Monday, April 16, 2007

ഒരു ഡസന്‍ ഐറ്റംസ് കൊണ്ട് ഒരു ചിക്കന്‍ കറി.

1. ചിക്കന്‍ : ഒരു കിലോ.
2. വലിയ ഉള്ളി : (ഇടത്തരം) 4 എണ്ണം.
3. വെളുത്തുള്ളി : അര പണ, (അര കുടം/ നാലോ അഞ്ചോ ഇല്ലികള്‍)
4. ഇഞ്ചി ചെറിയ കഷ്ണം.
5. പച്ചമുളക്‌ : 4 എണ്ണം.
6. തക്കാളി : 2 (ഇടത്തരം).
7. മുളക്‌ പൊടി : ഒന്നര ടീസ്പൂണ്‍ (എരിവ്‌ കുറഞ്ഞതാണെങ്കില്‍. അല്ലെങ്കില്‍ ഒന്നര ടീസ്പൂണ്‍ ചേര്‍ത്താല്‍ വിവരമറിയും. ഞാനല്ല, കഴിക്കുന്നവര്‍.)
8. മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍.
9. കുരുമുളക്‌ പൊടി : അര ടീസ്പൂണ്‍
10. ഉപ്പ്‌ : പാകത്തിന്‌.
11. പാചകത്തിനുപയോഗിക്കുന്ന ഏതെങ്കിലും ഒരു എണ്ണ.
12. ഗരം മാസാല. കാല്‍ സ്പൂണ്‍.


പാകം ചെയ്യാന്‍ തുടങ്ങും മുമ്പ്‌ ഇത്രയും വീട്ടിലുണ്ടങ്കില്‍ മാത്രം ഇപ്പണിക്ക്‌ നില്‍ക്കുക. ഇല്ലങ്കില്‍ അടുത്ത വീട്ടില്‍ പോയി സംഘടിപ്പിച്ച ശേഷം മാത്രം തുടങ്ങുക.


പാചകത്തിലേക്ക്‌ എടുത്ത്‌ ചാടും മുമ്പ്‌ :-

1. ചിക്കന്‍ പീസ്‌ പീസാക്കുക.

2. വലിയ ഉള്ളി കനം കുറച്ച്‌ വെട്ടിവെക്കുക.

3. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്‌ ഇവ നന്നായി ചതക്കുക. (ചതക്കാന്‍ സൌകര്യമില്ലങ്കില്‍ അതിന്‌ സംവിധാനം ഉണ്ടാക്കുക. മുകളിലെ ലിസ്റ്റില്‍ പറഞ്ഞില്ലന്ന കാരണത്താല്‍ ശ്രദ്ധിക്കാതിരുന്നാല്‍ നിങ്ങള്‍ വാങ്ങിയ സാധനങ്ങള്‍ നഷ്ടം.)

4. തക്കാളി ചെറുതായി വെട്ടിവെക്കുക.

5. മഞ്ഞപ്പൊടി, മുളക്‌ പൊടി, ഗരം മസാല എന്നിവ കൈയ്യെത്തും ദൂരത്ത്‌ ഉണ്ടെന്ന് ഉറപ്പ്‌ വരുത്തുക.


രണ്ടും കല്‍പ്പിച്ചുള്ള എടുത്ത്‌ ചാട്ടം :-

വലിയ ഉള്ളി എണ്ണയിലിട്ട്‌ ഫ്രൈ ചെയ്യാന്‍ തുടങ്ങുക. 50% ഫ്രൈ ആയ ശേഷം പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി ഇവന്മാരുടേ സംയുക്ത യൂണിയനെ അതില്‍ ചേര്‍ത്ത്‌ നന്നായി ഇളക്കുക.

നന്നായി ഫ്രൈ ആയ ശേഷം മുളക്‌ പൊടി, മഞ്ഞപ്പൊടി, കുരുമുളക്‌ പൊടി ഇവ ചേര്‍ത്ത്‌ നന്നായി ഇളക്കി ഒരു രണ്ട്‌ മിനുട്ടിന്‌ ശേഷം തക്കളിയും കൂടെ ഉപ്പും ഇടുക.

