Wednesday, November 29, 2006

ആലുവും ഗോപിയും പിന്നെ ബട്ടൂരയും

ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ആലു (ഉരുള കിഴങ്ങ്) ചേര്‍ത്തതെന്തും, ഇവിടെ ഞാനോരു ഉത്തരേന്ത്യന്‍ ഡിഷ്... ന്നിങ്ങള്‍ക്കായ് ..
ഒന്നാം ഘട്ടം

1). ഉരുള കിഴങ്ങ് ¼ കിലോ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി ഒന്ന് നാലാക്ക് മുറിച്ച് അതിലോരോന്നും വീണ്ടും നാലാക്കി മുറിക്കുക . ഒരു ഉരുള കിഴങ്ങ 16 കഷണമാക്കണം.
2) ഗോപി (ക്വാളിഫ്ലവര്‍) ½ കിലോ നടുവിലെ വലിയ തണ്ട് ഒഴികെ ചെറിയ കഷണങ്ങളാക്കുക, കഴുകി മാറ്റി വെയ്ക്കുക.
3) ¼ ലിറ്റര്‍ ഒയിലില്‍ ചീനചട്ടിയീല്‍ ഡീപ്പ് ഫ്രൈ ആയി ഉരുളകിഴങ്ങും ഗോപിയും പൊരിച്ചെടുക്കുക, ആദ്യം ഉരുളകിഴങ്ങ് പിന്നീട് ഗോപി.. ഇവ രണ്ടും ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാവുന്നത് വരെ പൊരിക്കണം എന്നിട്ട് ഇവ രണ്ടും മാറ്റി വെയ്ക്കുക.
രണ്ടാം ഘട്ടം

1) 10 (എണ്ണം) പച്ചമുളക് നീളത്തില്‍ അരിഞ്ഞത്.
2) ഒരു ചെറിയ കഷണം (ഏകദേശം 10ഗ്രാം)ഇഞ്ചി വളരെ നേര്‍ത്ത് നീളത്തില്‍ അരിഞ്ഞത്.
3) 25 ഗ്രാം ഇഞ്ചിയും 25 ഗ്രാം വെളുത്ത ഉള്ളിയും പേസ്റ്റാക്കിയത് ( രണ്ടും separate ആക്കി പേസ്റ്റാക്കണം)
4) മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍.
5) മഞ്ഞള്‍ പൊടി ഒരു ടീ സ്പൂണ്‍.
6) ഒരു നുള്ള് ഗരം മസാല.
7) രണ്ട് സവാള വളരെ നേര്‍മ്മയായി അരിഞ്ഞത്
8) ഉപ്പ് പാകത്തിന്
ഇനി നമ്മുക്കിതിനെ ഒരു പരുവത്തിലാം...

ഫ്രൈപാന്‍ ചൂടാക്കി കുറച്ച് എണ്ണ ഒഴിക്കുക ( ഉരുളകിഴങ്ങ പൊരിച്ചത് ബാക്കിയായത്) എണ്ണ ചൂടായാല്‍ ആദ്യം ഇഞ്ചി പേസ്റ്റ് ഇടുക അതൊന്ന് പച്ചപ്പ് വിട്ടാലുടന്‍ വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കുക .. 10 മുളകില്‍ നിന്നും 5 ഏണ്ണമെടുത്ത് ഇതിനോടൊപ്പം ചേര്‍ക്കുക.. രണ്ട് മിനുറ്റ് ചൂടാക്കി അതിലേക്ക് സവാള അരിഞ്ഞതും ചേര്‍ത്ത് തികച്ചും ബ്രൌണ്‍ നിറമാകുന്നത് വരെ വയറ്റുക. ബ്രൌണ്‍ നിറമായാല്‍ അതിലേക്ക് മഞ്ഞള്‍ പൊടി ഇടുക ഒന്നിളക്കിയതിന് ശേഷം മുളക്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക നന്നായൊന്ന് വയറ്റിയതിന് ശേഷം അതിലേക്ക് മുന്‍പ് പൊരിച്ച് വച്ച ഉരുളകിഴങ്ങും ഗോപിയും ഇടുക നല്ലവണ്ണം മിക്സ് ചെയ്ത് വാങ്ങാന്‍ നേരം ബാക്കിയുള്ള പച്ചമുളകും ഇഞ്ചിയും ചെര്‍ത്ത് ഒന്നിളക്കി മറ്റൊരു പാത്രത്തിലാക്കുക.നാന്‍ (തന്തൂരി റൊട്ടി) പൊറോട്ട ചപ്പാത്തി എന്നിവയുടെ കൂടയോ.. അല്ലെങ്കില്‍ ബട്ടൂരയുടെ കൂടെയോ കഴിക്കാം...
ബട്ടൂര ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

