Tuesday, November 21, 2006

പത്തിരി

നിറപറ പത്തിരിപ്പൊടി- 2 ഗ്ലാസ്സ്‌
വെള്ളം-2 ഗ്ലാസ്സ്‌
ഉപ്പ്‌-ആവശ്യത്തിന്‌

ഉണ്ടാക്കേണ്ട വിധം:വെള്ളം പാത്രത്തിലൊഴിച്ച്‌ അടുപ്പത്ത്‌ വെച്ച്‌ തിളപ്പിക്കുക.തിളച്ചു തുടങ്ങുമ്പോള്‍ ഉപ്പിട്ട്‌ തീ കുറക്കുക.അരിപ്പൊടി വെള്ളത്തിലേക്ക്‌ ഇട്ട്‌ നല്ല വണ്ണം ഇളക്കുക.വെള്ളം വറ്റിയാല്‍ പാത്രം അടുപ്പില്‍ നിന്നിറക്കി പൊടി ഒരു പരന്ന പാത്രത്തിലേക്കിട്ട്‌ നല്ല വണ്ണം കുഴയ്ക്കുക.പൊടി ചൂടാറുന്നതിന്‌ മുമ്പ്‌ കുഴയ്ക്കണം.നല്ല മയം വരുന്നത്‌ വരെ കുഴച്ച്‌ പൊടി ഉരുളകളാക്കുക.ഓരോ ഉരുളകളും പലകയിലോ പ്രസ്സിലോ വെച്ച്‌ കനം കുറച്ച്‌ പരത്തുക.

എണ്ണമയം ഇല്ലാത്ത ചട്ടി ചൂടാകുമ്പോള്‍ പത്തിരി ചട്ടിയി‌ലേക്ക് ഇടുക.(പരത്തുമ്പോള്‍ മുകളിലായിരുന്ന വശം തന്നെ ചട്ടിയിലിടുമ്പോഴും മുകളില്‍ വരാന്‍ ശ്രദ്ധിയ്ക്കുക).പത്തിരി ചെറുതായി ചൂടാകുമ്പോള്‍ മറിച്ചിടുക.രണ്ട്‌ നിമിഷത്തിനു ശേഷം ഒന്നു കൂടി തിരിച്ചിടുക.ഭാഗ്യമുണ്ടെങ്കില്‍ കുറച്ച്‌ കഴിയുമ്പോള്‍ പത്തിരിയുടെ മുകള്‍ വശം പൊന്തി വരും.അപ്പോള്‍ ചട്ടിയില്‍ നിന്നും എടുത്ത്‌ ചൂടാറാന്‍ വെക്കുക.പത്തിരി മുട്ടക്കറി കൂട്ടി കഴിക്കാം.

ബാച്ചിലേഴ്സിന്‌:ഇതു നിങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണിയല്ല.

വിവാഹിതര്‍ക്ക്‌:ഭാര്യമാര്‍ ഇത്ര കഷ്ടപ്പെട്ടുണ്ടാക്കുന്ന പത്തിരികളാണ്‌ നിങ്ങള്‍ നിമിഷനേരം കൊണ്ട്‌ വെട്ടി വിഴുങ്ങുന്നത്‌.

26 comments:

വല്യമ്മായി said...

പത്തിരി വേണോ പത്തിരി(ഉണ്ടാക്കാന്‍ മടിയുള്ളവര്‍ക്ക് തറവാട്ടിലേക്ക് സ്വാഗതം.)

thoufi | തൗഫി said...

വല്ല്യമ്മായീ..
ഹായ്..പത്തിരിയും മുട്ടക്കറിയും
റമദാനിലും അല്ലാത്തപ്പോഴും എത്ര കഴിച്ചാലും മതിവരാത്ത വിഭവം
എനിക്ക് ഇപ്പോ വേണം.തറവാട്ടില്‍ ഉണ്ടാക്കിയിട്ട് അറിയിക്കണം ട്ടൊ
ഓ.ടോ.)ഞാനിവിടെയും ഒരു സുല്ലിട്ടു

ബിന്ദു said...

ഇടിയപ്പപൊടി ആയാലും മതിയോ? അല്ലെങ്കില്‍ വേണ്ട ഞാന്‍ അങ്ങോട്ടു വരാം.:)

വല്യമ്മായി said...

ഇടിയപ്പപൊടി ശരിയാകില്ല

Anonymous said...

നിറപറ പത്തിരിപ്പൊടി? അങ്ങനൊരു പൊടിയുണ്ടോ?

ഡാലി said...

