Tuesday, September 26, 2006

കൂര്‍ക്ക ഉപ്പേരിയും തേങ്ങാച്ചമ്മന്തിയും

കൂര്‍ക്ക ഉപ്പേരി

ആവശ്യമുള്ള ചേരുവകള്‍

കൂര്‍ക്ക – അര കിലൊ. നാടനായാല്‍ നല്ലത്. ചെറുത്.
മണ്ണെല്ലാം കളഞ്ഞ്, തൊലി കളഞ്ഞ് കഴുകി, അരയിഞ്ച് വലിപ്പത്തില്‍ കഷണങ്ങളാക്കിയത്.
വേപ്പില – 2 തണ്ട്.
വെളുത്തുള്ളി - ചെറുത് ( 10 അല്ലി ) ചതച്ചത്
ചുവന്നുള്ളി - 5 എണ്ണം ചതച്ചത്
മഞ്ഞള്‍പൊടി - അരക്കാല്‍ ടീസ്പൂണ്‍
ഉണക്കമുളക് - 5 എണ്ണം ചതച്ചത്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്.

ഉണ്ടാക്കേണ്ട വിധം
കൂര്‍ക്കയും മഞ്ഞള്‍ പൊടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. പകുതി വേവാവുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളിയും വെളുത്തുള്ളിയും ചേര്‍ക്കുക. പകുതി മൊരിയുമ്പോള്‍ ഉണക്കമുളക് ചേര്‍ക്കുക. കറിവേപ്പില ചേര്‍ത്തിളക്കുക. പിന്നീട് കൂര്‍ക്ക വെള്ളമില്ലാതെ ചേര്‍ത്തിളക്കുക. രണ്ട് മിനിട്ട് മൂടി വെച്ച് വേവിക്കുക. പിന്നീട് ഇളക്കി തീ കൂട്ടി വെള്ളം വറ്റിച്ചെടുക്കുക.


തേങ്ങാ ചമ്മന്തി

ആവശ്യമുള്ള ചേരുവകള്‍
തേങ്ങ – ഒരു മുറി ( ഒരു തേങ്ങയുടെ പകുതി) ചിരവിയത്
കോല്‍പ്പുളി - 2 ഇഞ്ച് കഷണം (പുളിയുള്ള മാങ്ങയായാല്‍ ഒരെണ്ണം)
ഉണക്ക മുളക് - 3 എണ്ണം
ഉപ്പ് - ആവശ്യത്തിനു

ഉണ്ടാക്കേണ്ട വിധം

എല്ലാ ചേരുവകളും കൂടി മിക്സിയിലിട്ട് ചതക്കുക. അധികം അരയ്ക്കരുത്.
ഉണക്ക മുളകിന് പകരം പച്ചമുളകു ചേര്‍ക്കാം. അങ്ങനെയെങ്കില്‍ കോല്‍പ്പുളിക്ക് പകരം പുളിയുള്ള ഒരു മാങ്ങ ചേര്‍ക്കാം. അമ്മിയിലിട്ട് അരച്ചെടുത്താല്‍ നന്നായിരിക്കും.

നല്ല നെല്ലുകുത്തിയ അരിയുടെ കഞ്ഞിയും കൂര്‍ക്ക ഉപ്പേരിയും തേങ്ങാച്ചമ്മന്തിയും നല്ല കോമ്പിനേഷനാണ്.

Sunday, September 24, 2006

ചിക്കന്‍ ചില്ലി (ഫാസ്റ്റ് ഫുഡ് രീതിയില്‍)

വേണ്ട സാധനങ്ങള്‍

ചിക്കണ്‍ - 500 ഗ്രാം
പച്ചമുളക് - 5 എണ്ണം ( നെടുകെ പിളര്‍ന്ന് കുരു കളഞ്ഞത്)
കുരുമുളക് - 1 ടീസ്പൂണ്‍ ( ചതച്ചത്)
ചില്ലി സോസ് - 1 ടീസ്പൂണ്‍
അജിനൊ മോട്ടൊ - ഒരു നുള്ള്
സോയാ സോസ് - 2 ടീസ്പൂണ്‍
കോണ്‍ഫ്ലോര്‍ - 3 ടീസ്പൂണ്‍ വെള്ളത്തില്‍ കലക്കിയത്
ഗാര്‍ലിക് പേസ്റ്റ് - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ½ ടീസ്പൂണ്‍
സ്പ്രിങ് ഒണിയന്‍ - 2 എണ്ണം ( ഇലമാത്രം ചെറുതായി അരിഞ്ഞത്)
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്‍
എണ്ണ – ആവശ്യത്തിന്.

