Monday, November 27, 2006

ന്യൂട്ടര്‍


ന്യൂട്ടറെന്ന പദത്തിനെന്തര്‍ത്ഥം?
ന്യൂട്ടര്‍ എന്ന സ്ലാങ്ങ്‌ പദത്തിനു കൊല്ലത്തെയര്‍ത്ഥം കഴമ്പില്ലാത്തത്‌, അങ്ങുമിങ്ങും തൊടാത്തത്‌, പ്രത്യേകിച്ച്‌ വാല്യൂ അഡിഷന്‍ നടത്താന്‍ കെല്‍പ്പില്ലാത്തത്‌ എന്നൊക്കെ. "പരീക്ഷക്ക്‌ ചോദിച്ച മൂന്ന് എസ്സേയെക്കുറിച്ചും എനിക്കൊന്നുമറിയില്ലായിരുന്നു, പിന്നെ എതാണ്ടൊക്കെ ന്യൂട്ടറടിച്ചു വച്ചേച്ചു പോന്നു." "പുള്ളീടെ പ്രസംഗം വെറും ന്യൂട്ടറാടാ." "മാണി അവതരിപ്പിച്ചത്‌ ഒരുമാതിരി ന്യൂട്ടറു ബഡ്ജറ്റാണല്ലോടേ". "ഇടമയലാര്‍ പ്രശ്നത്തില്‍ അണ്ണന്‍ ഒരു സ്റ്റാന്‍ഡ്‌ എടുത്തേ ചുമ്മാ ന്യൂട്ടറടിക്കാതെ.." എന്നൊക്കെ വാക്യത്തില്‍ പ്രയോഗിക്കാം.

പാവപ്പെട്ടവന്റെ ന്യൂട്ടറടിക്കല്‍
ഷാപ്പിലും കൊച്ചു ഹോട്ടലിലുമൊക്കെ നമ്മള്‍ കയറി "മൂന്നു പൊറോട്ടാ.." എന്നു പറയുമ്പോള്‍ വിളമ്പുകാരന്‍ "കൂടെ കറിയെന്ത്വാ വേണ്ടെ സാറേ? കോഴിക്കറി, ആട്ടിറച്ചി, 'ബീ' ഫ്രൈ, ലിവറ്‌, കൊക്ക്‌, തവള..." എന്നൊരന്തമില്ലാത്ത ലിസ്റ്റ്‌ നിരത്തും. ഓട്ടക്കീശക്കാര്‍ ഞങ്ങള്‍ മുഖവും സ്വരവും ഒരുപോലെ താഴ്ത്തി മൃദുവായി പറയും.."ന്യൂട്ടറ്‌ മതി"
"ഇയ്യാക്ക്‌ മൂന്നു പൊറോട്ടാ ന്യൂട്ടറേ.." എന്നു കൂവി പൊതുജന സമക്ഷം നമ്മളെ നാറ്റി വിളമ്പുകാരന്‍ കയറിപ്പോകും. സാറന്മാരല്ലാത്ത വെറും ഇയ്യാളുമരുടെ കറി- ന്യൂട്ടറ്‌. അതിനു പ്രത്യേകിച്ച്‌ ചാര്‍ജ്ജില്ല. പൊറോട്ടക്കും ചപ്പാത്തിക്കും കപ്പക്കുമൊപ്പം സാമ്പാര്‍ വിളമ്പാനൊക്കാത്തതുകാരണം സാധുക്കള്‍ക്കായി ദൈവം തന്ന ഒരാള്‍ട്ടര്‍നേറ്റീവ്‌- ഒന്നോ രണ്ടോ ചെറിയ കഷണം ഇറച്ചി, കുറേ സവാള, ദരിദ്രയില്ലത്തെ യവാഗുവിനെക്കാള്‍ നീണ്ട ചാറ്‌. ഇത്‌ ന്യൂട്ടര്‍.

