Tuesday, September 26, 2006

കൂര്‍ക്ക ഉപ്പേരിയും തേങ്ങാച്ചമ്മന്തിയും

കൂര്‍ക്ക ഉപ്പേരി

ആവശ്യമുള്ള ചേരുവകള്‍

കൂര്‍ക്ക – അര കിലൊ. നാടനായാല്‍ നല്ലത്. ചെറുത്.
മണ്ണെല്ലാം കളഞ്ഞ്, തൊലി കളഞ്ഞ് കഴുകി, അരയിഞ്ച് വലിപ്പത്തില്‍ കഷണങ്ങളാക്കിയത്.
വേപ്പില – 2 തണ്ട്.
വെളുത്തുള്ളി - ചെറുത് ( 10 അല്ലി ) ചതച്ചത്
ചുവന്നുള്ളി - 5 എണ്ണം ചതച്ചത്
മഞ്ഞള്‍പൊടി - അരക്കാല്‍ ടീസ്പൂണ്‍
ഉണക്കമുളക് - 5 എണ്ണം ചതച്ചത്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്.

ഉണ്ടാക്കേണ്ട വിധം
കൂര്‍ക്കയും മഞ്ഞള്‍ പൊടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. പകുതി വേവാവുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളിയും വെളുത്തുള്ളിയും ചേര്‍ക്കുക. പകുതി മൊരിയുമ്പോള്‍ ഉണക്കമുളക് ചേര്‍ക്കുക. കറിവേപ്പില ചേര്‍ത്തിളക്കുക. പിന്നീട് കൂര്‍ക്ക വെള്ളമില്ലാതെ ചേര്‍ത്തിളക്കുക. രണ്ട് മിനിട്ട് മൂടി വെച്ച് വേവിക്കുക. പിന്നീട് ഇളക്കി തീ കൂട്ടി വെള്ളം വറ്റിച്ചെടുക്കുക.


തേങ്ങാ ചമ്മന്തി

ആവശ്യമുള്ള ചേരുവകള്‍
തേങ്ങ – ഒരു മുറി ( ഒരു തേങ്ങയുടെ പകുതി) ചിരവിയത്
കോല്‍പ്പുളി - 2 ഇഞ്ച് കഷണം (പുളിയുള്ള മാങ്ങയായാല്‍ ഒരെണ്ണം)
ഉണക്ക മുളക് - 3 എണ്ണം
ഉപ്പ് - ആവശ്യത്തിനു

ഉണ്ടാക്കേണ്ട വിധം

എല്ലാ ചേരുവകളും കൂടി മിക്സിയിലിട്ട് ചതക്കുക. അധികം അരയ്ക്കരുത്.
ഉണക്ക മുളകിന് പകരം പച്ചമുളകു ചേര്‍ക്കാം. അങ്ങനെയെങ്കില്‍ കോല്‍പ്പുളിക്ക് പകരം പുളിയുള്ള ഒരു മാങ്ങ ചേര്‍ക്കാം. അമ്മിയിലിട്ട് അരച്ചെടുത്താല്‍ നന്നായിരിക്കും.

നല്ല നെല്ലുകുത്തിയ അരിയുടെ കഞ്ഞിയും കൂര്‍ക്ക ഉപ്പേരിയും തേങ്ങാച്ചമ്മന്തിയും നല്ല കോമ്പിനേഷനാണ്.

20 comments:

asdfasdf asfdasdf said...

കൂര്‍ക്ക ഉപ്പേരിയുടെയും തേങ്ങാ ചമ്മന്തിയുടെയും റിസീപ്പി ചേര്‍ക്കുന്നു. ആരും തല്ലാന്‍ വരരുത്. ഞാന്‍ പോയി. പച്ചാളത്തിന് കഴിവുണ്ടെങ്കില്‍ ഇതൊന്ന് ഉണ്ടാക്കി നോക്കി ഒരു പടം പിടിച്ചു തരണം.

ഡാലി said...

ആരവിടെ! ഈ ബ്ലോഗ് ബ്ലോക്ക് ചെയ്യൂ. മനുഷ്യനെ ഭ്രാന്തക്കുന്ന ബ്ലോഗ്.

പൊന്നു കുട്ടമേന്‍‌നേ, നിങ്ങള് തൃശ്ശൂരാ? വെറുതെ എന്തിനാ കൂര്‍ക്കുപ്പേരീം, തേങ്ങാ ചമന്തീം ഒക്കെ പറഞ്ഞ് കുത്തരിടെ കഞ്ഞി സ്വപ്നം കാണാന്‍ പോലും പറ്റാത്ത ഞങ്ങളെ കൊതിപ്പിക്കണെ? ശാപം കിട്ടും. ശാപം.

ഇവിടെ ഞാന്‍ ഏറ്റവും അധികം miss ചെയ്യുന്ന പച്ചകറിയാണ് കൂര്‍ക്ക. തേങ്ങയും വല്ലപ്പോഴേ കിട്ടൂ.

