Monday, December 04, 2006

തീറ്റ എറപ്പായി ചേട്ടന്‍

ഈ ബ്ലോഗിന്റെ നാഥനായ എറപ്പായിച്ചേട്ടനെക്കുറിച്ച് ഇതുവരെയും ഈ ബ്ലോഗില്‍ എഴുതാത്തതില്‍ ഒരു വൈക്ലബ്യം. പലര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് എങ്കിലും അറിയാത്തവര്‍ക്കും കൂടി..

അതെ നമ്മുടെ തീറ്റ എറപ്പായി ചേട്ടനെക്കുറിച്ചു തന്നെ. മൂന്നു ബക്കറ്റ് ചോറും ഒരു ബക്കറ്റ് മീങ്കറിയും 10 കിലോ ഇറച്ചിയും ഒറ്റ ഇരുപ്പില്‍ കഴിക്കുന്ന തീറ്റ റപ്പായി ചേട്ടന്‍ 750 ഇഡലി വരെ ഒറ്റ ഇരുപ്പില്‍ തിന്നിട്ടുണ്ടെന്നത് ചരിത്രം. പല മത്സരങ്ങളിലും എറപ്പായിച്ചേട്ടന്‍ തന്റെ മികവു തെളിയിച്ചിട്ടുണ്ട്. മാംസമത്സ്യാദികളേക്കാള്‍ പച്ചക്കറിയാദികളോടാണ് എറപ്പായിച്ചേട്ടന് താത്പര്യം കൂടുതല്‍.

ഈ എറപ്പായി ചേട്ടന് ഇത്രമാത്രം തിന്നാനെവിടെനിന്നാണിത്രയും ആസ്തി ?
ചാക്കോളയുടെയോ ഫാഷന്റെയോ ബന്ധുവൊന്നുമല്ല ഈ എറപ്പായി ചേട്ടന്‍.

കാലത്ത് വീട്ടില്‍ നിന്നും തന്റെ സന്തത സഹചാരിയായ കാക്കി സഞ്ചിയും തൂക്കി എറപ്പായി ചേട്ടന്‍ ഇറങ്ങും. മിഷന്‍ ക്വാര്‍ട്ടേഴ്സിലെയും മറ്റും പ്രൈവറ്റ് പ്രാക്റ്റീസ് നടത്തുന്ന ഡോക്ടര്‍മാരുടെ വീടുകളും തൃശൂരങ്ങാടിയില്‍ കച്ചവടം നടത്തുന്ന ചില പ്രമാണിമാരുടെ വീടുകളുമാണ് ലക്ഷ്യം. ഇവരുടെയൊക്കെ വെളുത്തും കറുത്തുമുള്ള നോട്ടുകള്‍ എല്ലാം കൃത്യമായി എണ്ണിവാങ്ങി ബാങ്കിലും കുറിക്കമ്പനികളിലും അടയ്ക്കുകയാണ് എറപ്പായിച്ചേട്ടന്റെ ഒരു പ്രധാന പരിപാടി. ഓരോവീട്ടില്‍ നിന്നും പത്തുമുതല്‍ പതിനഞ്ച് വരെ ഇഡലിയോ ദോശയോ കിട്ടും. അതാണ് എറപ്പായി ചേട്ടന്റെ ബ്രേക് ഫാസ്റ്റ്. മറ്റു ദിവസങ്ങളില്‍ വാരിയര്‍ ലൈനിലെ പട്ടന്മാരുടെ വകയും.

വിശ്വസ്ഥനായ എറപ്പായിച്ചേട്ടന്‍ പൈസയെല്ലാം വളരെ കൃത്യമായി തന്നെ എത്തേണ്ടിടത്ത് എത്തിക്കും. പോലീസ് സേനയ്ക്കും എറപ്പായിച്ചേട്ടനെ വളരെ കാര്യമായതുകൊണ്ട് ഇതുവരെയ്ക്കും ആരും പൈസയുടെ കാര്യത്തില്‍ എറപ്പായിച്ചേട്ടനെ പറ്റിച്ചതായി അറിവില്ല.

