Thursday, March 22, 2007

സിമ്പിള്‍ കുമ്പളങ്ങാ കറി വിത്ത് ഉണക്കസ്രാവ് ഫ്രൈ.

ഭാഗം - 1


ആവശ്യമുള്ളവ :

കുമ്പളങ്ങ (ഇളവന്‍) : ഇടത്തരം 1 (ഇടത്തരം കിട്ടിയില്ലങ്കില്‍ വലുത്‌ വാങ്ങി രണ്ടാക്കിയാലും മതി)

പച്ചമുളക്‌ : 5

മഞ്ഞപ്പൊടി : 1 ടീസ്പൂണ്‍.

മുളക്‌ പൊടി : 1 ടിസ്പൂണ്‍.

തേങ്ങ ചിരകിയത്‌ : അരക്കപ്പ്‌

തൈര്‌ : 100 ഗ്രാം.

കടക്‌ : 1 സ്പൂണ്‍.

ചുവന്നമുളക്‌ : 4 എണ്ണം.

വെളിച്ചണ്ണ.

ഉപ്പ്‌



മിക്സി : 1 (സിമ്പിളായി പാകം ചെയ്യാനാണ്‌ മിക്സി. ഈ കറി ഉണ്ടാക്കി കഴിച്ച ശേഷവും മിക്സി ഉപയോഗിക്കാം - നിങ്ങള്‍ക്ക്‌ ആയുസ്സും ആരോഗ്യവും ബാക്കിയുണ്ടെങ്കില്‍)


പാകം ചെയ്യുന്ന വിധം :-

1. കുമ്പളങ്ങ കാലിഞ്ച്‌ വീതിയും അതിലും കുറഞ്ഞ കനവുമുള്ള കഷ്ണങ്ങളാക്കി നുറുക്കുക. നുറുക്കിയ കഷ്ണങ്ങള്‍, കുറച്ചുവെള്ളത്തില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞപ്പൊടിയിട്ട്‌ വേവിക്കുക്കാന്‍ വെക്കുക.

2. അത്‌ വേവുന്ന സമയം കൊണ്ട്‌ ഞെട്ടികളഞ്ഞ പച്ചമുളക്‌(ഇത്‌ എരിവില്ലാതെ ഇവിടെ കിട്ടുന്ന പച്ചമുളകാണ്‌.ഇനി എരിവ്‌ കൂട്ടാനോ കുറക്കാനോ ആഗ്രഹമുള്ളവര്‍ മുളകിന്റെ എണ്ണത്തില്‍ അഡ്ജിസ്റ്റ്‌മന്റ്‌ നടത്തിയാല്‍ മതി), മഞ്ഞപ്പൊടി, മുളക്‌ പൊടി, ചിരകിയ തേങ്ങ ഇവ മിക്സിയിലിട്ട്‌ നന്നായി അരച്ചെടുക്കുക.

3. കുമ്പളങ്ങ വെന്തശേഷം അരച്ച തേങ്ങാമിക്സ്‌ അതിലൊഴിക്കുക. പകത്തിന്‌ ഉപ്പ്‌ ചേര്‍ക്കുക. അഞ്ചുമിനുട്ട്‌ കൂടി അടുപ്പത്ത്‌ വെക്കുക.

4. കടുക്‌/ചുവന്ന മുളക്‌ ഇവ ചൂടായ വെളിച്ചണ്ണയിലിട്ട്‌ കടക്‌ പൊട്ടിയ ശേഷം കറിയിലൊഴിക്കുക. പിന്നീട്‌ തൈര്‌ നന്നായി ഇളക്കിയ ശേഷം കറിയിലൊഴിക്കുക. അടച്ച്‌ വെക്കുക.



ഭാഗം രണ്ട്‌:

ചെറിയ കഷ്ണങ്ങളാക്കിയ ഉണക്കസ്രാവ്‌.

നടുവേ കീറിയ പച്ചമുളക്‌.

വെളിച്ചെണ്ണ.

