Sunday, November 19, 2006

മുട്ടമാല

എന്‍റെ ഭാര്യഗേഹം നിലകൊള്ളുന്ന പൊന്നാനി ഭാഗത്തെ ഒരു വിശിഷ്ടമായ പലഹാരമാണത്രേ ‘മുട്ടമാല’

ആവശ്യം വേണ്ടുന്ന സാധനങ്ങള്‍:

‘നന്നായി വിളഞ്ഞ’ കോഴിമുട്ട - 2 എണ്ണം
പഞ്ചസാര - അര കപ്പ്
വെള്ളം - ഒരു കപ്പ്

തയ്യാറാക്കുന്ന വിധം:

മുട്ട മുകള്‍ ഭാഗം പൊട്ടിച്ച്, മഞ്ഞക്കുരു മാത്രം എടുത്ത് നന്നായി അടിക്കുക.
ഒഴിഞ്ഞ മുട്ടത്തോടിനടിയില്‍ ചെറിയ ഒരു സുഷിരമുണ്ടാക്കുക.

അടുപ്പത്ത് ചീനച്ചട്ടി വെച്ച് അതില്‍ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക.
പഞ്ചസാര ഉരുകി ചെറുതായിട്ടൊന്നു കുറുകുന്നത് വരെ തിളപ്പിക്കുക (പഞ്ചസാര സീറെന്ന് പറയും ആ പരുവത്തിന്).

സുഷിരം വിരലുകൊണ്ട് പൊത്തിപ്പിടിച്ച് മുട്ടത്തോടിലേക്ക് അടിച്ചുവെച്ചിരിക്കുന്ന മഞ്ഞ നിറയ്ക്കുക.
ചീനച്ചട്ടിയിലെ പഞ്ചസാര ലായനിയിലേക്ക്, വിരല്‍ മാറ്റി മുട്ടയുടെ മഞ്ഞ, വട്ടം ചുറ്റി ഒഴിക്കുക.
ചെറിയ തീയില്‍ കുറച്ച് വേവിച്ചതിന് ശേഷം കോരിയെടുക്കാം.

ഈ വിഭവം കൊളസ്ട്രോളിനും ഡയബെറ്റീസിനും വളരെ നല്ലതാണ് - നല്ലതാന്ന് വെച്ചാല്‍ രണ്ടും ഉണ്ടാവാന്‍ നല്ലതാണെന്ന്.

ഉപയോഗമില്ലാതെ വന്ന മുട്ടയുടെ വെള്ള വേണമെങ്കില്‍ ചായയില്‍ പാലിനു പകരം ചേര്‍ക്കാവുന്നതാണ് എന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്.

19 comments:

മുസ്തഫ|musthapha said...

‘മുട്ടമാല’ ഒരു മധുരപലഹാരം!

സുല്‍ |Sul said...

“എന്‍റെ ഭാര്യഗേഹം നിലകൊള്ളുന്ന പൊന്നാനി ഭാഗത്തെ ഒരു വിശിഷ്ടമായ പലഹാരമാണത്രേ ‘മുട്ടമാല’“

ആ “ത്രെ” കേട്ടാലറിയാം അഗ്രു ആ വഴിക്കൊന്നും പോയിട്ടില്ലാന്ന്. അങ്ങനെ ജിലേബിയുണ്ടാക്കാന്‍ പഠിച്ചു.

തേങ്ങ വേണ്ടെ?

-സുല്‍

അതുല്യ said...

അഗ്രൂ പാവം ഒരു കോഴിക്കുഞ്ഞിനെ.....

നീ പൊട്ടിച്ച ഒരോ മുട്ടയും ഓരോ കോഴിക്കുഞ്ഞിന്റെ തലപൊട്ടിയ്കുന്ന പോലയാണെന്ന് ......

ദേവഗുരു അല്‍പം മാറി നില്‍ക്കുന്നുന്ന് വച്ച്‌ കുട്ട്യോളിവിടെ കലൊറീയാന്റീടെ തലയിലു കേറി നെരങ്ങുവാ അല്ലേ.? എവിടെ ഡയല്‍ ദേവന്‍ ഇമ്മിയിടറ്റിലി...

thoufi | തൗഫി said...

