Thursday, January 03, 2008

ഉരുളക്കിഴങ്ങ്‌ മുളകിട്ടത്‌

(അമ്മ ഉണ്ടാക്കിത്തരുന്ന പച്ചക്കറി ഐറ്റംസില്‍,ഞാന്‍ ആസ്വദിച്ച്‌ കഴിക്കുന്നത്‌. നല്ല മട്ടയരിച്ചോറിണ്റ്റെ ഒപ്പം,യെവനും,കട്ടത്തൈരും,കടുമാങ്ങ ഉപ്പിലിട്ടതും കൂടിയുണ്ടെങ്കില്‍...ഭേഷ്‌... ഭേഷ്‌)
ചേരുവകള്‍:-
1)ഉരുളക്കിഴങ്ങ്‌ പുഴുങ്ങിയെടുത്തത്‌-5 എണ്ണം (വലുത്‌)
2)വെളിച്ചെണ്ണ - 2 1/2 ടേ. സ്പൂണ്‍
3)സവാള അരച്ചത്‌- 1 1/2 ടേ. സ്പൂണ്‍
4)മുളകുപൊടി -൩/൪ ടേ. സ്പൂണ്‍
5)ഉപ്പ്‌-പാകത്തിന്‌
ഉണ്ടാക്കുന്ന വിധം
1)പുഴുങ്ങിയ ഉരുളകിഴങ്ങ്‌ ഉടച്ചെടുക്കുക.(ഉട എന്നു വെച്ചാല്‍ ഒരു മീഡിയം ഉട.അത്യാവശ്യം കഷ്നങ്ങല്‍ വേണം. ഇല്ലെങ്കില്‍ സംഗതിക്ക്‌ ഒരു ഗുമ്മ്ണ്ടാവില്ല്യാ)
2)ഉടച്ചെടുത്ത ഉരുളക്കിഴങ്ങില്‍ ഉള്ളി അരച്ചതും,മുളകുപൊടിയും തിരുമ്മുക. (ബോസ്സിണ്റ്റെ മുഖത്താണ്‌ തിരുമ്മുന്നതെന്ന്‌ സങ്കല്‍പ്പിച്ചാല്‍ മതി,തിരുമ്മലിനൊരു സുഖം-ണ്ടാവും)
3)ചീനച്ചട്ടി/പ്രഷര്‍പാന്‍ അടുപത്ത്‌ വെച്ച്‌ ചൂടാവുമ്പോള്‍ എണ്ണയൊഴിച്ച്‌,ഉള്ളിയും,മുളകും തിരുമ്മിയ ഉരുളക്കിഴങ്ങ്‌ അതിലേക്ക്‌ തട്ടുക.
4)പാകത്തിന്‌ ഉപ്പും വിതറി,ഇളക്കലോടിളക്കല്‍,ഇളക്കലോടിളക്കല്‍.
5)സംഭവം പാത്രത്തീന്ന്‌ വിട്ടു വരുന്ന ഒരു അവസ്ഥാവിശേഷമാവുമ്പോള്‍. ഇറക്കിവെയ്ക്കുക
6)Serve Hot (ഹോട്ടിനോടൊപ്പവും സെര്‍വ്‌ ചെയ്യാം)

