Wednesday, April 30, 2008

പരിപ്പുവട

രിപ്പുവടയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭാസ്കരേട്ടനെയാണ് ഓര്‍മ്മവരിക. കുറച്ചുകാലം പാരലല്‍ കോളജില്‍ ക്ലാസെടുക്കാനുള്ള ഭാഗ്യമുണ്ടായിരുന്നപ്പോള്‍ കോളജിന്റെ താഴത്തെ നിലയില്‍ ഭാസ്കരേട്ടനും ലീലേച്ചിയും കൂടി നടത്തുന്ന ചായക്കടയായിരുന്നു അന്ന ദാതാവ്. ഇടവേളകള്‍ ആനന്ദപൂര്‍ണ്ണമാക്കാന്‍ ഭാസ്കരേട്ടന്റെ കട്ടന്‍ ചായയും പരിപ്പുവടയുമില്ലാതെ എന്താഘോഷം ?

ഭാസ്കരേട്ടന്‍ ഉണ്ടാക്കുന്ന പരിപ്പുവടയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്. ഒന്നു രണ്ടുതവണ ഭാസ്കരേട്ടന്റെ അടുത്ത് ചെന്ന് ഉണ്ടാക്കുന്ന വിധമൊക്കെ പഠിച്ചിരുന്നു. എങ്ങനെയൊക്കെ ഉണ്ടാക്കിയാലും ഭാസ്കരേട്ടന്‍ ഉണ്ടാക്കുന്ന പരിപ്പുവടയുടെ ആ ടേസ്റ്റ്....





ആവശ്യമുള്ള സാധനങ്ങള്‍


1.കടലപ്പരിപ്പ് - ഒരു കപ്പ്
2.സാമ്പാര്‍പരിപ്പ്(ചുവന്ന പരിപ്പ്) - അര‍ക്കപ്പ്
3.ഉണക്കമുളക് - 3 എണ്ണം
4.കുഞ്ഞുള്ളി - 15 എണ്ണം നന്നായി ചതച്ചത്
5.പച്ചമുളക് - 3 എണ്ണം (ചെറുതായി അരിഞ്ഞത്)
6.വേപ്പില – ഒരു കതിര്‍പ്പ്
7.കായപ്പൊടി - ഒരു നുള്ള്
8.ഇഞ്ചി - പൊടിയായി അരിഞ്ഞത് ( 1 ടീസ്പൂണ്‍ )
9.കടലപ്പൊടി - ഒരു ടീസ്പൂണ്‍
10.ഉപ്പ് - ആവശ്യത്തിനു
11.വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിനു
12.മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍.

പാചകം ചെയ്യേണ്ട വിധം


ഇതിനു കുറച്ച് ക്ഷമയൊക്കെ വേണം. കാലത്ത് ആറുമണിക്കാണ് നമ്മള്‍ പരിപ്പുവട ഉണ്ടാക്കുന്നതെന്ന് സങ്കല്‍പ്പിക്കുക. പുലര്‍ച്ച രണ്ടുമണിക്ക് തന്നെ എഴുന്നേറ്റ് കടലപ്പരിപ്പെടുത്ത് വെള്ളത്തിലിടുക. അവന്‍ അവിടെ കിടന്ന് വിശ്രമിക്കട്ടെ.

ഇനിയുള്ള സമയം പരിപ്പുവടെയെക്കുറിച്ച് മാത്രം ചിന്തിക്കുക. ഈ സമയം വെറുതെ ഇരിക്കണ്ട. ചുവന്നുള്ളി തൊലി കളയുകയും പച്ചമുളകും ഇഞ്ചിയും അരിയുകയും ചെയ്യാം.

കൃത്യം ആറുമണിക്ക് സാമ്പാര്‍ പരിപ്പ് എടുത്ത് വെള്ളത്തിലിട്ട് നന്നായി കഴുകുക. അല്പം മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കുക്കറിലിട്ട് നന്നായി വേവിക്കുക. കുക്കര്‍ തുറന്ന് ( വെയ്റ്റ് / വിസില്‍ മാറ്റാതെ ആക്രാന്തം കൊണ്ട് ചൂടോടെ തുറന്നാല്‍ പരിപ്പുവടയ്ക്കു പകരം പപ്പടവടയാവും ഉണ്ടാവുകയെന്നത് ഓര്‍മ്മിക്കുക) പരിപ്പിലെ വെള്ളം മുഴുവന്‍ ഊറ്റിക്കളയുക. മിക്സി തുറന്ന് അതിലേക്ക് ഈ പരിപ്പും കായപ്പൊടിയും ഉണക്കമുളകും കടലപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക.

