെടുക്കുക.


തേങ്ങാ ചമ്മന്തി

ആവശ്യമുള്ള ചേരുവകള്‍
തേങ്ങ – ഒരു മുറി ( ഒരു തേങ്ങയുടെ പകുതി) ചിരവിയത്
കോല്‍പ്പുളി - 2 ഇഞ്ച് കഷണം (പുളിയുള്ള മാങ്ങയായാല്‍ ഒരെണ്ണം)
ഉണക്ക മുളക് - 3 എണ്ണം
ഉപ്പ് - ആവശ്യത്തിനു

ഉണ്ടാക്കേണ്ട വിധം

എല്ലാ ചേരുവകളും കൂടി മിക്സിയിലിട്ട് ചതക്കുക. അധികം അരയ്ക്കരുത്.
ഉണക്ക മുളകിന് പകരം പച്ചമുളകു ചേര്‍ക്കാം. അങ്ങനെയെങ്കില്‍ കോല്‍പ്പുളിക്ക് പകരം പുളിയുള്ള ഒരു മാങ്ങ ചേര്‍ക്കാം. അമ്മിയിലിട്ട് അരച്ചെടുത്താല്‍ നന്നായിരിക്കും.

നല്ല നെല്ലുകുത്തിയ അരിയുടെ കഞ്ഞിയും കൂര്‍ക്ക ഉപ്പേരിയും തേങ്ങാച്ചമ്മന്തിയും നല്ല കോമ്പിനേഷനാണ്.

Sunday, September 24, 2006

ചിക്കന്‍ ചില്ലി (ഫാസ്റ്റ് ഫുഡ് രീതിയില്‍)

വേണ്ട സാധനങ്ങള്‍

ചിക്കണ്‍ - 500 ഗ്രാം
പച്ചമുളക് - 5 എണ്ണം ( നെടുകെ പിളര്‍ന്ന് കുരു കളഞ്ഞത്)
കുരുമുളക് - 1 ടീസ്പൂണ്‍ ( ചതച്ചത്)
ചില്ലി സോസ് - 1 ടീസ്പൂണ്‍
അജിനൊ മോട്ടൊ - ഒരു നുള്ള്
സോയാ സോസ് - 2 ടീസ്പൂണ്‍
കോണ്‍ഫ്ലോര്‍ - 3 ടീസ്പൂണ്‍ വെള്ളത്തില്‍ കലക്കിയത്
ഗാര്‍ലിക് പേസ്റ്റ് - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ½ ടീസ്പൂണ്‍
സ്പ്രിങ് ഒണിയന്‍ - 2 എണ്ണം ( ഇലമാത്രം ചെറുതായി അരിഞ്ഞത്)
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്‍
എണ്ണ – ആവശ്യത്തിന്.

ഉണ്ടാക്കേണ്ട വിധം

കഴുകി ചെറിയ കഷണങ്ങളാക്കിയ ചിക്കണ്‍, മഞ്ഞള്‍ പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വേവായാല്‍ അടുപ്പില്‍ നിന്നുമിറക്കുക. കഷണങ്ങളും ചാറും മാറ്റി വെക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് ഗാര്‍ലിക് പേസ്റ്റ് ചേര്‍ക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം.പച്ചമണം പോകുമ്പോള്‍ സോയാസോസും ചില്ലിസോസും കുരുമുളകും യഥാകൃമം ചേര്‍ക്കണം. എണ്ണ തെളിയുമ്പോള്‍ കോണ്‍ഫ്ലവറും പച്ചമുളകും കുരുമുളകും ചിക്കണ്‍ വേവിച്ച ചാറില്‍ നിന്നും 3 ടീസ്പൂണ്‍ ചേര്‍ത്തിളക്കുക. പിന്നീട് മാറ്റി വെച്ചിരിക്കുന്ന ചിക്കണ്‍ ചേര്‍ത്ത് ഇളക്കി തീ കുറച്ച് ,കുറച്ച് സമയം മൂടി വെക്കുക. 3 മിനിട്ട് കഴിഞ്ഞാല്‍ തുറന്ന് വെച്ച് തീ കൂട്ടി ഡ്രൈ പരുവത്തിലാക്കി അടുപ്പില്‍ നിന്നുമിറക്കാം. സ്പ്രിങ് ഒണിയനും അജിനൊമോട്ടോയും ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ മല്ലിയില ചേര്‍ക്കാം.

NOTE :
സോയാസോസ് ചേര്‍ക്കുന്നതുകൊണ്ട് ഉപ്പു കുറച്ച് ചേര്‍ത്താല്‍ മതിയാകും.
അജിനൊമോട്ടൊയും സ്പ്രിങ്ങ് ഒണിയനും അത്യാവശ്യമല്ല.
ചിലര്‍ കാപ്സിക്കവും ചേര്‍ക്കാറുണ്ട്.
ഈ രീതിയില്‍ പെട്ടന്ന് ചിക്കണ്‍ ചില്ലി തയ്യാറാക്കാം.

