Sunday, November 19, 2006

പാലട പ്രഥമന്‍

വേണ്ട സാധനങ്ങള്‍

1.അരിപ്പൊടി 200 ഗ്രാം
2.പാല്‍ 3 ലിറ്റര്‍
3.പഞ്ചസാര ¾ ഗ്ലാസ് (ആവശ്യത്തിന്)
4.നെയ്യ് 4 ടീസ്പൂണ്‍
5.വാഴയില ആവശ്യത്തിന്
6.ഏലക്കാ പൊടി ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

അരിപ്പൊടി ഒരു പാത്രത്തില്‍ എടുത്ത് 100 മില്ലി പാലും ചെറുചൂടുവെള്ളവും കൂട്ടി അടയ്ക്കുള്ള പരുവത്തില്‍ കുഴയ്ക്കുക. വാഴയില ചെറുതായി കീറി അതില്‍ ഈ മിശ്രിതം പരത്തി ആവിയില്‍ വേവിച്ചെടുക്കുക. അധികം വേവരുത്. പാത്രത്തില്‍ നിന്നുമെടുത്ത് തണുത്തതിനുശേഷം ഒരു പരന്ന വൃത്തിയുള്ള പലകപ്പുറത്ത് ഓരോ അടയും വെച്ച് ചെറുതായി കൊത്തിയരിയുക. (ഡൈമണ്ട് ആകൃതിയീല്‍)

ചുവടുകട്ടിയുള്ള പാത്രം (ചെറിയ ഉരുളിയുമാവാം) എടുത്ത് അടുപ്പില്‍ വെച്ച് 3 ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ചൂടായ പാത്രത്തിലേക്ക് അടയിട്ടിളക്കുക. തീ കൂട്ടി അട പകുതി മൊരിഞ്ഞ പാകത്തില്‍ ഇറക്കുക.

മറ്റൊരു പാത്രത്തില്‍ 21/2 ലിറ്റര്‍ പാലെടുത്ത് തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാല്‍ തീകുറച്ച് മെല്ലെ ഇളക്കിക്കൊണ്ടിരിക്കുക. പഞ്ചസാര ചേര്‍ത്ത് അഞ്ചുമിനിട്ട് കൂടി ഇടത്തരം തീയില്‍ ഇളക്കുക. പിന്നീട് അട ചേര്‍ത്ത് 10 മിനിട്ടു ഇളക്കുക.അട പൊടിയാതെ ഇളക്കണം. കുറുകി വരുമ്പോള്‍ ബാക്കി പാലും ചേര്‍ത്ത് ഇളക്കുക. തീയില്‍ നിന്നിറക്കി ഏലക്കാപൊടിയും ബാക്കി നെയ്യും ചേര്‍ത്തിളക്കി വിളമ്പാം.

ഇതില്‍ പഞ്ചസാരയുടെ അളവ് അവനവന്റെ കപ്പാസിറ്റിയനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

(ഈ പാചക വിധി ബ്രഹ്മസ്വം മഠത്തിലെ ദേഹണ്ണക്കാരനായിരുന്ന ഇളയതിന്റെയാണ്. എനിക്കിതില്‍ ഒരു പങ്കുമില്ലേ..)

11 comments:

കുട്ടന്മേനൊന്‍::KM said...

ദില്‍ബൂവിന്റെ Happy B'Day ആയി ഇന്നിവിടെ ഒരു പാലട പ്രഥമന്‍ പോസ്റ്റുന്നു.

ദില്‍ബാസുരന്‍ said...

മേനോഞ്ചേട്ടാ.... താങ്ക്സ്.

പാലടയൊക്കെ കണ്ടെങ്കിലും വെള്ളമിറക്കട്ടെ. :-(

അഗ്രജന്‍ said...

‘പാലട പ്രഥമന്‍‘ എന്തായാലും പരീക്ഷിക്കുന്നുണ്ട്.

തൊട്ട് കൂട്ടാന്‍ ‘സൂ’വിന്‍റെ കണ്ണിമാങ്ങാ അച്ചാറ് തന്നെ ആയ്ക്കോട്ടെ.