അഗ്രൂ..മുട്ടമാല എന്റെ ഫേവരിറ്റുകളിലൊന്നാണ്.പെണ്ണുകാണാന്‍ പോയ നാളിലാണ് ഈ സാധനം ആദ്യം കാണുന്നത്.അന്നു പെണ്ണിനെ കണ്ട ആവേശത്തില്‍ എത്രയെണ്ണം അകത്താക്കിയെന്നറിയില്ല.പിന്നെ ഈ സധനം കണ്ടത് കല്ല്യാണം കഴിഞ്ഞുള്ള ആദ്യവിരുന്നിനു.ഇന്നും എപ്പൊ ഫാര്യാവീട്ടിലെത്തിയാലും അന്നു മുട്ടമാല തിന്നാനാ എന്റെ വിധി.കാരണം ഞാനും കുരുക്കിലകപ്പെട്ടത് ഇതേ പൊന്നാനിയില്‍ നിന്ന് തന്നെ.

ഓ.ടോ.)ഈ തേങ്ങ അടൂത്ത പാചകത്തിലേക്ക് ചേര്‍ത്തോളൂ

സുല്‍ |Sul said...

പുതിയ ഒരു പലഹാരത്തെ പറ്റി പരിചയപ്പെടുത്തിയതിനു നന്ദി അഗ്രു.

ഓടാം : നിനക്ക് തേങ്ങാ വേണ്ടേല്‍ ഒരു മുട്ട ആയാലോ?

-സുല്‍

അതുല്യ said...

അഗ്രൂവേ... സംതിംഗ്‌ മിസ്സിങ്ങ്‌...

മഞ്ഞ മാത്രം എടുത്തിട്ട്‌ മെറി ഗോ റൗണ്ടില്‍ കേറണമ്ന്നൊക്കെ പറയുമ്പോ, നമ്മടെ മുട്ടേടേ വെള്ള അപ്പഴും തോടിനകത്തുണ്ടാവില്ലേ? സുഷിരത്തിനു മുകളില്‍ ഇവന്‍ ഒരു മെംബ്രേന്‍ ആയി ഇരിയ്കുമ്പോ, താഴെയ്ക്‌ നമ്മടെ മഞ്ഞ മഴ വീഴുമോ?

asdfasdf asfdasdf said...

മുട്ടമാല ഉണ്ടാക്കി നോക്കണം. വേണ്ട. അതുല്യച്ചേച്ചി പറഞ്ഞ പോലെ പാവം ഒരു കോഴിക്കുഞ്ഞിനെ.. (ദേവേട്ടന്‍ ഇനി ഈ ഭാഗത്തേക്ക് വരുമെന്ന് തോന്നുന്നില്ല)

അതുല്യ said...

അഗ്ര്രൂ ഫൗള്‍ പ്ലേ... ചീറ്റിംഗ്‌ ചീറ്റിംഗ്‌...

അതുല്യ said...

അഗ്ര്രൂ ഫൗള്‍ പ്ലേ... ചീറ്റിംഗ്‌ ചീറ്റിംഗ്‌...

കുറുമാന്‍ said...

അഗ്രജോ, മുട്ട മാല, പഞ്ചസാര പാനി, ഹാവൂ, എന്റെ നെഞ്ചെരിയുന്നു....

കേട്ടിട്ടുണ്ട് മുട്ടമാലയെകുറിച്ച്, ഇന്നുവരേയായി കഴിക്കാന്‍ യോഗം കിട്ടീയിട്ടില്ല....ഒരു ദിവസം ഉണ്ടാക്കി വക്കൂ.....നോക്കാലോ

Satheesh said...

അതുല്യേച്ചിയുടെ സംശയം ഉണ്ടാവണ്ട എന്നു കരുതിയാണ് ഇവിടെ അതിനൊരു പുതിയ വിദ്യ കണ്ടുപിടിച്ചത്..

വിചാരം said...
This comment has been removed by a blog administrator.
സു | Su said...

