Thursday, September 27, 2007

താറാവു കറി

ചേരുവകള്‍

ചെറിയതായി കഷ്ണിച്ച് താറാവ് 1 കിലോ

സാമാന്യം വലിയ തേങ്ങ ചിരണ്ടിയത്‌ 1
തേങ്ങ നുറുക്കിയത്‌ 3 റ്റീസ്പൂണ്‍

മല്ലിപ്പൊടി 3 റ്റീസ്പൂണ്‍

വറ്റല്‍ മുളക്‌ 5 എണ്ണം/രുചിക്ക്‌

പച്ചമുളക്‌ 5 എണ്ണം/രുചിക്ക്

‌കുരുമുളക്‌ അര റ്റീസ്പൂണ്‍/രുചിക്ക്‌

ഇറച്ചി മസാല അര റ്റീസ്പൂണ്‍(മസാലപ്പൊടിക്കു പകരം മസാലക്കൂട്ടുപയോഗിച്ചാല്‍ നല്ലതാവും)

മഞ്ഞള്‍ പോടി അര റ്റീസ്പൂണ്‍

‍ചെറിയ ഉള്ളി അര കിലോ

വെളുത്തുള്ളി 20 അല്ലി

ഇഞ്ചി ഒരിഞ്ച്‌ നീളത്തില്‍

‍കറിവേപ്പില 2 തണ്ട്‌

കടുക്‌ ഒരു റ്റീസ്പൂണ്‍


‍ഉണ്ടാക്കുന്ന വിധം.

കഴുകി വച്ച ഇറച്ചിയില്‍ മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക.ചുരണ്ടിയ തേങ്ങയും വറ്റല്‍ മുളകും കട്ടിയുള്ള ഒരു ചട്ടിയില്‍ ചെറു തീയില്‍ ഒരു റ്റീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച്‌ വറുത്തു തുടങ്ങുക. നല്ലോണ്ണം ഇളക്കണം.തേങ്ങ സ്വര്‍ണ്ണ നിറം വിട്ട്‌ ബോണ്‍വിറ്റ പോലാകും മുന്‍പ്‌ വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍കണം. ബോണ്‍വിറ്റ പോലെ ആയാല്‍, തീ കെടുത്തുക, മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഒരു തണ്ട്‌ കറിവേപ്പില എന്നിവ്‌ ചേര്‍ത്ത്‌ ഇളക്കുക. ചട്ടിയുടെ കട്ടിയനുസരിച്ച്‌ കൂടുതല്‍ സമയം ഇളക്കണം. ഒന്നു തണുത്തതിനു ശേഷം അധികം വെള്ളമൊഴിക്കാതെ മയത്തില്‍ അരച്ചെടുക്കുക.


ചട്ടിയില്‍ എണ്ണയൊഴിച്ച്‌ അത്ര ചെറുത്താക്കാത്ത ഉള്ളിയും പച്ചമുളകും വറുത്ത്‌ സ്വര്‍ണ്ണ നിറമാകുമ്പോള്‍ ചട്ടിയുടെ വശത്തേക്കു നീക്കി വച്ച്‌ ഊറി വരുന്ന എണ്ണയില്‍ കടുക്‌ പൊട്ടിക്കുക, ഒരു തണ്ട്‌ കറിവേപ്പിലയും, മഞ്ഞള്‍ പുരട്ടി വച്ചിരിക്കുന്ന ഇറച്ചിയും അരച്ചു വച്ചിരിക്കുന്ന തേങ്ങയും, നുറുക്കി വച്ചിരിക്കുന്ന തേങ്ങയും, ആവശ്യത്തിന്‌ ഉപ്പും, ഒരു ഗ്ലാസ്സ് (ആവശ്യത്തിന്) വെള്ളവും ചേര്‍ത്തിളക്കുക. താറാവിന്റെ പ്രായമനുസരിച്ച് വേവ് കൂടും! ചോറിനോ കപ്പയ്ക്കോ ആണങ്കില്‍ അല്‍പ്പം ചാറ്‌ നിര്‍ത്താം.

Wednesday, August 15, 2007

ഒരു സിമ്പിള്‍ ഓണസ്സദ്യ.

