Monday, September 18, 2006

ചിക്കണ്‍ 360

വേണ്ട ചേരുവകള്‍

1. കോഴി - 1 കിലൊ (ഇടത്തരം വലിപ്പത്തില്‍ മുറിച്ചത്)

വലിയ ഉള്ളി - 4 എണ്ണം വലുത് (ഇടത്തരം വലിപ്പത്തില്‍ അരിഞ്ഞത്)

വെളുത്തുള്ളി - ഒരു കുടം (8 അല്ലി - ചതച്ചത് )

പച്ച മുളക് - 4 എണ്ണം (രണ്ടായി കീറിയത്)

കുരുമുളക് പൊടി - 1 ടേ.സ്പൂണ്‍

മുളക് പൊടി (കാശ്മീരി ചില്ലി) - 2 ടേ.സ്പൂണ്‍

ഗരം മസാലപ്പൊടി - അര ടേ.സ്പൂണ്‍

മല്ലിപ്പൊടി - 2 ടേ.സ്പൂണ്‍

തക്കാളി - 3 എണ്ണം (ചെറുതായി അരിഞ്ഞത്)

ഉപ്പ് - ആവശ്യത്തിന്

2. വെളിച്ചെണ്ണ - 3 ടേ.സ്പൂണ്‍

3. വേപ്പില - 2 തണ്ട്

4. മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം
ഒന്നാമത്തെ ചേരുവകള്‍ എല്ലാം ഒരു കുക്കറിലാക്കി നാലു സ്പൂണ്‍ വെള്ളവുമായി മിക്സ് ചെയ്യുക. ഒരു വിസില്‍ വരുന്നതു വരെ വേവിക്കുക. വിസില്‍ വന്നാല്‍ പത്തുമിനിട്ട് ചെറിയ തീയില്‍ വേവിച്ചതിനുശേഷം ഇറക്കി വെക്കുക. പരന്ന ഒരു ഫ്രയിംഗ് പാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. ചൂടായാല്‍ വേപ്പില ചേര്‍ത്ത് ഇളക്കുക. പിന്നീട് കുക്കറിലെ കറി ഫ്രയിങ് പാനിലേക്ക് ചേര്‍ത്ത് മീഡിയം ചൂടില്‍ ഇളക്കിക്കൊണ്ടിരിക്കുക. വെള്ളം വറ്റി എണ്ണ തെളിഞ്ഞു വരുന്നതുവരെ ഇളക്കിക്കൊണ്ടേയിരിക്കണം. വെള്ളം വറ്റുമ്പോള്‍ തീ കുറയ്ക്കുക. ഡ്രൈ ആയി വരുമ്പോള്‍ മല്ലിയിലയും ചേര്‍ത്തിളക്കിയാല്‍ വിളമ്പാന്‍ റെഡി.


ഈ കറി വളരെ എളുപ്പം തയ്യാറാക്കാം. എണ്ണയും കുറവ്.


ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഗരം മസാലയും മല്ലിപ്പൊടിയും കുറക്കാവുന്നതാണ്.

10 comments:

കുട്ടന്മേനൊന്‍::KM said...

ചേട്ടന്മാരെ,അനിയന്മാരെ.. ഒരു കുഞ്ഞു ബ്ലോഗുകൂടി തുടങ്ങുന്നു. നളപാചകം. പാചകത്തിലെ നിങ്ങളുടെ കൈപ്പുണ്യം ഇതില്‍ പരീക്ഷിക്കാം.ആര്‍ക്കും എഴുതാം.

kumar © said...

കൊട് മെമ്പര്‍ഷിപ്പ് ഒന്ന്!
കുറച്ചുനാളായി വീട്ടില്‍ പരീക്ഷിക്കുന്നതൊക്കെ ഇനി ബൂലോകരുടെ വയറ്റത്താക്കി പരീക്ഷിക്കാം.

കുഞ്ഞിരാമന്‍ said...