വെള്ളത്തില്‍ വിശ്രമിച്ചുകൊണ്ടിരുന്ന കടലപ്പരിപ്പെടുത്ത് കഴുകി ഒരു തുണിയിലിട്ട് പിഴിഞ്ഞ് വെള്ളം മുഴുവന്‍ കളയുക ഇത് ഗ്രൈന്‍ഡറിലിട്ട് ചെറുതായി അരയ്ക്കുക. പോസ്റ്ററൊട്ടിക്കാനല്ല. അല്പമൊന്ന് പൊടിഞ്ഞാല്‍ മതി.

ഇവനെ എടുത്ത് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കുഴമ്പിലേക്ക് ചേര്‍ക്കുക. പച്ചമുളകും വേപ്പിലയും ഇഞ്ചിയും ചേര്‍ത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. നനവ് അധികം വേണ്ട.
ഈ മിക്സിനെ കൈയില്‍ വെച്ച് പരിപ്പുവടയുടെ പാകത്തില്‍ പരത്തുക.

വെളിച്ചെണ്ണ ചൂടാക്കി ഓരോന്നായി ഇട്ട് വറുത്തു കോരുക. വെളിച്ചെണ്ണ നന്നായി ചൂടായതിനു ശേഷം ഒരു മീഡിയം ചൂടിലാക്കിയേ വറുക്കാവൂ. അല്ലെങ്കില്‍ വടയുടെ ഉള്‍ഭാഗം വേവില്ല. ഡീപ്പ് ഫ്രൈ ആയതുകൊണ്ട് എണ്ണ നന്നായി ഒഴിക്കണം. അല്ലെങ്കില്‍ വടയില്‍ എണ്ണ കയറി കുത്തിയിരിപ്പു സത്യാഗ്രഹം നടത്തും. നോട്ട് ദി പോയിന്റ്.

പരിപ്പുവട റെഡി.

ഇത് സഖാക്കള്‍ക്കും അല്ലാത്തവര്‍ക്കും കട്ടന്‍ ചായയുടെ കൂടെയും അല്ലാതെയും സേവിക്കാവുന്നതാണ്.

20 comments:

Sapna Anu B.George said...

എന്റെ ദൈവം തമ്പുരാനെ.........ഇതു പെണ്ണുങ്ങളുടെ കട പൂട്ടിക്കുമോ?? ഇതൊക്കെ നടക്കുന്ന കാര്യം ആണോ??അതോ ഒരു ഫ്ലിക്കര്‍ പടം ആന്നോ?പടി പടിയായി കാണണം??ആളിനെയും,പാചകം ചെയ്യുന്നതും, അല്ലാതെ തോമാസ്ലീഹായുടെ മകളായ ഞാന്‍ വിശ്വസിക്കില്ല???? നല്ല്ല വട കേട്ടോ!!!!!!!! തമാശയാന്നേ ചേട്ടാ...

കുറുമാന്‍ said...

മേന്നെ, പരിപ്പുവട ഒരു വീക്ക്കെനെസ്സാ......

ഈ നാലുമണി നേരത്ത് പരിപ്പ് വട കിട്ടാന്‍ ചുറ്റുവട്ടത്തൊരു കഫറ്റേറിയ പോലുമില്ലാത്ത ഈ മരുഭൂമിയില്‍ വച്ച് ഇത് കണ്ട എന്നെ വേണം തല്ലാന്‍.

പരിപ്പുവടയില്‍ സാമ്പാര്‍ പരിപ്പ് (പ്രത്യേകിച്ചും ചുവന്നത്) ചേര്‍ക്കുന്നത് ആദ്യമായാണ് അറിയുന്നത്. പരീക്ഷിക്കാം.

പരിപ്പുവട എന്ന് കേട്ടപ്പോള്‍ ഇരിങ്ങാലക്കുട കൂടല്‍മാണ്‍നിക്യം അമ്പലത്തിന്റെ പടിഞ്ഞാറെ നടയിലെ പണിക്കരുടെ ചായക്കടയും പണിക്കരു ചേട്ടനേയും ഓര്‍മ്മ വന്നു (പാവം മരിച്ചു പോയി).

മുന്‍ശുണ്ഠി അല്‍പ്പം കൂടുതലുള്ള പണിക്കരുചേട്ടന്റെ കടയില്‍ വൈകീട്ട് നാല് മണിക്ക് ഞങ്ങള്‍ കയറി (ആ സമയത്ത്, പഴവും, പരിപ്പുവടയും , ചായയും മാത്രമെ അവിടെ ലഭിക്കൂ എന്നറിയാം).

പണിക്കരുചേട്ടാ, കഴിക്കാന്‍ എന്താ ഉള്ളത്?