കാലത്തെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് എറപ്പായിച്ചേട്ടന്റെ ഉച്ചയൂണ് മിക്കവാറും രാഗം തീയ്യറ്ററിനു പിന്നിലെ ഭാരത് റസ്റ്റോറണ്ടിലാണ്. ഇന്നും തൃശ്ശൂര്‍ നിവാസികള്‍ക്ക് ശുദ്ധ പച്ചക്കറി ഭക്ഷണം കിട്ടാന്‍ ആശ്രയിക്കേണ്ടിവരുന്നത് ഭാരത് ഹോട്ടല്‍ മാത്രം.പന്ത്രണ്ട് മണിക്ക് ഇലയിടുന്നതിനുമുന്‍പ് കൃത്യം പതിനൊന്നരയ്ക്കു തന്നെ എറപ്പായിച്ചേട്ടന്‍ അവിടെ ആഗതനാകും. പണ്ടൊക്കെ ആദ്യം എറപ്പായിച്ചേട്ടനു കൊടുത്തു കഴിഞ്ഞേ മറ്റുള്ളവര്‍ക്ക് കൊടുക്കൂ എന്ന ഒരു ചെറിയ നിര്‍ബന്ധവും ഭാരതിനുണ്ടായിരുന്നു. എറപ്പായിച്ചേട്ടന്‍ ഇരുന്ന് എല്ലാ കറികളും ആദ്യമൊന്ന് രുചിച്ച് നോക്കി ചെറിയ കമന്റുകളിടും. പിന്നൊരു പിടുത്തമാണ്. പത്തുമിനിട്ടിനുള്ളില്‍ ഒരു ബക്കറ്റ് നീക്കും. പിന്നെ ഒരു അരപ്പാട്ട രസവും.

പലപ്പോഴും ഈ ശാപ്പാട് എനിക്ക് നേരിട്ട് കാണാനിടയായിട്ടുണ്ട്.

ഒരു ദിവസം ഭാരത് ഹോട്ടലില്‍ എറപ്പായിച്ചേട്ടന് എതിരായി ഒരു ചായയ്ക്ക് പറഞ്ഞിട്ട് ഞാനിരുന്നു. ചായ വരുന്നതിനു മുന്‍പ് തൊട്ടപ്പുറത്തെ കസേരയില്‍ ഭാരതിലെ മറ്റൊരു സ്ഥിരം കുറ്റിയായ രാജേട്ടന്‍ എന്ന് പരിചയ്ക്കാര്‍ വിളിക്കുന്ന ശ്രീ നവാബ് രാജേന്ദ്രന്‍ വന്നിരുന്നു. ഒരു കാവി ഉടുപ്പാണ് വേഷം . വന്നുകഴിഞ്ഞാല്‍ നേരെ ഒരു ബീഡിക്ക് തീ കൊളുത്തും പിന്നെ കടുപ്പത്തിലൊരു കട്ടനും. അന്നും പതിവ് തെറ്റിച്ചില്ല.

ബീഡി, സിഗരറ്റാതികള്‍ എറപ്പായിച്ചേട്ടന് അത്ര പിടുത്തമില്ല. പിന്നെ മുഷിഞ്ഞ വസ്ത്രത്തിന്റെയും മറ്റുപലതിന്റെയും മിശ്രിതമായ ഒരു മണവും.

‘ടാ.. നെന്നോട് മുമ്പും പറഞ്ഞ്ട്ടുള്ളതാ ഞാന്‍ തിന്നണോട്ത്ത് വന്ന്ട്ട് ബീഡിവലിക്കരുതെന്ന്..’ സഹ്യപര്‍വ്വത നിരകളില്‍ കുളം കോരി കുട്ടിക്കലം കൊണ്ട് സാംബാറഭിഷേകം നടത്തുന്നതിനിടയില്‍ എറപ്പായിച്ചേട്ടന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. അല്ലെങ്കിലും എറപ്പായിച്ചേട്ടന്‍ അധികം ചൂടാവാറില്ല.

നവാബ് ഒന്നിരുത്തി നോക്കി. പിന്നെ വലി തുടര്‍ന്നു.