ഇതാ ഒരു recipie.
മുട്ട 190,
1.ഒരു മുട്ട എടുത്തു പൊട്ടിചു ഒരു ഗ്ലാസ്സില്‍ ഒഴിക്കുക.അതില്‍ കുറച്ചു മുളകും ഉള്ളിയും അരിഞിടുക,കുറചു ഉപ്പും(പാകത്തിനു)ചേര്‍ക്കുക.
നന്നായി ഇളക്കുക,അതിനെ ചൂട് ദൊശ കല്ലിലെക്കു ഒഴിക്കുക,ഒരു വശം നന്നായി വെന്തു കഴിയുംബൊള്‍ തിരിചിടുക,ആ വശവും വെന്തു കഴിയുംബൊള്‍ എടുക്കുക,കഴിക്കുക with black pepper powder,എങനെ ? ഇതിന്റ്റെ പേറ്റന്ട്റ്റ് എനിക്കാണു

കുട്ടന്മേനൊന്‍::KM said...

കുഞ്ഞിരാമന്‍ മുട്ടദോശയുടെ recipie ആണൊ കൊടുത്തിരിക്കുന്നത് ?

വിശാല മനസ്കന്‍ said...

‘തീറ്റ എര്‍പ്പായേട്ടന്‍ ഈ ബ്ലോഗിന്റെ നാഥന്‍‘ ഹഹഹ! ഗ്രേറ്റ്!

Anonymous said...

തീറ്റ എറപ്പായി (ഒറപ്പായി) ചേട്ടന്‍ എന്നു തിരുത്തി വായിക്കുക

കുട്ടന്മേനൊന്‍::KM said...

യാതൊരു ഉളുപ്പുമില്ലാത്തെ നളപാചകത്തിലെ പാചകക്കുറിപ്പുകള്‍ അതേപടി കോപ്പിയടിച്ച് യാഹൂ പ്രസിദ്ധീകരിച്ചിരിക്കുന്നു. http://in.malayalam.yahoo.com/Recipes/NonVeg/0611/14/1061114007_1.htm
പ്രതിഷേധിക്കുക. ചിക്കന്‍ 360 എന്നത് എനിക്ക് തോന്നിയ ഒരു പേരാണ്. നാളെ കോപ്പിറൈറ്റെന്നും പറഞ്ഞു നമ്മള്‍ ഓരോരുത്തടുടെയും കഴുതിന് പിടിച്ചു ‘ക്യാ ഹൂ..’ എന്ന് യാഹൂ അലറുന്നത് കാണേണ്ടിവരുമല്ലോ ദൈവമേ ..

sandoz said...

മേനനേ.....ഈ 360 ആണോ അവന്മാര്‍ എടുത്ത്‌ 380 ആക്കീത്‌.........അതു ഇപ്പഴും യാഹുവിന്റെ പേജില്‍ ഉണ്ടോ.....എന്നിട്ട്‌ എന്താ ഇതിനു വലിയ പ്രാധാന്യം കിട്ടാതിരുന്നത്‌...ഇനി വല്ല 'ലേഡി വര്‍മ്മയും' എഴുതിയ തീറ്റ കുറിപ്പ്‌ ആണെങ്കിലേ ഇതിനി വെള്ളിവെളിച്ചത്തില്‍ വരൂ എന്നാണോ......ഒരു കാര്യം ചെയ്യ്‌ മേനനേ..പേരു അങ്ങട്‌ മാറ്റ്‌...വല്ല 'കുട്ടിച്ചി മേനോത്തി' എന്നോ.....'മിസ്‌.കുട്ടന്‍ മേനോന്‍' എന്നോ ആക്ക്‌.....

കുട്ടന്മേനൊന്‍::KM said...