വെളിച്ചെണ്ണ ചൂടക്കി സ്രാവിന്‍ കഷ്ണങ്ങളും പച്ചമുളകും അതിലിട്ട്‌ നന്നായി വേവുന്ന വരേ കാത്തിരിക്കുക. നന്നായി വെന്തശേഷം തീയണച്ച്‌ എണ്ണവാര്‍ത്ത്‌ മറ്റൊരു പാത്രത്തില്‍ എടുത്ത്‌ അടച്ച്‌ വെക്കുക. ഇനി കഴിക്കുമ്പോള്‍ തുറക്കാം.

സൌകര്യം പോലെ എടുത്ത്‌ കഴിക്കുക.

വാല്‍കഷ്ണം :

1. കുമ്പളങ്ങ (ഇളവന്‍) (ഈ രണ്ടുപേരും മലപ്പുറത്ത്‌ പറയുന്നതാണ്‌. ഇതിന്‌ പറയുന്നത്‌ ഇതാണെന്നും ഈ പേര്‌ ഞങ്ങളുടെ നാട്ടിലെ അറിയപ്പെട്ട തെറിയാണെന്നും പറഞ്ഞ്‌ ആരെങ്കിലും വന്നാല്‍ അവര്‍ പറയുന്ന അവരുടെ നാട്ടിലെ പേരുകൂടി ബ്രാക്കറ്റില്‍ ചേര്‍ക്കുന്നതായിരിക്കും.


2. ഇത്‌ കൊണ്ടുണ്ടാകുന്ന ധനനഷ്ടം, മാനനഷ്ടം (ഉദാഹരണത്തിന്‌ ഉണക്കമീന്റെ മണം കൊണ്ട്‌ തെട്ടടുത്തെ ഫ്ലാറ്റിലെ ആരെങ്കിലും കഴുത്തിന്‌ പിടിച്ചാല്‍), ഇനി ഇതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും നഷ്ടം ഇവ സംഭവിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല. പരാതികള്‍ ഈ ബ്ലോഗിന്റെ സ്ഥാപകന്‍ ശ്രീകുട്ടമ്മേനോനെ അറിയിച്ചാല്‍ മതി... പക്ഷേ ഒരു കാര്യം പിന്നെ അക്കാര്യം നിങ്ങള്‍ തമ്മില്‍ തീര്‍ത്തോളണം... ഞാന്‍ ഈ നാട്ടിലുണ്ടാവില്ല.

അപ്പോ ഗുഡ്‌ബൈ.


മംഗളം മനോരമ ശുഭം.

27 comments:

Rasheed Chalil said...

നളപാചകത്തില്‍ ഒരു പുതിയ പോസ്റ്റ്...

എല്ലാവര്‍ക്കും വളരേ എളുപ്പത്തില്‍ ഉണ്ടാക്കി കഴിക്കാവുന്ന രണ്ടിനം.

പങ്കെടുക്കുക വിജയിപ്പിക്കുക

ഇത്‌ കൊണ്ടുണ്ടാകുന്ന ധനനഷ്ടം, മാനനഷ്ടം (ഉദാഹരണത്തിന്‌ ഉണക്കമീന്റെ മണം കൊണ്ട്‌ തെട്ടടുത്തെ ഫ്ലാറ്റിലെ ആരെങ്കിലും കഴുത്തിന്‌ പിടിച്ചാല്‍), ഇനി ഇതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും നഷ്ടം ഇവ സംഭവിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല. പരാതികള്‍ ഈ ബ്ലോഗിന്റെ സ്ഥാപകന്‍ ശ്രീകുട്ടമ്മേനോനെ അറിയിച്ചാല്‍ മതി... പക്ഷേ ഒരു കാര്യം പിന്നെ അക്കാര്യം നിങ്ങള്‍ തമ്മില്‍ തീര്‍ത്തോളണം... ഞാന്‍ ഈ നാട്ടിലുണ്ടാവില്ല.

Mubarak Merchant said...

പാവം ഇത്തിരി!
ഈ കറീം കൂട്ടി ഊണുകഴിച്ച് കഴിച്ച് എന്നെങ്കിലും നാട്ടിലെത്തി നല്ല ഭക്ഷണം കാണുമ്പൊ ബേക്കറാലിയത്ത് (ആര്‍ത്തി) കാണിക്കാണ്ടിരുന്നാ മതി!!

സുല്‍ |Sul said...