മുട്ടമാലയില്‍ എനിക്ക് വല്യ താല്പര്യം ഇല്ല :|

എനിക്ക് ഐസ്ക്രീം മാലയാണ് ഇഷ്ടം. ആദ്യം സ്റ്റ്ട്രോബെറി, പിന്നെ പിസ്ത, പിന്നെ ബട്ടര്‍സ്കോച്ച്, പിന്നേം സ്റ്റ്ട്രോബെറി, വാനില... അങ്ങനെ ഒക്കെയും കോര്‍ത്തിട്ട് ഒരു മാല.

Rasheed Chalil said...
This comment has been removed by a blog administrator.
Rasheed Chalil said...

ഹവൂ സമാധാനം. അഗ്രജന്‍ ഇതിന് ഒരു പേര് കണ്ടുപിടിച്ചല്ലോ. പക്ഷേ അഗ്രജാ ഈ പേരില്‍ വേറൊരു സാധനം ഉണ്ട്. ഇതും പേരില്ലാഗണത്തില്‍ പെടുത്തികോളൂ...

സൂചേച്ചീ കലക്കി.

ഓടോ : അഗ്രജാ ഞാനൊരു പരീക്ഷണത്തിന് തയ്യാറല്ല.

അനംഗാരി said...

ഈ മുട്ടമാല കഴിച്ചാണോ ഈ പരുവത്തിലായത്?.
പൊന്നാനിയില്‍ നിന്ന് പെണ്ണ് കെട്ടുന്നവര്‍ക്കുള്ള ശിക്ഷയായി നല്‍കുന്നതാണ് മുട്ടമാല എന്ന് കേട്ടിട്ടുണ്ട്. അതു മിന്നാമിനുങ്ങ് ശരിവെക്കുന്നു. പെണ്ണ് കാണല്‍ ചടങ്ങിന് പെണ്ണിന്റെ കുറവുകള്‍ പരിഹരിക്കാന്‍(അല്ലെങ്കില്‍ ചെക്കനെ മയക്കാന്‍) കണ്ടുപിടിച്ച സാധനം.ശരിയാണോ അഗ്രജാ?

ഓടിയാലും പൊന്നാനി വരെ ഓടാന്‍ വയ്യ!

മുസ്തഫ|musthapha said...

അനംഗാരിയേ തേടി പൊന്നാനി വനിത ബ്ലോഗര്‍ വിങ്ങ് വരുന്നുണ്ട്... വണ്ടി വിട്ടോ :))

magnifier said...

അഗ്രജന്‍, ഇത് തലശ്ശേരിക്കാര്‍ കേള്‍ക്കേണ്ട. അവരുടെ തനതു പുതിയാപ്ല പലഹാരമാണ് മുട്ടമാല. അതുല്യേച്ചി മുട്ടയുടെ മഞ്ഞക്കരു മാത്രം എടുക്കാന്‍ വേറെ വഴിയുണ്ട്. ആദ്യം കൈ വൃത്തിയായി കഴുകുക. പിന്നെ മുട്ട പൊട്ടിച്ച് കൈവെള്ളയിലൊഴിക്കുക. എന്നിട്ട് അതിന്റെ വെള്ളക്കരുവിനെ കൈവിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നുപോകാന്‍ അനുവദിക്കുക. കയ്യിലവശേഷിക്കുന്ന മഞ്ഞയായവനെ മറ്റൊരുപാത്രത്തില്‍ വിക്ഷേപിക്കുക. സിമ്പിള്‍! ബാക്കിവരുന്ന വെള്ളക്കരു ചായയിലൊഴിക്കുകയല്ല ചെയ്യുന്നത്. മുട്ടമാലയ്ക്ക് അകമ്പടി പോകാന്‍ വെള്ളക്കരു കൊണ്ട് “മുട്ട സിര്‍ക്ക എന്നൊരു സാധനം വേറെ ഉണ്ടാക്കും. ആരേലും ഒരു മെംബര്‍ഷിപ് തന്നാല്‍ വിദ്യ പറഞ്ഞുതരാം

മുസ്തഫ|musthapha said...

മാഗ്നി :)
നന്ദി.

മുട്ടമാലയുണ്ടാക്കുന്ന ശരിയായ വിധവും, മുട്ടസുറുക്കയുണ്ടാക്കുന്ന വിധവും ‘വിചാരം’ അടുത്ത പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട് :)

മുട്ടമാലയോ അതെന്താ...
അഗ്രജനോ അതാരാ...

:)