¼ കിലോ മൈദ അതിലേക്ക് ഒരു കോഴിമുട്ടയും ചൂട് വെള്ളവും (ആവശ്യത്തിന്) ഉപ്പും (ആവശ്യത്തിന്) ചേര്‍ത്ത് നന്നായി കുഴച്ച് മാവാക്കുക , കുറച്ച് എണ്ണ തേച്ച് നനഞ്ഞ തുണികൊണ്ട് മൂടി ½ മണിക്കൂര്‍ വെയ്ക്കുക .. പിന്നീട് ഉരുളകളാക്കി പരത്തി (ഒരു വലിയ പത്തിരിയുടെ വലുപ്പത്തില്‍ ) മുന്‍പ് ആലുവും ഗോപിയും പൊരിച്ച ബാക്കി വന്ന എണ്ണയിലിട്ട് പൊരിച്ചെടുക്കുക ..( പൂരിക്ക് ആട്ടയാണെങ്കില്‍ ഇതിന് മൈദയാണ് ഉപയോഗികുക, പൂരിയേക്കാള്‍ വലുതായി പരത്തുകയും വേണം)
ഇനി കഴിക്കാന്‍ എന്നെ കാത്ത് നില്‍ക്കേണ്ട... രണ്ടും കൂട്ടി കഴിച്ചോളൂ....

Monday, November 27, 2006

ന്യൂട്ടര്‍


ന്യൂട്ടറെന്ന പദത്തിനെന്തര്‍ത്ഥം?
ന്യൂട്ടര്‍ എന്ന സ്ലാങ്ങ്‌ പദത്തിനു കൊല്ലത്തെയര്‍ത്ഥം കഴമ്പില്ലാത്തത്‌, അങ്ങുമിങ്ങും തൊടാത്തത്‌, പ്രത്യേകിച്ച്‌ വാല്യൂ അഡിഷന്‍ നടത്താന്‍ കെല്‍പ്പില്ലാത്തത്‌ എന്നൊക്കെ. "പരീക്ഷക്ക്‌ ചോദിച്ച മൂന്ന് എസ്സേയെക്കുറിച്ചും എനിക്കൊന്നുമറിയില്ലായിരുന്നു, പിന്നെ എതാണ്ടൊക്കെ ന്യൂട്ടറടിച്ചു വച്ചേച്ചു പോന്നു." "പുള്ളീടെ പ്രസംഗം വെറും ന്യൂട്ടറാടാ." "മാണി അവതരിപ്പിച്ചത്‌ ഒരുമാതിരി ന്യൂട്ടറു ബഡ്ജറ്റാണല്ലോടേ". "ഇടമയലാര്‍ പ്രശ്നത്തില്‍ അണ്ണന്‍ ഒരു സ്റ്റാന്‍ഡ്‌ എടുത്തേ ചുമ്മാ ന്യൂട്ടറടിക്കാതെ.." എന്നൊക്കെ വാക്യത്തില്‍ പ്രയോഗിക്കാം.

പാവപ്പെട്ടവന്റെ ന്യൂട്ടറടിക്കല്‍
ഷാപ്പിലും കൊച്ചു ഹോട്ടലിലുമൊക്കെ നമ്മള്‍ കയറി "മൂന്നു പൊറോട്ടാ.." എന്നു പറയുമ്പോള്‍ വിളമ്പുകാരന്‍ "കൂടെ കറിയെന്ത്വാ വേണ്ടെ സാറേ? കോഴിക്കറി, ആട്ടിറച്ചി, 'ബീ' ഫ്രൈ, ലിവറ്‌, കൊക്ക്‌, തവള..." എന്നൊരന്തമില്ലാത്ത ലിസ്റ്റ്‌ നിരത്തും. ഓട്ടക്കീശക്കാര്‍ ഞങ്ങള്‍ മുഖവും സ്വരവും ഒരുപോലെ താഴ്ത്തി മൃദുവായി പറയും.."ന്യൂട്ടറ്‌ മതി"
"ഇയ്യാക്ക്‌ മൂന്നു പൊറോട്ടാ ന്യൂട്ടറേ.." എന്നു കൂവി പൊതുജന സമക്ഷം നമ്മളെ നാറ്റി വിളമ്പുകാരന്‍ കയറിപ്പോകും. സാറന്മാരല്ലാത്ത വെറും ഇയ്യാളുമരുടെ കറി- ന്യൂട്ടറ്‌. അതിനു പ്രത്യേകിച്ച്‌ ചാര്‍ജ്ജില്ല. പൊറോട്ടക്കും ചപ്പാത്തിക്കും കപ്പക്കുമൊപ്പം സാമ്പാര്‍ വിളമ്പാനൊക്കാത്തതുകാരണം സാധുക്കള്‍ക്കായി ദൈവം തന്ന ഒരാള്‍ട്ടര്‍നേറ്റീവ്‌- ഒന്നോ രണ്ടോ ചെറിയ കഷണം ഇറച്ചി, കുറേ സവാള, ദരിദ്രയില്ലത്തെ യവാഗുവിനെക്കാള്‍ നീണ്ട ചാറ്‌. ഇത്‌ ന്യൂട്ടര്‍.