Wednesday, January 02, 2008

മുട്ട ബുര്‍ജി

ബാംഗ്ളൂരിലെ ബാച്ചികളുടെ ദേശീയ ആഹാരം. പണി എളുപ്പം,ടച്ചിംഗ്സ്‌ ആയും ഉപയോഗിക്കാം)
ചേരുവകള്‍:-
1)മുട്ട-എട്ടെണ്ണം
2)തക്കാളി-വലുതാണെങ്കില്‍ 3 ചെറുതാണെങ്കില്‍ 4-5
3)സവാള-4-5(വലുത്‌)
4)പച്ചമുളക്‌-4-5 (വലുതാണെങ്കില്‍ എണ്ണം കുറയ്ക്കാം. അല്ലാതെ എന്നെ തെറി വിളിച്ചിട്ട്‌ യാതൊരു കാര്യവുമില്ല)
5)വെളിച്ചെണ്ണ-2 ടേബിള്‍ സ്പൂ
6)‍വെള്ളം-(ഐ മീന്‍,പച്ചവെള്ളം. തെറ്റിദ്ധാരണകള്‍ തല്‍ക്കാലം മാറ്റി വെയ്ക്കൂ)-ആവശ്യത്തിന്‌
7)ഉപ്പ്‌,കുരുമുളക്‌ പൊടി-അവനോണ്റ്റെ രുചിക്കനുസരിച്ച്‌
8)മല്ലിയില,കറിവേപ്പില-ഓരോ തണ്ട്‌
ഉണ്ടാക്കുന്ന വിധം:-1)സവാള കുനുകുനാ അരിയുക.(അരിഞ്ഞത്‌ കണ്ടാല്‍ ആരോടോ ഉള്ള ദേഷ്യം തീര്‍ത്തതു പോലെ തോന്നണം.)
2)തക്കാളിയും കുനുകുനാ കട്ട്‌-കട്ട്‌-കട്ട്‌-കട്ട്‌.
3)പച്ച മുളക്‌ പൊടിയാക്കി അരിഞ്ഞു വെക്കുക.
4)ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍(പ്രഷര്‍ പാനായാലും വല്യ തരക്കേടൊന്നൂല്ല്യാ) 2 ടേ.സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കുക.
5)അതിലേക്ക്‌ സവാള ഇട്ട ശേഷം ഒരല്‍പ്പം മാറി നില്‍ക്കുക.ഇല്ലെങ്കില്‍ ചിലപ്പോ പണി കിട്ടും.
6)സവാള ഒന്ന്‌ വഴണ്ട്‌ കഴിയുമ്പോള്‍ തക്കാളിയും,പച്ചമുളകും തട്ടുക.
7)കുറച്ച്‌ വെള്ളം ഒഴിച്ച്‌ ഉപ്പുമിട്ട ശേഷം പാത്രം മൂടിവെയ്ക്കുക.ആ പാവം അവ്‌ടെ കിടന്ന്‌ വെന്തോട്ടെ.
(ഈ സമയം ക്രിയേറ്റീവായി 1-2 ലാര്‍ജ്ജടിക്കാനാണ്‌ സാധാരണ ബാച്ചികള്‍ ഉപയോഗിക്കാറ്‌)
8)വെന്ത്‌ ഒരു ലെവലായ തക്കാളി-ഉള്ളി-പച്ചമുളക്‌ കോമ്പിനേഷനിലേക്ക്‌ യാതൊരു ദയയുമില്ലാതെ മുട്ടകള്‍ പൊട്ടിച്ചൊഴിക്കുക.അവ്‌ടെകെടക്കട്ടെ കുറച്ച്‌ നേരം.
9)മുട്ട ഒരു പാതി വേവാകുമ്പോള്‍ ചറപറാ ചറപറാ-ന്ന് ഇളക്കുക."ശ്രീ" എന്ന് എഴുതിപ്പഠിച്ചാലും മതി. ഇപ്പോള്‍ നമ്മുടെ ഐറ്റം തക്കാളി ചട്നിയില്‍ വീണ 'സ്ക്രാമ്പിള്‍ഡ്‌ എഗ്ഗി'ണ്റ്റെ പരുവത്തിലിരിക്കും.
10)അരിഞ്ഞു വെച്ച മല്ലിയില,കറിവേപ്പില കൂട്ടായ്മയേയും,കുരുമുളകു പൊടിയും വിതറി ചൂടോടു കൂടി ചോറ്‌/ചപ്പാത്തി ഇത്യാദികളുടെ ഒപ്പം അങ്ങ്‌ടാ പൂശ്‌ാ

Wednesday, December 19, 2007

രാജ്മ മലയാളി

ചേരുവകള്‍

രാജ്മ (കിഡ്നി ബീന്‍സ്) - ഒരു കപ്പ് (4-5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
*2 വലിയ ഉള്ളി ചെറുതായി അരിഞ്ഞത്
*പച്ചമുളക് 4 എണ്ണം
*ഇഞ്ചി നുറുക്കിയത് ഒരു റ്റീസ്പൂണ്‍
*വെളുത്തുള്ളി 10 അല്ലി
*കറിവേപ്പില 2 തണ്ട്
തക്കാളിക്ക 2 എണ്ണം
ഗരം മസാല അര റ്റീസ്പൂണ്‍
ഒരു വലിയ തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
വെളിച്ചെണ്ണ 3 റ്റീസ്പൂണ്‍




രാജ്മ പ്രഷര്‍കുക്കറിലിട്ട് നല്ലോണ്ണം വേവിച്ചെടുക്കുക
* ഇട്ടതെല്ലാം വെളിച്ചെണ്ണയില്‍ മൂപ്പിക്കുക, സ്വര്‍ണ്ണ നിറമാകുമ്പോള്‍ ഗരം മസാലപ്പൊടി ചേര്‍ത്ത് കരിയും മുന്‍പ് വേവിച്ചു വച്ച രാജ്മയും രണ്ടാം പാലും ചേര്‍ക്കാം. കുറുകി വരുമ്പോഴേക്കും തക്കാളിക്ക ചേര്‍ത്ത് വേവിക്കാം. പത്ത് മിനുറ്റ് കഴിഞ്ഞ് തന്‍പാലൊഴിച്ച് എടുക്കാം.
(ഉപ്പിടാന്‍ മറക്കല്ലേ!)