ബാച്ചി ജീവിതത്തില്‍ ന്യൂട്ടറിന്റെ പ്രസക്തി
ഒഴിച്ചു കറിയും കൂട്ടാനുമടക്കം ചോറു വയ്ക്കാന്‍ മൂന്നാലു മണിക്കൂര്‍ എടുക്കുന്നു പണ്ടാരം. ന്യൂട്ടര്‍ ഇതിനു രണ്ടിനും ഉതകും. കുറച്ച്‌ ഇറച്ചി മതിയെന്നതിനാല്‍ 'മാംസദാഹം' ഉള്ളവര്‍ക്ക്‌ വലിയ ദോഷം ചെയ്യാതെയും കൂടുതല്‍ എണ്ണയും വറുക്കലും ഇല്ലാതെയും ആശ പൂര്‍ത്തീകരിക്കാം. അടുപ്പിന്‍ മൂട്ടില്‍ നിന്ന് ഇളക്കിക്കൊണ്ടിരിക്കാതെ കറി അടുപ്പില്‍ കേറ്റി വച്ചിട്ട്‌ വന്ന് ബ്ലോഗെഴുതാം. ഒരു റിലീസ്‌ രണ്ടു മൂന്നു ദിവസം ഓടിക്കോളും. ന്യൂട്ടറിന്റെ വലിപ്പം വിലയില്ലായ്മ മാത്രമല്ല!

ന്യൂട്ടറിന്റെ ചേരുവകകള്‍ കണ്ട കടച്ചാണിയും വെട്ടിക്കൂട്ടുമൊക്കെയാണ്‌. അതിനാല്‍ ഒരു പരിഷ്കരിച്ച പതിപ്പ്‌ ഉണ്ടാക്കാം നമുക്ക്‌.

ചേരുവകള്‍:
ചിക്കന്‍ ബ്രെസ്റ്റ്‌ ചെറിയ കഷണമാക്കിയത്‌ അല്ലെങ്കില്‍ ക്യൂബ്സ്‌ - 500 ഗ്രാം.
സവാള- 500 ഗ്രാം
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി മൂന്ന് അല്ലി
കറിവേപ്പില രണ്ട്‌ തണ്ട്‌
ചിക്കന്‍ മസാല - 3 ടേബിള്‍ സ്പൂണ്‍
മുളകുപൊടി മുക്കാല്‍ ടേ സ്പൂ
മഞ്ഞള്‍ അര ടേ സ്പൂ.
അര മുറി ഇടത്തരം തക്കാളി.
ഉപ്പ്‌- ആവശ്യത്തിന്‌

പാചകം:

ചിക്കന്‍ ഒരു സ്റ്റീമറിലോ ഗ്രില്ലിലോ ഒന്നു ചൂടാക്കിയാല്‍
മിച്ചമുള്ള കൊഴുപ്പും പോയിക്കിട്ടും (പനക്കു ചോറു തടിയില്‍, ചിക്കനു ഫാറ്റ്‌ തൊലിക്കടിയില്‍ എന്ന് ദേവവാക്യം)

കുറച്ച്‌ ഒലിവെണ്ണ (ലൈറ്റ്‌ വെര്‍ജിന്‍ ക്രഷ്‌) ചൂടാക്കി (നോണ്‍ സ്റ്റിക്ക്‌ പാത്രമാണെങ്കില്‍ വളരെ കുറച്ചു മതി)സവാളയിഞ്ചിവെള്ളുള്ളികള്‍ അതില്‍ വഴറ്റുക. ഇടക്ക്‌ വല്ലാതെ ഉണങ്ങിപ്പോകുന്നെന്നു തോന്നിയാല്‍ കുറച്ചു വെള്ളം തളിച്ചാല്‍ മതി ശരിയായിക്കോളും.

ഇത്‌ ഒരു ഇളം ഗോള്‍ഡന്‍ ബ്രൌണ്‍ (പച്ചമലയാള പ്രസ്ഥാനക്കാരു ക്ഷമിക്കണേ) നിറമാകുമ്പോള്‍ പൊടികള്‍ എല്ലാം ഇട്ട്‌ കുറച്ച്‌ വെള്ളം തൂകി വഴറ്റുക. ശേഷം കോഴിയിറച്ചിയും ചേര്‍ത്ത്‌ കുറച്ചു കൂടി വഴറ്റുക.

ഇനിയെല്ലാം സിമ്പിള്‍. 4 ഗ്ലാസ്‌ നിറയേ വെള്ളം ചേര്‍ക്കുക, കറിവേപ്പിലയും തക്കാളിയും ഇടുക. "ഇന്‍ഷാള്ളാ ശരിയായി വരും" എന്നൊരു വിശ്വാസം വരുന്നയത്രയും ഉപ്പു ചേര്‍ക്കുക. ചെറിയ തീയില്‍ അടച്ചു പാത്രം മൂടുക. ബ്ലോഗോ ചാറ്റോ എന്താന്നു വച്ചാല്‍ നടത്തിക്കോ, വീടു പൂട്ടി കറങ്ങാന്‍ ഇറങ്ങരുതെന്നു മാത്രം, കാരണം പരീക്ഷക്ക്‌ ഇന്‍വിജിലേറ്ററു പോകുമ്പോലെ ഇടക്കൊക്കെ പാത്രമൊന്നു പരിശോധിക്കണം.