ഇനി കുറഞ്ഞ തീയില്‍ പത്ത്‌ മിനുട്ട്‌ വെച്ചാല്‍ എല്ലാം കൂടെ ഒരു പേസ്റ്റ്‌ പരുവമാകും. പത്ത്‌ മിനുട്ട്‌ വെച്ചിട്ടും ആവുന്നില്ലങ്കില്‍ ആവുന്ന വരെ വെക്കുക. അല്ല പിന്നെ. ടി പേസ്റ്റില്‍ (ഇത്‌ കണുമ്പോള്‍ ടൂത്ത്‌ പേസ്റ്റി ഓര്‍മ്മ വരുന്നെങ്കില്‍ അത്‌ നിങ്ങളുടെ മാത്രം തെറ്റാണ്‌.) ഗരം മാസാല ചേര്‍ത്ത് പീസ്‌ പീസാക്കിയ കുക്കടത്തെ മിക്സ്‌ ചെയ്ത്‌ ചെറിയ തീയില്‍ വേവിച്ചെടുക്കുക.

വേവാനാവശ്യമായ സമയം വെറുതെ നില്‍ക്കണ്ട... മൂളിപ്പാട്ട്‌ പാടിക്കോളൂ.

ഇതിനിടയിലെവിടെയെങ്കിലും വെള്ളം വല്ലതും കഴുകാനല്ലാതെ ഉപയോഗിക്കരുത്‌.


വാല്‍കഷ്ണം:
1. ഇതില്‍ ഖുബ്ബൂസ്‌/ചപ്പത്തി/പത്തിരി മുതലായ കൂട്ടി ഞം ഞം ന്ന് തിന്നുമ്പോ വല്ലതും കൂടുകയോ കുറയുകയോ ചെയ്തെന്ന് തോന്നിയാല്‍ അതിന്റെ ഉത്തരവാദി നിങ്ങള്‍ തന്നെയായിരിക്കും.

2. ഇത്‌ കഴിച്ച്‌ ആര്‍ക്കെങ്കിലും മെഡിക്കല്‍ ലീവ്‌ കിട്ടിയാല്‍ താങ്ക്സ്‌ പറയാനൊന്നും നിക്കണ്ട. ഞാനത്‌ ഇപ്പോള്‍ തന്നെ വരവ്‌ വെച്ചു.

3. ഇത് കറിയല്ലന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് പൂര്‍ണ്ണ സമ്മതം. പക്ഷേ വേറെ ഒരു പേര് നിര്‍ദ്ദേശിക്കണം.

22 comments:

Rasheed Chalil said...

ഒരു ഡസന്‍ ഐറ്റംസ് കൊണ്ട് ഒരു ചിക്കന്‍ കറി... നളപാചകത്തില്‍ ഒരു വെറും പാചകം.

Mubarak Merchant said...

ഇസ്തിരീ,
ചിക്കന്‍ കറി വായിച്ചു. നല്ല ഒഴുക്കുള്ള പാചകം.
എന്തായാലും ഇത് പ്രിന്റെടുത്ത് സൂക്ഷിക്കുന്നുണ്ട്. സ്വയം പാചകം തുടങ്ങുന്ന കാലത്ത് (ജോലിയുള്ള പെണ്ണിനെ കെട്ടുന്ന കാലത്ത്) പരീക്ഷിക്കാല്ലോ.. ഹഹഹഹ

മുസ്തഫ|musthapha said...

ഇത് ഡസാചിക്കനല്ലേ... ഡക്കാണ്‍ പീഢഭൂമിയില്‍ സാധാരണ കണ്ടു വരുന്ന ഒരൈറ്റമാണ്

ലിഡിയ said...

തക്കാളി പേസ്റ്റിന്റെ വെള്ളം മതി ചിക്കന്‍ വേവാന്‍ എന്നാണൊ പറയുന്നത്,വെള്ളം ഒഴിക്കണ്ടാന്ന് ഉറപ്പാ??

-പാര്‍വതി.

വാണി said...

ഇതല്ലേ മാഷേ..ഈ ചിക്കന്‍ മസാല.. ചിക്കന്‍ മസാല ന്ന് പറയണ സാധനം??!
[ആരു പറയണ ന്ന് ചോദിച്ചാ ഞാന്‍ ഓടുവേ...]

ഏറനാടന്‍ said...
This comment has been removed by the author.
ഏറനാടന്‍ said...