സ്വാര്‍ത്ഥനെറിഞ്ഞു വീഴ്ത്തിയ ഒരു തേങ്ങയടിക്കാന്‍ നടക്കാന്‍ തുടങ്ങീട്ട് നേരശ്യായി. നീ അതിനിടയില്‍ പാരവെച്ചു കളഞ്ഞല്ലോ ഇക്കാസെ. എന്താ‍യാലും ബൂലോകത്തിനുള്ളത് ബൂലോകത്തിന് ഇക്കാസിനുള്ളത് ഇക്കാസിനും എന്നല്ലേ.

“ഠേ........” ഇതും കൂട്ടി അരച്ചൊ. അപ്പൊള്‍ രുചി കൂടും.

സിമ്പിള്‍ കറികളുടെ ഒരു നിര തന്നെ പോരട്ടെ ഇത്തിരീ...ഒന്നുമില്ലേല്‍ നേരത്തിനും കാലത്തിനും എന്തേങ്കിലും ഉണ്ടാക്കി കഴിക്കാലോ.

-സുല്‍

Rasheed Chalil said...

ഇക്കസേ ഡോണ്ടൂ... ഡോണ്ടൂ...

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ.. ഉപ്പ്, സ്രാവ് ഇട്ടുകഴിഞ്ഞ് ചേര്‍ത്താല്‍ പോരേ? ഉണക്കസ്രാവില്‍ ആവശ്യത്തില്‍ കൂടുതല്‍ ഉപ്പുണ്ടാവാറുണ്ടല്ലോ?

സാജന്‍| SAJAN said...

അപ്പൊ ഇതും കൂട്ടി കഴിക്ക് പിന്നെ...അമ്മച്ചി വന്നിട്ടു ചമ്മന്തിഅരച്ചു തരും

Rasheed Chalil said...

അപ്പുവേ സ്രാവ് തൊട്ട് കൂട്ടനുള്ളതാ...

sandoz said...

ഇത്തിരീ......സ്രാവു വറുത്തതാ........

കുറഞ്ഞത്‌ തിമീംഗലം വറുത്തത്‌ എങ്കിലും ഇല്ലാതെ ഞാന്‍ സാധാരണ ഊണു കഴിക്കാറില്ല..........

പിന്നെ നമ്മടെ ഇത്തിരീടെ പാചകം അല്ലേ.......
കലക്കാന്‍ ചാന്‍സ്‌ ഉണ്ട്‌
[കലക്കല്‍ എന്നു ഉദ്ദേശിച്ചത്‌...അടിപൊളി എന്ന അര്‍ഥത്തില്‍ ആണു.... ആരും തെറ്റിദ്ധരിക്കല്ലേ....ശരിയായി ധരിച്ചാലും...]

അഡ്വ.സക്കീന said...

ഇനിയൊന്നും എഴുതൂല്ല, എഴുതൂല്ലാന്ന് വിചാരിച്ച് നേരം വെളുത്തപ്പൊ തൊടങ്ങി ബ്ലോഗിന്
മുമ്പിലിരുന്നിട്ടും ഇരിക്കപ്പൊറുതിയില്ല. കുമ്പളങ്ങേം ഉണക്കമീനും അത്ര മോശപ്പെട്ട കറിയൊന്നുമല്ല.
അടുത്ത ഫ്ലാറ്റ് കാര് പ്രശ്നമുണ്ടാക്കിയാല്‍, മീന്‍ കൂട്ടാനുള്ള അവകാശം ജീവിക്കാനുള്ള അവകാശവും
രണ്ടാമത്തേത് മൌലീകാവകാശവുമാണെന്ന് കാച്ചികൊള്ളണം. പിന്നെ ഇത്തിരീ, സ്രാവ് തൊട്ട്
കൂട്ടരുത്, നുള്ളി കൂട്ടണം. കുമ്പളങ്ങയായതിനാല്‍ ഉപ്പ് ആദ്യമേ ചേര്‍ക്കുന്നതാണ് നല്ലത്.
എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ട് വിഭവങ്ങള്‍ എഴുതിയതിന് നന്ദി.

മഴത്തുള്ളി said...

ഇത്തിരീ,

ഇന്ന് ഈ കറി ഉണ്ടാക്കി നോക്കട്ടെ.

