Wednesday, December 19, 2007

രാജ്മ മലയാളി

ചേരുവകള്‍

രാജ്മ (കിഡ്നി ബീന്‍സ്) - ഒരു കപ്പ് (4-5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
*2 വലിയ ഉള്ളി ചെറുതായി അരിഞ്ഞത്
*പച്ചമുളക് 4 എണ്ണം
*ഇഞ്ചി നുറുക്കിയത് ഒരു റ്റീസ്പൂണ്‍
*വെളുത്തുള്ളി 10 അല്ലി
*കറിവേപ്പില 2 തണ്ട്
തക്കാളിക്ക 2 എണ്ണം
ഗരം മസാല അര റ്റീസ്പൂണ്‍
ഒരു വലിയ തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
വെളിച്ചെണ്ണ 3 റ്റീസ്പൂണ്‍




രാജ്മ പ്രഷര്‍കുക്കറിലിട്ട് നല്ലോണ്ണം വേവിച്ചെടുക്കുക
* ഇട്ടതെല്ലാം വെളിച്ചെണ്ണയില്‍ മൂപ്പിക്കുക, സ്വര്‍ണ്ണ നിറമാകുമ്പോള്‍ ഗരം മസാലപ്പൊടി ചേര്‍ത്ത് കരിയും മുന്‍പ് വേവിച്ചു വച്ച രാജ്മയും രണ്ടാം പാലും ചേര്‍ക്കാം. കുറുകി വരുമ്പോഴേക്കും തക്കാളിക്ക ചേര്‍ത്ത് വേവിക്കാം. പത്ത് മിനുറ്റ് കഴിഞ്ഞ് തന്‍പാലൊഴിച്ച് എടുക്കാം.
(ഉപ്പിടാന്‍ മറക്കല്ലേ!)

വെള്ളേപ്പത്തിന് നല്ല കൂട്ട്.



Monday, December 10, 2007

ആള്‍ട്ടര്‍നേറ്റീവ് ഭക്ഷണം

ബഹുമാനപ്പെട്ട ഭക്ഷ്യ മന്ത്രിക്ക്‌ സമര്‍പ്പണം.

നമ്മുടെ ഭക്ഷ്യ മന്ത്രി നിര്‍ദ്ദേശിച്ചതു പോലെ ചിലെ ആള്‍ട്ടര്‍നേറ്റീവ്‌ ഭക്ഷണങ്ങളുടെ ഗുണങ്ങള്‍.

(എല്ലാ സൂക്തങ്ങളും അഷ്ടാംഗഹൃദയത്തില്‍ നിന്ന്)

പോക്കാച്ചി തവള

പോക്കാച്ചി കഫകൃദ്ബല്യം പിത്തമേറെ വരുത്തിടാ.
പോക്കാച്ചിയെ പൊരിച്ചടിച്ചാല്‍ ശരീരത്തിന്‌ നന്ന്.

മാംസ്യം ധാരാളം, വൈറ്റ്‌ മീറ്റ്‌. കൊണ്ടാട്ടം പോലിരിക്കും, ടച്ചിങ്ങിന്‌ ഇഷ്ടന്‍ കഴിഞ്ഞേയുള്ളു ബാക്കിയെല്ലാം.

മുള്ളന്‍ പന്നി

പുളിപ്പു മധുരം മുള്ളന്‍ പാകത്തിലെരിവായിടും
വാതം പിത്തം കഫം പോക്കും ശ്വാസം കാസം ശമിച്ചിടും

പുളിച്ച കള്ളോ, മധുരക്കള്ളോ നല്ല പാകത്തില്‍ എരുവിട്ടുവച്ച മുള്ളന്‍പന്നി ചേര്‍ത്ത്‌ കഴിച്ചാല്‍ മേല്‍ പറഞ്ഞ അസുഖങ്ങള്‍ ശമിക്കുമെന്ന്.. പിന്നെ വയറും നിറയും.

