Monday, February 19, 2007

ചിക്കന്‍ കുറുമാനിയ

ചിക്കന്‍ കുറുമാനിയ

നളപാചകത്തിലെ ഒരു കോണ്‍ട്രിബ്യൂട്ടറായി കുറിയും കുത്തി ഇരിക്കാന്‍ തുടങ്ങിയിട്ട്, നാളിതുവരേയായി, ആളുകളുടെ വായക്ക് രുചിയും, വയറിന് ഒരു ഹരവും, കഴിച്ച് പിറ്റേ ദിവസം രാവിലെ അതേ വയറിന് തന്നെ ഒരു ആശ്വാസവും തരാന്‍ ഉതകുന്ന ഏതെങ്കിലും ഒരു വിഭവത്തിന്റെ പാചകക്കുറിപ്പ് പ്രിയപെട്ട ബ്ലോഗേഴ്സിന് നല്‍കൂ, നല്‍കൂ, എന്ന് സാക്ഷാല്‍ നളന്‍ (ബ്ലോഗര്‍ നളനല്ല) ഇന്നലെ രാത്രിയിലെ ഗഹനമായ ഉറക്കത്തിന്റെ ഇടയില്‍ സ്വപ്നമായി വന്നു പറഞ്ഞു.

നളപാചകത്തില്‍ ഒരു പോസ്റ്റിടൂ എന്ന് നളന്‍ വന്നു പറഞ്ഞാല്‍, പിന്നെ ഒളിച്ചു കളിക്കാതെ പോസ്റ്റിട്ടില്ലെങ്കില്‍ അതു ചളമാവില്ലെ?

ഉവ്വ് എന്നാണെന്റെ പക്ഷം.

“ചിക്കന്‍ കുറുമാനിയ“ എന്ന പേര് കേട്ടിട്ട്, എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഞാന്‍ ഈ പാചകകുറിപ്പ് പരീക്ഷിച്ചു നോക്കുകയില്ലേ. കര്‍ത്താവാണേ, ഭര്‍ത്താവാണേ, ഒടേ തമ്പുരാനാണേ എന്നൊന്നും തീരുമാനിക്കാന്‍ വരട്ടെ. ആദ്യം ഇതൊന്ന് വായിച്ച് നോക്കുക. പാചകശിരോമണികളായ വനിതകളും, പുരുഷുകളും നമ്മുടെ ബ്ലോഗേഴ്സിന്റെ ഇടയില്‍ ധാരാളം ഉണ്ടല്ലോ. എന്നിട്ട് സമയവും, സന്ദര്‍ഭവും, മനോധൈര്യവും ഉള്ളവര്‍ ഇത് പരീക്ഷിച്ച്, അഭിപ്രായം ഇതേ ബ്ലോഗില്‍ തന്നെ അറിയിച്ചാല്‍, അറച്ചു നില്‍ക്കുന്നവര്‍ക്കും, മടിച്ചു നില്‍ക്കുന്നവര്‍ക്കും ഈ സ്വാദിഷ്ടമായ ചിക്കന്‍ - കറിയെന്നു വിളിക്കാന്‍ പറ്റില്ല, എന്നാ മസാലയെന്നു വിളിക്കാമോ? ഇല്ല അതും പറ്റില്ല? റോസ്റ്റ്? നോ വേ. വരട്ടിയത്? ഇല്ലേയില്ല.

പിന്നെന്തൂട്ടാഷ്ടാ ഈ കുന്തം. ഇതാണ് ചിക്കന്‍ കുറുമാനിയ!

ഇത് ഉണ്ടാക്കുന്നത് വനിതകളാണെങ്കില്‍ താഴെ പറയുന്നതുപോലെ ഉണ്ടാക്കിയാല്‍ മാത്രം മതി. അതല്ലാ പുരുഷന്മാരാണെങ്കില്‍, പാചക സമയം രസാവഹമാക്കാന്‍, അല്ലെങ്കില്‍ ആസ്വാദകരമാക്കുവാന്‍, അവനവന്റെ കപ്പാസിറ്റിക്കനുസരിച്ച് രണ്ടോ, മൂന്നോ പെഗ്ഗ് അടിക്കാവുന്നതാണ്. അതില്‍ കൂടരത്. കാരണം അതു കഴിഞ്ഞാല്‍ കറിയുടെ സ്വാദ് ആസ്വദിക്കുവാന്‍ പറ്റില്ല!