വല്യമ്മായി... കൊല്ലും ഞാന്‍... പത്തിരി എന്നു കണ്ട് ചാടി ഓടി, ഈകണ്ട മൂക്കൊക്കെ തട്ടി വീണു വന്നതാ. അപ്പോ ദേ നിറപറ പത്തിരി പൊടി! ഈ കാനാന്‍ ദേശത്തെന്തോന്ന് നിറ? എന്തോന്ന് പറ? ഈ പൊടി എങ്ങനെയാ ഉണ്ടാക്കണേന്ന് വല്ല നിശ്ചയണ്ടാ? ഇവടെ ഒരു കൊച്ചു കോഫി ഗ്രൈന്‍ഡര്‍ ഉണ്ട്. അത് വച്ച് പൊടിച്ചാ പുട്ടുണ്ടാക്കാ. അതുപോലെ വല്ല പരിപാടിയിലും പൊടിയുണ്ടാക്കാന്‍ പറ്റോ?
അതല്ലാ തറവാട്ടിലേയ്ക്ക് വരാന്ന് വച്ചാ എനിക്ക് നിങ്ങടെ അറബ്യോള്‍ വിസ തരോ?
കൊതിപ്പിച്ച് കൊല്ലണോരെ ദൈവശിക്ഷിക്കൂട്ടാ വല്യാമ്മായി.

സു | Su said...

വല്യമ്മായീ :) ഇവിടെ തേങ്ങ ചിരവിയതും കൂടെ കൂട്ടി, ഇലയില്‍ പരത്തി, കല്ലിലിട്ട് ഉണ്ടാക്കും. അതിന് പത്തിരി എന്ന് പറയും.

സഹൃദയന്‍ said...

:-D

Kuttyedathi said...

വല്യമ്മായി, ഈ നിറപറ പത്തിരി പൊടി അല്ലാതെ ഇതിനെന്താ വഴി എന്നു പറഞ്ഞു തരുമോ ? ഈ നിറപറയൊക്കെ വരണതിനു മുന്‍പും, പത്തിരിയുണ്ടായിരുന്നല്ലോ:) സാദാ അരിപ്പൊടി കൊണ്ടു ശരിയാവുമോ ? (‘സ്വാദ്‘ ന്റെ അരിപ്പൊടിയാണിവിടെ )നമ്മള്‍ പൊടിച്ചെടുക്കുവാണെങ്കില്‍, പൊടി വറുക്കണോ. ? രേഷ്മയോ വല്യമായിയോ പത്തിരി റെസീപ്പി ഇടാമോ, എന്നു ചോദിക്കണം ന്നു വിചാരിച്ചിരിക്കുവാരുന്നു. :) നന്ദി.

അനംഗാരി said...

സാധാരണ പച്ചരി നന്നായി പൊടിച്ചെടുത്താല്‍ മതി കുട്യേടത്തി.എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണിത്.പത്തിരി പാലില്‍ മുക്കി, അതിന് മീതെ, ആട്ടിറച്ചിക്കറിയുടെ ചാറ് ഒഴിച്ച്...ഹാ‍...
വായില്‍ വെള്ളമൂറുന്നു...

സുല്‍ |Sul said...

എന്നാലും പത്തിരിയുണ്ടാക്കാന്‍ പഠിപ്പിച്ചു കളഞ്ഞല്ലോ വല്യമ്മായി.

എനിക്കു പത്തിരിയും ബീഫ് കറിയുമാണിഷ്ടം. പത്തിരി പാല്‍ മുക്കുന്ന കാര്യം പറഞ്ഞില്ലല്ലോ.


ഓടാം : മിന്നു നീ സുല്ലിട്ട് സുല്ലിട്ട് ജീവിതം മുഴുവന്‍ സുല്ലിടേണ്ടി വരും. ആശംസകള്‍

-സുല്‍

reshma said...

കുട്ട്യേടത്തി, ഞാനിവിടെ സാദാ പച്ചരിപ്പൊടി വെച്ചാ പത്തിരിമേക്കിങ്ങ്. ബ്രാന്‍ഡ് നേം കൂടെ ഓറ്മ്മയില്ല.നാട്ടിലെ എഫെക്റ്റ് ഇല്ല, എന്നാലും കൊള്ളാമെന്ന് ഞങ്ങള്‍ രണ്ടാളും പറഞ്ഞ് സമാധാനിക്കും.