പിന്നെ ധനനഷ്ടം, മാനനഷ്ടം ഇവ സംഭവിച്ചാല്‍ അപ്പോള്‍ പറയാം. ;)

കുട്ടന്മേനോനെ കാണാനുമില്ലല്ലോ.

വിചാരം said...

ഇത്തിരി ... കുശ്മാണ്ഡം .. കുശ്മാണ്ഡം എന്നുപറഞ്ഞാല്‍ കുമ്പളങ്ങ എന്നല്ലേ എങ്കിലിതിന്‍റെ പേര് സിമ്പിള്‍ കുശ്മാണ്ഡം എന്നാക്കിയാലോ
ഈ കുശ്മാണ്ഡത്തിന്‍റെ കഷണിക്കല്‍ ഇഞ്ചികണക്കില്‍ ഒരു ഇളവ് വരുത്താനാവുമോ ഇനി ഇഞ്ചി കണക്കെടുക്കണമെങ്കില്‍ സിയയെ കൊണ്ടുവരണം അവന്‍റെ പണ്ടാരടങ്ങിയ ഫോട്ടോഷോപ്പിലെ അളവ് അവനെടുത്ത് തരും ...
സാന്‍ഡൂ ഉണക്ക സ്രാവിന് പകരം ദേ നിനക്ക് ഞാന്‍ വലിയൊരു നീല തിമിംഗലം മുറിച്ച് വെച്ചിട്ടുണ്ട് പണ്ടാരടങ്ങിയ നിന്‍റെ തീറ്റക്ക് അതുമതിയാവുമോ ..
അഗ്രജനെ ഈ വഴിക്കൊന്നും കണ്ടില്ലല്ലോ എവിടെ പോയി അല്ലെങ്കില്‍ വല്ല ഉണക്കലിന്‍റേയും മണമടിച്ചാല്‍ മൈലാപ്പുറത്തെ കുഞ്ഞാപ്പുവിനെ പോലെ തെണ്ടി തിരിഞ്ഞു വന്നോളും വിളിക്കാത്ത കല്യാണത്തിനെന്ന പോലെ ... കുറുമാനെ കാണാത്തത് കള്ളടിക്കാനുള്ള കാശില്ലാത്തതുകൊണ്ടായിരിക്കും മൂപ്പര്‍ക്ക് കുശ്മാണ്ഡം കിട്ടിയില്ലെങ്കില്‍ തൊട്ടുകൂട്ടാന്‍ കിട്ടിയാല്‍ മതി
ഇത്തിരി നിന്‍റെ വിഢി കുശ്മാണ്ഡം ഞാനിവിടെ അരച്ചു കലക്കിയിട്ടുണ്ട് നിന്‍റെയൊരു ഇഞ്ചി കണക്ക് :)

P Das said...

:)

Sapna Anu B.George said...

ഒരു പാചകക്കാരന്‍ കൂടിയാണ് അല്ലെ

asdfasdf asfdasdf said...

ഇത്തിരീ, ഇതുണ്ടാക്കി നോക്കി അഭിപ്രായം പറയാം. പിന്നെ,ഉണക്കസ്രാവ് , ഞാനത് തൊടുകപോലുമില്ല. കാരണം, അതുണക്കാനിട്ടിരിക്കുന്നത് പലതവണ ഞാന്‍ കണ്ടിട്ടുണ്ടെന്നതു തന്നെ.

ഇതുകഴിച്ച് വല്ലതും സംഭവിച്ചാല്‍.. ഒരു മാസം മുമ്പിതുണ്ടാക്കി കഴിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച നിന്ന് കാറോടിക്കേണ്ടിവന്ന ഇത്തിരി തന്നെ മറ്റു ചെലവുകള്‍ വഹിക്കുന്നതാണെന്ന് അറിയിച്ചുകൊള്ളുന്നു.

Khadar Cpy said...