ചേരുവകള്‍

ചിക്കന്‍ - 1 1/2 കിലോ ( ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കിയത് - ഫ്രെഷ് ചിക്കന്‍ ആണ് കൂടുതല്‍ അഭികാമ്യം)

മല്ലിപൊടി - 4 ടേബിള്‍സ്പൂണ്‍
മുളകുപൊടി - 2 1/2 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞപൊടി - 1/2 ടീസ്പൂണ്‍
ഗരം മസാല - 1 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്‘
ജീരകപൊടി - ഒരു നുള്ള് (നിര്‍ബന്ധമില്ല)

സവാള അഥവാ സബോള - 4 എണ്ണം (വലിയത്) - വളരെ കനം കുറച്ച് അരിയുക
ചെറിയ ഉള്ളി - 10-15 എണ്ണം - ഇതും കനം കുറച്ച് അരിയുക
നാളികേര കൊത്ത് - 1/2 മുറിയുടേത് (കനം കുറച്ച്, ചെറുതായി 1/2 ഇഞ്ച് നീളത്തില്‍ കൊത്തിയത്)
ഇഞ്ചി - 1 1/2 ഇഞ്ച് നീളം - പൊടിയായി അരിഞ്ഞത് (വീതി എത്ര വേണം എന്നൊന്നൊന്നും ആരും ചോദിച്ചേക്കരുത്)

തക്കാളി - 2 എണ്ണം (ഇടത്തരം വലുപ്പമുള്ളത്) - കുരു കുരുന്നനെ അരിഞ്ഞത്
വെളുത്തുള്ളി - 7-8 അല്ലി അഥവാ ചുള - പൊടിയായി അരിഞ്ഞത്
പച്ചമുളക് - 6 എണ്ണം, 3 എണ്ണം നെടുകെ പിളര്‍ന്നത് (ഇനിയിപ്പോ നെടുകെ പിളര്‍ന്നില്ലാന്നു വച്ചിട്ട് ഒരു പുല്ലും സംഭവിക്കാന്‍ പോകുന്നില്ല), 3 എണ്ണം ചെറുതായി ഓമ്ലേറ്റിലേക്കരിയുന്നതുപോലെ അരിയുക.
കറിവേപ്പില - 4 തണ്ട്

പാചകം ചെയ്യുന്ന വിധം : ജപ്പാന്‍ ചട്ടി (അതില്ലെങ്കില്‍, ചീന ചട്ടിയോ, എന്തിനതികം, മണ്‍ചട്ടി മാത്രം മതിയെന്നല്ലാ, പക്ഷെ അതാണെങ്കില്‍ സൂപ്പര്‍) അടുപ്പില്‍ വച്ച്, ചൂടായതിനുശേഷം ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചണ്ണ അതിലേക്കൊഴിച്ച്, മുളകുപൊടിയും, മല്ലിപൊടിയും അതിലേക്കിട്ട്, ചെറിയ തീയില്‍ ബ്രൌണ്‍ നിറം വിടുന്നതു വരെ വറുക്കുക (കരിക്കരുത്). കഴുകി വെള്ളം പിഴിഞ്ഞു മാറ്റിയ കോഴികഷ്ണത്തിലേക്ക്, എല്ലാം സര്‍വ്വേശ്വരാ നീയെ തുണ എന്നു പറഞ്ഞ് (പറഞ്ഞില്ലെങ്കിലും യാതൊന്നും സംഭവിക്കില്ല) വറുത്ത മസാല ചേര്‍ക്കുക. അരിഞ്ഞു വച്ചിരിക്കുന്നതില്‍ നിന്നും, പകുതി ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, ചെറുതായി അരിഞ്ഞ പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, അര സ്പൂണ്‍ കുരുമുളകു പൊടി എന്നിവ ചേര്‍ക്കുക. ആ കൂട്ടിലേക്ക് രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും, മുകളില്‍ പറഞ്ഞിരിക്കുന്ന മഞ്ഞപൊടിയും, ആവശ്യത്തിന്നുപ്പും, കൊത്തി വച്ചിരിക്കുന്ന തേങ്ങാ കൊത്തുകളും ചേര്‍ത്ത് നന്നായി തിരുമ്മി വക്കുക. (എത്ര അധികം നേരം ഈ തിരുമ്മി വച്ചിരിക്കുന്നോ അത്രയും, നല്ലത്, അതു കരുതി നാലു മണിക്കൂറിനു മേലെ വച്ചാല്‍, കോഴി വളിച്ചു പോകുന്നതിന്നുത്തരവാദി ഞാനല്ല).

