Tuesday, September 01, 2009

ഓണപ്പായസം

ഓണമായി. വായില്‍ കപ്പലോടിക്കാനുള്ള വെള്ളമൂറും തൃശ്ശൂരിലെ പാചകശാലകളില്‍ ചെന്നാല്‍. എല്ലാവരും ഓണപ്രഥമന്‍ ഉണ്ടാക്കുന്ന തിരക്കീലാണ്. ദിവസവും ആയിരക്കണക്കിനു ലിറ്റര്‍ പായസമാണ് സീസണില്‍ വിറ്റുപോകുന്നത്.

അവശ്യസാധനങ്ങളുടെ വില വര്‍ദ്ദന പ്രഥമനെയും ബാധിച്ചു. ലിറ്ററിനു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 രൂപ കൂടിയിട്ടുണ്ട്. തിരുവോണത്തിനു 90 രൂപയ്ക്കാണ് പായസം വില്‍പ്പന. എന്നാല്‍ ഇതിലും വിലയേറുമെന്ന് സംശയമുണ്ട്. എങ്കിലും ഇത്തവണയും പായസത്തിനു ആയിരക്കണക്കിനു ലിറ്ററിന്റെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇരുപതിനായിരം ലിറ്റര്‍ പായസം വരെ ഉണ്ടാക്കി വില്‍ക്കുന്നവരുണ്ട്.

ഓണസദ്യയില്‍ ഏറെപ്രിയ പാലടപ്രഥമനാണ്. ഓണത്തിനു കൂടുതല്‍ വിറ്റുപോകുന്നതും പാലട തന്നെ.

പാലടപ്രദമന്‍

പ്രഥമനുള്ള പാലട ഉണ്ടാക്കലാണ് പ്രധാനം.അരി വെള്ളത്തിലിട്ട് നനച്ച് വളരെ ചെറിയ തരിയായി പൊടിച്ചെടുക്കുക. പൊടി പച്ചവെള്ളം ഒഴിച്ച് കലക്കുക. വെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടി ഇളക്കുക. ഈ ഇളക്കല്‍ നന്നായാലേ അടയ്ക്ക് രുചിയുണ്ടാവൂ. ശേഷം വാഴയിലയില്‍ അണിഞ്ഞെടുക്കുക. ഇത് തിളച്ചവെള്ളത്തിലിട്ട് വേവിക്കുക.

വെന്താല്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിച്ച് ഇലയില്‍ നിന്നും അടര്‍ത്തിയെടുക്കുക. പാലയുടെ നെറ്റില്‍ (പ്രത്യേകതരം അച്ച്) ഇട്ട് ചെറുതായി അമര്‍ത്തുക. അപ്പോള്‍ പാലടയുടെ ആകൃതി കിട്ടും.

ഈ അടക്കഷണങ്ങള്‍ തോര്‍ത്തുമുണ്ടിലിട്ടു വെള്ളം ഒഴിച്ചു നന്നായി കഴുകിയെടുക്കുക. വെള്ളം വാര്‍ന്നുപോകുന്നതു വരെ കൊട്ടയില്‍ വെയ്ക്കുക.

പാല്‍ ചൂടാക്കുക. പാലിലേക്കു അടയും പഞ്ചസാരയും ഇട്ട് ഇളക്കി കുറുക്കിയെടുക്കുക. അല്‍പ്പം നേരം കൂടി തിളയ്പ്പിക്കുക. പാലടപ്രഥമന്‍ തയ്യാര്‍.

പരിപ്പു പ്രഥമന്‍

ഒരു കിലോ ചെറുപരിപ്പിന്റെ പായസം ഇങ്ങനെ തയ്യാറാക്കാം.

അല്‍പ്പം നെയ്യും വെളിച്ചെണ്ണയുമൊഴിച്ച് പരിപ്പു ചുവപ്പേ വറക്കണം. വെള്ളം ചേര്‍ത്തു വേവിക്കുക. ഇതിലേക്ക് രണ്ടര കിലോ ശര്‍ക്കര ഉരുക്കി അരിച്ച് ഒഴിക്കണം.

എട്ടു നാളികേരത്തിന്റെ രണ്ടാം പാല്‍ ഇതിലേക്ക് ഒഴിക്കണം. വെള്ളം വലിയുമ്പോള്‍ നാളികേരത്തിന്റെ ഒന്നാം പാല്‍ ചേര്‍ക്കുക. ഇനി അണ്ടിപ്പരിപ്പ് ചേര്‍ക്കാം. ആവശ്യമുള്ളവര്‍ക്ക് ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം.
പരിപ്പു പ്രഥമന്‍ റെഡി.

(തൃശ്ശൂരിലെ വെളപ്പായ കണ്ണന്റെ വെപ്പുപുരയില്‍ നിന്നും നളപാചകത്തിനു വേണ്ടി തയ്യാറാക്കിയത്. )

4 comments:

കുറുമാന്‍ said...

ആഹാ, കൊതിയൂറും പാലടയും, പരിപ്പു പ്രഥമനും.

അടക്ക് മാവണിയാനായി കുത്തരിയല്ലെ കുതിര്‍ത്ത് പൊടിക്കേണ്ടത്? പച്ചരിക്ക് അത്രസ്വാദ് കിട്ടില്ല..

Kaithamullu said...

അട വാങ്ങി, നാളെ പ്രഥമന്‍ ഉണ്ടാക്കണം!

എന്നാലും വായിച്ചപ്പൊ വായിലൂടെ.....
ശ്ശോ!

ശ്രീ said...

നന്നായി മേനോന്‍‌ ചേട്ടാ.

ഓണാശംസകള്‍!

പൊറാടത്ത് said...

കൊതിപ്പിച്ചേ അടങ്ങൂ.. അല്ലേ മേന്നേ...

ഓണാശംസകൾ...