അല്ലെങ്കിലേ, വ്യാഴവും വെള്ളിയുമായാല്‍ പട്ടികള്‍ (ഫിലിപ്പൈനികള്‍) ഉണക്കമീന്‍ വറുക്കാന്‍ തുടങ്ങും... ഈശ്വരാ.. ഇനി ഇതും കൂടെ കണ്ടാല്‍..... ആരേം വിശ്വസിക്കാന്‍ പറ്റാത്ത കാലാ.. അവന്‍ മാര് ബൂലോകത്തുകൂടെ കറങ്ങുന്നില്ലെന്നാരു കണ്ടു.......



(ഇത്തിരീ ഞാന്‍ ഗൂഗിള് ടാള്‍ക് സൈന്‍ ഔട്ട് ചെയ്തു ഇനി എന്നെ കിട്ടൂലല്ലോ...)

കരീം മാഷ്‌ said...

പടച്ചോനെ ഇത്തിരി പാചക രംഗത്തു കടന്നോ?
ഇതിന്റെ പായോജകര്‍ ആരാ
മുഗള്‍ ഹോട്ടലോ അതോ ഒബ്രോയി ഗ്രൂപ്പോ?

ബയാന്‍ said...

"ഇന്നെന്താ കറിയുണ്ടാക്യേ..."
"കുമ്പളങ്ങ- തൈരു കറി"
"പൊരിയും കരിയുമൊന്നുമില്ലെ"
"ഇല്ല"
" എങ്കില്‍ ഞാന്‍ പുറത്തുനിന്നു കഴിച്ചു"

ബാച്ചി റൂമിലെ ഈ കറിയുണ്ടക്കിയാല്‍ വൈകി വരുന്ന ഒരു വിളി ഇങ്ങനെ ആയിരിക്കും. വെജ്ജിനെ കുറിച്ചു പറയുമ്പോള്‍ ആയിരം നാവുണ്ടാവും...പക്ഷെ കഴിക്കാനാവുമ്പോഴേക്കും നവിറങ്ങിപ്പോവും.

Kaithamullu said...

കുമ്പളങ്ങ (ഇളവന്‍)സിമ്പിള്‍ ആയി ഞാന്‍ ഉണ്ടാക്കുന്നതിങ്ങനേയാണ്:

ചേറുതായരിയുക.വളരെക്കുറച്ച് വെള്ളവും അല്പം ഉപ്പും രണ്ടോ മൂന്നോ പച്ചമുളക് കീറിയതുമിട്ട് വേവിക്കുക.വെള്ളം വറ്റുമ്പോള്‍ കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും ചേര്‍ത്ത് വയറുനിറയെ കഴിക്കുക.

-simple, healthy and very tasty!

Rasheed Chalil said...

സിമ്പിള്‍ കുമ്പളങ്ങാ കറി വിത്ത് ഉണക്കസ്രാവ് ഫ്രൈ. .. വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. ആരെങ്കിലും ഉണ്ടാക്കി കഴിച്ചെങ്കില്‍ അവര്‍ എന്നേ അന്വേഷിക്കുന്നുണ്ടെങ്കില്‍ ഞാനിവിടെ ഇല്ല എന്ന് വീണ്ടും വീണ്ടും പ്രഖ്യാപിക്കുന്നു.

നിങ്ങളുടെ ഇക്കാസിന് (സ്വന്തം വീട്ടുകാര്‍ക്ക് പോലും ആവശ്യമില്ലാതാ‍യന്നാ തോന്നുന്നത്) ആദ്യം നന്‍ഡ്രികള്‍...

സുല്‍... തേങ്ങകളുമായി ഓടിയെത്തുകയും അതിന്റെ അവസരം നിങ്ങളുടെ സ്വന്തം (അത് എന്റെ വക) ഇക്കാസ് അത് അടിച്ച് മാറ്റുകയും ചെയ്തിട്ടും പൂര്‍വ്വാധികം ശക്തിയോടെ (അരക്കാന്‍ പോട്ടേ ഒന്ന് ചവക്കാന്‍ കൂടി കിട്ടാത്ത രീതിയില്‍) തേങ്ങ പീസ് പീസാക്കിയ മാന്യമഹനവറുകള്‍ സുല്ലിനും തേങ്ങക്കും നന്‍ഡ്രികള്‍.