ചീന ചട്ടി ചൂടായതിനു ശേഷം, അതില്‍, മൂന്നു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടായ ശേഷം (എണ്ണ അവനവന്റെ ആരോഗ്യത്തിന്നനുസരിച്ച്, കൂട്ടുകയും, കുറക്കുകയും ചെയ്യാം, അല്ലാതെ, ഡേഷെ, നിന്റെ റെസീപ്പി പ്രകാരം കറി വച്ചു തിന്നാന്‍ തുടങ്ങിയതിന്നു ശേഷം എന്റെ കൊളസ്ട്രോള്‍ കൂടി എന്നാരും എന്നെ പറയരുത്), അതിലേക്ക്, ആദ്യം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും, വെളുത്തുള്ളിയും ചേര്‍ക്കുക. അതൊന്നല്പം മൂത്താല്‍, സവാളയും, കീറി വച്ചിരിക്കുന്ന പച്ചമുളകും ചേര്‍ത്ത നന്നായി വഴറ്റുക. ആ വഴറ്റുന്ന ചേരുവയുടെ നിറം മാറി കാപ്പി പൊടി നിറം, അഥവാ, സവാള സീ ത്രൂ പരുവത്തിലാകുമ്പോള്‍, തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക. എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍, രണ്ടു തണ്ടു കറിവേപ്പിലയും, മസാല പുരട്ടി വച്ചിരിക്കുന്ന കോഴികഷ്ണങ്ങളും ചേര്‍ക്കുക. നല്ലതുപോലെ ഇളക്കി ചേര്‍ത്ത്, അടപ്പെടുത്ത് ചീനചട്ടി മൂടുക. തീ ചെറുതാക്കാന്‍ മറക്കരുത്.

ചൂടു തട്ടുമ്പോള്‍ കോഴി, സ്വമേദയാ അടിച്ചിട്ടുള്ള വെള്ളങ്ങളെല്ലാം വാളുവെക്കും എന്നതിനാല്‍, ഒരു പത്ത് നിമിഷത്തിനുള്ളില്‍ ചീന ചട്ടിയില്‍ വെള്ളം കോഴികഷ്ണങ്ങളെ മൂടിയിരിക്കുന്ന പാകത്തില്‍ വെട്ടി തിളക്കുന്നുണ്ടായിരിക്കും. അടപ്പ് മാറ്റി, അവശേഷിച്ചിരിക്കുന്ന അര സ്പൂണ്‍ കുരുമുളകു പൊടിയും, ഗരം മസാല പൊടിയും ചേര്‍ത്ത് വീണ്ടും ഇളക്കുക.

പത്ത് മിനിറ്റ് ചെറിയ തീവില്‍ വേവിച്ചതിനു ശേഷം, ചീനചട്ടിയുടെ മൂടി തുറന്ന്, ചീന ചട്ടിയില്‍ ഉള്ള വെള്ളം വറ്റിക്കുക. ഇടക്കിടെ ഇളക്കികൊണ്ടിരിക്കണം. അല്ലെങ്കില്‍ അടിയില്‍ പിടിച്ചതെപ്പോഴെന്നു ചോദിച്ചാല്‍ മതി. (അഥവാ അങ്ങിനെ സംഭവിച്ചാല്‍, അടിയില്‍ പിടിക്കുന്നതിന്നുത്തരവാധി ഞാന്‍ അല്ല എന്നും ഈ അവസരത്തില്‍ ഞാന്‍ പറയാനാഗ്രഹിക്കുന്നു)

ഇളക്കി, ഇളക്കി, കോഴിക്കറി ഒരു കറുത്ത പരുവത്തിലായി തീരും (ചെറുതീയിലാണെന്നോര്‍മ്മ വക്കുക). ആ അവസരത്തില്‍, അല്പം ജീരകപൊടി (ഇഷ്ടമുള്ളവര്‍ മാത്രം) ചേര്‍ത്ത്. തീ കെടുത്തുക.