പരിപ്പ്‌, സാമ്പാര്‍, അവിയല്‍, തോരന്‍, പച്ചടി, പായസം..
(നാലു പേര്‍ക്ക്‌ ഏമ്പക്കം വിടുവാന്‍)

പരിപ്പ്‌

ചെറുപയര്‍ പരിപ്പ്‌ ഒരു കപ്പ്‌
തേങ്ങ ചുരണ്ടിയത്‌ ഒരു കപ്പ്‌
വെളുത്തുള്ളി രണ്ട്‌ അല്ലി
കറിവേപ്പില ഒരു തണ്ട്‌
മഞ്ഞള്‍ പൊടി കാല്‍ റ്റീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

പരിപ്പ്‌ ഉടയുന്നതു വരെ വേവിക്കുക,വെള്ളമധികം പാടില്ല.തേങ്ങയും മറ്റ്ചേരുവകളും നേര്‍മ്മയായി അരച്ചെടുക്കണം. വെന്ത പരിപ്പിലേക്ക്‌ അരപ്പും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്തിളക്കിയെടുക്കാം. കടുകു വറുക്കാതെയോ അല്ലാതെയോ ഉപയോഗിക്കാം.

സാമ്പാര്‍

‍തുവരപ്പരിപ്പ്‌ അര കപ്പ്‌
പച്ചക്കറികള്‍ ഒരിഞ്ച്‌
ചതുരങ്ങളാക്കിയത്‌ (വെള്ളരിക്ക, കുമ്പളങ്ങ, ചേന,വെണ്ടയ്ക്ക, മുരിങ്ങയ്ക്ക. എല്ലാം 100 ഗ്രാം വീതം)പച്ചമുളക്‌ രണ്ടെണ്ണം
*മല്ലി നാലു റ്റീസ്പൂണ്‍
*ഉണക്ക മുളക്‌ അഞ്ചെണ്ണം
*ഉലുവ കാല്‍ റ്റീസ്പൂണ്‍
*കടലപ്പരിപ്പ്‌ ഒരു റ്റീസ്പൂണ്‍
*മഞ്ഞള്‍പ്പൊടി അര റ്റീസ്പൂണ്‍
* എല്ലാം നേര്‍മ്മയായി അരച്ചെടുക്കണം
പാല്‍ക്കായം കാല്‍ റ്റീസ്പൂണ്‍ (വെള്ളത്തില്‍ അലിയിക്കുക)
കറിവേപ്പില രണ്ട്‌ തണ്ട്‌
വാളന്‍ പുളി ഒരു വലിയ നെല്ലിക്ക വെലുപ്പ്പ്പത്തില്‍
ഉപ്പ്‌ ആവശ്യത്തിന്‌

തുവരപ്പരിപ്പ്‌ നല്ലോണ്ണം വേവിക്കുക, അരപ്പും ബാക്കി ചേരുവകളെല്ലാം കൂട്ടി ചേര്‍ത്ത്‌ വേവിച്ച്‌ കടുകു വറുത്തെടുക്കാം.

അവിയല്‍

ചേന, കായ, പയര്‍, മുരിങ്ങയ്ക്ക, വെള്ളരിക്ക. എല്ലാം 100 ഗ്രാം വീതം നീളത്തിലരിഞ്ഞത്‌
പച്ചമാങ്ങ ഒരെണ്ണം/പുളിച്ച തൈര്‌ ഒരു കപ്പ്‌.
പച്ചമുളക്‌ രണ്ടെണ്ണം
*തേങ്ങ ചുരണ്ടിയത്‌ രണ്ട്‌ കപ്പ്‌
*ജീരകം കാല്‍ റ്റീസ്പൂണ്‍
*മഞ്ഞള്‍പ്പൊടി അര റ്റീസ്പൂണ്‍
*ഉണക്ക മുളക്‌ രണ്ടെണ്ണം
*ചെറിയ ഉള്ളി നാലെണ്ണം
*കറിവേപ്പില ഒരു തണ്ട്‌
* എല്ലാം ചതച്ചെടുക്കണം
വെളിച്ചെണ്ണ ഒരു റ്റീസ്പൂണ്‍

പച്ചക്കറികള്‍ ഉപ്പിട്ട്‌ വേവിച്ച്‌ വെള്ളം വറ്റിക്കണം. നടുക്ക്‌ ഒരു കുഴിയുണ്ടാക്കി അരപ്പ്‌ ചേര്‍ത്ത്‌ മൂടി തീ കുറയ്ക്കുക. പത്ത്‌ മിനുട്ടിനു ശേഷം ഇളക്കി വെളിച്ചെണ്ണയൊഴിച്ച്‌ എടുക്കാം.

