Tuesday, July 31, 2007

മീന്‍ കൊടമ്പുളി ഇട്ട് വറ്റിച്ചതു

വളരെ പെട്ടെന്നൊരു മീന്‍ കറി.... ആരും എന്നെ വന്നടിക്കരുത്...

ഈ പറയുന്ന സാദനങ്ങള്‍ ഒക്കെ വേണം...

മീന്‍ -- കക്ഷണങ്ങള്‍ ആക്കിയതു . 1/2 കിലോ
ചെറിയ ഉള്ളി -- 6 എണ്ണം ചെറുതായി കീറിയതു
പച്ചമുളകു - 3 എണ്ണം - രണ്ടായി കീറിയതു.
ഇഞ്ചി -- ചെറുതായി അരിഞ്ഞതു ...ഒരു ചെറിയ കക്ഷണം.
വെളുത്തുള്ളി - ചെറുതായി കീറിയതു ... 4 അല്ലി
തക്കാളി - 1 എണ്ണം - നാലായി കീറിയതു ..
കൊടമ്പുളി - 4 കക്ഷണം.
കറിവേപ്പില .. 1 ഇതള്‍
എണ്ണ ---- പാചകത്തിനു ഉപയോഗിക്കുന്നതു ..

മുളകു പൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍.
ജീരക പോടി - 1/2 ടീസ്പൂണ്‍
ഉലുവാപൊടി - 1/2 ടീസ്പൂണ്‍

ആപ്പോ..... തുടങ്ങാം..

എണ്ണ ചൂടാകുമ്പോള്‍‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു നന്നായി വഴറ്റിയതിനു ശേക്ഷം പച്ചമുളകു ചേറ്ത്ത് കൊടുക്കുക.. അതിലേക്കു അരിഞ്ഞുവച്ച ഉള്ളി ചേറ്ത്ത്, ഒരു നിറം മാറുന്നതു വരെ വഴറ്റുക.. ഇതിലേക്കു , മുളകുപൊടിയും,മല്ലിപൊടിയും,മഞ്ഞള്‍ പൊടിയും,ജീരക,ഉലുവാപൊടികള്‍ ചേറ്ത്ത് നന്നായി വഴറ്റി, അരിഞ്ഞു വച്ച തക്കാളി ചേറ്ക്കുക..
രണ്ട് ഗ്ലാസ് വെള്ളം ചേറ്ത്ത് , അതില്‍ കറിവേപ്പിലയും, കൊടമ്പുളിയും ഉപ്പും ചേറ്ത്ത് ചെറിയ ചൂടില്‍ വേവിക്കുക...നന്നായി തിളച്ചതിലേക്കു, അരിഞ്ഞ മീന്‍ ഇട്ട്, (മീന്‍ നിറഞ്ഞ് വെള്ളം ഇല്ലെങ്കീള്‍ , തിളച്ച വെള്ളം മാത്രം ചേര്‍ക്കുക) നന്നായി വറ്റിചെടുക്കുക..

ഇതിലേക്കു, എണ്ണ കടുകു വറുത്ത്,( ചുവന്ന മുളകും ചേര്‍ത്ത്) ചേര്‍ക്കുക...


ഇതും കപ്പയും ആണു കോമ്പിനേഷന്‍ ... 50 പോസ്റ്റായി നളപാചകം വിശ്രമിക്കരുതല്ലൊ , അതിനൊന്നു തുടങ്ങി വച്ചതാ..

Wednesday, July 25, 2007

നാടന്‍ ഇഞ്ചിക്കോഴി (ജിഞ്ചര്‍ ചിക്കന്‍)

നാടന്‍ ഇഞ്ചിക്കോഴി അഥവാ ജിഞ്ചര്‍ ചിക്കന്‍.


ജിഞ്ചര്‍ ചിക്കന്‍ ഒരു ചൈനീസ് വിഭവമാണ്. ഇതിനെ ഞാനൊന്ന് നാടനാക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് താഴെ കൊടുക്കുന്നത്. സംഗതി കൊള്ളാമെന്ന് തോന്നി.