ഹാപ്പീ ബര്‍ത്ത് ഡേ റ്റൂ യൂ ദില്‍ബൂ...:)

പായസത്തിലേക്ക് ഒരു തേങ്ങ എന്‍റെ വഹ!

അഗ്രജന്‍ said...

എടാ... ദില്‍ബൂ... പായസം എന്ന് കേട്ടതേ ചാടി വീണു അല്ലേ... ചുമ്മതല്ല മിന്നാമിനുങ്ങ് ഫോട്ടോയ്ക്ക് അടിക്കുറിപ്പിട്ടത് :)

Sul | സുല്‍ said...

ഹാപ്പീ ബര്‍ത്ത് ഡേ റ്റൂ യൂ ദില്‍ബൂ.

ഞാന്‍ വന്നു ദില്‍ബൂ. എന്റെ പായസം എവിടെ?

-സുല്‍

ഇത്തിരിവെട്ടം|Ithiri said...

സദ്യയില്ലാതെ എന്തോന്ന് പായസം... എവിടെ ദില്‍ബാ സദ്യ ?


മേനോന്‍‌ജീ പരീക്ഷിച്ച് നോക്കട്ടേ...

അതുല്യ said...

മേനന്റെ... ആ ഇളയതിനെ ഞാനൊന്ന് കാണുന്നുണ്ട്‌.. ഈ പാലടയ്കൊക്കെ ഏലയ്ക്ക ഇടാന്‍ പറഞ്ഞതിനു. (പറയാന്‍ പറ്റില്യാ, കണ്ണുരെവിടെയോ ഗോതമ്പ്‌ പ്രദമനില്‍ വെള്ളുത്തുള്ളി മൊരിയച്ച്‌ ചേര്‍ക്കാനുള്ള ഒരു കുറിപ്പ്‌ ഞാനീടെ കണ്ടു., ശര്‍ക്കര കൂട്ടിയാ കമ്പിളിയും തിന്നാം...)


(ഡൈമണ്ട്‌ കട്ടാക്കുന്നതിലും എളുപ്പം കാരറ്റ്‌ ഷ്രെഡറില്‍ ചെയ്യുന്നതാണു.)

കുട്ടന്മേനൊന്‍::KM said...

ഏലയ്ക്കായ് ഒരു ടീസ്പൂണിടാനല്ല പറഞ്ഞത്. ഒരു നുള്ള്. അത് വല്ല കുത്തുമണം ഉണ്ടെങ്കില്‍ പോകാനാണ്.(കുറുക്കനതുലേച്ച്യേ : ഇളയതിനെ തൊട്ടാല്‍ വിവരമറിയും :)

അതുല്യ said...

എന്നാലും ഏലയ്കാ വേണ്ട. ആ പാലടടെ ഗും പോകും.

-- ഞങ്ങടെ ഹരി തമ്പാന്റെ പുറകെ നിന്നൊട്ടെ, എന്നാ ഞാന്‍ തൊടില്ല.

കുറുമാന്‍ said...

പാലട പ്രഥമന്‍ പരീക്ഷിക്കണമല്ലോ.....

പിന്നെ അടുത്തു തന്നെ, അപ്പൂട്ടന്‍ ഇളയതിന്റെ ഒരു പാലട റെസീപ്പിയും ഇവിടെ പ്രതീക്ഷിക്കാം.

പണിയൊഴിഞ്ഞിട്ട് ബ്ലോഗാന്‍ നേരമില്ലാന്ന് പണ്ടാരെങ്കിലും പറഞ്ഞിട്ടുണ്ടോ ആവോ?

Anonymous said...

അതുല്ല്യേച്ചീ,
പാലട പ്രഥമനില്‍ ഞാനും ചേര്‍ക്കും ഏലക്കായ(വളരെ കുറച്ച്‌).
നെയ്യ്‌ ചേര്‍ക്കാറില്ല.പകരം പ്രഥമന്‍ പാകമായി ഇറക്കി വെച്ചതിനുശേഷം ബട്ടര്‍ ചേര്‍ക്കും.