വെള്ളേപ്പത്തിന് നല്ല കൂട്ട്.



Monday, December 10, 2007

ആള്‍ട്ടര്‍നേറ്റീവ് ഭക്ഷണം

ബഹുമാനപ്പെട്ട ഭക്ഷ്യ മന്ത്രിക്ക്‌ സമര്‍പ്പണം.

നമ്മുടെ ഭക്ഷ്യ മന്ത്രി നിര്‍ദ്ദേശിച്ചതു പോലെ ചിലെ ആള്‍ട്ടര്‍നേറ്റീവ്‌ ഭക്ഷണങ്ങളുടെ ഗുണങ്ങള്‍.

(എല്ലാ സൂക്തങ്ങളും അഷ്ടാംഗഹൃദയത്തില്‍ നിന്ന്)

പോക്കാച്ചി തവള

പോക്കാച്ചി കഫകൃദ്ബല്യം പിത്തമേറെ വരുത്തിടാ.
പോക്കാച്ചിയെ പൊരിച്ചടിച്ചാല്‍ ശരീരത്തിന്‌ നന്ന്.

മാംസ്യം ധാരാളം, വൈറ്റ്‌ മീറ്റ്‌. കൊണ്ടാട്ടം പോലിരിക്കും, ടച്ചിങ്ങിന്‌ ഇഷ്ടന്‍ കഴിഞ്ഞേയുള്ളു ബാക്കിയെല്ലാം.

മുള്ളന്‍ പന്നി

പുളിപ്പു മധുരം മുള്ളന്‍ പാകത്തിലെരിവായിടും
വാതം പിത്തം കഫം പോക്കും ശ്വാസം കാസം ശമിച്ചിടും

പുളിച്ച കള്ളോ, മധുരക്കള്ളോ നല്ല പാകത്തില്‍ എരുവിട്ടുവച്ച മുള്ളന്‍പന്നി ചേര്‍ത്ത്‌ കഴിച്ചാല്‍ മേല്‍ പറഞ്ഞ അസുഖങ്ങള്‍ ശമിക്കുമെന്ന്.. പിന്നെ വയറും നിറയും.

പാമ്പ്‌

അര്‍ശസ്സു വാതദോഷങ്ങള്‍ കൃമിദൂഷീ വിഷം കെടും
മേധാഗ്നികൃത്‌ സ്വാദുപാകം സര്‍പ്പം കണ്ണിനു പഥുമാം
മൂര്‍ഖന്മാര്‍, വരയുള്ളോരും കടുപാകികളായ്‌വരും
കണ്ണിനേറ്റം ഹിതം, സ്വാദു, വായൂമൂത്രമലങ്ങള്‍ പോം.

പാമ്പിനെ നന്നായി കറിവച്ചാല്‍ അത്‌ മീങ്കറി പോലെ തന്നെ കാഴ്ചയില്‍, കണ്ണിന്‌ വളരെ ഗുണം ചെയ്യുന്ന ഒന്നാകയാല്‍ വ്യാജനടിക്കുന്നവര്‍ പാമ്പ്‌ കൂട്ടിയടിച്ചാല്‍ കണ്ണിന്‌ പ്രശ്നമുണ്ടാകില്ല. നാവിന്റെ രുചി വര്‍ദ്ധിക്കുന്നു, വായൂദോഷം തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുറയുന്നു.

എലി

സ്നിഗ്ദ്ധം ബലപ്രദം ശുക്ലമേറ്റിടും മധുരം ലഘു

കൂടുതല്‍ വിവരണത്തിന്റെ ആവശ്യമില്ലല്ലോ?

പൂച്ച

പൂച്ചമാംസം സ്വാദു, കഫവാതഘ്നം, സ്നിഗ്ദ്ധമുഷ്ണമാം
ശ്വാസം കടപ്പ്‌ ചുമ പോം ഗുണം കീരിയോടൊത്തിടും
കീരി

കീരിമാംസം സ്നിഗ്ദ്ധമാകും തടിശക്തികളേറ്റിടും

കുരങ്ങ്‌

കുരങ്ങിനു ചവര്‍പ്പേറെ വൃഷ്യം തടി ബലം വരും
പോം പാണ്ഡു കൃമി, വന്നീടും വിണ്മൂത്രത്തടവും കഫം
പോമാമവാതം കഫവും കഫവും ശ്വാസം മേദസ്സു വാതവും.
മാംസത്തിന്‌ ചെറിയ ചവര്‍പ്പും, വൃക്കരോഗങ്ങളുള്ളവര്‍ക്ക്‌ നിഷിദ്ധവും എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം കൊണ്ടും നല്ലത്‌.

അപ്പൊ, രണ്ട് കുരങ്ങ് മസാലയും ഒരു പാമ്പ് പൊരിച്ചതും എടുക്കാം അല്ലേ?