നളപാചകം ആ ബാച്ചിലര്‍ കുട്ട്യോള്‍ക്ക് കൂടെ പറഞ്ഞ് കൊടുക്കൂ.

myexperimentsandme said...

പാപ്പാനല്ലേ കൂര്‍ക്ക ഒട്ടും ഇഷ്ടമില്ലാത്തത് :) കൂര്‍ക്ക എന്റെ ഫയവറിറ്റ്.

തേങ്ങാ ചമ്മന്തിയും നല്ല കട്ടത്തൈരും ആവശ്യത്തിന് ഉപ്പും ഇട്ട് ചോറിങ്ങനെ കുഴച്ച് കുഴച്ചടിക്കുക.

കുട്ടമ്മേന്നവനെ, സൂപ്പറടിപൊളി.

ബിന്ദു said...

എന്തിനിങ്ങനെ മനുഷ്യനെ കൊതിപ്പിക്കുന്നു? :) കൂര്‍‌ക്ക ചില സമയത്തേ കിട്ടൂ :(.നല്ല കൂര്‍‌ക്ക മെഴുക്കുപുരട്ടിയും ഉള്ളിതീയലും, തൈരും, കടുമാങ്ങയും... വക്കാരിക്കു വട്ടാകും.:)

Unknown said...

എന്റെ കുട്ടമേനോഞ്ചേട്ടാ,
ഇത് ചതിയായിപ്പോയി.കൂര്‍ക്ക എരിശ്ശേരിയാണ് മൈ ഫേവറിറ്റ്. അതും തേങ്ങാചമ്മന്തിയും തന്നെ സ്വര്‍ഗം.

asdfasdf asfdasdf said...

മോനെ ദില്‍ബൂ ആ കൂര്‍ക്ക എരിശ്ശേരിയുടെ റിസീപി ഒന്ന് അയച്ചു താ. അല്ലെങ്കി നേരിട്ട് ഇതിലൊരു പോസ്റ്റ് പൂശാനായി കുറിപ്പടി(ഇ-മൈല്‍ ഐ.ഡി.) താ..

Unknown said...

കുട്ടമേനോഞ്ചേട്ടാ,
ഞാനും പാചകവും തമ്മിലുള്ള കണക്ഷന്‍ ‘അമ്മ’എന്നൊരു ഹബ്ബ് വഴിയാണ്.ചില സാങ്കേതിക കാരണങ്ങളാല്‍ കണക്ഷന്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. കിട്ടിയാലുടന്‍ റെസിപ്പി തരുന്നതാണ്.

പാചക ക്ലബ്ബില്‍ അംഗത്വമെടുക്കുന്നത് ആത്മവഞ്ചനയാവില്ലേ എന്ന സംശയത്താല്‍ പിന്നീടാവാം എന്ന് വെച്ചു. :-)

Anonymous said...

ബിന്ദൂട്ടിയേ, കൂര്‍ക്ക ഈ ചൈനീസ് പോട്ടറ്റോ എന്ന് പറഞ്ഞ് ഫ്രോസണ്‍ കിട്ടില്ലേ? അടുത്ത പ്രാവശ്യം നാട്ടീ പോവുമ്പൊ കിഴങ്ങ് കൊണ്ടോന്ന് ഇവിടെ നടണം...

ബിന്ദു said...

എന്നാല്‍ ഇടയ്ക്കിടക്ക് എനിക്ക് കൂര്‍ക്ക അയച്ചുതരേണ്ടി വരും.:)ചൈനീസ് പൊട്ടറ്റൊ ട്രൈ ചെയ്തു.അത്ര വരില്ല.

Anonymous said...

എന്തെല്ലാം കാര്യങ്ങളാ ഇവിടെ! കൂര്‍ക്കാന്ന് കേട്ടിട്ട് വായില്‍ വെള്ളം വരുന്നു. ഇഞ്ചിപ്പെണ്ണ് നട്ടുവളര്‍ത്തി ഉണ്ടാക്കി കഴിയുമ്പോള്‍ ഒരു ചാക്കുമായിട്ട് പോണം, വിളവെടുപ്പിന്. :)
അപ്പ ഇഞ്ചീടെ ഗാര്‍ഡനില്‍ കൂര്‍ക്ക ഇല്ലേ? മോശം മോശം!

അനംഗാരി said...

ശരിക്കും കുട്ടന്‍ മേനോന് എന്നതാ വേല?.കുശിനിമേനോന്‍ എന്ന് വിളിക്കട്ടെ?.
(തമാശയാണെ. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കറിയാണ് കൂര്‍ക്ക മെഴുക്ക് പെരട്ടിയത്.എനിക്ക് വായില്‍ വെള്ള മൂറുന്നു.

ഓ:ടോ: എടേ ദില്‍ബൂ, ഇത് നീ തന്നെടേ? കഷണ്ടി മറക്കാന്‍ തലമുടി ഇം‌പ്ലാന്റ് ചെയ്തത് തന്നെ?
ആ ഡമസ്റ്റിക് ഫ്ലൈറ്റ് കാണണ്ട.