സാന്‍ഡോസേ, ആലോചിക്കാതിരുന്നില്ല. ഇനി ഞാനായിട്ട് വേറോരു ഗ്രൂപ്പുണ്ടാക്കിയെന്ന പരാതി വേണ്ടെന്നു വെച്ചു.മാത്രവുമല്ല, നളപാചകത്തിലെ എന്ത് , എവിടെ , എങ്ങിനെ കൊണ്ടുപോയിയെന്നൊക്കെ എന്റെ കയ്യില്‍ വ്യക്തമായ രേഖകളുമുണ്ട്. പതിനേഴുകൊല്ലമായി ഐ.ടി.ഫീല്‍ഡില്‍ നില്‍ക്കുന്ന എനിക്ക് ഇതിന്റെ നിയമവശങ്ങളും വ്യക്തമായറിയാം. പേരുമാറ്റേണ്ടി വരില്ലെന്ന് ആശിക്കാം.

Inji Pennu said...

പ്രിയ കുട്ടന്മേനോനെ, താങ്കള്‍ക്ക് വിശ്വേട്ടനുമായി കോണ്ടാക്റ്റുണ്ടൊ? താങ്കള്‍ പ്രതിഷേധിക്കാന്‍ തയ്യാറാണൊ? താങ്കള്‍ക്ക് അവര്‍ കട്ടത് വിരോധമില്ലെങ്കില്‍ ബാക്കിയാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. താങ്കള്‍ക്ക് അവര്‍ കട്ടത് അപമാനകരം ആയിട്ടുണ്ടെങ്കില്‍ ദയവായി വിശ്വേട്ടനു മെയില്‍ അയക്കുക. നമുക്ക് വേണ്ടത് ചെയ്യാം.

പലരുടേയും കട്ടെങ്കിലും പലരും മുന്നോട്ട് വരാന്‍ മടിച്ചു. എന്തു ചെയ്യും? സാരമില്ല, എഴുതുന്നത് യാഹൂവില്‍ കിടന്നാലും ബ്ലോഗില്‍ കിടന്നാലും ഒരുപോലെ എന്നു പറഞ്ഞു. അതുകൊണ്ട് മുന്നോട്ട് വന്ന് നില്‍ക്കാന്‍ തയ്യാറുള്ളവരുടെയല്ലേ കൂടെ നില്‍ക്കാന്‍ സാധിക്കൂ..

ഉടമസ്ഥന് കുഴപ്പം ഇല്ലെങ്കില്‍ ബാക്കിയുള്ളവര്‍ കടന്ന് ബഹളം വെച്ചിട്ട് കാര്യമില്ലല്ലൊ. നളപാചകത്തിന്റെ പ്രശ്നമുണ്ടായിന്ന് സൂവേച്ചീന്റെ ബ്ലോഗില്‍ അത്രയും നടന്നിട്ട് ഞാന്‍ അറിഞ്ഞു പോലുമില്ല്ല.

ഇപ്പോള്‍ ആരൊ പറയുന്നു സിബു ചേട്ടന്റെ ബ്ലോഗില്‍ നിന്ന് വരെ കട്ടുവെന്ന്. എവിടെന്നൊക്കെയാ കട്ടതെന്ന് ഉടമസ്ഥര്‍ തന്നെ വന്നു പറയണം.

താങ്കള്‍ തെളിവുകള്‍ ഇടുന്നതിനു മുന്‍പ് വിശ്വേട്ടനുമായി ഒന്ന് ഇമെയില്‍ അയക്കണം പറ്റുമെങ്കില്‍. ദയവായി അത് ചെയ്യുക

മുന്നോട്ട് തന്നെ വരിക എന്ന് അഭ്യര്‍ത്ഥിക്കുന്നു. പലരും മുന്നോട്ട് വന്നിരുന്നുവെങ്കില്‍ തന്നെ, ഈ സമരത്തില്‍ പണ്ടേ നമ്മള്‍ വിജയിച്ചേനെ. ഒറ്റക്കുള്ള സമരത്തേക്കാളും കൂട്ടായ്മക്ക് തന്നെയാണ് ശക്തി.