ആവശ്യമുള്ള സാധനങ്ങള്‍


കോഴി - ഒരു കിലോ . കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കിയത്.
വലിയ ഉള്ളി - മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്. ചെറിയ ഉള്ളിയാണെങ്കില്‍ ഒരു കപ്പ് അരിഞ്ഞത്)
വെളുത്തുള്ളി - ഒന്ന് (മുഴുവന്‍)

ഇഞ്ചി - 100 ഗ്രാം
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
കാഷ്മീരി മുളക് പൊടി - ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ നീര് – ഒരു ടീസ്പൂണ്‍
കുരുമുളക് - ഒന്നര ടീസ്പൂണ്‍ ചതച്ചത്
വിനാഗിരി - 2 ടീസ്പൂണ്‍
വേപ്പില – ഒരു കതിര്‍പ്പ്
ഉപ്പ് - ആവശ്യത്തിനു.
എണ്ണ – ആവശ്യത്തിനു


ഉണ്ടാക്കേണ്ട വിധം




വൃത്തിയാക്കിയ കോഴിയില്‍ അത്യാവശ്യത്തിനു ഉപ്പും കാല്‍ ടീസ്പൂണ്‍ മഞ്ഞളും ചെറുനാരങ്ങ നീരും ചേര്‍ത്ത് ഒന്നര മണിക്കുര്‍ ഫ്രിഡ്ജില്‍ വെക്കുക. (ആവശ്യമെങ്കില്‍ ഒരു നുള്ള് റെഡ് കളര്‍ പൊടിയും ചേര്‍ക്കാം)
കോഴിക്കഷണങ്ങള്‍ എണ്ണയില്‍ വറുത്ത് കോരുക. (അധികം കരുകരുപ്പാവരുത് . മുക്കാല്‍ വെന്താല്‍ മതിയാവും.)
ഇഞ്ചിയും വെളുത്തുള്ളിയും മിക്സിയിലിട്ട് അരച്ച് മാറ്റി വെക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ കാല്‍ കപ്പ് എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി അരപ്പ് ചേര്‍ത്തിളക്കുക. പച്ച മണം പോകുമ്പോള്‍ ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന വലിയ ഉള്ളി ചേര്‍ത്തിളക്കുക. ഉള്ളിയുടെ നിറം ഒരു മാറി വരുമ്പോള്‍ മുളക് പൊടിയും കുരുമുളക് പൊടിയും വിനാഗിരിയും വേപ്പിലയും ചേര്‍ത്തിളക്കുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന കോഴികഷണങ്ങള്‍ ചേര്‍ക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. (ചാറോടു കൂടി വേണമെങ്കില്‍ അര ഗ്ലാസ് തിളച്ച വെള്ളം ഈ സമയത്ത് ചേര്‍ക്കാം.) തീ കുറച്ച് പാത്രം മൂടി വെച്ച് പത്തു മിനിട്ട് വേവിക്കുക.


ചോറ് , ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാം.


ഡ്രൈ ആക്കിയെടുക്കുകയാണെങ്കില്‍ ഇതു ഒരു ടച്ചിങ്സായും ഉപയോഗിക്കാം.