Anonymous said...

കുറെയായി കാണണൂ, ഈ ദില്‍ബുവും ഫ്ലൈറ്റും തമ്മിലെന്താ പരിപാടി? ആരെങ്കിലും ഒന്ന് പറഞ്ഞ് തരോ പ്ലീസ്..

Shiju said...

മേനോന്‍ ചേട്ടാ താങ്കള്‍ പൂനെയില്‍ ആണൊ. ആണെങ്കില്‍ ഡിന്നര്‍ എന്നും താങ്കളോടൊപ്പം. ഇതൊക്കെ വായിച്ചുട്ടു തന്നെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം. അപ്പോള്‍ ഒന്നു രുചിച്ചു നീക്കിയാലോ?

asdfasdf asfdasdf said...

അനംഗാരി, എന്തുവേണെലും വിളിച്ചോളൂ. കുശിനിപ്പണി അത്ര മോശ്വൊന്ന്വല്ല. പിന്നെ ഞാന്‍ വലിയ താമസമില്ലാതെ ഒരു തട്ടുകട തൃശ്ശൂര് തൊടങ്ങുന്നുണ്ട്. അവിടെ വന്നാല്‍ കൂര്‍ക്ക ഉപ്പേരിയും ചക്കക്കൂട്ടാനും ഇഷ്ടം പോലെ തരാം.
മോനെ ദില്‍ബു, ആ photo കണ്ടപ്പോള്‍ ദിലീപിന്റെ ഒരു പടത്തിലെ ഗ്ലാമറ് പോലെയുണ്ട്. keep it up.

ശാലിനി said...

കൂര്‍ക്കയുടെ തൊലി കളയേണ്ടേ?

കൂര്‍ക്ക എനിക്കും വലിയ ഇഷ്ടമാണ്. ഉണക്കമുളകിനു പകരം, പച്ചമുളക് ചേര്‍ത്ത് വേവിച്ച് ( ബാക്കി ചേരുവകളൊക്കെ അങ്ങനെ തന്നെ) കുറച്ചു തേങ്ങാപീര കൂടി ചേര്‍ത്തു വച്ചാലും നല്ലതാണ്.

asdfasdf asfdasdf said...

ശാലിനിച്ചേച്ച്യെ.. കൂര്‍ക്കയുടെ തൊലി കളയണം. എഴുതാന് മറന്നുപോയതാണ്. താത്പര്യമുണ്ടെങ്കില്‍ ചേച്ചിക്കും ഇതിലെഴുതാം. ഇ-മൈല്‍ kuttamenon@gmail.com

ദേവന്‍ said...

ഈ ബ്ലോഗിന്റെ ആണര്‍മാരു ആരേലും ഒരു “ക്ഷണനം” എനിക്ക് അയച്ചു തന്നാല്‍ ഇത്രേം കോമ്പ്ലക്സ് അല്ലാത്ത, രുചിയും ഇല്ലാത്ത 5 മിനുട്ട് കറികള്‍ ചിലത് ഞാനും ഇടാം.
ഗ്യാരണ്ടികള്‍
1. എല്ലാം എന്റെ മേല്‍ പരീക്ഷിച്ചുകഴിഞ്ഞവ ആയിരിക്കും
2. എല്ലാം ഡോ. ജീന്‍ മാക്ഡോഗള്‍, ഡോ നീല്‍ പിങ്കിനി, ഡോ. ഡീന്‍ ഓര്‍ണിഷ് എന്നിവര്‍ അംഗീകരിച്ചിട്ടുള്ള രീതികള്‍ അനുസരിച്ച് കരള്‍, കൂമ്പ്, കൊടല്‍, സെല്ല് പരമോപരി ഹൃദയം എന്നിവക്ക് കേടുപാടുകള്‍ മിനിമം വരുത്തുന്നവ ആയിരിക്കും, സര്‍വ്വോപരി ആന്റി ഇന്‍ഫ്ലമേഷന്‍ സോണിനുള്ളില്‍ ആയിരിക്കും.

3. പരമാവധി ചിത്രങള്‍ ഇടാന്‍ ശ്രമിക്കാം

4. ആര്‍ട്ടിച്ചോക്ക് അരച്ചാക്ക്, വാട്ടര്‍ ക്രെസ്സിന്റെ കിഴക്കോട്ടു വളരുന്ന വേര് മൂന്നെണ്ണം ഇങനെ ഒക്കെ സ്ത്രീ പാചകത്തില്‍ കാണാറുള്ളതുപോലെ മനുഷ്യനെ വലക്കുന്ന ചേരുവകള്‍ ഒന്നും ഇടില്ല.

എന്നേം കൂട്ടുന്നോ?

Anonymous said...

ഒരു ഹെല്‍പ്‌ പ്ലീസ് , ഇതാണോ കൂര്‍ക്ക മെഴുക്ക് പെരട്ടിയത് ??

Anonymous said...

അതെ

Anonymous said...

Thanks buddy , Thanks a lot for the clarification...