തോരന്‍

പയര്‍ (ബീന്‍സ്‌,അച്ചിങ്ങ)/ കാബേജ്‌ / പടവലങ്ങ / കായ കാല്‍ കിലോ
പച്ചമുളക്‌ രണ്ടെണ്ണം
വെളുത്തുള്ളി നാല്‌ അല്ലി
തേങ്ങ ചുരണ്ടിയത്‌ ഒരു കപ്പ്‌
ജീരകം കാല്‍ റ്റീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ റ്റീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്‌
കടുക്‌ അര റ്റീസ്പൂണ്‍
വെളിച്ചെണ്ണ രണ്ട്‌ റ്റിസ്പൂണ്‍
ഉപ്പ്‌ ആവശ്യത്തിന്‌

കടുക്‌ പൊട്ടിച്ച്‌ ചേരുവകളെല്ലാം ചേര്‍ത്ത്‌ വേവിച്ചെടുക്കാം.

പച്ചടി

വെള്ളരിക്ക ഈര്‍ക്കില്‍ കനത്തില്‍ അരിഞ്ഞത്‌ രണ്ട്‌ കപ്പ്‌
കറിവേപ്പില ഒരു തണ്ട്‌
കട്ടി മോര്‌ 2 കപ്പ്‌
പച്ച മുളക്‌ രണ്ടെണ്ണം
കടുക്‌ അര റ്റിസ്പൂണ്‍
തേങ്ങ ചുരണ്ടിയത്‌ ഒരു കപ്പ്‌

തേങ്ങ ചുരണ്ടിയതും കടുകും നേര്‍മ്മയായി അരച്ചെടുക്കണം. വെള്ളരിക്കയും കറിവേപ്പിലയും അല്‌പം വെള്ളമൊഴിച്ച്‌ വേവിക്കണം. വെള്ളം വറ്റുമ്പോള്‍ അരപ്പ്‌ ചേര്‍ക്കണം. വീണ്ടും വെള്ളം വറ്റുമ്പോഴേക്കും മോരൊഴിച്ച്‌ എടുക്കാം. കടുകു വറുക്കണം.

പായസം(പാലട പ്രധമന്‍)

അട കാല്‍ കിലോ
പഞ്ചസാര അര കിലോ /രുചിക്ക്
പാല്‍ 4 ലിറ്റര്
‍കണ്ടന്‍സ്ഡ്‌ പാല്‍ 100 മിലി
കശുവണ്ടി,കിസ്മിസ്‌, 50 ഗ്രാം
നെയ്യ്‌ ഒരു ടേബിള്‍സ്പൂണ്

‍അട വേവിച്ച്‌ തണുത്ത വെള്ളത്തിലിടുക എന്നിട്ട്‌ വെള്ളം ഊറ്റിക്കളയുക. പാല്‍ തിളപ്പിക്കുക കരിയാതെയും തൂവാതെയും ശ്രദ്ധിക്കണം. ഒന്നൊന്നര മണിക്കൂര്‍ കഴിയമ്പോഴേക്കും പാലിന്‌ ഒരു ഇളം ചുവപ്പു നിറമാകും. അപ്പോള്‍ വേവിച്ചു വച്ച അടയും പഞ്ചസാര ഉരുക്കിയതും ചേര്‍ത്ത്‌ ഒരു മണിക്കൂറോളം ഇളക്കുക. ഇതില്‍ കണ്ടന്‍സ്ഡ്‌ പാല്‍ ചേര്‍ക്കണം. അവസാനമായി കശുവണ്ടിയും കിസ്മിസ്സും നെയ്യില്‍ മൂപ്പിച്ച്‌ ചേര്‍ക്കാം.


ഇതിന്റെ ഒക്കെ കൂടെ അല്‌പം അച്ചാറും ഒരു പപ്പടവും ഇത്തിരി മോരും കൂടെ ആയാല്‍ ഒരു സിമ്പിള്‍ ഓണസ്സദ്യ അടിക്കാം.

Tuesday, July 31, 2007

മീന്‍ കൊടമ്പുളി ഇട്ട് വറ്റിച്ചതു

വളരെ പെട്ടെന്നൊരു മീന്‍ കറി.... ആരും എന്നെ വന്നടിക്കരുത്...

ഈ പറയുന്ന സാദനങ്ങള്‍ ഒക്കെ വേണം...