ഒരു ചെറിയ ചീന ചട്ടിയിലോ, ഫ്രൈയിങ്ങ് പാനിലോ, ഒരു സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞു വച്ചിരിക്കുന്നതില്‍ അവശേഷിച്ച ചെറിയ ഉള്ളി മൂപ്പിക്കുക. ഉള്ളി പകുതി മൂത്തതിനുശേഷം, ശേഷിക്കുന്ന ഒരു തണ്ട് കറിവേപ്പിലയും, ഒരു നുള്ള് മുളകു പൊടിയും ചേര്‍ത്ത് നന്നായിളക്കി, ഈ കൂട്ട് വെന്തൊരുങ്ങിയിരിക്കുന്ന “ചിക്കന്‍ കുറുമാനിയ“ യുടെ മുകളിലേക്കൊഴിക്കുക. വീണ്ടും നന്നായി ഇളക്കി, ഒരഞ്ചു മിനിറ്റു നേരത്തേക്കു കൂടി അടച്ചു വയ്ക്കുക.

“ചിക്കന്‍ കുറുമാനിയ” തയ്യാര്‍.

ചോറിനൊപ്പമോ, കുബൂസിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ, കള്ളിനൊപ്പമോ, എങ്ങിനെ വേണമെങ്കിലും നിങ്ങള്‍ക്കീ ചിക്കന്‍ കറുമാനിയ കഴിക്കാം.

സത്യമായും, നിങ്ങള്‍ ഇത് ഇഷ്ടപെടും എന്നെനിക്കുറപ്പുണ്ട്.

അഭിപ്രായങ്ങള്‍ അറിയിച്ചാല്‍, റിസ്ക് ഫാക്ടര്‍ ഒഴിവായി കിട്ടും :)

(ഈ കറിക്കുള്ള ക്രെഡിറ്റ് മുഴുവന്‍ എന്റെ അമ്മ - ശ്രീമതി അംബിക ഉണ്ണികൃഷ്ണന്)

21 comments:

കുറുമാന്‍ said...

ചിക്കന്‍ കുറുമാനിയ (ഈ പോസ്റ്റിന് കടപ്പാട്, എന്റെ അമ്മ ശ്രീമതി അംബിക ഉണ്ണികൃഷ്ണനു മാത്രം)

ഇത് ഉണ്ടാക്കുന്നത് വനിതകളാണെങ്കില്‍ താഴെ പറയുന്നതുപോലെ ഉണ്ടാക്കിയാല്‍ മാത്രം മതി. അതല്ലാ പുരുഷന്മാരാണെങ്കില്‍, പാചക സമയം രസാവഹമാക്കാന്‍, അല്ലെങ്കില്‍ ആസ്വാദകരമാക്കുവാന്‍, അവനവന്റെ കപ്പാസിറ്റിക്കനുസരിച്ച് രണ്ടോ, മൂന്നോ പെഗ്ഗ് അടിക്കാവുന്നതാണ്. അതില്‍ കൂടരത്. കാരണം അതു കഴിഞ്ഞാല്‍ കറിയുടെ സ്വാദ് ആസ്വദിക്കുവാന്‍ പറ്റില്ല!

വിവി said...

അടുത്താഴ്ച്ച ഉത്രാളിക്കാവുപൂരത്തിന്‍ ഞാന്‍ പോകുന്നു.ഈ പാചകറെസിപ്പി പ്രിന്റ് എടുത്തിട്ടുണ്ട് [അത് കോപ്പിലെ റൈറ്റാവോ?]. അമ്മയ്ക്കിത് വായിച്ച് പഠിക്കാന്‍ കൊടുക്കും. നന്നായില്ലാച്ചാല്‍ കുറുമാനേ, ഒരു പൂരാണ് താന്‍ കലക്കണത് എന്നു കരുതിക്കോ. ബാക്കി ഞാന്‍ വന്നിട്ട് തരാം

ചക്കര said...

