Wednesday, July 25, 2007

നാടന്‍ ഇഞ്ചിക്കോഴി (ജിഞ്ചര്‍ ചിക്കന്‍)

നാടന്‍ ഇഞ്ചിക്കോഴി അഥവാ ജിഞ്ചര്‍ ചിക്കന്‍.


ജിഞ്ചര്‍ ചിക്കന്‍ ഒരു ചൈനീസ് വിഭവമാണ്. ഇതിനെ ഞാനൊന്ന് നാടനാക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് താഴെ കൊടുക്കുന്നത്. സംഗതി കൊള്ളാമെന്ന് തോന്നി.


ആവശ്യമുള്ള സാധനങ്ങള്‍


കോഴി - ഒരു കിലോ . കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കിയത്.
വലിയ ഉള്ളി - മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്. ചെറിയ ഉള്ളിയാണെങ്കില്‍ ഒരു കപ്പ് അരിഞ്ഞത്)
വെളുത്തുള്ളി - ഒന്ന് (മുഴുവന്‍)

ഇഞ്ചി - 100 ഗ്രാം
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
കാഷ്മീരി മുളക് പൊടി - ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ നീര് – ഒരു ടീസ്പൂണ്‍
കുരുമുളക് - ഒന്നര ടീസ്പൂണ്‍ ചതച്ചത്
വിനാഗിരി - 2 ടീസ്പൂണ്‍
വേപ്പില – ഒരു കതിര്‍പ്പ്
ഉപ്പ് - ആവശ്യത്തിനു.
എണ്ണ – ആവശ്യത്തിനു


ഉണ്ടാക്കേണ്ട വിധം
വൃത്തിയാക്കിയ കോഴിയില്‍ അത്യാവശ്യത്തിനു ഉപ്പും കാല്‍ ടീസ്പൂണ്‍ മഞ്ഞളും ചെറുനാരങ്ങ നീരും ചേര്‍ത്ത് ഒന്നര മണിക്കുര്‍ ഫ്രിഡ്ജില്‍ വെക്കുക. (ആവശ്യമെങ്കില്‍ ഒരു നുള്ള് റെഡ് കളര്‍ പൊടിയും ചേര്‍ക്കാം)
കോഴിക്കഷണങ്ങള്‍ എണ്ണയില്‍ വറുത്ത് കോരുക. (അധികം കരുകരുപ്പാവരുത് . മുക്കാല്‍ വെന്താല്‍ മതിയാവും.)
ഇഞ്ചിയും വെളുത്തുള്ളിയും മിക്സിയിലിട്ട് അരച്ച് മാറ്റി വെക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ കാല്‍ കപ്പ് എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി അരപ്പ് ചേര്‍ത്തിളക്കുക. പച്ച മണം പോകുമ്പോള്‍ ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന വലിയ ഉള്ളി ചേര്‍ത്തിളക്കുക. ഉള്ളിയുടെ നിറം ഒരു മാറി വരുമ്പോള്‍ മുളക് പൊടിയും കുരുമുളക് പൊടിയും വിനാഗിരിയും വേപ്പിലയും ചേര്‍ത്തിളക്കുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന കോഴികഷണങ്ങള്‍ ചേര്‍ക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. (ചാറോടു കൂടി വേണമെങ്കില്‍ അര ഗ്ലാസ് തിളച്ച വെള്ളം ഈ സമയത്ത് ചേര്‍ക്കാം.) തീ കുറച്ച് പാത്രം മൂടി വെച്ച് പത്തു മിനിട്ട് വേവിക്കുക.


ചോറ് , ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാം.