വാല്‍ക്കഷണം


സത്യത്തില്‍ നളപാചകത്തിലെ ഈ അന്‍പതാം പോസ്റ്റ് ഞാന്‍ തന്നെ ഇടണോ എന്ന സംശയവുമായി രണ്ടാഴ്ചയില്‍ കൂടുതലായി. പിന്നീട് പ്രശസ്തനായ ഒരു ബ്ലോഗറോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ഏതെങ്കിലും ഒരു സെലിബ്രിറ്റിയെക്കൊണ്ട് നമുക്ക് എഴുതിപ്പിക്കാമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ സംഘടിപ്പിച്ചുതരാമെന്നും പറഞ്ഞു. ഞാന്‍ കാത്തിരുന്നു. രണ്ടാഴ്ചകഴിഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ‘ഇപ്പ ശരിയാക്കി തരാം’ എന്ന് പറഞ്ഞു.
അടുത്ത രണ്ടു ദിവസങ്ങളിലും ഇതു തന്നെ.
അവസാനം രണ്ടും കല്‍പ്പിച്ച് ഞാന്‍ ചോദിച്ചു
‘നളപാചകത്തില്‍ ഇങ്ങനെ ഒരു പോസ്റ്റിടാന്‍ താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സെലിബ്രിറ്റി ഏതാണ് ?’
ഉടന്‍ വന്നു ഉത്തരം.
’കമലഹാസന്‍’
‘ഓഹോ.. എന്നിട്ട് പുള്ളിയെ കിട്ടിയോ ?’
‘എവിടെ കിട്ടാന്‍.. കമലഹാസനെ വിളിക്കുമ്പോള്‍ മാമുക്കോയയാണ് ഫോണെടുക്കുന്നത്..’
‘അതെങ്ങനെ ? ‘
‘ആ.. ആര്‍ക്കറിയാം..’
‘എന്നാല്‍ മാമുക്കോയയോടെങ്കിലും പറയൂ ഒരു പാചകക്കുറിപ്പെഴുതാന്‍....’
‘ഇനി വിളിച്ചാല്‍ തന്നെയും തന്റെ ബ്ലോഗും ചവിട്ടിക്കൂട്ടി മീനിച്ചിലാറിലൊഴുക്കുമെന്നാണ് പറഞ്ഞത്..’
ഒരു പാചകകുറിപ്പെഴുതിയതിന്റെ പേരില്‍ ബ്ലോഗര്‍മാര്‍ക്ക് മനസ്സമാധാനത്തോ‍ടെ ജീവിക്കാന്‍ പറ്റില്ലെന്നു വെച്ചാല്‍ ഭയങ്കര കഷ്ടം തന്നെ.

Saturday, July 21, 2007

ഒരു കോഴി കറി

എന്റെ സ്വാദ് പരീക്ഷണങ്ങള്‍ ഇവിടെ തുടങ്ങുന്നു ..ഞാന്‍ ഇതുണ്ടാക്കി കൊടുത്തവര്‍ ഒക്കെ ഇന്നും ജീവനോടെ ഇരിക്കുന്നു എന്നതു മാത്രം ആണു എന്നെ ഇതിവിടെ എഴുതാന്‍ പ്രേരിപ്പിച്ചത്..അക്ഷര തെറ്റുകള്‍ സ്വാഭാവികം, സദയം ക്ഷമിക്കുക.. അതു മറ്റൊന്നും കൊണ്ടല്ല, എനിക്കക്ഷരം അറിയാത്തതു കൊണ്ടു മാത്രം ആണു ...ഇതു മറ്റാരെങ്കിലും എഴുതിയതും ആയി സാമ്യം ഉണ്ടെങ്കില്‍ അതവര്‍ നേരത്തെ എഴുതിയതു കൊണ്ടാവാം....

അപ്പൊ ചേരുവകള്‍ പറയാം .....,
ചിക്കന്‍.....(ബോണ്‍ ലെസ്സു ആണേല്‍ കൊള്ളാം..) ചെറിയ കക്ഷണം ആക്കി മുറിച്ചതു..1 കിലോ
ഇഞ്ചി.....ചെറിയ കക്ഷണം ആയി മുറിച്ചതു,....
വെളുത്തുള്ളി ... 5 അല്ലി, ചെറുതായി കീറി എടുത്തതു...
പച്ചമുളകു ...4 , രണ്ടായി പിളര്‍ന്നതു..
ചെറിയ ഉള്ളി --- 500 ഗ്രാം,, രണ്ടായി കീറിയതു..
തക്കാളി ....ഒരെണ്ണം
തേങ്ങാ... ചെറിയ കക്ഷണങ്ങള്‍ ആയി മുറിച്ചതു .......
തേങ്ങാപാല്‍ , അല്ലെങ്കില്‍ , തൈര്.....1/2 ഗ്ലാസ്സ്
കറിവേപ്പില.....2 ഇതള്‍
പിന്നെ മസാല കൂട്ട്, പട്ട ,ഗ്രാമ്പു തുടങ്ങിയവ ഒക്കെ.