മീന്‍ -- കക്ഷണങ്ങള്‍ ആക്കിയതു . 1/2 കിലോ
ചെറിയ ഉള്ളി -- 6 എണ്ണം ചെറുതായി കീറിയതു
പച്ചമുളകു - 3 എണ്ണം - രണ്ടായി കീറിയതു.
ഇഞ്ചി -- ചെറുതായി അരിഞ്ഞതു ...ഒരു ചെറിയ കക്ഷണം.
വെളുത്തുള്ളി - ചെറുതായി കീറിയതു ... 4 അല്ലി
തക്കാളി - 1 എണ്ണം - നാലായി കീറിയതു ..
കൊടമ്പുളി - 4 കക്ഷണം.
കറിവേപ്പില .. 1 ഇതള്‍
എണ്ണ ---- പാചകത്തിനു ഉപയോഗിക്കുന്നതു ..

മുളകു പൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍.
ജീരക പോടി - 1/2 ടീസ്പൂണ്‍
ഉലുവാപൊടി - 1/2 ടീസ്പൂണ്‍

ആപ്പോ..... തുടങ്ങാം..

എണ്ണ ചൂടാകുമ്പോള്‍‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു നന്നായി വഴറ്റിയതിനു ശേക്ഷം പച്ചമുളകു ചേറ്ത്ത് കൊടുക്കുക.. അതിലേക്കു അരിഞ്ഞുവച്ച ഉള്ളി ചേറ്ത്ത്, ഒരു നിറം മാറുന്നതു വരെ വഴറ്റുക.. ഇതിലേക്കു , മുളകുപൊടിയും,മല്ലിപൊടിയും,മഞ്ഞള്‍ പൊടിയും,ജീരക,ഉലുവാപൊടികള്‍ ചേറ്ത്ത് നന്നായി വഴറ്റി, അരിഞ്ഞു വച്ച തക്കാളി ചേറ്ക്കുക..
രണ്ട് ഗ്ലാസ് വെള്ളം ചേറ്ത്ത് , അതില്‍ കറിവേപ്പിലയും, കൊടമ്പുളിയും ഉപ്പും ചേറ്ത്ത് ചെറിയ ചൂടില്‍ വേവിക്കുക...നന്നായി തിളച്ചതിലേക്കു, അരിഞ്ഞ മീന്‍ ഇട്ട്, (മീന്‍ നിറഞ്ഞ് വെള്ളം ഇല്ലെങ്കീള്‍ , തിളച്ച വെള്ളം മാത്രം ചേര്‍ക്കുക) നന്നായി വറ്റിചെടുക്കുക..

ഇതിലേക്കു, എണ്ണ കടുകു വറുത്ത്,( ചുവന്ന മുളകും ചേര്‍ത്ത്) ചേര്‍ക്കുക...


ഇതും കപ്പയും ആണു കോമ്പിനേഷന്‍ ... 50 പോസ്റ്റായി നളപാചകം വിശ്രമിക്കരുതല്ലൊ , അതിനൊന്നു തുടങ്ങി വച്ചതാ..

Wednesday, July 25, 2007

നാടന്‍ ഇഞ്ചിക്കോഴി (ജിഞ്ചര്‍ ചിക്കന്‍)

നാടന്‍ ഇഞ്ചിക്കോഴി അഥവാ ജിഞ്ചര്‍ ചിക്കന്‍.


ജിഞ്ചര്‍ ചിക്കന്‍ ഒരു ചൈനീസ് വിഭവമാണ്. ഇതിനെ ഞാനൊന്ന് നാടനാക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് താഴെ കൊടുക്കുന്നത്. സംഗതി കൊള്ളാമെന്ന് തോന്നി.






ആവശ്യമുള്ള സാധനങ്ങള്‍


കോഴി - ഒരു കിലോ . കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കിയത്.
വലിയ ഉള്ളി - മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്. ചെറിയ ഉള്ളിയാണെങ്കില്‍ ഒരു കപ്പ് അരിഞ്ഞത്)
വെളുത്തുള്ളി - ഒന്ന് (മുഴുവന്‍)

ഇഞ്ചി - 100 ഗ്രാം
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
കാഷ്മീരി മുളക് പൊടി - ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ നീര് – ഒരു ടീസ്പൂണ്‍
കുരുമുളക് - ഒന്നര ടീസ്പൂണ്‍ ചതച്ചത്
വിനാഗിരി - 2 ടീസ്പൂണ്‍
വേപ്പില – ഒരു കതിര്‍പ്പ്
ഉപ്പ് - ആവശ്യത്തിനു.
എണ്ണ – ആവശ്യത്തിനു