അപ്പൊ അടി തുടങ്ങാം അല്ലേ?

:)

venu said...

കുറുമാന്‍‍ജി,
ചിക്കന്‍ കുറുമാനിയയുടെ പാചക വിവരണം വായിച്ചു് എനിക്കു തോന്നുന്നു, ഇതുഗ്രനായിരിക്കു മെന്നു്.
ഇതില്‍ പറഞ്ഞ ആണുങ്ങളുടെ പ്രിപ്പറേഷനാണു് എനിക്കിഷ്ടമായതു്, അതിനാല്‍ ഞായറാഴ്ച്ച ടെസ്റ്റു ചെയ്യുന്നതായിരിക്കും.

കുറുമാന്‍ said...

അതു തന്നേയാ എന്റെ ചോദ്യവും. കമന്റുകള്‍ എല്ലാം ഇവിടെ വരുന്നില്ലെ എന്നൊരു ശങ്ക. വെറും ശങ്കമാണോ എന്നൊന്നു പരിശോധിച്ചിട്ട് പറയാം :)

മേന്നേ, ഒന്നു ഹെല്പ് മാഡൂ

കുട്ടന്മേനൊന്‍::KM said...

കുറുമാന്ജി, താങ്കളുടെ ചിക്കന്‍ കുറുമാനിയക്ക് ഒന്നെടുത്താല്‍ മൂന്ന് എന്ന പോളിസി എടുത്തിട്ടുണ്ടോ? മൂന്നു പോസ്റ്റ് ഒരേ പേരിലിട്ടാല്‍ കമന്റിടുന്നവര്‍ കറങ്ങിപ്പോകില്ലേ . ദയവായി മറ്റു രണ്ടു ഡ്രാഫ്റ്റിലാക്കൂ....

കുറുമാന്‍ said...

പ്രിയപെട്ട വിവി & സക്കീനാജി, എന്റെ ഒരേ പോസ്റ്റ് മൂന്നു പ്രാവശ്യമായി പോസ്റ്റായതിനാല്‍ (നന്ദി, ഗൂഗിള്‍ ബീറ്റ വെര്‍ഷന്‍), നിങ്ങള്‍ രണ്ടു പേരുടേയും കമന്റുകള്‍ അധികം വന്ന രണ്ട് ബ്ലോഗുകളുടെ കൂടെ മാഞ്ഞു പോയി (മാച്ച് കളഞ്ഞത് ഞാനാ). പിണങ്ങരുതേ

കുട്ടന്മേനൊന്‍::KM said...

കുറുമാനിയയുടെ മട്ടും ഭാവവും കണ്ടിട്ടിവന്‍ ഒരു ജഗജില്ലിയാണെന്നു തോന്നുന്നു. ഏതായാലും ശ്രമിച്ചിട്ടു തന്നെ കാ‍ര്യം.

ഇത്തിരിവെട്ടം|Ithiri said...

ഈ ചിക്കന്‍ കുറുമാനിയ എങ്ങനെ കണ്ണില്‍ പെടാതെ പോയി. ജപ്പാന്‍ ചട്ടിയും കമ്പനി ഇന്‍ഷുറന്‍സും ഉള്ളത് കൊണ്ട് ഒന്ന് പരീക്ഷിച്ച് നോക്കാന്‍ തന്നെ തീരുമാനം

ആദ്യം ഞാന്‍ കരുതി വെറുതെ മറ്റവന്റെ കൂടെ തൊട്ടുകൂട്ടാനുള്ള വല്ലതും ആയിരിക്കും എന്ന്. പിന്നെയല്ലേ കാര്യം പുടി കിട്ടിയത്. ലവന്‍ ജഗജില്ലിയാ...

കുറുജീ സൂപ്പര്‍ വിവരണം.

ഓടോ :
ഇതെന്താ ആരും കാണാതെ പോയെ... ബാച്ചികളേ വായിച്ച് നോക്കി വായ്ക്ക് രുചിയായി വല്ലതും ഉണ്ടാക്കി കഴിക്കഡേയ്...

Sul | സുല്‍ said...