ഉണ്ടാക്കേണ്ട വിധം

കഴുകി ചെറിയ കഷണങ്ങളാക്കിയ ചിക്കണ്‍, മഞ്ഞള്‍ പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വേവായാല്‍ അടുപ്പില്‍ നിന്നുമിറക്കുക. കഷണങ്ങളും ചാറും മാറ്റി വെക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് ഗാര്‍ലിക് പേസ്റ്റ് ചേര്‍ക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം.പച്ചമണം പോകുമ്പോള്‍ സോയാസോസും ചില്ലിസോസും കുരുമുളകും യഥാകൃമം ചേര്‍ക്കണം. എണ്ണ തെളിയുമ്പോള്‍ കോണ്‍ഫ്ലവറും പച്ചമുളകും കുരുമുളകും ചിക്കണ്‍ വേവിച്ച ചാറില്‍ നിന്നും 3 ടീസ്പൂണ്‍ ചേര്‍ത്തിളക്കുക. പിന്നീട് മാറ്റി വെച്ചിരിക്കുന്ന ചിക്കണ്‍ ചേര്‍ത്ത് ഇളക്കി തീ കുറച്ച് ,കുറച്ച് സമയം മൂടി വെക്കുക. 3 മിനിട്ട് കഴിഞ്ഞാല്‍ തുറന്ന് വെച്ച് തീ കൂട്ടി ഡ്രൈ പരുവത്തിലാക്കി അടുപ്പില്‍ നിന്നുമിറക്കാം. സ്പ്രിങ് ഒണിയനും അജിനൊമോട്ടോയും ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ മല്ലിയില ചേര്‍ക്കാം.

NOTE :
സോയാസോസ് ചേര്‍ക്കുന്നതുകൊണ്ട് ഉപ്പു കുറച്ച് ചേര്‍ത്താല്‍ മതിയാകും.
അജിനൊമോട്ടൊയും സ്പ്രിങ്ങ് ഒണിയനും അത്യാവശ്യമല്ല.
ചിലര്‍ കാപ്സിക്കവും ചേര്‍ക്കാറുണ്ട്.
ഈ രീതിയില്‍ പെട്ടന്ന് ചിക്കണ്‍ ചില്ലി തയ്യാറാക്കാം.

Thursday, September 21, 2006

മുട്ടക്കറി

മുട്ട-3
സബോള-2(ഇടത്തരം)
തക്കാളി-1
മല്ലിപ്പൊടി-2 റ്റീസ്പൂണ്‍
മുളകുപൊടി-0.5റ്റീസ്പൂണ്‍
മഞള്‍പൊടി-0.5 റ്റീസ്പൂണ്‍
പച്ചമുളക്-3
ഉപ്പ്-ആവശ്യത്തിന്
എണ്ണ-2 റ്റേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍-1.5 കപ്പ്
കറിവേപ്പില-5

ഉണ്ടാക്കുന്ന വിധം:ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് സബോള അരിഞ്ഞതും വേപ്പിലയും ഇട്ട് വഴറ്റുക.മൂത്ത് വരുമ്പോള്‍ മല്ലിപ്പൊടി,മുളകുപൊടി,മഞ്ഞള്‍പൊടി എന്നിവ ഇട്ടിളക്കി തക്കാളിയും പച്ച മുളകും അരിഞ്ഞത് ഇടുക.എല്ലാം കൂടെ കുഴമ്പ് പരുവത്തിലാകുമ്പോള്‍ ഒരു ഗ്ലാസ്സ് വെള്ളം ഒഴിച്ച് ഉപ്പ് ചേര്‍ക്കുക.