പഴമുണ്ട്, പരിപ്പുവടയുണ്ട്.

ചെറുതായിട്ടെന്താ ഉള്ളത് കഴിക്കാന്‍?

ചെറിയ ഒരു പരിപ്പുവട തരാം, മത്യാ?

പ്രിയ said...

പാവം പരിപ്പുവടയെ കുറിച്ചു തന്നാണോ ഈ പറയുന്നെ? ഇങ്ങനെ കോപ്ലികേറ്റ്ട് ആക്കാതെ കുട്ടന്മേന്ന്നേ. കാലത്ത് 6 മണിക്ക് പരിപ്പുവടയുണ്ടാക്കി തിന്നാന്, അതെന്നാ ബ്രേക്ക്ഫാസ്റ്റാ? ഇമ്മാതിര്യാണേല് പരിപ്പുവട വേണ്ടാന്ന് വക്കും. അല്ല പിന്നെ.

ന്നാലും ആ സാമ്പാറു പരിപ്പിനെ വേവിച്ച് അരച്ചെടുക്കുംന്നൊള്ളത് ഒരു പുതിയ അറിവാര്ന്നു. സാധാരണ കണ്ടേക്കണത് പരിപ്പ് തന്നെ ഒരിത്തിരി നന്നായി അരച്ചെടുത്ത് ബാക്കി ഒന്നു ചതച്ചെടുത്ത് ഉണ്ടാക്കണതാ.

ആഹാ പരിപ്പുവട... എന്താ ഒരു സ്വാദ്.

എന്നാലും ഇമ്മാതിരി നാലരക്ക് പരിപ്പുവടെ ഒര്മിപ്പിച്ചത് അതിക്രമമായി പോയ് :( അതും ഒരു വെടികെട്ടു പടവും. എങ്ങനെ സഹിക്കും.

താന്ക്സേ :) നല്ല ചൂടന് പരിപ്പുവട പോലെ രസമുള്ള റസീപ്പീ വിവരണം

ഭൂമിപുത്രി said...

ഇതിനീനാട്ടില്‍‘മസാലവട’എന്നാണ്‍ പറയുക.
പാചകക്കുറിപ്പ് വായിച്ചുകേള്‍പ്പിച്ച് തുടങ്ങിയപ്പോഴെ പ്രതിഷേധസ്വരമുയറ്ന്നു-ആ
രണ്ടുമണി സമയത്തിനെപ്പറ്റ്യേയ്...

asdfasdf asfdasdf said...

സാമ്പാര്‍ പരിപ്പും കടലപ്പൊടിയും ഒരു മയത്തിനു വേണ്ടി ചേര്‍ക്കുന്നതാണ്.

ജിജ സുബ്രഹ്മണ്യൻ said...

ഹോ ആ പടം കണ്ടപ്പോഴേ എനിക്കു നാവില്‍ കപ്പലോടിക്കാനുള്ള വെള്ളമായി..എനിക്കു ഏറ്റവും പ്രിയപ്പെട്ട പലഹാരം ആണ്..നന്നായി ഈ പോസ്റ്റ്

ശ്രീവല്ലഭന്‍. said...

നമ്മുടെ വായിലും ചടപട പട
നമ്മുടെ വായിലും ചടപട
പരിപ്പുവടാ.... പക്കുവടാ....
നമ്മുടെ വായിലും ചടപട പട
നമ്മുടെ വായിലും ചടപട

ഹൊ, കൊതിപ്പിച്ചു കളഞ്ഞല്ലോ. :-)

siva // ശിവ said...

നന്ദി....

Unknown said...

മേനോന്‍ ചേട്ടാ ഈ പരിപ്പ് വടക്കു
കളറല്പം കുടുതലാ
ചേട്ടന്‍ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്ക്
വേണ്ടി ഉണ്ടാക്കിയതാണോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ പ്രിയ പറഞ്ഞതെന്നാ എനിക്കും പറയാനുള്ളേ.6 മണിയ്ക്ക് പരിപ്പുവടയോ?

1.കടലപ്പരിപ്പ് കുതിര്‍ക്കുക.

2.ചെറിയ ഉള്ളി,കറിവേപ്പില, പച്ചമുളക്( കാന്താരിയാണേല്‍ ബഹുകേമായി)
എന്നിവ ചെറുതായി അരിഞ്ഞു വെയ്ക്കുക.

3.കുതിറ്ന്ന പരിപ്പ് കുറച്ച് അരച്ചെടുക്കുക( നല്ല മയത്തില്‍ അരയ്ക്കരുത്). കുറച്ച് ചതച്ചെടുക്കുക.