‘ഇതിപ്പോ കാജാ ബീഡ്യൊന്നല്ല വലിക്കണത്.. അത് മറ്റവനാണ്....ഇത് ഇങ്ങനെ വലിച്ച് കേറ്റുന്നതിനേക്കാള്‍ എത്ര നല്ലതാ ഒരു മസാല ദോശ വാങ്ങി കഴിക്കണത്..ചെയ്യില്ലല്ലോ....ഇത് വലിച്ച് കേറ്റ്യാലാ പുത്തി തെളിയാന്നാ വിചാരം...കോലം കണ്ടില്ലേ.. ഒരു ചായ തിളപ്പിക്കാന് ള്ള വെറകുകൊള്ളീടെ അത്രീല്യ...’ ബുള്‍ഡോസര്‍ മെല്ലെ മെല്ലെ പര്‍വ്വത നിരകളെ കീഴടക്കിക്കൊണ്ടിരുന്ന ഇടവേളകളില്‍ എറപ്പായിച്ചേട്ടന്‍ പറഞ്ഞു കൊണ്ടിരുന്നു.

നവാബ് ഒന്നും മിണ്ടുന്നില്ല. സാധാരണ അദ്ദേഹം ബീഡിവലിക്കുമ്പോഴോ തന്റെ സുഹ്രുത് വലയത്തിലില്ലാത്തവരോടോ അധികം സംസാരിക്കാറില്ല.

എറപ്പായിച്ചേട്ടന്‍ അതൊന്നും കാര്യമാക്കാതെ തന്റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിലാണ്.
അവസാനം ഒരു യോഗിയുടെ സ്വരത്തില്‍ എന്നോട് ഒരു ഉപദേശവും..

‘നന്നായി ചോറ് തിന്നുന്നവരുടെ ഹൃദയം നല്ല വലിപ്പമുണ്ടായിരിക്കും. എന്റേതു പോലെ.. ‘

ചെറിയൊരു സംശയത്തോടെ ഞാന്‍ എറപ്പായിച്ചേട്ടനെ നോക്കി.

നവാബ് മെല്ലെ എഴുന്നേറ്റ് മാറിയിരുന്നു.



വാല്‍ക്കഷണം : എറപ്പായിച്ചേട്ടന് ഇപ്പോള്‍ പഴയ ശൌര്യമില്ല. യാത്രകളും കുറവ്. വീട്ടില്‍ തന്നെയാണെന്നാണ് അറിവ്.

23 comments:

asdfasdf asfdasdf said...

തീറ്റ എറപ്പായിച്ചേട്ടനെ കുറിച്ചൊരു കുറിപ്പ്..

മുസ്തഫ|musthapha said...

മ്മടെ റപ്പായി ചേട്ടനിട്ടും ഡോള്‍ബി എന്‍റെ വഹ...

ഠ്...ഠ്...ഠേ

ഇപ്പോള്‍ ഒത്തിരി അസുഖങ്ങളും പേറിയാണ് പാവം ജീവിക്കുന്നതെന്നാണ് കഴിഞ്ഞ മാസമോ മറ്റോ ഏതോ ചാനലില്‍ കണ്ടത്.

Siju | സിജു said...

കുറച്ചു നാള്‍ മുമ്പ് ടിവിയില്‍ കാണിച്ചിരുന്നു
ഡോക്ടര്‍മാര്‍ അധികം ഭക്ഷണം കഴിക്കരുതെന്നു പറഞ്ഞിട്ട് മിതഭക്ഷണവുമായി വിശ്രമത്തിലാണിപ്പോള്‍
ആളങ്ങൊന്നു ഒടഞ്ഞുപോവുകേം ചെയ്തു

റപ്പായീന്നോ റെപ്പായീന്നോ പോരെ.. ഈ എറപ്പായി വേണോ

മുസാഫിര്‍ said...

റപ്പായി ചേട്ടനു അറിയാമോ പുള്ളി ഒരു ബ്ലോഗിന്റെ നാഥനാണെന്നുള്ള വിവരം ?

വിഷ്ണു പ്രസാദ് said...

റപ്പായീം നവാബും തമ്മിലുള്ള ആ കൂടിക്കാഴ്ച്ച രസായി.

ഡാലി said...

വിവരണം നന്നായി കുട്ടമേനോനേ.
തൃശ്ശൂര് അലഞ്ഞ് നടക്കണേന്റെ ഇടയിലെ എര്‍പ്പായി ചേട്ടനേയും, നവാബിനേയും കാണാത്തവര്‍ കുറയും.

