Thursday, February 14, 2008

പച്ചമാങ്ങാ...പച്ചമാങ്ങാ...

ഞാന്‍ പച്ചമാങ്ങാകൊണ്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. തല്‍ക്കാലം നിങ്ങളെയൊക്കെ ഒന്നു കൊതിപ്പിക്കുക... അത്ര തന്നെ... ഒഴിവുകാലത്ത് നാട്ടില്‍ പോകുമ്പോള്‍ മാവിന്മേലോ, പേരയിലോ അതുമല്ലെങ്കില്‍ പ്ലാവിലോ ഒക്കെ ഒന്നു കയറുക...ജീവിതയാത്രയില്‍ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടുപോയ ആ ബാല്യവും, കൌമാരവും ഒരിക്കല്‍കൂടി അനുഭവിച്ചറിയുക.

മമ്മിയൂര്‍ കോണ്‍ വെന്റ് സ്കൂളില്‍ പഠിക്കുന്ന കാലത്ത്, മാങ്ങാ സീസണില്‍ നല്ല പച്ചമാങ്ങ ക്ലാസ്സിലേക്ക് കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു. ഉച്ചക്ക് കൂട്ടുകാരെല്ലാവരും കൂടി മാങ്ങ ഭിത്തിയിലോ, ക്ലാസ് മുറിയിലെ തറയിലോ എറിഞ്ഞു പൊട്ടിക്കും. അല്ലെങ്കില്‍ തൂവാലയുടെ (ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോള്‍ തൂവാല വിരിച്ച് അതില്‍ ചോറ്റുപാത്രം വെച്ച് കഴിക്കണമെന്നു നിര്‍ബന്ധമായിരുന്നതിനാല്‍, തുവാലക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല.) നടുവില്‍ വെച്ച് നാലു അറ്റവും കൂട്ടിപ്പിടിച്ച് ചുമരില്‍ നാലഞ്ച് അടിയാണ്. പിന്നെ തൂവാല തുറന്നു ഓരോ കഷ്ണങ്ങളെടുത്ത് ഉപ്പ് കൂട്ടിത്തിന്നും, ചിലപ്പോള്‍ കൂടെ മുളക് പൊടിയും...

കോണ്‍ വെന്റില്‍ തന്നെ ഇടക്ക് പുറത്തിരുത്തി ക്ലാസ് എടുക്കുന്ന പതിവുണ്ടായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അതു വല്ല്യ കാര്യമായിരുന്നു. കൂടുതലും തൊട്ടടുത്ത മഠത്തിലെ (സിസ്റ്റേര്‍സ് താമസിക്കുന്ന സ്ഥലം) മാവിന്‍ ചുവട്ടിലോ മറ്റോ ആയിരിക്കും ഇതു. പഠനത്തിനിടയില്‍ മാങ്ങാ, ഇരുമ്പാന്‍ പുളി എന്നിവയുടെ സപ്ലൈയും നടക്കാറുണ്ടായിരുന്നു. (ആഗ്നേയാ... നീ ഇതെല്ലാം ഓര്‍ക്കുന്നുണ്ടോ?)

ഈ എറിഞ്ഞ് പൊട്ടിച്ച മാങ്ങായില്‍ അല്പം ഉപ്പും, മുളക് പൊടിയും തൂവി, അമ്മിക്കല്ലു കൊണ്ടോ മറ്റോ ഒന്നു ചതച്ചാല്‍ ബഹുകേമമായി. അതില്‍ അല്പം വെലിച്ചെണ്ണ പുരട്ടിയാല്‍, അതിലേറെ വിശേഷം. കഞ്ഞിയുടെ കൂടെ പറ്റിയ സാധനം. അലെങ്കില്‍ കത്തി കൊണ്ട് ചെറുതാക്കി അരിഞ്ഞ് അതിലേക്ക് ഉപ്പ്, മുളക് പൊടി (ഉണക്കമുളകായാലും മതി), വെളിച്ചെണ്ണ എന്നിവ പാകത്തിന് ചേര്‍ത്തും അച്ചാറ് പോലെ കഴിക്കാം.