ബാച്ചി ജീവിതത്തില്‍ ന്യൂട്ടറിന്റെ പ്രസക്തി
ഒഴിച്ചു കറിയും കൂട്ടാനുമടക്കം ചോറു വയ്ക്കാന്‍ മൂന്നാലു മണിക്കൂര്‍ എടുക്കുന്നു പണ്ടാരം. ന്യൂട്ടര്‍ ഇതിനു രണ്ടിനും ഉതകും. കുറച്ച്‌ ഇറച്ചി മതിയെന്നതിനാല്‍ 'മാംസദാഹം' ഉള്ളവര്‍ക്ക്‌ വലിയ ദോഷം ചെയ്യാതെയും കൂടുതല്‍ എണ്ണയും വറുക്കലും ഇല്ലാതെയും ആശ പൂര്‍ത്തീകരിക്കാം. അടുപ്പിന്‍ മൂട്ടില്‍ നിന്ന് ഇളക്കിക്കൊണ്ടിരിക്കാതെ കറി അടുപ്പില്‍ കേറ്റി വച്ചിട്ട്‌ വന്ന് ബ്ലോഗെഴുതാം. ഒരു റിലീസ്‌ രണ്ടു മൂന്നു ദിവസം ഓടിക്കോളും. ന്യൂട്ടറിന്റെ വലിപ്പം വിലയില്ലായ്മ മാത്രമല്ല!

ന്യൂട്ടറിന്റെ ചേരുവകകള്‍ കണ്ട കടച്ചാണിയും വെട്ടിക്കൂട്ടുമൊക്കെയാണ്‌. അതിനാല്‍ ഒരു പരിഷ്കരിച്ച പതിപ്പ്‌ ഉണ്ടാക്കാം നമുക്ക്‌.

ചേരുവകള്‍:
ചിക്കന്‍ ബ്രെസ്റ്റ്‌ ചെറിയ കഷണമാക്കിയത്‌ അല്ലെങ്കില്‍ ക്യൂബ്സ്‌ - 500 ഗ്രാം.
സവാള- 500 ഗ്രാം
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി മൂന്ന് അല്ലി
കറിവേപ്പില രണ്ട്‌ തണ്ട്‌
ചിക്കന്‍ മസാല - 3 ടേബിള്‍ സ്പൂണ്‍
മുളകുപൊടി മുക്കാല്‍ ടേ സ്പൂ
മഞ്ഞള്‍ അര ടേ സ്പൂ.
അര മുറി ഇടത്തരം തക്കാളി.
ഉപ്പ്‌- ആവശ്യത്തിന്‌

പാചകം:

ചിക്കന്‍ ഒരു സ്റ്റീമറിലോ ഗ്രില്ലിലോ ഒന്നു ചൂടാക്കിയാല്‍
മിച്ചമുള്ള കൊഴുപ്പും പോയിക്കിട്ടും (പനക്കു ചോറു തടിയില്‍, ചിക്കനു ഫാറ്റ്‌ തൊലിക്കടിയില്‍ എന്ന് ദേവവാക്യം)

കുറച്ച്‌ ഒലിവെണ്ണ (ലൈറ്റ്‌ വെര്‍ജിന്‍ ക്രഷ്‌) ചൂടാക്കി (നോണ്‍ സ്റ്റിക്ക്‌ പാത്രമാണെങ്കില്‍ വളരെ കുറച്ചു മതി)സവാളയിഞ്ചിവെള്ളുള്ളികള്‍ അതില്‍ വഴറ്റുക. ഇടക്ക്‌ വല്ലാതെ ഉണങ്ങിപ്പോകുന്നെന്നു തോന്നിയാല്‍ കുറച്ചു വെള്ളം തളിച്ചാല്‍ മതി ശരിയായിക്കോളും.