ഇത്തിരിയേ ഇതു പാചകം ചെയ്യുന്ന ദിവസം അറിയിക്കണം. വന്നിട്ട്‌ വേണം രുചിയളക്കാന്‍. (അറിയിച്ചില്ലേലും വരാം, അവിടുത്തെ അടുക്കളയില്‍ വെച്ച കോഴീടെ മണം എന്റെ മുറിയിലും എത്തുമല്ലോ! അയല്‍പക്കമല്ലേ നമ്മളിരുവരും, നോക്കിയാ കാണും ദൂരം)

asdfasdf asfdasdf said...

‘ഇത്തിരി ചിക്കണ്‍ കറി‘ യെന്ന് ഇതിനെ വിളിക്കാം. ഈ ടൈപ്പ് ചിക്കണ്‍ കറിയാണ് ഗള്‍ഫിലെ ബാച്ചികളുടെ സ്ഥിരം ഐറ്റം.

sandoz said...

ഒരു ഡസന്‍ തന്നെ വേണമല്ലേ ഐറ്റംസ്‌........
ഒരു ഐറ്റം കുറഞ്ഞാല്‍ ഈ സംഭവത്തിനു സ്വാദ്‌ ഉണ്ടാകില്ലേ...

ഏതാന്നോ...

ചിക്കന്‍...നുമ്മടെ ചിക്കനേ....
മുടിഞ്ഞ വിലയാ ആ ഐറ്റത്തിനു...
അത്‌ ഒഴിവാക്കി ഇത്‌ ഉണ്ടാക്കിയാലോന്നു ഒരു ആലോചന......

[ഇക്കാസേ...എങ്ങനെ..എങ്ങനെ..ജോലിയുള്ള പെണ്ണിനെ അല്ലെ.....അത്‌ നിനക്ക്‌ കിട്ടൂടാ....കാക്കനാട്‌ അല്ലേ സ്ഥലം]

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അപ്പോഴെ മൂളിപ്പാട്ട് ഏത് വേണം ന്ന് പറഞ്ഞില്ലാ

Pramod.KM said...

ഇത്തിരിവെട്ടമേ..
നാളെ ഞാന്‍ വെക്കുന്ന ചിക്കന്‍ കറിയുടെ ഗുണത്തിനും ദോഷത്തിനും ഞാനല്ല ഉത്തരവാദി, കെട്ടോ?..;)

അലിഫ് /alif said...

ദേ ഇത്തിരീ, കുഴപ്പികരുത് കേട്ടൊ..!!
ആദ്യത്തെ ‘ഒരു ഡസന്‍ ഐറ്റത്തില്‍ ‘ ഗരം മസാലയില്ല. പിന്നെ എടുത്തു ചാടും മുമ്പ് ഗരം മദാലസ കൈയ്യെത്തും ദൂരത്ത് വേണമെന്നും പറഞ്ഞു. മദാലസയെ അടുത്ത് പിടിച്ച്, എടുത്ത് ചാടീട്ടോ..അവിടെ അതുകൊണ്ട് ഒരുപയോഗവും ഇല്ല. ഇനി ഇതാണോ ഗരം മസാലയും വെള്ളവുമില്ലാത്ത കോഴിക്കറി..? ഇതിനിടയ്ക്കാരോ ‘ഇതാണോ ചിക്കന്‍ മദാലസ’ എന്നൊരു കമന്‍റും.ഇനി പോറ്റി ഹോട്ടലിലെ നെയ് റോസ്റ്റ് പോലെ പേരിലേ ഉള്ളോ മസാല..? ഒന്ന് ക്ലിയര്‍ ചെയ്യണേ..ഒന്ന് ട്രൈ ചെയ്യട്ടിഷ്ടാ..!!

കരീം മാഷ്‌ said...

വെളുത്തുള്ളി : അരപ്പണ.?

Rasheed Chalil said...

ഇക്കാസ്ജീ ആനന്ദജീ... വേറെ വല്ല ജീയും ഉണ്ടോ ആവോ.. ടാങ്ക്യൂ ടാങ്ക്യൂ..., ആ ജോലിയുള്ള എന്ന് വെട്ടിയാ തന്നെ പ്രിന്റ് വേസ്റ്റ് ... അപ്പോ പിന്നെ ?