അപ്പുവേ നന്ദി... നല്ല മോട്ടാചവലില്‍ (നട്ടിലെ വെറും ചോറ്. ഇത് ഗള്‍ഫന്മാര്‍ക്കായുള്ള സ്പെഷ്യല്‍ വേഡ്) മോരുകറി ഒഴിച്ച് ഞം ഞം ന്ന് തിന്നുമ്പോ (വായില്‍ വെള്ളമൂറിയില്ലേ... അത്താണ്) ഇടയ്ക്കിടേ ഒരു ടേസ്റ്റിനായി നുള്ളിക്കൂട്ടാ‍നാണ് തൊട്ടടുത്ത പാത്രത്തില്‍ ഉണക്കസ്രാവ് പൊരിച്ച് വെച്ചത്. അതെടുത്ത് കറിയിലിട്ടാല്‍...

സാജന്‍ നന്ദി. ഇത് കഴിച്ചിട്ട് പിന്നെ ചമ്മന്തി കൂട്ടി വീണ്ടും ഒന്ന് കഴിക്കുമോ...

സാന്‍ഡോ നന്ദി. തനിക്ക് പലതും തോന്നും. തിമിംഗലം വേണമെന്നും ആനവേണമെന്നും പിന്നെ ഒട്ടകത്തിന്റെ കരള് വേണമെന്നും... ക്ഷമിച്ചു. കാരണം നീയല്ലല്ലോ കമന്റിയത്... ഉള്ളില്‍ കിടക്കുന്ന മറ്റവനല്ലെ.

സകീനാ നന്ദി. ഹേയ് മോശപ്പെട്ട കറിയേ അല്ല. വൈകിയെത്തുമ്പോള്‍ പെട്ടൊന്ന് ഉണ്ടാക്കിക്കഴിച്ച് ഉറങ്ങാനാവുന്നത് ഇങ്ങനെ ഒരു കറിയുള്ളത് കൊണ്ടാ.

മഴത്തുള്ളി മാഷേ നന്ദി. അപ്പോള്‍ രണ്ടും കല്‍പ്പിച്ചാണല്ലെ... അതിന്റെ ഉത്തരവാദിത്തം പുള്ളിക്ക് തന്നെ ആയിരിക്കും.

വിചാരമേ നന്ദി. ഒരു കറിക്ക് എന്ത് പേരിടണം എന്നത് പാചകക്കുറിപ്പ് എഴുതുന്നവന്റെ സ്വാതന്തൃമാണ്... ആവിഷ്കാര സ്വാതന്തൃം ആയുഷ്കാല സ്വാതന്ത്ര്യം എന്നോക്കെ കേട്ടിട്ടുണ്ടോ... എവിടെ കേള്‍ക്കാന്‍ ആ ഇറാഖിലെ മിസൈലുകള്‍ക്കിടയിലല്ലേ ജീവിതം.

ചക്കരേ... നന്ദി.

സ്വപ്നേ നന്ദി. നിവൃത്തികേട് കൊണ്ടാ... ശവത്തില്‍ കുത്താതെ എന്ന് ചൊല്ല് ഞാന്‍ വെറുതെ പറയുന്നതാ...

മേനോനേ നന്ദി. ഛേ ഇതാണ് മേനോന്റെ പ്രശ്നം. മീന്‍ ഉണക്കാനിടുന്നത്. പപ്പടം ഉണക്കുന്നത്. പൊറാട്ട കുഴക്കുന്നത്. ഹല്‍‌വക്ക് മാവ് മിക്സ് ചെയ്യുന്നത്... ഇങ്ങനെ കാണാന്‍ പാടില്ലാത്തത് കാണരുത്. ഇത്തിരി ചെലവ് ഞാന്‍ ഏറ്റെടുക്കാം... ഒരു അഞ്ചോ പത്തോ ദിര്‍ഹംസ്. ബാക്കിയുള്ളത് മേനോന് എടുത്തോളൂ... അതിന് തിരിച്ചൊന്നും എനിക്ക് വേണ്ട...

പ്രിന്‍സിയേ നന്ദി. അവര്‍ക്കൊപ്പമാണ് താമസമല്ലേ... പ്രിന്‍സീ പറഞ്ഞില്ലന്ന് വേണ്ട... ഉറങ്ങുമ്പോള്‍ സൂക്ഷിക്കണം. അവര്‍ കരള്‍ അടിച്ച് മാറ്റി ഫ്രൈയാക്കും. പിന്നെ കരളില്ലാത്ത ജീവിതത്തെക്കുറിച്ച് കഥയെഴുതേണ്ടി വരും.