സിജു, തൃശ്ശൂര്‍ക്കാരോടൊന്നും സംസാരിച്ചീട്ടില്യാന്ന് തോന്നുന്നു. തൃശ്ശൂര്‍ക്കാരുടെ സ്വന്തം ആളെ കുറിച്ച് പറയുമ്പോള്‍ തൃശ്ശൂര്‍ സ്ലാങ്ങില്‍ പറയാതെങ്ങനെ?
റപ്പായി = എര്‍പ്പായി
തീറ്റെര്‍പ്പായി, എര്‍പ്പായി മാലാഖ.
റപ്പായി എന്നോക്കെ (തീറ്റ) എര്‍പ്പായി ചേട്ടനെ വിളിച്ചാ ആശാന്‍ തിരിഞ്ഞ് പോലും നോക്കീല്ലാന്ന് വരും.

വേണു venu said...

നവാബ് ഒന്നും പറയാതങ്ങനെ മാറിയിരുന്നോ?.
വിവരണം രസ്സമായി മേനനേ.

തറവാടി said...

മേന്‍ന്നേ ,

വിവരണം അസ്സലായിട്ടോ , തീരെ മടുപ്പിച്ചില്ല , പിന്നെ പഠിക്കുന്ന കാലത്ത് മിക്കവാറും ഭാരതിലായിരുന്നു വൈകുന്നേര ഭക്ഷണം ഒരിക്കല്‍ മാത്രമേ റപ്പായി ചേട്ടനെ കണ്ടിട്ടുള്ളൂ അതും റോടില്‍ എന്നാല്‍ നവാബിനെ മിക്ക ദിവസങ്ങളിലും കാണാറുണ്ട് സംസാരിക്കാറും

കാളിയമ്പി said...

നല്ല കുറിപ്പ് മേനോമ്മാഷേ..

Sreejith K. said...

ഇത്ര കപ്പാസിറ്റിയുണ്ടായിട്ടും നാലു നേരം വയറുനിറയെ കഴിക്കാന്‍ കിട്ടുന്നത് ഒരു ഭാഗ്യം തന്നെ. റപ്പായിച്ചേട്ടനെക്കുറിച്ചുള്ള അറിവുകള്‍ പങ്ക് വച്ചതിന് നന്ദി.

reshma said...

‘തീറ്റ റപ്പായി’ ഒരു മിത്തിക്കല്‍ കഥാപാത്രാന്നാ ഞാന്‍ വിചാരിച്ചേ!അദ്ദേഹത്തിന്റെ പടമാ ബ്ലോഗില്‍? സുഖാവട്ടെ വേഗം.

രസായിട്ട് എഴുതീട്ടുണ്ട്.

ദേവന്‍ said...

കുട്ടമ്മേന്നേ,
നവാബിനോട്‌ ഒരുതവണ മലമ്പുഴയില്‍ വച്ച്‌ സംസാരിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്‌. പക്ഷേ റപ്പായിച്ചേട്ടനെ കേട്ടറിവേയുള്ളു. മൂപ്പരു പ്രായാമേറിയതില്‍ പിന്നെ റിട്ടയര്‍ ചെയ്തു എന്നും വായിച്ചു.

ഒരു ലേഖനം കലാകൌമുദിയില്‍ വായിച്ചിരുന്നു. റപ്പായിച്ചേട്ടനു സ്വന്തം വയറു തന്നെ പോറ്റാന്‍ ബുദ്ധിമുട്ടായതിനാല്‍ വിവാഹമൊന്നും കഴിച്ചില്ലെന്നും മത്സരങ്ങളില്‍ വെജിറ്റേറിയന്‍ ആകാനാണ്‌ താല്‍പ്പര്യമെന്നതിനാല്‍ ഒരുപക്ഷേ ഗിനസ്സ്‌ ബുക്കില്‍ കയറേണ്ട അദ്ദേഹം ഒരു ലോക്കല്‍ താരമായി ഒതുങ്ങി പോയെന്നും അറിഞ്ഞ്‌ ഒരു സങ്കടം തോന്നി. ബില്ലടക്കലിനും പുറമേ റപ്പായിച്ചേട്ടന്‌ ചായ അരിപ്പകള്‍ ഉണ്ടാക്കി ഭക്ഷണത്തിനു പകരം വില്‍ക്കുന്ന ജോലിയുമുണ്ടെന്ന് ഒരോര്‍മ്മ.