ഇനി... രണ്ട് സ്പൂണ്‍ മുളകു പൊടി, രണ്ട് സ്പൂണ്‍ മല്ലി പൊടി, 1/2 സ്പൂണ്‍ മഞ്ഞള്‍ പൊടി, 1 സ്പൂണ്‍ കുരുമുളകു പൊടി‍ ..1 സ്പൂണ്‍ മസാല്‍ പൊടി , എടുത്തു നന്നായി മിക്സ് ചൈയ്തു ഒരു പേസ്റ്റ് ഉണ്ടാക്കുക...
അതവിടെ ഒരു സൈടില്‍ വച്ചേരെ...

അപ്പൊ തുടങ്ങാം...

ആദ്യം, ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ അതില്‍ മുറിച്ചു വച്ച ചിക്കന്‍ ഇട്ടു നന്നായി ഇളക്കുക, ഒരു ചെറിയ ചൂടില്‍ ഒരു 10 മിനിറ്റ് ഇളക്കുക, ചിക്കന്‍ നല്ല വെള്ള നിറം ആകുന്ന വരെ തുടരുക,അപ്പൊ ചിക്കനു ചെറിയ കട്ടി വരും , അപൊ അതിനെ ഇറക്കി ഒരു സൈടില്‍ വച്ചേക്കു.....


ഇനി, വേറൊരു പാത്രത്തില്‍ എണ്ണ ഒഴിച്ച് അതു ചൂടാകുമ്പോല്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇടുക, ഒന്നു നിറം മാറി വരുമ്പോള്‍ , പച്ച മുളകും, തേങ്ങ മുറിച്ചതും, കറിവ്വേപ്പിലയും ഇട്ട് ഇളക്കി തേങ്ങയുടെ നിറം മാറി വരുംപ്പോള്‍ ഉള്ളി അരിഞ്ഞതു ഇടുക....നന്നായി വഴറ്റി, നല്ല ബ്രൌണ്‍ നിറം ആകുമ്പോല്‍, കുറച്ച് ഉപ്പു ചേര്‍ത്ത് കൊള്ളു....അതിനു ശേക്ഷം , തക്കാളിയും, പട്ടയും, ഗ്രാമ്പുവും ചേര്‍ത്ത് ഇളക്കി അല്പ നേരം അടച്ചു വൈക്കുക... അതില്‍ ചിക്കനും (നമ്മള്‍ നിറം മാറ്റിയ ), മസാല പേസ്റ്റും ചേര്‍ത്തു ഇളക്കി, അടച്ചു വച്ചു വേവിക്കുക, വെള്ളം ചേര്‍ക്കണ്ട...ഉപ്പ് ആവശ്യത്തിനു ചേര്‍ത്തു കൊള്ളു.....


ചിക്കന്‍ നന്നായി വെന്തു കഴിയുമ്പോള്‍ തേങ്ങാപലോ , തൈരോ ചേര്‍ത്തു ഇളക്കുക...
കപ്പ വേവിച്ചതും ഉണ്ടെങ്കില്‍ പിന്നെ വേറേ ഒന്നും വേണ്ട....കുശാലായി കഴിക്കുക തന്നെ...

Sunday, July 01, 2007

പാറുവമ്മ ഉവാച...