കരീമാ‍ഷേ... മുമ്പൊരിക്കല്‍ മലബാര്‍ ചിക്കന്‍ ബിരിയാണി വെച്ച ശേഷം എനിക്ക് ഫയങ്കര ധൈര്യമാ... ഇതിന്റെ പ്രായോജകര്‍ നളപാചകം ബ്ലൊഗ് ബ്രദേഴ്സ്.

ബയാന്‍ ജീ നന്ദി കെട്ടോ... സത്യം.

വായിച്ചവരേ വായിക്കാത്തവരേ കമന്റിയവരേ കമന്റാത്തവരേ എല്ലാവര്‍ക്കും നന്ദി.
ഇത് വെച്ച് കഴിച്ചവര്‍ക്ക് നന്ദി പറയുന്നില്ല... അല്ലെങ്കിലും അവര്‍ ഇങ്ങോട്ട് നന്ദി പറയണ്ടേ... പിന്നെ നന്ദികള്‍ മാത്രം ഇവിടെ പറയുക. പരാതികളുമായി ഇങ്ങോട്ട് വന്നാല്‍ സത്യമാണേ... ഞാനിവിടെ ഇല്ല.

Rasheed Chalil said...

കൈതമുള്ളേ... ടാങ്ക്യൂ ടാങ്ക്യൂ... ഇത് സിമ്പിളിലും കുറച്ച് കൂടിയല്ലേ.

Khadar Cpy said...

ഇത്തീരീ... നമ്മളുടെ ഫ്ലാറ്റിലല്ല, വേറെ ഫ്ലാറ്റിലാണ് പട്ടികളുള്ളത്... പിന്നെ റൂമില്‍ക്കേറിയാല്‍ അപ്പോള്‍ തന്നെ അടച്ച് ബന്ധവസ്സാക്കും.. ഭയങ്കര ധൈര്യാ.....
പിന്നെ കരള് കുറച്ചവന്‍മാര് മുറിച്ചാലും പ്രശ്നമില്ലല്ലോ... (ഹൃദയമില്ലാത്തവന്‍ എന്ന ദുഷ്പ്പേര് മാത്രേ ഇതു വരെ കേള്‍പ്പിച്ചിട്ടൂള്ളൂ) ഈശ്വരോ കീഡ്നി എങ്ങാനും ആണെങ്കിലോ???? ഇത്തിരീ സൂക്ഷിച്ചോ.... ബസ്സിലൊക്കെ അല്ലേ യാത്ര... ഇന്നത്തെ കാലാ ആരേം വിശ്വസിക്കാന്‍ പറ്റൂല... :P

മുസ്തഫ|musthapha said...

ഹാവൂ... അങ്ങനെ ഉണക്ക സ്രാവ്ഫ്രൈ ഉണ്ടാക്കാന്‍ പഠിച്ചു...


:)

സുല്‍ |Sul said...

എനിക്കീ ഉണക്കമീനിന്റെ മണം ഇഷ്ടമല്ല. പിന്നെ അതിന്റെ കൂടിയ ഉപ്പും. പക്ഷേ വീട്ടിലെല്ലാവര്‍ക്കും ഉപ്പാക്ക് പ്രത്യേകിച്ച് വലിയ ഇഷ്ടമാണ്. അങ്ങനെ കഴിച്ചു പരിചയം ഉണ്ടെന്നു മാത്രം. ഇവിടെ ദുബായില്‍ വന്ന ശേഷം മറ്റൊരു ഫ്രൈ കണ്ടുപിടിച്ചു. നളപാചകത്തില്‍ അങ്കമല്ലാത്തതിനാല്‍ ഇവിടെ കമെന്റായിടാം. (ഇതു വായിച്ചു കഴിഞ്ഞു നിങ്ങള്‍ പറയും ഈ പോസ്റ്റ് ഇട്ടതേ ഓര്‍മ്മ കാണു എന്ന്)

സോസേജ് ഫ്രൈ

ആവശ്യമുള്ള സാധനങ്ങള്‍

സൊസേജ് - 1 പാക്കറ്റ്
തന്തൂരി മസാല - 2 ടീസ്പൂണ്‍.
എണ്ണ - 100 മില്ലി

തയ്യാറാക്കുന്ന വിധം.
സോസേജ് വെള്ളത്തിലിട്ട് ഐസ് കളഞ്ഞ് ഒരിഞ്ച് നീളത്തില്‍ നുറുക്കിയെടുക്കുക.