ആര്‍ംഡ്‌ റിസര്‍വ്വ്‌ പോലീസ്‌ ക്യാമ്പ്‌ ഉല്‍ഘാടനത്തിനു റപ്പായിയേട്ടന്‍ എത്തി ക്യാന്റീന്‍ സ്റ്റോക്ക്‌ കമ്പ്ലീറ്റായി വെടിപ്പാക്കി പോയ ഒരു പോലീസ്‌ സ്റ്റോറി കേട്ടിട്ടുണ്ട്‌ ഞാന്‍.

നളന്മാരുടെ നാഥനെക്കുറിച്ച്‌ എഴുതിയതിനു നന്ദി.

അനംഗാരി said...

റപ്പായി ചരിതം നന്നായി.

ഓ:ടോ: നവാബ് പഴയ ഒരു സുഹൃത്തായിരുന്നു.എന്റെ ഹോസ്റ്റല്‍ മുറിയില്‍ അവസാനമായി എന്നോടൊപ്പം ഉണ്ടായിരുന്ന ആ രാത്രി ഞാനിപ്പോഴും ഓര്‍ക്കുന്നു.

ബിന്ദു said...

അദ്ദേഹത്തിനു വേഗം സുഖാവട്ടെ.

Anonymous said...

നവാബ് എന്റേയും സുഹൃത്തായിരുന്നു. ഒരു ദിവസം ഞാന്‍ കുറേ പെട്ടികളുമായി ഓട്ടോറിക്ഷേല്‍ വന്നിറങ്ങിയപ്പൊ, സഹായിക്കാന്‍ ആരുമില്ലാതെ വലഞ്ഞ എന്നെ, “ഹായ്, ഐ ആം നവാബ്, ഐ ആം എവരിബഡീസ് ഫ്രന്റ്” എന്നും പറഞ്ഞ് പരിചയപ്പെടുത്തി, പെട്ടിയൊക്കെ എടുക്കാന്‍ സഹായിച്ചിരുന്നു.

ഞാന്‍ കരുത്യെ, നിങ്ങള്‍ ഒരു വണ്ണമുള്ള ആളിന്റെ പടം എവിടുന്നോ എടുത്ത്, അതിനു തീറ്റ റപ്പായീന്നൊക്കെ പേരിട്ടതാണെന്നാ..

സ്നേഹിതന്‍ said...

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ എയര്‍ ഇന്ത്യ ഓഫീസ്സിനു മുന്നിലൂടെ റപ്പായി ചേട്ടന്‍ പോകുന്നതു കണ്ടു. വേഷം കാക്കി ഷര്‍ട്ടും വെള്ള മുണ്ടും. കയ്യിലൊരു കാക്കി സഞ്ചിയും. LIC ഓഫീസ്സിലേയ്ക്ക് ആരുടേയൊ ബില്ലടയ്ക്കാനുള്ള യാത്രയിലായിരുന്നു. താഴോട്ടു നോക്കി വളരെ പതുക്കെയുള്ള ആ യാത്ര കണ്ടപ്പോള്‍ വിഷമം തോന്നി.

നവാബിനെ പറ്റി കേട്ടറിവേ ഉള്ളൂ.

മേനോന്‍ നന്നായി എഴുതിയിരിയ്ക്കുന്നു.

K.V Manikantan said...

എര്‍പ്പയേട്ടന്റെ ഒരു ഡയലോഗ്ഗ്:
‘മ്മള് പള്ളിലൊന്നും പൂവാര്‍ല്യാ.. പാപമൊന്നും ചെയ്തിട്ടില്ല, പിന്നെന്തിന് പള്ള്യേ പോണം..’

സിജു:
വാട്ടീസ് യുവര്‍ നേം?
റാഫേല്‍
പ്പ്ഫ: പേരെന്തുട്ടാണ്ട്രാ??
എര്‍പ്പായീന്ന്...