ഇതുപോലെ മാങ്ങാ ഉപ്പിലിട്ടതും എന്റെ വീക്നെസ് ആണ്. മാങ്ങായുടെ കൂടെ ചെറുനാരങ്ങ, കാരറ്റ്, പച്ചമുളക് ..... എന്നിവയും ചേര്‍ക്കാം. ഇതില്‍ അല്പം വിനാഗിരിയും ചേര്‍ക്കുന്നവരും ഉണ്ട്. പഠിക്കുന്ന കാലത്ത് ഉപ്പിലിട്ട മാങ്ങാ കഷ്ണത്തിന് പത്തു പൈസയെങ്ങാണ്ടായിരുന്നു. ഇന്നത് രണ്ടോ അതില്‍ കൂടുതലോ ആയി. ഇന്നും നാട്ടില്‍ പോകുമ്പോള്‍ ഇതൊക്കെ ട്രൈ ചെയ്യും. ചാവക്കാട് ഈ വക ഐറ്റംസ് എപ്പോഴും കിട്ടാറുണ്ട്. കൈതച്ചക്ക (പൈനപ്പിള്‍) ഇതുപോലെ ഉപ്പിലിട്ടതും റാസ് ലിയുടെ (എന്റെ നല്ലപാതി) വീട്ടില്‍ പോകുന്ന വഴി തട്ടാറുണ്ട്.

അതുപോലെ മാങ്ങാ ഉണക്കിയത്, മാങ്ങാ അച്ചാര്‍, മാമ്പഴപ്പുളിശ്ശേരി... അങ്ങിനെ എന്തെല്ലാം! മാങ്ങ എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് കുട്ടിക്കാലമാണ് ഓര്‍മ്മ വരിക.. അല്ലേ?

12 comments:

~nu~ said...

“എറിഞ്ഞ് പൊട്ടിച്ച മാങ്ങായില്‍ അല്പം ഉപ്പും, മുളക് പൊടിയും തൂവി, അമ്മിക്കല്ലു കൊണ്ടോ മറ്റോ ഒന്നു ചതച്ചാല്‍ ബഹുകേമമായി. അതില്‍ അല്പം വെലിച്ചെണ്ണ പുരട്ടിയാല്‍, അതിലേറെ വിശേഷം.“

തൊട്ടടുത്തൊരുവന്‍ ഇരുന്ന് പച്ചമാങ്ങ തിന്നുന്നതു കാണുമ്പോള്‍, വായില്‍ വെള്ളം വരത്തവരാരെങ്കിലും ഉണ്ടോ?

ശ്രീലാല്‍ said...

ഇതിലും ഭേദം ആ അമ്മിക്കല്ലെടുത്ത് എന്റെ നെഞ്ചത്തിടുന്നതായിരുന്നു ദില്ലേ.. വെറുതേയിരിക്കുന്ന മ്മളെ വായില് കപ്പലോടിച്ച് കളിക്ക്യാ..? ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ പാപമൊക്കെ എവിടെക്കൊണ്ട് പോയി ഒഴുക്കും?

പച്ചമാങ്ങ ഉപ്പും മുളകുപൊടീം കൂട്ടിക്കഴിച്ച കാലം മറന്നു.

മാങ്ങ്ക്കെറിയാനുള്ള കല്ലേടുത്തെറിയും,ഇനി ഇങ്ങനെ എഴുതിയാല്‍

ശ്രീ said...

മാങ്ങ എന്നു കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം‍ വരുന്നു.

നല്ല ഓര്‍മ്മകള്‍...

Unknown said...