പാമ്പ്‌

അര്‍ശസ്സു വാതദോഷങ്ങള്‍ കൃമിദൂഷീ വിഷം കെടും
മേധാഗ്നികൃത്‌ സ്വാദുപാകം സര്‍പ്പം കണ്ണിനു പഥുമാം
മൂര്‍ഖന്മാര്‍, വരയുള്ളോരും കടുപാകികളായ്‌വരും
കണ്ണിനേറ്റം ഹിതം, സ്വാദു, വായൂമൂത്രമലങ്ങള്‍ പോം.

പാമ്പിനെ നന്നായി കറിവച്ചാല്‍ അത്‌ മീങ്കറി പോലെ തന്നെ കാഴ്ചയില്‍, കണ്ണിന്‌ വളരെ ഗുണം ചെയ്യുന്ന ഒന്നാകയാല്‍ വ്യാജനടിക്കുന്നവര്‍ പാമ്പ്‌ കൂട്ടിയടിച്ചാല്‍ കണ്ണിന്‌ പ്രശ്നമുണ്ടാകില്ല. നാവിന്റെ രുചി വര്‍ദ്ധിക്കുന്നു, വായൂദോഷം തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുറയുന്നു.

എലി

സ്നിഗ്ദ്ധം ബലപ്രദം ശുക്ലമേറ്റിടും മധുരം ലഘു

കൂടുതല്‍ വിവരണത്തിന്റെ ആവശ്യമില്ലല്ലോ?

പൂച്ച

പൂച്ചമാംസം സ്വാദു, കഫവാതഘ്നം, സ്നിഗ്ദ്ധമുഷ്ണമാം
ശ്വാസം കടപ്പ്‌ ചുമ പോം ഗുണം കീരിയോടൊത്തിടും
കീരി

കീരിമാംസം സ്നിഗ്ദ്ധമാകും തടിശക്തികളേറ്റിടും

കുരങ്ങ്‌

കുരങ്ങിനു ചവര്‍പ്പേറെ വൃഷ്യം തടി ബലം വരും
പോം പാണ്ഡു കൃമി, വന്നീടും വിണ്മൂത്രത്തടവും കഫം
പോമാമവാതം കഫവും കഫവും ശ്വാസം മേദസ്സു വാതവും.
മാംസത്തിന്‌ ചെറിയ ചവര്‍പ്പും, വൃക്കരോഗങ്ങളുള്ളവര്‍ക്ക്‌ നിഷിദ്ധവും എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം കൊണ്ടും നല്ലത്‌.

അപ്പൊ, രണ്ട് കുരങ്ങ് മസാലയും ഒരു പാമ്പ് പൊരിച്ചതും എടുക്കാം അല്ലേ?

Monday, October 08, 2007

കിണ്ണത്തപ്പം

അരിപ്പൊടി-2 കപ്പ്
ശര്‍ക്കര-3 എണ്ണം
തേങ്ങ-ഒരു മുറി
ഏലക്കായ പൊടിച്ചത്-ഒരു നുള്ള്
നല്ല ജീരകം പൊടിച്ചത്-ഒരു നുള്ള്
ഉപ്പ്-കുറച്ച്

പാകം ചെയ്യുന്ന വിധം

കുറച്ച് വെള്ളം ചൂടാക്കി തിളച്ചു വരുമ്പോള്‍ ശര്‍ക്കര അതിലിട്ട് ഉരുക്കി അരിച്ചെടുക്കുക.ഒരു മുറി തേങ്ങ ചിരകി അല്പ്പം വെള്ളം ചെര്‍ത്ത് പാലെടുക്കുക.ശര്‍ക്കരപ്പാനിയും തേങ്ങാപ്പാലും മറ്റു ചെരുവകളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ഇഡ്ഡലിമാവിന്റെ പാകത്തില്‍ വെളിച്ചെണ്ണ പുരട്ടിയ കിണ്ണത്തിന്റെ പകുതി വരെ ഒഴിക്കുക.കുക്കറിലോ ഇഡ്ഡലി ചെമ്പിലോ ആവിയില്‍ വേവിച്ചെടുക്കുക.ചൂടാറിയതിനു ശേഷം മുറിച്ച് കഴിക്കാം.

