Saturday, November 25, 2006

ബീഫ് ഡബിള്‍ ഫ്രൈ

വേണ്ട സാധന സാമഗ്രികള്‍

1.ബീഫ് - 500 ഗ്രാം ( ഒന്നര ഇഞ്ച് കനത്തില്‍ കഷണിച്ചത്)
2.മുളകുപൊടി - 2 ടേബിള്‍‍ സ്പൂണ്‍.
3.മഞ്ഞള്‍ പൊടി - ½ ടേബിള്‍ സ്പൂണ്‍
4.മല്ലിപ്പൊടി - 2 ടേബിള്‍‍ സ്പൂണ്‍.
5.ഗരം മസാല - 1 ടേബിള്‍‍ സ്പൂണ്‍.
6.മുട്ട - 2 എണ്ണം
7.കോണ്‍ഫ്ലവര്‍ - 1 ടേബിള്‍ സ്പൂണ്‍
8.ഉപ്പ് - ആവശ്യത്തിന്
9.വലിയ ഉള്ളി - 1 (ചെറുതായി അരിഞ്ഞത്)
10.ഇഞ്ച്ചി - ഒന്നര ഇഞ്ചു കഷണം (ചെറുതായി നീളത്തിലരിഞ്ഞത്)
11.പച്ച മുളക് - നാലെണ്ണം ( നീളനായി പിളര്‍ന്നത്)
12.വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് - 1 ടേബിള്‍‍ സ്പൂണ്‍.
13.കുരുമുളക് - അര ടേബിള്‍‍ സ്പൂണ്‍.
14.ഫുഡ് കളര്‍(റെഡ്) - ആവശ്യത്തിന്
15.എണ്ണ - ആവശ്യത്തിന് ( വെളിച്ചെണ്ണയായാല്‍ നന്നാവും)
16.വേപ്പില - 2 കതിര്‍പ്പ്


ഉണ്ടാക്കേണ്ട വിധം

സ്കെയില്‍ വെച്ച് ബീഫ്(മാട്ടിറച്ചി) ഒന്നര ഇഞ്ച് നീളവും വീതിയുമുള്ള കഷണങ്ങളാക്കുക. കുക്കറെടുത്ത് കഴുകി വൃത്തിയാക്കിയ ബീഫും മുളകുപൊടിയും മഞ്ഞള്‍ പൊടിയും മല്ലിപ്പൊടിയും ഗരം മസാലയും വെളുത്തുള്ളി-ഇഞ്ച്ചി പേസ്റ്റും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി ഇടത്തരം തീയില്‍ 25 മിനിട്ട് വേവിക്കുക. തീ ഓഫ് ചെയ്ത് 10 മിനിട്ട് മാറ്റി വെയ്ക്കുക. പിന്നീട് കുക്കറിന്റെ അടപ്പ് മാറ്റി വെച്ച് നല്ല തീയില്‍ ബാക്കിയുള്ള വെള്ളം വറ്റിച്ചെടുക്കുക. ഇതിനെ ഒരു പത്തുമിനിട്ട് തണുക്കാന്‍ വെക്കുക. അതവിടെയിരുന്ന് റെസ്റ്റെടുക്കട്ടെ.
2 മുട്ട ഒരു ബൌളില്‍ ഇട്ട് ബീറ്റു ചെയ്യുക. അതിലേക്ക് കുരുമുളകും കോണ്‍ഫ്ലവറും പാകത്തിനു ഉപ്പും ( അധികമാവരുത് കാല്‍ ടേബിള്‍‍ സ്പൂണ്‍ മതിയാവും ) രണ്ടു തുള്ളി ഫുഡ് കളറും(കളര്‍ അധികമാവരുത് ഇളം ചുവപ്പേ ആകാവും) ചേര്‍ത്ത് മിക്സ് ചെയ്യുക. ഇപ്പോള്‍ ഇതൊരു ഇളം ചുവപ്പുള്ള മിശ്രിതമായിട്ടുണ്ടാകും.
ഫ്രയിംഗ് പാന്‍ എടുത്ത് വറുക്കാന്‍ പാകത്തില്‍ എണ്ണയെടുത്ത് (ഡീപ് ഫ്രൈ) ചൂടാക്കുക.
മാറ്റിവെച്ച ബീഫ് കുറെശ്ശെയെടുത്ത് തയ്യാറാക്കിവെച്ച മിശ്രിതത്തില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്ത് കോരിയെടുക്കുക.
അതിനുശേഷം ഫ്രയിംഗ് പാന്‍ ചൂടാകി ഒന്നര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കുക.അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന വലിയ ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ യഥാകൃമം ചേര്‍ത്തിളക്കി മൊരിഞ്ഞു വരുമ്പോള്‍ വേപ്പില ചേര്‍ക്കിക. ഇതിലേക്ക് വറുത്ത് കോരിവെച്ചിരിക്കുന്ന ബീഫും രണ്ടു നുള്ള് ഗരം മസാലയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ബീഫ് ഡബിള്‍ ഫ്രൈ റെഡി.