നീയെന്നെയങ്ങു കൊല്ല്...
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ സ്കൂള്‍ വഴിയൊക്കെ പോകുമ്പോള്‍ കണ്ണ് തങ്ങിനില്‍ക്കുക അമ്മച്ചിമാവുകളുടെ മുകളില്‍ ആണ്..
വലിയ കോണ്‍ വെന്റില്‍ വേറൊരു ഐറ്റം ഉണ്ടായിരുന്നു...മഠത്തില്‍നിന്നും അറ്റന്‍ഡര്‍ ചേച്ചിമാര്‍ അടിച്ചുമാറ്റിത്തരുന്ന ലൂവിക്ക ഉപ്പിലിട്ടത്..കോളേജിലും അതേ എപ്പോളും കണ്ണ് മഠത്തിലും, കാമ്പസ്സ്സിലും ഉണ്ടായിരുന്ന മാവിലും പേരയിലും...
അന്നുപിന്നെ ഇന്റെര്‍വെല്ലിലല്ലാ കലാപരിപാടികള്‍...ബോട്ടണി,സുവോളജി പ്രാക്റ്റികല്‍ ക്ലാസ്സുകളില്‍..
ഒരുപാട് പുറകോട്ട് പോയി..അന്നത്തെ ഗ്രൌണ്ടിലും മറ്റുമുള്ള പഠനവേളകള്‍, ഇന്റെര്‍വെല്‍ ആക്റ്റിവിറ്റീസ് ഒക്കെ..ഓര്‍ത്തുപോയി..നിങ്ങള്‍ ആണ്‍പിള്ളേരെ മര്യാദരാമിയും, ടീച്ചേഴ്സിന്റെ കണ്ണിലുണ്ണിയുമായിരുന്ന ഞാന്‍(ഊം..ഊം)വിരട്ടിയിരുന്നതും..

Unknown said...

പ്രിയ പറഞ്ഞപോലെ ഇനി ഇങ്ങനെയൊക്കെ എഴുതിയാല്‍ നിന്നെ കല്ലെടുത്തെറിയും..

~nu~ said...

എന്റെ ഉപ്പാക്ക് ഇഷ്ടപ്പെട്ട വേറൊരു മാങ്ങ് ഐറ്റം ഉണ്ടാഉഇരുന്നു. സാധനം മാങ്ങാ ചമ്മന്തി. ഇതിന് അമ്മി തന്നെ വേണം( മിക്സി ആയാലും മതി. പക്ഷെ ടേസ്റ്റ് കുറയും). തൊലി ചെത്തിയ മാങ്ങയും, ചെറിയ ഉള്ളിയും, മുളക്പൊടിയും, ഉപ്പും (രണ്ടോ മൂന്നോ വെളുത്തുള്ളി വേണമെങ്കില്‍ ഏഡാം) കൂടെ നന്നായി അരക്കുക. ഇതില്‍ അല്പം വെളിച്ചെണ്ണ ചേര്‍ത്ത് ചോറിനോടോ, കഞ്ഞിയോടോ ഒപ്പം അടിക്കുക.

അല്ലെങ്കില്‍ തേങ്ങാ ചമ്മന്തിയില്‍ പുളിയുടെ അളവു കുറച്ച്, മാങ്ങാ ചേര്‍ത്താലും മതി. ഇതില്‍ നല്ല വറുത്ത ഉണക്ക ചെമ്മീന്‍ കൂടി ചേര്‍ത്താല്‍... ഹോ... ഞാന്‍ ഒന്നും പറയുന്നില്ല. നിങ്ങള്‍ എന്നെ തല്ലിക്കൊല്ലും.

ആഗ്നേയാ...നീ എന്നെ വിരട്ടിയിട്ടുണ്ടോ? ഞങ്ങളും നിങ്ങളും തമ്മില്‍ ക്ലാസ് റൂം ക്ലീന്‍ ചെയ്യുന്ന സമയത്ത് അടികൂടാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു മിഡ് ടേം പരീക്ഷക്ക് ഇംഗീഷ് പരീക്ഷയില്‍ പദ്യം തെറ്റിച്ചതിന് ഡ്രില്ലിന് പറഞ്ഞയക്കാതെ ഇമ്പോസിഷന്‍ തന്ന എന്നെ നിങ്ങള്‍ പൂതനകള്‍ നാറ്റിച്ചത് ഞാന്‍ മറന്നിട്ടില്ല. സിസ്റ്ററിന്റെ കയ്യില്‍ നിന്ന് തല്ലും പോരാഞ്ഞ് നിങ്ങളുടെ വകയും.

പരിത്രാണം said...