വല്യമ്മായിന്റെ ടെക്നിക്കിന്നും കുറച്ച് വ്യത്യാസമുണ്ട് എന്റെ വീട്ടിന്നും കിട്ടിയ രെസിപ്പി. ഒരു കപ്പ് പൊടിക്ക്, ഒന്നേകാല്‍ കപ്പ് വെള്ളം. വെള്ളം തിളച്ചാല്‍ 1/4 കപ്പ് വെള്ളം എടുത്ത് മാറ്റി വെക്കുക-ഉപ്പിട്ട് അരിപ്പൊടിയിട്ട് നടുവില്‍ സ്പൂണ്‍ കൊണ്ട് ഒരു ചെറിയ കുഴി കുഴിച്ച്(ങേ! ന്നോ?വെള്ളം അതിലൂടെ വരാനാണേ)ചൂട് ഏറ്റവും കുറച്ച്, പാത്രം മൂടി വെച്ച് ഒരു രണ്ട് മിനിറ്റ് വേവാന്‍ വെക്ക. എന്നിട്ട് തുറന്ന് നന്നായി ഇളക്കി, ആവശ്യം തോന്നുന്നെങ്കില് (ഇവിടെ നിന്നും വാങ്ങുന്ന പൊടിക്ക് കുറച്ചധികം വെള്ളം വേണ്ടതായാണ് എന്റെ അനുഭവഗുരു)മാറ്റി വെച്ച വെള്ളം കുടഞ്ഞ്, പരന്ന പാത്രത്തിലിട്ട് ബാക്കി വല്യമ്മായി പറഞ്ഞ പോലെ...
പരത്തുമ്പോള്‍ pressure evenആയി കൊടുക്കാന്‍ നോക്കിയാല്‍ പത്തിരി നന്നാവും. ഞാനൊക്കെ പരത്തുമ്പോള്‍ കുറച്ച് അരിപ്പൊടി വിതറാറുണ്ട്, അല്ലെങ്കില്‍ എന്റെ പത്തിരി ഒട്ടിപ്പോ ആകും.
ഈ മാവ് ചൂടോടെ കുഴച്ചെടുക്കുന്നതും കൊറച്ച് പണി തന്നെയിഷ്ടാ, വിരലൊക്കെ ചൊകചൊകാന്ന് കിട്ടും , അതോണ്ടൊക്കെ തന്നെ കണവനോട് അറ്റമില്ലാത്ത സ്നേഹം ഒഴുകുന്ന അപൂറ്വ്വ ദിവസങ്ങളിലേ ഈ പണിക്ക് നിക്കാറുള്ളൂ.
കുറച്ചധികം പത്തിരിയുണ്ടാക്കുമ്പോഴും ചെറിയ ബാച്ചസ് ആയാണ് ചെയ്യാറ്,പരത്തിയെടുക്കുന്നതിന് മുന്‍പ് മാവ് ചൂടാറാതിരിക്കാന്‍.

ഞാനിന്ന് വരെ അരി പൊടിച്ചെടുത്ത് ഉണ്ടാക്കീട്ടില്ല, എങ്ങെനെ സംഭവം നന്നോ?

വല്യമ്മായിയേ തറവാട്ടീന്നും പാറ്സല്‍ സെര്‍വീസ് ഉണ്ടോ?മുട്ടക്കറീന്റെ കൂടെ നാടന്‍ വരട്ടിയതും കിട്ടോ. പത്തിരിയിലെ തേങ്ങപ്പാലിങ്ങനെ വരട്ടിയതില്‍ അലിഞ്ഞുറങ്ങുമ്പോ...

സൂവേ, പത്തിരി പല വിധം, എണ്ണമെടുക്കാന്‍ നിന്നാ നമ്മള് തിത്തിരി.

qw_er_ty

Visala Manaskan said...

നന്ദി വല്യമ്മായി. ഇത്രേം എളുപ്പാര്‍ന്ന് വിചാരിച്ചില്ല. വെറുതെ അവളെ ബഹുമാനിച്ചു!

ബ്ലോഗിങ്ങ് തുടങ്ങിയതില്‍ എനിക്കുണ്ടായ മറ്റൊരു നേട്ടം ഞാന്‍ അത്യാവശ്യം കുക്കിങ്ങൊക്കെ പഠിച്ച് എന്നതാണ്. ഇതും എനിക്ക് ഉണ്ടാക്കാന്‍ പറ്റുമെന്ന് തന്നെയാണെന്റെ വിശ്വാസം.

(ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വല്ല രണ്ടിലോ മുന്നിലോ മറ്റോ പഠിച്ചിരുന്ന ഈ ‘കുഞ്ഞി അമ്മായിയെ‘ വല്ല്യമ്മായി എന്നു വിളിക്കാന്‍ എനിക്കിപ്പോഴും ഒരു ജഞ്ജ്ജലിപ്പ്! (ക:ട് ആദി, ബിരിയാണീക്കുട്ടി))

Rasheed Chalil said...