അഗ്രുവേ നണ്ട്രികള്‍... പേരില്ലാ കറിയുടെ പിതൃത്വം വേട്ടായാടുന്നുണ്ടല്ലേ...?

പാര്‍വതീ... നന്ദി. ഉറപ്പ്. അത് മതി ചിക്കന്‍ വേവാന്‍.

എന്റെ(നിങ്ങളുടെ)കിറുക്കുകളേ... നന്ദി. ഇനി അങ്ങനെയാവട്ടേ...

ഏറനാടാ... നന്ദി. ആശ(അയല്‍‌വാസി ആശയല്ല)യുണ്ടാലേ നിരാശയുണ്ടാവൂ... വെറുതെ എന്തിനാ...

മേനോനെ... നന്ദി, ഇതി ഇത്തിരിയോ ഒത്തിരിയോ ഉണ്ടാക്കാം... (എന്നെ കുറിച്ച് പറഞ്ഞത് ഞാന്‍ കേട്ടില്ലന്നേ.”

സാന്‍ഡൂ... നന്ദി. ഒരു ഐറ്റം കുറഞ്ഞാല്‍ ആ ഐറ്റത്തിന്റെ സ്വാദ് ഉണ്ടാവില്ല. ഉദാഹരണത്തിന് ചിക്കന്‍ കുറഞ്ഞാല്‍ ചിക്കനില്ലാ ചിക്കന്‍ കറിയാവും. ഇക്കാസിന്റെ ഓരോ മോഹങ്ങളേയ്...

ചാത്ത്വോ... നന്ദി. ഏതെങ്കിലും പാടിയാല്‍ മതി. പിന്നെ പാടാന്‍ പറ്റീല്ലങ്കിലോ ?

പ്രമോദ് : നന്ദി. അത് പറഞ്ഞാല്‍ വീട്ടുകാരോ (കൂട്ടുക്കാരോ) വെറുതെ വിടുമെങ്കില്‍ നോ പ്രോബ്ലം... നുമ്മളെകൊണ്ട് കഴിയുന്നത് നുമ്മള്‍ ചെയ്യണ്ടേ... യേത്.

അലിഫ് ഭായി... ഒരു കൊട്ട നന്ദി. ഗരം മാസാല വേണമെങ്കില്‍ ആവാം... പിന്നെ ഐറ്റംസിന്റെ എണ്ണത്തില്‍ അത് വിട്ട് പോയതാണ്. ലാസ്റ്റ് കുക്കുട മഹാനെ (മഹതിയെ) മസാലയില്‍ മിക്സ് ചെയ്യും മുമ്പോ ചെയ്ത ഉടനെയോ ഇത് ചെയ്യാം... വെള്ളം നഹി നഹി. വന്ന കുഴപ്പങ്ങള്‍ എല്ലാം തിരുത്തീട്ടുണ്ട്.

കരീം മാഷേ നന്ദി. ഒരു പണ എന്നാല്‍ ഒരു കുടം (ഇവിടെ മൂന്നോ നാലോ വെളുത്തുള്ളി അല്ലികള്‍) ഇനി ഇതിന് വേറെ വല്ല പേരും ഉണ്ടോ ആവോ... ?


വായിച്ചവരേ കമന്റിയവരേ എല്ലാവര്‍ക്കും ടാങ്ക്യൂ...

മഴത്തുള്ളി said...

ഇത്തിരിയുടെ ചിക്കന്‍ കറി വെക്കുന്ന രീതി കൊള്ളാം. പക്ഷേ പണ്ട് മോഹന്‍ ലാലിനു പറ്റിയ പോലെ ആരെങ്കിലും ചെയ്യാതിരുന്നാല്‍ ഭാഗ്യം. കാരണം ചട്ടിയില്‍ എണ്ണയൊഴിച്ച് തിളച്ചതിനു ശേഷം “രണ്ടും കല്‍പ്പിച്ചുള്ള എടുത്തുചാട്ടം” എന്ന് വായിച്ച് കോഴിയെ ഇടുന്നതിനു പകരം സ്വയം ആരും എടുത്തുചാടാതിരുന്നാല്‍ ഭാഗ്യം ;)

Khadar Cpy said...

വാല്‍ക്കഷണത്തില്‍ ഒരു കാര്യം വിട്ടുപോയില്ലെ; റൂമില്‍ വെള്ളം തീരുന്ന ദിവസം മാത്രം പരീക്ഷിക്കുക എന്ന്???