ഡ്രൈ ആക്കിയെടുക്കുകയാണെങ്കില്‍ ഇതു ഒരു ടച്ചിങ്സായും ഉപയോഗിക്കാം.
വാല്‍ക്കഷണം


സത്യത്തില്‍ നളപാചകത്തിലെ ഈ അന്‍പതാം പോസ്റ്റ് ഞാന്‍ തന്നെ ഇടണോ എന്ന സംശയവുമായി രണ്ടാഴ്ചയില്‍ കൂടുതലായി. പിന്നീട് പ്രശസ്തനായ ഒരു ബ്ലോഗറോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ഏതെങ്കിലും ഒരു സെലിബ്രിറ്റിയെക്കൊണ്ട് നമുക്ക് എഴുതിപ്പിക്കാമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ സംഘടിപ്പിച്ചുതരാമെന്നും പറഞ്ഞു. ഞാന്‍ കാത്തിരുന്നു. രണ്ടാഴ്ചകഴിഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ‘ഇപ്പ ശരിയാക്കി തരാം’ എന്ന് പറഞ്ഞു.
അടുത്ത രണ്ടു ദിവസങ്ങളിലും ഇതു തന്നെ.
അവസാനം രണ്ടും കല്‍പ്പിച്ച് ഞാന്‍ ചോദിച്ചു
‘നളപാചകത്തില്‍ ഇങ്ങനെ ഒരു പോസ്റ്റിടാന്‍ താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സെലിബ്രിറ്റി ഏതാണ് ?’
ഉടന്‍ വന്നു ഉത്തരം.
’കമലഹാസന്‍’
‘ഓഹോ.. എന്നിട്ട് പുള്ളിയെ കിട്ടിയോ ?’
‘എവിടെ കിട്ടാന്‍.. കമലഹാസനെ വിളിക്കുമ്പോള്‍ മാമുക്കോയയാണ് ഫോണെടുക്കുന്നത്..’
‘അതെങ്ങനെ ? ‘
‘ആ.. ആര്‍ക്കറിയാം..’
‘എന്നാല്‍ മാമുക്കോയയോടെങ്കിലും പറയൂ ഒരു പാചകക്കുറിപ്പെഴുതാന്‍....’
‘ഇനി വിളിച്ചാല്‍ തന്നെയും തന്റെ ബ്ലോഗും ചവിട്ടിക്കൂട്ടി മീനിച്ചിലാറിലൊഴുക്കുമെന്നാണ് പറഞ്ഞത്..’
ഒരു പാചകകുറിപ്പെഴുതിയതിന്റെ പേരില്‍ ബ്ലോഗര്‍മാര്‍ക്ക് മനസ്സമാധാനത്തോ‍ടെ ജീവിക്കാന്‍ പറ്റില്ലെന്നു വെച്ചാല്‍ ഭയങ്കര കഷ്ടം തന്നെ.

15 comments:

ഇത്തിരിവെട്ടം said...

നല്ല ഇഞ്ചിയിട്ട ജിഞ്ചര്‍ ചിക്കന്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു... നോക്കട്ടേ...

അമ്പതാം വിഭവത്തിന് ആശംസകള്‍.

KuttanMenon said...

നളപാചകത്തില്‍ അന്‍പതാം പോസ്റ്റ്. ഇഞ്ചിക്കോഴി അഥവാ ജിഞ്ചര്‍ ചിക്കന്‍.പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് നളപാചകം മുന്നോട്ട്.
തീറ്ററപ്പായിച്ചേട്ടന്റെ സ്മരണക്കുമുന്നില്‍ ...

കുറുമാന്‍ said...

അങ്ങനെ നളപാചകം അമ്പതടിച്ച സന്തോഷത്തില്‍ ഇന്നു ഞാന്‍ നൂറടിക്കും, ഇഞ്ചിക്കോഴിയും കൂട്ടി....

ഇത് കലക്കുന്ന ലക്ഷണമാണല്ലോ മേന്നെ.

മഴത്തുള്ളി said...

കുട്ടമ്മേന്നേ, ഈ അമ്പതാം പോസ്റ്റ് വൈകിയത് കൊണ്ട് ചില കുഴപ്പങ്ങള്‍ ഉണ്ടായി. ഞാന്‍ ഇന്നലെ വാങ്ങിയ ചിക്കന്‍ മേളം ചിക്കന്‍ മസാലയില്‍ കൊടുത്തിരുന്ന പാചകക്കുറിപ്പ് വെച്ചുണ്ടാക്കി ആകെ കുളമാക്കി. ഇനി ഇതൊന്നു നോക്കട്ടെ ;) ഹി ഹി....