ഇനി ഒരുമാസത്തേക്ക് പാചകം എന്ന് പറയരുത്. അതെനിക്ക് ഇഷ്ടമേ അല്ല.

മുസാഫിര്‍ said...

വല്യമ്മായി,
ഇതു ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ടു മനസ്സിലാക്കിക്കാന്‍ ആണെന്നു തോന്നുന്നു ഈ ചൂടു വെള്ളത്തിലിട്ട് കുഴക്കുന്ന ഐറ്റം ശ്രീമതി എന്നെക്കൊണ്ടാണു ചെയ്യിക്കാറു.അതു കോണ്ടു മാത്രം ഞാന്‍ അഞ്ചെണ്ണത്തില്‍ കുടുതല്‍ കഴിക്കാറില്ല.

മുസ്തഫ|musthapha said...

എനിക്കിഷ്ടം കൈപ്പത്തിരി, നന്നായി തേങ്ങാപാലൊക്കെ ഒഴിച്ച് കുതിര്‍ത്ത്, തലേ ദിവസത്തെ മീന്‍കറി മുളകിട്ടതും ചേര്‍ത്ത് കൂടെ ‍പാലൊഴിച്ച ചായയും ചേര്‍ത്ത് രണ്ട് മൂന്നെണ്ണമങ്ങട്ട് പിടിപ്പിച്ചാല്‍ ശരിക്കും നേരം വെളുത്തൂന്ന് തോന്നും :)


വിശാലോ എമഗമണ്ടന്‍ കമന്‍റ്: “നന്ദി വല്യമ്മായി. ഇത്രേം എളുപ്പാര്‍ന്ന് വിചാരിച്ചില്ല. വെറുതെ അവളെ ബഹുമാനിച്ചു!“ :))

കുഞ്ഞാപ്പു said...

വല്യമ്മായി താഴെ കൊടുത്ത പ്രത്യേക കുറിപ്പുകളില്‍ ആദ്യത്തേതിനെ മാനിച്ചു പത്തിരിയെ കുറിച്ചു ഞാന്‍ ഒന്നും പറയുന്നില്ല. എങ്കിലും 050-8604568 എന്ന നമ്പറില്‍ ഏതു സമയത്തും വിളിക്കം പത്തിരി തറവാട്ടില്‍ റെഡി ആക്കി വെച്ചതിനു ശേഷം.

എന്നാ പിന്നെ ഞാന്‍ കാത്തിരിക്കാം അല്ലേ..

asdfasdf asfdasdf said...

വിശാല്‍ജി, ഈ പത്തിരിപ്പണി അത്ര എളുപ്പമാണെന്ന് വിചാരിക്കേണ്ട. ഈ സാധനം പരത്തിയെടുക്കാനാണ് ഏറെ ബുദ്ധിമുട്ട്. പരത്താനായി പൊടി വീണ്ടും ചേര്‍ക്കുമോന്നൊരു സംശയം. എന്റെ ഒരു വീക്നസ്സ് സാധമാണിത്. എപ്പോ‍ള്‍ നാട്ടില്‍ പോകുമ്പോഴും ഫെറോറോ റോഷറിന്റെ ഒരു പാക്കറ്റ് ചോക്കലേറ്റ് ഞാന്‍ കൊണ്ടുപോകാറുണ്ട്. വീട്ടുകാര്‍ക്ക് കൊടുക്കാനല്ല. അത് എന്റെ വീടിന്റെ കിഴക്കുഭാഗത്തു താമസിക്കുന്ന ആമിനുത്താത്തക്ക്. ആമീനുതാത്തയുടെ ഇഷ്ടപ്പെട്ട ചോക്കലേറ്റാണിത്.ഞാന്‍ നാട്ടിലെത്തിയെന്ന് അറിഞ്ഞാല്‍ പിറ്റേന്ന് തന്നെ ആമിനുത്താത്ത ഒരടക്ക് പത്തിരി ചുട്ടുകൊണ്ടുവരും. എന്തൊരു ടേസ്റ്റാണെന്നോ..

രണ്ടുമൂന്നു തവണ ഞാനിതുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പരത്തുന്ന സമയത്ത് കൈയ്യില്‍ നിന്നും പോകും. പിന്നെ ആ മാവ് കുറച്ച് യീസ്റ്റ് കലക്കിയൊഴിച്ച് പിറ്റേന്ന് വെള്ളയപ്പമായി കഴിക്കാറാണ് പതിവ്.