-kuTTanmEnn~, stOKK kazhikkaruthE!

സുല്‍ |Sul said...

റപ്പായിച്ചേട്ടന്‍ നീണാള്‍ വാഴട്ടെ!

-സുല്‍

asdfasdf asfdasdf said...

സിജു, ഡാലി പറഞ്ഞ പോലെ റപ്പായിച്ചേട്ടനെ തൃശ്ശൂര്‍ക്കാര് എറപ്പായി എന്നേ വിളിക്കു..എറപ്പായിച്ചേട്ടന്‍ ഇപ്പോള്‍ അവശനിലയിലാണ്. തറവാടി, തൃശ്ശൂര്‍ക്കാര്‍ക്കൊക്കെ നന്നായി അറിയാവുന്ന രണ്ടുപേരാണ് നവാബും എറപ്പായിച്ചേട്ടനും. നവാബിന് കൂടുതല്‍ ബന്ധം കുന്ദംകുളം മാര്‍ക്കറ്റിലായിരുന്നു. സങ്കു പറഞ്ഞതുപോലെ എറപ്പായിച്ചേട്ടന്‍ പള്ളിയിലധികം പോകാറില്ലെന്നതും ആ ഹൃദയവിശാലതയുടെ തെളിവ്. എറപ്പായിച്ചേട്ടന്റെയത്ര നല്ല മനസ്സുള്ളവര്‍ ഇന്ന് ലോകത്ത് കുറഞ്ഞുകൊണ്ടിരിക്കുന്നു.

കുറുമാന്‍ said...

റപ്പായി ചേട്ടന്നു ഡോക്റ്റര്‍മാരുടെ വീട്ടില്‍ നിന്നും പ്രാതല്‍ മാത്രമല്ല നല്‍കുന്നത്. വിശപ്പു കുറക്കാനുള്ള ചില മരുന്നുകളും നല്‍കാറുണ്ട് എന്നും കേട്ടിട്ടുണ്ട്.

ലൂസിയ പാലസിലോ, അതോ കാസിനോവിലോ ആണോന്ന് ഓര്‍മ്മയില്ല, ഒരിക്കല്‍ ലഞ്ച് ബുഫറ്റ് വില കുത്തനെ കൂട്ടിയത് കാരണം, അവിടെ സ്ഥിരം ഭക്ഷണം കഴിക്കാറുള്ള തൃശൂര്‍ അങ്ങാടിയിലെ പോര്‍ട്ടര്‍മാര്‍ ചേര്‍ന്ന് റപ്പായേട്ടനെ കൊണ്ടു വന്ന് കമ്പ്ലീറ്റ് ബുഫറ്റ് കാലിയാക്കിപ്പിച്ച ഒരു സംഭവം ഓര്‍മ്മവരുന്നു

Areekkodan | അരീക്കോടന്‍ said...

താമസിച്ചെങ്കിലും കുറിപ്പ്‌ ഉപകാരപ്രദമായി....ഈ ബൂലോകത്ത്‌ നിന്നുള്ള ആദ്യത്തെ പാചകക്കുറിപ്പ്‌ എന്റെ അടുക്കളയില്‍ എന്റെ ആമാശയത്തെ കാത്തുനില്‍ക്കുന്നു!!!

Anonymous said...

എര്‍പ്പായ്യേട്ടന്‍ ഞങ്ങടെ (തൃശ്ശൂക്കാര്‍ടെ)ഒരു സ്വകാര്യ സംസ്കാര സ്തംഭാണു ട്ടോ.

മേന്‍ന്നേ, നാട്ടീ പോവ്മ്പോ ഒന്നു സല്‍ക്കരിക്കാന്‍ പറ്റ്ല്യാ,ല്ലേ?

Anonymous said...

റപ്പായി ചേട്ടനെക്കുറിച്ചു ഓര്‍ക്കുമ്പോള്‍, കുറേനാളു മുന്‍പു (ഒരുപാടു നാളായി)ആദ്ദേഹത്തിന്റെ അടുത്തു ചിലവഴിച്ച കുറച്ചു നേരത്തെ ഓര്‍മ്മവരും... കാണുന്ന പോലെ അല്ല, അദ്ദേഹം ഒരു പാവമായിരുന്നു...