തിളച്ച് കഴിഞ്ഞാല്‍ തീ കുറച്ച് മുട്ടകള്‍ ഓരോന്നായിപൊട്ടിച്ചൊഴിക്കുക.ഒഴിക്കുമ്പോള്‍ ഒന്നിന് മുകളില്‍ ഒന്നായി ഒഴിക്കരുത്.പാത്രം മൂടി വെച്ച് മുട്ട വേവുന്നത് വരെ കുറഞ്ഞ തീയില്‍ വേവിക്കുക.അതിനു ശേഷം വലിയ സ്പൂണ്‍ കൊണ്ട് മുട്ടകള്‍ മറിച്ചിട്ട് തേങ്ങപ്പാല്‍ ഒഴിച്ച് തിളച്ച് വരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക.

തേങ്ങാപ്പാലിനു പകരം വരുത്തരച്ച തേങ്ങ ഉപയോഗിച്ചാല്‍ കൂടുതല്‍ സ്വാദിഷ്ടമാകും.

Monday, September 18, 2006

ചിക്കണ്‍ 360

വേണ്ട ചേരുവകള്‍

1. കോഴി - 1 കിലൊ (ഇടത്തരം വലിപ്പത്തില്‍ മുറിച്ചത്)

വലിയ ഉള്ളി - 4 എണ്ണം വലുത് (ഇടത്തരം വലിപ്പത്തില്‍ അരിഞ്ഞത്)

വെളുത്തുള്ളി - ഒരു കുടം (8 അല്ലി - ചതച്ചത് )

പച്ച മുളക് - 4 എണ്ണം (രണ്ടായി കീറിയത്)

കുരുമുളക് പൊടി - 1 ടേ.സ്പൂണ്‍

മുളക് പൊടി (കാശ്മീരി ചില്ലി) - 2 ടേ.സ്പൂണ്‍

ഗരം മസാലപ്പൊടി - അര ടേ.സ്പൂണ്‍

മല്ലിപ്പൊടി - 2 ടേ.സ്പൂണ്‍

തക്കാളി - 3 എണ്ണം (ചെറുതായി അരിഞ്ഞത്)

ഉപ്പ് - ആവശ്യത്തിന്

2. വെളിച്ചെണ്ണ - 3 ടേ.സ്പൂണ്‍

3. വേപ്പില - 2 തണ്ട്

4. മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം
ഒന്നാമത്തെ ചേരുവകള്‍ എല്ലാം ഒരു കുക്കറിലാക്കി നാലു സ്പൂണ്‍ വെള്ളവുമായി മിക്സ് ചെയ്യുക. ഒരു വിസില്‍ വരുന്നതു വരെ വേവിക്കുക. വിസില്‍ വന്നാല്‍ പത്തുമിനിട്ട് ചെറിയ തീയില്‍ വേവിച്ചതിനുശേഷം ഇറക്കി വെക്കുക. പരന്ന ഒരു ഫ്രയിംഗ് പാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. ചൂടായാല്‍ വേപ്പില ചേര്‍ത്ത് ഇളക്കുക. പിന്നീട് കുക്കറിലെ കറി ഫ്രയിങ് പാനിലേക്ക് ചേര്‍ത്ത് മീഡിയം ചൂടില്‍ ഇളക്കിക്കൊണ്ടിരിക്കുക. വെള്ളം വറ്റി എണ്ണ തെളിഞ്ഞു വരുന്നതുവരെ ഇളക്കിക്കൊണ്ടേയിരിക്കണം. വെള്ളം വറ്റുമ്പോള്‍ തീ കുറയ്ക്കുക. ഡ്രൈ ആയി വരുമ്പോള്‍ മല്ലിയിലയും ചേര്‍ത്തിളക്കിയാല്‍ വിളമ്പാന്‍ റെഡി.


ഈ കറി വളരെ എളുപ്പം തയ്യാറാക്കാം. എണ്ണയും കുറവ്.


ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഗരം മസാലയും മല്ലിപ്പൊടിയും കുറക്കാവുന്നതാണ്.