ചിക്കന്‍ കുറുമാനിയ്യ ഏതായാലും ഒന്നു പരീക്ഷിക്കണം. വായിച്ചു കഴിഞ്ഞപ്പോഴേക്കും എരിവെടുത്തു തുടങ്ങി. മുളക് ഒരല്പം കൂടുതല്‍ പോലെ.

വെള്ളം വെള്ളം ......
-സുല്‍

മഴത്തുള്ളി said...

സുല്ലേ മനസ്സിലായി. ആദ്യം തന്നെ വെള്ളം ടാങ്കില്‍ ഉണ്ടോ എന്നു നോക്കേണ്ടതല്ലായിരുന്നോ ;)

കുറുമാന്‍‌ജീ, ഇതു അടിപൊളി ആയിരിക്കുമെന്നു തോന്നുന്നു. ഇനി പരീക്ഷണത്തിനു ഞാനില്ല. അടുത്ത മാസം ഭാര്യ ഡല്‍ഹിക്കുവരുമ്പോള്‍ പരീക്ഷിക്കാം. ഒരു പ്രിന്റ് എടുക്കാം തല്‍ക്കാലം. :)

വിചാരം said...

കുറുമാന്‍റെ ഈ ചിക്കന്‍ കുറുമാനിയ കഴിച്ചാല്‍ കഷണ്ടിവരും എന്നാരോ പറഞ്ഞു ഇനി വല്ല അസൂയക്കാരുമായിരിക്കുമോ . ആ എന്തായാലും ഇതുഷാറായിരികും കറിവെക്കലിന്‍റെ ഗുട്ടന്‍സ് കുറുമാന്‍ പഠിച്ചിരിക്കുന്നു
ഇതിന്‍റെ പ്രിന്‍റൊന്നും വേണ്ട മനസ്സില്‍ ആഴത്തില്‍ പതിപ്പിക്കുന്ന അവതരണമല്ലേ എന്തിനാ ഇനിയൊരു പ്രിന്‍റ് അല്ലേ കുറുജി ?

മുല്ലപ്പൂ said...

കുറൂ,
ഇതു ഉള്ളതാണോ ?
പാ‍ചകം പരീക്ഷിച്ചു നോക്കട്ടെ

ദുര്‍ബലന്‍ said...

കുറുമാന്‍ ചേട്ടാ കുറുമാന്‍ ചെട്ടാ..

ചേട്ടന്റെ വിവരണം കേട്ടു എനിക്ക് ചിരി വന്നു.

ചേട്ടന് കുക്കിങ്ങും അറിയുമല്ലേ? ചേട്ടന്‍ കുറുമാനല്ല, കുക്കര്‍ മാന്‍ ആണ്.

അടുത്ത ഞായറാഴച ഇത് എന്റെ വല്യപ്പച്ചന് വച്ചുകൊടുക്കണം. ആളുടെ വേഷം കെട്ട് ഇതോടെ തീരുമല്ലോ!

കുട്ടന്മേനൊന്‍::KM said...

കുറുമാന്‍, പുതിയ ആന്ധ്ര മട്ടന്റെ റിസീപി പോരട്ടെ.

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

നളാ... കണ്‍ഗ്രാച്ചുലേഷന്‍സ്.....

വിപിന്‍ said...

കുറുമാ‍ന്‍ ജീ,

ഇതിന്റെ വിവരണം കലക്കി എന്നല്ല കല കലക്കി. പക്ഷേ പാചക കുറിപ്പിന്റെ അഭിപ്രായം വിവരണത്തെ പറ്റി അല്ലല്ലോ പറയേണ്ടത്. അത് ബിയര്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഫ്രീ ആയി കിട്ടിയ നട്സല്ലേ;)