ചിക്കന്‍ കഷണങ്ങള്‍ ചെറുതായി പൊടിഞ്ഞു തുടങ്ങുമ്പോള്‍ സംഭവം റെഡി. കുറച്ചു നേരം ആറാന്‍ വയ്ക്കുക, മസാല പിടിക്കാന്‍ നേരമെടുക്കും. ചപ്പാത്തി, ഖുബൂസ്‌, പറയാത്താ, ചോറ്‌ എന്തിലുമൊഴിക്കാം.

ശരിക്കും ഇതിന്‌ രുചിയുണ്ടോ അതോ തെരുവോരക്കടകളിലും ഷാപ്പിലും ചിലവിട്ട എന്റെ ചെറുപ്പത്തിന്റെ ഹാങ്ങോവര്‍ ആയ ന്യൂട്ടറിയന്‍ നൊവാള്‍ജിയ കൊണ്ട്‌ ഞാന്‍ തുള്ളുന്നതാണോ? പരീക്ഷിക്കുന്നവര്‍ അവരുടെ അഭിപ്രായം പറഞ്ഞാലേ എനിക്കത്‌ അറിയാനാവൂ.

[ഇത്‌ ന്യൂട്ടറിന്റെ ഒരു ലക്സ്വറി വേര്‍ഷന്‍ ആണ്‌. ഇക്കോണമി പാക്ക്‌
ഉണ്ടാക്കാന്‍ ബീഫ്‌ കഷണങ്ങള്‍, ചവ്വ്‌ തുടങ്ങിയതാണ്‌ ചേര്‍ക്കാറ്‌ കിഴങ്ങ്‌ മൈദാ തുടങ്ങി തിക്ക്‌ ഗ്രേവി സഹായികള്‍ ചേര്‍ത്ത്‌ ഈ അഞ്ഞൂറു ഗ്രാം ഇറച്ചിയെ ഹോട്ടലുകാര്‍ ഒരു വാര്‍പ്പ്‌ ന്യൂട്ടറാക്കും. എന്നാലല്ലേ ഫ്രീയാക്കാന്‍ പറ്റൂ.

ഈ ന്യൂട്ടര്‍ മാക്‌ഡോഗള്‍ ശാസനങ്ങള്‍ക്ക്‌ അനുസൃതമല്ല. എന്നാല്‍ മീറ്റ്‌ ലീനിങ്ങും ഗ്രേവിയാല്‍ നേര്‍പ്പിക്കലുമൊക്കെയായി ഒരു ലോ ഫാറ്റ്‌ മോരുകറിയോളം നിര്‍ദ്ദോഷിയാണ്‌. അമേരിക്കന്‍ ഹാര്‍ട്ട്‌ അസ്സോസിയേഷന്‍ നിശ്ചയിച്ച പരിധികള്‍ക്ക്‌ വളരെ താഴെയാണ്‌ ഇതിന്റെ കൊഴുപ്പളവ്‌. ഓക്സിഡേറ്റീവ്‌ സ്ട്രെസ്സിനും വളരെയൊന്നും ഇടമില്ല. ]

9 comments:

ദേവന്‍ said...

“ശരിക്കും ഇതിന്‌ രുചിയുണ്ടോ അതോ തെരുവോരക്കടകളിലും ഷാപ്പിലും ചിലവിട്ട എന്റെ ചെറുപ്പത്തിന്റെ ഹാങ്ങോവര്‍ ആയ ന്യൂട്ടറിയന്‍ നൊവാള്‍ജിയ കൊണ്ട്‌ ഞാന്‍ തുള്ളുന്നതാണോ? പരീക്ഷിക്കുന്നവര്‍ അവരുടെ അഭിപ്രായം പറഞ്ഞാലേ എനിക്കത്‌ അറിയാനാവൂ“

പരീക്ഷിക്കൂ, അഭിപ്രായങ്ങളില്‍ സഭ്യമായതെന്തും ഇവിടെ എഴുതൂ ബാക്കിയുള്ളത് മെയിലില്‍ എനിക്കയച്ചാല്‍ മതി!

വക്കാരിമഷ്‌ടാ said...

ഹയ്യോ അപ്പോള്‍ ഇതാണോ ന്യൂട്ടര്‍.