ഒരുപാത്രത്തില്‍ നുറുക്കിയെടുത്ത സോസേജും തന്തൂരി മസാലയും ഇട്ട് സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കുക. മസാല ഇപ്പോല്‍ സോസില്‍ പിടിച്ചിരിക്കും. 5 മിനുട്ട് ചുമ്മ ഇരിക്കുക.

ഫ്രൈയിങ് പാന്‍ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോള്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടായാല്‍ മസാലപുരട്ടിയ സോസേജും കൂടി ചേര്‍ത്ത് ചെറിയതീയില്‍ ചൂടാക്കുക. ഇടക്കിടക്ക് കരിയാതിരിക്കാന്‍ ഇതു ഇളക്കിചേര്‍ക്കേണ്ടതാണ്. കരിയുന്ന മണം വരുന്നതിനു മുമ്പ് ഇറക്കിവക്കുക.

ധൃതിയില്‍ എടുത്ത് വായിലിടരുത്. ആവോളം കാത്താല്‍ ആറോളം കാക്കുക എന്നല്ലേ. അല്ലെങ്കില്‍ പല്ലിന്റെ അടപ്പ് തെറിക്കും പറഞ്ഞേക്കാം. ഇതു ചുമ്മാ (ഇന്‍ഡപെന്‍ഡന്‍ഡ്) കഴിക്കാവുന്ന ഒരു സ്നാക്ക് ആണ്.

-സുല്‍

Rasheed Chalil said...

സുല്ലേ... ഗംബ്ലീറ്റ് വെപ്പ് പല്ലാണല്ലേ... ഗൊച്ചുഗള്ളന്‍.

സുല്‍ |Sul said...
This comment has been removed by the author.
സുല്‍ |Sul said...

വെപ്പുപല്ലായിരുന്നേല്‍ അടുപ്പില്‍നിന്നേ രുചിനോക്കാമായിരുന്നു ഇത്തിരീ. സ്വന്തം പല്ലില്‍ ചൂടന്‍ സോസേജ് തഴുകിയപ്പോഴുണര്‍ന്ന രോമാഞ്ചം ഓര്‍മ്മയിലിന്നുമുള്ളതു കൊണ്ടല്ലേ മുന്നറിയിപ്പു തന്നത്.

വെപ്പു പല്ലുള്ളവര്‍ക്കെപ്പൊവേണേലും കഴിക്കാം. (ഇത്തിരിക്കും)

-സുല്‍

ഏറനാടന്‍ said...

പാചകസമ്രാട്ടിനോടൊരു ചോദ്യം. ഒണക്കസ്രാവിന്‌ പകരം തിമിംഗലമോ ഡോള്‍ഫിനോ ആയാല്‍ കൊഴപ്പമുണ്ടോ? (ദുബായിലെവിടേയും ഒണക്കസ്രാവ്‌ കിട്ടാനില്ല. കോറേയാളുകള്‍ നേരത്തേതന്നെ വാങ്ങിപോയി എന്ന്‌! നളപാചകം നേരത്തേ വായിച്ചവരാവും)

കലത്തിനു നല്ല ബലമുണ്ടെങ്കില്‍ തിമിംഗലം പരീക്ഷിക്കാമല്ലോ അല്ലേ? മിക്സിയില്‍ ഇവനെ എങ്ങനെ കയറ്റും എന്നൂടെ പറഞ്ഞുതന്നാല്‍ ഉപകാരമായേനെ. എന്തായാലും ഗതകാലസ്മരണകളിലെ നാടന്‍ കറി പരീക്ഷിക്കാനുറപ്പിച്ചു. ഒന്നും സംഭവിച്ചില്ലേല്‍ വീണ്ടും പാക്കലാമ..