ചാവക്കാട് അരമന ബാറിലെ ഫാസ്റ്റ് മൂവിങ് ഐറ്റമാണിത്. ഇതിന്റെ പാചകവിധിയും അവരുടെ തന്നെ. ഉണ്ടാക്കി നോക്കി അഭിപ്രായം പറയുമല്ലോ.

5 comments:

കുട്ടന്മേനൊന്‍::KM said...

ഒരു പാചക വിധി കൂടി ചേര്‍ക്കുന്നു. ‘ബീഫ് ഡബിള്‍ ഫ്രൈ‘. പ്രഷറും കൊളസ്ട്രോളുമില്ലാത്ത നല്ല വീശുകാര്‍ക്ക് ശ്രമിക്കാം.

മുസാഫിര്‍ said...

മേന്‍‌നേ,ഇതു വായിക്കുമ്പൊള്‍ തന്നെ ഉല്‍പ്പന്നം (end product)മനക്കണ്ണില്‍ കാണാന്‍ പറ്റുന്നുണ്ട്.സാധാരണ ഗതിയില്‍ വീട്ടില്‍ ഉണ്ടാക്കിക്കിട്ടാന്‍ ബുദ്ധിമുട്ടാണു.(ബിഫ്-ഫ്രൈ-കൊഴിമുട്ട- 3 അയ്യയ്യോ) വല്ല പാര്‍ട്ടി ഉണ്ടാവുമ്പോള്‍ നോക്കാം.

Anonymous said...

മേന്ന്നേ,

ബീപിയും കൊളസ്റ്റെറോളും പടിവാതിലില്‍ ഉള്ളതിനാല്‍ ബീഫ് അധികം പയറ്റാരില്ല, ഈയിടെ.

ഈ മുട്ടയും കോണ്‍ഫ്ലവറും കളറും ഒഴിവാക്കി, വെള്ളം പറ്റിച്ചെടുത്ത ശേഷം, ഉള്ളിയുടെ എണ്ണം കൂട്ടി, അര മുറി തേങ്ങ കൂടി കുരുകുരാ അരിഞ്ഞിട്ട് വഴറ്റിയെടുത്താല്‍, തനി നാടന്‍ ആകില്ലേ?

അല്ലാ, അരമന വേറെ, അടുക്കള വേറെ!

കുട്ടന്മേനൊന്‍::KM said...

മുസാഫിര്‍ജി : ബീഫിലെ കൊഴുപ്പ് കുറയക്കാന്‍ ഒരു കാര്യം ചെയ്തു നോക്കാം. അതായത് ബീഫ് നുറുക്കി വാവട്ടം കുറഞ്ഞ പാത്രത്തില്‍ നന്നായി വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ മുകളില്‍ പതഞ്ഞു വരുന്ന സാധനം ഒരു സ്പൂണ്‍ കൊണ്ട് എടുത്തു മാറ്റുക. പിന്നീട് കറിവെച്ചാല്‍ ഫാറ്റ് കുറഞ്ഞുകിട്ടും.
കൈതമുള്ള് : അങ്ങനെ വെച്ചാല്‍ ഡബിള്‍ ഫ്രൈ ആവില്ലല്ലോ.

അഗ്രജന്‍ said...

ഹിഹി...പ്രഷറും കൊളസ്ട്രോളുമില്ലാത്ത നല്ല വീശുകാരോ! നല്ല വീശുകാര്‍ക്ക് വേണ്ട ലക്ഷണമൊന്നുമില്ലാത്ത നല്ല വീശുകാരോ :)കേറാത്ത ബാറൊന്നുല്യാ... ല്ലേ മേന്ന്നേ ;)