ഏതായാലും അടുത്ത തവണ ദുബായില്‍ പോകുമ്പോള്‍ തറവാട്ടില്‍ കയറിയിട്ടു തന്നെ കാര്യം..

bodhappayi said...

ബാച്ചിലേര്‍സ്സ് എല്ലാരും ത്രിശ്ശൂരുള്ള വല്യമ്മായിയുടെ തറവാട്ടിലേക്കു തിരിച്ചു കഴിഞു..:)

വിചാരം said...

വല്യമ്മായി .. കടലാസ്സിനേക്കാള്‍ നേരിയ പത്തിരിയും.. അതില്‍ തേങ്ങാപാലും ഒഴിച്ച് മുരിങ്ങായില കറിയും (തേങ്ങാ ഒഴിച്ച് മുളക് പൊടി ചേര്‍ക്കാതെ മഞ്ഞളും. പച്ചമുളകും,ഇഞ്ചിയും വെളുത്ത ഉള്ളിയും, കറിവേപ്പിലയും) കപ്പല് വിട്ടത് പോലെ അങ്ങട് ഒരു ക്കാച്ച് കാച്ചാം .... പിന്നെ എന്‍റേയും അഗ്രജന്‍റെ ഭാര്യവീട്ടിലും ലഭിക്കുന്ന ക്കോഴിറച്ചിയും പത്തിരീം.... പത്തിരിക്ക് ഒത്തിരി Accompaniments dish ഉണ്ട്... ഓക്കെ സീ യൂ

Siju | സിജു said...

തിളച്ചു തുടങ്ങുമ്പോള്‍ ഉപ്പിട്ട്‌ തീ കുറക്കുക

ഉപ്പിട്ടാ തീ കുറയോ.. ഈ ബാച്ചിലേഴ്സിന്റെ ഓരോ ഡൌട്ട്‌സേ..

Shiju said...

വല്യമ്മായി തറവാട്ടിലോട്ട് വന്നോട്ടെ?

എന്റെ ഒരു നിലമ്പൂരുകാരന്‍ കൂട്ടുകാരന്റെ ഉമ്മ ഉണ്ടാക്കി തന്നിരുന്ന പത്തിരിയുടെ രുചി ഇപ്പോഴും നാവില്‍ ഉണ്ട്.

വല്യമ്മായി said...

പച്ചരി നന്നായി പ്പൊടിച്ച് കണ്ണടുപ്പമുള്ള അരിപ്പയില്‍ അരിച്ചതയാലും മതി. ആനക്കരയിലൊക്കെ ഉണങ്ങലരി പ്പൊടി ഉപയോഗിച്ചാണ്‌ പത്തിരി ഉണ്ടാക്കുക,നല്ല സ്വാദാണ്‌.വിചാരമ്,നമ്മളും ബന്ധം കൊണ്ട് ആ നാട്ടുകാരിയാണേ.

സൂ ചേച്ചി കണ്ണൂര്‍ കാരുടെ പത്തിരി വ്യത്യാസമുണ്ട്.

കൈപ്പത്തിരിയും നല്ലതാണ്‌ അഗ്രജാ,പിന്നീടൊരിക്കല്‍ പോസ്റ്റാം.

പത്തിരി തിന്നാന്‍ വന്ന എല്ലാവര്ക്കും നന്ദി.

"അപ്പത്തരങ്ങള്‍ കൂമ്പാരമായ് അമ്മായി ചുട്ടു വെച്ചത് മരുമോനിക്കായ്"

അളിയന്‍സ് said...

ഡിയര്‍ വല്യമ്മായി... പത്തിരി ഉണ്ടാക്കി.ശകലം മെനക്കെട്ടെങ്കിലും സാധനം ഫസ്റ്റ് ക്ലാസ്. ഡാങ്ക്സ്ണ്ട്ട്ടാ.
പിന്നെ ഇത് ബാച്ചിലേര്‍സിനു പറ്റിയതല്ല എന്നത് ഞാന്‍ തിരുത്തുന്നു. പത്തിരിയുണ്ടാക്കിയത് ഞാന്‍, കൂടെ കഴിക്കാനുള്ള സ്പെഷല്‍ വെജിറ്റബിള്‍ കറിയുണ്ടാക്കിയത് എന്റെ ബാചിലര്‍ റൂം മേറ്റ്.
കഴിച്ചവരും ഗമ്പ്ലീറ്റ് ബാചിലേര്‍സ്.

മുത്തലിബ് പി കുഞ്ഞിമംഗലം said...

lol....മലബാര്‍ പത്തിരി
വളരെ നന്നായിട്ടുണ്ട് ......എനിക്കും കിട്ടണം പണം ...lol

Unknown said...

Nadan karikal