ദുഫായില്‍ ഇത്ര മാത്രം ക്ഷാമമാണോ വെള്ളത്തിന്??
കരിഞ്ഞ ചട്ടി കഴുകാന്‍ വെള്ളം ഉപയോഗിക്കാലോ അല്ലെ???????

Kaithamullu said...

ഇത്തിരിയേ,

നൊസ്റ്റാള്‍ജിയ, നൊസ്റ്റാള്‍ജിയ.....

-നാട്ടീ‍ വച്ചു അടുക്കള കാണാത്ത ഞാന്‍ ദുഫാ‍യീ വന്നതിന്റെ പിറ്റെന്ന് സ്വയം വച്ച (ബാലേട്ടന്റെ സാങ്കേതിക ഉപദേശത്തോടെ) ചിക്കന്‍ കറിയുടെ ഓര്‍മ്മ വന്നു പോയി.

തന്നെ, തന്നെ, എല്ലാ ഗള്‍ഫന്മാരും ഇങ്ങനെതന്നെടേയ് ചിക്കന്‍ വയ്ക്കുന്നത്. ചിലര്‍ കുറച്ച് മല്ലിപ്പൊടി കൂടി ഇടും. മറ്റു ചിലര്‍ വേപ്പില ചേര്‍ക്കും, അല്ലാത്തവര്‍ മല്ലിയില...

ഈ 13-മത് ഐറ്റം എടുത്ത് പറയാഞ്ഞത് ഒരു ‘സിന്‍ഡ്രോമും’ കാരണമല്ലെന്ന് വിശ്വസിക്കുന്നു.

Kiranz..!! said...

കൈതമുള്ളിന്റെ കമന്റ് ഞാനും :)

അപ്പോ ഇത്തിരിയേ..ഇതുണ്ടാക്കിയതിന്റെ പിറ്റേന്നു ലീവെടുത്തു..അല്ല്ലിയോ :)

Rasheed Chalil said...

മഴത്തുള്ളി മാഷേ ചിക്കന്‍ വെച്ചില്ലങ്കിലും ആ കടുംകൈ ചെയ്യരുത്... പ്ലീസ്.

പ്രിന്‍സിയേ മൂളിപ്പാട്ട് പാടാന്‍ പറഞ്ഞ സമയം ഗൂഗിള്‍ ടാക്കില്‍ വന്നാല്‍ കരിയും... തീര്‍ച്ച.

കൈതമുള്ളേ... ക്രിഷേ രണ്ടാളും... തെറ്റിദ്ധരിച്ചു... 1001 മോഡല്‍ മാലകള്‍, 10001 ത്രരം നെക്‍ലസുകള്‍ ഇങ്ങനെയൊക്കെ കേട്ടിട്ടില്ലേ ... അതിന്റെ ഭാഗമാണ് ഒരു ഡസന്‍ കൊണ്ടോരു ചിക്കന്‍.... (കുത്ത് കുത്ത് കുത്ത് ഉള്ള സ്ഥലത്ത് ഇഷ്ടമുള്ളത് ചേര്‍ക്കാം). ആ എണ്ണം തികയ്ക്കാനാ അവസാനത്തെ ഐറ്റത്തെ നമ്പര്‍ രഹിതനാക്കിയത്.

എല്ലാവര്‍ക്കും നന്‍ഡ്രികള്‍.

സുല്‍ |Sul said...

ഇതു നമ്മുടെ സ്ഥിരം കറിയല്ലേ ഇത്തിരി. കുറിപ്പേതായാലും നന്നായി.

“ഗരം മാസാല. കാല്‍ സ്പൂണ്‍.“ ഇവനെയെന്തേ ഡസനില്‍ നിന്ന് പിടിച്ചു പുറത്താക്കിയത്?
12 = ഡസന്‍
13 = ??? ആയതുകൊണ്ടാണോ?
-സുല്‍

padmanabhan namboodiri said...

കറിവേപ്പില എന്താചെയ്യാ?പൊടിപ്പും തൊങലിനും ഉപയോഗിക്കാന്‍ തരുമോ?

Anonymous said...

kar
hello,
number 7 evideppoyi???
athu kondano garam masala anadhan ayath?