Thursday, September 21, 2006

മുട്ടക്കറി

മുട്ട-3
സബോള-2(ഇടത്തരം)
തക്കാളി-1
മല്ലിപ്പൊടി-2 റ്റീസ്പൂണ്‍
മുളകുപൊടി-0.5റ്റീസ്പൂണ്‍
മഞള്‍പൊടി-0.5 റ്റീസ്പൂണ്‍
പച്ചമുളക്-3
ഉപ്പ്-ആവശ്യത്തിന്
എണ്ണ-2 റ്റേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍-1.5 കപ്പ്
കറിവേപ്പില-5

ഉണ്ടാക്കുന്ന വിധം:ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് സബോള അരിഞ്ഞതും വേപ്പിലയും ഇട്ട് വഴറ്റുക.മൂത്ത് വരുമ്പോള്‍ മല്ലിപ്പൊടി,മുളകുപൊടി,മഞ്ഞള്‍പൊടി എന്നിവ ഇട്ടിളക്കി തക്കാളിയും പച്ച മുളകും അരിഞ്ഞത് ഇടുക.എല്ലാം കൂടെ കുഴമ്പ് പരുവത്തിലാകുമ്പോള്‍ ഒരു ഗ്ലാസ്സ് വെള്ളം ഒഴിച്ച് ഉപ്പ് ചേര്‍ക്കുക.

തിളച്ച് കഴിഞ്ഞാല്‍ തീ കുറച്ച് മുട്ടകള്‍ ഓരോന്നായിപൊട്ടിച്ചൊഴിക്കുക.ഒഴിക്കുമ്പോള്‍ ഒന്നിന് മുകളില്‍ ഒന്നായി ഒഴിക്കരുത്.പാത്രം മൂടി വെച്ച് മുട്ട വേവുന്നത് വരെ കുറഞ്ഞ തീയില്‍ വേവിക്കുക.അതിനു ശേഷം വലിയ സ്പൂണ്‍ കൊണ്ട് മുട്ടകള്‍ മറിച്ചിട്ട് തേങ്ങപ്പാല്‍ ഒഴിച്ച് തിളച്ച് വരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക.

തേങ്ങാപ്പാലിനു പകരം വരുത്തരച്ച തേങ്ങ ഉപയോഗിച്ചാല്‍ കൂടുതല്‍ സ്വാദിഷ്ടമാകും.

Monday, September 18, 2006

ചിക്കണ്‍ 360

വേണ്ട ചേരുവകള്‍

1. കോഴി - 1 കിലൊ (ഇടത്തരം വലിപ്പത്തില്‍ മുറിച്ചത്)

വലിയ ഉള്ളി - 4 എണ്ണം വലുത് (ഇടത്തരം വലിപ്പത്തില്‍ അരിഞ്ഞത്)

വെളുത്തുള്ളി - ഒരു കുടം (8 അല്ലി - ചതച്ചത് )

പച്ച മുളക് - 4 എണ്ണം (രണ്ടായി കീറിയത്)

കുരുമുളക് പൊടി - 1 ടേ.സ്പൂണ്‍

മുളക് പൊടി (കാശ്മീരി ചില്ലി) - 2 ടേ.സ്പൂണ്‍

ഗരം മസാലപ്പൊടി - അര ടേ.സ്പൂണ്‍

മല്ലിപ്പൊടി - 2 ടേ.സ്പൂണ്‍

തക്കാളി - 3 എണ്ണം (ചെറുതായി അരിഞ്ഞത്)

ഉപ്പ് - ആവശ്യത്തിന്

2. വെളിച്ചെണ്ണ - 3 ടേ.സ്പൂണ്‍

3. വേപ്പില - 2 തണ്ട്

4. മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം
ഒന്നാമത്തെ ചേരുവകള്‍ എല്ലാം ഒരു കുക്കറിലാക്കി നാലു സ്പൂണ്‍ വെള്ളവുമായി മിക്സ് ചെയ്യുക. ഒരു വിസില്‍ വരുന്നതു വരെ വേവിക്കുക. വിസില്‍ വന്നാല്‍ പത്തുമിനിട്ട് ചെറിയ തീയില്‍ വേവിച്ചതിനുശേഷം ഇറക്കി വെക്കുക. പരന്ന ഒരു ഫ്രയിംഗ് പാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. ചൂടായാല്‍ വേപ്പില ചേര്‍ത്ത് ഇളക്കുക. പിന്നീട് കുക്കറിലെ കറി ഫ്രയിങ് പാനിലേക്ക് ചേര്‍ത്ത് മീഡിയം ചൂടില്‍ ഇളക്കിക്കൊണ്ടിരിക്കുക. വെള്ളം വറ്റി എണ്ണ തെളിഞ്ഞു വരുന്നതുവരെ ഇളക്കിക്കൊണ്ടേയിരിക്കണം. വെള്ളം വറ്റുമ്പോള്‍ തീ കുറയ്ക്കുക. ഡ്രൈ ആയി വരുമ്പോള്‍ മല്ലിയിലയും ചേര്‍ത്തിളക്കിയാല്‍ വിളമ്പാന്‍ റെഡി.


ഈ കറി വളരെ എളുപ്പം തയ്യാറാക്കാം. എണ്ണയും കുറവ്.


ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഗരം മസാലയും മല്ലിപ്പൊടിയും കുറക്കാവുന്നതാണ്.