വായില്‍ കപ്പലോടിച്ചു കളിക്കാണല്ലേ :)

നടുവില്‍ വെച്ച് നാലു അറ്റവും കൂട്ടിപ്പിടിച്ച് ചുമരില്‍ നാലഞ്ച് അടിയാണ്. പിന്നെ തൂവാല തുറന്നു ഓരോ കഷ്ണങ്ങളെടുത്ത് ഉപ്പ് കൂട്ടിത്തിന്നും, ചിലപ്പോള്‍ കൂടെ മുളക് പൊടിയും...

അങ്ങിനെ എന്തെല്ലാം കാര്യങ്ങള്‍ ഇനി അതൊന്നും തിരിച്ചു കിട്ടില്ലല്ലോ...

നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചതിനു നന്ദി :)

asdfasdf asfdasdf said...

മാങ്ങയുടെ കാര്യം, പ്രത്യേകിച്ച് ഉപ്പുമാങ്ങയുടെ കാര്യം പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് അമ്മൂമ്മ നാലഞ്ച് ഭരണികളിലാക്കി വെയ്ക്കുന്ന ഉപ്പുമാങ്ങയാണ്. മൂന്നുമാസം കഴിഞ്ഞേ തുറക്കൂ. നൂറുമാങ്ങ ഇട്ടുവെയ്ക്കുന്ന ഭരണി അമ്മുമ്മ ഔദ്യോഗികമായി തുറക്കുമ്പോള്‍ 50 ഇല്‍ താഴെ മാങ്ങയേ കാണൂ. ഞങ്ങള്‍ പിള്ളേര് അമ്മൂമ്മ കാണാതെ ഇടയ്ക്കിടെ തുറന്ന് ഓരോന്നെടുത്ത് പാകത്തിനു വെള്ളം ഒഴിച്ചു വെയ്ക്കും. അതൊക്കെ ഒരു കാലം.

ഗിരീഷ്‌ എ എസ്‌ said...

ഒരു നല്ല മാമ്പഴക്കാലം...
ആശംസകള്‍...
പലവിധമുള്ള മാങ്ങാ ഐറ്റംസ്‌ കഴിച്ച്‌ മടുത്തിരിക്കുകയായിരുന്നു....
ഇപ്പോ വീണ്ടും അടുത്ത സീസണിലേക്കുള്ള കണ്ണിമാങ്ങാ അച്ചാറും മുട്ടന്‍ ഭരണികളില്‍ തയ്യാറായി കഴിഞ്ഞു...

എന്തായാലും....
ഓര്‍മ്മപ്പെടുത്തലിന്‌ നന്ദി...

Unknown said...

അരവിന്ദ്‌ നാട്ടിലെത്തുന്നതോടെ വീട്ടുകാരുടെ കഷ്ടകാലമായിരിക്കുമല്ലോ
പരീക്ഷണത്തിന്‌ കൂടുതല്‍ മുതിരാതിരിക്കുന്നതായിലിക്കും വീട്ടുകാര്‍ക്കും നമ്മക്കും നല്ലത്‌

നിരക്ഷരൻ said...

റീനീ.....
സവോളയുടെ ‘കണ്ണുനിറയിപ്പിക്കുന്ന വികാരം’ ഉപ്പിട്ട് വച്ചിട്ട് പിഴിഞ്ഞ് കളയുന്നതിന് പകരം, ‘പ്രാരാബ്ദ്ധം‘ പറഞ്ഞതുപോലെ കുറച്ച് വിനാഗിരിയില്‍ ഇട്ട് വെച്ച് പിഴിഞ്ഞ് കളഞ്ഞ് നോക്കിയിട്ടുണ്ടോ ?

ഒരു പ്രത്യേക രുചിയാണ് പിന്നെ ഈ ചള്ളാസ്/സള്ളാസിന്

ഗോപന്‍ മാഷേ...
ഞാന്‍ പുളുവടിച്ചതല്ല. ഇവിടെ ചെറിയ ഉള്ളി കഴിഞ്ഞ 6 മാസത്തിനിടയില്‍ എനിക്ക് കിട്ടിയിട്ടില്ല. ലണ്ടനില്‍ എന്തായാലും കിട്ടുമായിരിക്കും. പക്ഷെ ഇവിടന്ന് 1 മണിക്കൂര്‍ യാത്രയുണ്ട്.
:) :)