ഉണ്ടാക്കേണ്ട വിധം




വൃത്തിയാക്കിയ കോഴിയില്‍ അത്യാവശ്യത്തിനു ഉപ്പും കാല്‍ ടീസ്പൂണ്‍ മഞ്ഞളും ചെറുനാരങ്ങ നീരും ചേര്‍ത്ത് ഒന്നര മണിക്കുര്‍ ഫ്രിഡ്ജില്‍ വെക്കുക. (ആവശ്യമെങ്കില്‍ ഒരു നുള്ള് റെഡ് കളര്‍ പൊടിയും ചേര്‍ക്കാം)
കോഴിക്കഷണങ്ങള്‍ എണ്ണയില്‍ വറുത്ത് കോരുക. (അധികം കരുകരുപ്പാവരുത് . മുക്കാല്‍ വെന്താല്‍ മതിയാവും.)
ഇഞ്ചിയും വെളുത്തുള്ളിയും മിക്സിയിലിട്ട് അരച്ച് മാറ്റി വെക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ കാല്‍ കപ്പ് എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി അരപ്പ് ചേര്‍ത്തിളക്കുക. പച്ച മണം പോകുമ്പോള്‍ ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന വലിയ ഉള്ളി ചേര്‍ത്തിളക്കുക. ഉള്ളിയുടെ നിറം ഒരു മാറി വരുമ്പോള്‍ മുളക് പൊടിയും കുരുമുളക് പൊടിയും വിനാഗിരിയും വേപ്പിലയും ചേര്‍ത്തിളക്കുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന കോഴികഷണങ്ങള്‍ ചേര്‍ക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. (ചാറോടു കൂടി വേണമെങ്കില്‍ അര ഗ്ലാസ് തിളച്ച വെള്ളം ഈ സമയത്ത് ചേര്‍ക്കാം.) തീ കുറച്ച് പാത്രം മൂടി വെച്ച് പത്തു മിനിട്ട് വേവിക്കുക.


ചോറ് , ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാം.


ഡ്രൈ ആക്കിയെടുക്കുകയാണെങ്കില്‍ ഇതു ഒരു ടച്ചിങ്സായും ഉപയോഗിക്കാം.




വാല്‍ക്കഷണം


സത്യത്തില്‍ നളപാചകത്തിലെ ഈ അന്‍പതാം പോസ്റ്റ് ഞാന്‍ തന്നെ ഇടണോ എന്ന സംശയവുമായി രണ്ടാഴ്ചയില്‍ കൂടുതലായി. പിന്നീട് പ്രശസ്തനായ ഒരു ബ്ലോഗറോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ഏതെങ്കിലും ഒരു സെലിബ്രിറ്റിയെക്കൊണ്ട് നമുക്ക് എഴുതിപ്പിക്കാമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ സംഘടിപ്പിച്ചുതരാമെന്നും പറഞ്ഞു. ഞാന്‍ കാത്തിരുന്നു. രണ്ടാഴ്ചകഴിഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ‘ഇപ്പ ശരിയാക്കി തരാം’ എന്ന് പറഞ്ഞു.
അടുത്ത രണ്ടു ദിവസങ്ങളിലും ഇതു തന്നെ.
അവസാനം രണ്ടും കല്‍പ്പിച്ച് ഞാന്‍ ചോദിച്ചു
‘നളപാചകത്തില്‍ ഇങ്ങനെ ഒരു പോസ്റ്റിടാന്‍ താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സെലിബ്രിറ്റി ഏതാണ് ?’
ഉടന്‍ വന്നു ഉത്തരം.
’കമലഹാസന്‍’
‘ഓഹോ.. എന്നിട്ട് പുള്ളിയെ കിട്ടിയോ ?’
‘എവിടെ കിട്ടാന്‍.. കമലഹാസനെ വിളിക്കുമ്പോള്‍ മാമുക്കോയയാണ് ഫോണെടുക്കുന്നത്..’
‘അതെങ്ങനെ ? ‘
‘ആ.. ആര്‍ക്കറിയാം..’
‘എന്നാല്‍ മാമുക്കോയയോടെങ്കിലും പറയൂ ഒരു പാചകക്കുറിപ്പെഴുതാന്‍....’
‘ഇനി വിളിച്ചാല്‍ തന്നെയും തന്റെ ബ്ലോഗും ചവിട്ടിക്കൂട്ടി മീനിച്ചിലാറിലൊഴുക്കുമെന്നാണ് പറഞ്ഞത്..’
ഒരു പാചകകുറിപ്പെഴുതിയതിന്റെ പേരില്‍ ബ്ലോഗര്‍മാര്‍ക്ക് മനസ്സമാധാനത്തോ‍ടെ ജീവിക്കാന്‍ പറ്റില്ലെന്നു വെച്ചാല്‍ ഭയങ്കര കഷ്ടം തന്നെ.