ഈ കുറിപ്പും അതിന്റെ എല്ലാ കമന്റുകളും വായിച്ച് നോക്കിയതിന് ശേഷമാണ് ഒരു പ്രിന്റും എടുത്ത് ചിക്കന്റെ മെക്കിട്ട് കേറാന്‍ ഞാന്‍ അടുക്കളയിലേക്ക് നടന്നത്. പ്രിന്റെടുക്കുമ്പോള്‍ ഞാന്‍ ഒരു നിമിഷം ഒന്ന് ചിന്തിച്ചു. അല്ല ഈ കമന്റിട്ടിരിക്കുന്ന പുലികളെല്ലാം, ഞാന്‍ പ്രിന്റെടുക്കും, പ്രിയതമയ്ക്ക് കൊടുക്കും, അമ്മയ്ക്ക് കൊടുക്കും, ഇല്ല ഞാ‍ന്‍ തന്നെ മറിക്കും എന്ന് പറഞ്ഞിരിക്കുന്നതല്ലാ‍തെ അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് ഒരു പിടിയുമില്ലല്ലോ! ഇവരൊന്നും ഇന്ന് ബാക്കിയില്ലേ!!! പിന്നെ സ്വന്തം വയര്‍ പരീക്ഷണ വസ്തുവാക്കുന്നത് ആദ്യമായല്ലാത്തതിനാല്‍ ഞാന്‍ പ്രിന്റും എടുത്ത് അടുക്കളയില്‍ കയറി. കുറച്ച് സമയത്തെ അങ്കത്തിന് ശേഷം ചിക്കന്‍ കുറുമാനിയ റെഡി. നല്ല പൊളപ്പന്‍ ഒരു ചിക്കന്‍ ഡിഷ്. വെറും പൊളപ്പന്‍ അല്ല പൊളപൊളപ്പന്‍ :). എന്റെ പാചകത്തിന്റെ കൊണം കൊണ്ട് എണ്ണ കുറച്ച കൂടിപ്പോയി, അടുത്ത തവണ മുതല്‍ ശ്രദ്ധിച്ചോളാം.

ഈ പാചക കുറിപ്പ് ഞങ്ങളോട് പങ്ക് വെച്ചതിന് കുറുമാന്‍ ചേട്ടനും ചേട്ടന്റെ അമ്മ ശ്രീമതി അംബിക ഉണ്ണികൃഷ്ണനും നന്ദി.

വിപിന്‍.

വിനയന്‍ said...

അന്നു ഞാ‍ന്‍ താങ്കളുടെ നിര്‍ദ്ദേശപ്രകാരം നെയ്ചോറ് ഉണ്ടാക്കിയതില്‍ പിന്നെ.എന്റെ ജീവിതെം ആകെ മാറിമറിഞ്ഞു(ഇപ്പൊള്‍ തലയില്‍ മുണ്ടിട്ടാണ് വൈകിട്ട് റൂമില്‍ പോകുന്നത്).
(തമാശക്ക് പറാഞ്ഞതാണ്.റസീപ്പി ഗംഭീരം)

prabha said...

kuru ithu njan pareekshikkam,
nannayillenkil njan karama centre il vannu idikkum. urappu.

prabha

ദീപക് രാജ്|Deepak Raj said...

കൊള്ളാം.. ഒരിക്കല്‍ ഡല്‍ഹിയില്‍ വച്ചു എന്‍റെ ബന്ധു ഉണ്ടാക്കിയ ചട്ണി എനിക്കിഷ്ടപ്പെട്ടു ..പേരു ചോദിച്ചപ്പോള്‍ എലൂമി ചട്ണി എന്നാ പറഞ്ഞതു... ഞാന്‍ സംഭവം വീട്ടില്‍ പറഞ്ഞപ്പോള്‍ പപ്പാ പറഞ്ഞു... അതിന് എല്ല് ഊം*** ചട്ണി എന്നാ പേര്.. ഒന്നും ഇല്ലാത്തപ്പോള്‍ അത് ഉണ്ടാക്കി വെള്ളമടിയാ അയാളുടെ ജോലി എന്ന്..
പക്ഷെ കുറെ നാള്‍ എങ്കിലും അങ്ങനെ ഒരു കൌതുകം തരുന്ന പേരു എനിക്ക് തരാന്‍ അയാള്‍ക്ക് കഴിഞ്ഞതിനും അയാളുടെ എലൂമി ചട്നിയ്ക്കും ശേഷം ഇപ്പോള്‍ ചിക്കന്‍ കുറുമാനിയ ...കുറെ നാളെയ്ക്കു മനസ്സില്‍ നില്‍കാന്‍ കഴിയുന്ന പേര്.

shabeer said...

കുറുമാൻ ജീ..കിടിലൻ ചിക്കൻ കറി..ടാങ്ക്യൂ