ഇത്‌ ഒരു ഇളം ഗോള്‍ഡന്‍ ബ്രൌണ്‍ (പച്ചമലയാള പ്രസ്ഥാനക്കാരു ക്ഷമിക്കണേ) നിറമാകുമ്പോള്‍ പൊടികള്‍ എല്ലാം ഇട്ട്‌ കുറച്ച്‌ വെള്ളം തൂകി വഴറ്റുക. ശേഷം കോഴിയിറച്ചിയും ചേര്‍ത്ത്‌ കുറച്ചു കൂടി വഴറ്റുക.

ഇനിയെല്ലാം സിമ്പിള്‍. 4 ഗ്ലാസ്‌ നിറയേ വെള്ളം ചേര്‍ക്കുക, കറിവേപ്പിലയും തക്കാളിയും ഇടുക. "ഇന്‍ഷാള്ളാ ശരിയായി വരും" എന്നൊരു വിശ്വാസം വരുന്നയത്രയും ഉപ്പു ചേര്‍ക്കുക. ചെറിയ തീയില്‍ അടച്ചു പാത്രം മൂടുക. ബ്ലോഗോ ചാറ്റോ എന്താന്നു വച്ചാല്‍ നടത്തിക്കോ, വീടു പൂട്ടി കറങ്ങാന്‍ ഇറങ്ങരുതെന്നു മാത്രം, കാരണം പരീക്ഷക്ക്‌ ഇന്‍വിജിലേറ്ററു പോകുമ്പോലെ ഇടക്കൊക്കെ പാത്രമൊന്നു പരിശോധിക്കണം.

ചിക്കന്‍ കഷണങ്ങള്‍ ചെറുതായി പൊടിഞ്ഞു തുടങ്ങുമ്പോള്‍ സംഭവം റെഡി. കുറച്ചു നേരം ആറാന്‍ വയ്ക്കുക, മസാല പിടിക്കാന്‍ നേരമെടുക്കും. ചപ്പാത്തി, ഖുബൂസ്‌, പറയാത്താ, ചോറ്‌ എന്തിലുമൊഴിക്കാം.

ശരിക്കും ഇതിന്‌ രുചിയുണ്ടോ അതോ തെരുവോരക്കടകളിലും ഷാപ്പിലും ചിലവിട്ട എന്റെ ചെറുപ്പത്തിന്റെ ഹാങ്ങോവര്‍ ആയ ന്യൂട്ടറിയന്‍ നൊവാള്‍ജിയ കൊണ്ട്‌ ഞാന്‍ തുള്ളുന്നതാണോ? പരീക്ഷിക്കുന്നവര്‍ അവരുടെ അഭിപ്രായം പറഞ്ഞാലേ എനിക്കത്‌ അറിയാനാവൂ.

[ഇത്‌ ന്യൂട്ടറിന്റെ ഒരു ലക്സ്വറി വേര്‍ഷന്‍ ആണ്‌. ഇക്കോണമി പാക്ക്‌
ഉണ്ടാക്കാന്‍ ബീഫ്‌ കഷണങ്ങള്‍, ചവ്വ്‌ തുടങ്ങിയതാണ്‌ ചേര്‍ക്കാറ്‌ കിഴങ്ങ്‌ മൈദാ തുടങ്ങി തിക്ക്‌ ഗ്രേവി സഹായികള്‍ ചേര്‍ത്ത്‌ ഈ അഞ്ഞൂറു ഗ്രാം ഇറച്ചിയെ ഹോട്ടലുകാര്‍ ഒരു വാര്‍പ്പ്‌ ന്യൂട്ടറാക്കും. എന്നാലല്ലേ ഫ്രീയാക്കാന്‍ പറ്റൂ.

