Sunday, July 01, 2007

പാറുവമ്മ ഉവാച...

നളപാചകത്തില്‍ ഇട്ട എല്ലാ ഷാപ്പ്‌ വിഭവങ്ങളുടെയും കര്‍ത്താവ്‌ ഞങ്ങളുടെ അയല്‍ക്കാരിയായ ശ്രീമതി. പാറു അമ്മയാണ്‌. ആയ കാലത്ത്‌ രണ്ട് ഷാപ്പുകളുടെ ഉടമസ്ഥ കം കുക്ക്‌ ആയിരുന്നു. ഇപ്പോഴും രണ്ടെണ്ണം അടിച്ചവരെ കണ്ടാല്‍ അനുമോദിക്കുവാനും, ഓണത്തിനും ക്രിസ്തുമസ്സിനും വാവിനും ഒന്നോ രണ്ടോ അടിക്കുവാനും മടി കാണിക്കാത്ത ഒരു കൂള്‍ വല്ല്യമ്മ!! നാട്ടില്‍ പോകുമ്പോഴൊക്കെ അവരെ പിടിച്ചിരുത്തി എന്തെങ്കിലുമൊരു വിഭവം തരമാക്കും!
പാറു അമ്മയ്ക്ക്‌ വയസ്സ്‌ വെറും 89. വയറു വിശന്നാല്‍ ദേഷ്യം വെരുമെന്നതൊഴിച്ചാല്‍ മറ്റസുഖങ്ങള്‍ ഒന്നുമില്ല...

പാറുവമ്മ ഉവാച...

കറുവായിട്ട ആട്‌ കൂട്ടാന്‍

ചേരുവകള്‍

ആട്ടിറച്ചി അര കിലോ (അത്ര വലുതല്ലാത്ത കഷ്ണങ്ങളാക്കിയത്‌ )
ചെറിയ ഉള്ളി അര കിലോ
പച്ച മുളക്‌ 2 എണ്ണം
പച്ച മഞ്ഞള്‍ 2 ഇഞ്ച്‌ നീളത്തില്‍

ഇഞ്ചി 2 ഇഞ്ച്‌ നീളത്തില്‍
വെളുത്തുള്ളി 10 അല്ലി
കറിവേപ്പില 2 തണ്ട്‌
കറുവ പട്ട 2 ഇഞ്ച്‌ നീളത്തില്‍ 6 കഷ്ണം
പാണ്ടി മുളക്‌ 3 എണ്ണം
കുരുമുളക്‌ ഒരു റ്റീസ്പൂണ്‍
ജീരകം അര റ്റീസ്പൂണ്‍
മാങ്ങ ഉണങ്ങിയത്‌ 6-7 കഷ്ണം
വെളിച്ചെണ്ണ 4 റ്റീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ഇറച്ചി കഴുകി വെള്ളം ഊറാന്‍ വയ്ക്കണം

അരിഞ്ഞു വച്ച ഉള്ളിയും മുളകും കട്ടിയുള്ള ചട്ടിയില്‍ എണ്ണയൊഴിച്ച്‌ അടുപ്പത്ത്‌ വയ്ക്കണം. തീ കുറച്ച്‌ വച്ച്‌ കരിയാതെ നോക്കണം.

കറുവപ്പട്ടയും വറ്റല്‍ മുളകും കുരുമുളകും ചെറു തരിയായി പൊടിച്ചെടുക്കണം.

ഉള്ളി നല്ലോണ്ണം മൊരിഞ്ഞ്‌ ബോണ്‍വിറ്റ നിറമാകൊമ്പോഴേക്കും നീളത്തില്‍ അരിഞ്ഞ മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കണം. ഇവ ഒന്നു ചൂടാകുമ്പോഴേക്കും പൊടിച്ചു വച്ചിരിക്കുന്ന കൂട്ടും ജീരകവും ചേര്‍ക്കണം. ഇത്‌ കരിയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഇറച്ചിയും ഉണക്ക മാങ്ങ കഷ്ണങ്ങളും, ആവശ്യത്തിന്‌ ഉപ്പും, ഒരു കപ്പ്‌ തിളയ്ക്കുന്ന വെള്ളവും ചേര്‍ത്ത്‌ ഇറച്ചി വേകുന്നതു വരെ വേവിക്കണം. വീണ്ടും വെള്ളം ചേര്‍ക്കണമെന്നുണ്ടെങ്കില്‍ തിളയ്ക്കുന്ന വെള്ളം മാത്രം ഉപയോഗിക്കണം.


ചോറിനും കപ്പയ്ക്കും നല്ല കൂട്ട്‌.

9 comments:

P Das said...

പാറു അമ്മയ്ക്ക്‌ വയസ്സ്‌ വെറും 89. വയറു വിശന്നാല്‍ ദേഷ്യം വെരുമെന്നതൊഴിച്ചാല്‍ മറ്റസുഖങ്ങള്‍ ഒന്നുമില്ല...

പാറുവമ്മ ഉവാച...

കറുവായിട്ട ആട്‌ കൂട്ടാന്‍

Rasheed Chalil said...

ചക്കരേ ഉണ്ടാക്കി നോക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ ഫോട്ടോ കണ്ട് പറയുന്നു സംഗതി കലക്കനാവും...

മുസ്തഫ|musthapha said...

എന്‍റെ ചക്കരേ... നിങ്ങള് ചക്കരയല്ല... ചക്കരമുത്താണ്... ഹോ ആ അവസാനത്തെ പടം... അതും ഇത് നോക്കാന്‍ തോന്നിയത് ഈ നട്ടുച്ചക്കും :)

മാങ്ങാതൊലിയിട്ട ഇറച്ചിക്കറി... കേള്‍ക്കാന്‍ തന്നെ എന്തു സുഖം :)

Anonymous said...

ചക്കരേ, പാറുവമ്മയുടെ ഉവാച അസ്സലായി.

Dinkan-ഡിങ്കന്‍ said...

ചക്കരേ നിനക്ക് ശാപം കിട്ടും ഇമ്മാതിരി പടം ഒക്കെ ഇട്ട് ആളെ കൊതിപ്പിച്ചാല് :(

വേഴാമ്പല്‍ said...

ചക്കരെ ,കൊള്ളാം.. കണ്ടിട്ട് നല്ല രുചിയുണ്ടാവുമെന്ന് തോനുന്നു.
കുറച്ച് ഉണക്ക മാങ്ങയും പച്ച മഞ്ഞളും കിട്ടിയിരുന്നെങ്കില്‍ല്‍ ല്‍ ല്‍ ല്‍ ........
മട്ടണ്‍ കറി വക്കാ‍ാ‍ാ‍ാ‍ാ മായിരുന്നു ...

വേഴാമ്പല്‍ said...

ചക്കരെ , ഇതില്‍ ജീരകം പെരുഞ്ചീരകമൊ നല്ലജീരകമൊ എതാണ് ചേര്‍ക്കുക.

Kaithamullu said...

നാട്ടില്‍ പോയി വരുമ്പോള്‍ മാ‍ങ്ങാത്തൊലി കൊണ്ടുവരണം, എന്നിട്ട് വേണം പരീക്ഷിക്കാന്‍, ചക്കരേ!

P Das said...

നല്ല ജീരകം തന്നെ വേഴാമ്പലേ.