നളപാചകത്തില്‍ ഇട്ട എല്ലാ ഷാപ്പ്‌ വിഭവങ്ങളുടെയും കര്‍ത്താവ്‌ ഞങ്ങളുടെ അയല്‍ക്കാരിയായ ശ്രീമതി. പാറു അമ്മയാണ്‌. ആയ കാലത്ത്‌ രണ്ട് ഷാപ്പുകളുടെ ഉടമസ്ഥ കം കുക്ക്‌ ആയിരുന്നു. ഇപ്പോഴും രണ്ടെണ്ണം അടിച്ചവരെ കണ്ടാല്‍ അനുമോദിക്കുവാനും, ഓണത്തിനും ക്രിസ്തുമസ്സിനും വാവിനും ഒന്നോ രണ്ടോ അടിക്കുവാനും മടി കാണിക്കാത്ത ഒരു കൂള്‍ വല്ല്യമ്മ!! നാട്ടില്‍ പോകുമ്പോഴൊക്കെ അവരെ പിടിച്ചിരുത്തി എന്തെങ്കിലുമൊരു വിഭവം തരമാക്കും!
പാറു അമ്മയ്ക്ക്‌ വയസ്സ്‌ വെറും 89. വയറു വിശന്നാല്‍ ദേഷ്യം വെരുമെന്നതൊഴിച്ചാല്‍ മറ്റസുഖങ്ങള്‍ ഒന്നുമില്ല...

പാറുവമ്മ ഉവാച...

കറുവായിട്ട ആട്‌ കൂട്ടാന്‍

ചേരുവകള്‍

ആട്ടിറച്ചി അര കിലോ (അത്ര വലുതല്ലാത്ത കഷ്ണങ്ങളാക്കിയത്‌ )
ചെറിയ ഉള്ളി അര കിലോ
പച്ച മുളക്‌ 2 എണ്ണം
പച്ച മഞ്ഞള്‍ 2 ഇഞ്ച്‌ നീളത്തില്‍

ഇഞ്ചി 2 ഇഞ്ച്‌ നീളത്തില്‍
വെളുത്തുള്ളി 10 അല്ലി
കറിവേപ്പില 2 തണ്ട്‌
കറുവ പട്ട 2 ഇഞ്ച്‌ നീളത്തില്‍ 6 കഷ്ണം
പാണ്ടി മുളക്‌ 3 എണ്ണം
കുരുമുളക്‌ ഒരു റ്റീസ്പൂണ്‍
ജീരകം അര റ്റീസ്പൂണ്‍
മാങ്ങ ഉണങ്ങിയത്‌ 6-7 കഷ്ണം
വെളിച്ചെണ്ണ 4 റ്റീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ഇറച്ചി കഴുകി വെള്ളം ഊറാന്‍ വയ്ക്കണം

അരിഞ്ഞു വച്ച ഉള്ളിയും മുളകും കട്ടിയുള്ള ചട്ടിയില്‍ എണ്ണയൊഴിച്ച്‌ അടുപ്പത്ത്‌ വയ്ക്കണം. തീ കുറച്ച്‌ വച്ച്‌ കരിയാതെ നോക്കണം.

കറുവപ്പട്ടയും വറ്റല്‍ മുളകും കുരുമുളകും ചെറു തരിയായി പൊടിച്ചെടുക്കണം.

ഉള്ളി നല്ലോണ്ണം മൊരിഞ്ഞ്‌ ബോണ്‍വിറ്റ നിറമാകൊമ്പോഴേക്കും നീളത്തില്‍ അരിഞ്ഞ മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കണം. ഇവ ഒന്നു ചൂടാകുമ്പോഴേക്കും പൊടിച്ചു വച്ചിരിക്കുന്ന കൂട്ടും ജീരകവും ചേര്‍ക്കണം. ഇത്‌ കരിയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഇറച്ചിയും ഉണക്ക മാങ്ങ കഷ്ണങ്ങളും, ആവശ്യത്തിന്‌ ഉപ്പും, ഒരു കപ്പ്‌ തിളയ്ക്കുന്ന വെള്ളവും ചേര്‍ത്ത്‌ ഇറച്ചി വേകുന്നതു വരെ വേവിക്കണം. വീണ്ടും വെള്ളം ചേര്‍ക്കണമെന്നുണ്ടെങ്കില്‍ തിളയ്ക്കുന്ന വെള്ളം മാത്രം ഉപയോഗിക്കണം.


ചോറിനും കപ്പയ്ക്കും നല്ല കൂട്ട്‌.