ഈ ന്യൂട്ടര്‍ മാക്‌ഡോഗള്‍ ശാസനങ്ങള്‍ക്ക്‌ അനുസൃതമല്ല. എന്നാല്‍ മീറ്റ്‌ ലീനിങ്ങും ഗ്രേവിയാല്‍ നേര്‍പ്പിക്കലുമൊക്കെയായി ഒരു ലോ ഫാറ്റ്‌ മോരുകറിയോളം നിര്‍ദ്ദോഷിയാണ്‌. അമേരിക്കന്‍ ഹാര്‍ട്ട്‌ അസ്സോസിയേഷന്‍ നിശ്ചയിച്ച പരിധികള്‍ക്ക്‌ വളരെ താഴെയാണ്‌ ഇതിന്റെ കൊഴുപ്പളവ്‌. ഓക്സിഡേറ്റീവ്‌ സ്ട്രെസ്സിനും വളരെയൊന്നും ഇടമില്ല. ]

Saturday, November 25, 2006

ബീഫ് ഡബിള്‍ ഫ്രൈ

വേണ്ട സാധന സാമഗ്രികള്‍

1.ബീഫ് - 500 ഗ്രാം ( ഒന്നര ഇഞ്ച് കനത്തില്‍ കഷണിച്ചത്)
2.മുളകുപൊടി - 2 ടേബിള്‍‍ സ്പൂണ്‍.
3.മഞ്ഞള്‍ പൊടി - ½ ടേബിള്‍ സ്പൂണ്‍
4.മല്ലിപ്പൊടി - 2 ടേബിള്‍‍ സ്പൂണ്‍.
5.ഗരം മസാല - 1 ടേബിള്‍‍ സ്പൂണ്‍.
6.മുട്ട - 2 എണ്ണം
7.കോണ്‍ഫ്ലവര്‍ - 1 ടേബിള്‍ സ്പൂണ്‍
8.ഉപ്പ് - ആവശ്യത്തിന്
9.വലിയ ഉള്ളി - 1 (ചെറുതായി അരിഞ്ഞത്)
10.ഇഞ്ച്ചി - ഒന്നര ഇഞ്ചു കഷണം (ചെറുതായി നീളത്തിലരിഞ്ഞത്)
11.പച്ച മുളക് - നാലെണ്ണം ( നീളനായി പിളര്‍ന്നത്)
12.വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് - 1 ടേബിള്‍‍ സ്പൂണ്‍.
13.കുരുമുളക് - അര ടേബിള്‍‍ സ്പൂണ്‍.
14.ഫുഡ് കളര്‍(റെഡ്) - ആവശ്യത്തിന്
15.എണ്ണ - ആവശ്യത്തിന് ( വെളിച്ചെണ്ണയായാല്‍ നന്നാവും)
16.വേപ്പില - 2 കതിര്‍പ്പ്


ഉണ്ടാക്കേണ്ട വിധം

സ്കെയില്‍ വെച്ച് ബീഫ്(മാട്ടിറച്ചി) ഒന്നര ഇഞ്ച് നീളവും വീതിയുമുള്ള കഷണങ്ങളാക്കുക. കുക്കറെടുത്ത് കഴുകി വൃത്തിയാക്കിയ ബീഫും മുളകുപൊടിയും മഞ്ഞള്‍ പൊടിയും മല്ലിപ്പൊടിയും ഗരം മസാലയും വെളുത്തുള്ളി-ഇഞ്ച്ചി പേസ്റ്റും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി ഇടത്തരം തീയില്‍ 25 മിനിട്ട് വേവിക്കുക. തീ ഓഫ് ചെയ്ത് 10 മിനിട്ട് മാറ്റി വെയ്ക്കുക. പിന്നീട് കുക്കറിന്റെ അടപ്പ് മാറ്റി വെച്ച് നല്ല തീയില്‍ ബാക്കിയുള്ള വെള്ളം വറ്റിച്ചെടുക്കുക. ഇതിനെ ഒരു പത്തുമിനിട്ട് തണുക്കാന്‍ വെക്കുക. അതവിടെയിരുന്ന് റെസ്റ്റെടുക്കട്ടെ.
2 മുട്ട ഒരു ബൌളില്‍ ഇട്ട് ബീറ്റു ചെയ്യുക. അതിലേക്ക് കുരുമുളകും കോണ്‍ഫ്ലവറും പാകത്തിനു ഉപ്പും ( അധികമാവരുത് കാല്‍ ടേബിള്‍‍ സ്പൂണ്‍ മതിയാവും ) രണ്ടു തുള്ളി ഫുഡ് കളറും(കളര്‍ അധികമാവരുത് ഇളം ചുവപ്പേ ആകാവും) ചേര്‍ത്ത് മിക്സ് ചെയ്യുക. ഇപ്പോള്‍ ഇതൊരു ഇളം ചുവപ്പുള്ള മിശ്രിതമായിട്ടുണ്ടാകും.
ഫ്രയിംഗ് പാന്‍ എടുത്ത് വറുക്കാന്‍ പാകത്തില്‍ എണ്ണയെടുത്ത് (ഡീപ് ഫ്രൈ) ചൂടാക്കുക.
മാറ്റിവെച്ച ബീഫ് കുറെശ്ശെയെടുത്ത് തയ്യാറാക്കിവെച്ച മിശ്രിതത്തില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്ത് കോരിയെടുക്കുക.
അതിനുശേഷം ഫ്രയിംഗ് പാന്‍ ചൂടാകി ഒന്നര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കുക.അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന വലിയ ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ യഥാകൃമം ചേര്‍ത്തിളക്കി മൊരിഞ്ഞു വരുമ്പോള്‍ വേപ്പില ചേര്‍ക്കിക. ഇതിലേക്ക് വറുത്ത് കോരിവെച്ചിരിക്കുന്ന ബീഫും രണ്ടു നുള്ള് ഗരം മസാലയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ബീഫ് ഡബിള്‍ ഫ്രൈ റെഡി.