4.അരച്ചെടുത്തതും ചതച്ചെടുത്തതുമായ പരിപ്പില്‍ അരിഞ്ഞുവെച്ചത് ചേര്‍ക്കുക.കൂടെ, മഞ്ഞള്‍പ്പൊടി,മുളക്പൊടി,കായം, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

5. ചെറിയ ഉരുളകളാക്കി കൈവെള്ളയില്വെച്ച് ഒന്നു പരത്തുക.എന്നിട്ട്റ്റ് ചൂടായ വെളിച്ഛെണ്ണയില്‍ ഇടുക.പാകത്തിന് മൂപ്പിക്കുക.

ഇത് നാടന്‍ പരിപ്പുവട. നമ്മടെ ചായക്കടേലൊക്കെ ഇതെന്ന്യാന്നു.

ആഹഹാ, ആരേലും കഴിക്കാന്‍ വരുന്നോ? നല്ല ചൂടു ചായയും ഉണ്ട്.

തോന്ന്യാസി said...

മേനോന്‍ ചേട്ടാ വിട്ട് കൊടുക്കരുത്....6 മണിയ്ക്ക് തന്നെ പരിപ്പുവടയുണ്ടാക്കണം

ഇനി വേണേല്‍ ഒരു ചെറിയ ഇളവ് കൊടുക്കാം....വൈകുന്നേരം 6 മണിയ്ക്കായിക്കോട്ടെ...

എന്തായാലും ഉണ്ടാക്കീല്ലേ.....ഇങ്ങോട്ടെടുത്തോളൂ...

asdfasdf asfdasdf said...

പ്രിയേ, ഈ പരിപ്പുവട ആറുമണിക്ക് കഴിക്കുന്നതാണ് ആരോഗ്യത്തിനുത്തമം. :)

നിരക്ഷരൻ said...

പാര്‍ട്ടി ആപ്പീസിലേക്ക് പരിപ്പ് വട ഓര്‍ഡര്‍ ചെയ്തിട്ട് നേരമെത്രയായി? പെട്ടെന്ന് കൊടുത്തയക്ക്.
:) :)

ബഷീർ said...

ഒന്നു ടെസ്റ്റി നോക്കട്ടെ.. വട വടിയാവാതിരുന്നാല്‍ മതി..

പിന്നെ ഈ രണ്ട്‌ മണി എന്ന് പറയുന്നത്‌ പുലര്‍ച്ചെ ? അതോ അര്‍ദ്ധ രാത്രിയോ ?

നാട്ടിലെ രണ്ട്‌ മണിക്കാണോ അതോ ഗള്‍ ഫിലെ രണ്ട്‌ മണിക്കാണോ ?

yousufpa said...

ഹായ്..പരിപ്പുവട,
അതെന്റെ വീക്നെസ്സാ..
പെങ്ങാമുക്ക് സ്കൂളിനു തൊട്ടടുത്ത് ധര്‍മ്മന്റെ ചായ്ക്കടയില്‍ നിന്നുയരുന്ന ആ മണമുണ്ടല്ലോ..വര്‍ണ്ണനാതീതം.ഇന്റര്‍വെല്‍ ആകാന്‍ കാത്തിരിക്കും ഞാന്‍.അവസാനം എനിക്ക് പരിപ്പുവട എന്ന പേരും വന്നു.

ശ്രീ said...

പരിപ്പുവട എന്റെയും ഒരു വീക്ക്നെസ്സ് തന്നെ.
:)

kumaran said...

പരിപ്പുവട എന്നു കേട്ടാല്‍ ഓര്‍മ്മ വരുന്നതു പഴയ കോളേജു കാണ്ടീനാ..............മുഹമ്മദുകാക്കായുടെ പരിപ്പുവടയും ഒരു സുലൈമാനിയും ഹായ് .....

പതാലി said...

പരിപ്പുവട ഉണ്ടാക്കണമെന്നു തോന്നി ഗൂഗിളില്‍ മല്ലു സെര്‍ച്ച് നടത്തിയപ്പഴാ ഈ വഴി കണ്ടത്.
കുറിപ്പടിവെച്ച് പരീക്ഷിച്ചു, ഉഷാര്‍.
നന്ദി വേണോ പണം വേണോ

അനുജി, കുരീപ്പള്ളി. said...

പരിപ്പുവട കൊള്ളാം.. വേപ്പില എന്നു പറയുന്നത് കറിവേപ്പില തന്നെ അല്ലേ.. മറ്റേ വേപ്പില ഇട്ട് പരിപ്പുവടയെ നല്ല സുഖിയനാക്കാന്‍ വയ്യാത്തോണ്ടാ.. ഇഹി ഇഹി ഇഹി...

Unknown said...

Thomas leeha aranu