ആവനാഴി said...

അല്ല, എന്തിനാണു മേന്‍‌നേ ആ പച്ച ഇഞ്ചി അരിഞ്ഞു മോളില്‍ തൂവിയിരിക്കുന്നത് ? അതങ്ങ് അരച്ചു ചേര്‍ക്യേ അതല്ലെങ്കില്‍ ശകലം വെളിച്ചെണ്ണേലു നല്ലോണം താളിച്ചു ചേര്‍ക്യേ ചെയ്താല്‍ എന്തു നന്നായിരുന്നേനെ.

സത്യം പറയണമല്ലോ മേന്‍‌നേ, ഞാനിതു പരീക്ഷിച്ചു നോക്കി. രസനക്കിതില്‍പ്പരമൊരു കുതൂഹലം പറയാനില്ല.

സസ്നേഹം
ആവനാഴി

അഗ്രജന്‍ said...

ഇത് വായിച്ചിട്ടും പടം കണ്ടിട്ടും തകര്‍ക്കുന്ന ലക്ഷണമുണ്ട്... എന്തായാലും ഇന്ന് വൈകീട്ട് ഇവന്‍ തന്നെ അവന്‍ :)

അന്‍പതാം പോസ്റ്റിന് ആശംസകള്‍ :)

ഓ.ടോ: ഒരു പാചകമത്സരം സംഘടിപ്പിച്ചാലോന്നൊരു പൂതി... ചെറുപ്പകാലത്തെ ഓരോരോ പൂതികളേയ് ;)

ഉണ്ണിക്കുട്ടന്‍ said...

ഫോട്ടോ കണ്ടിട്ടു കൊതിയാവുന്നുണ്ട്..പക്ഷെ ഇഞ്ചി എനിക്കു ഇഷ്ടമല്ല..അലര്‍ജിയാ..
ഇതു തന്നെ ഗാര്‍ലിക്ക് ഇട്ടു ഉണ്ടാക്കാന്‍ പറ്റ്വോ..?

ഉണ്ണിക്കുട്ടന്‍ said...

ആവനാഴീ എന്താണീ "കുതൂഹലം"..? അത്രയ്ക്കു പറഞ്ഞോ..?

വള്ളുവനാടന്‍ said...

നള പാചകം കലക്കി, സെലുബ്രിട്ടി ഇരുട്ടടിയും, :-)

മുസാഫിര്‍ said...

മേന്നെ ഇതു കലക്കി, സക്ഷാല്‍ നളന്‍ പോലും ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും വിഭവങ്ങള്‍ പരീക്ഷിച്ച് കാണില്ല.അഭിവാദ്യങ്ങള്‍.(അപ്പൊള്‍ നാളെ സാമ്പീള്‍ റെഡിയാക്കി വയ്ക്കും അല്ലെ , ഇത്രയും എഴുതിയതിന് !! )

Anonymous said...

അറിയാത്ത കാര്യങള്ളിലല്‍ കൈകടത്തരുദ് പ്ലീസ്......ആശയങള്‍ ഇല്ലെഗില്‍ പറയു.............. ജലീല്‍ രാമനാട്ടുകര

KuttanMenon said...

അനോനി, ആശയം വേണ്ട. ഇവിടെ ആമാശയം മാത്രം മതി. അതു തന്നെ ജെലൂസിലടിച്ച് പരിപോഷിപ്പിക്കേണ്ട അവസ്ഥ വിദൂരമല്ല.

paarppidam said...

കൊതിപ്പിക്കല്ലെ എന്റെ മേന്‍നേ. റസീപികണ്ട്‌ പരീക്ഷണം നടത്തി വയറുകേടായും ചിത്രം കണ്ട്‌ വെള്ളമിറക്കിയും എത്രബ്ലൊഗ്ഗേഴ്സ്‌ ചാകും ആവോ?

G.manu said...

vayichu vayil vellam niranju..
pareekshikkan munkaala anubhavangal sammathikkunnilla

പാച്ചേരി... said...

സംഭവം കലക്കി കേട്ടൊ..