ചാവക്കാട് അരമന ബാറിലെ ഫാസ്റ്റ് മൂവിങ് ഐറ്റമാണിത്. ഇതിന്റെ പാചകവിധിയും അവരുടെ തന്നെ. ഉണ്ടാക്കി നോക്കി അഭിപ്രായം പറയുമല്ലോ.

Tuesday, November 21, 2006

പത്തിരി

നിറപറ പത്തിരിപ്പൊടി- 2 ഗ്ലാസ്സ്‌
വെള്ളം-2 ഗ്ലാസ്സ്‌
ഉപ്പ്‌-ആവശ്യത്തിന്‌

ഉണ്ടാക്കേണ്ട വിധം:വെള്ളം പാത്രത്തിലൊഴിച്ച്‌ അടുപ്പത്ത്‌ വെച്ച്‌ തിളപ്പിക്കുക.തിളച്ചു തുടങ്ങുമ്പോള്‍ ഉപ്പിട്ട്‌ തീ കുറക്കുക.അരിപ്പൊടി വെള്ളത്തിലേക്ക്‌ ഇട്ട്‌ നല്ല വണ്ണം ഇളക്കുക.വെള്ളം വറ്റിയാല്‍ പാത്രം അടുപ്പില്‍ നിന്നിറക്കി പൊടി ഒരു പരന്ന പാത്രത്തിലേക്കിട്ട്‌ നല്ല വണ്ണം കുഴയ്ക്കുക.പൊടി ചൂടാറുന്നതിന്‌ മുമ്പ്‌ കുഴയ്ക്കണം.നല്ല മയം വരുന്നത്‌ വരെ കുഴച്ച്‌ പൊടി ഉരുളകളാക്കുക.ഓരോ ഉരുളകളും പലകയിലോ പ്രസ്സിലോ വെച്ച്‌ കനം കുറച്ച്‌ പരത്തുക.

എണ്ണമയം ഇല്ലാത്ത ചട്ടി ചൂടാകുമ്പോള്‍ പത്തിരി ചട്ടിയി‌ലേക്ക് ഇടുക.(പരത്തുമ്പോള്‍ മുകളിലായിരുന്ന വശം തന്നെ ചട്ടിയിലിടുമ്പോഴും മുകളില്‍ വരാന്‍ ശ്രദ്ധിയ്ക്കുക).പത്തിരി ചെറുതായി ചൂടാകുമ്പോള്‍ മറിച്ചിടുക.രണ്ട്‌ നിമിഷത്തിനു ശേഷം ഒന്നു കൂടി തിരിച്ചിടുക.ഭാഗ്യമുണ്ടെങ്കില്‍ കുറച്ച്‌ കഴിയുമ്പോള്‍ പത്തിരിയുടെ മുകള്‍ വശം പൊന്തി വരും.അപ്പോള്‍ ചട്ടിയില്‍ നിന്നും എടുത്ത്‌ ചൂടാറാന്‍ വെക്കുക.പത്തിരി മുട്ടക്കറി കൂട്ടി കഴിക്കാം.

ബാച്ചിലേഴ്സിന്‌:ഇതു നിങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണിയല്ല.

വിവാഹിതര്‍ക്ക്‌:ഭാര്യമാര്‍ ഇത്ര കഷ്ടപ്പെട്ടുണ്ടാക്കുന്ന പത്തിരികളാണ്‌ നിങ്ങള്‍ നിമിഷനേരം കൊണ്ട്‌ വെട്ടി വിഴുങ്ങുന്നത്‌.