ഇപ്പഴല്ലേ ടെക്ക്‍നിക്ക് പിടികിട്ടിയത്. അപ്പോള്‍ ഞാനുണ്ടാക്കുന്ന സാമ്പാറും മോരുകറിയും എല്ലാം ന്യൂട്ടറുതന്നെ. എല്ലാത്തിന്റെയും പ്രിപ്പറേഷന്‍ മെതേഡ് സേം-ഇതുപോലെ.

ശ്ശോ...

കുറുമാന്‍ said...

ഇതു പരീക്ഷിച്ചട്ടു തന്നെ കാര്യം. നന്നായാല്‍ കുറച്ച് പാഴ്സലായി ഗിസൈസിലേക്ക് കൊണ്ടു വരാം ദേവേട്ടാ, അഥവാ നന്നായില്ലെങ്കില്‍, കറിക്കലം മൊത്തമായും ഞാന്‍ ഗിസൈസിലേക്ക് കൊണ്ടുവരാം :)

കുട്ടന്മേനൊന്‍::KM said...

ഇതിന്റെ മറ്റൊരു രൂപം ഞാന്‍ പരീക്ഷിക്കാറുണ്ട്. ഇതിലെ ചേരുവകകളെല്ലാം കൂടി (കൂടെ ഒരു കിഴങ്ങും) ഒരു കുക്കറിലാക്കി ഒരു ‘ശ്ശീ’ വരുന്നതുവരെ വേവിച്ച് ഇറക്കിവെച്ച് അര വലിയ ഉള്ളി ഇതില്‍ മൊരിയിച്ചിട്ട് ഒരു കറി. ഇതിലും എണ്ണ വളരെ കുറവുമതി.

അതുല്യ said...

ദേവഗുരുവേ ഒരു ചംചയം...

ഇത്‌ ഒഴിക്കുമ്പോ ദേ... പിടിച്ചോണേ എന്നൊക്കെ ഒരു ആപ്തവാക്യം പറയണോ
അതോ പ്ലേറ്റിനൊക്കെ നമ്മള്‍ കിണറിനു ഭിത്തി കെട്ടണ പോലെ ഒരു നാലു ഇഷ്ടിക വച്ച്‌ കെട്ടണോ
അതോ പാത്രത്തില്‍ തോര്‍ത്ത്‌ ഇട്ട്‌ മുക്കി പിഴിയണോ?

അഗ്രജന്‍ said...

ന്യൂട്ടര്‍ വായിച്ചിട്ടിഷ്ടായി :)

ഉണ്ടാക്കുന്നത് കുറുമാന്‍ ചെമ്പടക്കമാണോ ഖിസൈസിലോട്ട് വരുന്നതെന്ന് അറിഞ്ഞതിന് ശേഷം മാത്രം :)

‘നന്നായാല്‍ ഇത്തിരിയും മോശമായാല്‍ ചെമ്പടക്കവും’ ഇത് വായിച്ചിട്ട് കുറേ ചിരിച്ചു കുറുമാനേ - തകര്‍പ്പന്‍ കമന്‍റ് :)

ഷിജു അലക്സ്‌‌: :Shiju Alex said...

ഇന്ന് ഈ ബാച്ചി “ന്യൂട്ടര്‍“ ഒന്നു പരീക്ഷിക്കാന്‍ പോകുവാ.

ഡാലി said...

തേവര്‍ മകനേ, ഇതൊരു പാചക കുറിപ്പണോയപ്പാ!
ഞങ്ങള്‍ടെ തൃശ്ശൂര്‍ നാട്ടില്‍ ഇതിനെ മല്ലിച്ചാറ് എന്ന് പറയും. 3 സ്പൂണ്‍ മല്ലിപൊടി ഇട്ടീട്ട് ഗരം മസാല പേരിനൊരു മണത്തിനിടും. ബീഫ്, ചിക്കന്‍ ഇത്യാദി ഒന്നും ഇട്ടിലെങ്കിലും ഇവന്‍ കേമനാ. മല്ലിയിട്ടാല്‍ ചാറ് ഇത്തിരി കുറുകിയിരിക്കും. ആരോഗ്യത്തിന്‍ ഗരം മസാലയേക്കാള്‍ നല്ലത് എന്ന് അമ്മ തിയറി

വിചാരം said...

നാട്ടിലെത്തി ഒരു കൈ നോക്കാം .. ദേവേട്ടനേയും വിളിക്കാം .. എന്താ ഇത് പരീക്ഷിക്കാം വര്യോ?