(ലൈലത്തുല്‍ ഖദര്‍ കാത്തിരിക്കുന്ന ഈ പുണ്യ ദിവസങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥനകളും ആരാധനകളും പടച്ചവന്‍ സ്വീകരിക്കുമാറാകട്ടെ)

Thursday, September 27, 2007

താറാവു കറി

ചേരുവകള്‍

ചെറിയതായി കഷ്ണിച്ച് താറാവ് 1 കിലോ

സാമാന്യം വലിയ തേങ്ങ ചിരണ്ടിയത്‌ 1
തേങ്ങ നുറുക്കിയത്‌ 3 റ്റീസ്പൂണ്‍

മല്ലിപ്പൊടി 3 റ്റീസ്പൂണ്‍

വറ്റല്‍ മുളക്‌ 5 എണ്ണം/രുചിക്ക്‌

പച്ചമുളക്‌ 5 എണ്ണം/രുചിക്ക്

‌കുരുമുളക്‌ അര റ്റീസ്പൂണ്‍/രുചിക്ക്‌

ഇറച്ചി മസാല അര റ്റീസ്പൂണ്‍(മസാലപ്പൊടിക്കു പകരം മസാലക്കൂട്ടുപയോഗിച്ചാല്‍ നല്ലതാവും)

മഞ്ഞള്‍ പോടി അര റ്റീസ്പൂണ്‍

‍ചെറിയ ഉള്ളി അര കിലോ

വെളുത്തുള്ളി 20 അല്ലി

ഇഞ്ചി ഒരിഞ്ച്‌ നീളത്തില്‍

‍കറിവേപ്പില 2 തണ്ട്‌

കടുക്‌ ഒരു റ്റീസ്പൂണ്‍


‍ഉണ്ടാക്കുന്ന വിധം.

കഴുകി വച്ച ഇറച്ചിയില്‍ മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക.ചുരണ്ടിയ തേങ്ങയും വറ്റല്‍ മുളകും കട്ടിയുള്ള ഒരു ചട്ടിയില്‍ ചെറു തീയില്‍ ഒരു റ്റീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച്‌ വറുത്തു തുടങ്ങുക. നല്ലോണ്ണം ഇളക്കണം.തേങ്ങ സ്വര്‍ണ്ണ നിറം വിട്ട്‌ ബോണ്‍വിറ്റ പോലാകും മുന്‍പ്‌ വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍കണം. ബോണ്‍വിറ്റ പോലെ ആയാല്‍, തീ കെടുത്തുക, മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഒരു തണ്ട്‌ കറിവേപ്പില എന്നിവ്‌ ചേര്‍ത്ത്‌ ഇളക്കുക. ചട്ടിയുടെ കട്ടിയനുസരിച്ച്‌ കൂടുതല്‍ സമയം ഇളക്കണം. ഒന്നു തണുത്തതിനു ശേഷം അധികം വെള്ളമൊഴിക്കാതെ മയത്തില്‍ അരച്ചെടുക്കുക.


ചട്ടിയില്‍ എണ്ണയൊഴിച്ച്‌ അത്ര ചെറുത്താക്കാത്ത ഉള്ളിയും പച്ചമുളകും വറുത്ത്‌ സ്വര്‍ണ്ണ നിറമാകുമ്പോള്‍ ചട്ടിയുടെ വശത്തേക്കു നീക്കി വച്ച്‌ ഊറി വരുന്ന എണ്ണയില്‍ കടുക്‌ പൊട്ടിക്കുക, ഒരു തണ്ട്‌ കറിവേപ്പിലയും, മഞ്ഞള്‍ പുരട്ടി വച്ചിരിക്കുന്ന ഇറച്ചിയും അരച്ചു വച്ചിരിക്കുന്ന തേങ്ങയും, നുറുക്കി വച്ചിരിക്കുന്ന തേങ്ങയും, ആവശ്യത്തിന്‌ ഉപ്പും, ഒരു ഗ്ലാസ്സ് (ആവശ്യത്തിന്) വെള്ളവും ചേര്‍ത്തിളക്കുക. താറാവിന്റെ പ്രായമനുസരിച്ച് വേവ് കൂടും! ചോറിനോ കപ്പയ്ക്കോ ആണങ്കില്‍ അല്‍പ്പം ചാറ്‌ നിര്‍ത്താം.